മലപ്പുറം തേടുന്ന വിഭജനം

ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്തൃതിയിൽ മൂന്നാമതുമാണ് മലപ്പുറം. സർക്കാറിന്റെ വികസന ക്ഷേമ പദ്ധതികൾ ജില്ലയിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ലഭിക്കുന്നില്ല എങ്കിൽ അതിന്റെ പ്രധാന കാരണം ജനസംഖ്യാനുപാതമായ വികസന പദ്ധതികളും സർക്കാർ സ്ഥാപനങ്ങളും ഇല്ല എന്നതാണ്. ബജറ്റ്‌ വിഹിതവും വൻകിട വികസന പദ്ധതികളുമെല്ലാം ജില്ലാ അടിസ്ഥാനത്തിലാണു വിഹിതം വെക്കുന്നത് എന്നതിനാൽ മലപ്പുറം ജില്ലയിൽ പലപ്പോഴും തികയാതെ വരുന്ന അവസ്ഥയാണുള്ളത്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണു ജില്ലാ വിഭജനം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്. അര്‍ഷഖ് വാഴക്കാട് എഴുതുന്നു.

“മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ നമ്മളീ കാണുന്നതെല്ലാം പ്രവാസിയുടെ അധ്വാനത്തില്‍ നിന്നും ഉയര്‍ന്നു വന്നവയാണ്. ഇവിടെ കാണുന്ന വാഹനങ്ങളും കെട്ടിടങ്ങളും എല്ലാം പ്രവാസികള്‍ മുഖേന ഉണ്ടായതാണ്. അതല്ലാതെ നമുക്കിവിടെ പറയത്തക്ക വ്യവസായ സ്ഥാപനങ്ങളില്ല. വരുമാനം നേടി ജീവിക്കാന്‍ പാകത്തില്‍ കൃഷി വികസിച്ചിട്ടില്ല. മലപ്പുറത്തെ ഓരോ ഉന്നമനത്തിനു പിന്നിലും പ്രവാസികളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണയുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രവാസം മുന്‍പത്തെയത്ര സജീവമല്ലാത്ത ഇന്ന്, നമ്മുടെ ചെറുപ്പക്കാരെല്ലാം നാട്ടിലേക്കു മടങ്ങിവരുന്ന ഈ അവസ്ഥയില്‍ നമ്മളിവിടെ പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.” ദീര്‍ഘ‌ കാലം മ‌ല‌പ്പുറം ജില്ല‌യുടെ ക‌ള‌ക്ട‌റായി സേവ‌ന‌മ‌നുഷ്ടിച്ചിരുന്ന‌ എം.സി മോഹ‌ന്‍ ദാസ് ക‌ഴിഞ്ഞ‌ വ‌ര്‍ഷം ഒരു ഇന്‍റ‌ര്‍വ്യൂവില്‍ പറ‌ഞ്ഞ‌താണിത്. 50 ആണ്ട് തികയുന്ന മലപ്പുറം ജില്ലയുടെ വ്യാവസായികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിലേക്കു വിരൽചൂണ്ടുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജില്ലാ വിഭ‌ജ‌ന‌ ച‌ര്‍ച്ച‌ക‌ള്‍ പുരോഗ‌മിക്കുന്ന‌ ഈ വേള‌യില്‍ കാത‌ലായ‌ പ്ര‌സ‌ക്തിയുണ്ട്.

