Navigation

‘ഉസ്താദ്‌ ഹോട്ടലി’ലെ മുസ്ലിംസ്ത്രീ ആകാംക്ഷകള്‍

usthad-hotel-movie-1a

നദ. ടി. കെ

ഉസ്താദ്‌ ഹോട്ടലിലെ നന്മനിറഞ്ഞ പാചകക്കാരന്‍ മുസ്ലിം ആകുമ്പോഴും അയാളെ നയിക്കുന്ന പ്രത്യശാസ്ത്രം ഇസ്ലാം അല്ലെന്നത് വ്യക്തം. മുസ്ലിം കഥാപാത്രങ്ങള്‍ ‍എല്ലാം തന്നെ ഇസ്ലാമിനുള്ളില്‍ ‍മാത്രമേ ചിത്രീകരിക്കപ്പെടാവൂ എന്നൊന്നും സമര്‍ഥിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പകരം, ഇസ്ലാമിനെക്കുറിച്ചുള്ള പതിവ് ചിത്രീകരണങ്ങളില്‍ നിന്ന് ഉസ്താദ്ഹോട്ടല്‍ എങ്ങനെയാണ് വ്യത്യസ്തത പുലര്‍ത്തുന്നതെന്നും, ആഖ്യാനത്തില്‍ നിന്ന് അതിനെ പാടെ മാറ്റിനിര്‍ത്തിക്കൊണ്ട്, ഒരു മുസ്ലിമിനെ സെക്യുലര്‍ ഹ്യുമനിസത്തിന്‍റെ  സബ്ജക്റ്റ് ആക്കിവെച്ചുക്കൊണ്ടാണെന്ന് തുറന്നുകാട്ടുകയാണ് ചെയുന്നത്. ഇങ്ങനെനോക്കുമ്പോള്‍, ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുന്ന സിനിമകളുടെ അതേരാഷ്ട്രീയം തന്നെയാണ് പുതിയശൈലിയില്‍ ഉസ്താദ്ഹോട്ടലിലും പിന്തുടരുന്നത്.

രു സിനിമയ്ക്ക് കാക്കത്തൊള്ളായിരം നിരൂപണങ്ങള്‍ മലയാളിക്ക് ചായകുടിക്കുകയെന്ന പോലെ നിര്‍ബന്ധമാണത്രേ. എന്നിരുന്നാലും, സിനിമയിലെന്നപോലെതന്നെ സിനിമാനിരൂപണങ്ങളിലും പലതും  സൌകര്യപൂര്‍വ്വം മറച്ചും ഒളിച്ചും തന്നെയാണ് മലയാളി
പ്രബുദ്ധതയുടെ മുന്നേറ്റം. ഈയടുത്ത് അഞ്ജലിമേനോന്‍ ‍തിരക്കഥ എഴുതി, അന്‍വര്‍ റഷീദ് സം‍വിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടല്‍’ പ്രേക്ഷകര്‍ക്കിടയിലും വായനക്കാര്‍ക്കിടയിലും ഉണ്ടാക്കിയ ‘ഹിസ്ടീരിയ’ കണ്ടപ്പൊള്‍ ‍ഈ ബോധ്യം ഒരിക്കല്‍ ‍കൂടിശക്തിപ്പെടുകയ്യാണ് ചെയ്തത്. അങ്ങനെയാണ് ഈ കുറിപ്പ് എഴുതാന്‍ തിരുമാനിച്ചത്. ‘ഉസ്താദ് ഹോട്ടല്‍’ മുന്നോട്ടുവെക്കുന്ന’ പ്രത്യക്ഷസന്ദേശ’ത്തിനപ്പുറത്ത് അതിന്റെ ഉള്ളറകളിലേക്കുള്ള ഒരു അന്വേഷണമാണ് ഇതിലൂടെ ഉദേശിക്കുന്നത്.

