പൗരത്വ സമരത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ

ഏതാനും അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ ഇൻഡ്യയിലെ പരിഷ്കരണ ശ്രമങ്ങളിൽ അധികവും രക്ഷാധികാര രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. എന്നാൽ, അവയെ നിരാകരിക്കുന്നതാണ് ഷാഹീൻ ബാഗിലേതടക്കമുള്ള പൗരത്വ സമരങ്ങളിലെ സ്ത്രീ മുന്നേറ്റങ്ങൾ. ഒരുവശത്ത്, മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണം ചമയുകയും മറുവശത്ത് ഇസ്‌ലാമോഫോബിയയെ അജണ്ടയാക്കുകയും ചെയ്യുന്ന സംഘ്പരിവാറിനെതിരായ നിർണായക പ്രതിരോധമാണ് ഇത്തരം സ്ത്രീ മുന്നേറ്റങ്ങൾ. ബിന്ദു ലക്ഷ്മി പി. എഴുതുന്നു.

2019 ഡിസംബർ 11ന് ഇൻഡ്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യ വ്യാപകമായ ഒരുപാട് പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. മതവിശ്വാസത്തെ പ്രധാന മാനദണ്ഡമായി ഭേദഗതി ചെയ്ത ഈ നിയമം 1955ലെ പൗരത്വ നിയമത്തിൽ കാര്യമായ മാറ്റംവരുത്തി. ഹിന്ദു, സിഖ്, ബുദ്ധി, ജൈന, പാർസി, ക്രിസ്ത്യൻ എന്നീ മത സമൂഹങ്ങൾക്ക്, അവർ ന്യൂനപക്ഷമായ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇൻഡ്യയിലേക്ക് നിയമപ്രകാരം കുടിയേറാനും, പൗരത്വം നേടാനും പുതിയ ഭേദഗതി അനുവദിക്കുന്നു. അതേസമയം, മുസ്‌ലിംകളെ നിയമാനുസൃതം കുടിയേറാൻ ഈ നിയമം അനുവദിക്കുന്നുമില്ല. അങ്ങേയറ്റം വിവേചനപരവും ഇസ്‌ലാമോഫോബിക്കുമായ ഈ നിയമത്തെ കുറിച്ച് ഒരുപാട് നിരീക്ഷണങ്ങൾ പൊതുമണ്ഡലത്തിലുണ്ട്. അതുകൊണ്ടുതന്നെ, ഈ ലേഖനം പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ മുതിരുന്നില്ല. മറിച്ച്, ഈ നിയമം തുറന്നുവെച്ച പ്രക്ഷോഭങ്ങളും, അവ മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ കാലിക പ്രസക്തിയും സ്ത്രീപക്ഷ വായനയിലൂടെ വിശകലനം ചെയ്യാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

വിമോചനം, പ്രതിരോധം: ഒരു പുനർവായന

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി നടന്ന പ്രതിഷേധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം. ബുള്ളറ്റുകളും ടിയർ ഗ്യാസും ഉപയോഗിച്ച് വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ച പോലീസിനെതിരെ അവർ കരുത്തുറ്റ ശബ്ദം ഉയർത്തുന്നതാണ് പിന്നീട് കണ്ടത്. ഇതിൽതന്നെ നിർണായകമായ ചിത്രമായിരുന്നു ലാത്തി വീശി അടിക്കാനോങ്ങുന്ന പോലീസിന് നേരെ നിവർന്നുനിന്ന് കൈചൂണ്ടി കൂടെയുള്ള പുരുഷ സഹപ്രവർത്തകനെ സംരക്ഷിക്കുന്ന ഹിജാബ് ധാരിയായ ആയിഷ റെന്ന എന്ന വിദ്യാർഥിനിയുടേത്. ആ ചിത്രം പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങളുടെ ഐക്കണായി മാറി എന്നു പറയാം. ഒരുപക്ഷേ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആദ്യ നാളുകളിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ചിത്രവും ഇതാവാം. അക്രമാസക്തരായ പോലീസിനെതിരെ ഉയർന്ന ആ ശബ്ദത്തിന് കാലികമായും ചരിത്രപരമായും ഒരുപാട് പ്രസക്തിയുണ്ട്. അധികാര ദുർവിനിയോഗത്തിനും ഭരണകൂട ഭീകരതക്കുമെതിരായ ആ കൈചൂണ്ടൽ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ഭാഷ ഫെമിനിസ്റ്റ് സമര മാതൃകകളിൽ പ്രതീക്ഷയുണർത്തുന്ന ഒന്നാണ്.

