ഹിംസയുടെ വ്യാകരണം: സി.പി.എമ്മിന്റെ മുസ്‌ലിം വിരുദ്ധത പുതിയ സാഹചര്യത്തിൽ

കേരളത്തിലെ വിദ്യാസമ്പന്നരും ബൗദ്ധികമായി ഉന്നതിയിൽ നില്‍ക്കുന്നവരുമായ മുസ്‌ലിംകള്‍ക്ക് അവരുടേതായ സ്വന്തം സാംസ്‌കാരിക, മത, രാഷ്ട്രീയ സംഘടനകള്‍ രൂപീകരിക്കാന്‍ പാടില്ലായെന്നു ഹിന്ദു കമ്യൂണിസ്റ്റ് പാര്‍ട്ടി ശഠിക്കുന്നതെന്തുകൊണ്ട്? കാരണം, അവര്‍ മുസ്‌ലിംകളാണ് എന്നത് തന്നെ. കൂടെ, അവരില്‍ ഒരു വിഭാഗത്തിന്റെ പക്കല്‍ ഗള്‍ഫ് പണവുമുണ്ട്. കേരള മുസ്‌ലിംകളുടെ സ്വയംപര്യാപ്തത ഹിന്ദു ജനസാമാന്യത്തെ കമ്യൂണിസ്റ്റുകളുടെ പിടുത്തത്തില്‍ നിന്നും കുതറിമാറി ‘വര്‍ഗീയ’ പാര്‍ട്ടികളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന സമീപനം തെറ്റാണ്. ചിട്ടിബാബു പടവല എഴുതുന്നു.

‘അവര്‍ ഇതുവരെ എന്നെയും എന്റെ സഹോദരനെയും തേടിവന്നിട്ടില്ല. എനിക്കു മുന്‍പ് എന്റെ സഹോദരനെ തേടിയാണ് അവര്‍ വരാനിരുന്നത്. അതിനാല്‍ ഞാനെന്റെ സഹോദരനെ കൊന്നുകളഞ്ഞു. അല്ലെങ്കില്‍ അവന്‍ എന്നെ കൊന്നുകളയുമായിരുന്നു.’

പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് പുരോഹിതന്‍ മാര്‍ട്ടിന്‍ നീമൊളെറുടെ ഈ അനശ്വര വാക്കുകള്‍ ഇവിടെ അനുയോജ്യമാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഒരേ കാര്യം ഒരേ സ്വരത്തില്‍ പറയുന്നത് എന്തു വിചിത്രമാണെന്നു നോക്കൂ: മുസ്‌ലിം നേതൃത്വത്തിലുള്ള ബഹുജന്‍ സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെയും അതിന്റെ നേതൃരാഷ്ട്രീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കുക. കോളേജ് ചുമരിലെ ചുമരെഴുത്തിനു മുകളില്‍ നെഗറ്റീവ് കമന്റുകള്‍ എഴുതിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഇരുപതു വയസ്സുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു കൊല്ലപ്പെട്ടതാണ് ഇതിന്‍റെ കാരണം. സംഭവവുമായി ബന്ധപ്പെട്ട് 200ഓളം പേര്‍ ഇപ്പോള്‍ത്തന്നെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തോളം മുസ്‌ലിം സമുദായാംഗങ്ങളുടെ വീടുകള്‍ പോലിസ് റെയ്ഡ് ചെയ്തുവെന്ന റിപ്പോര്‍ട്ടുണ്ട്. ഇനിയും ഒരുപാടു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലിസ് തുടരുകയാണ്. ഭരണ പാര്‍ട്ടിയായ സി.പി.എമ്മും പ്രതിപക്ഷമായ ബി.ജെ.പിയും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ നിരോധിക്കണമെന്ന് ഏകസ്വരത്തില്‍ ആവശ്യപ്പെടുന്നുമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ‘തുടച്ചു നീക്കപ്പെടുമെന്ന്’ പഴയ ജെ.എന്‍.യുക്കാരനായ ധനകാര്യമന്ത്രി പ്രൊഫ. തോമസ് ഐസക്ക് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തു.

നാസികള്‍, കമ്യൂണിസ്റ്റുകള്‍, മുസ്‌ലിംകള്‍

ഹിന്ദു നാസിസത്തോടു പൊരുതാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കു ഒരു തന്ത്രമുണ്ട്. ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇനിയൊരിക്കലും ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുമായി കൂട്ടുകൂടില്ലെന്ന് ഹിന്ദു നാസിസ്റ്റുകള്‍ തീരുമാനിച്ചതു മുതലുള്ള തന്ത്രമാണ്. അന്നു മുതല്‍ ഹിന്ദു നാസിസ്റ്റുകള്‍ ചെയ്യുന്ന പണി അതിനേക്കാള്‍ വൃത്തിയായി ചെയ്യുകയല്ലാതെ വേറൊരു വഴിയും തങ്ങളുടെ മുന്നിലില്ലെന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ചിന്തിച്ചു തുടങ്ങി.

