“മാധ്യമ/സൈബര്‍ എഴുത്തുകാര്‍ അസഹിഷ്ണതയുടെ നവ സവര്‍ണ്ണപാഠങ്ങള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുമാണ് വാര്‍ത്തകളെല്ലാം; അവിടെ മാത്രമെ വാര്‍ത്തകള്‍ പൊട്ടിമുളയ്ക്കുന്നുള്ളൂ എന്നാണ് ദേശീയ മാധ്യമങ്ങള്‍ വിളമ്പുന്നത്. ഗ്രാമ-നഗരഭേദമന്യെ കടുത്ത ജാതിപീഡനങ്ങള്‍ക്കും അയിത്താചരണങ്ങള്‍ക്കും ദലിതര്‍ വിധേയരാകുന്ന ഇന്ത്യന്‍ സമൂഹത്തില്‍, അതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പൊതുവെ മടികാണിക്കുകയാണ് ദേശീയ മാധ്യമങ്ങളുടെ പതിവ് രീതി.. കുപ്രസിദ്ധമായ മഹാരാഷ്ട്രയിലെ ഖെയ്റലാന്‍ജി സംഭവം മുതല്‍ അടുത്തിടെ തമിഴ്നാട്ടിലെ ദലിത് വനിതാപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കെതിരായ അക്രമങ്ങളും കേരളത്തിലെ പയ്യന്നൂരില്‍ ചിത്രലേഖ എന്ന ദലിത് യുവതിക്കെതിരെ ഇന്നും സ്ഥലത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ നടന്നുകൊണ്ടിരിക്കുന്ന ഹിംസയും സാമൂഹ്യഭ്രഷ്ടും വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന മാധ്യമഹത്യകളും ഉദാഹരണം.”
ആനയെന്ന് കേട്ടാലിന്ന് നാട്ടിലാകെ ഹാലിളകുന്ന കേസായത് തിരഞ്ഞെടുപ്പ് കാലമായതുകൊണ്ടു മാത്രമല്ല. ആന ഇന്ന് വെറും ആനയല്ല. ദേശത്തിന്റെ പാരമ്പര്യചിഹ്നം എന്നതിലുപരിയായി അത് ദേശീയ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന ദലിത് രാഷ്ട്രീയ സമുദായത്തെയും സമൂഹത്തെ മാറ്റിമറിയ്ക്കാന്‍ കെല്‍പ്പുളള അതിന്റെ രാഷ്ട്രീയത്തെയും കുറിയ്ക്കുന്നു. അതുകൊണ്ട് ആനയും മായാവതിയും ദേശീയമാധ്യമങ്ങള്‍ക്കും കണ്ണിലെ കരടാകുന്നു.
ആനയ്ക്ക് മറ തീര്‍ക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും മായാവതി എന്ന പേരുകേട്ടാല്‍ കോച്ചുവാതം പിടിയ്ക്കുന്ന മാധ്യമ/സൈബര്‍ എഴുത്തുകാരും അസഹിഷ്ണതയുടെ നവ സവര്‍ണ്ണപാഠങ്ങള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് വാര്‍ത്തകളെല്ലാം; അവിടെ മാത്രമെ വാര്‍ത്തകള്‍ പൊട്ടിമുളയ്ക്കുന്നുള്ളൂ എന്നാണ് ദേശീയ മാധ്യമങ്ങള്‍ വിളമ്പുന്നത്. ഗ്രാമ-നഗരഭേദമന്യെ കടുത്ത ജാതിപീഡനങ്ങള്‍ക്കും അയിത്താചരണങ്ങള്‍ക്കും ദലിതര്‍ വിധേയരാകുന്ന ഇന്ത്യന്‍ സമൂഹത്തില്‍, അതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പൊതുവെ മടികാണിക്കുകയാണ് ദേശീയ മാധ്യമങ്ങളുടെ പതിവ് രീതി.. കുപ്രസിദ്ധമായ മഹാരാഷ്ട്രയിലെ ഖെയ്റലാന്‍ജി സംഭവം മുതല്‍ അടുത്തിടെ തമിഴ്നാട്ടിലെ ദലിത് വനിതാപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കെതിരായ അക്രമങ്ങളും