ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരാകണം: വെള്ളാപ്പള്ളി നടേശന്‍
ഏതു പ്രസ്ഥാനത്തിലും നേതൃത്വത്തിന്റെ നിലപാടാണു നിര്‍ണായകം. അണികള്‍ മിക്കപ്പോഴും വിശ്വാസമുള്ള നേതാക്കളെ പിന്തുടരുകയാണു ചെയ്യുന്നത്. എസ് എന്‍ ഡി പി യോഗത്തില്‍ സഹോദരന്‍ അയ്യപ്പന്റെ ഒരു ധാര, ഏറ്റക്കുറച്ചിലോടു കൂടിയാണെങ്കിലും എം കെ രാഘവന്റെ കാലം വരെ നിലനിന്നിരുന്നു. ഗോപിനാഥനും രാഹുലനും മറ്റും വന്നതോടെയാണ് യോഗം തനി ഹിന്ദുത്വപാതയിലേക്കു നീങ്ങിത്തുടങ്ങിയത്. ശിവഗിരി വിഷയത്തിലും മറ്റും സംഘ് പരിവാര്‍ താത്പര്യങ്ങള്‍ക്കൊപ്പം നീങ്ങുകയായിരുന്നു അവര്‍. ശ്രീനാരായണ ഗുരുവിന്റേത് ‘മതാതീത ആത്മീയത’യാണെന്നു വ്യാഖ്യാനിച്ചുകൊണ്ട് ശ്വാശ്വതീകാനന്ദ സ്വാമി രംഗത്തുവരുന്നത് ‘ശിവഗിരിക്കുമേല്‍ തീമേഘങ്ങള്‍’ ഉരുണ്ടുകൂടിയ ആ കാലത്താണ്. തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശന്‍ യോഗത്തിന്റെ നേതൃത്വത്തിലേക്കു കടന്നുവരുന്നത്. ഒരു കച്ചവടക്കാരനും കോണ്‍ട്രാക്റ്ററും കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനും ‘മുതലാളി’യും ഒക്കെയായിരുന്നെങ്കിലും തുടക്കത്തില്‍ യോഗത്തിന്റെ പ്രഖ്യാപിത അവര്‍ണപക്ഷ നിലപാടുകള്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചിരുന്നു വെള്ളാപ്പള്ളി നടേശനും. അതിന് ഉദാഹരണമാണ് 1998ലെ ഗുരുസമാധി ദിനത്തില്‍ അദ്ദേഹം ‘കേരള കൌമുദി’യിലെഴുതിയ ഈ ലേഖനം. സഹോദരന്റെ പാത കൃത്യമായി പിന്തുടരുന്ന ഈ ലേഖനത്തിന്റെ ഉള്ളടക്കം, ഇന്നത്തെ വെള്ളാപ്പള്ളിയുടെ നിലപാടുകളില്‍ നിന്നു കടകവിരുദ്ധമാണ്. ഹിന്ദുമതത്തെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചും ഇന്നത്തെ വെള്ളാപ്പള്ളി ഭക്തന്മാര്‍ക്കു ചിന്തിക്കാന്‍പോലും സാധിക്കാത്ത കാര്യങ്ങളാണ് അന്നു വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്.പക്ഷേ ഈ നിലപാടില്‍നിന്ന് അദ്ദേഹവും യോഗവും പില്‍ക്കാലത്തു മാറുന്നതാണു നാം കണ്ടത്.അങ്ങനെ മാറാന്‍ പാകത്തില്‍ ഹിന്ദുമതത്തില്‍ വല്ല പരിഷ്കരണവും നടന്നോ എന്ന് അദ്ദേഹമോ യോഗമോ വെളിപ്പെടുത്തിയിട്ടില്ല, നമുക്കൊട്ടു കാണാനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്നദ്ദേഹം ഹിന്ദുമതത്തിലെ ജാതിമേധാവിത്വത്തെക്കുറിച്ചു തികച്ചും നിശ്ശബ്ദനാണ്. പകരം മുസ്ലിങ്ങളാണ് എല്ലാ അധികാരങ്ങളും കവര്‍ന്നുകൊണ്ടുപോകുന്നത് എന്ന സവര്‍ണപക്ഷ മാധ്യമ പ്രചാരണങ്ങള്‍ ഏറ്റുപറയുക എന്നതാണ് ഇന്ന് അദ്ദേഹവും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ തന്നെ എഴുതിയ ഈ ലേഖനം ഒരു ഓര്‍മപ്പെടുതലാണ്.
