ഋതുപര്‍ണഘോഷ് : നടനും കഥാപാത്രങ്ങളും

ചിത്രാംഗദ എന്ന സിനിമയെക്കുറിച്ച് ഋതുപര്‍ണ്ണഘോഷ് ഇങ്ങനെ പറയുന്നു, ‘ചിത്രാംഗദ എന്ന സിനിമ എനിക്ക് വളരെയേറെ അഭിമാനിക്കാവുന്ന ഒന്നാണ്, കാരണം സംവിധാനത്തോടൊപ്പം ഞാനതില്‍ അഭിനയിക്കുകയും ചെയ്യുന്നു. അയഥാര്‍ത്ഥ്യത്തെ സംബന്ധിച്ചുള്ള ഒരു പരീക്ഷണമാണ് ഈ സിനിമ. ഈ ലോകം നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ സ്ഥായിയായി ഒന്നും തന്നെയില്ല. സ്‌നേഹം, ചിന്തകള്‍, നന്മകള്‍, ശരീരം എല്ലാം മാറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ നമ്മളെന്തിനാണ് ലിംഗപദവി, സ്വത്വം എന്നിവയുടെ മാറ്റത്തില്‍ ഭയപ്പെടുന്നത്? നമ്മളിലെ ആ മാറ്റത്തെ എന്തുകൊണ്ടാണ് പ്രശ്‌നമായി കാണുന്നത്? ടാഗോറിന്റെ ചിത്രാംഗദ സ്വത്വത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഒരന്വേഷണമാണ്.

സ്വവര്‍ഗ്ഗസ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ഋതുപര്‍ണ ഘോഷ് നടനായി രംഗപ്രവേശനം ചെയ്തത്. സന്‍ജയ് നാഗിന്റെ മെമ്മറീസ് ഇന്‍ മാര്‍ച്ച് എന്ന സിനിമയിലെ അര്‍ണോബ് എന്ന കഥാപാത്രത്തെ വളരെ കൈയ്യടക്കത്തോടെയാണ് ഋതുപര്‍ണഘോഷ് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ആര്‍ട്ട് ക്യൂറേറ്ററായി ജോലി ചെയ്യുകയാണ് ആരതി മിശ്ര. അവരുടെ കല്‍ക്കത്തയിലുള്ള മകന്‍, സിദ്ധാര്‍ത്ഥ് ഒരു വാഹനാപകടത്തില്‍ മരിക്കുന്നു. മകന്റെ മൃതശരീരം കാണാനും ശവസംസ്‌കാരം നടത്തുന്നതിനു വേണ്ടിയുമാണ് ആരതി മിശ്ര കല്‍ക്കത്തയിലെത്തുന്നത്. മകന്‍ സിദ്ധാത്ഥ് കല്‍ക്കത്തയില്‍ ഒരു പരസ്യകമ്പനിയില്‍ കോപ്പി റൈറ്ററാണ്. ഓഫീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു പാര്‍ട്ടിയില്‍ വളരെയധികം മദ്യപിച്ച സിദ്ധാര്‍ത്ഥ്, സ്വയം വാഹനമോടിച്ചു പോയതുകൊണ്ടാണ് മരണപ്പെട്ടത്. ഓഫീസില്‍ ജോലി ചെയ്യുന്ന ആര്‍ട്ട് ഡയറക്ടറായ ഷഹാന ചൗധരിയും സുഹൃത്തായ അര്‍ണോബും സിദ്ധാര്‍ത്ഥിനെ വാഹന മോടിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

ആരതി മിശ്ര സിദ്ധാര്‍ത്ഥിന്റെ താമസ സ്ഥലത്തേക്ക് പോകുന്നു. ഒരു സ്ത്രീയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന വിധമാണ് മുറിയുടെ ഘടനയെല്ലാം. ആരതി സിദ്ധാര്‍ത്ഥിന്റെ ഓഫീസിലെത്തി പല പേപ്പറുകളിലും ഒപ്പിട്ടുകൊടുക്കുന്നു. സിദ്ധാര്‍ത്ഥിന്റെ ഫോട്ടോയും മറ്റും ഓഫീസില്‍ കാണുമ്പോള്‍ അത് കൊണ്ടുപോയ്‌ക്കോട്ടെയെന്ന് ചോദിക്കുമ്പോള്‍ അര്‍ണോബ് ഇരുപത്തിനാലു മണിക്കൂറ് സമയം ചോദിക്കുന്നു. ഇവിടെ ഋതുപര്‍ണ്ണഘോഷിലെ നടനെ നമുക്കു കാണാനാകും. ദു:ഖം ഉളളിലൊതുക്കി സംസാരിക്കുന്ന ഒരു കഥാപാത്രത്തെ ഇവിടെ കാണാനാകും. ആരതി അര്‍ണോബിനോട് ദേഷ്യപ്പെട്ട് പുറത്തുപോകുമ്പോള്‍ ഷെഹ്നാ തടഞ്ഞു നിര്‍ത്തി കാരണം പറയുന്നു. സിദ്ധാര്‍ത്ഥും അര്‍ണോബും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന്, അവള്‍ ‘ഗേ’യാണെന്ന്. ആരതിയ്ക്ക് അര്‍ണോബിനോട് ആദ്യം ഒരു തരം ദേഷ്യമൊക്കെ തോന്നിയെങ്കിലും പിന്നീട് അതുമാറുകയാണുണ്ടായത്. ഋതിപര്‍ണഘോഷിന്റെ ഈ വേഷം വളരെ മിതത്വമാര്‍ന്നതും ശക്തിയേറിയതുമാണ്. ബംഗാളി മധ്യവര്‍ഗ സംസ്‌കാരത്തിന്റെ കാഴ്ച ശീലങ്ങളെയാണ് ഈ സിനിമ ചോദ്യം ചെയ്യുന്നത്. ആണ്‍-പെണ്‍ ബന്ധത്തിന്റെ പവിത്രതയേയും നിലനില്‍പ്പിനേയും ഇവിടെ വിമര്‍ശി ക്കുന്നുണ്ട്. ആരതിയുടെ ഭര്‍ത്താവ് സുരേഷ് വിവാഹബന്ധം വേര്‍പെടുത്തിയശേഷം ഇപ്പോള്‍ അമേരിക്കയിലാണ്. ഇതു സൂചിപ്പിക്കുന്നത് ആണ്‍-പെണ്‍ ബന്ധത്തിലെ വിള്ളലുകളെയാണ്. സാമ്പ്രദായികവും പൊതുസമ്മതവുമായ ആണ്‍-പെണ്‍ ബന്ധങ്ങള്‍ ഇന്നു തകര്‍ന്നുകൊണ്ടിരിക്കു കയാണെന്നും സ്‌നേഹത്തിന് അതിനാല്‍ ലിംഗഭേദങ്ങളില്ലെന്നും പറയുവാനാണ് ഋതുപര്‍ണഘോഷിന്റെ കഥാപാത്രം ശ്രമിക്കുന്നത്. ഋതുപര്‍ണഘോഷിന്റെ തിരക്കഥയും അഭിനയവും സിനിമയെ ശ്രദ്ധേയമാക്കുന്നു.