കേരളത്തിലെ പയ്യന്നൂരില്‍ ചിത്രലേഖ എന്ന ദലിത് യുവതിക്കെതിരെ ഇന്നും സ്ഥലത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ നടന്നുകൊണ്ടിരിക്കുന്ന ഹിംസയും സാമൂഹ്യഭ്രഷ്ടും വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന മാധ്യമഹത്യകളും ഉദാഹരണം. എന്നാല്‍ ഉത്തര്‍പ്രദേശിലെത്തിയാല്‍ മാധ്യമലോകം മലക്കം മറയും. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിന്റെ മുക്കിലും മൂലയിലും അരിച്ചുപെറുക്കി മായാവതി സര്‍ക്കാരിനെതിരായ നെഗറ്റീവ് വാര്‍ത്തകള്‍ സ്വരുക്കൂട്ടുന്ന തിരക്കിലാണ് മാധ്യമലോകം. സ്വയം എടുത്തണിഞ്ഞ മതേതര മുഖംമൂടി അഴിഞ്ഞുവീഴും വിധം യാതൊരു തത്ത്വദീക്ഷയുമില്ലാതെ പച്ചയായ ദലിത് വിരുദ്ധ ആശയ പ്രചരണമാണ് മായാവതിയ്ക്കെതിരെ എന്ന മട്ടില്‍ ദേശീയ മാധ്യമങ്ങള്‍ പടച്ചുവിടുന്നത്. മായാവതി ഇവിടെ വെറും നിമിത്തം മാത്രം.
മായാവതിയുടെ അമാനവീകരിക്കപ്പെട്ട വാര്‍പ്പുമാതൃകയുടെ ദൃശ്യതയിലാണ് ദേശീയമാധ്യമങ്ങള്‍ ദലിത് സമുദായത്തെയും രാഷ്ട്രീയത്തെയും വ്യാഖ്യാനിക്കുന്നത് അതാകട്ടെ, വര്‍ണ്ണവംശീയ വെറിയില്‍ മുക്കിയ അടക്കാനാവാത്ത സവര്‍ണ്ണ അസഹിഷ്ണുതയുടെയും പൊതുമണ്ഡലത്തിലെ ആധുനിക അയിത്താചരണമായ അന്യവത്കരണത്തിന്റെയും ചട്ടക്കൂടിലൂടെ മാധ്യമലോകം സൃഷ്ടിച്ചെടുക്കുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകളെല്ലാം തുണിയിട്ടു മൂടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ശുഷ്കാന്തിയേക്കാള്‍ തീക്ഷ്ണമാണ് ഈ മാധ്യമീകൃത വൈകൃതം.
തിരഞ്ഞെടുപ്പ് കാലമായതുകൊണ്ടു മാത്രമല്ല ഉത്തര്‍പ്രദേശ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ദേശത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന പശുബെല്‍റ്റിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതിലുപരി, മണ്ഡലനന്തര രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും മുന്നോട്ടുവയ്ക്കുന്ന സവര്‍ണ്ണഹിന്ദു രാഷ്ട്രീയത്തിന് ശക്തമായ ദലിത്/ബഹുജന്‍ ബദല്‍ തീര്‍ക്കുക വഴി ദേശീയ രാഷ്ട്രീയത്തില്‍ പുതു അധ്യായം തുറക്കുന്നതിനും ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിച്ചു. ദേശീയരാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങളാണ് അതുണ്ടാക്കിയത്. ഉത്തര്‍പ്രദേശിലെ സവിശേഷ സാഹചര്യത്തില്‍ നിന്നുടലെടുത്ത സമുദായവത്കരണത്തിന്റെ പ്രായോഗിക രാഷ്ട്രീയ മൂശയിലാണ് ഈ നവരാഷ്ടീയം വാര്‍ത്തെടുക്കപ്പെട്ടിട്ടുളളത്. കാല്‍പനിക ഇടതു രാഷ്ട്രീയബോധങ്ങള്‍ക്ക് പിടികിട്ടാത്ത, അടിത്തട്ടില്‍ നിന്നുള്ള സമുദായവത്കരണത്തിലൂടെയും ജാതി/മത/സമുദായ സമത്വത്തിലൂടെയും ഉരുത്തിരിയുന്ന സാമൂഹ്യരാഷ്ട്രീയ വപ്ളവമാണ് അതിന്റെ അടിത്തറ. അത് അംബേദ്കര്‍ ആശയങ്ങളില്‍ അടിയുറച്ചതുമാണ്. സര്‍വ്വജന്‍ എന്ന സാര്‍വ്വലൌകികതയായി അതിന് സമൂഹത്തിലെ ഇതര വിഭാഗങ്ങളെക്കൂടി പ്രതിനിധാനം ചെയ്യാനാകുന്നു. ദലിത് രാഷ്ട്രീയം അങ്ങനെ സമൂഹത്തിന്റെ ആകമാനമായ പരിവര്‍ത്തനത്തിന്റെ അടയാളപ്പെടുത്തലാകുന്നു. മായാവതി പ്രതിനിധാനം ചെയ്യുന്നത് ഈ നവരാഷ്ടീയധാരയെയാണ്. ദേശീയ മാധ്യമങ്ങളുടെ കണ്ണടച്ച് ഇരുട്ടാക്കല്‍ തന്ത്രത്തിലൂടെ സാമൂഹികമാറ്റത്തിന്റെ രാഷ്ട്രീയത്തിന് തടയിടാനാകില്ല. അതുകൊണ്ട്, മായാവതിക്കുശേഷം ദേശീയ മാധ്യമങ്ങള്‍ക്ക് എന്ത് പ്രസക്തി എന്നു നമുക്ക് ജെയിംസ് മട്ടി*നൊപ്പം ചോദിക്കേണ്ടിവരുന്നു.
2007 ലെ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ സ്വീകരിച്ച പക്ഷപാതപരമായ സമീപനത്തെ വിലയിരുത്തിക്കൊണ്ടാണ് ജെയിംസ് മട്ട് ഈ ചോദ്യം ഉന്നയിച്ചത്. 2012 ലെ പോലെ അന്നും രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തിയുള്ള പോര്‍വിളിയാണ് ദേശീയ മാധ്യമങ്ങള്‍ നടത്തിയത്. എന്നാല്‍, മാധ്യമപ്രവചന ഗുരുക്കന്മാരെയും രാഷ്ട്രീയ വിശകലന വിദഗ്ധരെയും അമ്പരപ്പിച്ചുകൊണ്ട,് അവരുടെ വംശീയവിഷം കലര്‍ന്ന വിശകലനങ്ങള്‍ തെറ്റെന്നു തെളിയിച്ചുകൊണ്ടും മായാവതി വന്‍ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശില്‍ വിജയിച്ചു. ഭരണവിരുദ്ധ വികാരം അലയടിക്കുന്നുവെന്ന് മാധ്യമങ്ങള്‍ അലമുറയിടുന്ന 2012-ല്‍ എത്തുമ്പോഴും വെല്ലവിളികള്‍ അതിജീവിക്കാന്‍ പ്രായോഗിക രാഷ്ട്രീയകുശലത കരുവാക്കി മുന്നേറുകയാണ് മായാവതി. അതോടൊപ്പം മായാവതിയെ ഓരോ ഇഞ്ചിലും താറടിച്ചു കാണിക്കാന്‍ പഴയ തന്ത്രങ്ങള്‍ പയറ്റി ദേശീയ മാധ്യമങ്ങളും.
ഇക്കുറിയും രാഹുല്‍ ഗാന്ധി തന്നെയാണ് ദേശീയമാധ്യമങ്ങളുടെ സവര്‍ണ്ണമുഖം. വാര്‍ത്തയായും ഫീച്ചറായും കാര്‍ട്ടൂണായും എല്ലാം അവതരിപ്പിക്കുന്നതില്‍ നവ-ഓറിയന്റിലിസത്തിന്റെ സവര്‍ണ്ണഭാഷ്യം നിഴലിക്കുന്നു. രാഹുല്‍ഗാന്ധിയുടെ പ്രചരണപരിപാടികളുടെ റിപ്പോര്‍ട്ടിംഗ് എന്നതിലുപരി, ഒരു പടികൂടി കടന്ന്, ഉത്തര്‍പ്രദേശ് എന്ന ആധുനിക ലങ്കയില്‍ നിന്ന് ദേശീയ രാഷ്ട്രീയമായ സവര്‍ണ്ണ സീതയെ മോചിപ്പിക്കാനെത്തിയ ശ്രീരാമനായി തന്നെയാണ് ദേശീയമാധ്യമങ്ങളുടെ സവര്‍ണ്ണ അബോധം രാഹുലിനെ വാഴിക്കുന്നത്. വാര്‍ത്തയുടെ ഓരോ ദൃശ്യതാളത്തിലും ശ്വാസഗതിയിലും ഇഞ്ചിലും കോളത്തിലും അത് നിറഞ്ഞുനില്‍ക്കുന്നു.