രജീന്ദർ സച്ചാർ

രജീന്ദർ സച്ചാർ

സ്വകാര്യവല്‍കരണം, തൊഴിലാളി വര്‍ഗത്തിന്റെ അസ്വസ്ഥത സംഘടിത സായുധസമരത്തിലേക്കു മാറാതെ തടയല്‍, സാംസ്‌കാരികമായി ഏറ്റവും കൂടുതല്‍ തത്ത്വദീക്ഷയുള്ളവരും ഹിന്ദു നാസിസ്റ്റുകളുടെ ശത്രുക്കളുമായ ദലിതരെയും ബഹുജനങ്ങളെയും സാംസ്കാരികമായി അപകീര്‍ത്തിപ്പെടുത്തല്‍ മുതല്‍ ആണവകരാര്‍, വ്യവസ്ഥാപിതമായ ഒറ്റപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, മൊത്തം മുസ്‌ലിംകളെയും മുസ്‌ലിം സാഹോദര്യത്തെയും ഇസ്‌ലാമികമായ എല്ലാത്തിനെയും പരിഹസിക്കല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഏറ്റെടുത്തിട്ടുള്ള ഗൗരവതരമായ ദൗത്യങ്ങള്‍. കമ്യൂണിസ്റ്റ് തത്ത്വങ്ങളില്‍ നിന്നുള്ള അവരുടെ വ്യതിചലനമോ വീഴ്ച്ചയോ അല്ല ഇത്. ഇത് അവരുടെ പദ്ധതിയാണ്. മറ്റു വഴികളിലൂടെ വിജയിച്ച അധികാരത്തിലുള്ള നാസി ഹിന്ദു രീതിയുമായി ഇതിന് സമാനതയുണ്ടെങ്കിലും പക്ഷേ കാതലായ ഒരു വ്യത്യാസമുണ്ട്. വിമര്‍ശനങ്ങള്‍ അധികം ക്ഷണിച്ചുവരുത്താതെ നല്ല രീതിയില്‍ വ്യവസ്ഥാപിതമായി ചെയ്യുക എന്നതാണ് കമ്യൂണിസ്റ്റുകളുടെ രീതി. നാസി ഹിന്ദുക്കളെക്കാള്‍ വളരെ നന്നായിത്തന്നെ അപ്പണി ചെയ്യാന്‍ അവര്‍ പ്രതിജ്ഞാബദ്ധരുമാണ്. ഇതുവരെ അവര്‍ അതു തന്നെയാണു ചെയ്തുകൊണ്ടിരിക്കുന്നതും.

പശ്ചിമ ബംഗാളില്‍ നിങ്ങളതു കണ്ടു. കേരളത്തിലും നിങ്ങള്‍ക്കതു കാണാം. ബി.ജെ.പിയുടെ പണി അവരേക്കാള്‍ കാര്യക്ഷമമായാണു കമ്യൂണിസ്റ്റുകള്‍ ചെയ്യുന്നത്. മതപരമായി മാത്രമല്ല, ഒരു പൊതുകാര്യത്തിനും സംഘടിക്കാന്‍ കഴിയാത്ത വിധത്തില്‍ മുസ്‌ലിംകളെ ഭീതിപ്പെടുത്തുക എന്ന പണി ഹിന്ദു കമ്യൂണിസ്റ്റുകള്‍ വളരെ കൃത്യമായി ചെയ്തുപോരുന്നുണ്ട്. മുസ്‌ലിംകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കാന്‍ വേണ്ടി അപേക്ഷ നല്‍കുന്നത് മുതല്‍ ഏതെങ്കിലും പൊതു സ്ഥാപനത്തില്‍  അക്കാദമിക് പ്രോഗ്രാം സംഘടിപ്പിക്കുന്നതടക്കം എന്തിനെയും ഏതിനെയും ഭീകരവാദ -മൗലികവാദ പ്രവര്‍ത്തനങ്ങളുടെ കണ്ണിലൂടെയാണ് ഈ കമ്യൂണിസ്റ്റുകള്‍ കാണുക.

