എസ്എഫ്ഐയുടെ ‘മതനിരപേക്ഷ’ സവര്‍ണ ഇടപെടലുകള്‍

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിള്‍ പഠിക്കുന്ന കീഴാള വിദ്യാര്‍ഥികളുടെ തുടര്‍ച്ചയായുള്ള ആത്മഹത്യകളെപ്പറ്റി ഗൗരവകരമായ നിരവധി പഠനങ്ങളും ചര്‍ച്ചകളും പ്രക്ഷോഭങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം ആത്മഹത്യകളെ ഒരു സാമൂഹ്യ പ്രശ്നമായി കാണാനോ അതിന്റെ രാഷ്ട്രീയവും സ്വത്വപരവുമായ ഘടകങ്ങളെ സൂക്ഷ്മതയില്‍ മനസിലാക്കി ഇടപെടാനോ ഇതുവരെ എസ് എഫ് ഐക്ക് കഴിഞ്ഞിട്ടില്ല. വ്യവസ്ഥിതിയില്‍ ഇടം നഷ്ട്ടപ്പെടുന്ന അരികുവല്കൃത വിഭാഗങ്ങളുടെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ പ്രത്യയശാസ്ത്രപരമായി സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഈ രാഷ്ട്രീയവുമായി മുന്നോട്ടുവരുന്ന കീഴാള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ സങ്കുചിത മതജാതി രാഷ്ട്രീയം ‘ആഘോഷിക്കുന്ന’വരായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഈയടുത്ത് ഹൈദെരാബാദ് ഇഫ്ലു കാമ്പസിലെ മുദ്ദസിര്‍ കമ്രാന്‍ എന്ന കാശ്മീരി മുസ്ലീമിന്റെയും ഹൈദെരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ പുലയാല രാജു എന്ന ദളിത് വിദ്യാര്‍ഥിയുടെയും ആത്മഹത്യകളോട് അനുബന്ധിച്ചുണ്ടായ പ്രക്ഷോഭങ്ങളില്‍ എസ് എഫ് ഐയുടെ തനിനിറം തുറന്നു കാട്ടുകയാണ് ലേഖകന്‍.

  • അനുനാദ് വിനോദിനി

കെ അഷ്റഫിന്റെ ലേഖനത്തിന് മറുപടിയായി എസ് എഫ് ഐ അഖിലേന്ത്യാ നേതാവ് ഷിജു ഖാന്‍ മാധ്യമത്തില്‍ ( ഏപ്രില്‍ 24) എഴുതിയ കുറിപ്പിനോടുള്ള പ്രതികരണം. കെ അഷ്റഫിന്റെ വാദങ്ങളെ പ്രതിരോധിക്കാന്‍ എസ് എഫ് ഐ യുടെ നിലപാടുകളും ഇടപെടലുകളും വിശദമാക്കുന്ന ഷിജു ഖാന്റെ കുറിപ്പ് എസ് എഫ് ഐയുടെ തന്നെ സവര്‍ണ്ണ രാഷ്ട്രീയ സാംസ്കാരിക മുഖം വ്യക്തമാക്കുന്നതും ദളിത്പിന്നോക്കന്യൂനപക്ഷ വിഭാഗങ്ങളോടും അവരുടെ രാഷ്ട്രീയത്തോടുമുള്ള സമീപനം തുറന്നുകാട്ടുന്നതുമാണ്.

കെ അഷ്റഫ് പറഞ്ഞിരിക്കുന്നതൊക്കെയും കേവലം ‘എസ് എഫ് ഐവിരുദ്ധത’യിലൂന്നിയ ‘ജാതിരാഷ്ട്രീയ’മാണെന്ന സ്ഥിരം ഇടത് കണ്ടെത്തലില്‍ ഷിജു ഖാന്‍ മറുപടി തുടങ്ങുന്നു. ജാതിമതഭാഷലിംഗ വിവേചനത്തിനെതിരെ എസ് എഫ് ഐ നടത്തിയ പോരാട്ടത്തെക്കുറിച്ച് ലേഖകന് അറിവില്ലെന്നും ഈ ‘അറിവ്’ ഇല്ലായ്മയും ‘മൂന്നാംകിട’ രാഷ്ട്രീയ നിലപാടുമാണ് ലേഖകന്‍ പങ്കുവെക്കുന്ന കീഴാള രാഷ്ട്രീയമെന്നും എസ് എഫ് ഐ നേതാവ് വായിക്കുന്നു.

