ഫ്യൂഡല്‍ പ്രഭുത്വത്തിന്റെ രണ്ടാമൂഴം

അങ്ങേയറ്റം പിന്തിരിപ്പന്‍മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വി. കെ. എന്‍. കൃതികള്‍ എങ്ങനെ ഇത്രമാത്രം ആസ്വദനീയങ്ങളായി ? എന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിന് ലേഖകന്‍ എന്ന നിലയില്‍ ഞാനും വായനക്കാര്‍ എന്ന നിലയില്‍ നമ്മളോരോരുത്തരും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇതൊരു തുറന്ന ചര്‍ച്ചയ്ക്കു വിഷയമാണ്. കൃതിയില്‍നിന്ന് വായനക്കാരനിലേക്കാണ് ഇനി അന്വേഷണം തുടരേണ്ടത് എന്നു വ്യക്തം. എനിക്കു തോന്നുന്ന ചില കാരണങ്ങള്‍, അവ അവസാനവാക്കാവാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അക്കമിട്ട് അവതരിപ്പിക്കട്ടെ.

അങ്ങേയറ്റം പിന്തിരിപ്പന്‍ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വി.കെ. എന്‍. കൃതികള്‍ എങ്ങനെ ഇത്രമാത്രം ആസ്വദനീയങ്ങളായി?

താനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രശസ്ത സാഹിത്യവിമര്‍ശകനായ വി. രാജകൃഷ്ണനെ ലേഖകന്‍ മാതൃഭൂമിയുടെ വാരാന്തപ്പതിപ്പിനുവേണ്ടി ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. ആധുനിക മലയാളസാഹിത്യമായിരുന്നു അഭിമുഖവിഷയം. നമ്മുടെ പുതിയ വിമര്‍ശകന്‍ പല ആധുനികസാഹിത്യകാരന്മാരെക്കുറിച്ചും എഴുതിയെങ്കിലും എന്തുകൊണ്ട് വി.കെ. എന്നിനെക്കുറിച്ച് ഏറെയൊന്നും എഴുതിയില്ല എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു: ശരിയാണ്, ആധുനിക വിമര്‍ശകര്‍ക്കുപോലും കൈവെക്കാന്‍ ധൈര്യം വരാത്ത മഹാപ്രതിഭയാണ് വി.കെ. എന്‍. (മാതൃഭൂമി വാരാന്തപ്പതിപ്പ്, ഫെബ്രുവരി 28, 1988). കെ. പി. അപ്പന്‍, വി. കെ. എന്നിനെക്കുറിച്ച് എഴുതിയ ‘കോമാളിയുഗത്തിലെ പുരുഷഗോപുരങ്ങള്‍’ എന്ന സാമാന്യം ദീര്‍ഘമായ പഠനം വായിക്കാതെയല്ല അദ്ദേഹം ഇതു പറഞ്ഞത്.
സാഹിത്യകാരന്റെ കൃതികള്‍ ഒന്നടങ്കം അഴിക്കാന്‍ വയ്യാത്ത വിസ്മയപ്രഹേളികയാവുകയെന്നത് ആ കൃതികളുടെ ഔന്നത്യത്തെ കാണിക്കുന്നുവോ എന്ന് ഉറപ്പില്ല. പക്ഷേ, അത് നമ്മുടെ വായനയുടെ ദൗര്‍ബല്യത്തെ സൂചിപ്പിക്കുന്നുവെന്നത് തീര്‍ച്ചയാണ്. കെ. പി. അപ്പന്റെ പഠനം ആദ്യപരിശ്രമമെന്ന നിലയില്‍ ശ്ലാഘനീയമാണെങ്കിലും വി.കെ. എന്‍ കൃതികളുടെ ബാഹ്യമായ ചില കാര്യങ്ങള്‍ പരത്തിപ്പറയാനേ ആ ലേഖനത്തിന് കഴിയുന്നുള്ളു. കൃതിയുടെ ആഴങ്ങളില്‍നിന്ന് വായനയ്ക്കു ലഭിക്കുന്ന തീവ്രമായ സാംസ്‌കാരികധ്വനികള്‍ ആ ലേഖനം ശ്രദ്ധിക്കാതെ പോകുന്നു.
വി. കെ. എന്‍. കൃതികളുടെ സമഗ്രപഠനത്തിന് ഇവിടെ മുതിരുന്നില്ല. മറിച്ച്, അവയില്‍ കണ്ടെത്താവുന്ന പ്രത്യയശാസ്ത്രപരവും സാംസ്‌കാരികവുമായ നിലപാടുകളെക്കുറിച്ച് ചില സൂചനകള്‍ നല്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളു. കെ. പി. അപ്പന്റെ ഒരു പ്രസ്താവനയെ അപഗ്രഥിക്കുന്നത് ഈ ഉദ്യമത്തിന് എളുപ്പത്തിലുള്ള തുടക്കമാവുമെന്നു തോന്നുന്നു. കെ. പി. അപ്പന്‍ എഴുതി.
‘ഏഥന്‍സ് ദുഷിച്ചിരുന്നപ്പോഴും സോക്രട്ടീസ് ദുഷിച്ചിരുന്നില്ല. കേരളം ജീര്‍ണതയിലേക്ക് നീങ്ങിയിരുന്നപ്പോഴും നമ്പ്യാര്‍ ജീര്‍ണതയിലേക്ക് നീങ്ങിയിരുന്നില്ല. അതുകൊണ്ടാണ് ഐറണിയുടെയും തുറന്ന ചിരിയുടെയും അമ്ലപ്രയോഗംകൊണ്ട് പരിസരജീര്‍ണതയെ ദ്രവിപ്പിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞത്. വി. കെ. എന്‍. എന്ന എഴുത്തുകാരന്റെ കലാപ്രതിഭയുടെ സ്വകാര്യപ്രവര്‍ത്തനവും (പരസ്യജീവിതമല്ല) ഈവിധ എല്ലാ ജീര്‍ണതയില്‍നിന്നും സ്വതന്ത്രമായി നില്ക്കുകയാണ്.’
(കെ.പി. അപ്പന്‍: മാറുന്ന മലയാളനോവല്‍ എന്ന പുസ്തകത്തിലെ ‘കോമാളിയുഗത്തിലെ പുരുഷഗോപുരങ്ങള്‍’ എന്ന ലേഖനം- പേജ് 106, ഗൗതമ, 1988).