അതേ കമ്യൂണിസ്റ്റുകള്‍ തന്നെയാണ് യാതൊരു വിധ പക്ഷപാതപരമായ അകല്‍ച്ചയും കൂടാതെ, സദ്ദാം ഹുസൈനെ ആരാധിക്കുന്നതും (കമ്യൂണിസ്റ്റുകള്‍ക്കെതിരെയുള്ള കൂലിപ്പട്ടാളക്കാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം) ഹമാസിനെ അല്ലെങ്കില്‍ താലിബാനെ (അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് നജീബുല്ലയെ താലിബാന്‍ പരസ്യമായി മര്‍ദിച്ചു തൂക്കിലേറ്റിയ സംഭവം ഓര്‍ക്കുക) പിന്തുണച്ചതും. അവര്‍ അമേരിക്കക്ക് എതിരെയും അല്ലെങ്കില്‍ അമേരിക്ക അവര്‍ക്ക് എതിരാവുകയും ചെയ്യുന്ന കാലത്തോളം മാത്രമേ ഈ ആരാധനയും പിന്തുണയും നിലനില്‍ക്കുകയുള്ളൂ.

ബംഗാള്‍ സി.പി.എമ്മും മുസ്‌ലിംകളും

ധാര്‍ഷ്ട്യം, അര്‍ധ-സര്‍വാധിപത്യ ഭീകരവാഴ്ച്ച, അഴിമതി, കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ തകര്‍ച്ച, അവസരവാദം തുടങ്ങിയവ കാരണമാണ് പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം ദയനീയമായി തോറ്റതെന്നു വിശ്വസിക്കുന്ന ഒരുപാടു പേരുണ്ട്. സി.പി.എം ഭരണത്തിന്റെ സ്വഭാവം ഇതൊക്കെത്തന്നെയായിരുന്നെങ്കിലും പക്ഷേ മുഴുവന്‍ വിശദീകരണമാവുന്നില്ല.

ലളിതമായ എന്നാല്‍ ഗൗരവമുള്ള മറ്റൊരു വസ്തുതയാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണം. സി.പി.എമ്മിന്‍റെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങേണ്ടതില്ലെന്ന് പശ്ചിമ ബംഗാളിലെ മുസ്‌ലിംകള്‍ തീരുമാനിക്കുകയും അവര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതു നിര്‍ത്തുകയും ചെയ്തു. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്? സി.പി.എം  സെക്കുലര്‍ പാര്‍ട്ടിയായിരുന്നില്ലേ? അങ്ങനെയായിരുന്നു, ഇപ്പോഴും അങ്ങനെയാണ്. അത് ഹൈന്ദവ സ്വഭാവമുള്ള, മേല്‍ജാതി ഹൈന്ദവ ഉള്ളടക്കമുള്ള സെക്കുലറിസമാണ്. മുസ്‌ലിം വിരുദ്ധമായ സെക്കുലറിസമാണ് അതു വെച്ചുപുലര്‍ത്തുന്നത്.

വെസ്റ്റ് ബംഗാളിലെ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ ഗുജറാത്തിനേക്കാള്‍

സദ്ദാം ഹുസൈൻ

സദ്ദാം ഹുസൈൻ

വളരെയധികം മോശമാണെന്ന വസ്തുത സമീപകാലത്ത് ജനകീയ ശ്രദ്ധയാകര്‍ഷിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

പശ്ചിമ ബംഗാളിലോ അല്ലെങ്കില്‍ പശ്ചിമ ബംഗാളില്‍ നിന്നോ ഉള്ള ഏതെങ്കിലും  മുസ്‌ലിം വ്യക്തികള്‍ സംഘടിതമായി എന്തെങ്കിലും അധികാരമുള്ള പദവികള്‍ ആ സംസ്ഥാനത്ത് കൈയ്യാളുന്നതായി നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല. അവിടെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ജീവിക്കുന്നത്. ഇടതുപക്ഷം അധികാരത്തിലേറി നാലു പതിറ്റാണ്ടു കാലം തുടര്‍ച്ചയായി ഭരിക്കുന്നതിനു മുന്‍പ് അവരുടെ അവസ്ഥ എന്തായിരുന്നു? ബംഗാളില്‍ മുസ്‌ലിംകള്‍ പരമ്പരാഗതമായി ഏറ്റവും കൂടുതല്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ട സമുദായമോ അല്ലെങ്കില്‍ സാംസ്‌കാരികമായി പാര്‍ശ്വവല്‍കരിക്കപ്പെട്ട സമുദായമോ ആയിരുന്നില്ല. ഭരണത്തിലേറിയതിനു ശേഷം ബംഗാളിലെ ഹിന്ദു കമ്യൂണിസ്റ്റുകള്‍ പാര്‍ട്ടിയിലെ അടക്കം മുസ്‌ലിം ശബ്ദങ്ങളെ ഫലപ്രദമായി നിശബ്ദമാക്കുകയും അദൃശ്യവത്കരിക്കുകയും ചെയ്തു. എന്നാല്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള സാമുദായിക കലാപങ്ങള്‍ എന്നു പറയപ്പെടുന്ന എല്ലാത്തരം സംഭവങ്ങളെയും ഗൗരവപൂര്‍വം തടയുകയും ചെയ്തിരുന്നു. അങ്ങനെ അവര്‍ മുസ്‌ലിംകളുടെ ജീവനും ജീവിതവും സംരക്ഷിച്ചു കൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അടക്കം സര്‍വ രാഷ്ട്രീയ അവകാശങ്ങളും ഇല്ലാതാക്കുകയും ചെയ്തു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മുസ്‌ലിംകളുടെ സ്വന്തം ജീവിതം മുസ്‌ലിംകള്‍ക്കു തന്നെ വില്‍ക്കുകയാണു ഹിന്ദു കമ്യൂണിസ്റ്റുകള്‍ ചെയ്തത്.