ചില യാഥാർഥ്യങ്ങൾ

ഭരണ സൗകര്യവും അടിസ്ഥാന വികസനവും ലക്ഷ്യം വെച്ചാണ് വിഭജന ആവശ്യങ്ങൻ ഉന്നയിക്കപ്പെടാറുള്ളത്. മലപ്പുറത്തിന്റെ കാര്യത്തിൽ അത് ഒഴിച്ചുകൂടാനാകാത്തതുമാണ്. ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്തൃതിയിൽ മൂന്നാമതുമാണ് മലപ്പുറം. 2011ലെ സെൻസസ് കണക്ക് പ്രകാരം 41,10,956 ആണ് ജില്ലയിലെ ജനസംഖ്യ. രാജ്യത്തെ 672 ജില്ലകളിൽ 50-ാം സ്ഥാനത്ത്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ടു ശതമാനം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇടുക്കി, പത്തനംതിട്ട, കാസർകോട്, വയനാട് തുടങ്ങിയ നാലു ജില്ലകളുടെ മൊത്തം ജനസംഖ്യക്കു തുല്യം. സർക്കാറിന്റെ വികസന ക്ഷേമ പദ്ധതികൾ ജില്ലയിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ലഭിക്കുന്നില്ല എങ്കിൽ അതിന്റെ പ്രധാന കാരണം ജനസംഖ്യാനുപാതമായ വികസന പദ്ധതികളും സർക്കാർ സ്ഥാപനങ്ങളും ഇല്ല എന്നതാണ്. ബജറ്റ്‌ വിഹിതവും വൻകിട വികസന പദ്ധതികളുമെല്ലാം ജില്ലാ അടിസ്ഥാനത്തിലാണു വിഹിതം വെക്കുന്നത് എന്നതിനാൽ മലപ്പുറം ജില്ലയിൽ പലപ്പോഴും തികയാതെ വരുന്ന അവസ്ഥയാണുള്ളത്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണു ജില്ലാ വിഭജനം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

കാർഷിക മേഖലയായിരുന്നു മലപ്പുറം ജില്ല. പ്രാചീന ഗ്രീസില്‍ ഏറെ സുലഭമായിരുന്ന ഇഞ്ചിയും അരിയും ഇന്നത്തെ കടലുണ്ടി (തിണ്ടിസ് ) വഴി കയറ്റുമതി ചെയ്തതാണെന്ന് ഡോ. ബര്‍ണലിൻ പറയുന്നുണ്ട്. 13 ലക്ഷം ടണ്‍ നെല്ലുല്‍പ്പാദിപ്പിച്ചിരുന്ന ജിലയിൽ ഇന്ന് 5 ശതമാനം പോലും നെല്ലുൽപ്പാദനമില്ല. പണ്ട് മൈസൂരിലേക്കും മറ്റും പച്ചക്കറികൾ കയറ്റുമതി ചെയ്തിരുന്ന ജില്ലയിലേക്ക് ഗൂഢല്ലൂരിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്.

കേരളത്തിന്റെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ സാമൂഹിക രൂപീകരണത്തിൽ ചെറുതല്ലാത്ത പങ്ക് ഗൾഫ് നാടുകളുമായുള്ള ബന്ധത്തിനുണ്ട്. എന്നാൽ കള്ളപ്പണക്കാർ, പുത്തൻ പണക്കാർ തുടങ്ങിയ മുദ്രകുത്തലുകൾ ജില്ലയെക്കുറിച്ച് ഒരുവശത്തു നടക്കുമ്പോഴും യാഥാർഥ്യം മറ്റൊന്നായിരുന്നു. കേരള സംസ്ഥാനത്തിന്റെ മൊത്തം പ്രവാസികളിൽ പതിനഞ്ചോളം ശതമാനം വരുന്ന മലപ്പുറമാണ് ആളോഹരി പ്രതി ശീർഷ വരുമാനത്തിൽ ഏറ്റവും പിന്നിൽ. അല്‍പ്പമെങ്കിലും സന്തോഷിക്കാവുന്നത് വിദ്യാഭ്യാസ മേഖലയുടെ കാര്യത്തിലാണ്. ഏറെ പിന്നിലായിരുന്ന ജില്ല ഇന്നു പലർക്കും മാതൃകയാണ്. ഖേദകരം എന്നു പറയട്ടെ, പഠിക്കാൻ അർഹതയും ആഗ്രഹവുമുള്ള പല വിദ്യാർഥികൾക്കും സീറ്റില്ലാത്തതിനാൽ ഇതര ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്.

സമാനമാണ് ആരോഗ്യ മേഖലയുടെ അവസ്ഥയും. പി.എച്ച്.സി, ഹോമിയോ/ആയുർവേദ ഡിസ്‌പെൻസറി അടക്കം 18686 ജനങ്ങൾക്ക് ഒന്ന് എന്ന തോതിലാണ് ജില്ലയിലുള്ളത്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്താൽ ഏറ്റവും പിന്നിൽ. അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ മലപ്പുറം എവിടെ നിൽക്കുന്നു എന്നു മനസ്സിലാക്കാൻ ഈ ഉദാഹരണങ്ങൾ മതിയാകുമെന്നു കരുതുന്നു.