ആണ്‍-പെണ്‍ സ്വത്വങ്ങളുടെ സംഘര്‍ഷാത്മകമായ അനുഭവങ്ങള്‍ ശരീരത്തിലൂടെയും സംഭാഷണത്തിലൂടെയും പ്രകടിപ്പിക്കുകയാണ് ‘ചിത്രാംഗദ’നയിലൂടെ ഋതുപര്‍ണ്ണഘോഷ്. ‘മെമ്മറീസ് ഇന്‍ മാര്‍ച്ച്’ എന്ന സിനിമയിലെ കഥാപാത്രം തന്റെ ശരീരഭാഗങ്ങള്‍ മിതത്വം പാലിച്ച് ഉള്ളില്‍ ആത്മസംഘര്‍ഷങ്ങള്‍ പേറുന്നതായി അവതരിപ്പിക്കുന്നു. എന്നാല്‍ ഇവിടെ ഋതുപര്‍ണ്ണഘോഷ് ശാരീരികവും മാനസികവുമായ വികാരങ്ങളെ പുറത്തു പ്രകടിപ്പിക്കുന്ന തരത്തിലുളള അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. പാര്‍ത്ഥോയുമായുള്ള രുദ്രയുടെ പ്രണയരംഗങ്ങള്‍ അതിമനോഹരമാക്കുവാന്‍ ഋതുപര്‍ണ്ണഘോഷിന് സാധിച്ചിട്ടുണ്ട്. രുദ്ര ആഭരണങ്ങളണിയുകയും പെണ്‍കുട്ടികളുടെ വസ്ത്രം ധരിക്കുകയും ചെയ്തുകൊണ്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഋതുപര്‍ണ്ണഘോഷിന്റെ ശരീരചലനങ്ങള്‍ ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ച വിധത്തിലാണ് കാണപ്പെടുന്നത്.
ചിത്രാംഗദ എന്ന ഓപ്പറ അരങ്ങിലെത്തുമ്പോള്‍ രുദ്ര കഥാപാത്രമായി നൃത്തം ചെയ്യുന്നുണ്ട്. പെണ്ണിനെപോലെ നൃത്തം ചെയ്യുന്ന പുരുഷ ശരീരമുള്ള ഒരാളെന്ന രീതിയില്‍ ഘോഷ് അസാമാന്യമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. ദീപാലംകൃതമായ വേദിയില്‍ നീലവെളിച്ചം ആകാശത്തു നിന്ന് ചിതറി വീഴവേ, ചിത്രാംഗദയുടെ നൃത്ത ചുവടുകള്‍ പ്രത്യക്ഷപ്പെടുന്നു. രുദ്രയുടെ മനസ്സിലും ശരീരത്തിലും വേദനകള്‍ വന്നു തുടങ്ങുന്നത് നാം കാണുന്നു. വ്യവസ്ഥാപിതമായ ആണ്‍-പെണ്‍ സ്വത്വത്തെയും ശരീരഭാഷയെയുമെല്ലാം പൊളിച്ചെഴുതുന്ന വിധത്തിലാണ് ഋതുപര്‍ണ്ണഘോഷ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
ജസ്റ്റ് അനദര്‍ ലൗ സ്റ്റോറി എന്ന കൗശിക് ഗാഗുലിയുടെ സിനിമയില്‍ ഘോഷ് ട്രാന്‍സ് ജെന്‍ഡര്‍ ഡോക്യുമെന്ററി സംവിധായകനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. കൗശിക് ഗാംഗുലി തിരക്കഥയെഴുതിയ ഈ സിനിമയില്‍ ഋതുപര്‍ണ്ണഘോഷിനെ കൂടാതെ ഇന്ദ്രനീല്‍ സെന്‍ഗുപ്തയും അഭിനയിച്ചിട്ടുണ്ട്. ഒരു ഗേ ഫിലിംമേക്കര്‍ എന്ന നിലയില്‍ വേഷമവതരിപ്പിച്ച ഘോഷിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377 വന്നതിനുശേഷം പുറത്തു വന്ന ആദ്യ ഹോമോസെക്ഷ്വാലിറ്റി ഫിലിം ഇതാണ്.