ഉസ്താദ്‌ ഹോട്ടല്‍ വിളമ്പുന്ന നന്മ

വളര്‍ന്നുവരുന്ന വാണിജ്യസംസ്ക്കാരത്തിനു ബദലായി കോഴിക്കോട് കടപ്പുറത്ത് നിലക്കൊള്ളുന്ന ഉസ്താദ് ഹോട്ടലിനെ ചുറ്റിപ്പറ്റിയാണ്  സിനിമയിലെ മെയിന്‍പ്ലോട്ട് വളരുന്നത്‌. വെപ്പുകാരനും ഉസ്താദ് ഹോട്ടലിന്‍റെ ഉടമയുമായ കരീമിക്ക(തിലകന്) കാലഹരണപ്പെടുന്ന ഒരു നന്മയെ പ്രതിനിധീകരിക്കുന്നുണ്ട്..മലയാള സിനിമയിലെ മുസ്ലിം പ്രതിനിധാനങ്ങളുടെ നടപ്പുരീതിയില്‍ ‍നിന്ന് അത്രയൊന്നും തെന്നിമാറാതെ, മലബാറി സംസ്കാരത്തെ അടയാളപ്പെടുത്തുന്ന ബിംബങ്ങളും ചിഹ്ന്നങ്ങളും സിനിമയില് ‍ഉടനീളം പ്രകടമാണ്.

മുസ്ലിങ്ങളെ മതഭ്രാന്തന്മാരായും ഇസ്ലാമിനെ ഭീകരവാദികളുടെ മതമായും ചിത്രീകരിച്ചിരുന്ന മലയാള സിനിമ സംസ്കാരത്തില്‍ ‍നിന്ന് വ്യതിചലിക്കുന്ന ഉസ്താദ് ഹോട്ടല്‍ ‘നല്ലസിനിമ’ എന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് ഇതിനകം തന്നെ നേടികഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഉസ്താദ് ഹോട്ടല്‍ പുലര്‍ത്തുന്ന ഈ വ്യത്യസ്തത വിലയിരുത്തണമെങ്കില്‍ ‘ഇസ്ലാം’ എതെല്ലാം വിധത്തിലാണ് സിനിമയില്‍ ‍കൈകാര്യം ചെയ്യപ്പെടുന്നത് എന്ന ഒരന്വേഷണം തീര്‍ത്തും ഉചിതമായിരിക്കും.

സിനിമയുടെ മോറല്‍ സെന്‍സ് (moral sense) ആയ കരീമിക്കയുടെ കഥാപാത്രം തന്നെ എടുക്കാം. ‘ഉസ്താദ് ഹോട്ടലിലെ’ നന്മയുടെ പ്രതീകമായ കരീമിക്ക ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ഒരു കാഴ്ചപ്പാടും മൂല്യവും ഉള്‍ക്കൊള്ളുമ്പോഴും കഥാപാത്രത്തിന്‍റെ ഭാഗത്തുനിന്നു തന്‍റെ നന്മയെ വിശ്വാസവുമായി ബന്ധിപ്പിക്കുന്ന ഡയലോഗുകളോ പ്രകടനങ്ങളോ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഭക്ഷണം വിളമ്പലിലെ ജനാധിപത്യ മൂല്യങ്ങളെ തന്റെ പേരക്കിടാവിലേക്ക് കരീമിക്ക പകരുന്നതും വിശ്വാസത്തെ അടിസ്ഥാനമാക്കിയല്ല. സിനിമയുടെ അവസാന ഭാഗത്ത്‌ പ്രത്യക്ഷപ്പെടുന്ന തമിഴ്നാടന്‍ ‍അയ്യരുമായി പങ്കുവെക്കുന്ന, പ്രശ്നകരമായ ഒരു ഗാന്ധിയന്‍ ‍രാഷ്ട്രീയത്തില്‍ ആസ്പദമാക്കിയ സാര്‍വ്വലൌകീക മാനവികമൂല്യം എന്നനിലയ്ക്ക് മാത്രമാണ്. ‘ഇവനെ ഭക്ഷണം പാകം ചെയ്യാന്‍ ഞാന്‍ ‍പഠിപ്പിച്ചിട്ടുണ്ട്. ആര്‍ക്കു വേണ്ടി പാകം ചെയ്യണം എന്നത് അയ്യര്‍ പഠിപ്പിക്കണം’ കരീമിക്ക അയ്യര്‍ക്ക് എഴുതിയ കത്തിലെ വാചകങ്ങള്‍ അടിവരയിടുന്നു.

