ചരിത്രം, രാഷ്ട്രീയം: പുതുഭാവുകത്വത്തിന്റെ നേരടയാളങ്ങള്‍

ശിഹാബ് പൂക്കോട്ടുര്‍

ഇന്ത്യയില്‍ ഹിന്ദുത്വകര്‍തൃത്വങ്ങളെ നിരാകരിക്കുന്നതില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഈ ഇടപെടലിനെ അകറ്റി നിര്‍ത്താനും പൊതുബോധത്തെ അശുദ്ധമാക്കുന്ന രാഷ്ട്രീയ ഉണര്‍വുകളായി പരിഗണിക്കാനുമാണ് കേരളത്തിലെ മതേതരവാദികള്‍ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേവലമായ ആഖ്യാനങ്ങള്‍ മാത്രമല്ല, പുതുരാഷ്ട്രീയത്തിന്റെ സാഹോദര്യ ഇടപെടലിന്റെ ആശയ തലങ്ങളിലേക്ക് എത്തിക്കുന്ന നേരടയാളങ്ങളാണ് ഇരുട്ടിലെ കണ്ണാടി.

കേരളത്തിനകത്ത് രൂപപ്പെടുത്തിയ ഇടതുപക്ഷ പുരോഗമന വ്യവഹാരങ്ങളില്‍ നിന്നും വ്യത്യസ്തമായ സമീപനത്തിലൂടെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിവരക്കാനുള്ള ശ്രമമാണ് കെ.കെ ബാബുരാജിന്റെ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ഇരുട്ടിലെ കണ്ണാടിയെന്ന പുസ്തകം. പുതിയ ഭാവുകത്വങ്ങളെയും മുന്നേറ്റങ്ങളെയും ശരിയായ സ്ഥാനത്ത് നിര്‍ണ്ണയിക്കാനും അതിന്റെ ചരിത്രപരമായ ആഖ്യാനങ്ങളെ ഏറ്റവും സത്യസന്ധമായി പുനഃസ്ഥാപിക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. സാംസ്കാരിക ഇസ്ലാമിനെ മാത്രം പരിചയിച്ച പൊതുബോധ സമ്മതിയെ നിരാകരിച്ച് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയും ദലിത് പ്രസ്ഥാനങ്ങളുടെയും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെയും ഉണര്‍വുകളെ രേഖപ്പെടുത്തിയുമാണ് ഇതിലെ അധ്യായങ്ങള്‍ വികസിക്കുന്നത്. പ്രതിസ്ഥാനത്ത് മാത്രം നിര്‍ത്തപ്പെട്ട കേന്ദ്രങ്ങളെ അറിയാനും കേട്ടുപടിച്ച പദാവലികളെ പൊതുസ്ഥാനത്ത് നിര്‍ത്താന്‍ സാധിക്കുന്നുവെന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. ജമാഅത്തെ ഇസ്ലാമി, മൌദൂദി, ഡി.എച്ച്.ആര്‍.എം, അംബേദ്ക്കര്‍, ഇസ്ലാമിക പ്രസ്ഥാനം, ദലിത് ബഹുജന ഉണര്‍വുകള്‍ തുടങ്ങിയവയുടെ ചരിത്രപരമായ വിശകലനങ്ങള്‍ സാമ്പ്രദായിക തുരുത്തുകളെ പ്രകോപനം കൊള്ളിച്ചിട്ടുണ്ട്. മാധ്യമം, കാമ്പസ്അലൈവ്, പ്രബോധനം തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഇതിലധികവും. ദലിത്-ന്യൂനപക്ഷ പ്രസിദ്ധീകരണങ്ങളെയും രാഷ്ട്രീയത്തെയും അപരവല്‍ക്കരിക്കാനും അസന്നിഹിതമാക്കാനുള്ള അധികാര പ്രയോഗങ്ങളെ ചോദ്യം ചെയ്യാന്‍ മുതിരുന്ന തന്റേടമാണ് അതില്‍ വികസിച്ചിട്ടുള്ളത്. എസ്.ഐ.ഒ പോലെത്തന്നെ മുസ്ലിം പ്രതിനിധാനങ്ങളും പുതിയ ദലിത് ചിന്തകളും നടത്തിയ പുതിയ രാഷ്ട്രീയത്തിന്റെ നിര്‍മാണത്തിലൂടെയാണ് ഇത് നിവര്‍ന്ന് നില്‍ക്കുന്നത്. കേരളത്തിലെ പൊതുബോധത്തെ നിരാകരിക്കുന്ന പുതിയ മുന്നേറ്റങ്ങള്‍ സമൂഹത്തിനകത്ത് ഉണ്ടാക്കാവുന്ന സാധ്യതകള്‍ ഇതിലൂടെ ചുരുള്‍ നിവരുന്നുണ്ട്.