ഇവിടെ ഏഥന്‍സാണോ സോക്രട്ടീസാണോ ദുഷിച്ചിരുന്നത് എന്ന കാര്യത്തില്‍പ്പോലും അഭിപ്രായവ്യത്യാസം ഉണ്ട്. ജനാധിപത്യവ്യവസ്ഥ നിലനിന്നിരുന്ന ഏഥന്‍സില്‍ വരേണ്യവര്‍ഗത്തിലെ ഒരു ചെറുവിഭാഗത്തിന്റെ (Aristocratic Oligarchy) ഭരണമുണ്ടാക്കാനായിരുന്നു സോക്രട്ടീസിന്റെ ശ്രമമെന്നു കരുതുന്ന നിരവധിപേര്‍ ഉണ്ട്. താരതമ്യേന സ്വതന്ത്രവും തുറന്നതുമായ ജനാധിപത്യക്രമത്തില്‍നിന്ന് വരേണ്യവര്‍ഗാധിപത്യത്തിന്റെ അടഞ്ഞവ്യവസ്ഥയിലേക്ക് ഗ്രീസിനെ നയിക്കാന്‍ ശ്രമിച്ചവരാണ് സോക്രട്ടീസും ശിഷ്യനായ പ്ലാറ്റോയും എന്ന് കാള്‍ പോപ്പര്‍ പറയുന്നു. ( Karl Popper : The Open Society and its Enemies Vol-1) ആ വിവാദത്തിലേക്കൊന്നും ഇവിടെ കടക്കുന്നില്ല. ബീഭത്സമാംവണ്ണം അഴുകിദ്രവിച്ച നമ്മുടെ സാമൂഹികജീവിതത്തിന്റെ ജീര്‍ണതയില്‍നിന്ന് സ്വതന്ത്രമായി നില്ക്കുന്ന വി. കെ. എന്നിന്റെ കലാപ്രതിഭ എന്ന ആശയത്തോടു തന്നെ പൂര്‍ണ്ണമായി യോജിക്കാനാവില്ല. സാമൂഹിക പശ്ചാത്തലത്തില്‍നിന്ന് പൂര്‍ണസ്വാതന്ത്ര്യം നേടാന്‍ ഒരു പ്രതിഭയ്ക്കും കഴിയില്ല. സ്വതന്ത്രമായി ശൂന്യതയില്‍ നില്ക്കുന്ന പ്രതിഭ എന്നത് കലയില്‍ ശുദ്ധലാവണ്യവാദികളും തത്ത്വചിന്തയില്‍ ആശയവാദികളും ഉണ്ടാക്കിയ അശാസ്ത്രീയസങ്കല്പമാണ്. പ്രതിഭ അതിന്റെ ജ്വലനത്തിന് ഇന്ധനമായി ഉപയോഗിക്കുന്നത് ജീവിതത്തെയും പാരമ്പര്യത്തെയുമൊക്കെ ആണ്. മറിച്ച്, സാമൂഹികജീവിതത്തിന്റെ യാന്ത്രികോത്പന്നമാണ് കല എന്നു കരുതുന്ന മാര്‍ക്‌സിസ്റ്റ് വരട്ടുവാദവുമുണ്ട്. വ്യക്തിപ്രതിഭയെ നിഷേധിക്കുകയോ അപ്രധാനമാക്കുകയോ ചെയ്യുന്ന ഇവര്‍ക്ക് കാലത്തെ അതിശയിക്കുന്ന കലാസൃഷ്ടിയുടെ പിറവിക്ക് ശാസ്ത്രീയവ്യാഖ്യാനം കൊടുക്കാനും കഴിയാറില്ല. കാലത്തെയും കാലഘടനയില്‍ ആപേക്ഷിക സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രതിഭയെയും നിഷേധിക്കാത്ത, അവയുടെ പരസ്പരപ്രവര്‍ത്തനത്തിലൂടെയാണ് കലാസൃഷ്ടി പിറവികൊള്ളുന്നത് എന്ന് അഭിപ്രായപ്പെടുന്ന ലിബറല്‍ മാധ്യമാര്‍ഗമായിരിക്കാം കാര്യങ്ങള്‍ അല്പം കൂടി വ്യക്തമായി വിശദീകരിക്കുന്നത്. ഏതായാലും, സമകാലീനജീര്‍ണതയില്‍നിന്ന് വി. കെ. എന്നിന്റെ കലാപ്രതിഭ മാറിനില്ക്കുന്നു എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ത്തന്നെ അദ്ദേഹം പിന്നെ ഏതു സംസ്‌കാരത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും തട്ടകത്തിലാണു നില്ക്കുന്നത് എന്ന് ചോദിക്കാവുന്നതാണ്. ഒരുപക്ഷേ, ഓരോ വ്യക്തിയെയും കൃതിയെയും നിയതവും നിഷ്‌കൃഷ്ടവുമായ പ്രത്യയശാസ്ത്രചതുരങ്ങളില്‍ ഒതുക്കുന്നതും ഒതുങ്ങാന്‍ ആജ്ഞാപിക്കുന്നതും മാര്‍ക്‌സിസ്റ്റ്-ഫാഷിസ്റ്റ് ശീലമായിരിക്കാം. അത്രയ്ക്ക് ക്രൂരതയും സൈദ്ധാന്തികശാഠ്യവും കാണിക്കാത്ത ലിബറല്‍മനോഭാവക്കാരനുപോലും ന്യായമായും ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്. വര്‍ത്തമാനകാലത്തിന്റെ കടുത്ത വിമര്‍ശനങ്ങള്‍ നിറഞ്ഞ വി.കെ. എന്നിന്റെ സാഹിത്യസഞ്ചയത്തില്‍ മറ്റൊരു ബദല്‍സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ ധ്വനിക്കുന്നുണ്ടോ എന്ന്.
സാഹിത്യസൃഷ്ടിയിലെ സാംസ്‌കാരികമൂല്യങ്ങമെന്നത് അതിന്റെ രൂപപ്രമേയാദികളില്‍ ആകമാനം വ്യാപിച്ചുകിടക്കുന്ന അദൃശ്യസാന്നിദ്ധ്യമാണ്. നമ്മുടെ വായനയിലൂടെയാണ് ആ സാന്നിധ്യം ചൈതന്യവത്താവുന്നത്. അതിനാല്‍ വി. കെ. എന്‍. കൃതികളിലെ സാംസ്‌കാരികസാന്നിദ്ധ്യം കണ്ടെത്തേണ്ടത് കൃതികളിലെ (Text)) വസ്തുനിഷ്ഠസൂചനകളിലും ആ സൂചനകള്‍ നമ്മുടെ വായനയില്‍ ഉളവാക്കുന്ന ധ്വനികളിലുമാണ്. കഥാപാത്രങ്ങള്‍, ആവര്‍ത്തിക്കപ്പെടുന്ന ബിംബങ്ങളും പാറ്റേണുകളും, കഥകളില്‍ കഥാകാരന്റെ സ്ഥാനം, ഭാഷാശൈലി, കാലഘടന തുടങ്ങിയ വസ്തുനിഷ്ഠമായ കാര്യങ്ങളില്‍നിന്ന്, പാഠം മറച്ചു വെച്ചിരിക്കുന്ന ധ്വനികളിലേക്ക് നീണ്ടുപോകുന്ന ഒരന്വേഷണമായിരിക്കും അനുയോജ്യം.