കാലിക്കറ്റ് സർവകലാശാലയും തിരൂർ മലയാളം സർവകലാശാലയും സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയിൽ അണ്‍ എയ്ഡഡ് ഉൾപ്പടെ 92 ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളേജുകളുണ്ട്. എഞ്ചിനിയറിങ് കോളേജുകളും മത-ഭൗതിക വിദ്യാഭ്യാസത്തിലൂന്നി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വേറെ. എന്നിട്ടും കാലിക്കറ്റ് സർവകലാശാലയുടെ പരിധിയില്‍ വരുന്ന കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളേക്കാള്‍ ബിരുദ സീറ്റുകള്‍ കുറവാണു മലപ്പുറത്ത്; അപേക്ഷകരുടെ എണ്ണം കൂടുതലും. പ്ലസ്‌ ടുവിൽ 85 ശതമാനം മാർക്കു ലഭിച്ചിട്ടും ഇഷ്ട വിഷയത്തിൽ ബിരുദമെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾ നിരവധിയാണു മലപ്പുറത്ത്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി വിജയിച്ച 17000ത്തോളം വിദ്യാർഥികൾക്കാണ് അവസരം നിഷേധിക്കപ്പെട്ടത്. ഭരണക്കാരുടെ പിടിപ്പുകേടു മൂലം നഷ്ടപ്പെട്ട ഇഫ്‌ലു, അറബിക് സർവകലാശാല, ആയുർവേദ സർവകലാശാല എന്നിവ വേറെയും.

സമാനമാണ് ആരോഗ്യ മേഖലയുടെ അവസ്ഥയും. പി.എച്ച്.സി, ഹോമിയോ/ആയുർവേദ ഡിസ്‌പെൻസറി അടക്കം 18686 ജനങ്ങൾക്ക് ഒന്ന് എന്ന തോതിലാണ് ജില്ലയിലുള്ളത്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്താൽ ഏറ്റവും പിന്നിൽ. അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ മലപ്പുറം എവിടെ നിൽക്കുന്നു എന്നു മനസ്സിലാക്കാൻ ഈ ഉദാഹരണങ്ങൾ മതിയാകുമെന്നു കരുതുന്നു.

നിലപാടുകൾ

കേരളം രൂപീകരിക്കുമ്പോൾ വെറും നാലു ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത് എങ്കിലും പിന്നീട് ഭരണ സൗകര്യാര്‍ഥം പല ജില്ലകളും രൂപീകരിച്ചു. എന്നാൽ ഒരു ജില്ലാ രൂപീകരണത്തിനുമില്ലാത്ത വിവാദങ്ങളായിരുന്നു മലപ്പുറത്ത്. വർഗീയ മാനങ്ങൾ നൽകാനും പഴയ പാക്കിസ്ഥാൻ വാദത്തിന്റെ ആവർത്തനമായുമൊക്കെ ചിത്രീകരിക്കാൻ ആളുകളുണ്ടായി. സമാനമാണ് ജില്ലാ വിഭജനത്തിന്റെ കാര്യത്തിലും. ജില്ല വിഭജിക്കേണ്ടതില്ല എന്നാണ് ബി.ജെ.പി നിലപാട്. ജില്ല വിഭജിക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തിനു പിന്നിൽ മത തീവ്രവാദികളായ എസ്.ഡി.പി.ഐ വിഭാഗത്തിന്റെ വോട്ടു നേടുകയാണു ലക്ഷ്യമെന്നായിരുന്നു സി.പി.എം നിലപാട്. ജില്ല വിഭജിച്ചാൽ അതിന്റെ ഗുണഫലങ്ങൾ രാഷ്ട്രീയ ശത്രുക്കൾ നേടുമെന്ന ഭയമാണ് ഈ നിലപാടിനു കാരണം. വിഭജനത്തോട് അനുകൂല നിലപാടാണെങ്കിലും സമാന ഭയം മുസ്‌ലിം ലീഗിനെയും അലട്ടുന്നുണ്ട്. കാരണം മുസ്‌ലിം ലീഗിനും മുന്നേ എസ്.ഡി.പി.ഐ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകൾ വിഭജന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 2013ൽ എസ്.ഡി.പി.ഐ നടത്തിയ ജില്ലാ ഹർത്താലാണ് ഈ വിഷയത്തിലെ ആദ്യ രാഷ്ട്രീയ മുന്നേറ്റം. കഴിഞ്ഞ ജനുവരി 28 മുതൽ 31 വരെ നീണ്ടു നിന്ന എസ്.ഡി.പി. ഐ ലോംങ് മാർച്ച് വിഭജനം വീണ്ടും ചർച്ചയാക്കിയിരിക്കുന്നു. ജില്ലാ വിഭജനം വികസനത്തിനു ഗുണം ചെയ്യുമെങ്കിൽ അതിനെക്കുറിച്ചു പഠിക്കുമെന്ന ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ പ്രതികരണം ഇതിനോടു ചേർത്തു വായിക്കാം. എന്നാൽ 2015ൽ ജില്ലാ വിഭജനം സംബന്ധിച്ചു സാധ്യതാ പഠനം നടത്താൻ പ്രമേയം പാസാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത് തുടർ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലായിരുന്നു. യു.ഡി.എഫിന്റെ ഭാഗമായ കോൺഗ്രസ് നിലപാട് മുൻവിധിയോടെ നിലപാടെടുക്കാൻ സാധിക്കില്ല എന്നാണ്. എന്നാൽ കേരളത്തിൽ 15-ാമതു ജില്ലയുണ്ടെങ്കിൽ അതു മൂവാറ്റുപുഴ ആയിരിക്കും എന്നു പ്രഖ്യാപിച്ച കരുണാകരന്റെ പാർട്ടിക്ക് മലപ്പുറത്തെ വിഭജനം സംബന്ധിച്ചു മാത്രമേ മുൻവിധി മാറ്റിവെക്കേണ്ടതുള്ളൂ.