ഇവിടെ നന്മനിറഞ്ഞ പാചകക്കാരന്‍ മുസ്ലിം ആകുമ്പോഴും അയാളെ

നയിക്കുന്ന പ്രത്യയശാസ്ത്രം ഇസ്ലാം അല്ലെന്നത് വ്യക്തം. മുസ്ലിം കഥാപാത്രങ്ങള് ‍എല്ലാം തന്നെ ഇസ്ലാമിനുള്ളില് ‍മാത്രമേ ചിത്രീകരിക്കപ്പെടാവൂ എന്നൊന്നും സമര്‍ഥിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പകരം, ഇസ്ലാമിനെക്കുറിച്ചുള്ള പതിവ് ചിത്രീകരണങ്ങളില്‍ നിന്ന് ഉസ്താദ്ഹോട്ടല്‍ എങ്ങനെയാണ് വ്യത്യസ്തത പുലര്‍ത്തുന്നതെന്നും, ആഖ്യാനത്തില്‍നിന്ന് അതിനെ പാടെ മാറ്റിനിര്‍ത്തിക്കൊണ്ട്, ഒരു മുസ്ലീമിനെ സെക്യുലര്‍ ഹ്യുമനിസത്തിന്റെ സബ്ജക്റ്റ് ആക്കിവെച്ചുക്കൊണ്ടാണെന്ന് തുറന്നുകാട്ടുകയാണ് ചെയുന്നത്. ഇങ്ങനെനോക്കുമ്പോള്‍, ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുന്ന സിനിമകളുടെ അതേ രാഷ്ട്രീയം തന്നെയാണ് പുതിയശൈലിയില്‍ ഉസ്താദ്ഹോട്ടലിലും പിന്തുടരുന്നത്

ഉസ്താദ്ഹോട്ടല്‍ ‍എന്ന സിനിമ ഇസ്ലാമിക മതവിശ്വാസത്തെയും മലബാരി സാംസ്കാരിക ചിഹ്ന്നങ്ങളെയും ഈവിധമാണ് പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ ഇസ്ലാമിനെ എന്നും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ ഈ സിനിമ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഇനി അന്വേഷിക്കാം.

വീണ്ടും ചില മുസ്ലീം സ്ത്രീ ആകാംക്ഷകള്‍

മാമുക്കോയയുടെ കഥ പറച്ചിലിലൂടെ ആരംഭിക്കുന്ന സിനിമ റസാക്കിന്‍റെ (സിദീക്) ‘മുസ്ലിം’ ഗൃഹത്തിലേക്ക് ‌പ്രവേശിക്കുന്നത് റാസാക്കും, ബുര്‍ക്കധരിച്ചു കണ്ണു മാത്രം കാണിച്ചുകൊണ്ടുള്ള ഭാര്യയും ഒരുമിച്ചുള്ള ഫ്രെയിമിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടാണ്. (സവര്‍ണ്ണ ഹിന്ദു ഗൃഹങ്ങളെ അടയാളപ്പെടുത്താന്‍
ദൈവങ്ങളുടെ പ്രതിഷ്ഠകളോ ഭക്തി ചിഹ്ന്നങ്ങളോ ഉപയോഗിച്ചു വരുന്നത് പോലെ). സിനിമയുടെ തുടക്കത്തില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന ഈ മുസ്ലിം സ്ത്രീ കഥാപാത്രം ഒരു ആണ്‍കുഞ്ഞിനുവേണ്ടിയുള്ള ഭര്‍ത്താവിന്‍റെ അതിയായ ‘ആശ’ സഫലീകരിക്കാന്‍ ‍അഞ്ചുപ്രസവിച് മരണപ്പെടുന്നു. അങ്ങിനെ, തുടര്‍ന്നുള്ള ആഖ്യാനത്തില്‍ ‍നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