_______________________________
പയ്യന്റെ പൈതൃകം നമ്പൂതിരിത്തത്തിന്റേതാണ്. നമ്പൂതിരി സംസ്‌കാരത്തില്‍ കാല്പനികഭാവങ്ങള്‍ക്കു സ്ഥാനമില്ല. ചിട്ടകള്‍ക്കും ചടങ്ങുകള്‍ക്കും പ്രാധാന്യം നല്കുന്ന നിസ്സംഗമായ ക്ലാസിക്കല്‍ മനസ്സാണ് നമ്പൂതിരിയുടേത്. കൂടെ ആദര്‍ശങ്ങളോടും അവനവനോടുപോലും പുലര്‍ത്തുന്ന സിനിസിസവും ക്ലാസിസത്തിന്റെ ഉദാത്തഫലപ്രാപ്തിയെപ്പോലും ഈ സിനിസിസം നശിപ്പിച്ചു. (ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകത്തില്‍ പി.കെ. ബാലകൃഷ്ണനും കുഞ്ഞുണ്ണി മാസ്റ്റര്‍ സമാഹരിച്ച നമ്പൂതിരി ഫലിതങ്ങള്‍ക്ക് അവതാരിക എഴുതിയ കെ. സി. നാരായണനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.) ഒരുപക്ഷേ, പയ്യന്റെ ഗൃഹാതുരത്വമില്ലായ്മയ്ക്ക് ഒരു കാരണം കൂടി ഉണ്ടായിരിക്കാം. പയ്യനെ സംബന്ധിച്ചിടത്തോളം വള്ളുവനാടന്‍ ഗ്രാമീണ ജീവിതം നഷ്ടപ്പെട്ടു എന്നു പറയാനാവില്ല. ഡല്‍ഹിയില്‍ ഓരോ നിമിഷവും പയ്യന്‍ വള്ളുവനാടിനെ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീവിഷയകാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും ഭക്ഷണശേഷമുള്ള വെടിവട്ടത്തിന്റെ കാര്യത്തിലും പയ്യന് ഡല്‍ഹി വള്ളുവനാടിന്റെ തുടര്‍ച്ചയാണ്.
_______________________________

വി.കെ.എന്നിന്റെ ‘പട്ടണംപൊടി’ എന്ന ചെറുകഥ ഇങ്ങനെ തുടങ്ങുന്നു:
ആശ്വിനപൂര്‍ണിമം. അത്താഴശ്ശീവേലിയും ശാപ്പാടും കഴിഞ്ഞ് ഞാനും പൊതുവാളും അന്വലത്തിനു കിഴക്ക് കുന്നിന്‍പുറത്ത് ഒരു പാറയില്‍ ഇരുന്നു. നല്ല കാറ്റ്. നിലാവില്‍ തുള്ളുന്ന പുഴ. മീതെ കാച്ചിയ വലിയ പര്‍പ്പടകത്തിന്റെ വലിപ്പമുള്ള ചന്ദ്രന്‍. ഞാന്‍ ഭൂഭംഗി ആസ്വദിക്കുന്നത് വായിച്ചാവണം, പൊതുവാള്‍ പറഞ്ഞു:
വറുത്തുപ്പേരി വാരിവിതറിയ മാതിരിയുണ്ട് അല്ലേ?
അതെ.
മനുഷ്യന്‍ ചന്ദ്രനില്‍ പോയ കാര്യത്തെക്കുറിച്ചും ഗോളാന്തരയാത്രയെക്കുറിച്ചുമായി പിന്നെ അവരുടെ സംഭാഷണം. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയ കാര്യം വിശ്വസിക്കാന്‍ പൊതുവാളിന്  കഴിയുന്നില്ല. പക്ഷേ, ഗോളാന്തരയാത്രയുടെ പിറകിലുള്ള ഗണിതശാസ്ത്ര ഫോര്‍മുല കേട്ടപ്പോള്‍ പൊതുവാള്‍ അദ്ഭുത പരതന്ത്രനും ആവേശഭരിതനുമായി. പിന്നീട് അദ്ദേഹം ഒരുനുള്ള് പട്ടണംപൊടിയെടുത്ത് മൂക്കില്‍ വലിക്കുന്നു. അതില്‍നിന്ന് ഉത്പാദിപ്പിക്കപ്പെട്ട ഊര്‍ജ്ജം ഉപയോഗിച്ച് സ്വയം റോക്കറ്റായി, ആകാശത്തേക്കുയര്‍ന്നു. പിന്നെ, ബ്രഹ്മാണ്ഡത്തിന്റെ അനന്തവിസ്മൃതിയില്‍ അപ്രത്യക്ഷനായി.
അപ്പോള്‍ പിറകില്‍നിന്നൊരു ശബ്ദം. നോക്കുമ്പോള്‍ ‘യദിചന്ദ്രസഹസ്രാണി’ എന്നു തുടങ്ങുന്ന ശ്ലോകമുദ്ധരിച്ചുകൊണ്ട് നില്ക്കുന്നു പ്രൊഫസര്‍ ഓപ്പന്‍ ഹെയ്മര്‍.