60-ാം ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമകൂടിയാണ് ‘ജസ്റ്റ് അനദര്‍ ലൗ സ്റ്റോറി’. ഋതുപര്‍ണ്ണഘോഷ് അവതരിപ്പിക്കുന്ന കഥാപാത്രമായ അഭിരൂപ് സെന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡ് ഫിലിംമേക്കറാണ്. അദ്ദേഹത്തിന്റെ സിനിമയിലെ സിനിമാട്ടോഗ്രാഫറുമായിട്ടാണ് അഭിരൂപിന് പ്രേമമുള്ളത്. കൊല്‍ക്കത്ത യിലെ നാടോടികലാകാരനായ(ജാത്ര കലാകാരന്‍) ഒരാളെകുറിച്ച് ഇവര്‍ സിനിമ നിര്‍മ്മിക്കുവാനായി കൊല്‍ക്കത്തയിലേക്ക് ചെല്ലുന്നു. ചപ്പല്‍ റാണി എന്നറിയപ്പെടുന്ന ഇയാള്‍ സ്റ്റേജില്‍ സ്ത്രീ വേഷങ്ങള്‍ ചെയ്യുന്നവനാണ്. സിനിമയുടെ ഷൂട്ടിംങ്ങിനിടെ അഭിരൂപ് സെന്‍ ചപ്പല്‍ റാണിയുടെ സ്വത്വത്തെ ഉള്‍ക്കൊള്ളുന്നു. അയാളുടെ സ്വഭാവസവിശേഷതകളെ തിരിച്ചറിയുന്നു. പുരുഷനില്‍ നിന്നുമായ ട്രാന്‍സ്‌ജെന്‍ഡര്‍ ആകുമ്പോള്‍ പിന്നീടുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളെയാണ് ഋതുപര്‍ണ്ണഘോഷ് അഭിരൂപ് സെന്‍ എന്ന കഥാപാത്രത്തിലൂടെ അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നത്. മൂന്നാംലിംഗ വിഭാഗങ്ങളെയാണ് ഘോഷ് പ്രധാനമായും തന്റെ കഥാപാത്രങ്ങളായി തിരഞ്ഞെടുത്തത്. തന്റെ തന്നെ വ്യക്തിത്വവും ഇത്തരത്തിലുളളതാണെന്ന തിരിച്ചറിവാണ് ഇതിനു പുറകിലുള്ളത്. മറ്റൊരര്‍ത്ഥത്തില്‍ തന്റെ തന്നെ സ്വത്വവൈവിധ്യത്തെയാണ് ഘോഷ് സ്‌ക്രീനില്‍ അഭിനയിച്ചതെന്നു പറയാം.

  • ബംഗാളി സിനിമയിലെ ഫെമിനിസ്റ്റ് സംവിധായകന്‍

സ്ത്രീ സ്വത്വത്തെയും അവരുടെ കുടുംബപരവും സമൂഹപരവുമായ നിരവധി പ്രശ്‌നങ്ങളെയും അവതരിപ്പിച്ച സംവിധായകന്‍ എന്ന നിലയില്‍ ഋതുപര്‍ണ്ണഘോഷ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീമനസ്സുകളുടെ അന്തര്‍ധാരകളിലേക്കാണ് ഘോഷ് കടന്നുചെന്നത്. ഋതുപര്‍ണ്ണഘോഷ് ഇങ്ങനെ പറയുന്നുണ്ട്. ‘ബന്ധങ്ങള്‍ എന്നെ എപ്പോഴും ആകര്‍ഷിച്ചിട്ടുണ്ട്. ഞാന്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ജനിച്ചത്. അതുകൊണ്ട് സ്വഭാവികമായും കുടുംബബന്ധങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇന്നും ബന്ധങ്ങള്‍ എന്റെ ജീവിതത്തിലെ മുഖ്യഘടകങ്ങള്‍ തന്നെയാണ്. അതിനാല്‍ ഇവ എന്റെ സിനിമയിലേക്കും കടന്നു വന്നു’. സ്ത്രീ ജീവിതത്തിന്റെ വൈവിധ്യങ്ങളെയാണ് അതിനാല്‍ ഋതുപര്‍ണ്ണഘോഷ് മുഖ്യമായും അവതരിപ്പിക്കുവാന്‍ ശ്രമിച്ചത്.1942ല്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായ ‘ഹിരേര്‍ ആംഗ്ടി’ എന്ന സിനിമയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ഘോഷ് പറയുകയുണ്ടായി. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടായിരിക്കും. പാരമ്പര്യമായ പുരുഷാധിപത്യ സമൂഹം പറയുന്ന ഒരു ചൊല്ലാണിതെന്നു പറയാം. ഈ സിനിമയുടെ വിജയത്തിനു കാരണം ഷബാന ആസ്മിയാണെന്നാണു ഘോഷ് അഭിപ്രായപ്പെട്ടത്. ഷബാന ആസ്മി ‘ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി’യുടെ ചെയര്‍മാന്‍ ആയിരുന്ന സമയത്ത് എന്റെ സ്‌ക്രിപ്റ്റിനെകുറിച്ച് കേട്ട് ഹിരേര്‍ ആംഗ്ടി എന്ന കുട്ടികളുടെ ഈ സിനിമയ്ക്ക് ഫണ്ട് അനുവദിക്കുകയാണുണ്ടായത്. ഇങ്ങനെയാണ് ഈ സിനിമ പിറന്നത്. ഉനിഷേ ഏപ്രില്‍ എന്ന സിനിമയില്‍ സ്ത്രീകളുടെ ആന്തരിക സംഘര്‍ഷങ്ങളും വികാരങ്ങളുമാണ് കാണുന്നതെന്ന് മുന്‍പേ വിവരിച്ചിരുന്നു. ‘ദഹന്‍’ എന്ന സിനിമയില്‍ രണ്ട് സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളാണ് നാം കാണുന്നത്. സ്ത്രീകളുടെ ധൈര്യവും സ്വാതന്ത്ര്യവും ഈ സിനിമയില്‍ കാണാനാകും. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ നിലപാടുകള്‍ എടുക്കാന്‍ തടസ്സമാകുന്ന സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് ജിനുക്ക്, രോമിത എന്നീ കഥാപാത്രങ്ങളിലൂടെ ഘോഷ് പറയുന്നത്.
