ഇറാൻഭയവും അമേരിക്കയുടെ വിദേശനയവും

സൈനികമായി അക്രമിക്കപ്പെടുമെന്ന ഭീഷണി, അമേരിക്കയുടെ നേതൃത്വത്തിലുള്ള നയതന്ത്ര ഉപരോധം, മേഖലയില്‍ നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രപരവും സായുധവുമായ സുന്നി-ശീഈ സംഘട്ടനം, ഐസിസ് ഭീഷണി, ആഭ്യന്തരമായി നടക്കുന്ന വിവിധോദ്ദേശ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ എന്നിവയെ നേരിടാനും മേഖലയിലെ തങ്ങളുടെ ഇടം സുരക്ഷിതമാക്കാനും അതിജീവിക്കാനും മധ്യപൗരസ്ത്യ ഭൗമരാഷ്ട്രീയത്തില്‍ ഇറാന്‍ നടത്തുന്ന ക്രിയാത്മക ഇടപെടലുകളെ കുറിച്ച് വലി നസ്ര്‍ എഴുതുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തിനിടയില്‍ സംഭവിച്ച സാമൂഹിക വിപ്ലവങ്ങളും ആഭ്യന്തരയുദ്ധങ്ങളും ഒന്നാം ലോകമഹായുദ്ധാന്തരം മധ്യപൗരസ്ത്യദേശത്തെ നിര്‍വചിച്ച രാഷ്ട്രീയക്രമത്തെ തകര്‍ത്തു തരിപ്പണമാക്കിയിരിക്കുകയാണ്. ഒരിക്കല്‍ ശക്തരായിരുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ താഴെവീണു, അവരുടെ ഭരണകൂട സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു, ദേശീയ അതിര്‍ത്തികള്‍ മാറ്റിവരക്കപ്പെട്ടു. സിറിയയും യമനും രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധങ്ങളിലേക്ക് കൂപ്പുകുത്തി. വിദേശ സൈനിക ഇടപെടലുകള്‍ അവയെ കൂടുതല്‍ വഷളാക്കി. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐസിസ് എന്നും അറിയപ്പെടും) എന്ന ഭീകരവാദ സംഘം, അമേരിക്ക നേതൃത്വം നല്‍കുന്ന അന്താരാഷ്ട്രസഖ്യം തിരിച്ചടിക്കുന്നതിന് മുന്‍പ്‌ ഇറാഖിലെയും സിറിയയിലെയും വിശാലമായ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെയും, വാഷിംഗ്ടണിലെയും മേഖലയിലെയും ഒരുപറ്റം രാഷ്ട്രീയ നിരീക്ഷകരുടെയും ഉദ്യോഗസ്ഥരുടെയും കണ്ണില്‍ നിലവിലെ രാഷ്ട്രീയ അസ്ഥിരതക്ക് പിന്നിലെ പ്രധാന കുറ്റവാളി ഒരാള്‍ മാത്രമാണ്; ഇറാന്‍. ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ സാമ്പത്തിക സഹായം നല്‍കി, സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ പിന്തുണച്ചു, യമനിലെ സഊദിവിരുദ്ധരായ ഹൂഥീവിമതരെ സഹായിച്ചു എന്നൊക്കെയാണ് അവര്‍ ചൂണ്ടികാട്ടുന്നത്. ‘ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന ലോകത്തിലെ മുന്‍നിര രാജ്യം’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെ മുദ്രകുത്തുകയും, അമേരിക്കയും മറ്റു അഞ്ചു ലോകരാജ്യങ്ങളും ചേര്‍ന്ന് 2015-ല്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ ഉടമ്പടി ‘ഏറ്റവും വൃത്തികെട്ട ഉടമ്പടി’ എന്നു പറഞ്ഞ് റദ്ദാക്കുകയും ചെയ്തു. ‘മധ്യപൗരസ്ത്യ മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും എതിരെയുള്ള ഏക ഭീഷണി’ എന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഇറാനെ വിശേഷിപ്പിച്ചത്. ‘ഇറാന്‍ അക്രമപാതയിലാണ്’ എന്നായിരുന്നു സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറിന്റെ പ്രസ്താവന.

