കുല്‍ദീപ് നയാരുടെ സവര്‍ണ ബഡായികള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ തന്റെ എഴുത്തുകളിലൂടെ സംരക്ഷിക്കുന്നത് സവര്‍ണ താല്‍പര്യങ്ങളാണെന്നും അദ്ദേഹത്തിന്റെ ദലിത് അനുകൂല എഴുത്തുകളില്‍ ആത്മാര്‍ത്ഥതയില്ലെന്നും അവ ദലിത് വിരുദ്ധമാണെന്നും നയാറുടെ തന്നെ സംവരണ കാഴ്ചപ്പാടുകളെയും മറ്റും അപഗ്രഥിച്ചു കൊണ്ട് ശങ്കരനാരായണന്‍ മലപ്പുറം സമര്‍ഥിക്കുന്നു.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതാവായ സുകുമാരന്‍ നായര്‍ ജാതിവാദമുയര്‍ത്തുന്നുവെന്നു പറഞ്ഞ് നമ്മള്‍ ബഹളമുണ്ടാക്കാറുണ്ട്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ സുകുമാരന്‍ നായരും മറ്റു സവര്‍ണ സംഘടനാ നേതാക്കളും പറയുന്നതില്‍ കാര്യമുണ്ട്. കാരണം, അവര്‍ സമുദായാടിസ്ഥാനത്തില്‍ സംഘടിച്ചവരാണ്. ഇങ്ങനെയുള്ളവര്‍ സമുദായ താല്‍പര്യം പറയുന്നതില്‍ അവരെ സംബന്ധിച്ചിടത്തോളമെങ്കിലും ശരിയുമുണ്ട്. ഇക്കൂട്ടര്‍ക്ക് കാപട്യമില്ല. പുറമേക്ക് വിപ്ളവവും സോഷ്യലിസവും പറഞ്ഞല്ല സുകുമാരന്‍ നായരും മറ്റും നായന്‍മാര്‍ക്കുവേണ്ടി സംസാരിക്കുന്നത്. ആയതിനാല്‍ ഇക്കൂട്ടരെ പേടിക്കേണ്ട യാതൊരു കാര്യവുമില്ല.

എന്നാല്‍ പുരോഗമനത്തിന്റെയും സോഷ്യലിസത്തിന്റെയും നിരീശ്വരവാദത്തിന്റെയുമൊക്കെ കുപ്പായമിട്ട് സവര്‍ണത പറയുന്നവര്‍ ഇവിടെയുണ്ട്. ഇത്തരക്കാരെയാണ് ശരിക്കും പേടിക്കേണ്ടത്. ഇക്കൂട്ടര്‍ പണ്ട് ജാതി പറഞ്ഞാണ് ജാതിവര്‍ഗീയത പ്രദര്‍ശിപ്പിച്ചിരുന്നത്.  എന്നാല്‍ ഇന്ന് ചുരങ്ങിയപക്ഷം കേരളത്തിലെങ്കിലും ജാതി പറഞ്ഞ് ജാതിവര്‍ഗീയത കാണിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ജാതി വര്‍ഗീയവാദികള്‍ മറ്റു പല വേഷങ്ങളും അണിഞ്ഞാണ് അവതരിക്കുന്നത്. വളരെ ആസൂത്രിതമായി ജാതിതാല്‍പര്യം വെച്ചുപുലര്‍ത്തുന്നവരെയല്ല ഇന്ന് ജാതിവാദികളായി കണക്കാക്കുന്നത്. മറിച്ച് ജാതി താല്‍പര്യങ്ങളെ ചോദ്യം ചെയ്യുന്നവരെയാണിന്ന് ജാതിവാദികളായി വിശേഷിപ്പിക്കുന്നത്.

സവര്‍ണജാതി താല്‍പര്യങ്ങള്‍ക്ക് അനുകൂലമായൊരു സാഹചര്യമാണ് ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നത്, കേരളത്തില്‍ പ്രത്യേകിച്ചും. സവര്‍ണ താല്‍പര്യം സംരക്ഷിക്കാന്‍ സുകുമാരന്‍ നായരെ പോലെ ജാതിവാദം ഉയര്‍ത്തേണ്ട കാര്യമില്ല. നിഷ്പക്ഷത നടിച്ചും നിശബ്ദത പാലിച്ചും സവര്‍ണ താല്‍പര്യം സംരക്ഷിക്കാന്‍ സാധിക്കും. കൂടാതെ പുരോഗമനവാദം, വര്‍ഗസിദ്ധാന്തം, പട്ടിണി, ദാരിദ്ര്യം, യുക്തിവാദം എന്നിവയെ കുറിച്ചൊക്കെ പറഞ്ഞും എഴുതിയും സവര്‍ണ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയും. അടിച്ചവന്റെയും അടികൊണ്ടവന്റെയും പക്ഷത്തല്ല എന്ന നിലപാട് അടിസ്ഥാനപരമായി അടിച്ചവനെ സഹായിക്കുന്നതാണല്ലോ? ഇവിടെയും ഇതുതന്നെയാണ് സംഭവിക്കുന്നത്. കവര്‍ന്നെടുത്ത അവകാശാധികാരങ്ങള്‍ തിരിച്ചു നല്‍കണമെന്നാണ് ദലിത്-പിന്നാക്കക്കാരുടെ ആവശ്യം. തങ്ങള്‍ കുത്തകയാക്കി കൈയ്യടക്കി വെച്ച് അനുഭവിക്കുന്നത് തിരിച്ചു നല്‍കില്ല എന്നാണ് സവര്‍ണവാദികളുടെ നിലപാട്. രണ്ടു വാദങ്ങളെയും ജാതിവാദമായി വിശേഷിപ്പിക്കുന്നതും നിഷ്പക്ഷത നടിച്ച് മൗനം പാലിക്കുന്നതും അടിസ്ഥാനപരമായി സവര്‍ണതയെ പിന്തുണക്കലാണ്. അതുവഴി തങ്ങള്‍ രണ്ടു കൂട്ടര്‍ക്കും എതിരാണെന്ന് പുരോഗമന വേഷം കെട്ടുകയും ചെയ്യുന്നു! ഇങ്ങനെ പുരോഗമനവേഷം ധരിച്ച സവര്‍ണവാദിയായ ഒരു പത്രപ്രവര്‍ത്തകനാണ് കുല്‍ദീപ് നയാര്‍. ദലിതരുടെ സ്വന്തം ആളെന്ന പുകമറ സൃഷ്ടിച്ച് ഇദ്ദേഹം നടത്തുന്ന സവര്‍ണവാദങ്ങള്‍ തിരിച്ചറിയുകതന്നെ വേണം.