ഘോഷിന്റെ ഉത്സവ് എന്ന സിനിമ കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഡച്ച് സിനിമയായ ‘സെലിബ്രേഷന്‍’ എന്നതുമായി ഇതിനു സാമ്യമുണ്ട്. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ടാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ‘ബാരിവാലി'(Lady of the House, 2000)ബനാലത എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് മുന്നോട്ടു നീങ്ങുന്നത്. സിനിമാ സംവിധായകനായ ദീപാങ്കര്‍ ആദ്യമായി ബനാലതയുടെ വീട്ടില്‍ വരുമ്പോള്‍ കറണ്ട് ഇല്ലായിരുന്നു. അയാള്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കുമ്പോള്‍ കറണ്ട് വരുന്നു. ബനാലതയുടെ ഏകാന്തത നിറഞ്ഞ, ഇരുട്ടു നിറഞ്ഞ വീട്ടില്‍ വെളിച്ചം വരുന്നു. വളരെ അര്‍ത്ഥവത്തായ രീതിയിലാണ് ഋതുപര്‍ണ്ണഘോഷ് ഈ രംഗം ഒരുക്കിയിരിക്കുന്നത്. ചാരുലതയില്‍(സത്യജിത് റേയുടെ) ചാരുലതയുടെ ജീവിതം വിരസമാകുന്നതെങ്ങനെയെന്ന് സത്യജിത് റേ നമുക്ക് കാണിച്ചു തന്നിരുന്നു. അതുപോലെ ബനാലതയേയും ഘോഷ് അവതരിപ്പിക്കുന്നു.
‘ഛോക്കര്‍ ബാലി’ എന്ന സിനിമയിലെ ശക്തമായ കഥാപാത്രമായാണ് ബിനോദിനിയെ ഋതുപര്‍ണ്ണഘോഷ് അവതരിപ്പിച്ചിരിക്കുന്നത്. 1902-1905ലെ കല്‍ക്കത്തയാണ് കഥാപശ്ചാത്തലം. ബിനോദിനിയെന്ന സുന്ദരിയായ വിധവയെ ഒരു പ്രായമായ വിധവ ഏറ്റെടുക്കുന്നു. അവര്‍ക്ക് ഒരു മകനും മരുമകളും ഉണ്ട്. വിധവ എന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ബിനോദിനി ഇവിടെ നടത്തുന്നത്. ബിനോദിനി താന്‍ നില്ക്കുന്ന വീട്ടിലെ വൃദ്ധയുടെ മകനായ മഹേന്ദ്രനും അയാളുടെ ഭാര്യയായ ആശാലതയുമായി വളരെ അടുക്കുന്നു. മഹേന്ദ്രന്റെ വിവാഹം കഴിക്കാത്ത സുഹൃത്തായ ബേഹരിയുമായി സൗഹൃദത്തിലാവുകയും ചെയ്യുന്നു. അവസാനം സൗഹൃദം പ്രണയത്തില്‍ കലാശിക്കുന്നു. എന്നാല്‍ വിവാഹം കഴിക്കുന്ന കാര്യത്തില്‍ ബേഹരിയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. പിന്നീട് അയാള്‍ വിവാഹത്തിന് സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ ബിനോദിനി അവിടെ നിന്ന് അപ്രത്യക്ഷയാകുന്നു. ബിനോദിനി പഠിച്ചവളും തന്റേടമുള്ളവളുമാണ്. അവള്‍ സ്വന്തമായി അഭിപ്രായമുളളവളും അത് പ്രകടിപ്പിക്കുന്നവളുമാണ്. വിധവയെന്ന ബിനോദിനിയില്‍ വരുന്ന മാറ്റങ്ങള്‍ അവളുടെ വസ്ത്രധാരണത്തിലും നാം കാണുന്നുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയാണ് ഇവിടെ ഋതുപര്‍ണ്ണഘോഷ് ഉയര്‍ത്തികാട്ടുവാന്‍ ശ്രമിക്കുന്നത്. സമൂഹത്തിന്റെ നിയന്ത്രിതമായ നിയമങ്ങള്‍ക്കപ്പുറത്തേക്ക് പ്രവേശിക്കാനുള്ള ശ്രമമാണ് ബിനോദിനി നടത്തുന്നത്. ഒരു വിധവയ്ക്ക് തന്റെ ശരീരത്തില്‍ യാതൊരു അധികാരവുമില്ലായെന്നും സമൂഹം നിശ്ചയിക്കുന്ന രീതിയിലേ അവള്‍ നടക്കാന്‍ പാടുകയുള്ളുവെന്നും പറയുന്നതിനെയാണ് ഇവിടെ ബിനോദിനി ധിക്കരിക്കുന്നത്. സ്ത്രീയുടെ പക്ഷത്തു നിന്നുകൊണ്ട് സംസാരിക്കുന്ന ഒരു സംവിധായകനെയാണ് നാം ഇവിടെ കാണുന്നത്. വിധവയായ താന്‍ ശരീരത്തില്‍ ആഭരണങ്ങള്‍ അണിയുമ്പോള്‍ സമൂഹത്തിന് ഇഷ്ടപ്പെടാത്ത തെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇവിടെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ബിനോദിനിയുടെ വാക്കുകളില്‍, ‘എനിക്ക് മൂന്നു സ്വത്വങ്ങളുണ്ട്. ഞാനൊരു യുവതിയാണ്, വിദ്യാഭ്യാസമുള്ളവളാണ്, വിധവയാണ്. പക്ഷേ ഇതെല്ലാം ചേര്‍ന്നതാണ് എന്റെ യഥാര്‍ത്ഥ സ്വത്വം. അതുപോലെ രക്തവും മാംസവും കലര്‍ന്നവളാണ് ഞാന്‍’. ഈയൊരു സ്വത്വസവിശേഷതയെ മുന്നോട്ടുവയ്ക്കുവാനാണ് ഋതുപര്‍ണ്ണഘോഷ് ശ്രമിക്കുന്നത്. വികാരവും കാമവും ഭാര്യയാകുവാനും അമ്മയാകുവാനുമുളള താല്‍പ്പര്യം ബിനോദിനിയില്‍ പ്രകടമാണ്. എന്നാല്‍ മധ്യവര്‍ഗ സവര്‍ണ കുടുംബ പാരമ്പര്യം ഇതിന് അനുവാദം നല്‍കുന്നില്ല. അതിനാല്‍ അത്തരത്തിലുള്ള എല്ലാ അധികാരത്തോടുമുളള ഏറ്റു മുട്ടലാണ് ഈ സിനിമ.