അമ്പലവാസിയായ പൊതുവാളിനെ നവീനനായ ശൂന്യാകാശസഞ്ചാരിയാക്കിയതും ഓപ്പന്‍ ഹെയ്മര്‍ എന്ന പാശ്ചാത്യശാസ്ത്രജ്ഞനെ തിരിച്ച് പൊതുവാളിനു പകരം അമ്പലത്തിന്റെ കിഴക്കേ നടയ്ക്കല്‍ എത്തിച്ചതും ശ്രദ്ധിക്കുക. വി. കെ. എന്‍. കൃതികളില്‍ ആകമാനം ആവര്‍ത്തിക്കുന്ന ഒരു പാറ്റേണ്‍ ആണ് ഇവിടെയും കാണുന്നത്. നവീനമായ പാശ്ചാത്യ മുതലാളിത്ത നാഗരികതയ്‌ക്കെതിരെ പഴയ കേരളത്തിന്റെ ഫ്യൂഡല്‍ഗ്രാമീണതയെ തീര്‍ത്തും അസ്വാഭാവികമായി മുഖാമുഖം നിര്‍ത്തലാണ് ഈ പാറ്റേണിന്റെ അടിസ്ഥാനരൂപം. ഈ പാറ്റേണില്‍ത്തന്നെ മാന്ത്രികന്റെ കൈയടക്കത്തോടെ വി. കെ. എന്‍. സ്ഥലകാലങ്ങളെയും കഥാപാത്രങ്ങളെയും ചീട്ട് കശക്കുന്നതുപോലെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിമറിക്കുകയും ചെയ്യുന്നു. ജന്മിയായ ചാത്തുനായരെ വിക്‌ടോറിയാ മഹാറാണിയുടെ മുന്നില്‍ എത്തിച്ചതും (പിതാമഹന്‍) മഹന്‍നമ്പൂതിരിപ്പാടിനെ ലണ്ടനിലേക്ക് പറത്തുന്നതും (മീനാക്ഷിപുരം) നാം കാണുന്നു. വിശ്വന്‍ എന്ന നാടന്‍ശില്പി ബോംബെയില്‍നിന്ന് ലണ്ടനിലേക്കു പറക്കുമ്പോള്‍ ഷിവാസ് റീഗല്‍ കുടിച്ച് നളചരിതത്തിലെ ഹംസമായി മാറി ആകാശത്തിലേക്ക് പറന്നുപോകുന്നു (ഹംസം). ചിലപ്പോള്‍ ഈ പാറ്റേണ്‍ ഇത്രയും പ്രകടവും വിശദവുമായി പ്രത്യക്ഷപ്പെടാറില്ല. തനി നാടന്‍കഥാപാത്രങ്ങളെക്കൊണ്ട് ഇംഗ്ലീഷ് സംസാരിപ്പിക്കുന്നതിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിന് അന്യഭാഷയില്‍ പരിഭാഷ നല്കുന്നതിലും ഈ കുസൃതി ഒതുങ്ങും. വി. കെ.എന്‍. കൃതികളില്‍ മുഴുവന്‍ ഇങ്ങനെ വിരുദ്ധസംസ്‌കാരങ്ങളെ ഒത്തുവെക്കുന്നത് (Juxtaposition) കാണാം. പരസ്പരബന്ധമില്ലാത്ത  രണ്ടു കാര്യങ്ങളെ ഒരുമിച്ചുവെച്ച് അവയ്ക്കിടയില്‍ അതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ബന്ധം കണ്ടെത്തലാണ് ശാസ്ത്രജ്ഞന്റെയും കലാകാരന്റെയും സരസന്റെയും (Humourist) രീതി എന്ന് ആര്‍തര്‍ കോസ്‌ലര്‍ പറഞ്ഞത് ഓര്‍മവരികയാണ് (Arthur Koestler: The act of Creation). വിജാതീയദ്വന്ദ്വങ്ങളെ ബന്ധിപ്പിക്കാവുന്ന ഭാവനയാണ് സര്‍ഗഭാവന എന്ന് കോസ്‌ലര്‍ കരുതി. ‘ബൈസോസിയേറ്റീവ് ഇമാജിനേഷന്‍’ എന്നാണ് അദ്ദേഹം സര്‍ഗഭാവനയെ വിളിക്കുന്നത്. കോസ്‌ലറുടെ സിദ്ധാന്തം ഒരളവോളം വി.കെ. എന്നിന്റെ കൃതികളില്‍ ശരിയെന്നു തെളിയുന്നു.
വി. കെ. എന്നിലെ സാംസ്‌കാരികദ്വന്ദ്വത്തിന്റെ അസ്തിത്വം ആദ്യവായനയില്‍ത്തന്നെ തെളിയുന്ന വസ്തുതയാണ്. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചു വായിച്ചാല്‍ ഓരോ ഗണത്തിലും ഈ രണ്ട് ഉപഗണങ്ങള്‍കൂടി ഉണ്ടെന്നു തെളിയുന്നു. പ്രാചീനകേരളത്തിന്റെ ഫ്യൂഡല്‍സംസ്‌കാരത്തിന് സവര്‍ണവും അവര്‍ണവുമായ രണ്ടു മുഖങ്ങള്‍ നാം കാണുന്നു. നവീനപാശ്ചാത്യസംസ്‌കാരത്തിനുമുണ്ട് ഇമ്മട്ടില്‍ രണ്ട് ഉപഗണങ്ങള്‍. തികച്ചും വൈദേശികമായ യൂറോ-അമേരിക്കന്‍ സംസ്‌കാരവും വൈദേശിക മട്ടില്‍ ജീവിക്കാന്‍ പാടുപെടുന്ന ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ നാഗരികസംസ്‌കാരവും. വി. കെ. എന്‍. കൃതികളില്‍ ഈ നാലു സംസ്‌കാരങ്ങള്‍ക്കിടയില്‍ ആധിപത്യത്തിനുള്ള നിശ്ശബ്ദയുദ്ധം നടക്കുന്നുണ്ട്. ആ യുദ്ധത്തില്‍ കഥാകൃത്തായ വി. കെ. എന്‍. ഒരു വിഭാഗത്തിന്റെ കൂടെ തന്ത്രപൂര്‍വം പക്ഷംപിടിക്കുമ്പോഴാണ് കൃതിയുടെ പ്രത്യയശാസ്ത്രം അസന്ദിഗ്ധമാകുന്നത്.
കെ. പി. അപ്പന്‍ പറയുന്നത് വി. കെ. എന്‍. സമകാലചരിത്രത്തിന്  പാരഡി സൃഷ്ടിക്കുകയാണ് എന്നാണ്. ഇതു ശരിതന്നെ.

_________________________________
വി. കെ. എന്നിലെ സാംസ്‌കാരികദ്വന്ദ്വത്തിന്റെ അസ്തിത്വം ആദ്യവായനയില്‍ത്തന്നെ തെളിയുന്ന വസ്തുതയാണ്. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചു വായിച്ചാല്‍ ഓരോ ഗണത്തിലും ഈ രണ്ട് ഉപഗണങ്ങള്‍കൂടി ഉണ്ടെന്നു തെളിയുന്നു. പ്രാചീനകേരളത്തിന്റെ ഫ്യൂഡല്‍സംസ്‌കാരത്തിന് സവര്‍ണവും അവര്‍ണവുമായ രണ്ടു മുഖങ്ങള്‍ നാം കാണുന്നു. നവീനപാശ്ചാത്യസംസ്‌കാരത്തിനുമുണ്ട് ഇമ്മട്ടില്‍ രണ്ട് ഉപഗണങ്ങള്‍. തികച്ചും വൈദേശികമായ യൂറോ-അമേരിക്കന്‍ സംസ്‌കാരവും വൈദേശിക മട്ടില്‍ ജീവിക്കാന്‍ പാടുപെടുന്ന ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ നാഗരികസംസ്‌കാരവും. വി. കെ. എന്‍. കൃതികളില്‍ ഈ നാലു സംസ്‌കാരങ്ങള്‍ക്കിടയില്‍ ആധിപത്യത്തിനുള്ള നിശ്ശബ്ദയുദ്ധം നടക്കുന്നുണ്ട്. ആ യുദ്ധത്തില്‍ കഥാകൃത്തായ വി. കെ. എന്‍. ഒരു വിഭാഗത്തിന്റെ കൂടെ തന്ത്രപൂര്‍വം പക്ഷംപിടിക്കുമ്പോഴാണ് കൃതിയുടെ പ്രത്യയശാസ്ത്രം അസന്ദിഗ്ധമാകുന്നത്.