‘മാധ്യമം’പത്രത്തില്‍ ഇദ്ദേഹത്തിന് ‘വരികള്‍ക്കിടയില്‍’ എന്നൊരു പംക്തിയുണ്ട്. ദലിതര്‍ക്ക് സ്നേഹം വാരിക്കോരി നല്‍കുന്ന മനുഷ്യന്‍ എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ വരികളെഴുതിവിടുന്ന ഈ പംക്തിയിലൂടെ ദലിതുകളെ സാംസ്കാരികമായി വരിയുടയ്ക്കുന്ന പരിപാടിയാണ് ഇദ്ദേഹം ‘വരികള്‍ക്കിടയില്‍’ എന്ന പംക്തിയിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. ‘ദലിത് വിമോചനം എന്ന സമസ്യ’ എന്ന തലക്കെട്ടില്‍ ഇദ്ദേഹം 03.05.2012-ല്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: “ഇപ്പോഴും മലം ചുമക്കുന്ന തോട്ടിപ്പണിക്കാരായ ദലിതര്‍ ഇന്ത്യയിലുണ്ട്. 50 വര്‍ഷം മുമ്പ് രാഷ്ട്രം നിരോധിച്ച ആ സമ്പ്രദായം തുടരുന്നു എന്നു സാരം. ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും പീഡനങ്ങളിലും ഒട്ടും കുറവ് സംഭവിച്ചില്ല. പൗരന്‍മാരെ സംരക്ഷിക്കേണ്ട പോലീസ് സേന സവര്‍ണ ഭൂവുടമസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് ദലിത് പീഡനത്തിന് കൂട്ടു നില്‍ക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും കാണാന്‍ കഴിയുന്നത്. ദലിതര്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രത്യേക കോടതികളോ അതിവേഗ കോടതികളോ സ്ഥാപിച്ച് കേന്ദ്ര സര്‍ക്കാരിന് മാതൃക സൃഷ്ടിക്കാനാകുമായിരുന്നു. നേര്‍ വിപരീത ദിശയിലുള്ള സംഭവങ്ങളാണ് ആവര്‍ത്തിക്കപ്പെടുന്നത്. 21 ദലിതുകളെ കൂട്ടക്കുരുതി നടത്തിയ 23 സവര്‍ണരെ പോലീസ് വേണ്ടത്ര തെളിവ് ഹാജരാക്കാത്തതിനാല്‍ പാട്ന ഹൈക്കോടതി ഈയിടെ വെറുതെവിട്ട സംഭവം മാത്രം മതിയാകും ഇതിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാന്‍”.

ഇതു വായിച്ചാല്‍ ഇദ്ദേഹത്തെപ്പോലെ ദലിത് സ്നേഹിയായി ആരുണ്ട് എന്നു തോന്നിപ്പോകില്ലേ? എന്നാല്‍ ഇതു കുല്‍ദീപ് നയാരുടെ വെറും സവര്‍ണ ബഡായികള്‍ മാത്രമാണ്. നയാരുടെ ഹൃദയത്തില്‍ നിന്നു വന്ന വാക്കുകളല്ല ഇത്. ഹൃദയത്തിലുള്ളത് സവര്‍ണത തന്നെ. ‘നാവില്‍ വന്നതൊക്കെ നയാര്‍ക്ക് നയം’ എന്നതിലപ്പുറമൊന്നുമില്ല ഈ സ്നേഹപ്രകടനത്തില്‍! ഇത്തരം സവര്‍ണ ബഡായികള്‍ ഒരുപാട് നടത്തിയിട്ടുണ്ട് കുല്‍ദീപ് നയാര്‍. നയാരുടെ സവര്‍ണത പരിശോധിക്കുന്നതിന് അദ്ദേഹം പലപ്പോഴായി നടത്തിയ അത്തരം സവര്‍ണ ബഡായികള്‍ പരിശോധിച്ചു നോക്കാം.

ഇതു വായിച്ചാല്‍ ഇദ്ദേഹത്തെപ്പോലെ ദലിത് സ്നേഹിയായി ആരുണ്ട് എന്നു തോന്നിപ്പോകില്ലേ? എന്നാല്‍ ഇതു കുല്‍ദീപ് നയാരുടെ വെറും സവര്‍ണ ബഡായികള്‍ മാത്രമാണ്. നയാരുടെ ഹൃദയത്തില്‍ നിന്നു വന്ന വാക്കുകളല്ല ഇത്. ഹൃദയത്തിലുള്ളത് സവര്‍ണത തന്നെ.

‘സംവരണത്തിന്റെ രാഷ്ട്രീയം’ എന്ന തലക്കെട്ടില്‍ 30.04.1994-ല്‍ അദ്ദേഹം ഇങ്ങനെ എഴുതി: “അമേരിക്കയുടെ തെക്കന്‍ ഭാഗത്ത് നീഗ്രോകള്‍ക്ക് സഹിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളെപ്പോലും കടത്തിവെട്ടുന്നതാണ് ഇന്ത്യയില്‍ താണ ജാതിക്കാര്‍ അനുഭവിക്കുന്ന നിഷ്ഠൂരതകള്‍. അവിടെ സുപ്രീംകോടതി വിധികള്‍ കൊണ്ട് കുറച്ചൊക്കെ കാര്യമുണ്ടാകുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അതുമില്ല. ഇവിടെ ജാതീയതക്ക് ഹിന്ദുമതത്തിന്റെ അംഗീകാരവുമുണ്ട്.” 11.10.1995-ല്‍ ഇങ്ങനെ എഴുതി: “ദലിത് ഇന്നും ദലിത് തന്നെ. നിന്ദിതന്‍, പീഡിതന്‍, തീണ്ടിക്കൂടാത്തവന്‍.”