വിമോചനം (liberation), ഐക്യം (solidarity) എന്നീ ആശയ സങ്കൽപ്പങ്ങൾക്ക് കുറച്ചുകൂടി ഉൾക്കൊള്ളലിൽ (inclusion) അധിഷ്ഠിതമായ വിവക്ഷ നൽകാൻ, പൊതുമണ്ഡലം അവകാശപ്പെടുന്ന മുസ്‌ലിം സ്ത്രീക്ക് കഴിയുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് പൊതുമണ്ഡലത്തെ സംബന്ധിച്ച മുഖ്യധാരാ ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. ‘ഹോം പ്ലെയ്സ്: എ സൈറ്റ് ഓഫ് റെസിസ്റ്റൻസ്‘ (Home Place: a Site of Resistance) എന്ന ലേഖനത്തിൽ വെള്ള വംശീയതയിൽ ജീവിക്കുന്ന ആഫ്രോ-അമേരിക്കൻ സ്ത്രീകൾ ‘ഹോം പ്ലെയ്സ്’ (Home Place) എന്ന ആശയത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് പ്രശസ്ത ആഫ്രോ-അമേരിക്കൻ ഫെമിനിസ്റ്റ് ബെൽ ഹൂക്സ് വിവരിക്കുന്നുണ്ട്. വംശീയത നിലനിൽക്കുന്ന സമൂഹത്തിൽ എങ്ങനെയാണ് ആഫ്രോ-അമേരിക്കൻ സ്ത്രീകൾ തങ്ങളുടേതായ പ്രതിരോധം തീർക്കുന്നതെന്നും, അതിലൂടെ എങ്ങനെ ഐക്യമുണ്ടാക്കുന്നു എന്നും ബെൽ ഹൂക്സ് ചൂണ്ടിക്കാണിക്കുന്നു.

സവർണ ഹിന്ദു വംശീയത ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഇൻഡ്യയിൽ ബെൽ ഹൂക്സിന്റെ പുനർവായന അനിവാര്യമാണ്. ഈ പുനർവായന വിമോചനം, ഐക്യം, പ്രതിരോധം എന്നീ സങ്കൽപ്പനങ്ങളെ മുഖ്യധാരാ ഫെമിനിസ്റ്റ് സാമാന്യ വിവക്ഷകളിൽ നിന്നും പുറത്തേക്കു കൊണ്ടുവരുന്നു. ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം (politics of inclusion) സാധ്യമാണെന്ന് ഇത്തരം പ്രതിരോധങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം അരികുവത്കരിക്കപ്പെട്ട ജനതയുടെ ‘കെയർ എത്തിക്‌സിന്റേത്’ (care ethics) കൂടിയാണ്. വിശേഷിച്ച് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം കെയർ എത്തിക്‌സ് സമകാലീന ഫെമിനിസ്റ്റ് മുന്നേറ്റങ്ങളെ ഭാഗമാക്കേണ്ടതുണ്ട്. കൂടെയുള്ള പുരുഷ മുസ്‌ലിം സുഹൃത്തിനെ ഭരണകൂട ഭീകരതയിൽ (state terror) നിന്നും രക്ഷിക്കുന്ന മുസ്‌ലിം സ്ത്രീയുടെ ചിത്രം ഈ കെയർ എത്തിക്സിനെ ഉറപ്പിക്കുന്നുണ്ട്.

ബെൽ ഹൂക്സ്

നിരാകരിക്കുന്ന രക്ഷാകർതൃത്വം

ഇതിന്റെ തുടർച്ചയായി കാണേണ്ട ഒന്നാണ് ഷാഹീൻ ബാഗിലെ സ്ത്രീകളുടെ പോരാട്ടം. 101 ദിവസം നീണ്ടുനിന്ന, നഗര വീഥികളെ (city സ്പേസ്) ഏറ്റെടുത്തുകൊണ്ടുള്ള അവരുടെ പോരാട്ടം രാജ്യമെമ്പാടും സമാനമായ സമരമുറകൾക്ക് പ്രചോദനമായി. സാധാരണക്കാരായ മുസ്‌ലിം സ്ത്രീകൾ സമര രംഗത്തേക്കിറങ്ങുന്നതിന് ഷാഹീൻ ബാഗിലെ സ്ത്രീസമരം നിർണായക പങ്കുവഹിച്ചിരുന്നു.

എന്താണ് ഈ സമരത്തിന്റെ കാലിക പ്രസക്തി? കഴിഞ്ഞ കുറെ വർഷങ്ങളായി മുസ്‌ലിം സ്ത്രീകളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് സംഘ്പരിവാർ ഭരണകൂടം. ഈ ഏറ്റെടുക്കൽ ശ്രമത്തിന്റെ പ്രധാന ഉദാഹരണമാണ് മുത്ത്വലാഖ്‌ കുറ്റകരമാക്കി (criminalise) മുസ്‌ലിം പുരുഷനെ പ്രതിസ്ഥാനത്ത് നിർത്തി മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കുകയാണെന്ന് വരുത്തിത്തീർക്കുന്ന ഹിന്ദുത്വ അജണ്ട. മുത്ത്വലാഖ് നിയമത്തിലൂടെ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച ഉടനെ തന്നെ നരേന്ദ്ര മോഡിയെ ‘മഹാനായ സാമൂഹിക പരിഷ്‌കർത്താവ്’ എന്ന് അമിത് ഷാ വിശേഷിപ്പിച്ചു!

മോഡിയെ മഹാനായ സാമൂഹിക പരിഷ്കർത്താവായി അവരോധിക്കുന്നത് വിരോധാഭാസമായി വായിക്കുമ്പോഴും ഓർമിക്കേണ്ട ഒരു കാര്യം, ഏതാനും അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ ഇൻഡ്യയിലെ സാമൂഹിക പരിഷ്കരണം എന്നും രക്ഷാധികാര രാഷ്ട്രീയത്തിന്റെ (patronising politics) ഭാഗമായിരുന്നു എന്നതാണ്. സ്ത്രീകളെ ഇരസ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ് ഇത്തരം വ്യവഹാരങ്ങൾ തുടർന്നത്.

ആ തുടർച്ചയെ തകർക്കുന്നതാണ് ഇന്ന് കാണുന്ന സ്ത്രീ മുന്നേറ്റങ്ങൾ. മുസ്‌ലിം സ്ത്രീകളെ വാർപ്പുമാതൃകകളിൽ ഒതുക്കി, മറുവശത്ത് ഇസ്‌ലാമോഫോബിയയെ ഔദ്യോഗിക അജണ്ടയായി കൊണ്ടുനടക്കുന്ന സംഘ്പരിവാറിന് എതിരെ ഇത്തരം സ്ത്രീ മുന്നേറ്റങ്ങൾ നിർണായകമായ പ്രതിരോധം തീർക്കുന്നുണ്ട്. ‘നിങ്ങൾ ഞങ്ങളുടെ രക്ഷകർത്താവ് ചമയേണ്ട’ എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട് ഈ സ്ത്രീ മുന്നേറ്റങ്ങൾ. അതേസമയം, വളരെ കണിശമായി തന്നെ രക്ഷാധികാര രാഷ്ട്രീയത്തെ നിരാകരിക്കുകയും ചെയ്യുന്നുണ്ട് അവ. ആ പോരാട്ട വീര്യമാണ് ഷാഹീൻ ബാഗിലെ സ്ത്രീകളും ജാമിഅയിലെ വിദ്യാർഥിനികളും മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യാനന്തര ഇൻഡ്യയിൽ എടുത്തുപറയേണ്ട സ്ത്രീ മുന്നേറ്റങ്ങളിൽ ഒന്നായി ഈ മുന്നേറ്റങ്ങളെ കാണേണ്ടതുണ്ട്. അത് ഫെമിനിസ്റ്റ് മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന ഒന്നാണ്. ദുർബലമായ ഒരു ഭരണകൂടത്തിന്റെ കുടില തന്ത്രങ്ങളെ അത് തുറന്നുകാണിക്കുന്നു.

ശക്തമായ ഭരണകൂടം എന്ന മിഥ്യ

നിയന്ത്രണങ്ങൾ ശക്തമാക്കുന്ന ഒരു ഭരണകൂടം ശക്തമായിരിക്കും എന്ന മിഥ്യാ ധാരണയെ പൊളിച്ചെഴുതുന്നതാണ് പുറത്തു നിന്ന് നോക്കുമ്പോൾ ദൃഢം (stringent) എന്ന് തോന്നുന്ന പൗരത്വ നിയമ ഭേദഗതി. ഈ ഭേദഗതി എങ്ങനെയാണ് ഇൻഡ്യൻ പൗരന്മാരെ ബാധിക്കുന്നതെന്നും, പല തരത്തിൽ വേർതിരിക്കുന്നതെന്നും ഇതിനോടകം ഒരുപാട് ചർച്ചകൾക്ക് പാത്രമായി കഴിഞ്ഞു. എന്തുകൊണ്ടാണ് നിർദയമായ നിയമങ്ങൾ കൊണ്ടുവരുന്ന ഒരു ഭരണകൂടത്തെ ദുർബലം എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത്? പൗരത്വം തെളിയിക്കാൻ രേഖകൾ ആവശ്യപ്പെടുന്ന ഒരു ഭരണകൂടം, അധികാരക്കൊതിയും മുൻവിധിയും നിറഞ്ഞ ഉദ്യോഗസ്ഥ-ഭരണ ശൃംഖലകൾക്കുള്ളിൽ നിന്നുകൊണ്ട് കൂടുതൽ ഹിംസകൾ നിർമിക്കുന്ന കാഴ്ചകളാണ് വരും കാലങ്ങളിൽ കാണാൻ കഴിയുക. ആ ഹിംസാത്മകത ആയിരിക്കും ദുർബല ഭരണകൂടത്തിന്റെ ഭരണതന്ത്രം. അതിന്റെ പരിണതഫലം അങ്ങേയറ്റം അപകടകരവുമായിരിക്കും. അത് എളുപ്പത്തിൽ ബാധിക്കുക പാർശ്വവത്കരിക്കപ്പെട്ട ജനതയെയാണ്. അതുകൊണ്ടുതന്നെ, ഇന്ന് സ്ത്രീകൾ ഏറ്റെടുത്ത പൗരത്വ നിഷേധത്തിനെതിരായ സമരം ഇൻഡ്യയുടെ ഭാവി നിർണയിക്കുന്നതിൽ പ്രധാനപ്പെട്ടതാണ്.

മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ സെന്റർ ഫോർ വുമൺ സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക.

കടപ്പാട്: സംഘടിത മാസിക, ഏപ്രിൽ 2020

Top