_________________________________

പക്ഷേ, അപ്പന്‍ ശ്രദ്ധിക്കാതെ പോകുന്നത്, വി.കെ.എന്‍. ചരിത്രത്തെ വെറുതെ കൂട്ടിക്കുഴച്ച് വികലമാക്കുകയല്ല മറിച്ച്, തന്റെ ഇച്ഛയ്ക്കും സാമൂഹികതാത്പര്യങ്ങള്‍ക്കുമനുസരിച്ച് പുനഃസൃഷ്ടി നടത്തുന്നുണ്ടെന്നതാണ്. സമകാലീനലോകത്തിലെ കോമാളിവേഷങ്ങളെയും ജീര്‍ണതയെയും ക്രൂരമായ ഹാസ്യത്തിന്റെ സഹായത്തോടെ ആക്രമിക്കുക മാത്രമല്ല, മറ്റൊരു വര്‍ഗത്തിന്റെ വിജയംകൂടി ഉറപ്പാക്കുന്നുണ്ടെന്നതാണ് സര്‍ ചാത്തു, പയ്യന്‍സ്, ഇന്റലിജന്‍സ് ചീഫ് രാമന്‍ നമ്പൂതിരി തുടങ്ങിയ കഥാപാത്രങ്ങളുടെ വിജയഗാഥ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. മറ്റെല്ലാ വര്‍ഗങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും മേല്‍ കേരളത്തിന്റെ  സവര്‍ണപ്രഭുവര്‍ഗത്തെ വാഴിക്കാനുള്ളത് ഉത്കടമായ മോഹം. കൃതികളില്‍ കഥാകാരനായ എഴുത്തുകാരന്റെ സ്ഥാനം പരിശോധിച്ചാല്‍ ഈ പക്ഷപാതത്തിന്റെ ആദ്യസൂചന കിട്ടും. വീരനായകന്മാര്‍ തങ്ങളെക്കുറിച്ചു തന്നെ വിവരിക്കുന്ന ആത്മഭാഷണരൂപത്തിലല്ല കൃതികള്‍ രചിച്ചിട്ടുള്ളത്. എന്നാല്‍ കഥാകാരനായ വി. കെ. എന്‍. തികഞ്ഞ നിസ്സംഗതയോടെ പുറമേനിന്ന് കാര്യങ്ങള്‍ കണ്ട് കഥപറയുകയുമല്ല. പകരം വീരനായകന്മാര്‍ക്ക് അകമ്പടിസേവിച്ചുകൊണ്ട്, അവരുടെ കൂടെനിന്ന് വര്‍ണന നടത്തുകയാണു ചെയ്യുന്നത്. പലപ്പോഴും സര്‍ ചാത്തുവിന്റെയും മറ്റും ക്രൂരപ്രവൃത്തികള്‍ കാണാതെ അവരുടെ വിക്രിയകള്‍ കണ്ട് പുളകം കൊള്ളുന്ന ആഖ്യാതാവിനെയാണ് നാം കാണുന്നത്. ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു: ജയിക്കുന്നത് ഫ്യൂഡല്‍പ്രഭുത്വമെങ്കില്‍ തോല്ക്കുന്നതാരൊക്കെ?
നേരത്തെ തിരച്ചറിഞ്ഞ നാലു സംസ്‌കാരങ്ങളില്‍ (വര്‍ഗങ്ങളില്‍) മറ്റു മൂന്നെണ്ണം തന്നെ എന്ന് ലളിതമായി ഉത്തരം പറയാം. എന്നാല്‍ ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വി. കെ.എന്‍. തന്റെ സാഹിത്യപ്രപഞ്ചം ചമച്ചത് പുരോഗമന സാഹിത്യകാരന്മാരെപ്പോലെ അപക്വമായ രീതിയിലല്ല. ജീവിതത്തെ കറുപ്പും വെളുപ്പുമായി തിരിച്ച്, തുറന്നൊരു യുദ്ധരംഗവും സൃഷ്ടിച്ച് അതില്‍ തൊഴിലാളിവര്‍ഗം ഭൂപ്രഭുക്കളെ തോല്പിക്കുന്നതുപോലെ ലളിതവും പ്രകടവുമായ രീതിയിലല്ല വി. കെ.എന്‍. തന്റെ കൃതികളിലെ സംഘര്‍ഷങ്ങള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. കൃത്യമായി കാണാവുന്ന ഒരു സംഭവത്തെ ചുറ്റിപ്പറ്റിയല്ല വി. കെ.എന്‍. തന്റെ നോവലുകള്‍ രചിച്ചിരിക്കുന്നത്. മറിച്ച്, വീരനായകന്മാരുടെ ജീവിതവും അവരുടെ ആരോഹണവുമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
കൃതികളില്‍ ഉടനീളം ‘നീചന്മാര്‍’ എന്ന തുറന്ന  ജല്പനം കേള്‍ക്കേണ്ടിവരുന്നത് ദളിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമാണ്. അവരെ ‘അവറ്റകള്‍’ എന്നാണ് വീരനായകന്മാര്‍ പറയുക പതിവ്. പ്രഭുക്കളുടെ സര്‍വാണി ഉണ്ടും അവര്‍ക്കുവേണ്ടി ജോലിചെയ്തും കള്ളു മോന്തിയും ജീവിക്കുന്ന ഒരു വര്‍ഗമാണവര്‍. ചാത്തന്‍സ് എന്ന ദളിതനായ നായകപുരുഷനെക്കൂടി വി. കെ. എന്‍. സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, ചാത്തന്‍സ് സര്‍ ചാത്തുനായരുടെ ആള്‍മാറാട്ടരൂപമാണെന്ന് മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടില്ല. ചാത്തന്‍സും ജനറല്‍ ചാത്തന്‍സുമൊക്കെ സര്‍ ചാത്തുതന്നെ. തൊഴിലാളികളുടെയും പിന്നാക്കക്കാരുടെയും ഇടയിലുണ്ടായ പുരോഗമനപ്രസ്ഥാനങ്ങളെയും സംഘടനകളെയും പൊതുവേ ലാഘവത്തോടെയാണ് വി. കെ. എന്‍. വര്‍ണിക്കുന്നത്. ചിലപ്പോള്‍ വീരപുരുഷന്മാര്‍ തന്നെ മാര്‍ക്‌സിനെ ഉദ്ധരിക്കുകയും വിപ്ലവം പ്രസംഗിക്കുകയും ചെയ്തുകൊണ്ട് വിപ്ലവപ്രസ്ഥാനങ്ങളെ ഏറ്റെടുക്കുകകൂടി ചെയ്യുമ്പോള്‍ പരിഹാസം പൂര്‍ണമാകുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ മാത്രമല്ല കോണ്‍ഗ്രസ്സിന്റെ ആദ്യകാല പുരോഗമനരാഷ്ട്രീയപ്രവര്‍ത്തനങ്ങളെ വി. കെ. എന്‍. കളിയാക്കിയിട്ടുണ്ടെന്ന് ‘ജ്ഞാനി’ എന്ന കഥ വായിക്കുമ്പോള്‍ മനസ്സിലാകുന്നു. പിതാമഹനില്‍ സര്‍ ചാത്തുവിന്റെ മുഖ്യ എതിരാളികള്‍ മുഴുവന്‍ സവര്‍ണരാണ് എന്നതു നമ്മെ തെറ്റിദ്ധരിപ്പിക്കരുത്. ദളിതരെയും അവര്‍ണരെയും അഗണ്യകോടിയില്‍ തള്ളിയശേഷം അവസാനത്തെ അധികാരമത്സരത്തിലാണ് സര്‍ ചാത്തു ചേലക്കോടനുമായും പിന്നീട് പൂവന്‍പഴമംഗലം നമ്പൂതിരിയുമായും യുദ്ധത്തിലേര്‍പ്പെടുന്നത്.