30.07.1997-ല്‍ ദലിത് പ്രേമം ഇങ്ങനെ ഒഴുകി: “ദല്‍ഹിയില്‍ നിന്ന് വെറും 35 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ എന്നെ അമ്പരിപ്പിച്ച അനുഭവം ഈയിടെയുണ്ടായി. ദലിതരോട് മേല്‍ജാതിക്കാര്‍ക്ക് പണ്ടുണ്ടായിരുന്ന അയിത്തം. വ്യത്യസ്ത താമസ സ്ഥലങ്ങള്‍, പ്രത്യേക കിണറുകള്‍, പ്രത്യേക ശവദാഹ സ്ഥലങ്ങള്‍, പ്രത്യേക യോഗസ്ഥലങ്ങള്‍. ദലിതുകള്‍ക്ക് ഇപ്പോഴും അതേ വൃത്തികെട്ട ഇടങ്ങള്‍. ഇടുങ്ങിയ സ്ഥലത്തേക്ക് തിങ്ങിയ കുടിലുകള്‍. കീഴ്ജാതിക്കാരും മേല്‍ജാതിക്കാരും തമ്മില്‍ ഇടപഴകുന്നതുതന്നെ വിരളം. വിവാഹത്തെപ്പറ്റി ചിന്തിക്കുകയേ വേണ്ട. ‘വിവാഹം കഴിച്ചാല്‍ വധിക്കപ്പെടും’ എന്ന് ഒരു മേല്‍ജാതിക്കാരന്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു. സാമൂഹിത തലത്തില്‍ ‘ചിലര്‍ ഉന്നതരും ചിലര്‍ നീചരു’മെന്നു കരുതുന്ന ജാതി വ്യവസ്ഥ സ്വാതന്ത്ര്യം കിട്ടി 50 വര്‍ഷം കഴിഞ്ഞിട്ടും നാട്ടിന്‍പുറങ്ങളില്‍ തുടരുന്നു. നഗരപ്രദേശങ്ങളില്‍ പോലും ജാതിച്ചങ്ങല അയഞ്ഞിട്ടേയുള്ളൂ.”

15.04.2000-ല്‍ അദ്ദേഹം ഇങ്ങനെയാണ് എഴുതിയത്. “ഇന്ത്യയിലെ ദലിതരെ അപേക്ഷിച്ച് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വിവേചനം കുറവാണ്. ഇന്ത്യയില്‍ മേല്‍ജാതിക്കാര്‍ ദലിതരോട് കാട്ടുന്നത്ര അനീതി അമേരിക്കയില്‍ വെളുത്തവര്‍ കറുത്തവരോട് കാട്ടുന്നില്ല. ജനനം മുതല്‍ മരണം വരെ ദലിതര്‍ സാമൂഹിക ഉച്ചനീചത്വം അനുഭവിക്കുകയാണ്”. 25.04.2000-ത്തില്‍ ഇങ്ങനെ കൂടി എഴുതി: “സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യമില്ലാത്ത രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് ഒരര്‍ഥവുമില്ലെന്നും അത് അപ്രത്യക്ഷമാകുമെന്നും അംബേ‍ഡ്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി പുലര്‍ന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ദലിതര്‍ ഇന്നും താഴ്ചയിലാണ്. സ്വാതന്ത്ര്യം കിട്ടിയതുകൊണ്ട് വെളുത്ത യജമാനന്‍ പോയി, കറുത്തവര്‍ വന്നു എന്നേയുള്ളൂ”.

ദലിതരോട് അനുഭാവം പുലര്‍ത്തുന്ന ഈ പ്രസ്താവനകളെല്ലാം വെറും കാപട്യങ്ങള്‍ മാത്രമാണ്. ‘നാവില്‍ വന്നതൊക്കെ നയാര്‍ക്ക് നയം!’ എന്നതുതന്നെ ശരി. ‘ഇന്ത്യയില്‍ മേല്‍ജാതിക്കാര്‍ ദലിതരോട് കാട്ടുന്നത്ര അനീതി അമേരിക്കയില്‍ വെളുത്തവര്‍ കറുത്തവരോട് കാട്ടുന്നില്ല’ എന്നു പറഞ്ഞ നയാര്‍ ജാതിയെക്കുറിച്ച് പറഞ്ഞ മറ്റൊരഭിപ്രായം നോക്കുക (‘സംവരണത്തിന്റെ മറുവശം’എന്ന തലക്കെട്ടില്‍ 11.09.1994-ല്‍ എഴുതിയത്): “നഗരവല്‍ക്കരണവും വ്യവസായവല്‍ക്കരണവും ജാതിയെ അപ്രസക്തമാക്കിയിട്ടുണ്ട്. ഒരേ ജാതിയില്‍ തന്നെ പലതട്ടിലുള്ളവരുമുണ്ട്”. 1994-ല്‍ നഗരവല്‍ക്കരണവും വ്യവസായവല്‍ക്കരണവുംകൊണ്ട് അപ്രസക്തമായ ജാതി 2000 ആയപ്പോഴേക്കും തിരിച്ചു വന്നിരിക്കും!