സാമ്പ്രദായികവും പാരമ്പര്യവുമായ മൂല്യസംഹിതകള്‍ക്കൊത്ത് പാകപ്പെടുത്തിയ ശരീര സങ്കല്പമോ സ്വത്വസവിശേഷതയോ ബിനോദിനിയില്‍ കാണുന്നില്ല. സമൂഹത്തിന്റെ പുരുഷ കേന്ദ്രിതമായ നിയമവ്യവസ്ഥയ്‌ക്കൊത്തല്ല ബിനോദിനി നില്‍ക്കുന്നത്. ടാഗോറിന്റെ കൃതിയിലെപ്പോലെ ശുഭപര്യവസായിയായിട്ടല്ലാ സിനിമ അവസാനിക്കുന്നത്. ടാഗോര്‍ തന്റെ കൃതി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഇങ്ങനെ എഴുതി, ‘ഛോക്കര്‍ ബാലി പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷവും ഞാന്‍ ആ കൃതിയുടെ അവസാനത്തില്‍ ദു:ഖിതനാണ്’. ഇതു ഋതുപര്‍ണ്ണഘോഷ് സിനിമയില്‍ എഴുതി ചേര്‍ക്കുന്നുണ്ട്. ടാഗോറിനും ബിനോദിനിയുടെ ജീവിതത്തെ ഇങ്ങനെ അവസാനിപ്പിക്കുന്നതില്‍ സംതൃപ്തി ഉണ്ടായിരുന്നില്ല. ബിനോദിനി സാമൂഹ്യസ്ഥാപനങ്ങളുടെ ഘടനയ്ക്കകത്തേയ്ക്ക് പ്രവേശനം ചെയ്യപ്പെട്ടുവോ ഇല്ലയോ എന്ന് ഋതുപര്‍ണ്ണഘോഷ് പറയുവാന്‍ ശ്രമിക്കുന്നില്ല. പുരുഷാധിപത്യ സമൂഹം അവളില്‍ അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥകളോട് അവള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ബിനോദിനിയുടെ ‘അപ്രത്യക്ഷമാകല്‍’ ഈ എതിര്‍പ്പ് അവള്‍ തുടരുന്നുണ്ടെന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെതായ ‘ഇടം’ കണ്ടെത്തുവാനുളള ശ്രമമാണ് ഇവിടെ നടക്കുന്നത്. സ്ത്രീകള്‍ സ്വതന്ത്രരാണ്, അവരുടെ സ്വത്വവൈവിധ്യങ്ങളെ അംഗികരിക്കേണ്ടതുണ്ട്. അതിനാല്‍ സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയിലെ പ്രശ്‌നം മാത്രമല്ല, സമകാലിക ഇന്ത്യയിലെ സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ചുമാണ് ഈ സിനിമ സംസാരിക്കുന്നത്.
ഇന്ത്യയിലെ വളരെയധികം ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാണ-വിതരണ കമ്പനിയായ ‘ശ്രീ വെങ്കിടേഷ് ഫിലിംസ്'(ടഢഎ)ഋതുപര്‍ണ്ണഘോഷിന്റെ ‘ഛോക്കര്‍ ബാലി’ നിര്‍മ്മാണവും വിതരണവും ഏറ്റെടുത്തതോടെ കാര്യങ്ങളെല്ലാം മാറുകയുണ്ടായി. ബിനോദിനിയായി ആദ്യം നന്ദിതാദാസിനെയാണ് ഘോഷ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ഈ വേഷം ചെയ്യാന്‍ താല്പര്യപ്പെടുകയും സിനിമയുടെ സാങ്കേതിക- അവതരണരീതികളും പാടേ മാറുകയും ചെയ്തു. ഐശ്വര്യയ്ക്കുവേണ്ടി തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി. സിനിമ ബംഗാളിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെട്ടു. നിരവധി വിദേശ ഫിലിം ഫെസ്റ്റിവലുകളില്‍ ഐശ്വര്യറായുടെ അഭിനയം പ്രശംസിക്കപ്പെട്ടു. ഋതുപര്‍ണ്ണഘോഷിന്റെ സിനിമകള്‍ക്ക് അന്തര്‍ദേശീയമായ പ്രദര്‍ശനങ്ങള്‍ കിട്ടുന്നത് ഈ സിനിമ മുതലാണ്. നാഗരിക ബംഗാളി ജീവിതങ്ങള്‍ ഋതുപര്‍ണ്ണഘോഷിന്റെ സിനിമകളില്‍ കടന്നുവന്നത് ‘ഡയസ്‌ഫോറ’ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമായി. ഘോഷിന്റെ സിനിമകള്‍ വിദേശത്ത് ഓടുന്നതിന് ഇതു കാരണമായി. സ്ത്രീ സ്വത്വത്തിന്റെ വൈവിധ്യങ്ങള്‍ കൊണ്ടാടുന്ന വിദേശ ഇന്ത്യന്‍ സ്ത്രി പ്രേക്ഷകര്‍ ഘോഷിന്റെ സിനിമകളെ ആരാധിച്ചു തുടങ്ങി.