ഇറാന്‍ സ്വാധീനം ഇല്ലാതാക്കിയാല്‍ മധ്യപൗരസ്ത്യദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് അമേരിക്കയുടെ വിശ്വാസം. പക്ഷെ മധ്യപൗരസ്ത്യദേശത്തിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം എന്താണ് എന്നതിനെ സംബന്ധിച്ച തെറ്റായ ധാരണയുടെ പുറത്താണ് ആ പ്രതീക്ഷ നിലകൊള്ളുന്നത്. ഇറാന്‍ ആയിരുന്നില്ല തകര്‍ച്ചക്ക് കാരണം, ഇറാനെ നിയന്ത്രിക്കുന്നതിലൂടെ ക്രമസമാധാനം പുനഃസ്ഥാപിക്കാനും കഴിയില്ല. ഇറാന്റെ സ്വഭാവഗുണങ്ങളില്‍ പലതും അമേരിക്കക്ക് ഗൗരവതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പഴയ അറബ് ലോകക്രമം തകര്‍ന്നതില്‍ നിന്നും ഇറാന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന കാര്യവും നിസ്തര്‍ക്കമാണ്. എന്നാല്‍ പാശ്ചാത്യലോകത്തെ പലരും മനസ്സിലാക്കിയതിനേക്കാള്‍ എത്രയോ അധികം പ്രായോഗികമാണ് ഇറാന്റെ വിദേശ നയം. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഉടമ്പടിയില്‍ ഏര്‍പ്പെടാനുള്ള ഇറാന്റെ സന്നദ്ധത അതാണ് കാണിക്കുന്നത്. ഇസ്‌ലാമിക വിപ്ലവം വിദേശത്തും പ്രചരിപ്പിക്കണമെന്ന ആഗ്രഹമായിരുന്നില്ല അതിന് പിന്നില്‍, മറിച്ച് ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള വിവേകപൂര്‍ണ്ണമായ കണക്കുകൂട്ടലുകളായിരുന്നു അതിന്റെ യഥാര്‍ത്ഥ പ്രേരകഘടകം. മേഖലയില്‍ സന്തുലിതത്വം പുനഃസ്ഥാപിക്കാനും സംഘര്‍ഷം നിയന്ത്രിക്കാനും അമേരിക്ക കൂടുതലായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ മിഡിലീസ്സില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുകയുള്ളു. എടുത്തുചാടി ഇറാനോട് ഏറ്റുമുട്ടാതെ, ഇറാനോടൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുന്നത് അടക്കമുള്ള സൂക്ഷ്മസമീപനങ്ങള്‍ അതിന് ആവശ്യമായി വരും.

ഫോര്‍വേഡ് ഡിഫന്‍സ്‌

പാശ്ചാത്യ ലോകത്തെ രാഷ്ട്രീയക്കാരും നിരീക്ഷകരും തെഹ്‌റാന്റെ താല്‍പര്യങ്ങളും അഭിലാഷങ്ങളും വിപ്ലവാവേശമായി ചുരുക്കുകയാണ് പതിവ്. ഒരു രാജ്യം ആവുന്നതിനേക്കാള്‍ ഒരു പ്രശ്‌നകാരണമാവുന്നതിനാണ് ഇറാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്‌ എന്നകണക്കെ കുറ്റംചുമത്തല്‍ പോകുന്നു. തീവ്രചിന്താഗതിക്കാര്‍ തെഹ്‌റാനില്‍ ഉണ്ടെന്നത് ശരി തന്നെയാണെങ്കിലും, പാശ്ചാത്യലോകവുമായി എന്‍ഗേജ് ചെയ്യാന്‍ താല്‍പര്യമുള്ള പ്രായോഗികവാദികളും മിതവാദികളുമായ ഒരുപാട് രാഷ്ട്രീയക്കാരും അവിടെയുണ്ട് എന്നതാണ് വസ്തുത. ആഭ്യന്തര രാഷ്ട്രീയത്തില്‍ പ്രസ്തുത രണ്ടു വിഭാഗങ്ങളും ദീര്‍ഘകാലമായുള്ള രാഷ്ട്രീയ വടംവലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ വിദേശനയത്തിന്റെ കാര്യം വരുമ്പോള്‍, ദേശീയതയുടെയും ദേശീയസുരക്ഷയുടെ അനിവാര്യതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുകൂട്ടര്‍ക്കും ഇടയില്‍ അഭിപ്രായൈക്യം ഉണ്ടാവുന്നത് കാണാം. ഈ അഭിപ്രായ യോജിപ്പായിരുന്നു ആണവ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതിലേക്കും, നടപ്പാക്കുന്നതിലേക്കും ഇറാനെ നയിച്ചത്.

