ക്വിയര്‍ പ്രൈഡ് 2012: മണ്‍സൂണിലെ മഴവില്‍ വസന്തം

കോഴിക്കോട് ആദ്യ ക്വിയര്‍ പ്രൈഡ് (queer pride) ആഘോഷങ്ങള്‍ക്ക് 2012 ജൂലൈ 26 ന് വേദിയാവുകയാണ്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ വിവിധ ലൈംഗിക വിഭാഗങ്ങളില്‍ പെടുന്നവരും അവരെ പിന്തുണയ്ക്കുന്നവരും ചേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാറുള്ള ആഘോഷ പരിപാടികളാണ് ക്വിയര്‍ പ്രൈഡ് (ലൈംഗിക അഭിമാന വിളംബര ഘോഷയാത്ര) എന്നറിയപ്പെടുന്നത്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍, ഹിജഡ, ഭിന്ന ലൈംഗിക തല്‍പരര്‍ തുടങ്ങി ഏത് വിഭാഗത്തില്‍ പെട്ടവരും അതിലഭിമാനിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുകയും ചെയ്യേണ്ടതിനെ കുറിച്ചാണ് ക്വിയര്‍ പ്രൈഡ് പറയാന്‍ ശ്രമിക്കുന്നത്.

 

2009 ജൂലൈ 2-നാണ് ഡല്‍ഹി ഹൈക്കോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-വകുപ്പ് പുനപ്പരിശോധിച്ച് സ്വവര്‍ഗ്ഗ ലൈംഗികതയെ കുറ്റവിമുക്തമാക്കി കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതത്തിലെ ഏറ്റവും ചരിത്ര പ്രധാനമായ നിമിഷമായി ഈ വിധിയെ കാണുന്നതിനാലാണ് തങ്ങളുടെ ആഘോഷങ്ങള്‍ക്ക് ജൂലൈ മാസം തന്നെ തിരഞ്ഞെടുത്തതെന്നു സംഘാടകര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തൃശൂരില്‍ വെച്ച് ആഘോഷമായി നടത്തിയ ലൈംഗിക സ്വാഭിമാന ഘോഷയാത്ര പതിവുപോലെ തൃശൂരില്‍ വെച്ച് നടക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പിന്നീട് കേരളാ ക്യൂര്‍ പ്രൈഡ് നിശബ്ദരായി. ഇതിനെ തുടര്‍ന്ന് ഇത്തവണ കോഴിക്കോടുള്ള M C F (മലബാര്‍ കള്‍ചാറല്‍) ഫോറം) -ന്റെ നേതൃത്വത്തില്‍ CBO കളുടെ കൂട്ടായ സംരംഭം എന്ന നിലയിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യ സംഘാടകനായ കെ സി സന്ജേഷ് പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്ഷം കേരളാ ക്വിയര്‍ പ്രൈഡ് നടത്തിയതിയത് കമ്മ്യുണിറ്റിക്ക് പുറത്തുള്ളവരുടെ പിന്തുണയോടെയായിരുന്നു. എന്നാല്‍ കോഴിക്കോട് ക്യൂര്‍ പ്രൈഡ് ആത്മാഭിമാന പ്രഖ്യാപനമായി കമ്മ്യുണിറ്റി അഗംങ്ങളുടെ നേതൃത്വത്തില്‍ തന്നെ നടത്താനാണ്  തീരുമാനിച്ചത്.

ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടക്കവേ കൊല്ലത്ത് തന്റെ ക്വാര്‍ട്ടേഴ്സില്‍ വെച്ച് ദാരുണമായി കൊല്ലപ്പെട്ട അനില്‍ /മരിയ എന്ന പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പ്പാടിലുള്ള വേദനയും കടപ്പാടുമായാണ് ഈ സ്വാഭിമാന ഘോഷയാത്ര സംഘടിപ്പിക്കപ്പെടുന്നത്. ലൈംഗിക അഭിമാന വിളംബര ഘോഷയാത്ര കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപത്തു നിന്നും പകല്‍ 3 മണിക്ക് ആരംഭിച്ചു മാനാഞ്ചിറ സ്ക്വയറിനടുത്തുള്ള കിഡ്‌സണ്‍ കോര്‍ണറില്‍ അവസാനിക്കും.

തങ്ങളുടെ പ്രശ്നങ്ങളില്‍ ഇതുവരെ ആത്മാര്‍ഥമായി സഹകരിക്കുന്ന എല്ലാ മനുഷ്യസ്നേഹികളെയും, സംഘടനകളുടേയും പങ്കാളിത്തം  സംഘാടകര്‍ അഭ്യര്‍ഥിച്ചു.

Top