എങ്ങനെ ആയിരിക്കും അലോഷ്യസച്ചന്‍ ഭാവിയിലറിയപ്പെടുക ?

യുക്തിവിചാരംകൊണ്ട് ആട്ടിയോടിക്കാവുന്നതാണോ ദൈവവിചാരം? അല്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്നെനിക്കു പറയാനാവും. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കുറ്റിപ്പുഴയുടെ വിചാരവിപ്ലവം വായിച്ചിട്ട്, അന്നുവരെ മനസ്സില്‍ കൊണ്ടുനടന്ന ക്രൈസ്തവദൈവത്തെ കുടിയിറക്കി എന്നു വിശ്വസിച്ചവനാണു ഞാന്‍. അരനൂറ്റാണ്ടിനു ശേഷം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഏതു സത്യവിശ്വാസിയുടെയും മനസ്സിലെന്നതിനെക്കാള്‍ ശക്തമായി ആ ദൈവം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ബോധതലത്തിലേക്കു കടന്നുവരാന്‍ ശ്രമിക്കുമ്പോഴെല്ലാം, യുക്തിബലത്താല്‍ ചവുട്ടിത്താഴ്‌ത്തേണ്ട ഒരു മാവേലിയായി അബോധത്തിലെവിടെയോ അയാള്‍ പതുങ്ങിക്കിടന്നിരുന്നു.

_______________
സെബാസ്റ്റ്യന്‍ വട്ടമറ്റം
_________________

തൊരു മനുഷ്യനും പിറന്നുവീഴുന്നതും വളരുന്നതും ചില വിശ്വാസങ്ങളുടെയും സങ്കല്‍പങ്ങളുടെയും മൂല്യസംഹിതകളുടെയും അവയെയെല്ലാം കൂട്ടിയിണക്കുന്ന കഥകളുടെയും മിത്തുകളുടേതുമായ ഒരു സവിശേഷ ലോകത്തിലാണ്. അലോഷ്യസച്ചന്‍ ജനിച്ചുവളര്‍ന്ന ലോകം പ്രധാനമായും ക്രൈസ്തവ മിത്തുകളുടേതായിരുന്നു. അതിലെ കേന്ദ്രകഥാപാത്രം ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവും.
യേശു ജനിച്ചുവളര്‍ന്നത് യഹൂദമിത്തുകളുടെ ലോകത്താണല്ലോ. ദൈവദത്തമെന്നവകാശപ്പെട്ട് യഹൂദര്‍ കൈയേറിയതാണ് യേശുവിന്റെ കാലത്തെ അവരുടെ ആവാസകേന്ദ്രങ്ങള്‍. അവിടെനിന്നെല്ലാം ആട്ടിയോടിക്കപ്പെട്ട ആദിമ നിവാസികള്‍ പുറജാതിക്കാരെന്നു മുദ്രകുത്തി പ്രാന്തവല്‍ക്കരിക്കപ്പെട്ടിരുന്നു. ഈ അതിക്രമങ്ങളെയെല്ലാം ന്യായീകരിക്കുന്ന ഒരു ദൈവസങ്കല്‍പവും നിയമാവലികളും അവര്‍ക്കുണ്ടായിരുന്നു.
മുപ്പതു വയസിനു മുമ്പ് ഇന്ത്യ ഉള്‍പെടെ അന്യദേശങ്ങളില്‍ സഞ്ചരിക്കാനും വ്യത്യസ്ഥ ലോകാനുഭവങ്ങളാര്‍ജിക്കാനും യേശുവിനു കഴിഞ്ഞു.1 പുതിയ ഉള്‍ക്കാഴ്ചകളുമായി നാട്ടില്‍ തിരിച്ചെത്തിയ യേശു പുറജാതിക്കാരും, പുരോഹിതര്‍ പാപികളെന്നു മുദ്രകുത്തിയവരുമായി ഐക്യപ്പെടുകയും സകലരുടെയും പിതാവായ ദൈവമെന്ന പുതിയ സങ്കല്‍പം കൊണ്ട് അധികാരപ്രമത്തനായ യഹോവയെന്ന പഴയ ദൈവത്തെ നേരിടുകയും, അയാളുടെ സാബത്താചരണം പോലുള്ള കല്‍പനകളെ ധിക്കരിക്കാന്‍ ജനത്തെ പഠിപ്പിക്കുകയുമാണു ചെയ്ത്. അതിനു കിട്ടിയ ശിക്ഷയായിരുന്നു കുരിശുമരണം.