അതിനാല്‍ തന്നെ ബംഗാളില്‍ സി.പി.എമ്മിനു വോട്ടു ചെയ്യാന്‍ മുസ്‌ലിംകള്‍ വിസമ്മതിച്ചതിലും ആ തീരുമാനത്തില്‍ നിന്നും പിന്‍മാറാതെ ഉറച്ചുനില്‍ക്കുന്നതിലും വലിയ അത്ഭുതമൊന്നുമില്ല. പക്ഷേ എല്ലാ മാധ്യമങ്ങള്‍ക്കും അക്കാദമിക രംഗത്തിനും മേലുള്ള സര്‍വാധിപത്യമാണ് പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന്റെ ശക്തി. ഈ ശക്തി തിരിച്ചുപിടിക്കാന്‍ സി.പി.എമ്മിന് മുസ്‌ലിം വോട്ടുകള്‍ വീണ്ടും ആവശ്യമാണ്.

രാജ്യത്തെ ദലിതരില്‍ വലിയ വിഭാഗം ജീവിക്കുന്നതും പശ്ചിമ ബംഗാളിലാണ്. സി.പി.എമ്മിന്റെ ഈ അവസ്ഥ അവസാനിക്കണമെങ്കില്‍ ദലിതരും അവര്‍ക്കു വോട്ട് ചെയ്യേണ്ടതുണ്ട്. അതിനാലാണ് മുസ്‌ലിംകളുടെ തീവ്രവാദ/മൗലികവാദ/വര്‍ഗീയ ബന്ധവുമായി ബന്ധപ്പെട്ട് ബി.ജെ.പിയെക്കാള്‍ ഉച്ചത്തില്‍ വൈരുധ്യാത്മക വിവേകത്തോടെ സി.പി.എം ശബ്ദിക്കുന്നത്. മുസ്‌ലിം എന്ന വാക്കുമായി ചേര്‍ത്തുപറയുന്ന പദങ്ങളായി പ്രസ്തുത വിശേഷണങ്ങള്‍ മാറുകയാണ്. പക്ഷേ അവയെല്ലാം മുസ്‌ലിം എന്ന ഒരര്‍ഥത്തെ തന്നെയാണു ദ്യോതിപ്പിക്കുന്നത്.

ഇന്ന് എല്ലാ നാസി ഹിന്ദു ശക്തികള്‍ക്കും സ്വന്തം നിലക്ക് മീഡിയ ഹൗസുകള്‍ തുടങ്ങേണ്ടി വന്നിട്ടുണ്ട്. മാധ്യമരംഗത്തെ മേല്‍ജാതി ഹിന്ദു കമ്യൂണിസ്റ്റുകളുടെ ആധിപത്യം കുറക്കാന്‍ അവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. ഇന്ത്യന്‍ മാധ്യമ രംഗത്തെ ഹിന്ദു നാസിസ്റ്റ് പ്രോപഗണ്ടക്കു സംഭവിക്കുന്ന ഗതിമാറ്റങ്ങള്‍ യഥാര്‍ഥത്തില്‍ ലെഫ്റ്റിസ്റ്റുകളുടെ പണിയാണ്. അത്തരം വീക്ഷണങ്ങള്‍ വളരെ മുന്നേ വെച്ചുപുലര്‍ത്തുന്നവരാണ് മേല്‍ജാതി/ഹിന്ദു ഇടതുപക്ഷം.

പതിറ്റാണ്ടുകളുടെ കൂറിനു ശേഷം അടുത്തിടെ തങ്ങളില്‍ നിന്നും അകന്നുപോയ ഒരു മതന്യൂനപക്ഷ സമുദായത്തെ, ഒന്നും പകരം കൊടുക്കാതെ, അധിക്ഷേപിച്ചും അപമാനിച്ചും തിരികെ കൊണ്ടുവരാമെന്നാണ് അടിസ്ഥാനപരമായി ബംഗാളിലെ സി.പി.എം ചിന്തിക്കുന്നത്. ഇതാണ് അവരുടെ തന്ത്രമെങ്കില്‍ തികച്ചും യുക്തിരഹിതമാണത്. ബി.ജെ.പി വളര്‍ന്നു വലുതായാല്‍ അതില്‍ ഭയചകിതരാവുന്ന മുസ്‌ലിംകള്‍ സി.പി.എമ്മിനു തന്നെ വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നാണു സി.പി.എം പ്രതീക്ഷിക്കുന്നത്.