മുസ്ലിം സ്ത്രീയെക്കുറിച്ചുള്ള ആഖ്യാനങ്ങളിലെ വാര്‍പ്പുമാതൃകകളെ ആലോസരപ്പെടുത്താതെയും, ഇളക്കം തട്ടിക്കാതെയുമാണ്‌ സിനിമയില്‍ ‍ഈ പാത്രനിര്‍മിതി നടത്തിയിരിക്കുന്നത്. മുസ്ലിം പുരുഷാധിപത്യം സൃഷ്ട്ടിക്കുന്ന ലിംഗാതിഷ്ട്ടിത ഇടങ്ങളില്‍ (gendered spaces) പ്രതിഷ്ട്ടിച്ചാല്‍ മാത്രമേ മുസ്ലീം സത്വപ്രതിനിധാനം പൂര്‍ണമാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന പരമ്പരാഗതരീതികളെ അതേപടി പിന്തുടരുകയാണ് ഇവിടെ. “ഉസ്താദ് ഹോട്ടല്‍ ‘ തുടക്കത്തില്‍ ‍തന്നെ നിര്‍മ്മിച്ചെടുക്കുന്ന ഈ സ്ഥിരം കെട്ടുകാഴ്ചാ മനോഘടനയില്‍ നിന്നുകൊണ്ടാണ് സിനിമയിലെ മുസ്ലീം ആഖ്യാനങ്ങള്‍ ‍പുരോഗമിക്കുന്നത്.

ഭാര്യയുടെ ദാരുണമായ മരണശേഷം റസാഖ് തന്‍റെ ‘ആധിപത്യമൂല്യങ്ങള്‍ ‘ പ്രയോഗിക്കുന്നത് ‘അനിഷ്ട്ടപാത്രങ്ങളായ’ നാല് പെണ്‍ മക്കളുടെമേലാണ്. റസാഖിന്‍റെ മുസ്ലിം പുരുഷാധിപത്യത്തിനു കീഴില്‍ ‍ഇവര്‍ ‍വളരെ ചെറുപ്പത്തില്‍ തന്നെ ഹിജാബു ധരിക്കുകയും കൊച്ചനുജനായ ഫൈസലിനെ ‘ഉമ്മയില്ലാത്ത കുറവുകളൊന്നും അറിയിക്കാതെ’ വളര്‍ത്തുകയും ചെയ്യുന്നു. സിനിമയില്‍ ഉടനീളം ഫൈസലിനെ ചുറ്റിപ്പറ്റിമാത്രമാണ് ഇവര്‍ ആഖ്യാനത്തിലേക്ക് കടന്നുവരുന്നത്.
മേല്‍പറഞ്ഞുവെച്ച സ്ത്രീ കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് നിത്യയുടെ കഥാപാത്രപ്രവേശം “എന്‍റെ കുടുംബം യാഥാസ്ഥികമാണ്. പക്ഷെ ഞാനങ്ങനെയല്ല. ബാഗ്ലൂര്‍ ആയിരുന്നു എന്‍റെ വിദ്യാഭ്യാസം’.