ക്രിസ്തുവാക്കപ്പെട്ട യേശുവിന്റെ പേരില്‍ ഉയര്‍ന്നുവന്ന ക്രിസ്തുമതം, യഹോവയെ ദൈവമായി പുനസ്ഥാപിക്കുകയും, അയാളുടെ പുത്രനും അവതാരവുമായി യേശുവിനെ മാറ്റുകയുമാണുണ്ടായത്. യഹൂദമിത്തുകളും മതബോധവുമപ്പാടെ ക്രൈസ്തവ മുദ്രകുത്തി വീണ്ടെടുക്കപ്പെട്ടു.
ക്രൈസ്തവ ദൈവപുത്രനെ പിന്തള്ളി ചരിത്രത്തില്‍ പതിതരുടെ പക്ഷം ചേര്‍ന്ന യേശുവിനെ പുനരാനയിക്കുവാനുള്ള ശ്രമമായിരുന്നു വിമോചനദൈവശാസ്ത്രം. പുരോഹിതവൃത്തി സ്വീകരിച്ച അലോഷ്യസ് വിമോചന ദൈവശാസ്ത്രത്തിലാകൃഷ്ടനാവുകയും ദീര്‍ഘകാലം അതിന്റെയൊരു ആക്ടിവിസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍, അവസാനകാലത്ത് അദ്ദേഹം മത-ദൈവവിരുദ്ധവും യുക്തിവാദപരവുമായ ഒരു ബദല്‍ ജീവിതാന്വേഷക സംഘത്തിനു നേതൃത്വം കൊടുക്കുന്നതാണ് നാം കാണുന്നത്. ചുരുങ്ങിയ കാലത്തെ കൂട്ടായ അന്വേഷണങ്ങളിലൂടെ അവരെത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്റെ കഥ എന്റെ ജീവന്‍ എന്ന പുസ്തകത്തില്‍ അച്ചന്‍ ക്രോഡീകരിച്ചിരിക്കുന്നു. അവയെ വിമര്‍ശകമായി വിലയിരുത്താനുള്ള ശ്രമമാണ് ഈ ലേഖനം.
”നൂറുശതമാനവും മതേതരവും മതനിരപേക്ഷവുമായ”(പു. 259) ഒരു ലോകവീക്ഷണം രൂപപ്പടുത്തുകയാണു ലക്ഷ്യമെന്ന് അച്ചനെഴുതുന്നു. ദൈവമാണത്രേ അതിന് ഏറ്റവും വലിയ തടസ്സം. ”ദൈവം നമ്മുടെ ഒരു കാര്യത്തിലും ഇടപെടുന്നില്ല, ഇടപെടുകയുമില്ല. കാരണം ? ഉത്തരം ഒന്നേയുള്ളു; അങ്ങനെ ഒന്നില്ല എന്നതുതന്നെ.” – അദ്ദേഹം സമര്‍ത്ഥിക്കുന്നു.
ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഏതെങ്കിലും തരത്തിലുള്ള ദൈവസങ്കല്‍പം ഏതു ജനസമൂഹത്തിലും എല്ലാക്കാലത്തും ഉണ്ടായിരുന്നു. ആ സങ്കല്‍പദൈവം അവരുടെ പൊതു-സ്വകാര്യ ജീവിതങ്ങളെ ശക്തമായി സ്വാധീനിച്ചിട്ടുമുണ്ട്.