വരികള്‍ക്കിടയിലൂടെയും വരികള്‍ക്കടിയിലൂടെയുമൊക്കെ എഴുതി വരുമാനം കൂട്ടുക എന്ന താല്‍പര്യത്തിനപ്പുറമൊരു ദലിത് താല്‍പര്യവും നയാര്‍ക്കില്ല എന്നതിന് വേറെ തെളിവുകളൊന്നും ആവശ്യമില്ലല്ലോ. ദലിതര്‍ക്കും മറ്റും നല്‍കുന്ന സംവരണത്തെ എതിര്‍ക്കാന്‍ വേണ്ടിയാണ് നയാര്‍ ദലിത് പ്രേമം എഴുതുന്നതെന്നു ന്യായമായും വിശ്വസിക്കാവുന്നതാണ്. കാരണം, ദലിത് പ്രേമത്തെക്കുറിച്ച് എഴുതുന്ന എല്ലാ ലേഖനങ്ങളിലും നയാര്‍ മറക്കാതെ സംവരണത്തെ എതിര്‍ത്തും എഴുതുന്നുണ്ട്. നയാര്‍ ‘വരികള്‍ക്കിടയില്‍’ എഴുതിയതിലെ ഏതാനും സംവരണ വിരുദ്ധ അഭിപ്രായങ്ങള്‍ നോക്കുക: “സംവരണം ഒരു സമാശ്വാസം മാത്രമാണ്. എന്നാല്‍, അത് ഇന്ന് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. പത്തു വര്‍ഷത്തേക്കെന്നു പറഞ്ഞ് ആരംഭിച്ച സംവരണം ഇപ്പോള്‍ നാലു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും അറ്റം കാണുന്നില്ല. സംവരണം ഒരു ഊന്നുവടിയായി മാറിയിരിക്കുന്നു. മറ്റെന്തൊക്കെ ഉപകാരങ്ങള്‍ ഉണ്ടെങ്കിലും സംവരണം  ഇന്ത്യന്‍ സമൂഹത്തെ കീറി മുറിക്കാന്‍ കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ സമ്മേളനത്തില്‍ പാര്‍ലമെന്റിന് രണ്ടു തവണ ചുവടു പിഴച്ചു. 10,000 കോടി രൂപയുടെ ഓഹരിത്തട്ടിപ്പുമായി ബന്ധപ്പെട്ട നടപടി റിപ്പോര്‍ട്ടിന്മേല്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതാണ് ഒന്ന്. രണ്ടാമത്തെ പിഴവ് തമിഴ്നാടിന്റെ 69 ശതമാനം സംവരണത്തിന് ഭരണഘടനാ സംരക്ഷണം നല്‍കിയതും. ഈ സംവരണം ഇനി മറ്റു സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തേണ്ടിവരും. 69% സംവരണം ഇന്ത്യന്‍ ഭരണഘടനക്കേല്‍പ്പിച്ച പരിക്ക് ഇനിയങ്ങോട്ട് ഗുരുതരമായിത്തീരുകയേ ഉള്ളൂ. സംവരണം വര്‍ധിപ്പിച്ചതിലെ ഭവിഷ്യത്തുകള്‍ പാര്‍ലമെന്റ് മനസ്സിലാക്കിയതായി തോന്നുന്നില്ല.”

സംവരണത്തെ എതിര്‍ക്കാര്‍ മറ്റു സവര്‍ണവാദികളും സുകുമാരന്‍ നായരുമൊക്കെ പറയുന്ന ന്യായങ്ങള്‍ തന്നെയാണ് കുല്‍ദീപ് നയാരും പറയുന്നത്. പ്രത്യക്ഷത്തില്‍ ശരിയാണെന്നു തോന്നുന്നതാണല്ലോ സാമ്പത്തിക സംവരണവാദം. ഈ വാദം തന്നെയാണ് നയാര്‍ക്കുമുള്ളത്.

സംവരണത്തെ എതിര്‍ക്കാര്‍ മറ്റു സവര്‍ണവാദികളും സുകുമാരന്‍ നായരുമൊക്കെ പറയുന്ന ന്യായങ്ങള്‍ തന്നെയാണ് കുല്‍ദീപ് നയാരും പറയുന്നത്. പ്രത്യക്ഷത്തില്‍ ശരിയാണെന്നു തോന്നുന്നതാണല്ലോ സാമ്പത്തിക സംവരണവാദം. ഈ വാദം തന്നെയാണ് നയാര്‍ക്കുമുള്ളത്. ഈ സവര്‍ണവാദം ഉന്നയിക്കാന്‍ നയാര്‍ ഇന്ത്യന്‍ ഭരണഘടനയെയും കൂട്ടുപിടിച്ചു. നയാരുടെ നായര്‍വാദങ്ങള്‍ നോക്കുക: “സാമ്പത്തിക മാനദണ്ഡം വെച്ച് സംവരണമേര്‍പ്പെടുത്തലാണ് നല്ല വഴി. ഇവിടെ സാധാരണക്കാരനായ ബ്രാഹ്മണന്‍ ദലിതനെപ്പോലെ തന്നെയാണ്. ഉപജീവനത്തിന് വഴിയില്ലാത്തവനെയല്ല, മറിച്ച് പ്രത്യേക ജാതികളില്‍ പെടുന്നവനെയാണ് ദരിദ്രനെന്ന് വിളിക്കുന്നത്. സാമൂഹിക നീതിയുടെ അടിസ്ഥാനം വര്‍ഗപരമല്ല, ജാതിപരമാണ് എന്ന നിലപാടാണ് ഇടതുപക്ഷം പോലും സ്വീകരിച്ചിരിക്കുന്നത്. ‘നിയമത്തിന് മുന്നില്‍ സമത്വം’ ഭരണഘടനയുടെ 14-ാം വകുപ്പ് ഉറപ്പു നല്‍കുന്നുണ്ട്. മത-ഭാഷ-വംശ-ജാതി-മത-ലിംഗ വ്യത്യാസം പൗരന്‍മാര്‍ക്കിടയില്‍ ഭരണകൂടം കാണിക്കാന്‍ പാടില്ലായെന്ന് 15-ാം  വകുപ്പ് അനുശാസിക്കുന്നു. 16-ാം വകുപ്പിലെ 1,2 ഖണ്ഡികകളാകട്ടെ പൊതുനിയമങ്ങളില്‍ എല്ലാ പൗരന്‍മാര്‍ക്കും തുല്യാവസരം നല്‍കുന്നു. മതിയായ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങള്‍ക്ക് വേണ്ടി സംവരണമേര്‍പ്പെടുത്താമെന്ന് 4-ാം ഖണ്ഡികയിലുണ്ടെങ്കിലും ആ ഉപാധി വലിച്ചു നീട്ടിയാല്‍ 14,15 വകുപ്പുകളിലും 16-ലെ 1,2 ഖണ്ഡികകളിലും ഉറപ്പു നല്‍കിയ അവകാശങ്ങള്‍ നിഷേധിക്കുകയാവും ഫലം.”