അധഃസ്ഥിതരുടെ ‘യോഗ്യതയില്ലായ്മ’ ന്യൂനപക്ഷങ്ങളുടെ ഹിംസാത്മക എന്നിവയെ അപരസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഇവരണ്ടിനെയും സ്ഥാപിച്ചെടുക്കാന്‍ നിരന്തരമായ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ലുവ്ജിഹാദ്, ദളിത്‌ വേട്ട തുടങ്ങിയ ഇടപെടലുകളിലൂടെ പൊതുസമൂഹത്തില്‍ ന്യൂനപക്ഷ-ദലിത് നിര്‍മ്മിതികള്‍ കൂടുതല്‍ ശക്തിപ്പെട്ടു. ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള വായനകളിലും എഴുത്തിലും ഇടതുപക്ഷ വായനകളായിരുന്നു മേല്‍കോയ്മ നേടിയിരുന്നത്. ഇസ്ലാമിക പ്രസ്ഥാനത്തെ മതമൌലിക വാദികളെന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നതിലാണ് അവര്‍ ശ്രദ്ധചെലുത്തിയിരുന്നത്. 2012 ഫെബ്രുവരിയില്‍ കഴിഞ്ഞ സി.പി.ഐ (എം) സമ്മേളന പ്രമേയത്തിലും ഈ നിര്‍മ്മിതികള്‍ തന്നെയാണ് അവര്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ളത്. തുനീഷ്യയിലും, ഈജിപ്തിലും ലിബിയയിലും മെറോക്കോയിലെയും ജനാധിപത്യമാറ്റങ്ങളെ, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മുന്‍കൈ നേടിയെന്ന ഒറ്റകാരണത്താല്‍ തള്ളിക്കളയാനും അവര്‍ തയ്യാറായി. ഇ.എം.എസ്, എം.എന്‍ വിജയന്‍, കെ.എന്‍ പണിക്കര്‍ തുടങ്ങിയവരുടെ ചരിത്ര രചനകളിലും നിരൂപണങ്ങളിലും ഇസ്ലാമിനെ അപരസ്ഥാനത്ത് നിര്‍ത്തുന്ന വര്‍ഗ്ഗീയത, തീവ്രത തുടങ്ങിയ പദാവലികള്‍ ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ശരീഅത്ത് വിവാദ കാലത്ത് ഇടതുപക്ഷവും ഇടതുപക്ഷ വായനാ സമൂഹവും ഒരുപോലെ ഇസ്ലാമിനെതിരെ തിരിയാന്‍ ഇതൊരു നിമിത്തമായിട്ടുണ്ട്. യൂറോപ്പ് നിര്‍മിച്ചെടുത്ത വാര്‍പ്പ് മാതൃകകളില്‍ നിന്ന് മാര്‍കിസ്റ് ചരിത്രാഖ്യാനങ്ങള്‍ക്ക് കുതറിമാറാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയിലെ അധീശവാദങ്ങളെ സ്ഥാപിക്കുവാനും യൂറോപ്പിന്റെ ചരിത്ര രീതികളെ പിന്തുടരാനുമാണ് പുരോഗമന എഴുത്തുകാര്‍ ശ്രമിച്ചത്. ഇന്ത്യയിലെ വിവിധ ജാതികള്‍, ന്യൂനപക്ഷ സമൂഹം, മുസ്ലിം സമുദായം, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഇടതു-വലതുപക്ഷ വ്യാഖ്യാനങ്ങളില്‍ ഏകീകൃതമായ ഘടനകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്നും മാറി നടക്കാനുള്ള ശ്രമങ്ങള്‍ ചെറുതെങ്കിലും കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. കെ.കെ ബാബുരാജിന്റെ ആഖ്യാന രീതികളിലും വിശകലനങ്ങളിലും പുതുതായി ഉയര്‍ന്നുവന്ന ബൌദ്ധികവും നൈതികവുമായ രാഷ്ട്രീയ സാന്നിദ്ധ്യങ്ങള്‍ ഉണ്ട്. മാര്‍കിസ്റ് ചിന്താപദ്ധതിയുടെ പോരായ്മകളെ ശക്തമായി നിരീക്ഷണ വിധേയമാക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