ജാതിപീഢനങ്ങള്‍, അഴിമതി, അക്രമങ്ങള്‍, അംബേദ്കര്‍പാര്‍ക്ക് എന്ന മട്ടില്‍ പോകുന്ന വാര്‍ത്തകളിലെല്ലാം മായാവതിയ്ക്ക് എതിരായ അസഹിഷ്ണുതയും വിരോധവും നിറഞ്ഞുനില്‍ക്കുന്നു. ‘രാഹുല്‍ഗാന്ധി മായാവതിക്കെതിരെ’, ‘നീതി ലഭിക്കാന്‍ യു.പി.യില്‍ യാതൊരു പ്രതീക്ഷയുമില്ല’,‘മായയ്ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍’, ‘സച്ചന്‍ കേസ്: മായയ്ക്ക് മിണ്ടാട്ടമില്ല’, ‘മായാ സര്‍ക്കാര്‍ തുറന്നു കാട്ടപ്പെടുന്നു’, ‘മായാവതിയുടെ പ്രസിദ്ധിക്ക് മങ്ങല്‍’ എന്നിങ്ങനെ പോകുന്നു മായാവതിക്കെതിരായ തലക്കെട്ടുകള്‍.
അതേസമയം, രാഹുലിനെ നല്ല പിള്ളചമച്ചിറക്കാന്‍ ദത്തശ്രദ്ധരാണ് ദേശീയ മാധ്യമങ്ങള്‍. ‘രാഹുലിന്റെ റോഡ്ഷോ രണ്ടാം ദിവസം’, ‘രാഹുലിന്റെ പ്രചരണപരിപാടികള്‍ക്ക് തുടക്കം’, ‘തിരഞ്ഞെടുപ്പ് അടുത്തു: രാഹുല്‍ വീണ്ടും യു.പിയില്‍’, ‘മായാവതിക്കു പുറമെ മുലായത്തെയും രാഹുല്‍ എതിരിടുന്നു’. ‘രാഹുലിന്റെ മിഷന്‍ യു.പി.ക്ക് തുടക്കം’ എന്നിങ്ങനെ രാഹുല്‍ഗാന്ധിക്കൊപ്പം നിന്നുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ ഉത്തര്‍പ്രദേശിന്റെ മനസ്സിനെ വാക്കുകൊണ്ടും ദൃശ്യങ്ങള്‍ കൊണ്ടും വരച്ചെടുക്കാന്‍ പെടാപ്പാടുപെടുന്നത്. കോണ്‍ഗ്രസ്സിന്റെ ദലിത് / മുസ്ളിം പ്രീണന രാഷ്ട്രീയത്തെ കയ്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന പാകത്തില്‍ നക്കിയും മണപ്പിച്ചും കൂടെക്കൂട്ടുമ്പോള്‍ തന്നെ മായാവതിക്ക് ഒരടി കൊടുക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ദേശീയ മാധ്യമങ്ങള്‍ പാഴാക്കുന്നില്ല. കണക്കുകളുടെ കസര്‍ത്തുകൊണ്ട് ഫ്രെണ്ടുലൈനും ദ് ഹിന്ദുവും തീര്‍ക്കുന്ന മായാവതി വിരുദ്ധ തരംഗം, കെട്ടുപൊട്ടിച്ച് പച്ചയായ ദലിത് വിരുദ്ധതയായി മുഖ്യധാരാ ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. അതിനായി, വീക്കിലീക്സ് ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ മിണ്ടാട്ടങ്ങള്‍ വരെ പൊലിപ്പിച്ച വാര്‍ത്തയാക്കുന്നു. ലക്നൌവിലെ അംബേദ്കര്‍ പാര്‍ക്കിനായി കോടികള്‍ ചിലവാക്കിയെന്ന് മുറവിളി കൂട്ടുന്നവര്‍, 2000-ലേറെ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന അംബേദകര്‍ ഗ്രാമപദ്ധതി, സാധാരണക്കാരായ ദലിത് / ബഹുജന്‍/മുസ്ളിം ജനതയുടെ സമുദായോദ്ധാരണം ലക്ഷ്യമിട്ടുള്ള ഹൌസിംഗ് പദ്ധതികള്‍ എന്നിങ്ങനെ ഉത്തര്‍പ്രദേശില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നിരവധി