ഭരണഘടന നിലവില്‍ വന്നതു മുതല്‍ ദലിതര്‍ക്ക് സംവരണമുണ്ടെങ്കിലും ഉന്നതാധികാരകേന്ദ്രങ്ങളില്‍ ഇപ്പോഴും ദലിത് പ്രാധിനിത്യം വളരെ കുറവുതന്നെയാണ്. എന്നാല്‍, ഈ അവസ്ഥ പരിഹരിക്കണമെന്നല്ല ഒന്നുകൂടി രൂക്ഷമാകണമെന്നാണ് നയാരുടെ ഉള്ളിലിരുപ്പ്. പട്ടികജാതി/വര്‍ഗക്കാരിലും ക്രീമിലെയര്‍ ഏര്‍പ്പെടുത്തണമെന്നാണ് നയാര്‍ പറയുന്നത്. ‘പട്ടികജാതിക്കാരിലെങ്കിലും ക്രീമിലെയര്‍ തത്ത്വം നടപ്പാക്കേണ്ടതായിരുന്നു’ എന്നുപോലും ഈ ‘ദലിത് സ്നേഹി’ പറയുകയുണ്ടായി. ദലിതനായിരുന്ന കെ.ആര്‍ നാരായണനോടുള്ള തന്റെ എതിര്‍പ്പ് നയാര്‍ ഇങ്ങനെ പ്രകടിപ്പിക്കുന്നു: “ഉപരാഷ്ട്രപതി കെ.ആര്‍ നാരായണനെ പോലെയുള്ള ഒരാള്‍ക്കെങ്കിലും അത് ചെയ്യാമായിരുന്നു. പക്ഷേ, ഏതാനും വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ മകള്‍ ഐ.എഫ്.എസില്‍ പ്രവേശനം നേടിയത് സംവരണത്തിലൂടെയായിരുന്നു”. കെ.ആര്‍.നാരായണന്റെ മകള്‍ ഐ.എഫ്.എസ് നേടിയതില്‍ അസൂയപ്പെടുകയാണ് ഈ നയാര്‍. കെ.ആര്‍ നാരായണന്റെ മകള്‍ ഐ.എഫ്.എസ് നേടിയത് സംവരണത്തിലൂടെയാണെന്നുള്ള വിവരം എങ്ങനെയാണ് നയാര്‍ അറിഞ്ഞത്? ഏതെല്ലാം ജാതിക്കാര്‍, എങ്ങനെയൊക്കെയാണ് ഐ.എഫ്.എസും ഐ.പി.എസുമൊക്കെ നേടുന്നത് എന്നറിയാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുകയായിരുന്നോ നയാര്‍?

ഉദ്യോഗ സംവരണം കൊണ്ടുമാത്രം ദലിതര്‍ അധികാരത്തിന്റെ എല്ലാ അകത്തളങ്ങളിലും എത്തിപ്പെടുകയില്ല എന്ന കാര്യം ശരിതന്നെ. ഇതിന് രാഷ്ട്രീയാധികാരവും ആവശ്യമാണ്. ഇക്കാര്യത്തില്‍ നയാരുടെ നിലപാടെന്താണ്? ‘വേണം’ എന്ന നിലപാടുതന്നെയാണ് നയാര്‍ക്കുള്ളത്. 03.05.2012-ലെ ‘വരികള്‍ക്കിടയില്‍’ നയാര്‍ ഇങ്ങനെ പറയുന്നു: “ഏതാനും വര്‍ഷം മുന്‍പ് കാന്‍ഷിറാമിന്റെ നേതൃത്വത്തില്‍ ദലിതര്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുകയുണ്ടായി. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എന്ന പേരുള്ള ഈ സംഘടന രാഷ്ട്രീയാംഗീകാരവും ഭരണസിംഹാസനവും വരെ നേടി. എന്നാല്‍, സാമൂഹിക പദവി അവര്‍ക്കാരും ചാര്‍ത്തിക്കൊടുത്തില്ല. അഴിമതിക്കാരിയായിരുന്നുവെങ്കിലും യു.പി മുഖ്യമന്ത്രിയായിരുന്ന മായാവതി ദലിതരുടെ സ്വത്വബോധത്തെ ബലപ്പെടുത്തി. പോലീസ് സ്റേഷനുകളില്‍ പേടികൂടാതെ കയറിച്ചെന്ന് പരാതി നല്‍കാമെന്ന തോന്നല്‍ ദലിതരിലുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ദശകങ്ങളോളം കോണ്‍ഗ്രസ്സിനു വോട്ടു ചെയ്തിട്ടും ലഭിക്കാത്ത മാറ്റങ്ങളായിരുന്നു അവ.” ‘ദലിതരുടെ സ്വത്വബോധത്തെ ബലപ്പെടുത്തി’ എന്നൊക്കെയുള്ള നയാറുടെ അഭിപ്രായങ്ങള്‍ വെറും പൊള്ളത്തരങ്ങളാണ്. ദലിതരുടെ സ്വത്വബോധത്തെ വെറുക്കുന്ന വ്യക്തിയാണ് നയാര്‍. കാന്‍ഷിറാമിന്റെ ‘ദലിതര്‍ക്ക് രാഷ്ട്രീയാധികാരം’ എന്ന ആശയത്തെ മുന്‍പ് നയാര്‍ പരിഹസിച്ചെഴുതിയിട്ടുണ്ട്. ‘കാന്‍ഷിറാമും തന്റെ പാര്‍ട്ടിയായ ബി.എസ്.പിയിലൂടെ ദലിതരെ ഉപയോഗപ്പെടുത്തി രാഷ്ട്രീയാധികാരത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്’ എന്നു പറഞ്ഞ് ആക്ഷേപിക്കുകയും കാന്‍ഷിറാമിനെ ടെക്സാസിലെ ഒരു മാടുവളര്‍ത്തുകാരനോട് ഉപമിച്ച് പരിഹസിക്കുകയും ചെയ്ത വ്യക്തിയാണ് കുല്‍ദീപ് നയാര്‍ (30.04.1994 ലെ ‘വരികള്‍ക്കിടയില്‍’ എഴുതിയത്).

കാന്‍ഷിറാമിന്റെ ‘ദലിതര്‍ക്ക് രാഷ്ട്രീയാധികാരം’ എന്ന ആശയത്തെ മുന്‍പ് നയാര്‍ പരിഹസിച്ചെഴുതിയിട്ടുണ്ട്. ‘കാന്‍ഷിറാമും തന്റെ പാര്‍ട്ടിയായ ബി.എസ്.പിയിലൂടെ ദലിതരെ ഉപയോഗപ്പെടുത്തി രാഷ്ട്രീയാധികാരത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്’ എന്നു പറഞ്ഞ് ആക്ഷേപിക്കുകയും കാന്‍ഷിറാമിനെ ടെക്സാസിലെ ഒരു മാടുവളര്‍ത്തുകാരനോട് ഉപമിച്ച് പരിഹസിക്കുകയും ചെയ്ത വ്യക്തിയാണ് കുല്‍ദീപ് നയാര്‍ (30.04.1994 ലെ ‘വരികള്‍ക്കിടയില്‍’ എഴുതിയത്).