കീഴാള ജനവിഭാഗങ്ങളുടെ വിമോചകരായി സ്വയം അവതരിച്ച ഇടതുപക്ഷത്തിന്റെ പരിമിതികളും പാളിച്ചകളും നിങ്ങല്‍ ഇനിയും തിരിച്ചറിയുകയോ തിരുത്തുകയോ ചെയ്തിട്ടില്ലെങ്കിലും ഇന്ത്യയിലെ വിവിധ കാമ്പസുകളിലുള്ള ദളിത് പിന്നോക്ക വിദ്യാര്‍ഥികള്‍ അത് തിരിച്ചറിഞ്ഞ് ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. ഇതിന് മികച്ച ഉദാഹരണങ്ങളാണ് ഹൈദെരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലും ഹൈദെരാബാദിലെത്തന്നെ ഇഫ്ലുവിലും ഇതിനോടകം രൂപപ്പെട്ടിട്ടുള്ള ‘പുതിയ രാഷ്ട്രീയം’. കീഴാള വിദ്യാര്‍ഥിസമൂഹം നേരിടുന്ന സാമൂഹ്യരാഷ്ട്രീയസാംസ്കാരിക പ്രശ്നങ്ങള്‍ക്കുമേലുള്ള ‘നിര്‍ണ്ണയാധികാരവും’ ‘രക്ഷാകര്‍തൃത്വവും’ നഷ്ട്ടപ്പെടുന്നതിലുള്ള വീര്‍പ്പുമുട്ടലാണ് എസ് എഫ് ഐ നേതാവിന്റെ കുറിപ്പിള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടത്തിവരുന്ന ‘മത നിരപേക്ഷ’ കാമ്പസിനായുള്ള ‘പോരാട്ടത്തില്‍’ തുടര്‍ന്നും കീഴാള വിദ്യാര്‍ഥികള്‍ എസ് എഫ് ഐയുടെ ‘കീഴില്‍ ‘ത്തന്നെ അണിനിരക്കണമെന്ന രാഷ്ട്രീയ വാശി പലയിടങ്ങളിലും ഇന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അഖിലേന്ത്യാ തലത്തില്‍ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിന്റെ രൂപപ്പെടലിനെ നഖശിഖാന്തം ആക്രമിക്കുന്നത് എസ് എഫ് ഐയുടെ സവര്‍ണ്ണ രാഷ്ട്രീയത്തെ മറച്ചുപിടിക്കാനുള്ള പാഴ്ശ്രമം മാത്രമാണ്.

‘ഇന്ത്യയില്‍ എസ് എഫ് ഐ ഉള്ള എല്ലാ കാമ്പസുകളിലും ദളിത് ആദിവാസിപിന്നോക്ക വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രത്യേക പ്രശ്നങ്ങളെല്ലാം ഏറ്റെടുക്കാറുണ്ട്, സമരം ചെയ്യാറുണ്ട്’. എന്ന് ഷിജു ഖാന്‍ പറയുന്നുണ്ട്. ഈ വാചകം എസ് എഫ് ഐയുടെ സവര്‍ണ്ണ മനോഘടന വെളിവാക്കുന്നതാണ്. ‘ദളിത് ആദിവാസിപിന്നോക്ക വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രത്യേക പ്രശ്നങ്ങള്‍’, ഏറ്റെടുക്കന്‍’ എന്നിവ അത് വ്യക്തമാക്കുന്നുണ്ട്. കാരണം, ഇത് കീഴാള വിദ്യാര്‍ഥികളുടെ സ്ഥാനത്തെ പ്രശ്നങ്ങള്‍ ഉള്ളവരുടെ സ്ഥാനമായി കണ്ടുകൊണ്ട് ഇരകളായി പ്രതിഷ്ടിക്കുകയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുക എന്ന് പറയുന്നതിലൂടെ അവരുടെ രക്ഷാകര്‍തൃത്വം കയ്യാളുകയുമാണ് ചെയ്യുന്നത്. ‘സംവരണ സംവരണേതര വിദ്യാര്‍ഥികള്‍’ എന്ന വര്‍ഗീകരണമാണ് മറ്റൊന്ന്.
സംവരണത്തെ ദേശരാഷ്ട്രത്തിനുള്ളിലെ അവകാശാധികാരമായി നിര്‍വ്വചിക്കുന്ന കീഴാളരാഷ്ട്രീയ കാഴ്ച്ചപ്പാടിനെ അട്ടിമറിക്കുന്നതും സംവരണത്തെ രാഷ്ട്രത്തിന്റെ ഉദാരതയായി കാണുന്നതുമായ സവര്‍ണ്ണ പൊതുബോധത്തെ പുനരുല്‍പ്പാദിപ്പിക്കുന്നതാണ് ഈ വര്‍ഗീകരണം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിള്‍ പഠിക്കുന്ന കീഴാള വിദ്യാര്‍ഥികളുടെ തുടര്‍ച്ചയായുള്ള ആത്മഹത്യകളെപ്പറ്റി ഗൗരവകരമായ നിരവധി പഠനങ്ങളും ചര്‍ച്ചകളും പ്രക്ഷോഭങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം ആത്മഹത്യകളെ ഒരു സാമൂഹ്യ പ്രശ്നമായി കാണാനോ അതിന്റെ രാഷ്ട്രീയവും സ്വത്വപരവുമായ ഘടകങ്ങളെ സൂക്ഷ്മതയില്‍ മനസിലാക്കി ഇടപെടാനോ ഇതുവരെ എസ് എഫ് ഐക്ക് കഴിഞ്ഞിട്ടില്ല. വ്യവസ്ഥിതിയില്‍ ഇടം നഷ്ട്ടപ്പെടുന്ന അരികുവല്കൃത വിഭാഗങ്ങളുടെ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ പ്രത്യയശാസ്ത്രപരമായി സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഈ രാഷ്ട്രീയവുമായി മുന്നോട്ടുവരുന്ന കീഴാള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ സങ്കുചിത മതജാതി രാഷ്ട്രീയം ‘ആഘോഷിക്കുന്ന’വരായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഈയടുത്ത് ഹൈദെരാബാദ് ഇഫ്ലു കാമ്പസിലെ മുദ്ദസിര്‍ കമ്രാന്‍ എന്ന കാശ്മീരി മുസ്ലീമിന്റെയും ഹൈദെരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ പുലയാല രാജു എന്ന ദളിത് വിദ്യാര്‍ഥിയുടെയും ആത്മഹത്യകളോട് അനുബന്ധിച്ചുണ്ടായ പ്രക്ഷോഭങ്ങളില്‍ എസ് എഫ് ഐയുടെ ‘ഇടപെടലിന്റെ’ നേര്‍ചിത്രം ഷിജു ഖാന്‍ വിവരിക്കുന്നതില്‍നിന്ന് വ്യത്യസ്തമാണ്. മുദ്ദസിര്‍ കമ്രാന്റെ ആത്മഹത്യയെ ഇന്ത്യന്‍ ദേശീയതക്കും രാഷ്ട്രത്തിനുമുള്ളില്‍ കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന ഒരു കാശ്മീരി മുസ്ലിമിന്റെ പ്രത്യേക പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടാണ് സമരസമിതി ഇഫ്ലു അട്മിനിസ്ട്രെഷനെതിരെ സമരം തുടങ്ങിയതും ഇന്നും തുടര്‍ന്നുപോരുന്നതും.