“ആധുനിക കാലത്തെ സാമൂഹിക പരിവര്‍ത്തനത്തിന്റെ സമഗ്ര പദ്ധതിയെന്ന് വിശേഷിക്കപ്പെട്ടത് മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തങ്ങളും സമരങ്ങളുമാണ്. ഒരു വിമോചന പ്രതീക്ഷ മാത്രമല്ല ചരിത്ര വികാസത്തിന്റെ അനിവാര്യ ഘട്ടമായി തന്നെ ഈ  പ്രത്യയ ശാസ്ത്രം വിലയിരുത്തപ്പെട്ടു. എല്ലാറ്റിനെയും ഉള്‍കൊള്ളാനും എല്ലാറ്റിനെയും പ്രതിനിധാനാവകാശം കൈയാളാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മാര്‍ക്സിസ്റ്റ്‌കള്‍ വിശ്വസിച്ചു. എന്നാല്‍ ഈ അവകാശവാദത്തിന് വിരുദ്ധമായി മതത്തെ പൊതുവായും സമൂഹങ്ങളെ തീവ്രമായും ഒഴിവാക്കിയ ചിന്താ പദ്ധതിയാണിത്.

മതത്തോടും അപരത്തോടും ബന്ധപ്പെട്ട സാമൂഹിക ഭാവനകളും വൈജ്ഞാനികതയുമെല്ലാം അപരിഷ്കൃതമായി ഒഴിച്ചുമാറ്റി. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും നഗരകേന്ദ്രീകൃതരും വെള്ളക്കാരുമോ മധ്യവര്‍ഗ്ഗങ്ങളുടെ പ്രശ്നങ്ങളും പ്രതിനിധാനങ്ങളുമാണ് ഈ പ്രത്യയശാസ്ത്രം കൂടുതലായി പ്രമേയവല്‍ക്കരിച്ചത്.” ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങളിലും മധ്യവര്‍ഗ്ഗ കേന്ദ്രീകൃതമായ രചനകളാണ് കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ നിര്‍വഹിച്ചത്. അപരമായ മുസ്ലിം ന്യൂനപക്ഷ മതങ്ങളെയും പിന്നാക്ക ജാതികളെയും അപരിഷ്കൃതരായി മാറ്റിനിര്‍ത്തുകയും ചെയ്തു. സാംസ്കാരികമായി മുസ്ലിം-ദലിത് സംജ്ഞകള്‍ക്ക് വേണ്ടി വാദിക്കുന്ന കെ.ഇ.എന്നിനെ പോലുള്ള സ്വാംശീകരണ വാദികള്‍ക്കുപോലും ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച് വലിയ മൌനം പാലിക്കേണ്ടിവരുന്നു. സാംസ്കാരികമായ തനിമകളെ അംഗീകരിക്കുവാന്‍ പൊതുസമൂഹത്തിന്റെ നീക്കങ്ങളില്‍ പോലും രാഷ്ട്രീയമായ ന്യൂനപക്ഷ ദലിത് നീക്കങ്ങളെ ‘ഭീകര’വാദ സ്ഥാനത്ത് നിര്‍ത്താനാണ് ഉത്സാഹിച്ചത്. ഇതില്‍ ജമാഅത്തെ ഇസ്ലാമി, മൌദൂദി തുടങ്ങിയ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ സ്രോതസ്സുകളെ കൂടുതല്‍ ടാര്‍ഗറ്റ് ചെയ്യാനുള്ള നീക്കങ്ങളും നിലവില്‍ വന്നു. ഡി.