തങ്ങളെ തിരഞ്ഞെടുത്തു പരിപാലിക്കുന്ന യഹോവയെന്ന ദൈവത്തിലുള്ള വിശ്വാസമാണ് പലസ്തീന്‍ ജനതകളുടെമേല്‍ കുതിരകേറാനുള്ള ഉത്തേജനം ഇസ്രായേല്‍ ജനതയ്ക്കു നല്‍കിക്കൊണ്ടിരിക്കുന്നത്. കൂടെനിന്നവരെല്ലാം കൈവിട്ടപ്പോഴും കൂസലില്ലാതെ കുരിശിലേക്കു നീങ്ങാന്‍ യേശുവിനെ പ്രേരിപ്പിച്ചത് അയാള്‍ മുറുകെപ്പിടിച്ച ദൈവസങ്കല്‍പമാണ്. അതേ സങ്കല്‍പമാണ് കറുത്ത കുര്‍ബാന എന്ന പുസ്തകത്തിലെ ഫാദര്‍ അലോഷ്യസിന് കത്തോലിക്കാസഭയുടെ അധികാരകേന്ദ്രങ്ങളെ വെല്ലുവിളിച്ചു മുന്നേറാന്‍ കരുത്തു പകര്‍ന്നതും. എല്ലാ പ്രത്യാശയും നശിച്ച് മരണത്തോടു മല്ലടിക്കുന്ന ഒരു യുക്തിവാദിയുടെ അശാന്ത മനസ്സിനു ശാന്തി പകരാന്‍ ദൈവനിഷേധത്തെക്കാള്‍ ഉപകരിക്കുന്നത് അവസാനത്തെ കച്ചിത്തുരുമ്പുപോലെ മനസ്സിലേക്കു കടന്നു വരുന്ന ദൈവസങ്കല്‍പമായിരിക്കില്ലേ? വയസുകാലത്ത് കൊന്തയുരുട്ടിയ വടക്കനച്ചനും തന്റെ ദൈവസങ്കല്‍പത്തില്‍ ആശ്വാസം കണ്ടെത്തുകയല്ലേ ചെയ്തത്?(പു. 299)
ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, ദൈവസങ്കല്‍പം വെറും തോന്നലല്ലേ എന്നാണു ചോദ്യമെങ്കില്‍, സമ്മതിക്കുന്നു, അതു വെറും തോന്നലു മാത്രം. തോന്നലുകള്‍ക്കു ജീവിതത്തില്‍ സ്ഥാനമൊന്നുമില്ലേ? വസ്തുനിഷ്ഠമായ അറിവിന്റെ വെളിച്ചത്തില്‍ മാത്രം നമുക്കു ജീവിക്കാനാവുമോ?
അച്ചന്‍പണി ഉപേക്ഷിച്ച ആളാണ് അലോഷ്യസ് ഫെര്‍ണാണ്ടസെന്ന വസ്തുനിഷ്ഠമായ അറിവ് എനിക്കുണ്ട്. എന്നിട്ടും അദ്ദേഹത്തെക്കുറിച്ചു പറയുമ്പോഴെല്ലാം അലോഷ്യസച്ചന്‍ എന്നു പറയാന്‍ ഞാന്‍ എന്തുകൊണ്ടു പ്രേരിതനാകുന്നു? അദ്ദേഹം അച്ചനാണെന്ന അവാസ്തവമായ തോന്നല്‍ എന്തുകൊണ്ട് എന്നെ വിട്ടുമാറുന്നില്ല?

__________________________________
എം. ജി. യൂണിവേഴ്‌സിറ്റിയിലൊരിക്കല്‍ ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഒരു ഫിലോസഫി പ്രൊഫസറുടെ പ്രഭാഷണമുണ്ടായിരുന്നു. അലോഷ്യസച്ചനും പങ്കെടുത്ത ആ സദസില്‍, ഫാദര്‍ കാപ്പനായിരുന്നു പ്രതികരിക്കാനായി ക്ഷണിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തെ ശ്രവിച്ച പ്രൊഫസര്‍ക്കൊരു സംശയം, കാപ്പനച്ചന്‍ ദൈവവിശ്വാസിയാണോ എന്ന്. അച്ചന്റെ മറുപടി ഏതാണ്ടിപ്രകാരമായിരുന്നു, ”ആകാശവും ഭൂമിയും സൃഷ്ടിച്ച്, നമ്മെയെല്ലാം അടക്കിഭരിക്കുന്ന സ്രഷ്ടാവായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ തെരുവില്‍ വിശന്നലയുന്നവന്റെ കരച്ചില്‍ എന്റെ മനസ്സിനെ വേദനിപ്പിക്കാറുണ്ട്. ആ വേദനയുടെ ഉറവിടമെന്തോ അതാണെന്റെ ദൈവം.” അവസാനകാലത്ത് കാപ്പനച്ചന്‍ ദൈവം എന്ന വാക്കുതന്നെ ഉപേക്ഷിച്ച് പകരം ദിവ്യത എന്ന വാക്കാണുപയോഗിച്ചിരുന്നത്. ഉത്തമ ദൈവനിഷേധിയായി അലോഷ്യസച്ചന്‍ ചൂണ്ടിക്കാണിക്കുന്നതു നീത്‌ഷെയെയാണ്. എന്നാല്‍ ഒരുകാര്യം നാമോര്‍ക്കണം: അദ്ദേഹം തള്ളിപ്പറഞ്ഞത്, കാപ്പനച്ചന്‍ അദൈവം എന്നു വിശേഷിപ്പിക്കുന്ന ക്രൈസ്തവ ദൈവത്തെയാണ്. പകരം, അദ്ദേഹം ഉപാസിച്ചത് വിശ്വപ്രകൃതിയെ ആണെന്ന് അലോഷ്യസച്ചന്‍തന്നെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
____________________________________

അലോഷ്യസച്ചന്‍ എന്ന വാക്ക്, പത്തുമുപ്പതുകൊല്ലമായി അതുപയോഗിച്ചുപോരുന്ന എനിക്ക് അലോഷ്യസ് ഫെര്‍ണാണ്ടസെന്ന വ്യക്തിയുടെ മാത്രം സൂചകമല്ല. ആ വ്യക്തിയെക്കുറിച്ചു സ്വരുക്കൂട്ടിയ പലപല ധാരണകളുടെയും ഓര്‍ത്തെടുക്കാവുന്നതും അല്ലാത്തതുമായ ഒരുപാടോര്‍മ്മകളുടെയും വൈകാരികബന്ധങ്ങളുടെയും ഭാവജലത്തില്‍ കുതിര്‍ന്ന് എന്റെ മനസ്സിന്റെ ഏതോ കോണില്‍ പതുങ്ങിക്കിടക്കുന്ന ഒരു സൂചകമാണത്. അതിനു കത്തനാര്‍ എന്ന സൂചിതാര്‍ത്ഥം എന്റെ മനസ്സിലൊരിക്കലും ഉണ്ടായിരുന്നുമില്ല. ഇങ്ങനെ സാമാന്യ സൂചിതങ്ങളൊന്നുമില്ലാതെ മനസ്സില്‍ പതിഞ്ഞുകിടന്നു നമ്മുടെ പറച്ചിലുകളെയും പ്രവൃത്തികളെയും പരോക്ഷമായി സ്വാധീനിക്കുന്ന സൂചകങ്ങളെയാണു ലകാന്‍ ഗുരുസൂചകം എന്നു വിളിക്കുന്നത്.2 ഒരു പക്ഷേ, ഗുരുസൂചകങ്ങളില്‍ ഏറ്റവും വ്യാപകവും ശക്തവുമാണു ‘ദൈവം.’

യുക്തിവിചാരംകൊണ്ട് ആട്ടിയോടിക്കാവുന്നതാണോ ദൈവവിചാരം? അല്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്നെനിക്കു പറയാനാവും. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കുറ്റിപ്പുഴയുടെ വിചാരവിപ്ലവം വായിച്ചിട്ട്, അന്നുവരെ മനസ്സില്‍ കൊണ്ടുനടന്ന ക്രൈസ്തവദൈവത്തെ കുടിയിറക്കി എന്നു വിശ്വസിച്ചവനാണു ഞാന്‍. അരനൂറ്റാണ്ടിനു ശേഷം ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഏതു സത്യവിശ്വാസിയുടെയും മനസ്സിലെന്നതിനെക്കാള്‍ ശക്തമായി ആ ദൈവം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു. ബോധതലത്തിലേക്കു കടന്നുവരാന്‍ ശ്രമിക്കുമ്പോഴെല്ലാം, യുക്തിബലത്താല്‍ ചവുട്ടിത്താഴ്‌ത്തേണ്ട ഒരു മാവേലിയായി അബോധത്തിലെവിടെയോ അയാള്‍ പതുങ്ങിക്കിടന്നിരുന്നു.
ഇതുറപ്പുവരുത്തുന്ന ഒരു സംഭവമുണ്ടായി. എസ്. ബി. കോളേജില്‍ പഠിപ്പിക്കുന്ന കാലത്ത് ഒരുബോട്ടപകടത്തില്‍ ഒരു സഹപ്രവര്‍ത്തകന്റെ കുട്ടിയും മറ്റൊരു സഹപ്രവര്‍ത്തകനും മുങ്ങിത്താഴുന്നത് എനിക്കു നോക്കിനില്‍ക്കേണ്ടി വന്നു. ഞാനെന്തൊക്കെയോ അന്തംവിട്ടു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പിന്നീടാണറിഞ്ഞത്, അത് ‘എന്റെ ഈശോയേ, എന്റെ ഈശോയേ’ എന്നായിരുന്നെന്ന്. അപ്പോഴത്തെ ആ തികഞ്ഞ നിസ്സഹായാവസ്ഥയില്‍, അടിച്ചമര്‍ത്തപ്പെട്ടിരുന്ന ദൈവസങ്കല്‍പം എന്നെ ആശ്വസിപ്പിക്കാനെത്തുകയല്ലേ ചെയ്തത്. പ്രതിസന്ധികളെ മറികടക്കാനുതകുന്ന മാനസികോല്‍പന്നമാണു ദൈവസങ്കല്‍പമെന്നാണ് ഇവിടെ തെളിയുന്നത്. യാതൊരു ഭൗതികപരിഹാരവുമില്ലാത്ത പ്രതിസന്ധികള്‍ മനുഷ്യനു നേരിടേണ്ടി വരുന്ന കാലത്തോളം അത് അനിവാര്യവുമാണ്.
വസ്തുനിഷ്ഠമായ അറിവിന്റെ ലോകത്തിലല്ല, സങ്കല്‍പങ്ങളുടെയും അനുഭവങ്ങളുടെയും ലോകത്തിലാണു നാം ജീവിക്കുന്നത്. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്നറിയുമ്പോഴും, ഭൂമിക്കു ചുറ്റും കറങ്ങുന്ന സൂര്യനെന്ന സങ്കല്‍പമല്ലേ നമ്മുടെ അനുദിന ജീവിതത്തെ ഭാവസാന്ദ്രവും ധന്യവുമാക്കുന്നത്. ദൈവസങ്കല്‍പങ്ങളില്‍ സൂര്യനുള്ള പ്രാധാന്യവും ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്.
എല്ലാ ദൈവങ്ങളും സാരാംശത്തില്‍ ഒന്നാണെന്ന മത-ദൈവ വാണിഭക്കാരുടെ മതസൗഹാര്‍ദ്ദമുദ്രാവാക്യമാണു നാമാദ്യം തള്ളിപ്പറയേണ്ടത്. നമ്മുടെ നാട്ടില്‍ മണ്ണില്‍ പണിയെടുത്തിരുന്നവര്‍ പണിയായുധങ്ങളില്‍ കണ്ടു തൊട്ടുവന്ദിച്ചിരുന്ന ദൈവങ്ങളും അവരെ അകറ്റിനിര്‍ത്തണമെന്നു കല്‍പിച്ച സവര്‍ണ്ണ ദൈവവും സാരാംശത്തിലെന്നല്ല ഒരംശത്തിലും ഒന്നല്ല. ഏതൊരു സമൂഹവും പുജിക്കുന്ന ദൈവസങ്കല്‍പം അവര്‍ ഇതര ജനവിഭാഗങ്ങളുമായിടപെട്ടും അല്ലാതെയും ആര്‍ജ്ജിച്ചിട്ടുള്ള പുതിയ മൂല്യബോധത്തിന്റെ വെളിച്ചത്തില്‍ വിചാരണചെയ്യപ്പെടണം. ദൈവസങ്കല്‍പത്തെത്തന്നെ തള്ളിപ്പറയുകയല്ല, കാലോചിതമായ പുതിയ ദൈവസങ്കല്‍പത്തെ രൂപകല്‍പന ചെയ്യുകയാണുവേണ്ടത്. അതാണ് യേശുവും നാരായണഗുരുവുമൊക്കെ ചെയ്തതും.
അലോഷ്യസച്ചന്‍ തുടരുന്നു, ”ഇല്ലാത്ത ഒന്നിനെ സജീവമായി സങ്കല്‍പിച്ചിട്ട് സ്വന്തം വ്യക്തിത്വത്തെ അടിമപ്പെടുത്തുന്ന ദൈവസങ്കല്‍പം എല്ലാംകൊണ്ടും യുക്തിരഹിതമാണ്.” ‘വ്യക്തിത്വത്തെ അടിമപ്പെടുത്തുന്ന ദൈവസങ്കല്‍പം’ ആണ് എതിര്‍ക്കപ്പെടേണ്ടത്. അതിനു കൂട്ടുപിടിക്കേണ്ടതു യുക്തിയെ അല്ല, മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് നാം സ്വാംശീകരിച്ചിട്ടുള്ള പുതിയ സങ്കല്‍പങ്ങളെയാണ്. എം. ജി. യൂണിവേഴ്‌സിറ്റിയിലൊരിക്കല്‍ ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഒരു ഫിലോസഫി പ്രൊഫസറുടെ പ്രഭാഷണമുണ്ടായിരുന്നു.

___________________________________
പുതിയ ലോകവീക്ഷണത്തിന്റെ മൂലതത്വങ്ങളിലൊന്നായി അദ്ദേഹം എടുത്തു പറയുന്നത് ‘പ്രകൃതി പരിണാമദര്‍ശനം’ ആണ്. പരിണാമം എന്നതുകൊണ്ടുദ്ദേശിക്കുന്നതു ഡാര്‍വിന്റെ പരിണാമവാദമാണെങ്കില്‍, ‘ബലവാന്റെ അതിജീവന’സിദ്ധാന്തവും നാമംഗീകരിക്കേണ്ടി വരും. അതോടെ അച്ചന്‍ ഊന്നിപ്പറയുന്ന മനുഷ്യസ്‌നേഹവും മനസ്സാക്ഷിയുമെല്ലാം അപ്രസക്തമാകും. മറിച്ചാണെങ്കില്‍, ഈ പുതിയ ലോകവീക്ഷണം മുന്നോട്ടു വയ്ക്കുന്നത്, വളര്‍ന്നുവരുന്ന ഹരിതദൈവശാസ്ത്രത്തിന്റെ ഈശ്വരസങ്കല്‍പത്തില്‍ നിന്ന് അധികമൊന്നും ഭിന്നവുമല്ല. കുടുംബമെന്ന സ്ഥാപനത്തെയും ലൈംഗികതയെയും കുറിച്ച് ധീരവും നൂതനവുമായ ചില ആശയങ്ങള്‍ അച്ചന്‍ പറയുകയും അതനുസരിച്ചു ജീവിച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍, ഏറ്റവുമടുത്ത ചില സുഹൃത്തുക്കള്‍ പോലും അകന്നുപോയപ്പോഴും പതറാതിരുന്ന അച്ചന്റെ ആത്മധൈര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഉറവിടം യുക്തിവാദപരമായ പുതുവിശ്വാസമായിരിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. 

___________________________________

അലോഷ്യസച്ചനും പങ്കെടുത്ത ആ സദസില്‍, ഫാദര്‍ കാപ്പനായിരുന്നു പ്രതികരിക്കാനായി ക്ഷണിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തെ ശ്രവിച്ച പ്രൊഫസര്‍ക്കൊരു സംശയം, കാപ്പനച്ചന്‍ ദൈവവിശ്വാസിയാണോ എന്ന്. അച്ചന്റെ മറുപടി ഏതാണ്ടിപ്രകാരമായിരുന്നു, ”ആകാശവും ഭൂമിയും സൃഷ്ടിച്ച്, നമ്മെയെല്ലാം അടക്കിഭരിക്കുന്ന സ്രഷ്ടാവായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ തെരുവില്‍ വിശന്നലയുന്നവന്റെ കരച്ചില്‍ എന്റെ മനസ്സിനെ വേദനിപ്പിക്കാറുണ്ട്. ആ വേദനയുടെ ഉറവിടമെന്തോ അതാണെന്റെ ദൈവം.” അവസാനകാലത്ത് കാപ്പനച്ചന്‍ ദൈവം എന്ന വാക്കുതന്നെ ഉപേക്ഷിച്ച് പകരം ദിവ്യത എന്ന വാക്കാണുപയോഗിച്ചിരുന്നത്.
ഉത്തമ ദൈവനിഷേധിയായി അലോഷ്യസച്ചന്‍ ചൂണ്ടിക്കാണിക്കുന്നതു നീത്‌ഷെയെയാണ്. എന്നാല്‍ ഒരുകാര്യം നാമോര്‍ക്കണം: അദ്ദേഹം തള്ളിപ്പറഞ്ഞത്, കാപ്പനച്ചന്‍ അദൈവം എന്നു വിശേഷിപ്പിക്കുന്ന ക്രൈസ്തവ ദൈവത്തെയാണ്. പകരം, അദ്ദേഹം ഉപാസിച്ചത് വിശ്വപ്രകൃതിയെ ആണെന്ന് അലോഷ്യസച്ചന്‍തന്നെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.(പു. 264) ഈ ‘വിശ്വപ്രകൃതി’യും മറ്റൊരു ദൈവസങ്കല്‍പമല്ലേ? ഒടുവില്‍ ഈ പ്രകൃതിപൂജയിലേക്കുതന്നെയാണ് അലോഷ്യസച്ചനും എത്തിച്ചേരുന്നത്.
പുതിയ ലോകവീക്ഷണത്തിന്റെ മൂലതത്വങ്ങളിലൊന്നായി അദ്ദേഹം എടുത്തു പറയുന്നത് ‘പ്രകൃതി പരിണാമദര്‍ശനം’ ആണ്. പരിണാമം എന്നതുകൊണ്ടുദ്ദേശിക്കുന്നതു ഡാര്‍വിന്റെ പരിണാമവാദമാണെങ്കില്‍, ‘ബലവാന്റെ അതിജീവന’സിദ്ധാന്തവും നാമംഗീകരിക്കേണ്ടി വരും. അതോടെ അച്ചന്‍ ഊന്നിപ്പറയുന്ന മനുഷ്യസ്‌നേഹവും മനസ്സാക്ഷിയുമെല്ലാം അപ്രസക്തമാകും. മറിച്ചാണെങ്കില്‍, ഈ പുതിയ ലോകവീക്ഷണം മുന്നോട്ടു വയ്ക്കുന്നത്, വളര്‍ന്നുവരുന്ന ഹരിതദൈവശാസ്ത്രത്തിന്റെ ഈശ്വരസങ്കല്‍പത്തില്‍ നിന്ന് അധികമൊന്നും ഭിന്നവുമല്ല.
കുടുംബമെന്ന സ്ഥാപനത്തെയും ലൈംഗികതയെയും കുറിച്ച് ധീരവും നൂതനവുമായ ചില ആശയങ്ങള്‍ അച്ചന്‍ പറയുകയും അതനുസരിച്ചു ജീവിച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍, ഏറ്റവുമടുത്ത ചില സുഹൃത്തുക്കള്‍ പോലും അകന്നുപോയപ്പോഴും പതറാതിരുന്ന അച്ചന്റെ ആത്മധൈര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഉറവിടം യുക്തിവാദപരമായ പുതുവിശ്വാസമായിരിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്.
താന്‍ തുടക്കം കുറിക്കുക മാത്രം ചെയ്ത ഈ പുതിയ അന്വേഷണങ്ങളുടെയും നിഗമനങ്ങളുടെയും പേരിലായിരിക്കുമോ അലോഷ്യസച്ചന്‍ ഭാവിയിലറിയപ്പെടുക എന്നു ഞാന്‍ ഭയപ്പെടുന്നു. ഏതെങ്കിലും കാര്യത്തില്‍ താന്‍ അവസാനം പറഞ്ഞതാണു സ്വീകരിക്കപ്പെടേണ്ടതെന്നു ഗാന്ധി പറഞ്ഞിട്ടുണ്ടല്ലോ. അലോഷ്യസച്ചന്റെ കാര്യത്തില്‍ ആ തത്വമംഗീകരിക്കപ്പെട്ടാല്‍ ആ ബഹുമുഖ ജീവിത പോരാട്ട വഴികളില്‍ വെളിച്ചംവിതറിയ ഒട്ടേറെ ആത്മീയ മൂല്യങ്ങളും ഉള്‍ക്കാഴ്ചകളുമാവും തമസ്‌കരിക്കപ്പെടുക.
________________________________________________________

  • 1. Elmar R Gruber & Holger Kersten, The Original Jesus, Element, USA
  • 2. സെബാസ്റ്റ്യന്‍ വട്ടമറ്റം, ഭാഷയുടെ അബോധസഞ്ചാരങ്ങള്‍, അദ്ധ്യായം 15, കറന്റ് ബുക്‌സ്, കോട്ടയം. പാപദോഷം: ഒരു ലകാനിയന്‍ വായന, പച്ചക്കുതിര, നവംബര്‍ 2013
    _________________________________ 
  • സെബാസ്റ്റ്യന്‍ വട്ടമറ്റം, ഏറ്റുമാനൂര്‍, 04812537824
Top