സര്‍ ചാത്തുവിനെ പൂവന്‍പഴമംഗലം നമ്പൂതിരിയില്‍നിന്നു വേര്‍തിരിക്കുന്ന ഘടകം ചാത്തുവിന്റെ ‘സര്‍’ പദവിയും ഇംഗ്ലീഷ് പരിജ്ഞാനവും മാത്രമല്ല, ചാത്തുവിന്റെ ക്യാപ്പിറ്റലിസ്റ്റ് മോഹങ്ങള്‍ക്കൂടിയാണ്. ഓട്ടുകമ്പനി സ്ഥാപിച്ചും ബസ്സിറക്കിയും അദ്ദേഹം മുതലുണ്ടാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. മുതലാളിയായി പണമുണ്ടാക്കണമെന്നല്ലാതെ ക്യാപ്പിറ്റലിസ്റ്റ് മൂല്യങ്ങള്‍ ചാത്തു അശേഷം ഉള്‍ക്കൊള്ളുന്നില്ല. ഒന്നാലോചിച്ചാല്‍ വി. കെ. എന്നിന്റെ നായകകഥാപാത്രങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായി ഫ്യൂഡലിസ്റ്റുകളാണ്. പയ്യനാണ് ഏറ്റവും നല്ല ഉദാഹരണം. വന്‍നഗരത്തിലെ ഉന്നതശ്രേണികളില്‍ വിലസിനടക്കുമ്പോഴും അദ്ദേഹം വള്ളുവനാടന്‍ നായര്‍ജന്മിയുടെ സന്തതിതന്നെ. താന്‍ ഇംഗ്ലീഷ് പരിജ്ഞാനവും മറ്റും സ്ത്രീകളെ വശീകരിക്കാനുള്ള ആഭരണമായിട്ടോ എതിരാളികളെ തകര്‍ക്കാനുള്ള ആയുധമായിട്ടോ ആണ് പയ്യന്‍ ഉപയോഗിക്കുന്നത്. ആകെക്കൂടി, നൂതനവിജ്ഞാനം പയ്യന് നഗരത്തിലെ ഉന്നതശ്രേണിയിലെ ഒന്നാംതരം പൗരത്വം ഉറപ്പുവരുത്തുന്നു. പയ്യനെപ്പോലെ, അധികാരത്തിലെ ഇന്റലിജന്‍സ് ചീഫ് രാമന്‍നമ്പൂതിരിയും തന്റെ ആര്‍ജിതവിജ്ഞാനത്തെ അമിതമായി പ്രദര്‍ശിപ്പിച്ച് വിജയം കണ്ടെത്തുന്നു. പുത്തന്‍മുതലാളിത്തത്തിന്റെ സന്തതികളാണ് ഇവിടെയൊക്കെ നിഷ്പ്രഭരാവുന്നത്. കാരണം, പയ്യന് അവരെപ്പോലെ ഇംഗ്ലീഷും നൂതനവിദ്യാഭ്യാസവുമുണ്ട്. എന്നാല്‍, അവര്‍ക്ക് ഒരിക്കലും കിട്ടാത്ത ഫ്യൂഡല്‍പൈതൃകത്തിന്റെ ഭാഷയായ സംസ്‌കൃതവും പ്രയോഗിക്കാനറിയാം. രണ്ടു ലോകത്തിന്റെ ആര്‍ജിതസമ്പത്തു നേടിയവന് ഏകലോകത്തിന്റെ സന്തതിയേക്കാള്‍ മുന്‍തൂക്കം കിട്ടുന്നത് സ്വാഭാവികമാണല്ലോ. മുതലാളിത്തത്തിന്റെ അന്തഃസാരശൂന്യരായ കോമാളിരൂപങ്ങളെ പയ്യന്‍ നിശിതമായി പരിഹസിക്കുന്നത് വ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടിയൊന്നുമല്ല, തന്റെ വ്യക്തിപ്രഭാവം വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ്. ഇവ്വണ്ണം ഈ വീരനായകന്‍മാര്‍ യൂറോ അമേരിക്കന്‍ വംശജരുടെവരെ ആദരവ് നേടുന്നു.
നൂതനവിദ്യാഭ്യാസം വി. കെ. എന്നിന്റെ നായകകഥാപാത്രങ്ങള്‍ക്ക് പുതിയ ജീവിതമൂല്യങ്ങളൊന്നും പ്രദാനം ചെയ്തിട്ടില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവു കിട്ടുന്നത് സ്ത്രീകളോട് ഇവര്‍ക്കുള്ള മനോഭാവം അറിയുമ്പോഴാണ്. കെ. പി. അപ്പന്‍ തന്റെ പഠനത്തില്‍ രണ്ടിടത്തായി പറയുന്നുണ്ട്, വീരപുരുഷന്മാരാണ് വി. കെ. എന്നിന്റെ നായകന്മാരെന്നും അശ്ലീലച്ചുവയുള്ളതാണ് അദ്ദേഹത്തിന്റെ ഫലിതമെന്നും വാസ്തവത്തില്‍ പുരുഷാധിപത്യവും അശ്ലീലവും പാഠത്തിന്റെ മേല്‍പ്പരപ്പില്‍ത്തന്നെ തെളിഞ്ഞു കാണാവുന്ന കാര്യങ്ങളാണ്. പാഠം മറച്ചുവെക്കുന്നത് വി. കെ. എന്നിന്റെ സ്ത്രീകഥാപാത്രങ്ങളുടെ അധമമായ അവസ്ഥയാണ്. മുതലാളിയുഗം സ്ത്രീക്ക് കൊടുത്തിട്ടുള്ള ഉയര്‍ന്ന പരിഗണനയൊന്നും വി. കെ. എന്‍. തന്റെ സ്ത്രീകഥാപാത്രങ്ങള്‍ക്കു നല്കിയിട്ടില്ല. അവര്‍ക്കൊക്കെ ഒരേ മുഖമാണ്-സുന്ദരികളും തടിച്ചികളും. താരതമ്യേന ബുദ്ധി കുറഞ്ഞവരും പുരുഷന്റെ ഭോഗോപകരണങ്ങളായി ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ് അവര്‍. ലൈംഗികസൂചനകളോടുകൂടി മാത്രമേ വി. കെ. എന്‍. കൃതികളില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നുള്ളു. പിതാമഹന്റെയും ഇന്ദുലേഖയുടെയും കഥയിലെ കാലഘട്ടം ഏതാണ്ട് ഒന്നായിരിക്കാം. എന്നിട്ടും, ഇന്ദുലേഖയുടെ എത്ര പിറകിലാണ് ഒരു നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട പിതാമഹനിലെ ലേഡി ഷാറ്റ്!

________________________________
മുതലാളിയുഗം സ്ത്രീക്ക് കൊടുത്തിട്ടുള്ള ഉയര്‍ന്ന പരിഗണനയൊന്നും വി. കെ. എന്‍. തന്റെ സ്ത്രീകഥാപാത്രങ്ങള്‍ക്കു നല്കിയിട്ടില്ല. അവര്‍ക്കൊക്കെ ഒരേ മുഖമാണ്-സുന്ദരികളും തടിച്ചികളും. താരതമ്യേന ബുദ്ധി കുറഞ്ഞവരും പുരുഷന്റെ ഭോഗോപകരണങ്ങളായി ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ് അവര്‍. ലൈംഗികസൂചനകളോടുകൂടി മാത്രമേ വി. കെ. എന്‍. കൃതികളില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നുള്ളു. പിതാമഹന്റെയും ഇന്ദുലേഖയുടെയും കഥയിലെ കാലഘട്ടം ഏതാണ്ട് ഒന്നായിരിക്കാം. എന്നിട്ടും, ഇന്ദുലേഖയുടെ എത്ര പിറകിലാണ് ഒരു നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട പിതാമഹനിലെ ലേഡി ഷാറ്റ്!
________________________________

വി. കെ. എന്നിന്റെ നായകന്മാരുടെ ശ്രദ്ധിക്കേണ്ട ഒരു സ്വഭാവവിശേഷം വികാരരാഹിത്യമാണ്. കാമവും വിശപ്പുമാണ് അവര്‍ അനുഭവിക്കുന്ന രണ്ടേരണ്ടു വികാരങ്ങള്‍. കാമഭക്ഷ്യോത്സവങ്ങളാണ് വി. കെ. എന്നിന്റെ സാഹിത്യത്തില്‍ പൊടിപൊടിക്കുന്നത്. ഉദാത്തമായ വികാരങ്ങള്‍ അവരെ തെല്ലും ഏശിയിട്ടില്ല. നാട്ടിന്‍പുറത്തുനിന്ന് നഗരത്തിലേക്ക് പറിച്ചുമാറ്റപ്പെട്ടിട്ടും പയ്യന്റെ മനസ്സില്‍ ഗൃഹാതുരത്വം നിഴല്‍വീശിയിട്ടില്ലല്ലോ. ഇതിന് രണ്ടു കാരണങ്ങളുണ്ടാവാം. ഒന്നാമതായി, പയ്യന്റെ പൈതൃകം നമ്പൂതിരിത്തത്തിന്റേതാണ്. നമ്പൂതിരി സംസ്‌കാരത്തില്‍ കാല്പനികഭാവങ്ങള്‍ക്കു സ്ഥാനമില്ല. ചിട്ടകള്‍ക്കും ചടങ്ങുകള്‍ക്കും പ്രാധാന്യം നല്കുന്ന നിസ്സംഗമായ ക്ലാസിക്കല്‍ മനസ്സാണ് നമ്പൂതിരിയുടേത്. കൂടെ ആദര്‍ശങ്ങളോടും അവനവനോടുപോലും പുലര്‍ത്തുന്ന സിനിസിസവും ക്ലാസിസത്തിന്റെ ഉദാത്തഫലപ്രാപ്തിയെപ്പോലും ഈ സിനിസിസം നശിപ്പിച്ചു. (ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകത്തില്‍ പി.കെ. ബാലകൃഷ്ണനും കുഞ്ഞുണ്ണി മാസ്റ്റര്‍ സമാഹരിച്ച നമ്പൂതിരി ഫലിതങ്ങള്‍ക്ക് അവതാരിക എഴുതിയ കെ. സി. നാരായണനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.) ഒരുപക്ഷേ, പയ്യന്റെ ഗൃഹാതുരത്വമില്ലായ്മയ്ക്ക് ഒരു കാരണം കൂടി ഉണ്ടായിരിക്കാം. പയ്യനെ സംബന്ധിച്ചിടത്തോളം വള്ളുവനാടന്‍ ഗ്രാമീണ ജീവിതം നഷ്ടപ്പെട്ടു എന്നു പറയാനാവില്ല. ഡല്‍ഹിയില്‍ ഓരോ നിമിഷവും പയ്യന്‍ വള്ളുവനാടിനെ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീവിഷയകാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും ഭക്ഷണശേഷമുള്ള വെടിവട്ടത്തിന്റെ കാര്യത്തിലും പയ്യന് ഡല്‍ഹി വള്ളുവനാടിന്റെ തുടര്‍ച്ചയാണ്.
വി. കെ. എന്നിന്റെ സാഹിത്യത്തില്‍ ഫ്യൂഡല്‍പ്രഭുത്വത്തിന്റെ രണ്ടാമൂഴം നാം ദര്‍ശിക്കുന്നു. വി. കെ. എന്നിന്റെ ഫലിതമാകട്ടെ നമ്പൂതിരിഫലിതത്തിന്റെ തുടര്‍ച്ചയാണെന്നു കാണാന്‍ പ്രയാസമില്ല. തീക്ഷ്ണമായ ബുദ്ധിപരത, നിസ്സംഗത, സ്ത്രീകളോടും കീഴ്ജാതിക്കാരോടുമുള്ള മനോഭാവം തുടങ്ങിയ കാര്യങ്ങളില്‍ വി. കെ. എന്‍. സാഹിത്യം നമ്പൂതിരിഫലിതത്തിന്റെ പൈതൃകം പേറുന്നു. ഫലിതത്തിന്റെ സങ്കേതത്തിലും ഈയൊരു സാമ്യം കാണാം. രണ്ടിലും ഹാസ്യം ജനിക്കുന്നത് പലപ്പോഴും ഭാഷകൊണ്ടുള്ള പകിടകളില്‍നിന്നാണ്. യന്ത്ര സംസ്‌കാരത്തിന്റെ ഉത്പന്നമായ തീവണ്ടി വള്ളുവനാടിന്റെ ഗ്രാമീണതയ്ക്കു കുറുകെ ഭീകരശബ്ദത്തോടെ ഓടിയപ്പോള്‍ നമ്പൂതിരി മനസ്സിനു തോന്നിയ അമ്പരപ്പും ഹാസ്യവും വി. കെ. എന്നില്‍ വിരുദ്ധസംസ്‌കാരങ്ങളുടെ ഒപ്പം വെക്കലായി പരിണമിക്കുന്നു. പക്ഷേ, നമ്പൂതിരിഫലിതത്തിന്റെ തുടര്‍ച്ച മാത്രമല്ല വികാസംകൂടിയാണ് വി. കെ. എന്നിന്റെ സാഹിത്യം. പ്രമേയത്തിന്റെയും സങ്കേതത്തിന്റെയും കാര്യത്തില്‍ ഇതു ശരിയാണ്. പാശ്ചാത്യഹാസ്യസാഹിത്യത്തിന്റെ മര്‍മം മനസ്സിലാക്കാന്‍ അവസരം കിട്ടിയ വി. കെ. എന്‍. നമ്പൂതിരി ഫലിതത്തെ ബഹുദൂരം പിന്നിലാക്കുന്നു; സര്‍ ചാത്തു പൂവന്‍പഴം നമ്പൂതിരിയെ എന്നപോലെ
സാഹിത്യത്തിലെ പ്രത്യയശാസ്ത്രമെന്നത് യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ അനുകരണമല്ലെന്ന് മാര്‍ക്‌സും ഫ്രോയ്ഡും തൊട്ട് പുതിയ അപനിര്‍മ്മാണവാദികള്‍ വരെയുള്ളവര്‍ പല രീതിയില്‍ പറഞ്ഞിട്ടുണ്ട്. സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ തലതിരിച്ചിട്ട രൂപമാണ് കൃതിയിലെ പ്രത്യയശാസ്ത്രമെന്ന് മാര്‍ക്‌സ് പറയുന്നു. കൃതിയില്‍ യാഥാര്‍ത്ഥ്യത്തോടൊപ്പം സ്വപ്നത്തിന്റെ അംശംകൂടിയുണ്ടെന്ന് മനഃശാസ്ത്രവിമര്‍ശകര്‍ പറഞ്ഞിട്ടുണ്ട്. വി. കെ. എന്നിന്റെ സാഹിത്യകൃതികള്‍ ഈ പ്രസ്താവനകളെ ശരിവെക്കുന്നു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങലുടെ വളര്‍ച്ചയോടെ ഇവിടത്തെ സവര്‍ണസംസ്‌കാരം തകര്‍ന്നു; സാമ്പത്തികമായും അവര്‍ പിന്തള്ളപ്പെട്ടു. ഇതാണ് യാഥാര്‍ത്ഥ്യം. വി. കെ. എന്നിന്റെ കൃതികളില്‍ കാണുന്നത് യാഥാര്‍ത്ഥ്യത്തിന്റെ തലതിരിച്ചിട്ട രൂപംതന്നെ. അഥവാ, നൂതനവിദ്യാഭ്യാസവും ക്യാപ്പിറ്റലിസ്റ്റ് സൂത്രങ്ങളും കൈക്കലാക്കി വീണ്ടും സമൂഹത്തിന്റെ അമരത്തിരിക്കാമെന്ന സവര്‍ണരുടെ മനസ്സിലെവിടെയോ അവശേഷിക്കുന്ന സ്വപ്നം തന്നെ.
അങ്ങേയറ്റം പിന്തിരിപ്പന്‍മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വി. കെ. എന്‍. കൃതികള്‍ എങ്ങനെ ഇത്രമാത്രം ആസ്വദനീയങ്ങളായി എന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യത്തിന് ലേഖകന്‍ എന്ന നിലയില്‍ ഞാനും വായനക്കാര്‍ എന്ന നിലയില്‍ നമ്മളോരോരുത്തരും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇതൊരു തുറന്ന ചര്‍ച്ചയ്ക്കു വിഷയമാണ്. കൃതിയില്‍നിന്ന് വായനക്കാരനിലേക്കാണ് ഇനി അന്വേഷണം തുടരേണ്ടത് എന്നു വ്യക്തം. എനിക്കു തോന്നുന്ന ചില കാരണങ്ങള്‍, അവ അവസാനവാക്കാവാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അക്കമിട്ട് അവതരിപ്പിക്കട്ടെ.
___________________

  • 1. വായനക്കാര്‍ എന്ന നിലയ്ക്ക് നമ്മളിലും ആ സവര്‍ണസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടാകാം.
    2. വി. കെ. എന്നിന്റെ രചനാ കൗശലത്തിന്റെ ഉജ്ജ്വലപ്രഭയില്‍ നാം പ്രത്യയ ശാസ്ത്രപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
    3. വിജയിക്കുന്നത് സവര്‍ണപ്രഭുവര്‍ഗമാണെങ്കിലും പിന്തള്ളപ്പെട്ടുപോകുന്ന പാശ്ചാത്യ-ഇന്ത്യന്‍ ബൂര്‍ഷ്വാസിയോട് നമുക്ക് കൂടുതല്‍ വെറുപ്പാണ്. ബൂര്‍ഷ്വാസിയുടെ പരാജയത്തിനു കാരണമായ വീരപുരുഷന്മാരോട് നമുക്ക് ഇഷ്ടം തോന്നുന്നു.
    4. തുറന്ന ജാതിപ്പകയുണ്ടെങ്കില്‍പ്പോലും ഫലിതമാണ് എന്ന ഒറ്റക്കാരണം കൊണ്ട് ജാതിഭേദമന്യേ നമ്പൂതിരിഫലിതങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്. കലാസാഹിത്യാദികാര്യങ്ങളില്‍ അനാവശ്യമായി പ്രകോപിതരാവാത്ത നമ്മള്‍ വി. കെ. എന്നിന്റെ കൃതികളെയും സഹിഷ്ണുതയോടെ സ്വീകരിക്കുന്നു.
    5. സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ അവതരിപ്പിച്ചാലും പുരുഷമേധാവിത്വം പ്രകൃതിയുടെ രീതിയായി കരുതുന്ന നമ്മള്‍ പ്രകോപിതരാവാറില്ല.
    (മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വി. കെ. എന്‍.  വായനകള്‍ എന്ന സമാഹാരത്തില്‍നിന്നും എഡിറ്റര്‍: ഷിബൂഷ് ശ്രീനാരായണന്‍ വില. 250 രൂപ)
    അനുവാദം – മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
    _____________________________
Top