വിപ്ലവാവേശത്തിന്റെ ഉത്തുംഗശൃംഖത്തില്‍ നിന്നിരുന്ന കാലത്തെ സോവിയറ്റ് യൂണിയനെ അല്ലെങ്കില്‍ ചൈനയെ എങ്ങനെയാണോ അമേരിക്ക നോക്കിക്കണ്ടത്, അങ്ങനെയാണ് ഇന്ന് ചില നിരീക്ഷകര്‍ (വിദേശരാജ്യങ്ങളില്‍ മിലീഷ്യകളെയും, സായുധകലാപകാരികളെയും ഉപയോഗിക്കുന്ന) ഇറാനെ നോക്കിക്കാണുന്നത് – അതായത് വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള ക്രമത്തെ തകര്‍ക്കാനും കാലുഷ്യത്തിന്റെ വിത്തുകള്‍ വിതക്കാനും കച്ചക്കെട്ടിയിറങ്ങിയ ഒരു ശക്തി എന്ന നിലയില്‍. ‘സ്വന്തം സങ്കല്‍പ്പത്തിന് അനുസരിച്ച് മേഖലയെ പുനഃനിര്‍മ്മിക്കാന്‍ വേണ്ടി തങ്ങളുടെ ദുഃസ്വാധീനം വ്യാപിപ്പിക്കുകയാണ്’ ഇറാന്റെ ലക്ഷ്യമെന്ന് മാറ്റിസ് പറയുകയുണ്ടായി. പക്ഷെ തങ്ങളുടെ പൂര്‍വിക വിപ്ലവകാരികളേക്കാള്‍ ഇറാന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് ആധുനിക റഷ്യയോടും ചൈനയോടുമാണ്. അവരെപ്പോലെ അതൊരു തിരുത്തല്‍ ശക്തിയാണ്, അല്ലാതെ വിപ്ലവാത്മകമായ ഒന്നല്ല. തങ്ങളെ പുറന്തള്ളുന്നതിന് വേണ്ടി രൂപപ്പെടുത്തപ്പെട്ട പ്രാദേശിക ക്രമത്തെ ഇറാന്‍ എതിര്‍ക്കുന്നുണ്ട്. ഇറാന്റെ രീതികള്‍ എല്ലായ്‌പ്പോഴും അന്താരാഷ്ട്ര മാനദണ്ഡങ്ങളെ ധിക്കരിക്കുന്നതാണ്, പക്ഷെ അമേരിക്കയോട് എതിര്‍ത്തു നില്‍ക്കുന്നവയാണെങ്കില്‍ പോലും, ഇറാന്‍ സംരക്ഷിക്കുന്ന ദേശീയ താല്‍പര്യങ്ങള്‍ അസാധാരണമായവയല്ല. ലെനിന്‍, മാവോ തുടങ്ങിയവരേക്കാള്‍ വഌദ്മിര്‍ പുട്ടിന്‍, ഷീ ജിന്‍പിംഗ് എന്നിവരെ പോലെയുള്ളവരാണ് ഇറാന്റെ ലോകവീക്ഷണത്തെ സ്വാധീനിക്കുന്നത്. കൂടാതെ വിപ്ലവാവേശത്തേക്കാള്‍ ദേശീയതയാലാണ് ഇറാന്‍ നയിക്കപ്പെടുന്നത്.