_____________________________________
സമരത്തിനും സമരക്കാര്‍ക്കും എതിരെ ‘മാതൃകാപരമായ’ ഇടപെടലുകള്‍ നടത്തിയ ഇഫ്ലുവിലെ ഡി എസ് എഫ് സഖാക്കന്മാരെ പ്രകീര്‍ത്തിക്കാനും ഷിജു ഖാന്‍ മറന്നിട്ടില്ല. ഹൈദെരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ പുലയാല രാജു എന്ന ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയിലേക്ക് വരുമ്പോഴും എസ് എഫ് ഐയുടെ അടിസ്ഥാന നിലപാടിനും ‘ഇടപെടലിനും’ മാറ്റമില്ല. മുദ്ദസിര്‍ കമ്രാനെ ‘കാശ്മീരി മുസ്ലീം’ എന്ന് വിശേഷിപ്പിക്കാന്‍ തയ്യാറാവാത്ത സഖാവ് പുലയാല രാജു ‘ദളിത്’ വിദ്യാര്‍ഥിയാണെന്ന് എടുത്തുപറയുന്നുണ്ട്. ദളിത് പിന്നോക്ക വിദ്യാര്‍ഥികളെയും അവരുടെ രാഷ്ട്രീയത്തെയും ഉപരിപ്ലവമായി മാത്രം സമീപിച്ച് വര്ഗ്ഗരാഷ്ട്രീയത്തോട് ഇണക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുമ്പോഴും എസ് എഫ് ഐയുടെ ‘കാശ്മീരി മുസ്ലീ’മിനോടുള്ള സമീപനം മാറ്റമില്ലാതെ തുടരുന്നു.
_____________________________________

ഇഫ്ലു കാമ്പസിലെ എസ് എഫ് ഐയുടെ പതിപ്പ് എന്ന് ലേഖകന്‍ പറയുന്ന ‘ഡി.എസ്.എഫ്’ എന്ന സംഘടന തുടക്കം മുതല്‍തന്നെ അഡ്മിനിസ്റ്റ്രെഷനോടൊപ്പം നിന്ന് സമരത്തെ തകര്‍ക്കാനാണ് ശ്രമിച്ചത്. സമര വിരുദ്ധരെയും മറ്റു വിദ്യാര്‍ഥികളെയും സംഘടിപ്പിച്ചുകൊണ്ട് ഒപ്പ് ശേഖരണം നടത്തുകയും വി സിക്ക് സമരത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കാന്‍ ഇടങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തത് ഇതേ ഡി എസ് എഫ് തന്നെയാണ്. ഇഫ്ലുവില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ ‘വൈകാരികമായ’ പ്രതികരണങ്ങളായും കാമ്പസിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളായും അടയാളപ്പെടുത്തുന്ന ഷിജു ഖാന്‍ ‘ജനാധിപത്യപരമായ’ സമരത്തെ അടിച്ചമര്‍ത്തിയ വൈസ് ചാന്‍സിലറുടെയും പോലീസിന്റെയും നടപടിയോട് വിയോജിപ്പും രേഖപ്പെടുത്തുന്നു. ഒരേ ഖണ്ഡികയില്‍ പരസ്പര വിരുദ്ധമായ രണ്ട് ഗമണ്ടന്‍ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് അഖിലേന്ത്യാ നേതാവ് എസ് എഫ് ഐയുടെ നിലപാടില്ലായ്മ വ്യക്തമാക്കുകയാണ്. സമരത്തിനും സമരക്കാര്‍ക്കും എതിരെ ‘മാതൃകാപരമായ’ ഇടപെടലുകള്‍ നടത്തിയ ഇഫ്ലുവിലെ ഡി എസ് എഫ് സഖാക്കന്മാരെ പ്രകീര്‍ത്തിക്കാനും ഷിജു ഖാന്‍ മറന്നിട്ടില്ല. ഹൈദെരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ പുലയാല രാജു എന്ന ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയിലേക്ക് വരുമ്പോഴും എസ് എഫ് ഐയുടെ അടിസ്ഥാന നിലപാടിനും ‘ഇടപെടലിനും’ മാറ്റമില്ല. മുദ്ദസിര്‍ കമ്രാനെ ‘കാശ്മീരി മുസ്ലീം’ എന്ന് വിശേഷിപ്പിക്കാന്‍ തയ്യാറാവാത്ത സഖാവ് പുലയാല രാജു ‘ദളിത്’ വിദ്യാര്‍ഥിയാണെന്ന് എടുത്തുപറയുന്നുണ്ട്. ദളിത് പിന്നോക്ക വിദ്യാര്‍ഥികളെയും അവരുടെ രാഷ്ട്രീയത്തെയും ഉപരിപ്ലവമായി മാത്രം സമീപിച്ച് വര്ഗ്ഗരാഷ്ട്രീയത്തോട് ഇണക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുമ്പോഴും എസ് എഫ് ഐയുടെ ‘കാശ്മീരി മുസ്ലീ’മിനോടുള്ള സമീപനം മാറ്റമില്ലാതെ തുടരുന്നു. പുലയാല രാജുവിന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികളെയും അണിനിരത്തിക്കൊണ്ട് നിരവധി ഇടപെടലുകള്‍ നടത്തിയെന്ന് എസ് എഫ് ഐ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ രാജു മരണപ്പെട്ട ദിവസം മുതല്‍ ഇവിടുത്തെ കീഴാളന്യൂനപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ (Ambedkar Students Association, Bahujan Students Front, Dalit Students Union, Telengana Vidyarthi Vedika, Students Islamic Organization) നടത്തിവരുന്ന സമരത്തോട് മുഖംതിരിച്ച് നില്‍ക്കുകയും പുലയാല രാജു ആത്മഹത്യ ചെയ്തത് തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ ആണെന്ന വല്ലതുപക്ഷ/അധികാര യുക്തി ഉപയോഗിച്ച് സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണുണ്ടായത്. പുലയാല രാജുവിന്റെ ആത്മഹത്യയെക്കുറിച്ച് എസ് എഫ് ഐ പ്രത്യേക അന്യോഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ത്തന്നെ അത് കേവലം കടലാസ് താളുകളില്‍ മാത്രം ഒതുങ്ങുന്നതാണ്. കാമ്പസിലെ ഒരു ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയെ പ്രശ്നവല്‍ക്കരിക്കുവാനായി എസ് എഫ് ഐക്കാര്‍ ആരുംതന്നെ ഇവിടെ സമരത്തിന് ഇറങ്ങിയിട്ടില്ല, ഒറ്റ എസ് എഫ് ഐക്കാരനും കാമ്പസിന്റെ പൊതു ഇടങ്ങളില്‍ ശബ്ദമുയര്‍ത്തിയിട്ടില്ല. പുലയാല രാജു മരണപ്പെട്ട ദിവസം (മാര്‍ച്ച് 19) വൈകിട്ട് എട്ട് മുതല്‍ പുലര്‍ച്ചെ മൃതദേഹം കൊണ്ടുപോകുന്നതുവരെ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സെന്ററിര്‍ ദളിത് ന്യൂനപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ ആവശ്യങ്ങളുമായി സജീവമായി സമരമുഖത്തുണ്ടായിരുന്നു. അതിന്റെ ഫലമായാണ് ഒരു പ്രത്യേക അന്യോഷണക്കമ്മിറ്റി രൂപീകരിക്കാനും സമഗ്രമായ അന്യോഷണം നടത്താനും തീരുമാനമായത്. എന്നാല്‍ ഈ നേരമത്രയും കാഴ്ച്ചക്കാരായിപ്പോലും എസ് എഫ് ഐക്കാര് ആരുംതന്നെ ആ പരിസരത്തുണ്ടായിരുന്നില്ല. കാമ്പസിലെ ഒരു ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിട്ടും എസ് എഫ് ഐ ഭരിക്കുന്ന സ്റ്റുഡന്റ്സ് യൂണിയന്‍ പ്രതിനിധികള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഈ ‘മാറിനില്‍ക്കലിന്’ കാരണമായി കാമ്പസിലെ സഖാക്കളില്‍ ചിലര്‍ പിന്നീട് പറഞ്ഞത് അവര്‍ അക്രമാസക്തരായാലോ എന്ന് കരുതിയിട്ടാണെന്നാണ്. ഷിജു ഖാന്‍ പങ്കുവെക്കുന്നതും കീഴാള ന്യൂനപക്ഷ വിദ്യാര്‍ഥികളെക്കുറിച്ചുള്ള ഇതേ ഇടതുപക്ഷ/ വലത്ഭാവന തന്നെയാണ്. ഇഫ്ലുവിലെയും ഹൈദെരാബാദ് കേന്ദ്ര സര്‍വകലാശാലയിലെയും ഇത്തരം പ്രക്ഷോഭങ്ങളെ എസ് എഫ് ഐ നോക്കിക്കാണുന്നത് കാമ്പസിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന വൈകാരികമായ പ്രതികരണങ്ങളായാണ്. ദളിത് പിന്നോക്ക ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ രാഷ്ട്രീയ ഇടപെടലുകളെ വൈകാരികവും സങ്കുചിതവും അക്രമസ്വഭാവം ഉള്ളതുമായി ചിത്രീകരിക്കുന്നതിലൂടെ അടിസ്ഥാനപരമായി സവര്‍ണ്ണ താല്‍പര്യങ്ങളാണ് എസ് എഫ് ഐ നടപ്പിലാക്കുന്നത്. ഹൈദെരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ കീഴാള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സംയുക്തമായി നടത്തിവരുന്ന സമരത്തിനെതിരെ മര്‍മറിംഗ് കാംപെയിനുമായി രംഗത്തെത്തിയ എസ് എഫ് ഐയുടെ പ്രധാന ആരോപണം പുലയാല രാജുവിന്റെ ആത്മഹത്യയുടെ കാരണം തികച്ചും വ്യക്തിപരമാണെന്നും ആ മരണത്തെ കീഴാള വിദ്യാര്‍ഥി സംഘടനകള്‍ ‘ഉപയോഗപ്പെടുത്തുകയാണ്’ എന്നതുമായിരുന്നു. മുന്‍പ് ഇഫ്ലുവിലെ കാശ്മീരി വിദ്യാര്‍ഥി മുദ്ദസിര്‍ കമ്രാന്റെ ആത്മഹത്യക്ക് പിന്നില്‍ ‘വ്യക്തിപരമായ’ കാരണങ്ങളാണെന്ന് ഹൈദെരാബാദ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ രാമകൃഷണ രാമസ്വാമി ഒരു പ്രമുഖ പത്രത്തില്‍ തുറന്നടിച്ചപ്പോള്‍ ASA (Ambedkar Students Association)  പ്രവര്‍ത്തകള്‍ വി സിയുടെ കോലം കത്തിച്ചും മറ്റും പ്രതിഷേധിച്ചിരുന്നു.

________________________________________
എസ് എഫ് ഐ ഒരു സവര്‍ണ്ണ വിദ്യാര്‍ഥി സംഘടനയാണെന്ന് ഞങ്ങള്‍ക്ക് ആവര്‍ത്തിക്കേണ്ടിവരും. കേരളത്തിലെ കാമ്പസുകളിലും എസ് എഫ് ഐയുടെ ജാതിയും മതവും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ അടക്കി ഭരിക്കുന്ന ‘മതനിരപേക്ഷ’ കാമ്പസുകളിള്‍ ഇനിയങ്ങോട്ട് കീഴാള വിദ്യാര്‍ഥികള്‍ ഈ പുതിയ രാഷ്ട്രീയത്തെ പുണരും. അതിനെ ചെറുക്കാന്‍ നിങ്ങള്‍ എതറ്റംവരെ പൊരുതിയിട്ടും കാര്യമില്ലെന്ന് മാത്രമല്ല, ഹൈന്ദവതയുടെ ‘ചുവന്ന മുഖം’ കൂടുതല്‍ വ്യക്തമാകുകയും ചെയ്യും. കീഴാള വിദ്യാര്‍ഥികളുടെ നിലനില്‍പ്പിനും അതിജീവനത്തിനുമായുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് ‘ഇടത് മതനിരപേക്ഷ’ കോട്ടകള്‍ തകര്‍ക്കാനുള്ള കരുത്തുണ്ട്.
