മൂന്നാര്‍ സമരവും ഗാന്ധിയന്‍ ദിവാസ്വപ്നങ്ങളും

September 25, 2015

സമീപകാലത്ത് കേരളത്തിലെ പല പ്രദേശങ്ങളിലുമുണ്ടായ പാര്‍ശ്വവല്‍കൃത ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്പുകള്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരായ പരോക്ഷ വെല്ലുവിളികള്‍ കൂടിയാണ്. മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ എല്ലാ വ്യവസ്ഥാപിത ഗ്രേഡ് യൂണിയന്‍ നേതൃത്വങ്ങളെയും നിരാകരിച്ചെങ്കിലും, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും, അവരുമായി പലതരം സന്ധികള്‍ക്ക് മുന്നോട്ടു വരികയും ചെയ്തിരുന്നു. എന്നാല്‍ സംഘപരിവാറിന്റെ ശക്തികള്‍ക്ക് മൂന്നാര്‍ എല്ലാ അര്‍ത്ഥത്തിലും അപ്രവേശിതവും അപ്രരോധ്യവുമായിരുന്നു. ഗാന്ധിസത്തെ ഹിംസാത്മകമായ മാര്‍ഗ്ഗങ്ങളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന് മൂന്നാറിലേറ്റ പ്രഹരം ഗാന്ധിസത്തിന്റെ സ്വീകാര്യതയായി ചിലര്‍ വ്യാഖ്യാനിക്കുന്നത് രോഗാതുരമായ ദിവാസ്വപ്നം മാത്രമാണ്.

ഫാഷിസമെല്ലായ്‌പ്പോഴും ഹിംസാത്മകമാകണമെന്നില്ല. അക്രമണരഹിതമായ മാര്‍ഗ്ഗങ്ങളിലൂടെയും ഫാഷിസത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയും. ‘അഹിംസാത്മകഫാഷിസം” അതിന്റെതന്നെ threshold ഭേദിക്കുമ്പോഴാണ് അത് ഹിംസാത്മകമാകുന്നത്. അഹിംസാത്മക ഫാഷിസത്തിന്റെ പ്രകാശനങ്ങള്‍ ലാളിത്യം, ബ്രഹ്മചര്യം, ചര്‍ക്ക, ഗ്രാമപൂജ, ഭജന, മതഗ്രന്ഥ രാഷ്ട്രീയം, ആധുനികവിദ്വേഷം എന്നിവയാണ്. നാഗരികതാ പൂര്‍വ്വമായ ഇന്ത്യന്‍ ഗ്രാമ-ജാതി ജീവിതത്തിന്റെ പ്രാകൃതമായ ചലന രാഹിത്യത്തെ ആധുനിക നാഗരികതയ്ക്ക് ബദലായി ഉദാത്തീകരിക്കുന്നത് അഹിംസാത്മ ഫാഷിസമാണ്. ഈ അഹിംസാത്മക ഫാഷിസത്തിന്റെ ലക്ഷണമൊത്ത പ്രതിനിധിയാണ് ഗാന്ധിജി.
ബ്രിട്ടീഷ് ഭരണത്തിലൂടെ ഇന്ത്യന്‍ ജാതിഗ്രാമ ജീവിതത്തിലേക്ക് സംക്രമിച്ചുകൊണ്ടിരുന്ന ആധുനിക ശാസ്ത്ര-മതേതര മൂല്യങ്ങളെ ആകെ നിരാകരിക്കാന്‍ ഇന്ത്യക്കാരെ പരിശീലിപ്പിക്കുന്നതിനാണ് ഗാന്ധിജി സ്വന്തം മേല്‍വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത്. ജാതി ഗ്രാമ മനുഷ്യരുടെ സംഘഭാവനകളില്‍ ആഴത്തില്‍ വേരോടിയിരുന്ന പ്രാകൃതമായ animalist വാസനകളെ പുനരുദ്ധരിക്കുകയും ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ മണ്ഡലത്തെ മതഗ്രസ്തമാക്കുകയും ചെയ്ത ഗാന്ധിജി, യഥാര്‍ത്ഥത്തില്‍ ഇന്ന് മോദിയിലൂടെ പൂര്‍ണ്ണവളര്‍ച്ചയെത്തിക്കൊണ്ടിരിക്കുന്ന ഹൈന്ദവ ഫാഷിസത്തിന്റെ പ്രവാചക രൂപമാണ്. ഇന്ത്യന്‍ ജാതി ഗ്രാമജീവിതത്തിന്റെ പ്രാകൃത ശൈശവത്തെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച ഗാന്ധിജി വളര്‍ച്ച മുരടിച്ച ‘ശൈശവ നിഷ്‌കളങ്കത’യാണ് പ്രതിനിധാനം ചെയ്യുന്നത്.  മുതിര്‍ന്നവരില്‍ കൗതുകമുളവാക്കാന്‍ ശിശുക്കള്‍ക്ക് കഴിയും. എന്നാല്‍ മുതിര്‍ന്നവരെ രസിപ്പിക്കാന്‍ വേണ്ടി ശിശുക്കള്‍, ശിശുക്കളായി തന്നെ തുടര്‍ന്നാല്‍ അത് രോഗമാണ്. യൗവ്വനത്തിലേക്ക് വളരാന്‍ വിസമ്മതിക്കുന്ന ഒരു സംസ്‌കാരത്തെ ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ഗാന്ധിജി, ലോകത്തെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ശാശ്വത ശൈശവത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സര്‍ക്കസ് കൂടാരത്തിലെ കോമാളികളുടെ സ്ഥിതിയും ഇത് തന്നെയാണ്. സാഹസികവും ധീരോദാത്തവുമായ പ്രകടനങ്ങള്‍ക്കിടയിലെ നേരംപോക്കുകാരാണല്ലോ ഇത്തരം കോമാളികള്‍.