കേരളം രൂപീകരിക്കുമ്പോൾ വെറും നാലു ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത് എങ്കിലും പിന്നീട് ഭരണ സൗകര്യാര്‍ഥം പല ജില്ലകളും രൂപീകരിച്ചു. എന്നാൽ ഒരു ജില്ലാ രൂപീകരണത്തിനുമില്ലാത്ത വിവാദങ്ങളായിരുന്നു മലപ്പുറത്ത്. വർഗീയ മാനങ്ങൾ നൽകാനും പഴയ പാക്കിസ്ഥാൻ വാദത്തിന്റെ ആവർത്തനമായുമൊക്കെ ചിത്രീകരിക്കാൻ ആളുകളുണ്ടായി. സമാനമാണ് ജില്ലാ വിഭജനത്തിന്റെ കാര്യത്തിലും.

സാധ്യതകൾ

കേരളത്തിൽ ഓരോ ജില്ലയിലും ഒരു അഡീഷണൽ സെഷൻസ് കോടതി വീതമാണെങ്കിൽ മലപ്പുറത്തു രണ്ടെണ്ണമുണ്ട്. എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ വിദ്യാഭ്യാസ ജില്ലകളാണെങ്കിൽ മലപ്പുറത്തു മൂന്നാണ്. ഇതെല്ലാം വിഭജനത്തിന് അനുകൂല ഘടകങ്ങളാണ്. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് വിഭജന ആവശ്യം ഉന്നയിച്ചു രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കാം എന്നു കരുതുന്നവരും ഉണ്ട്. തിരൂർ കേന്ദ്രീകരിച്ച് തീരദേശ ജില്ല എന്ന ആവശ്യമാണു പ്രധാനമായും. മൂവാറ്റുപുഴ, ഒറ്റപ്പാലം ജില്ലകളുടെ ആവശ്യവും നേരത്തെയുണ്ട്. പുതിയ ജില്ല നിലവിൽ വന്നാൽ സർക്കാർ തലത്തിലുള്ള ബുദ്ധിമുട്ടുകൾ ഏറെയും കുറയും.

(കാംപ‌സ് ഫ്ര‌ണ്ട് ഓഫ് ഇന്ത്യ‌ ദേശീയ‌ സ‌മിതിയംഗ‌വും ഹൈദ‌രാബാദ് ഇഫ്ലു സ‌ര്‍വ‌ക‌ലാശാല‌യില്‍ എം.എ ജേര്‍ണ‌ലിസം ആന്‍റ് മാസ് ക‌മ്മ്യൂണിക്കേഷ‌ന്‍ ഒന്നാം വ‌ര്‍ഷ‌ വിദ്യാര്‍ഥിയുമാണ് ലേഖകൻ.)

Top