രവീന്ദ്രനാഥ ടാഗോറിന്റെ നോവലില്‍ നിന്ന് രൂപം കൊണ്ട ‘നൗക്കാദുബി'(2010) എന്ന സിനിമ 1920 കാലഘട്ടത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടതാണ്. ഒരു ബോട്ടപകടം വരുത്തി വച്ച വിനയാണ് സിനിമയുടെ പ്രമേയമെന്ന് ചുരുക്കത്തില്‍ പറയാവുന്നതാണ്. പ്രണയവ്യഥകളാണ് സിനിമയുടെ അന്തര്‍ധാരയെന്നു പറയാമെങ്കിലും വിദ്യാഭ്യാസം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയവ ഇതില്‍ കടന്നു വരുന്നുണ്ട്. രമേശ് വക്കീല്‍ ഹേമ നളിനിയുടെ കാമുകനാണ്. എന്നാല്‍ അച്ഛന്റെ ഇഷ്ടപ്രകാരം അയാള്‍ക്ക് വേറൊരാളെ വിവാഹം കഴിക്കേണ്ടതായി വരുന്നു. മെലോഡ്രാമ കലര്‍ന്നുവരുന്ന ഈ സിനിമയില്‍ ‘അഭിജ്ഞാന തന്ത്രം’ കഥാഖ്യാനത്തിലുപയോഗിച്ചിരിക്കുന്നു. രമേഷ്-ഹേമ നളിനി, നളിനാക്ഷ ചാറ്റര്‍ജി-കമല എന്നീ സംഗമത്തിലൂടെ സിനിമ ശുഭപര്യവസായിയായി മാറുന്നു.
രമേഷ് വിവാഹം കഴിക്കുന്ന സുശീല(യഥാര്‍ത്ഥത്തില്‍ കൂടെയുള്ളത് കമലാണ്)വിദ്യാഭ്യാസമില്ലാത്തവളാണ്. അതിനാല്‍ രമേഷ് തന്റെ കൂടെയുള്ളവളെ പഠിക്കാനായി സ്‌കൂളില്‍ ചേര്‍ക്കുന്നു. അത്തരത്തിലുള്ള വിദ്യാഭ്യാസമാണ് അവളെ പത്രവായനയിലേക്ക് മാറ്റുന്നത്. രമേശ് പത്രത്തില്‍ കൊടുക്കുന്ന വാര്‍ത്ത വായിച്ചാണ് കമല തന്റെ ഭര്‍ത്താവ് രമേഷ് അല്ലായെന്ന് മനസ്സിലാക്കുന്നത്. അറിവാണ് ഇവിടെ സ്ത്രീക്ക് തന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സഹായമാകുന്നത്. ഹേമനളിനി വിദ്യാസമ്പന്നയാണെങ്കിലും തന്നെ സ്‌നേഹിക്കുന്ന പുരുഷനെ അഗാധമായി തന്നെ ആരാധിക്കുന്നു. അറിവും കലാവാസനയുമുളള ഹേമനളിനി സ്വന്തം ആഗ്രഹപ്രകാരം ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന, അത് മറ്റുള്ളവരുടെ മുമ്പില്‍ തുറന്നു പറയുവാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് ഹേമനളിനിയുടെയും കമലയുടെയും സ്വഭാവങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. എന്നിരുന്നാലും ഈ രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെ സ്ത്രീ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, കുടുംബം, പാരമ്പര്യം എന്നി വിഷയങ്ങളെ വിശകലനം ചെയ്യുവാനാണ് ഘോഷ് ശ്രമിക്കുന്നത്. ദഹന്‍(1995), ഉത്സവ്(2000), ശുഭോ മുഹരത്ത്(2002), റെയിന്‍ കോട്ട്(2004), ഖേല(2008) അബോഹോമണ്‍(2010) എന്നി നിരവധി സിനിമകളിലും സ്ത്രീസ്വത്വത്തിന്റെ വൈവിധ്യങ്ങളെ തന്നെയാണ് ഘോഷ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

  • സ്‌ത്രൈണഭാവങ്ങളുമായി പൊതുവേദിയില്‍

ഋതുപര്‍ണ്ണഘോഷിന്റെ വേഷവിധാനങ്ങളും അംഗചലനങ്ങളും രണ്ടായിരത്തിനു ശേഷം സ്‌ത്രൈണമായിക്കൊണ്ടിരുന്നു. ഘോഷില്‍ ഇതു മുമ്പേ തന്നെഒരു പക്ഷേ ഉണ്ടായിരിക്കാം. ഇതു പിന്നീട് പൊതുവേദികളിലേക്ക് കടന്നു വന്നതോടുകൂടി അയാളിലെ സ്‌ത്രൈണത ബംഗാളി സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി. ‘മൂന്നാംലിംഗ’ പദവിയിലുള്ളവര്‍ക്ക് ചൂണ്ടികിട്ടാവുന്ന വിധത്തില്‍ ഋതുപര്‍ണ്ണഘോഷ് മാറിത്തുടങ്ങി. നല്ല ചുരുളന്‍ മുടിയും പാന്റും ഷര്‍ട്ടും തോള്‍സഞ്ചിയുമായി ഒരു പെണ്‍ നടത്തത്തോടെ ഫിലിം ഫെസ്റ്റിവലുകളില്‍ വന്നിരുന്ന ഘോഷില്‍ വലിയ മാറ്റം വന്നു. സല്‍വാര്‍ കമ്മീസ്‌പോലെയും ദുപ്പട്ടപോലെയും തോന്നിപ്പിക്കുന്ന പുതിയ വേഷത്തില്‍ തന്റെ പെണ്‍നടത്തത്തിലൂടെ അയാള്‍ പുതിയൊരു ഭാഷ്യം തീര്‍ത്തു.