______________________________
ബ്രിട്ടീഷ് ഭരണത്തിലൂടെ ഇന്ത്യന്‍ ജാതിഗ്രാമ ജീവിതത്തിലേക്ക് സംക്രമിച്ചുകൊണ്ടിരുന്ന ആധുനിക ശാസ്ത്ര-മതേതര മൂല്യങ്ങളെ ആകെ നിരാകരിക്കാന്‍ ഇന്ത്യക്കാരെ പരിശീലിപ്പിക്കുന്നതിനാണ് ഗാന്ധിജി സ്വന്തം മേല്‍വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത്. ജാതി ഗ്രാമ മനുഷ്യരുടെ സംഘഭാവനകളില്‍ ആഴത്തില്‍ വേരോടിയിരുന്ന പ്രാകൃതമായ animalist വാസനകളെ പുനരുദ്ധരിക്കുകയും ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ മണ്ഡലത്തെ മതഗ്രസ്തമാക്കുകയും ചെയ്ത ഗാന്ധിജി, യഥാര്‍ത്ഥത്തില്‍ ഇന്ന് മോദിയിലൂടെ പൂര്‍ണ്ണവളര്‍ച്ചയെത്തിക്കൊണ്ടിരിക്കുന്ന ഹൈന്ദവ ഫാഷിസത്തിന്റെ പ്രവാചക രൂപമാണ്. ഇന്ത്യന്‍ ജാതി ഗ്രാമജീവിതത്തിന്റെ പ്രാകൃത ശൈശവത്തെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച ഗാന്ധിജി വളര്‍ച്ച മുരടിച്ച ‘ശൈശവ നിഷ്‌കളങ്കത’യാണ് പ്രതിനിധാനം ചെയ്യുന്നത്. 
______________________________

പക്ഷേ- ഗാന്ധിജിയെ അത്രത്തോളം നിര്‍ദോഷമായി കാണാനാവില്ല, കാരണം, ഗാന്ധിജിയുടെ അഹിംസാത്മക ഫാഷിസത്തിന്റെ സഹജപരിമിതികള്‍ സ്വയം അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഗാന്ധിയന്‍ അഹിംസാത്മക ഫാഷിസം അതിന്റെ threshold ഭേദിച്ച ആദ്യ സംഭവം നാഥുറാം ഗോഡാസെയിലൂടെയാണ് പ്രത്യക്ഷമായത്. ഗാന്ധിജിയുടെ ശരീരത്തെ ഇല്ലാതാക്കിക്കൊണ്ട്, ഗോഡ്‌സെ ഗാന്ധിസത്തിന് ജന്മം നല്‍കി. എന്നാല്‍ ഗോഡ്‌സെയിലൂടെ പുതുജീവന്‍ നേടിയ ഗാന്ധിസത്തിന്, മണ്ഡല്‍ കമ്മീഷാനാന്തര ഘട്ടത്തില്‍ നിലനില്‍ക്കണമെങ്കില്‍ അതിന്റെ അഹിംസാത്മകത വര്‍ജ്ജിക്കേണ്ടത് അനിവാര്യമായി തീര്‍ന്നു. ഗാന്ധിയന്‍ അഹിംസാത്മക ഫാഷിസത്തില്‍ നിന്നുള്ള അഹിംസയുടെ പൂര്‍ണ്ണമായ കൊഴിഞ്ഞുപോക്കിനെയാണ് മോദിയിലൂടെ പ്രകാശിതമാകുന്നത്. മതഗ്രസ്തമായ രാഷ്ട്രീയ ഭൂമികയില്‍ മാത്രമേ ഹൈന്ദവ ഫാഷിസത്തിന്റെ വിത്തുകള്‍ മുളയ്ക്കുകയുള്ളു. ഇത്തരമൊരു രാഷ്ട്രീയ ഭൂമികയെ സൃഷ്ടിച്ചതു ഗാന്ധിജിയാണ്. ഒരര്‍ത്ഥത്തില്‍, ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ ഹിംസാത്മകമായ തുടര്‍ച്ചയാണ് ഹിന്ദത്വഫാഷിസം.
സമീപകാലത്ത് കേരളത്തിലെ പല പ്രദേശങ്ങളിലുമുണ്ടായ പാര്‍ശ്വവല്‍കൃത ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്പുകള്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരായ പരോക്ഷ വെല്ലുവിളികള്‍ കൂടിയാണ്. മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ എല്ലാ വ്യവസ്ഥാപിത ഗ്രേഡ് യൂണിയന്‍ നേതൃത്വങ്ങളെയും നിരാകരിച്ചെങ്കിലും, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാവുകയും, അവരുമായി പലതരം സന്ധികള്‍ക്ക് മുന്നോട്ടു വരികയും ചെയ്തിരുന്നു. എന്നാല്‍ സംഘപരിവാറിന്റെ ശക്തികള്‍ക്ക് മൂന്നാര്‍ എല്ലാ അര്‍ത്ഥത്തിലും അപ്രവേശിതവും അപ്രരോധ്യവുമായിരുന്നു. ഗാന്ധിസത്തെ ഹിംസാത്മകമായ മാര്‍ഗ്ഗങ്ങളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന് മൂന്നാറിലേറ്റ പ്രഹരം ഗാന്ധിസത്തിന്റെ സ്വീകാര്യതയായി ചിലര്‍ വ്യാഖ്യാനിക്കുന്നത് രോഗാതുരമായ ദിവാസ്വപ്നം മാത്രമാണ്.

Top