______________________________________________
.________________________________________________
“ജാതി വ്യവസ്ഥയെ അപകടകാരിയാക്കിയിരിക്കുന്നത്, ഹിന്ദു ദൈവങ്ങളും ഹിന്ദുമതവുമായിട്ടുള്ള ഗാഢ ബന്ധമാണ്. ഹിന്ദു പ്രമാണങ്ങളാണ് ജാതി വ്യവസ്ഥയെ സൃഷ്ടിച്ചിരിക്കുന്നതും നിലനിറുത്തിയിരിക്കുന്നതും. ഹിന്ദുമതത്തേയും ഹിന്ദു ദൈവങ്ങളേയും സഹോദരന്‍ ചോദ്യം ചെയ്തിരുന്നു. ഹിന്ദുമതത്തിന്റെ ജാതിപ്രീണനത്തോടുള്ള സഹോദരന്റെ ധാര്‍മ്മിക രോഷമാണ് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ മനുഷ്യന് എന്ന പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. ഹിന്ദു ദൈവങ്ങളുടേയും ഹിന്ദുമതത്തിന്റെയും തണലുണ്ടെങ്കില്‍ മാത്രമേ, ജാതിവ്യവസ്ഥയ്ക്ക് നിലനില്ക്കാനാകൂ..“
________________________________________
ഗുരുവിന്റെ ദേഹവിയോഗം അക്ഷരാര്‍ത്ഥത്തില്‍ തന്നെ, നമ്മെ അനാഥരാക്കിയിരുന്നു. എന്നാല്‍, ഗുരുധര്‍മ്മം കൊണ്ട് നമ്മെ സനാഥരാക്കിയിട്ടാണ് ഗുരു പിരിഞ്ഞുപോയത്. ജനനമരണ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന നിസ്തുലമായ ശാസ്ത്രമാണ് ഗുരുധര്‍മ്മം. മരണമില്ലാത്ത പ്രതീക്ഷകളാണ് ഗുരുധര്‍മ്മം നമുക്ക് നല്‍കുന്നത്. ഗുരുധര്‍മ്മത്തിന്റെ ആത്മീയമായ അര്‍ത്ഥതലങ്ങള്‍ നക്ഷത്ര വെളിച്ചമായി നിലകൊള്ളുന്നുണ്ട്. എന്നാല്‍ എസ്. എന്‍. ഡി. പി. യോഗം മുന്‍ഗണന നല്‍കുന്നത് ഗുരുധര്‍മ്മത്തിന്റെ സാമൂഹിക ലക്ഷ്യങ്ങള്‍ക്കാണ്. യോഗം പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക്, സാമൂഹിക ധര്‍മ്മങ്ങളില്‍ കൂടി മാത്രമേ ആത്മീയ ലക്ഷ്യങ്ങള്‍ നേടാനാകൂ. ആത്മീയാഹ്ളാദങ്ങളുടെ മുഹൂര്‍ത്തങ്ങളില്‍ പോലും ഗുരു സാധാരണക്കാരെ വിസ്മരിച്ചിരുന്നില്ല. മനുഷ്യ ദുഃഖങ്ങളുടെ താഴ്വരകളിലേക്ക് സഞ്ചരിക്കുവാനുള്ള കാരുണ്യപ്രചോദനം ഗുരുവിനുണ്ടായിരുന്നു. ഈ അലൌകികമായ സ്നേഹവായ്പാണ് ഗുരുവിനെ ജനലക്ഷങ്ങളുടെ ആരാധ്യനാക്കിയിരിക്കുന്നത്.
ആത്മീയതയുടെ ശംഖനാദങ്ങള്‍കൊണ്ട് ധന്യമായ അന്തരീക്ഷമാണ് ഭാരതത്തിനുള്ളത്. ഭാരതം ഗുരുക്കന്മാരുടെ പുണ്യഭൂമിയാണ്. എന്നാല്‍, ആത്മീയതയിലേക്കുള്ള നടപ്പാതകളായി സാമൂഹിക ദര്‍ശനങ്ങള്‍ നല്‍കിയ ഗുരുക്കന്മാര്‍ ഭാരതത്തില്‍ സുലഭമല്ല. ഈ അപൂര്‍വ്വഗണത്തിലെ അനശ്വരനാണ് ഗുരുദേവന്‍. ആത്മീയദര്‍ശനത്തിലേക്ക് നേരിട്ടു കടക്കുവാന്‍ ശേഷിയുള്ളവരായിരുന്നില്ല ഭാരതത്തിലെ ഭൂരിപക്ഷം ജനത. ഉണര്‍വിന്റെ വെളിച്ചം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വെളിച്ചം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വെളിച്ചം ദുഃഖമായി കാണുവാനുള്ള ശിക്ഷണമാണ് അവര്‍ക്ക് നല്‍കപ്പെട്ടിരുന്നത്. തമസിനെ ഉപാസിക്കുവാനുള്ള കല്പനകള്‍ ഹിന്ദുധര്‍മ്മ ശാസ്ത്രങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. വെളിച്ചം നിഷേധിക്കുന്നതിനേക്കാള്‍, കിരാതമാണ് ഇരുട്ടിനെ സ്വീകരിക്കണമെന്നുള്ള അനുശാസനങ്ങള്‍. അന്ധകാരത്തിന്റെ ആഴങ്ങളിലാണ് പിന്നോക്കക്കാരും ദളിതരും ജീവിച്ചിരുന്നത്.
വിദ്യകൊണ്ട് വിപ്ളവം
ഗുരു വിദ്യാഭ്യാസ സന്ദേശം നല്‍കിയത് അക്ഷര ലോകത്തുനിന്നും ആട്ടിയോടിക്കപ്പെട്ട ജനതയ്ക്കാണ്. അക്ഷരവിദ്യകൊണ്ട് വിപ്ളവം സൃഷ്ടിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. സാമൂഹിക നവോത്ഥാനത്തിന്റെ ഉണര്‍ത്തുഗീതമായി ഗുരു സ്വീകരിച്ചത് വിദ്യയെയാണ്. വിമോചനം ഏതു ജനതയുടേയും ഹൃദയമന്ത്രമാണ്. ഭാരതീയ വിമോചനത്തിന്റെ ദൂരക്കാഴ്ചകള്‍ ഗുരുസന്ദേശങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുണ്ടണ്‍്. ഭൌതിക മോചനവും ആത്മീയമോചനവും തമ്മിലുള്ള ക്രമബദ്ധത. ഗുരുധര്‍മ്മത്തില്‍ കാണുവാനാകും. ഭൌതികമോചനത്തിലൂടെയല്ലാതെ, ആത്മീയമോചനത്തിന്റെ വഴിതുറുവാനാകുകയില്ല. ജാതിവ്യവസ്ഥയായിരുന്നു ഭൌതിക സ്വാതന്ത്യ്രത്തിന്റെ ഒന്നാമത്തെ ശത്രു. ജാതിവ്യവസ്ഥയെ തകര്‍ത്തെറിയാതെ, പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും ഭൌതികമോചനം നേടുവാനാകുകയില്ലായിരുന്നു. ജാതിവ്യവസ്ഥയായിരുന്നു ഭാരതീയാടിമത്വത്തിന്റെ കൈവിലങ്ങുകളും കാല്‍ചങ്ങലകളും നിര്‍മ്മിച്ചത്.
.________________________________________________
“ജാതിവിഷം തീണ്ടാത്ത ദൈവനിര്‍വചനവും മതസങ്കല്പവുമാണ്, ഗുരുധര്‍മ്മം അവതരിപ്പിച്ചിട്ടുള്ളത്. ഗുരുധര്‍മ്മത്തെ ശരീകരിക്കുകയും ഹിന്ദുദൈവങ്ങളേയും ഹിന്ദുമതത്തേയും തിരസ്കരിക്കുകയും ചെയ്യണമെന്നായിരുന്നു സഹോദരന്റെ നിലപാട്. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന് പ്രഖ്യാപിച്ച സഹോദരന്‍, ‘വേണം ധര്‍മ്മം’ എന്നുകൂടി പറഞ്ഞിരുന്നു. അത് ഗുരുധര്‍മ്മത്തെ ഉദ്ദേശിച്ചാണ്. ഹിന്ദുധര്‍മ്മം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയില്‍ നിന്നും മോചനം നേടുവാനുള്ള രക്ഷാമന്ത്രമായിട്ടാണ് സഹോദരന്‍ ഗുരുധര്‍മ്മത്തെ കണ്ടിരുന്നത്”
. ________________________________________________
ജാതിവിഷം തീണ്ടാത്ത ദൈവനിര്‍വചനവും മതസങ്കല്പവുമാണ്, ഗുരുധര്‍മ്മം അവതരിപ്പിച്ചിട്ടുള്ളത്. ഗുരുധര്‍മ്മത്തെ ശരീകരിക്കുകയും ഹിന്ദുദൈവങ്ങളേയും ഹിന്ദുമതത്തേയും തിരസ്കരിക്കുകയും ചെയ്യണമെന്നായിരുന്നു സഹോദരന്റെ നിലപാട്. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന് പ്രഖ്യാപിച്ച സഹോദരന്‍, ‘വേണം ധര്‍മ്മം’ എന്നുകൂടി പറഞ്ഞിരുന്നു. അത് ഗുരുധര്‍മ്മത്തെ ഉദ്ദേശിച്ചാണ്. ഹിന്ദുധര്‍മ്മം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയില്‍ നിന്നും മോചനം നേടുവാനുള്ള രക്ഷാമന്ത്രമായിട്ടാണ് സഹോദരന്‍ ഗുരുധര്‍മ്മത്തെ കണ്ടിരുന്നത്. ഗുരുധര്‍മ്മത്തിന്റെയും ഹിന്ദുധര്‍മ്മത്തിന്റെയും ഈ പശ്ചാത്തലബോധം, ശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഗുരുധര്‍മ്മത്തിന്റെ മര്‍മ്മഗ്രാഹിയായ പ്രചാരകനായിരുന്നു സഹോദരന്‍. ഗുരുധര്‍മ്മത്തെ സഹോദരനെക്കാള്‍ വ്യക്തമായി മനസിലാക്കിയിരുന്നവര്‍ ഗുരുവിന്റെ കാലഘട്ടത്തില്‍ കുറവായിരുന്നു. “ഒരു മതം” എന്ന ഗുരുസന്ദേശത്തിന് സഹോദരന്‍ നല്‍കിയ വ്യാഖ്യാനം “മതം വേണ്ട” എന്നായിരുന്നു. ഹിന്ദുമതമായി “ഒരു മതം” വ്യാഖ്യാനിക്കപ്പെടുമെന്ന് സഹോദരനറിയാമായിരുന്നു. ആ ദൂരക്കാഴ്ചയില്‍ നിന്നുള്ള മുന്നറിയിപ്പാണ്, ‘മതം വേണ്ടാ’ എന്ന സന്ദേശത്തിലൂടെ സഹോദരന്‍ നല്‍കിയിരുന്നത്. മതങ്ങളുടെ നിറങ്ങളും പരിധികളുമില്ലാത്ത സ്വതന്ത്ര ആത്മീയതയാണ് ഗുരുധര്‍മ്മത്തിന്റെ ഉള്ളടക്കം. ഈ മതാതീത ദര്‍ശനത്തിന്റെ മാര്‍ഗ്ഗരേഖയെ, ഹൈന്ദവ ആത്മീയതയായി ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള സാദ്ധ്യത, ദീര്‍ഘദര്‍ശിയായിരുന്ന അയ്യപ്പന്‍ കണ്ടറിഞ്ഞിരുന്നു. അതുകൊണ്ടാണ് ‘മതം വേണ്ട’ എന്ന താക്കീത് സഹോദരന്‍ നല്കിയിരുന്നത്.
________________________________________________
“ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മത്തിനകത്ത് അകപ്പെടുത്തിയാല്‍, അപ്രസക്തമാക്കുന്നത്, ഗുരുധര്‍മ്മത്തിന്റെ ജാതിവിരുദ്ധ കാഴ്ചപ്പാടുകളാണ്. ഹിന്ദുധര്‍മ്മത്തിന് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുവാനാകുകയില്ല. പാലും വെള്ളവും പോലെയാണ്, ഹിന്ദുമതവും ജാതിവ്യവസ്ഥയും. രണ്ടിനേയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമൂഹിക ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മമായി അവതരിപ്പിക്കുന്നത് പിന്നോക്കക്കാരിലും ദളിതരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമാണ്.“
________________________________________
ഗുരുധര്‍മ്മത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍
സഹോദരന്റെ മുന്നറിയിപ്പുകള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന ചുറ്റുപാടുകളാണ്. ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ‘ഹിന്ദുധര്‍മ്മ’ത്തിലേക്ക് ഗുരുധര്‍മ്മത്തെ മടക്കിക്കൊണ്ടുപോകുവാനുള്ള സംഘടിത ശ്രമങ്ങള്‍ ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മത്തിനകത്ത് അകപ്പെടുത്തിയാല്‍, അപ്രസക്തമാക്കുന്നത്, ഗുരുധര്‍മ്മത്തിന്റെ ജാതിവിരുദ്ധ കാഴ്ചപ്പാടുകളാണ്. ഹിന്ദുധര്‍മ്മത്തിന് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുവാനാകുകയില്ല. പാലും വെള്ളവും പോലെയാണ്, ഹിന്ദുമതവും ജാതിവ്യവസ്ഥയും. രണ്ടിനേയും വേര്‍തിരിച്ചെടുക്കാനാകുകയില്ല. ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരായ നിലപാടുകളാക്കേണ്ട സാമൂഹിക ദാര്‍ശനിക സാഹചര്യങ്ങളാണ് ഇന്നും ഭാരതത്തിലുള്ളത്. ഗുരുധര്‍മ്മത്തെ ഹിന്ദുധര്‍മ്മമായി അവതരിപ്പിക്കുന്നത് പിന്നോക്കക്കാരിലും ദളിതരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമാണ്. യോഗം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഗുരുധര്‍മ്മത്തിന്റെ വെളിച്ചത്തിലുള്ള, ജാതിവിരുദ്ധ സന്ദേശത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ തിരിച്ചറിയുവാന്‍ ജാതി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ യോഗത്തിനെതിരായി