എന്ന് സ്വയം പരിചയപ്പെടുത്തുന്ന ശഹാന(നിത്യ) പ്രതിനിധീകരിക്കുന്ന വിമോചനാശയവും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും സിനിമയിലെ മുസ്ലിം സ്ത്രീപ്രതിനിധാനങ്ങളുടെ സങ്കീര്‍ണതകളെ വായിച്ചെടുക്കാന്‍ ഉതകുന്നതാണ്. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ, ആധുനിക വിദ്യാഭ്യാസം നേടിയ ‘പുരോഗമാനപരമായ് ‘ ചിന്തിക്കുന്ന മുസ്ലിം പെണ്‍കുട്ടിയെയാണ് ശഹാനയിലൂടെ ചിത്രീകരിക്കുന്നത്. സിനിമയില്‍ സ്വന്തമായ കര്‍തൃത്വം പ്രയോഗിക്കുന്ന ഒരേയൊരു മുസ്ലിം സ്ത്രീ കഥാപാത്രമാണിതെന്നതും ശ്രദ്ധേയമാണ്. രാത്രികാലങ്ങളിലെ പാട്ടിനും, നൃത്തിനും ശേഷം ‘today is the last day of my freedom’ എന്ന് പ്രഖ്യാപിച്ചു ബുര്‍ക്കയണിഞ്ഞു, തന്‍റെ യാഥാസ്ഥിതിക കുടുംബത്തിന്‍റെ മതില്‍ക്കെട്ടുകളിലേക്ക് എടുത്തുചാടുന്ന ശഹാന വിമോചനത്തെക്കുറിച്ചുള്ള ഏകപക്ഷീയ കാഴ്ചപ്പാടില്‍ അധിഷ്ട്ടിതമായ ഉദാര സ്ത്രീവാദസ്ഥാനം തന്നെയാണ് ഉറപ്പിക്കുന്നത്. ബുര്‍ക്ക സമം= മുസ്ലിം പുരുഷാധിപത്യം, നിശാക്ലബിലെ നൃത്തം സമം=വിമോചനം എന്ന പ്രശ്നസങ്കീര്‍ണ്ണമായ സമവാക്യം ഇവടെ ഊട്ടിയുറപ്പിക്കപ്പെടുന്നു.
വാസ്തവത്തില്‍ ഈ സിനിമയുടെ പശ്ചാത്തലത്തില്‍ ഇസ്ലാം മുസ്ലീം സ്ത്രീ എന്നിവയെക്കുറിച്ചുണ്ടായിട്ടുള്ള ചില വായനകളും ചര്‍ച്ചകളും പരിശോധിക്കുന്നത് പ്രസക്തമാവും.

ഈജിപ്തിലെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായ പള്ളിപ്രസ്ഥാനത്തെ പഠിച്ചുകൊണ്ട്, ഉദാര സ്ത്രീവാദത്തിന്‍റെ വേരുകളെക്കുറിച്ച് സബാ മാഹ്മൂദ്‌ മുമ്പോട്ടുവയ്ക്കുന്ന ചില നിരീക്ഷണങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പ്രധാനമാണ്. ഇസ്ലാമിക് ടെക്സ്റ്റുകളുടെ പഠനങ്ങളിലൂടെയും അതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയും തങ്ങളുടെ ജീവിതം കൂടുതല്‍ ഇസ്ലാമിക വല്ക്കരിച്ചുകൊണ്ട് സ്വന്തം സബ്ജക്റ്റിവിറ്റി കണ്ടെത്താന്‍