പിന്നാക്കക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ സംവരണമേര്‍പ്പെടുത്തിയതിനെ കുറിച്ച് എന്തായിരിക്കും നയാറുടെ നയം? സംശയമെന്തിന്, സവര്‍ണ താല്‍പര്യമല്ലാതെ മറ്റൊരു താല്‍പര്യവുമില്ല. ഇക്കാര്യത്തിലും ‘വേണ്ടണം’ എന്ന നിലപാട് ഇദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. 01.09.1994-ല്‍, ‘മണ്ഡല്‍ ശുപാര്‍ശ പ്രകാരം പിന്നാക്ക വര്‍ഗക്കാര്‍ക്ക് സംവരണം നല്‍കിയ നടപടി ശരിയായിരുന്നു. കാരണം, പട്ടികജാതി-വര്‍ഗക്കാര്‍ക്ക് മാത്രം പരിഗണന നല്‍കിയതു വഴി ഭരണഘടനാ നിര്‍മാതാക്കള്‍ വരുത്തിയ പിഴവ് അങ്ങനെ തിരുത്തുകയായിരുന്നു’ എന്നു പറഞ്ഞ നയാര്‍, 30.04.0994-ല്‍ പറഞ്ഞത്, ‘മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കുകൂടി സംവരണമേര്‍പ്പെടുത്തിയതുവഴി മുന്‍ പ്രധാനമന്ത്രി വി.പി സിംഗ് തെറ്റാണ് ചെയ്തത്’ എന്നായിരുന്നു.

“സാധാരണ മാര്‍ക്സിസ്റ്റുകാര്‍ പറയും ഞാന്‍ ബി.ജെ.പിയാണെന്ന്. ബി.ജെ.പിക്കാര്‍ പറയും ഞാന്‍ മാര്‍ക്സിസ്റ്റാണെന്ന്. അതുകൊണ്ട് എന്റെ വഴി ഏതാണ്ട് ശരിയാണെന്ന ധൈര്യത്തില്‍ കഴിയുകയാണ്” എന്ന് കവി വിഷ്ണു നാരായണന്‍ നമ്പൂതിരി പറഞ്ഞിട്ടുണ്ട് (മലയാള മനോരമ,ഞായറാഴ്ച, 30.05.1999). ഒരര്‍ഥത്തിലും ശരിയായ അഭിപ്രായമല്ലിത്. മാര്‍ക്സിസ്റ്റുകാര്‍ ബി.ജെ.പിയായി കണക്കാക്കുന്ന വ്യക്തിയെ ബി.ജെ.പിക്കാര്‍ മാര്‍ക്സിസ്റ്റായി കണ്ടുവെങ്കില്‍ ആ മാര്‍ക്സിസത്തിന് കാര്യമായ തകരാറു മാത്രമേയുള്ളൂ. ഇതുപോലെ പുരിയിലെ ശങ്കരാചാര്യരുടെ നയവും കമ്മ്യൂണിസ്റ്റുകാരനായ ജ്യോതിബസുവിന്റെ നയവും തമ്മില്‍ ഒരു കാര്യത്തിലും യോജിക്കാന്‍ പറ്റില്ല. കാഞ്ചി ശങ്കരാചാര്യ പറഞ്ഞതുതന്നെ ജോതിബസുവും പറഞ്ഞാല്‍, ജ്യോതി ബസു സഖാവല്ല, മറിച്ച് കോല്‍ക്കത്തയിലെ പാര്‍ട്ടി ആശ്രമത്തിലെ ജ്യോതി ആചാര്യനാവുകയേയുള്ളൂ. ‘യോഗിയും കമിസ്സാറും’ എന്ന തലക്കെട്ടില്‍ 25.09.1996-ല്‍ എഴുതിയ ലേഖനത്തില്‍, എല്ലാ സവര്‍ണ-പിന്തിരിപ്പന്‍-പാരമ്പര്യ-മൂരാച്ചികളും പ്രകടിപ്പിക്കുന്ന ബേജാറുതന്നെയാണ്, ‘നാവില്‍ വന്നതൊക്കെ നയാര്‍ക്ക് നയം’ എന്ന നയമുള്ള നയാരും പ്രകടിപ്പിച്ചിരിക്കുന്നത്. നയാരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു : “മതചിന്തകളിലൂന്നി ശങ്കരാചാര്യരും, സാമ്പത്തിക പരിഗണനകള്‍ വെച്ച് ജ്യോതി ബസുവും പറഞ്ഞ കാര്യങ്ങള്‍ക്ക് എന്ത് സാമ്യം! ഇന്ത്യ മാറിപ്പോയി എന്ന് ഇരുവരും കാണുന്നു. സ്വാര്‍ഥത രാജ്യതാല്‍പര്യങ്ങളെ പിറകോട്ട് തള്ളിയിരിക്കുന്നു. ജാതിയും വര്‍ഗവും കൂടി പണ്ടത്തെ ഒരുമയെ നശിപ്പിച്ചിരിക്കുന്നു”.

ജാതിയും വര്‍ഗവും കൂടി പണ്ടത്തെ ഒരുമയെ നശിപ്പിച്ചിരിക്കുന്നുവെന്ന്! ഇന്ത്യന്‍ ദലിതരുടെ ദുരവസ്ഥയെക്കുറിച്ച് ഏറെ വാചാലനായ നയാര്‍ തന്നെയാണ് ഇതും പറഞ്ഞിരിക്കുന്നത്. ദലിതരുടെ മേല്‍ സവര്‍ണര്‍ ഒത്തൊരുമിച്ച് കാണിക്കുന്ന ‘ഒരുമ’ തിരികെ വരണമെന്നാണ് നയാര്‍ ആഗ്രഹിക്കുന്നത്.