ഇറാന്റെ നിലവിലെ വീക്ഷണഗതിയുടെ കാരണം 1979-ലെ ഇറാനിയന്‍ വിപ്ലവത്തിലേക്ക് മാത്രമല്ല, മറിച്ച് പ്രസ്തുത വിപ്ലവത്തിലേക്ക് നയിച്ച അഞ്ച് ദശാബ്ദകാലത്തെ പഹ്‌ലവി ഭരണത്തിലേക്കും ചെന്നെത്തുന്നുണ്ട്. ആണവശേഷി, സൈനികശക്തി, പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലക്ക് മേലുള്ള പ്രത്യേക നിയന്ത്രണം എന്നിവയുടെ സഹായത്തോടെ ഇറാന്‍ മിഡിലീസ്റ്റില്‍ ആധിപത്യം സ്ഥാപിക്കുന്നത് അവസാന ഷാ ആയിരുന്ന മുഹമ്മദ് റസാ പഹ്‌ലവി വിഭാവനം ചെയ്തു. കൂടുതല്‍ പ്രത്യയശാസ്ത്ര പ്രേരിത അഭിലാഷങ്ങള്‍ക്ക് അനുഗുണമായി അത്തരം ദേശീയതയെ ഇസ്‌ലാമിക് റിപ്പബ്ലിക്ക് കുറച്ച് കാലത്തേക്ക് ഒഴിവാക്കി നിര്‍ത്തിയിരുന്നു. പക്ഷെ കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി ദേശീയതാവികാരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.  ഇസ്‌ലാമിക മൂല്യങ്ങളോടുള്ള തങ്ങളുടെ കൂറിനെ ദേശീയതാ മിത്തുകളുമായി പരസ്പരം കൂട്ടിക്കെട്ടുകയാണ് ഇന്ന് ഇറാന്‍ നേതാക്കള്‍ ചെയ്യുന്നത്. റഷ്യയെയും ചൈനയെയും പോലെതന്നെ, ഇറാനും ഭൂതകാലപ്രതാപത്തെ സംബന്ധിച്ച ആഴമേറിയ ഓര്‍മകളും വന്‍ശക്തി പദവിയുമായി ബന്ധപ്പെട്ട തീവ്രാഭിലാഷങ്ങളും ഉണ്ട്. ആ രണ്ട് രാഷ്ട്രങ്ങളെ പോലെതന്നെ, തങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് മുന്നിലെ തടസ്സമായാണ് അമേരിക്കന്‍ നേതൃത്വത്തിലുള്ള പ്രാദേശിക ക്രമത്തെ ഇറാന്‍ നോക്കികാണുന്നത്.

കൂടുതല്‍ ഗുരുതരമായ ദേശീയ സുരക്ഷാ പ്രശ്‌നങ്ങളോടൊപ്പമാണ് അത്തരം ദേശീയ താല്‍പര്യങ്ങള്‍ വരുന്നത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും സൈന്യങ്ങള്‍ ഇറാന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശത്തിന്റെ ഭാഗമായി ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരാണ് ഇറാന്‍ അതിര്‍ത്തികളില്‍ വിന്യസിക്കപ്പെട്ടത്. യുദ്ധഭൂമിയില്‍ അമേരിക്കന്‍ സൈന്യത്തോട് എതിരിട്ടുനില്‍ക്കാന്‍ ഇറാന്‍ സൈന്യത്തിന് കഴിയുമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തരമാകുമെന്ന് അത് ഇറാനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അധിനിവേശത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നതോടെ, ശീഈ മിലീഷ്യകളും സുന്നി സായുധസംഘങ്ങളും അമേരിക്കയെ പിന്‍വാങ്ങാന്‍ നിര്‍ബന്ധം ചെലുത്തുന്നതാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശം കാണിച്ചു തന്നത്. ഇറാഖ് യുദ്ധവേളയില്‍ ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരെ വധിക്കാനും പരിക്കേല്‍പ്പിക്കാനും ഇറാനില്‍ നിന്ന്‌ ആയുധങ്ങളും പരിശീലനവും സ്വീകരിച്ച പ്രസ്തുത സായുധസംഘങ്ങളുടെ ഉപയോഗവും, ട്രംപ് ഭരണകൂടത്തിന്റെ ഇറാനോടുള്ള ശത്രുതാമനോഭാവത്തെ വിശദീകരിക്കാന്‍ സഹായിക്കുന്നുണ്ട്.