ആശയ പ്രചരണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളത്. ജാതിരഹിത സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന എസ്. എന്‍. ഡി. പി. യോഗത്തെ, ജാതിസംഘടനയായി, അവര്‍ ചിത്രീകരിക്കുകയാണ്. ‘ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്’ എന്ന സന്ദേശത്തെപ്പോലും ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. ജാതീയമായ അവശതകള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ, ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാനാകൂ. ജാതിവ്യവസ്ഥയുടെ നേട്ടങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ന്യൂനപക്ഷം, ജാതിയെക്കുറിച്ച് ശബ്ദിക്കാതിരിക്കണമെന്ന് ആവശ്യപ്പെടുന്നത് ആത്മവഞ്ചനയാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കുവാന്‍ വേണ്ടി ഭരണഘടന ഉറപ്പ് നല്‍കിയ, “സംവരണ”ത്തെപ്പോലും ഇവര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടിയാണ് ക്രീമിലെയര്‍വാദം കൊണ്ടുവന്നിട്ടുള്ളത്. ഇത്തരം വാദങ്ങളുടെയെല്ലാം ശില്പശാല ഹിന്ദുധര്‍മ്മമാണ്.
പല മുഖങ്ങളും നിഗൂഢതലങ്ങളുമുള്ള വിചിത്ര വസ്തുവാണ് ജാതിവ്യവസ്ഥ. ഭാരതീയ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ജാതി സംസ്കാരം സ്വാധീനം ചെലുത്തുന്നുണ്ട്.
________________________________________________
“ജാതിവ്യവസ്ഥയുടെ നേട്ടങ്ങള്‍ കൈവശം വച്ചനുഭവിക്കുന്ന ന്യൂനപക്ഷം, ജാതിയെക്കുറിച്ച് ശബ്ദിക്കാതിരിക്കണമെന്ന് ആവശ്യപ്പെടുന്നത് ആത്മവഞ്ചനയാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കുവാന്‍ വേണ്ടി ഭരണഘടന ഉറപ്പ് നല്‍കിയ, “സംവരണ”ത്തെപ്പോലും ഇവര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടിയാണ് ക്രീമിലെയര്‍വാദം കൊണ്ടുവന്നിട്ടുള്ളത്. ഇത്തരം വാദങ്ങളുടെയെല്ലാം ശില്പശാല ഹിന്ദുധര്‍മ്മമാണ്“
________________________________________________
സമഗ്രകാഴ്ചപ്പാടിലൂടെയുള്ള മനഃശാസ്ത്ര സമീപനമാണ്, ഗുരു ജാതിക്കെതിരായി സ്വീകരിച്ചിരുന്നത്. ഈ വീക്ഷണത്തിന്റെ ഉള്‍ക്കാഴ്ചയും പ്രായോഗികതയും ഏറ്റെടുക്കുവാന്‍; യോഗത്തിന്റെ കഴിഞ്ഞ കാലനേതാക്കള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, ജാതിരഹിത സംസ്കാരം വളര്‍ത്തിയെടുക്കുവാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. ഗുരുവിന്റെ ഏകജാതി സന്ദേശം മുറുകെ പിടിച്ചുകൊണ്ടാണ്, യോഗം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റത്തിനെ തളച്ചിടുവാന്‍ ശ്രമിക്കുന്ന, ശക്തികള്‍ ഇന്നും യോഗത്തിനകത്തും പുറത്തുമുണ്ട്. ശ്രീനാരായണ ധര്‍മ്മം തിരിച്ചറിയാത്തവരും ശ്രീനാരായണ ധര്‍മ്മത്തെ ഒറ്റിക്കൊടുക്കുന്നവരുമായ ഈ ശക്തികള്‍ക്കു നേരെ, യോഗ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
________________________________________________
കടപ്പാട്: കേരള കൗമുദി 1998 സെപ്തംബര്‍ 21