ബി.ജെ.പി വളര്‍ന്നു വലുതായാല്‍ അതില്‍ ഭയചകിതരാവുന്ന മുസ്‌ലിംകള്‍ സി.പി.എമ്മിനു തന്നെ വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നാണു സി.പി.എം പ്രതീക്ഷിക്കുന്നത്.

കീഴ് ജാതികളിലും ന്യൂനപക്ഷ വിഭാഗങ്ങളിലും പെട്ടവര്‍ നേതൃപദവിയിലിരിക്കുന്ന കേരളത്തില്‍, അധികാരഹുങ്കിനെ മറികടക്കാനും, അടിസ്ഥാനപരമായ കമ്യൂണിസ്റ്റ് സംഘടനാ പാടവം മറക്കാതിരിക്കാനും അത് സി.പി.എമ്മിനെ സഹായിച്ചു. ഭരണകൂട പിന്തുണ കൂടാതെ തന്നെ, മസ്ജിദുകള്‍, ചര്‍ച്ചുകള്‍ പോലെയുള്ള മതസ്ഥാപനങ്ങളുമായി ചര്‍ച്ചകളിലേര്‍പ്പെടാനുള്ള ശേഷി അതിനാല്‍ തന്നെ സി.പി.എമ്മിനുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും സി.പി.എമ്മിന്റെ പ്രവര്‍ത്തന രീതികള്‍ ഹിംസയില്‍ അധിഷ്ഠിതമല്ലാത്തതിന്‍റെ കാരണവും ഇതാണ്.

പതിറ്റാണ്ടുകളോളം ഗോത്രവര്‍ഗങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞ, അതിന്റെ പേരില്‍ പ്രകീര്‍ത്തനങ്ങള്‍ ഏറ്റുവാങ്ങാന്‍ സാധിക്കുന്ന ത്രിപുര പോലെയല്ല കേരളം. എണ്ണത്തില്‍ വളരെ കുറഞ്ഞ മൂന്നു ജാതികള്‍ എല്ലാ അധികാര സ്ഥാനങ്ങളും പദവികളും കൈയ്യടക്കി വെച്ചിട്ടുള്ള, പതിറ്റാണ്ടുകളോളം മുസ്‌ലിംകളെയും ദലിതരെയും നിശബ്ദരാക്കി വെച്ചിട്ടുള്ള പശ്ചിമ ബംഗാള്‍ പോലെയുള്ള സംസ്ഥാനവുമല്ല കേരളം.

മുസ്‌ലിംകള്‍ക്കു സ്വന്തമായി  സ്വതന്ത്ര രാഷ്ട്രീയ/സാമൂഹിക പാര്‍ട്ടിയുള്ള സ്ഥലമാണ് കേരളം. മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ ലജ്ജിക്കാത്ത മുസ്‌ലിം രാഷ്ട്രീയ- സാമൂഹിക പ്രസ്ഥാനങ്ങള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്തെ ഹൈന്ദവവല്‍കരണത്തെക്കുറിച്ച് ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ അവര്‍ക്കു യാതൊരുവിധ പേടിയുമില്ല. കൂടാതെ, കേരളത്തിലെ മുസ്‌ലിംകള്‍ മറ്റു പല സംസ്ഥാനങ്ങളിലെയും വിശിഷ്യ ബംഗാളിലെ മുസ്‌ലിംകളെ അപേക്ഷിച്ച് വിദ്യാസമ്പന്നരാണ്.

