അവാര്‍ഡ് കിട്ടാത്തതിനുള്ള പ്രതികരണം അസഭ്യവര്‍ഷമല്ല: ഡോ: ബിജു

ചലച്ചിത്ര അവാര്‍ഡുകളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. പക്ഷെ അവയൊക്കെ ആശയപരമായ ചര്‍ച്ചകളാകണം. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളും വേദികളുമുണ്ട്. പക്ഷെ അവാര്‍ഡ് ലഭിച്ചില്ല എന്നതിന്റെ പേരില്‍ ജൂറി അംഗത്തെ ടെലഫോണില്‍ വിളിച്ച് അസഭ്യം പറയുക എന്നത് ഒരു കലാകാരന് യോജിച്ച നടപടിയല്ല. ഇത് ഗുണ്ടായിസവും സംസ്കാരമില്ലായ്മയുമാണ്.

ചലച്ചിത്ര പുരസ്കാരത്തിനു ശേഷം ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകന്‍ ശ്രീ. ജോയ് മാത്യുവിന്റെ പ്രതികരണത്തെക്കുറിച്ച്  ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുള്ള ജൂറിയില്‍ അംഗമായിരുന്ന പ്രശസ്ത സംവിധായകന് ഡോ: ബിജു എഴുതുന്നു.

 

 

ത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുള്ള പ്രാദേശിക ജൂറിയില്‍ ഞാന്‍ അംഗമായിരുന്നു. ഇത്തവണ ചരിത്രത്തില്‍ ഏറ്റവും മികച്ച നേട്ടം മലയാള സിനിമക്ക് ലഭിച്ചതിനു പിന്നില്‍ ഞാന്‍ കൂടി ഉള്‍പ്പെട്ട ജൂറിക്ക് പങ്കുണ്ട് എന്നതില്‍ അഭിമാനമുണ്ട്. ചലച്ചിത്ര പുരസ്കാരത്തിനു ശേഷം ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകന്‍ ശ്രീ. ജോയ് മാത്യു അദ്ദേഹത്തിന്റെ സിനിമക്ക് അംഗീകാരം ലഭിക്കാത്തത്തിന്റെ കാരണം ഞാന്‍ ആണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ facebook ല്‍ ഒരു പോസ്റ് ഇടുകയുണ്ടായി. ഷട്ടര്‍ എന്തുകൊണ്ട് തഴയപ്പെട്ടു എന്ന് ഡോ: ബിജുവിനോട് ചോദിക്കൂ എന്നാവശ്യപ്പെട്ട് എന്റെ മൊബൈല്‍ ഫോണ്‍ നമ്പറും അദ്ദേഹം പരസ്യപ്പെടുത്തി. facebookലെ എന്റെ സ്വന്തം പ്രൊഫൈലില്‍ പോലും ഞാന്‍ എന്റെ ടെലഫോണ്‍ നമ്പര്‍ നല്‍കിയിട്ടില്ല. അങ്ങനെയിരിക്കെ എന്റെ ടെലഫോണ്‍ നമ്പര്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഫോറത്തില്‍ മറ്റൊരാള്‍ പരസ്യപ്പെടുത്തുന്നത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.
ഇതേ തുടര്‍ന്ന് 19.03.2013 രാത്രി 11 മണിക്ക് ശ്രീ. ജോയ് മാത്യു എന്നെ ടെലഫോണില്‍ നേരിട്ട് വിളിക്കുകയും വളരെ മോശമായ തരത്തില്‍ അസഭ്യം പറയുകയും ചെയ്തു. അസഭ്യവാക്കുകളോടൊപ്പം എന്നെ വീട്ടില്‍ കയറി മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ 20.03.2013ല്‍ പത്തനംതിട്ട എസ്പി മുമ്പാകെ ശ്രീ. ജോയി മാത്യുവിനെതിരെ ഒരു പരാതി ഫയല്‍ ചെയ്തു.
ചലച്ചിത്ര അവാര്‍ഡുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. പക്ഷെ അവയൊക്കെ ആശയപരമായ ചര്‍ച്ചകളാകണം. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങളും വേദികളുമുണ്ട്. പക്ഷെ അവാര്‍ഡ് ലഭിച്ചില്ല എന്നതിന്റെ പേരില്‍ ജൂറി അംഗത്തെ ടെലഫോണില്‍ വിളിച്ച് അസഭ്യം പറയുക എന്നത് ഒരു കലാകാരന് യോജിച്ച നടപടിയല്ല. ഇത് ഗുണ്ടായിസവും സംസ്കാരമില്ലായ്മയുമാണ്. മലയാള ചലച്ചിത്രലോകത്ത് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ഗുണ്ടായിസവും സംസ്കാരമില്ലായ്മയും കാണിക്കുന്ന ആളുകള്‍ കലാകാരന്‍ എന്ന വിശേഷണത്തിന്‍ അര്‍ഹനാണോ എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ആശയപരമായ വിയോജിപ്പുകളേയും വിമര്‍ശനങ്ങളേയും എപ്പോഴും സ്വാഗതം ചെയ്യുന്ന ആളാണ് ഞാന്‍……… എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും കലാകാരന്മാരും അങ്ങനെതന്നെയാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളും അസഭ്യവര്‍ഷങ്ങളും പ്രാകൃതമായ ഒരു സംസ്കാരമാണ്. അവാര്‍ഡ് കിട്ടിയില്ല എന്നതിന്റെ പേരില്‍ ജൂറിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അസഭ്യം പറയുന്നതും ഇനി ഒരാളും ആവര്‍ത്തിക്കരുത്.
ഈ വിഷയം കേരളത്തിലെ ചലച്ചിത്ര, സാംസ്കാരിക രംഗത്തുള്ളവരും പൊതു സമൂഹവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അവരുടെ ശ്രദ്ധയില്‍ ഈ വിഷയം എത്തിക്കണം എന്നത് പ്രതികരണബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ് എന്ന് തോന്നിയതിനാലാണ് ഞാന്‍ ഈ വിഷയത്തില്‍ കേസ് ഫയല്‍ ചെയ്തതും കേരളത്തിലെ സാംസ്കാരിക, ചലച്ചിത്ര സമൂഹത്തിനു മുന്നില്‍ ഈ വിഷയം ഉന്നയിക്കുന്നതും.

 

Top