സിബുക്സ് പോലുള്ള പ്രസിദ്ധീകരണാലയങ്ങളും പൊതുബോധത്തിന്റെ സാംസ്കാരിക, സാഹിത്യ നിര്‍മിതിയില്‍ പ്രത്യേക അധികാര ഘടനക്കാണ് പ്രാധാന്യം കൊടുത്തുപോന്നിട്ടുള്ളത്. ഇതില്‍ നിന്നു വ്യത്യസ്തമായ ആഖ്യാന രീതികള്‍ വെളിച്ചം കാണുന്നതിലൂടെ മനസ്സിലാക്കപ്പെടുന്നത് പുതിയ മുന്നേറ്റത്തിന്റെ വര്‍ദ്ധിച്ച തോതിലുള്ള ഇടപെടലുകളാണ്. അക്കാദമികമായ ശ്രദ്ധ ആവശ്യപ്പെടുന്ന വിധത്തില്‍ തിരിച്ചറിവുകളുടെ രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ദൃശ്യമായിരിക്കുന്നത് ദലിതരിലെയും മുസ്ലിംകളിലെയും യുവതലമുറയിലാണ്. നവ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ സാഹോദര്യ സംഗമങ്ങള്‍, ബൌദ്ധികമായ ഇടപെടലുകള്‍, എസ്.ഐ.ഒ പോലുള്ള ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഏറ്റവും സമകാലികമായ വൈജ്ഞാനിക സംവാദങ്ങള്‍ തുടങ്ങിയവയിലൂടെ രൂപപ്പെട്ട രാഷ്ട്രീയ ബോധത്തെ പൊതുസമൂഹത്തിനു തള്ളിക്കളയാന്‍ പറ്റാത്ത തരത്തില്‍ വികസിച്ചു വന്നിരിക്കുന്നു. കേവലമായ പ്രതിരോധത്തിനപ്പുറം മറ്റൊരുവിധത്തില്‍ ലോകത്തെ കാണാനുള്ള ശ്രമങ്ങളാണിവ.
കേരളത്തിലെ ന്യൂനപക്ഷ സ്വരങ്ങളെ എങ്ങനെയാണ് വര്‍ഗീയവല്‍ക്കരിക്കുന്നത് എന്ന് ബാബുരാജ് നിരീക്ഷിക്കുന്നുണ്ട്. അധികാര ഘടകങ്ങളിലെ പങ്കാളിത്തം പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും മറച്ചുപിടിക്കാന്‍ കീഴ്പ്പെടുത്തലിന്റെ ഭാവങ്ങള്‍ നിര്‍മിക്കുന്നതില്‍ ജനപ്രിയ കലാരൂപങ്ങള്‍ക്കും വലിയ പങ്കുണ്ട്. ജനപ്രിയ സാഹിത്യം, സിനിമ തുടങ്ങിയവയിലൂടെ സാംസ്കാരികമായ ഒരനുഭൂതി പകര്‍ന്നു നല്‍കുന്നത് രാഷ്ട്രീയമായ തമസ്കരണമാണ്. അധീശ വ്യവഹാരങ്ങളെ താങ്ങി നിര്‍ത്തുന്നതില്‍ ജനപ്രിയ കലാരൂപങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ സാംസ്കാരികമായ അസ്തിത്വത്തെ അംഗീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയമായ പ്രതിനിധാനങ്ങളെ ഹിംസാത്മകമായ നീക്കമായിട്ടാണ് പൊതുബോധം വിലയിരുത്തുന്നത്. സയ്യിദ് മൌദൂദിയെ പ്രതി സ്ഥാനത്തും ഇസ്ലാമിക പ്രസ്ഥാനങ്ങളെ തീവ്രതയുടെ സ്രോതസ്സുകളുമാക്കി നിര്‍ത്തുന്നതില്‍ കേന്ദ്രീകൃതമായ ബോധം നിലനില്‍ക്കുന്നുണ്ട്. ദേശീയതയുടെയും മതേതര വ്യവഹാരങ്ങളുടെയും അപരസ്ഥാനത്തുള്ളവര്‍ സാഹോദര്യപ്പെടുന്ന സംഭാവനയുടെ ആശയ തലങ്ങളാണ് ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത്. മതേതരാന്തര കാലഘട്ടത്തില്‍ മതം പൊതുസമൂഹത്തില്‍ കൂടുതല്‍ ദൃശ്യപ്പെട്ടിരിക്കുന്നു. ജ്ഞാനപരവും ധാര്‍മികവുമായ വീക്ഷണങ്ങളിലും ഉപഭോഗ തൃഷ്ണകളോട് എതിരിടുന്നതിലും മതം വലിയ പ്രേരണാശക്തിയാവുകയാണ്. ആത്മീയമായും അധിനിവേശ വിരുദ്ധ രാഷ്ട്രീയത്തിലും ഇതിനു പ്രാധാന്യം വര്‍ദ്ധിച്ചുവരുന്നു. ഉള്‍കൊള്ളലിന്റെയും നിരാകരണത്തിന്റെയും പുതിയ തലങ്ങള്‍ അറബ് വസന്തങ്ങളിലൂടെ മതം നിര്‍മ്മിച്ചെടുത്തു. ഇസ്ലാമിന്റെ ആഗോള സാന്നിദ്ധ്യവും മതത്തിന്റെ പൊതുപ്രവേശനത്തിന് കാരണക്കാരായ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സാര്‍വ്വ ലൌകിക ഭാവവും കൂടുതല്‍ എതിര്‍ക്കപ്പെടാനും കാരണമായി. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മതകീയമായ ഒരു വിജയഭാവം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നിരാകരിക്കേണ്ടിവന്നു. അറബ് വിപ്ളവത്തെ ഗൂഢാലോചനയെന്നും മതമൌലിക വാദികളുടെ തള്ളിക്കയറ്റമെന്നും വിലയിരുത്തേണ്ടിവന്നത് ഇങ്ങനെയാണ്. മതനിഷേധ പ്രത്യയ ശാസ്ത്രങ്ങളുടെ പൊതുഇടങ്ങള്‍ ചുരുങ്ങുകയും മതപ്രസ്ഥാനങ്ങളുടെ പൊതു ഫ്ളാറ്റ് ഫോം വികസിച്ചു വരികയും ചെയ്തു. എന്നാല്‍ പുരോഗമന ഇടതുപക്ഷം മാത്രമല്ല മുസ്ലിംകളിലെ മതേതരവാദികളും പുരോഗമന ചിന്താഗതിക്കാരും ഈ വികാസത്തെ നിരാകരിക്കാനും അസന്നിഹിതമാക്കാനുമാണ് ശ്രമിച്ചത്. ഇന്ത്യയില്‍ ഹിന്ദുത്വകര്‍തൃത്വങ്ങളെ നിരാകരിക്കുന്നതില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഈ ഇടപെടലിനെ അകറ്റി നിര്‍ത്താനും പൊതുബോധത്തെ അശുദ്ധമാക്കുന്ന രാഷ്ട്രീയ ഉണര്‍വുകളായി പരിഗണിക്കാനുമാണ് കേരളത്തിലെ മതേതരവാദികള്‍ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേവലമായ ആഖ്യാനങ്ങള്‍ മാത്രമല്ല, പുതുരാഷ്ട്രീയത്തിന്റെ സാഹോദര്യ ഇടപെടലിന്റെ ആശയ തലങ്ങളിലേക്ക് എത്തിക്കുന്ന നേരടയാളങ്ങളാണ് ഇരുട്ടിലെ കണ്ണാടി. ന്യൂനപക്ഷങ്ങള്‍ സ്വതന്ത്രമായി കര്‍തൃത്വശേഷി പുലര്‍ത്തിയാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത വളരുമെന്നും അതിനാല്‍ അവര്‍ എപ്പോഴും നിശബ്ദരായിരിക്കണമെന്നുമാണ് ഉദാരവാദികളായ ബുദ്ധിജീവികള്‍ പ്രചരിപ്പിക്കുന്നത്. ഈ സങ്കല്‍പ്പം ജനാധിപത്യ വിരുദ്ധമാണ്. പുതിയ അന്വേഷണങ്ങളെ സ്വീകരിക്കുന്നതിനും ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതില്‍ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജാതികളുടെയും പങ്ക് പുനര്‍നിര്‍മിക്കുന്നതിനുള്ള വലിയ ശ്രമമാണ് കെ.കെ ബാബുരാജ് തന്റെ ഓരോ ലേഖനങ്ങളിലൂടെയും നടത്തുന്നത്.

 

Top