സി.പി.എമ്മും മുസ്‌ലിംകളും കേരളത്തില്‍

കേരളത്തിലെ വിദ്യാസമ്പന്നരും ബൗദ്ധികമായി ഉന്നതിയില്‍ നില്‍ക്കുന്നവരുമായ മുസ്‌ലിംകള്‍ക്ക് അവരുടേതായ സ്വന്തം സാംസ്‌കാരിക, മത, രാഷ്ട്രീയ സംഘടനകള്‍ രൂപവത്കരിക്കാന്‍ പാടില്ല എന്നാണ് ഈ ഭൂരിപക്ഷ ഹിന്ദു കമ്യൂണിസ്റ്റ് പാര്‍ട്ടി ശഠിക്കുന്നത്. എന്തുകൊണ്ട്? കാരണം അവര്‍ മുസ്‌ലിംകളാണ് എന്നതു തന്നെ. അതിന്റെ കൂടെ, അവരില്‍ ഒരു വിഭാഗത്തിന്റെ പക്കല്‍ ഗള്‍ഫ് കുടിയേറ്റത്തിലൂടെ സാധ്യമാക്കിയ മൂലധനവുമുണ്ട്. മുസ്‌ലിംകളുടെ സ്വയംപര്യാപ്തത ഹിന്ദു ജനസാമാന്യത്തെ കമ്യൂണിസ്റ്റുകളുടെ പിടുത്തത്തില്‍ നിന്നു കുതറിമാറി ‘വര്‍ഗീയ’ പാര്‍ട്ടികളിലേക്കു പോകാന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് കമ്യൂണിസ്റ്റുകള്‍ ഭയക്കുന്നത്. തങ്ങളുടെ കമ്യൂണിസ്റ്റ് രക്ഷാകര്‍ത്തൃത്വത്തിനും സംരക്ഷണത്തിനും കീഴില്‍ മാത്രമേ മുസ്‌ലിംകള്‍ക്കു ജീവിക്കാന്‍ കഴിയൂ എന്നാണവര്‍ ചിന്തിക്കുന്നത്. സ്വതന്ത്ര സമുദായമായ മുസ്‌ലിംകളെ ‘മനുഷ്യരാക്കി’ മാറ്റാനാണ് പാര്‍ട്ടി വിഫലശ്രമം നടത്തുന്നത്.

കേരളത്തിലെ ഏതൊരു സ്വതന്ത്ര സമുദായത്തിനും ഏതൊരു പാര്‍ശ്വവല്‍കൃത സംഘടനക്കും അതിശക്തമായ നിരീക്ഷണ സംവിധാനങ്ങളോടു കൂടി സദാസമയവും പ്രവര്‍ത്തിക്കുന്ന മാരകശേഷിയുള്ള രണ്ട് സര്‍വ്വാധിപത്യ സ്വഭാവമുള്ള ശക്തികളെ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്; എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ആണ് ആ രണ്ടു ശക്തികള്‍. ഈ സ്വയം പ്രഖ്യാപിത ‘മാര്‍ക്‌സിസ്റ്റുകളോട്’ ബന്ധമുള്ള പലരും ഏതാനും പേജുള്ള കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും വായിച്ചിട്ടുണ്ടാവില്ല. പക്ഷേ ഭരണകൂടവും പോലിസും സംസാരിക്കുന്ന അതേ ശൈലിയില്‍ സംസാരിക്കാന്‍ അവര്‍ക്ക് കഴിയും.

കേരളത്തില്‍ സ്വാശ്രയാധികാരത്തോടെ സാംസ്‌കാരികമായും രാഷ്ട്രീയമായും സംഘടിക്കാന്‍ താല്‍പര്യപ്പെടുന്ന ഏതൊരു ന്യൂനപക്ഷ സമുദായ സംഘടനക്കും എസ്.എഫ്.ഐയുടെ സമ്പൂര്‍ണ്ണ കാമ്പസ് നിയന്ത്രണത്തില്‍ നിന്നും, ഡി.വൈ.എഫ്.ഐയുടെ തെരുവുശക്തിയില്‍ നിന്നും ഹിംസയില്‍ നിന്നും സ്വയം സംരക്ഷിക്കേണ്ട സ്ഥിതിയാണുള്ളത്. ഇവിടെയാണ് മുസ്‌ലിം സംഘടനകളുടെ ദൗര്‍ബല്ല്യവും പ്രയാസങ്ങളും കടന്നുവരുന്നത്. സി.പി.എമ്മിന്റെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുടെ മുഴുസമയ പ്രവര്‍ത്തകരെ പോലെയല്ല അവര്‍. മാധ്യമരംഗത്ത് ആഗോള ദേശീയ പ്രോപഗണ്ട ശൃംഖലകളും സുഹൃത്തുക്കളും സഖാക്കളും അവര്‍ക്കില്ല. എല്ലാ ദിവസവും എസ്.എഫ്.ഐ/ഡി.വൈ.എഫ്.ഐക്കാരെ ഏറ്റുമുട്ടി തോല്‍പ്പിക്കുന്നതിനേക്കാള്‍ എപ്പോഴെങ്കിലുമൊരിക്കല്‍ സായുധമായി തള്ളികയറുകയാണ് ചില മുസ്‌ലിം സംഘടനകളുടെ രീതിയെന്ന് തോന്നുന്നു. അവരുടെ സാഹസിക പ്രവര്‍ത്തികളിലെ ഏറ്റവും പുതിയത് എടുക്കാം.