അതുപോലെത്തന്നെ, അറബ് ലോകത്തു നിന്നുള്ള ഭീഷണികളെയും ഇറാന്‍ കാണുന്നുണ്ട്. വിപ്ലവത്തിലൂടെ ഇറാഖിലെ രാജഭരണം തൂത്തെറിയപ്പെട്ട 1958 മുതല്‍ 2003 വരെ ഇറാഖ് ഇറാന് ഒരു ഭീഷണി തന്നെയായിരുന്നു. 1980-കളിലെ എട്ടു വര്‍ഷം നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ ഓര്‍മ്മകളാണ് അറബ് ലോകത്തെ സംബന്ധിച്ച ഇറാന്റെ വീക്ഷണത്തെ രൂപപ്പെടുത്തുന്നത്. ഒരുപാട് മുതിര്‍ന്ന ഇറാനിയന്‍ നേതാക്കള്‍ പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്തവരാണ്. ആ യുദ്ധത്തില്‍ ഇറാഖ് ഇറാനിയന്‍ അതിര്‍ത്തി പിടിച്ചെടുക്കുകയും, ഇറാനിയന്‍ സൈന്യത്തിനെതിരെ രാസായുധം പ്രയോഗിക്കുകയും, മിസൈല്‍ ആക്രമണങ്ങളിലൂടെ ഇറാനിയന്‍ നഗരങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. 2003 മുതല്‍ക്ക്, ഇറാഖിലും സിറിയയിലും ശക്തിപ്പെട്ട കുര്‍ദിഷ് വിഘടനവാദവും, മേഖലയിലുടനീളം പടര്‍ന്ന ശീഈ-സുന്നീ സംഘര്‍ഷവും, അറബ് ലോകം ഇറാന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന കാഴ്ച്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇടയാക്കി.

സൈനികശക്തിയുടെ കാര്യത്തില്‍ പാരമ്പര്യവൈരികള്‍ തങ്ങളെ കവച്ചുവെക്കുമോ എന്നും ഇറാന്‍ ഭയപ്പെടുന്നുണ്ട്. 2016-ല്‍, സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്ക് പ്രകാരം, ജി.ഡി.പിയുടെ മൂന്ന് ശതമാനമാണ് ഇറാന്‍ സൈനികമേഖലയില്‍ വിനിയോഗിച്ചിട്ടുള്ളത്. സഊദി അറേബ്യ (പത്ത് ശതമാനം), ഇസ്രായേല്‍ (ആറു ശതമാനം), ഇറാഖ് (അഞ്ച് ശതമാനം), ജോര്‍ദാന്‍ (നാലു ശതമാനം) എന്നീ രാജ്യങ്ങളേക്കാള്‍ കുറവാണത്. മിഡിലീസ്റ്റ് രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇറാന്‍. പ്രതിരോധമേഖലയിലെ ഇറാന്റെ ധനവിനിയോഗം വളരെ കുറവാണ്. ഉദാഹരണത്തിന്, 2016-ല്‍ 63.7 ബില്ല്യണ്‍ ഡോളറാണ് സഊദി അറേബ്യ പ്രതിരോധമേഖലയില്‍ ചെലവഴിച്ചത്, ഇറാന്റെ 12.7 ബില്ല്യണ്‍ ഡോളറിനേക്കാള്‍ അഞ്ചിരട്ടിയാണത്.

ഇതിനെ മറികടക്കാന്‍, ‘മുന്നോട്ടുകയറി പ്രതിരോധിക്കുക’ (forward defense) എന്ന തന്ത്രമാണ് ഇറാന്‍ സ്വീകരിച്ചത്. ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ഹമാസ്, ഹിസ്ബുല്ല തുടങ്ങിയവ ഉള്‍പ്പെടെയുള്ള മിഡിലീസ്റ്റിലെ സുഹൃദ് സായുധസംഘങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ പ്രസ്തുത തന്ത്രത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി)-ന്റെ ഭാഗമായ ഖുദ്‌സ് ഫോഴ്‌സ് ആണ് ