അമേരിക്ക ലക്ഷം സൈനികരെ ഒഴിവാക്കും

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെട്ട അമേരിക്ക, ചെലവുചുരുക്കലിന്റെ ഭാഗമായി സൈന്യത്തില്‍ നിന്നും 1,00,000 പേരെ ഒഴിവാക്കുന്നു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്ന അമേരിക്ക ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലും സൈബര്‍ ലോകത്തും ആയിരിക്കും ഇനി കേന്ദ്രീകരിക്കുക എന്ന് യു.എസ് ഡിഫന്‍സ് സെക്രട്ടറി ലിയോണ്‍ പെനേറ്റ അറിയിച്ചു.

വരുന്ന  പത്ത് വര്‍ഷത്തിനുള്ളില്‍ പെന്റഗണിന്റെ ബജറ്റില്‍ 48,700 കോടി ഡോളര്‍ കുറക്കുന്നതാണ് സൈനിക ബലം കുറയ്ക്കാന്‍ കാരണം. അഞ്ചുവര്‍ഷത്തിനുള്ളില്‍ സൈനികബലം 5,70,000 ല്‍ നിന്നും 4,90,000 ആയി കുറയ്ക്കും. അത്യാധുനിക പോര്‍ വിമാനങ്ങളും  അന്തര്‍വാഹിനികളും വാങ്ങുന്നതിലും കുറവ് വരുത്തും. റഡാറുകളെ കബളിപ്പിച്ച് ആക്രമണം നടത്തുന്ന എഫ് – 35 യുദ്ധവിമാനങ്ങള്‍ യു.എസ് സൈന്യം തുടര്‍ന്നും ഉപയോഗിക്കുമെങ്കിലും പുതുതായി ഇവ വാങ്ങുന്നത് കുറക്കും. എന്നാല്‍ സൈന്യത്തെ കുറക്കുമെങ്കിലും  ഒസാമ ബിന്‍ ലാദനെ വധിച്ച യു എസ്‌ നേവി സീല്‍സ് പോലുള്ള പ്രത്യേക സേനകളെ ലോകം മുഴുവന്‍ ലഭ്യമാക്കുമെന്നാണ് അമേരിക്കയുടെ അവകാശവാദം.

ഇറാഖ് , അഫ്ഘാന്‍ യുദ്ധങ്ങള്‍ക്ക് വേണ്ടി വന്ന ഭീമമായ ചെലവുകള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ  തകര്‍ക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു. തെരഞ്ഞെടുപ്പു അടുത്തിരിക്കെ, രൂക്ഷമായി  കൊണ്ടിരിക്കുന്ന  സാമ്പത്തിക പ്രതിസന്ധി ഡെമോക്രാറ്റ് പാര്‍ടിക്കും  ഒബാമക്കും തിരിച്ചടി ഉണ്ടാക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് പെന്റഗണിന്റെ പുതിയ തീരുമാനം എന്ന് വിലയിരുത്തപ്പെടുന്നു.

Top