കേവലം ഇരുപത് വയസ്സുകാരനായ എസ്.ടി വിഭാഗത്തില്‍പെട്ട ഒരു എസ്.എഫ്.ഐ നേതാവിനെ അവര്‍ വധിച്ചു. ഒരു മുഴുസമയ പ്രൊഫഷണല്‍ കേഡര്‍ വ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിന് പകരം ക്രൂരകൃത്യങ്ങള്‍ നടപ്പാക്കുന്ന ഈ ആത്മഹത്യാപരമായ തന്ത്രം എല്ലായ്‌പ്പോഴും ചീത്തപ്പേരില്‍ കലാശിക്കുന്നു. മൗലികവാദികളും വര്‍ഗീയ ശക്തികളും വഹാബി-സലഫി ഫണ്ടിംഗിന്റെ സഹായത്താല്‍ ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരുമായി അവരെ ചിത്രീകരിക്കാന്‍ മര്‍ദകര്‍ക്ക് അവസരം നല്‍കുന്നതിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെന്നെത്തുന്നത്.

അങ്ങനെ സി.പി.എമ്മും അതിന്റെ അനുബന്ധ സംഘടനങ്ങളും നടത്തിയ അസംഖ്യം കൊലപാതകങ്ങള്‍ കമ്യൂണിസമാകുന്നു. അവരുടെ ആധിപത്യത്തിനെതിരെ ചെറുത്തുനില്‍ക്കുന്നവര്‍ നടത്തുന്ന അശ്രദ്ധവും ബുദ്ധിഹീനവുമായ കൊലപാതകങ്ങള്‍ വര്‍ഗീയതയും ഭീകരവാദവുമായി മാറുന്നു.

അങ്ങനെ സി.പി.എമ്മും അതിന്റെ അനുബന്ധ സംഘടനങ്ങളും നടത്തിയ അസംഖ്യം കൊലപാതകങ്ങള്‍ കമ്യൂണിസമാകുന്നു. അവരുടെ ആധിപത്യത്തിനെതിരെ ചെറുത്തുനില്‍ക്കുന്നവര്‍ നടത്തുന്ന അശ്രദ്ധവും ബുദ്ധിഹീനവുമായ കൊലപാതകങ്ങള്‍ വര്‍ഗീയതയും ഭീകരവാദവുമായി മാറുന്നു.

അങ്ങനെ, മുസ്‌ലിം സംഘടനകള്‍ നടത്തുന്ന ഒറ്റപ്പെട്ടതും അശ്രദ്ധവും ക്രൂരവുമായ കൊലപാതകങ്ങള്‍ ഉപയോഗിച്ച്, കേരളത്തില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുന്ന പാര്‍ട്ടിയായ സി.പി.എമ്മും അതിന്റെ അനുബന്ധ സംഘടനകളും ദേശീയതലത്തിലും അന്താരാഷ്ട്രാതലത്തിലും സമാധാനക്യാമ്പയിന്‍ തന്നെ നടത്തുന്നു. ശരിയാണ്, ലോകം അതു വിശ്വസിക്കുന്നുണ്ട്.

സമാധാനം ആഹ്വാനം ചെയ്യാന്‍ എളുപ്പമാണ്, പക്ഷേ അത് എളുപ്പം പ്രയോഗവല്‍കരിക്കാന്‍ സാധ്യമല്ല എന്നാണ് മനസ്സിലാവുന്നത്. മതിയായ ശക്തി നേടാതെ തന്നെ പശ്ചിമ ബംഗാളില്‍ നിന്നു സി.പി.എമ്മിനെ പരാജയപ്പെടുത്തി വേരോടെ പിഴുതെറിയാന്‍ കഴിയുമെന്നാണു മമത ചിന്തിച്ചത്. ആ തെറ്റായ നയം കാരണം അവര്‍ വലിയ ദുരിതമനുഭവിക്കുകയാണിപ്പോള്‍ എന്നാണ് മനസ്സിലാവുന്നത്.

സി.പി.എമ്മിന്റെ ശക്തിയെ അഭിമുഖീകരിക്കാതെ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദലിതര്‍ക്കും തങ്ങളുടേതായ സ്വയംഭരണാധികാര രാഷ്ട്രീയം നിര്‍മിക്കാനോ സ്വന്തമായ സാംസ്‌കാരിക പ്രകാശനം നിര്‍വഹിക്കാനോ സാധിക്കില്ല എന്നതാണ് വസ്തുത.

സി.പി.എമ്മിന്റെ കുറ്റകൃത്യങ്ങള്‍ക്കു പ്രതികാരം ചെയ്യാന്‍ ദുര്‍ബലരായ സഹജീവികളെ ഇരയാക്കുന്നത് മുസ്‌ലിം സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന് ചേര്‍ന്നതല്ല. പാവപ്പെട്ട ആദിവാസി വിദ്യാര്‍ഥി എന്ന നിലയില്‍, പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഹിന്ദു ഉള്ളടക്കമുള്ള കമ്യൂണിസത്തില്‍ ഒരു ആദിവാസിയുടെ സ്ഥാനം എന്താണെന്ന് അവന്‍ തിരിച്ചറിയുമായിരുന്നു. അങ്ങനെ, കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരും കൂടി നേതൃപരമായ പങ്കുവഹിക്കുന്ന, ഹിന്ദുത്വത്തിന്‍റെ ഇരകളുടെ ഐക്യവേദിയിലേക്ക്, അല്ലെങ്കില്‍ ബഹുജന്‍ സമാജത്തിലേക്ക് അവന്‍ തിരികെ വരുമായിരുന്നു.