സബാ മാഹ്മൂദ്‌

ശ്രമിക്കുന്ന പള്ളിപ്രസ്ഥാനത്തിലെ സ്ത്രീകള്‍ എങ്ങിനെയാണ് അധീശ സ്ത്രീ വാദത്തിന്‍റെ ചട്ടക്കൂടുകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നത് എന്നാണു സബാ മാഹ്മൂദ്‌ അന്വേഷിക്കുന്നത്.
സകല ചട്ടക്കൂടുകളെയും  വലിച്ചെറിഞ്ഞുകൊണ്ട് ലിബറല്‍ സംസ്കാരത്തിലേക്ക് ‘ഉയരുമ്പോള്‍ ’ മാത്രമാണ് എല്ലാ സ്ത്രീകള്‍ക്കും വിമോചനം  സാധ്യമാവുകയുള്ളൂ എന്ന ഉദാരസ്ത്രീവാദ നിര്‍ബന്ധത്തെ, ഈ അധീശ വ്യവസ്ഥിതിക്ക് പുറത്ത് സ്വന്തം കര്‍തൃത്വം കണ്ടെത്തുന്ന സ്ത്രീകള്‍ അപ്രാപ്യമാവുന്നു. അല്ലെങ്കില്‍ സ്വന്തം സമുദായങ്ങള്‍ക്കെതിരെയും, അപ്പുറവും നില്‍ക്കുകയും പുരുഷാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ മാത്രമാണ് ഫെമിനിസത്തിന്‍റെ വിഷയി. അതുകൊണ്ടുതന്നെ ലിബറല്‍ വ്യവസ്ഥിതിയോട് താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത ഒരു മുസ്ലീം സ്ത്രീ എന്നും അടിച്ചമര്‍ത്തപ്പെടുന്നവളായും വിമോചിപ്പിക്കപ്പെടേണ്ടവളായും കണക്കാക്കപ്പെടുന്നു.
പ്രശ്നസങ്കീര്‍ണ്ണമായ ഇതേ കാഴ്ച്ച തന്നെയാണ് ‘ഉസ്താദ്‌ ഹോട്ടലിലും’ മുഴച്ചുനില്‍ക്കുന്നത്. കണ്ണുമാത്രം കാണിച്ചുകൊണ്ടുള്ള ബുര്‍കധരിച്ച മുസ്ലിം സ്ത്രീയില്‍ നിന്ന് തുടങ്ങുന്ന സിനിമ ബുര്‍ക ഊരി എറിഞ്ഞ് നിശാക്ലാബ്ബില്‍ മാപ്പിളപ്പാട്ടിന്‍റെ റീമികസ് പാടുകയും ഫെയ്സിയുടെകൂടെ ജീന്‍ ഇട്ടു നില്‍ക്കുകയും ചെയ്യുന്ന ശഹാനയില്‍ എത്തിനില്‍ക്കുന്നത് ഇതുകൊണ്ടാണ്.

സിനിമയുടെ അവസാനത്തില്‍ യാഥാസ്ഥിതിക കുടുംബത്തിന്‍റെ കെട്ടുപാടുകളില്‍നിന്ന് മുക്തി നേടി എങ്ങിനെയാണ് ശഹാന തന്‍റെ വിമോചനം സാധ്യമാക്കുന്നത് എന്നതും കൂടുതല്‍ വായിക്കപ്പെടേണ്ടതുണ്ട്. ഇവിടെ നായികയെ സ്വകുടുംബത്തില്‍ നിന്ന് ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത് തിലകന്‍ പ്രതിനിധീകരിക്കുന്ന പൊതു മാനവിക മൂല്യങ്ങളാണ്. അങ്ങനെ ‘ഉസ്താദ്‌ ഹോട്ടല്‍ ‘ അനുധാവനം ചെയ്യുന്ന മതേതര മൂല്യങ്ങളുടെ ഭാഗമാകുന്നതോടു കൂടി കഥാപാത്രത്തിന്‍റെ മതത്തെ അടയാളപ്പെടുത്തുന്ന ഹിജാബും ബുര്‍ക്കയുമൊക്കെ അപ്രത്യക്ഷമാവുന്നു.

വ്യത്യസ്തങ്ങളായ രണ്ട് ഇടങ്ങളിലാണ് സിനിമയിലുടനീളം മുസ്ലിം സ്ത്രീ പ്രതിനിധാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. മതചിഹ്ന്നങ്ങളാല്‍ അടയാളപ്പെടുത്തപ്പെടുന്ന യാഥാസ്ഥിതിക ഇടങ്ങളാണ് ആദ്യത്തേത്. സിദ്ദിക്കും കുടുംബവും പ്രതിനിധീകരിക്കുന്ന ഇടം മുസ്ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെടുകയും അവള്‍ക്കു സ്വന്തമായ കര്‍തൃത്വം നിഷേധിക്കപ്പെടുകയും ചെയ്യുന്നു