പി.എസ്.സി അപേക്ഷ പൂരിപ്പിക്കുമ്പോഴാണ് ഒരാള്‍ക്ക് ജാതിയെക്കുറിച്ചുള്ള ആലോചന വരിക എന്നൊരു യുക്തിവാദം കേട്ടിട്ടുണ്ട്. സാമൂഹിക സാഹചര്യം ഒട്ടും പഠിക്കാതെ നടത്തുന്ന ഇത്തരം യുക്തികള്‍ തന്നെയാണ് നയാര്‍ക്കുമുള്ളത്. സര്‍ട്ടിഫിക്കറ്റുകളില്‍ ജാതി എഴുതുന്നത് നിര്‍ത്തലാക്കാനുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ തീരുമാനം നടപ്പിലാക്കാന്‍ സാധിക്കാത്തതില്‍ നയാര്‍ വല്ലാതെ വിഷമിക്കുന്നുണ്ട്. അന്ന് നെഹ്റു പറഞ്ഞത് നടപ്പിലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ ഒരു ജാതിരഹിത സമൂഹമായി മാറുമായിരുന്നുവെന്നാണ് നയാരുടെ ഈ അഭിപ്രായം കേട്ടാല്‍ തോന്നുക. ജാതിവ്യവസ്ഥയുടെ ക്രൂരതകളെക്കുറിച്ചോ അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചോ ഒരു ചുക്കും പഠിക്കാതെ(ഉള്‍ക്കൊള്ളാതെ)യുള്ള ബാലിശമായ അഭിപ്രായങ്ങളാണിത്. ‘പേര്: കുല്‍ദീപ് നയാര്‍; ജാതി:___’ എന്നെഴുതിയാല്‍ കുല്‍ദീപ് നയാരുടെ ജാതി പോകുമോ? സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നു ജാതിക്കോളം എടുത്തു കളഞ്ഞാല്‍ ജാതി തകരുമെന്നൊക്കെ പറയുന്നത് മറ്റൊരുതരം സവര്‍ണവാദമാണ്. സര്‍ട്ടിഫിക്കറ്റുകളിലെ ജാതി കടിക്കില്ല. എന്നാല്‍ മനസ്സിനുള്ളിലെ ജാതി കടിക്കുക മാത്രമല്ല കുത്തിക്കൊല്ലുകയും ചോര കുടിക്കുകയും ചെയ്യും. സര്‍ട്ടിഫിക്കറ്റുകളിലെ ജാതിയല്ല മനസ്സിലെ ജാതിയാണ് കളയേണ്ടത്. അത് കളയാന്‍ ജാതിരഹിതം പറയുന്ന കുല്‍ദീപ് നയാര്‍ക്ക് സാധിച്ചിട്ടില്ല; സാധിക്കുകയുമില്ല. ഇത് ശരിയാണെന്ന് അദ്ദേഹത്തിന്റെ അവസരവാദങ്ങള്‍ തെളിയിക്കുന്നുണ്ടല്ലോ!

മുന്‍ പ്രധാനമന്ത്രി വി.പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തു സംസാരിച്ച സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ പോലും പിന്നീട് നിലപാട് മാറ്റുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നടപ്പാക്കാനുള്ള അര്‍ജുന്‍ സിംഗിന്റെ നിലപാടിനെ ഈ പാര്‍ട്ടികള്‍ അനുകൂലിച്ചു. ഈ സംവരണത്തിനെതിരെ സമരാഭാസം നടത്തിയ സവര്‍ണമൂരാച്ചിക്കുട്ടികളെ സി.പി.എം തുറന്നു കാണിച്ചു. പക്ഷേ, കുല്‍ദീപ് നയാര്‍ ഈ സംവരണത്തിനനുകൂലമായോ സവര്‍ണ മൂരാച്ചിക്കുട്ടികള്‍ക്കെതിരായോ ‘വരികള്‍ക്കിടയില്‍’ എഴുതിയില്ല. കുല്‍ദീപ് നയാര്‍ മാത്രമല്ല മറ്റു നയാര്‍മാരും എഴുതിയില്ല; എഴുതുകയുമില്ല. കാരണം, ‘വര്‍ഗബോധം’ തന്നെ!

പ്രസ്തുത സംവരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ‘ദേശീയ’ തലത്തില്‍ ഉണ്ടായത്. പത്രപ്രവര്‍ത്തകരാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഇവര്‍ താല്‍പര്യങ്ങളനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കും. പത്രപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും സവര്‍ണരും കുല്‍ദീപ് നയാറെപ്പോലെ സവര്‍ണ താല്‍പര്യം വെച്ചുപുലര്‍ത്തുന്നവരുമാണ്. പത്രപ്രവര്‍ത്തന രംഗത്ത് കടുത്ത സവര്‍ണാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന് ഒരു പഠനത്തില്‍ പറയുന്നുണ്ട്. 2006-ല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ സവര്‍ണ വരേണ്യകുമാരന്‍മാര്‍ ദല്‍ഹിയില്‍ ഉറഞ്ഞു തുള്ളിയ സമയത്താണ് ഈ പഠനം നടന്നത്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ അനില്‍ ചമരിയ, മീഡിയ സ്റ്റഡി ഗ്രൂപ്പിലെ ജിതേന്ദ്രകുമാര്‍, സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ(സി.എസ്.ഡി.എസ്) യോഗേന്ദ്ര യാദവ് എന്നിവര്‍ ചേര്‍ന്ന് നടത്തിയതാണ് ഈ പഠനം.

Yogendra Yadav-Anil Chamadi

പ്രസ്തുത പഠനം വെളിച്ചത്ത് കൊണ്ടു വന്ന വസ്തുതകള്‍ പ്രകാരം, രാജ്യ തലസ്ഥാനമായ ദല്‍ഹിയിലെ 37 ഹിന്ദി, ഇംഗ്ളീഷ് പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയിലെ മുതിര്‍ന്ന 300 പത്രപ്രവര്‍ത്തകരില്‍ 71 ശതമാനവും ഇന്ത്യന്‍ ജനസംഖ്യയില്‍ ന്യൂനപക്ഷം വരുന്ന സവര്‍ണരാണ്. പത്രനയരൂപീകരണ വിഭാഗത്തില്‍പ്പെടുന്ന 315 പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ പോലും ഇന്ത്യന്‍ ജനസംഖ്യയില്‍ 23 ശതമാനത്തോളം വരുന്ന പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ടവരില്ല. മാധ്യമ പ്രവര്‍ത്തകരിലെ 85 ശതമാനവും ഇന്ത്യന്‍ ജനസംഖ്യയില്‍ 16 ശതമാനത്തോളം വരുന്ന ദ്വിജന്മാരാണ് (ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യന്മാര്‍). ഇന്ത്യന്‍ ജനസംഖ്യയില്‍ വെറും രണ്ടോ മൂന്നോ ശതമാനം വരുന്ന ബ്രാഹ്മണര്‍ മാത്രം 49 ശതമാനമുണ്ട്. ഇന്ത്യന്‍ ജനസംഖ്യയില്‍ 50 ശതമാനത്തിലേറെ വരുന്ന പിന്നാക്ക വിഭാഗക്കാര്‍ വെറും 4 ശതമാനം. ഇന്ത്യയിലെ വന്‍കിട പത്ര-മാധ്യമ മുതലാളിമാരെല്ലാം സവര്‍ണരാണ്. സവര്‍ണ താല്‍പര്യം സംരക്ഷിക്കാന്‍ അവര്‍ സവര്‍ണരെത്തന്നെ നിയോഗിക്കുന്നു. ഇതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