ഹിംസാത്മക പ്രതിരോധം മുസ്‌ലിം സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. ക്യാമ്പസില്‍ രാഷ്ട്രീയ ഹിംസ നിലനില്‍ക്കുമ്പോള്‍ അതല്ലാതെ അവരുടെ മുന്നില്‍ വേറൊരു വഴിയുമില്ല എന്ന് അവര്‍ക്ക് വാദിക്കാം. പക്ഷേ ആരെയാണു രാഷ്ട്രീയമായി നേരിടേണ്ടത് എന്ന കാര്യം പ്രധാനമാണ്. ഹിന്ദു നാസി ഏകാധിപത്യവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്നാണ് വിലയിരുത്താന്‍ കഴിയുന്നത്.

രാഷ്ട്രീയ കൊലപാതകമാണ് ഒരു വിദ്യാര്‍ത്ഥി സംഘടനയെയും രാഷ്ട്രീയ പാര്‍ട്ടിയെയും നിരോധിക്കാനുള്ള ന്യായീകരണമെങ്കില്‍, ഈ രാജ്യത്തെ ഒരൊറ്റ പാര്‍ട്ടിക്കും നിയമപരമായി നിലനില്‍ക്കാന്‍ അര്‍ഹതയുണ്ടാവില്ല.

രാഷ്ട്രീയ കൊലപാതകമാണ് ഒരു വിദ്യാര്‍ഥി സംഘടനയെയും സാമൂഹിക/രാഷ്ട്രീയ പാര്‍ട്ടിയെയും നിരോധിക്കാനുള്ള ന്യായീകരണമെങ്കില്‍ ഈ രാജ്യത്തെ ഒരൊറ്റ പാര്‍ട്ടിക്കും നിയമപരമായി നിലനില്‍ക്കാന്‍ അര്‍ഹതയുണ്ടാവില്ല. ജെ.എന്‍.യുവിലെ യു.ഡി.എസ്.എഫ് (UDSF), ഹൈദരാബാദ് സര്‍വകലാശാലയിലെ ഡി.എസ്.യു (DSU) എന്നിവയൊഴിച്ച്, കൊലപാതക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത ഒരു മുഖ്യധാര വിദ്യാര്‍ഥി സംഘടനയെയും കാണാന്‍ കഴിയില്ല. പക്ഷേ ആള്‍കൂട്ടം നിയമം കൈയ്യിലെടുത്തു ശിക്ഷ നടപ്പാക്കുന്നത് ആധുനിക നീതിന്യായ വ്യവസ്ഥയുടെ അന്തസത്തക്ക് എതിരാണ്.

ചിട്ടിബാബു പടവല

ചിട്ടിബാബു പടവല

കുറ്റവാളികളെയും കൂട്ടുപ്രതികളെയും കൂടാതെ കുറ്റകൃത്യം തടയുന്നതില്‍ പരാജയപ്പെട്ടവരെയും ശിക്ഷിക്കുക തന്നെ വേണം. എന്നാല്‍, ദലിതര്‍ക്കെതിരെ അല്ലെങ്കില്‍ ചില ദലിതര്‍ക്കെതിരെ യഥാര്‍ഥമോ സാങ്കല്‍പ്പികമോ ആയ പരാതി ഉയരുമ്പോള്‍ ഹിന്ദുക്കള്‍ ദലിതരെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുന്ന അതേ മാനസികാവസ്ഥ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുന്നതു നിരോധിക്കുന്നതിലും ഉള്ളടങ്ങിയിട്ടുള്ളത്. അതിനെതിരെ ചെറുത്തുനില്‍പ്പുകള്‍ ഉയരണം.

കൂട്ടത്തിലൊരാളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം മുഴുവന്‍ സമുദായാംഗങ്ങളും ഏറ്റെടുക്കണമെന്ന ആശയം തീര്‍ച്ചയായും ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ഹിന്ദു നാസിസത്തിനാണ് നന്നായി ചേരുക. പക്ഷേ അത് കമ്യൂണിസമല്ലെന്ന് കമ്യൂണിസ്റ്റുകള്‍ നിര്‍ബന്ധമായും തിരിച്ചറിയണം.

ലേഖകന്‍ ഐ.ഐ.ടി മുംബൈയിലെ അംബേഡ്കര്‍ പെരിയാര്‍ സ്റ്റ്ഡി സര്‍ക്കിള്‍ കണ്‍വീനറാണ്.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Top