_______________________________________

അപ്പോഴും എസ് എഫ് ഐയുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണങ്ങളും കാമ്പസ് സമൂഹം കാണുകയുണ്ടായില്ല. ഇത്തരത്തില്‍ തുടര്‍ച്ചയായി കീഴാളന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുകയും ദേശീയ തലത്തില്‍ത്തന്നെ ചര്‍ച്ചചെയ്യപ്പെട്ട മേല്‍പ്പരാമര്‍ശിച്ച സമരങ്ങളില്‍ മുഖംതിരിച്ച് നില്ക്കുകയും ചെയ്ത എസ് എഫ് ഐ ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുകയാണ്. ഷിജു ഖാന്‍ പരാമര്‍ശിച്ച നിരവധി ‘ഇടപെടലുകളിള്‍’ ചിലത് മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. പുലയാല രാജുവിന്റെ ആത്മഹത്യയെ അടിസ്ഥാനപ്പെടുത്തി കാമ്പസിലെ ആത്മഹത്യകളെക്കുറിച്ചും അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാന്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റിയില്‍ ABVP, NSUI, SFI  എന്നീ സംഘടനകളില്‍നിന്ന് പ്രതിനിധികളായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതുതന്നെ എസ് എഫ് ഐയുടെ ‘ഇടപെടലിന്റെ’ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. ഒറ്റയ്ക്ക് സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയിച്ചതിനെ എസ് എഫ് ഐയുടെ മാതൃകാപരമായ രാഷ്ട്രീയ ഇടപെടലിനുള്ള അംഗീകാരമായി ലേഖകന്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇങ്ങനെ ‘ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെയും ഗവേഷക ഫെലോഷിപ്പ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും എത്രയെത്ര സമരങ്ങള എസ് എഫ് ഐ സംഘടിപ്പിച്ചു. അതിനുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയം’. അതെ, കാമ്പസിന്റെ മധ്യവര്‍ഗ്ഗ പൊതുബോധത്തെയും സവര്‍ണ്ണ സാംസ്കാരിക പരിസരത്തെയും തൃപ്തിപ്പെടുത്തുന്ന ‘പ്രക്ഷോഭങ്ങള്‍’ക്കുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ് വിജയത്തെ കാണാവുന്നതാണ്. എന്നാല്‍, കാമ്പസിലെ ദളിത് ആദിവാസി പിന്നോക്ക ന്യൂനപക്ഷ വിമോചന സമര ചരിത്രമായി അതിനെ അടയാളപ്പെടുത്താന്‍ ശ്രമിക്കരുത്. എസ് എഫ് ഐ ഒരു സവര്‍ണ്ണ വിദ്യാര്‍ഥി സംഘടനയാണെന്ന് ഞങ്ങള്‍ക്ക് ആവര്‍ത്തിക്കേണ്ടിവരും. കേരളത്തിലെ കാമ്പസുകളിലും എസ് എഫ് ഐയുടെ ജാതിയും മതവും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ അടക്കി ഭരിക്കുന്ന ‘മതനിരപേക്ഷ’ കാമ്പസുകളിള്‍ ഇനിയങ്ങോട്ട് കീഴാള വിദ്യാര്‍ഥികള്‍ ഈ പുതിയ രാഷ്ട്രീയത്തെ പുണരും. അതിനെ ചെറുക്കാന്‍ നിങ്ങള്‍ എതറ്റംവരെ പൊരുതിയിട്ടും കാര്യമില്ലെന്ന് മാത്രമല്ല, ഹൈന്ദവതയുടെ ‘ചുവന്ന മുഖം’ കൂടുതല്‍ വ്യക്തമാകുകയും ചെയ്യും. കീഴാള വിദ്യാര്‍ഥികളുടെ നിലനില്‍പ്പിനും അതിജീവനത്തിനുമായുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് ‘ഇടത് മതനിരപേക്ഷ’ കോട്ടകള്‍ തകര്‍ക്കാനുള്ള കരുത്തുണ്ട്.
___________________________________

  • അനുനാദ് വിനോദിനി
    M A, Sociology, University of Hyderabad
Top