ഉത്തരകാലം തരുന്ന ഉത്തരങ്ങള്‍

സ്വന്തം കാലത്തെ വ്യക്തമായ വിമര്‍ശ ലോകബോധത്തോടെ അടയാളപ്പെടുത്തുന്ന മാധ്യമമാണ് ഉത്തരകാലം. പേരിലും പെരുമാറ്റത്തിലും ഉരിയാട്ടത്തിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതു സ്വന്തം ചേരിയും കുടിയും പന്തിയും ബഹുജനസമക്ഷം അവതരിപ്പിച്ചുറപ്പിച്ചിരിക്കുന്നു. ഉത്തരകാലം തരുന്ന ഉത്തരങ്ങള്‍ വിപുലവും ബഹുലവുമാണ്. ചോദിക്കുന്ന ചോദ്യങ്ങളാകട്ടെ അതിലേറെ പ്രധാനവും ബഹുജനഹിതത്തിലേക്കുളളതുമാണ്. കാലത്തിന്റെ ഉത്തരവും ഉത്തരമായ കാലവും കാലികമായ ഉത്തരവും ഉത്തരോത്തരം പെരുകുന്ന കാലവും എല്ലാം കലരുന്ന സമയരേഖയും സൈബര്‍ സ്ഥലരാശിയുമാണത്. ഭൂതത്തിന്റെ മണ്ണടിയടരുകളിലും വര്‍ത്തമാനത്തിന്റെ വമ്പന്‍ കൊമ്പുകളിലും ഭാവിയുടെ കുരുന്നിലകളിലും ഒരേ സമയം അക്ഷരമര്‍മരം പൊഴിച്ചു വളര്‍ന്നുകൊണ്ടേയിരിക്കുന്ന പോതിമരം പോലെ ഉത്തരകാലത്തിന്റെ കാലങ്ങള്‍ വന്നുപോകുകയാണ്. അനന്തമായ കാലത്തിന്റെ മൂന്നു തലങ്ങളേയും ഗാഢമായി തഴുകി വടക്കോട്ടു തലയും തെക്കോട്ടു കാലും നീര്‍ത്തി പടിഞ്ഞാട്ടേക്കു മുഖം തിരിച്ച് ചുമലുകളും പുറവും കിഴക്കിനെ തൊട്ടുരുമ്മി പള്ളികൊള്ളുന്ന ഈ വടക്കന്‍കാലം ഭൂതത്തേയും വര്‍ത്തമാനത്തേയും ഭാവിയേയും ഒറ്റ ശരീരത്തില്‍ പ്രതിനിധാനം ചെയ്യുന്നു. മൂകതയുടെ ഇരുണ്ട ശതകങ്ങളേയും ഭാവിയുടെ ഭാഷണത്തേയും സമഗ്രമായി സംബോധന ചെയ്യുന്ന വര്‍ത്തമാന മാധ്യമ പ്രയോഗമാണ് ഉത്തരകാലം. അതിന്റെ രാഷ്ട്രീയവും നൈതികതയും കീഴാളവും വിമോചനാത്മകവും മാനവികവുമാണ്. വ്യതിരിക്തവും ജനായത്തപരവുമായ സംസ്‌കാര രാഷ്ട്രീയമാതൃകയാണ് ഈ ദലിത്ബഹുജന്‍ പോര്‍ട്ടല്‍ അവതരിപ്പിക്കുന്നത്.
സംസ്‌കാര പ്രതിനിധാനത്തിന്റേയും രാഷ്ട്രീയ പ്രാതിനിധ്യത്തിന്റേയും ഗൗരവമേറിയ കാലികപ്രശ്‌നങ്ങളെ സജീവമായി ചര്‍ച്ച ചെയ്തു കൊണ്ട് അടിത്തട്ടിലുള്ള ജനതയുടെ ശബ്ദവും ദൃശ്യതയും നിതാന്ത സാന്നിധ്യവുമായി ഉത്തരകാലം പുതിയ രൂപത്തിലും സങ്കേതത്തിലും കൂടുതല്‍ കൂടുതല്‍ ബഹുജനങ്ങളിലേക്കു പടരട്ടേ, കലരട്ടേ, വളരട്ടേ… ഉത്തരകാലം കാഴ്ച്ചപ്പെടുത്തുന്ന പുത്തന്‍ കീഴാള സര്‍ഗാത്മകതയും വിമര്‍ശാവബോധവും കേരളത്തിനും ലോകത്തിനും മാതൃകയും പ്രചോദനവുമാകുന്നു.

(എഴുത്തുകാരന്‍/അധ്യാപകന്‍)

Top