പദ്ധതികളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. NREG-യിലെ അഴിമതിയെക്കുറിച്ച് വാചാലമാകുമ്പോഴും അതിന്റെ മറുപുറമായ വികസന നേട്ടങ്ങളെ മറച്ചുവയ്ക്കുന്നതില്‍ ദത്തശ്രദ്ധമാണ് ദേശീയ മാധ്യമങ്ങള്‍. സാമൂഹിക സാമ്പത്തിക മേഖലയില്‍ പ്രകടമായ ഈ മാറ്റം സാമ്പത്തിക വളര്‍ച്ചാനിരക്കിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി ചുരുങ്ങിയ കാലയളവില്‍ ഉത്തര്‍പ്രദേശിനെ മാറ്റിത്തീര്‍ത്തിരിക്കുന്നു. സാമൂഹ്യജീവിതശൈലിയിലും ഇത് പ്രതിഫലിക്കുന്നുവെന്ന് ചന്ദ്രഭാന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ഗ്രാമീണ മേഖലയിലെ ദലിത് ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനം വെളിച്ചത്തുകൊണ്ടുവന്നു. വിദ്യാഭ്യാസ നിലവാരത്തിലും മറ്റേതൊരു സംസ്ഥാനത്തോടും കിടപിടിക്കാവുന്ന മികവ് അവകാശപ്പെടാമെന്ന് NCERT അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കി.. അങ്ങനെ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന, ജാതിരാഷ്ട്രീയത്തിന്റെ മാത്രം കേളീരംഗമെന്ന് ദേശീയമാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരിന് ചുരുങ്ങിയ കാലംകൊണ്ട് ഗുജറാത്തിനോടും പഞ്ചാബിനോടും കിടപിടിക്കാവുന്ന വികസന നേട്ടങ്ങള്‍ കൈവരിക്കാനായെങ്കില്‍, ഒരു ചോദ്യം അത് അവശേഷിപ്പിക്കുന്നു. ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിന്റെ മുക്കിലും മൂലയിലും അരിച്ചുപെറുക്കി നടന്ന മാധ്യമ കേസരികള്‍ക്ക് ഇതൊന്നും കൊട്ടിഘോഷിക്കാനുള്ള വാര്‍ത്തകള്‍ ആകാതിരുന്നത് എന്തുകൊണ്ട്? വീക്കിലീക്സുകാരന് ഇതൊന്നും ചോര്‍ന്നുകിട്ടാതിരുന്നതെന്തുകൊണ്ട്?
അംബേദ്കര്‍ പ്രതിമകള്‍ക്കെതിരെ ഉയരുന്ന സവര്‍ണ്ണ അസഹിഷ്ണതകള്‍ അവ തച്ചുതകര്‍ക്കുന്ന രാഷ്ട്രീയത്തിലേക്ക് അതതിടങ്ങളിലെ പ്രബല സവര്‍ണ്ണഹിന്ദു സമുദായങ്ങളെ നയിക്കുന്നു എന്നതുതന്നെ ചരിത്രം തിരുത്തിക്കുറിക്കുന്ന സിമ്പോളിക് പവര്‍ ആയി ദലിത് രാഷ്ട്രീയം മാറുന്നതിന്റെ സൂചനയാണ്. ലക്നൌവിലെയും നോയ്ഡയിലെയും അബേദ്കര്‍ പാര്‍ക്കിനോടുള്ള വിരോധം, ബുദ്ധ-ജൈനവിഹാരങ്ങളും ഗ്രന്ഥങ്ങളും ചുട്ടെരിച്ച സവര്‍ണ്ണ ഹൈന്ദവമനസ്സില്‍ നിന്നു വ്യത്യസ്തമാകുന്നില്ല. തന്നില്‍ ഒതുങ്ങികൂടാത്തതിനെ തച്ചുതകര്‍ക്കുന്ന ബ്രാഹ്മണിക്കല്‍ തന്ത്രം ഇന്നും വാമന വേഷങ്ങള്‍ക്ക് പഥ്യം. മായാവതിക്ക് എതിരായി വാര്‍ത്തയുണ്ടാക്കാനുള്ള വിഫല ശ്രമത്തിനിടെ ദേശീയമാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഒരു നല്ല കാര്യം ചെയ്തു. മറ്റെല്ലായിടത്തും മാധ്യമങ്ങളാല്‍ തമസ്കരിക്കപ്പെടുന്ന വാര്‍ത്തകള്‍-ദലിതര്‍ക്കെതിരായ സവര്‍ണ്ണഹിന്ദു അക്രമങ്ങള്‍, ഹിന്ദുജാതി സഭകളുടെ ദലിത് വിരുദ്ധത, സവര്‍ണ്ണഹിന്ദുക്കള്‍ യാതൊരു ഉളുപ്പുമില്ലാതെ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍, പരസ്യമായ ദുരഭിമാന ജാതിക്കൊലകള്‍, ഗ്രാമനഗര വ്യത്യാസമില്ലാതെ ഹൈന്ദവ ജീവിതത്തിന്റെ ഭാഗമായ അയിത്താചരണങ്ങള്‍ , കുടുംബങ്ങളില്‍ നിന്നും ആധുനിക മതേതര സ്ഥാപനങ്ങളിലേക്ക് വരെ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന, സമൂഹത്തില്‍ രൂഢമൂലമായ സവര്‍ണ്ണഹൈന്ദവ ജാതി സിംഫണിയുടെ ഒരറ്റമെങ്കിലും ഉത്തര്‍പ്രദേശില്‍ നിന്ന് ചികഞ്ഞെടുത്ത് വാര്‍ത്തകളായി ദേശീയ മാധ്യമങ്ങള്‍ കാണിച്ചുതന്നു. മായാവതി അല്ല, നൂറ്റാണ്ടുകളായി നാം ഭാരതീയര്‍ നാണംകെട്ട് പാരമ്പര്യമായി ആചരിച്ചുവരുന്ന ഇത്തരം സവര്‍ണ്ണ ആഭാസങ്ങളാണ് പ്രതിയെന്ന് അത് നമ്മെ അറിയാതെ എങ്കിലും ഓര്‍മ്മിപ്പിക്കുന്നു. വാര്‍ത്താഅവതാരകരുടെയും കോളം എഴുത്തുകാരുടെയും പുണ്യാഹം തളിച്ച ശബ്ദങ്ങളും അക്ഷരങ്ങളും ഒരിക്കലും നേരില്‍ പറഞ്ഞുതരാത്ത സത്യം. അതിനെക്കുറിച്ച് ഉത്തമ ബോധ്യമുള്ളതുകൊണ്ടാകാം മുമ്പൊരിക്കല്‍ NDTV യിലെ തന്റെ പ്രശസ്തമായ Walk the talk എന്ന ടെലിവിഷന്‍ ഷോയില്‍ പ്രശസ്ത ജേര്‍ണലിസ്റ് ശേഖര്‍ ഗുപ്ത മായാവതിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത് ഈയൊരു ചോദ്യത്തോടെയാണ്, ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ആര്‍ക്കാണ് ഏറ്റവും മോശം മാധ്യമകവറേജ് ലഭിക്കുന്നത്. ഉത്തരം മധ്യമവര്‍ഗ്ഗ പ്രേക്ഷക സമൂഹത്തിന് അറിയാം എന്നുതന്നെ ശേഖര്‍ ഗുപ്ത കരുതുന്നു. ആ അറിവ് ദേശീയ മാധ്യമങ്ങളുടെയും അവ ലക്ഷ്യമിടുന്ന മധ്യവര്‍ഗ്ഗ ഇന്ത്യന്‍ സമൂഹത്തിന്റെയും നേര്‍ക്കണ്ണാടിയാകുന്നു. ജീവിച്ചിരുന്നപ്പോഴും മരണാനന്തരവും അംബേദ്കറെക്കുറിച്ച് ഒരു നല്ലവാക്കുപോലും എഴുതാത്ത ദേശീയമാധ്യമങ്ങളുടെ പുത്തന്‍തലമുറക്കാര്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു എന്നു മാത്രം. സവര്‍ണ്ണ അസഹിഷ്ണതയുടെ മാധ്യമ സാംസ്കാരിക വിപിനത്തില്‍ സസന്തോഷം സാഘോഷം അതിനു തുടര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.