സര്‍ട്ടിഫിക്കറ്റുകളില്‍നിന്നു ജാതി ഒഴിവാക്കിയാല്‍ ജാതി ചത്തുകൊള്ളുമെന്നുമൊക്കെയുള്ള ബഡായി പറയുന്ന കുല്‍ദീപ് നയാറിന് ഇക്കാര്യമൊന്നുമറിയില്ല! ഐ.എഫ്.എസില്‍ പ്രവേശനം നേടിയ പെണ്‍കുട്ടിയുടെ ജാതി ഗവേഷണം നടത്തി തിരിച്ചറിയുകയും ആ കുട്ടിയുടെ അച്ഛനെ (മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍) അതിന്റെ പേരില്‍ ആക്ഷേപിക്കാന്‍ സമയം ചെലവിടുകയും ചെയ്യുന്ന നയാര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാനുള്ള നേരമെവിടെ? മാധ്യമരംഗം സവര്‍ണരുടെ കുത്തകയായതിനാല്‍ അവിടെ ഒന്നും നടക്കില്ല. ഉദ്യോഗ രംഗങ്ങളിലെങ്കിലും ദലിതര്‍ ഉണ്ടായത് അവര്‍ക്ക് സംവരണം ഉണ്ടായതുകൊണ്ടുമാത്രമാണ്. ദലിത് സംവരണത്തെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണ് നയാര്‍ ദലിത് പ്രേമം അവതരിപ്പിക്കുന്നതെന്ന് ഈ ‘വരികള്‍ക്കിടയില്‍’ നിന്നു ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. പണ്ടത്തെ വല്ല്യേട്ടന്‍ മനസ്സുതന്നെയാണ് നയാര്‍ക്കും. ‘ഒന്നുകില്‍ ഞാന്‍ വീട്ടിലിരിക്കുക; അനിയന്‍ പണിക്കു പോവുക. അല്ലെങ്കില്‍, അനിയന്‍ പണിക്കു പോവുക; ഞാന്‍ വീട്ടിലിരിക്കുക’ എന്ന ഏട്ടോപദേശം! മാധ്യമ രംഗത്ത് ഇത്രയും ഭീകരമായ സവര്‍ണാധിപത്യം നിലനില്‍ക്കുന്നത് നല്ലപോലെ അറിഞ്ഞിട്ട്, ‘ഞാനൊന്നുമറിഞ്ഞില്ലേ ആസ്ട്രേലിയക്കാരാ’ എന്ന മട്ടില്‍ കുല്‍ദീപ് നയാര്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ നടത്തുന്ന പൊളിവചനങ്ങള്‍ താഴെ വായിക്കുക (‘ദലിത് വിമോചനം എന്ന സമസ്യ’ എന്ന തലക്കെട്ടില്‍ 03.05.2012-ല്‍ ‘മാധ്യമ’ത്തില്‍ എഴുതിയത്). ഇത് വെറും പൊളിവചനങ്ങളാണെന്നു ഒന്നുകൂടി ഉറപ്പിക്കാന്‍ നയാറുടെ തുടര്‍ന്നുള്ള വരികളിലും വായിക്കാവുതാണ്.

“ഇന്ത്യന്‍ മാധ്യമരംഗത്തെ പ്രമുഖ പദവികളിലൊന്നിലും ഒരു ദലിതന്‍ നിയമിക്കപ്പെടുന്നില്ല. എന്തുകൊണ്ടാവാം ഈ ഉപേക്ഷ? ഈയിടെ ഒരു ആസ്ട്രേലിയന്‍ പത്രാധിപര്‍ ഉന്നയിച്ച ഈ ചോദ്യത്തിനു മുന്നില്‍ എനിക്ക് കൈ മലര്‍ത്തേണ്ടിവന്നു. ആഴത്തില്‍ തറഞ്ഞുകയറി ഹൃദയത്തെ മുറിപ്പെടുത്തിയ ചോദ്യശരം. വളരെകാലം മുന്‍പ് തന്നെ കണ്ടെത്തി ശരിപ്പെടുത്തേണ്ട ഒരു ന്യൂനതയാണ് ആ പത്രാധിപര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. വൈകാതെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആ പ്രശ്നം പരിഹരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുകയും ചെയ്തു. പത്തു വര്‍ഷത്തേക്ക് സംവരണം നടപ്പാക്കാനായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍, ഈ കാലയളവിനകം രാഷ്ട്രീയ പാര്‍ട്ടികളും ദലിത് വിഭാഗത്തിലെ ക്രീമിലെയര്‍ വര്‍ഗങ്ങളും രാഷ്ട്രീയ മുതലെടുപ്പിനായി സംവരണ സമ്പ്രദായം നീട്ടിക്കൊണ്ടു പോകാന്‍ ഉദ്യമിക്കുമെന്ന് ഈ നേതാക്കള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞില്ല. അങ്ങനെ, പാര്‍ലമെന്റ് സെഷനുകള്‍ ചര്‍ച്ചകള്‍ പോലും നടത്താതെ സംവരണ പരിപാടി ഓരോ പുതിയ ദശകത്തിലും ദീര്‍ഘിപ്പിച്ചുകൊണ്ടിരിക്കുന്നു ”.

കടുത്ത സവര്‍ണ താല്‍പര്യം ഉള്ളില്‍ പൂജിച്ച് പുറമേക്ക് പുരോഗമനം പറയുന്ന കുല്‍ദീപ് നയാറെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ ഇന്ത്യന്‍ മാധ്യമ രംഗത്ത് വിലസുന്ന കാലത്തോളം ഈ പ്രശ്നം ഒരിക്കലും പരിഹരിക്കപ്പെടുമെന്ന് ആരും പ്രത്യാശിക്കേണ്ടതില്ല.

Top