നിശാക്ലബ്ബും കരീമിക്കയുടെ ഉസ്താദ് ഹോട്ടലും പ്രതിനിധീകരിക്കുന്ന ഇടം ലിംഗസമത്വത്തിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വസിക്കുന്ന, മത ചിഹ്ന്നങ്ങളാല്‍ അടയാളപ്പെടുത്തപ്പെടാത്ത പൊതുമാനവിക ഇടങ്ങളാണ് രണ്ടാമത്തേത്. ഇവിടം മുസ്ലിംസ്ത്രീ വിമോചിതയും, കര്‍തൃത്വമുള്ളവളുമായി അവതരിപ്പിക്കപ്പെടുന്നു. ശഹാനയുടെ ആത്യന്തിക വിമോചനം സാധ്യമാകുന്നതും ഇവിടെയാണ്‌!

കരീമിക്കയും ഉസ്താദ് ഹോട്ടലും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയല്ല ഈ ലേഖനം പ്രശ്നവല്‍ക്കരിക്കുന്നത്. ‘മൂല്യങ്ങളുടെ രാഷ്ട്രീയം’ മലയാള സിനിമ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പഠിക്കപ്പെടെണ്ട മറ്റൊരു വിഷയമാണ്. ഇസ്ലാംമതത്തിനുള്ളിലെ വിമോചനസാധ്യതകളും ജനാധിപത്യമൂല്യങ്ങളും പാടെ നിരാകരിച്ചുകൊണ്ട്, മതത്താല്‍ നിര്‍ണ്ണയിക്കപ്പെടാത്ത എന്ന് അവകാശപെടുന്ന പൊതുമാനവിക സെക്ക്യുലര്‍ ഇടങ്ങളില്‍ മാത്രമേ മുസ്ലിം സ്ത്രീവിമോചനം സാധ്യമാവുകയുള്ളൂ എന്ന് സമര്‍ഥിക്കാന്‍ ഉദ്ദ്യേശിച്ചുകൊണ്ടുള്ള നിരന്തരമായ ഇത്തരം ആഖ്യാനങ്ങളാണ് ഇവിടെ പ്രശ്നവല്‍ക്കരിക്കുന്നത്. ഇതിന്‍റെ പിന്നിലെ രാഷ്ട്രീയ-ആശയ മേല്‍ക്കോയ്മകള്‍ അന്വേഷിക്കപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോവാറാണ് പതിവ്.
മലബാരി മുസ്ലിംസംസ്കാരത്തെ മലയാളസിനിമയുടെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തി എന്ന അവകാശവാദങ്ങളിലൂടെ
ആഘോഷിക്കപ്പെടുമ്പോഴും ഉസ്താദ് ഹോട്ടലില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന ‘വിരോധാഭാസങ്ങള്‍ ‘ തുറന്നു കാട്ടുന്നത് മലയാളസിനിമയില്‍ വേരുറച്ചുപോയ മുസ്ലിം വിരുദ്ധ സ്ഥാപിത ചിന്തകളാണ്. മാപ്പിളപ്പാട്ടിന്‍റെ ചേരുവകള്‍ ചേര്‍ത്ത് അല്‍പ്പം ‘നന്മയും’ മലബാറി ചിഹ്ന്നങ്ങളും വിതറി ‘ബിരിയാണി’ വിളമ്പിയാല്‍ ‍മലയാളസിനിമയുടെ ജനാധിപത്യവല്‍ക്കരണം പൂര്‍ണ്ണമായെന്നു സായൂജ്യമടയുന്ന ‘പുണ്യവാളന്മ്മാര്‍ ‘ ഇവിടെയും കണ്ണടച്ച്  ഇരുട്ടാക്കാന്‍തന്നെയാണ് സാധ്യത.

(നദ ടി. കെ. ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള രാംജിത് കോളേജിലെ ഇംഗ്ളീഷ് വിഭാഗത്തില്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയാണ്.)

Comments

comments

Print Friendly

Subscribe Our Email News Letter :