പൊതുവേദികളില്‍ അസുഖകരങ്ങളായ സത്യങ്ങള്‍ വിളിച്ചുപറയുന്നതിന് ഋതുപര്‍ണ്ണഘോഷ് ഒരിക്കലും മടി കാണിച്ചിരുന്നില്ല. മരിക്കും മുമ്പ് ആനന്ദബസാര്‍ പത്രികയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ സത്യജിത് റായിയുടെ ഫെല്ലുദാ സീരിസിലെ ഡിറ്റക്ടീവ് കഥാപാത്രങ്ങള്‍ മൂന്നും പുരുഷന്മാരാണെന്നും, സ്ത്രീ രഹിതമായ ആ ജീവിതങ്ങളിലേക്ക് ഊളിയിട്ട് നോക്കിയാല്‍ രസമായിരിക്കുമെന്നും പറഞ്ഞു വച്ചു. ‘ഏവം ഋതുപര്‍ണ്ണ’ എന്ന ഒരു ടിവി ടോക്‌ഷോയിലെ ഹോസ്റ്റായിരുന്നു കുറച്ചുകാലം ഋതുപര്‍ണ്ണഘോഷ്. ഉത്തംകുമാറിന്റെ നായികയും ചങ്ങാതിയുമായിരുന്ന, സുപ്രിയാചൗധരിയാണ് ഒരിക്കല്‍ ഈ ഷോയിലെ ഋതുപര്‍ണ്ണഘോഷിന്റെ അതിഥി. ഉത്തംകുമാര്‍-സുപ്രിയ കൂട്ടുകെട്ടിനെ കുറിച്ചുള്ള ഗോസിപ്പുകള്‍ ബംഗാളില്‍ പാട്ടായിരുന്നു. ഈ ഷോയില്‍ സുപ്രിയ തുറന്നടിച്ച് പറഞ്ഞ കാര്യങ്ങള്‍ ബംഗാളില്‍ ചര്‍ച്ചാവിഷയമായിത്തീര്‍ന്നു. വിശുദ്ധിയുടെ മൂടുപടങ്ങളാണ് ഇവിടെ അഴിക്കപ്പെട്ടത്. ഋതുപര്‍ണ്ണഘോഷ് ഇത്തരത്തില്‍ ബംഗാളി സമൂഹത്തിന്റെ മുഖം മൂടിയണിഞ്ഞ സദാചാര സങ്കല്പനങ്ങളെ പിച്ചിച്ചീന്തുകയായിരുന്നു.
സന്‍ജയ് നാഗിന്റെ ‘മെമ്മറീസ് ഇന്‍ മാര്‍ച്ച്’ എന്ന സിനിമയെപ്പറ്റി ഋതുപര്‍ണ്ണഘോഷ് ഇങ്ങനെ പറയുന്നു. ഈ സിനിമ സമൂഹത്തിനകത്തെ ഇന്‍സൈഡര്‍, ഔട്ട്‌സൈഡര്‍ എന്ന അതിര്‍ത്തികളെ പ്രശ്‌നവല്‍ക്കരിക്കുന്നു. ന്യൂനപപക്ഷത്തെ(LGBT)ഭൂരിപക്ഷം ഔട്ട്‌സൈഡറായി കാണുന്നു. തിരിച്ച് ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഔട്ട്‌സൈഡറായി കാണുന്നു. ഈ വിഭജനത്തിന്റെ അതിര്‍ത്തികളെ ഇല്ലാതാക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. കൂടാതെ ഒരു ഗേയ്ക്ക് സമൂഹത്തില്‍ നിന്ന് ഒരു സ്ത്രീയെ പ്രേമിക്കുവാനും കാമുകിയാക്കുവാനും സാധിക്കുമോയെന്ന ചോദ്യമുയര്‍ത്തുവാനും ഈ സിനിമ ശ്രമിക്കുന്നു.
ചിത്രാംഗദ എന്ന സിനിമയെക്കുറിച്ച് ഋതുപര്‍ണ്ണഘോഷ് ഇങ്ങനെ പറയുന്നു, ‘ചിത്രാംഗദ എന്ന സിനിമ എനിക്ക് വളരെയേറെ അഭിമാനിക്കാവുന്ന ഒന്നാണ്, കാരണം സംവിധാനത്തോടൊപ്പം ഞാനതില്‍ അഭിനയിക്കുകയും ചെയ്യുന്നു. അയഥാര്‍ത്ഥ്യത്തെ സംബന്ധിച്ചുള്ള ഒരു പരീക്ഷണമാണ് ഈ സിനിമ. ഈ ലോകം നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ സ്ഥായിയായി ഒന്നും തന്നെയില്ല. സ്‌നേഹം, ചിന്തകള്‍, നന്മകള്‍, ശരീരം എല്ലാം മാറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ നമ്മളെന്തിനാണ് ലിംഗപദവി, സ്വത്വം എന്നിവയുടെ മാറ്റത്തില്‍ ഭയപ്പെടുന്നത്? നമ്മളിലെ ആ മാറ്റത്തെ എന്തുകൊണ്ടാണ് പ്രശ്‌നമായി കാണുന്നത്? ടാഗോറിന്റെ ചിത്രാംഗദ സ്വത്വത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഒരന്വേഷണമാണ്.
ഒരു അഭിമുഖത്തില്‍ ഋതു ദാ ഇങ്ങനെ പറയുകയുണ്ടായി. ‘ടാഗോറും ഞാനുമായി വളരെ അടുപ്പമുണ്ട്. എന്റെ യാത്രയില്‍ എപ്പോഴും ടാഗോര്‍ കൃതികള്‍ കൂടെയുണ്ടാകും, കൂടാതെ മഹാഭാരതവും’. ടാഗോര്‍ മഹാഭാരതത്തെ ഒരു പ്രധാനപ്പെട്ട കൃതിയായി കണക്കാക്കിയിരുന്നു. വലിയ ഒരു പുസ്തക ശേഖരം മരണം വരെ ഋതുപര്‍ണ്ണഘോഷ് കാത്തു സൂക്ഷിച്ചിരുന്നു. പ്രശസ്ത നടിയായ കിരണ്‍ ഖേര്‍ ഒരിക്കല്‍ പറയുകയുണ്ടായി, ‘സിനിമാലോകത്ത് ഋതുപര്‍ണ്ണഘോഷ് വളരെയധികം വായനാശീലമുള്ളയാളാണ്. അയാള്‍ക്ക് സ്വന്തമായി ഒരു ലൈബ്രറിയുണ്ട്, അയാളുടെ അറിവ് അപാരമാണ്’. പുസ്തകങ്ങളുമായിട്ടുള്ള ബന്ധം ഋതുപര്‍ണ്ണഘോഷിന്റെ സിനിമകളുടെ രാഷ്ട്രീയത്തെ പുരോഗമനപരമാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
ഋതുപര്‍ണ്ണഘോഷ് ഒരിക്കലും താനൊരു ആക്ടിവിസ്റ്റ് ആണെന്ന് സമ്മതിച്ചിട്ടില്ല. ഒരു കലാകാരന്‍, ആക്ടിവിസ്റ്റ് ആകണമെന്നില്ല. അതേപോലെ കലയും എപ്പോഴും തരാഷ്ട്രീയം പറയണമെന്ന് നിര്‍ബന്ധവുമില്ല. ഒരു കലാകാരന്‍ എപ്പോഴും ഒരു പാത തെളിയിച്ചിട്ടുകൊണ്ട് അയാളുടെ വഴിയേ സഞ്ചരിക്കുന്നു. അതുകൊണ്ട് വിമത(Queer)കഥാപാത്രങ്ങളെ ഞാനെന്റെ സിനിമയില്‍ കാണിക്കുന്നതാണ് എന്റെ ആക്ടിവിസം. കലാകാരന് കല തന്നെയാണ് ആക്ടിവിസം എന്നാണ് ഇതിലൂടെ അദ്ദേഹം പറയുന്നത്. ഋതു ദാ സ്വന്തം ശരീരം തന്നെ ആക്ടിവിസത്തിന് ഉപയോഗിച്ചതായി പറയാം. ഷേവ് ചെയ്ത തലയും കാതില്‍ കമ്മലും കുര്‍ത്തയും ലെഗിന്‍സും എല്ലാം ധരിച്ച് കണ്ണെഴുതി മുഖത്ത് സ്‌കിന്‍ ക്രീമുകള്‍ തേച്ച് അദ്ദേഹം ടെലിവിഷന്‍ പരിപാടികളിലും പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടു. ശരീരത്തെ തന്റെ രാഷ്ട്രീയമായോ ആക്ടിവിസമായോ അദ്ദേഹം തെരഞ്ഞെടുത്തുവെന്ന് വേണമെങ്കില്‍ പറയാവുന്നതാണ്.
2013 മെയ് 30 ന് കല്‍ക്കത്തയില്‍ വെച്ച് ഹാര്‍ട്ട് ആറ്റാക്ക് വന്നാണ് അദ്ദേഹം മരണപ്പെട്ടത്. ബംഗാളി നവസിനിമയ്ക്ക് അദ്ദേഹത്തിന്റെ മരണം വലിയൊരു നഷ്ടമാണുണ്ടാക്കിയത്. ഋതുപര്‍ണ്ണഘോഷ് ‘ഡയബറ്റീസ് മെലിറ്റസ്’ പത്തുവര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. പാന്‍ക്രിയാറ്റീസും ഇന്‍സോമിനിയയും അദ്ദേഹത്തിനുണ്ടായിരുന്നു. ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റും ബ്രസ്റ്റ് ഇംപ്ലാന്റും നടത്തിയതിനാല്‍ അതിന്റെതായ പ്രശ്‌നങ്ങള്‍ ഋതുപര്‍ണ്ണഘോഷ് അനുഭവിക്കേണ്ടി വന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. നാല്‍പ്പത്തിയൊന്‍പത് വയസ്സിലാണ് അദ്ദേഹം മരിച്ചത്. പ്രശസ്ത ‘ഗേ ഫിലിം മേക്കറായ’ ഒനീര്‍ ഇങ്ങനെ പറയുകയുണ്ടായി. ‘പ്രശസ്ത ഫിലിം മേക്കറായ ഋതുപര്‍ണ്ണഘോഷിന്റെ മരണം LGBT(ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍)സമൂഹത്തിന് വലിയൊരു നഷ്ടമാണ്’. LGBT സമൂഹത്തിന് ഇന്ത്യയില്‍ ഉയര്‍ത്തികാണിക്കാവുന്ന വലിയൊരു സെല്ബ്രിറ്റിയായിരുന്നു ഋതുപര്‍ണ്ണഘോഷ്. ബംഗാളി സിനിമയില്‍ അദ്ദേഹം ഉയര്‍ത്തിയ പ്രമേയവും ചോദ്യങ്ങളുമെല്ലാം ഇന്നും പ്രസക്തമാണ്. ലോകസിനിമയില്‍ ഋതുപര്‍ണ്ണഘോഷിന് മഹത്തായ ഒരു സ്ഥാനമുണ്ട്. ബംഗാളി സംസ്‌കാരത്തിന്റെ കാപട്യങ്ങളെ തുറന്നുകാട്ടുന്നതില്‍ ഋതുപര്‍ണ്ണഘോഷ് വിജയിച്ചിട്ടുണ്ട്. സവര്‍ണപാരമ്പര്യം, സ്ത്രീത്വം, ലൈംഗികത, ലിംഗപദവി, ട്രാന്‍സ് ജെന്‍ഡര്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ സമകാലിക ബംഗാളി സിനിമകള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. അതിനാല്‍ ഋതു ദാ മരിക്കുന്നില്ല. തീര്‍ച്ചയായും ടാഗോറിനോടൊപ്പം ഋതുപര്‍ണ്ണഘോഷും ബംഗാളികള്‍ക്ക് പ്രിയങ്കരനാകും. സ്‌നേഹിച്ചും കലഹിച്ചും അദ്ദേഹത്തിന്റെ സിനിമകളും ജീവിതവും നമ്മോടൊപ്പം എന്നുമുണ്ടാകും.
____________________
ഡോ. രാജേഷ്. എം. ആര്‍, അസി. പ്രൊഫസര്‍, കേരള വര്‍മ്മ കോളേജ് , തൃശൂര്‍ ജില്ല

Top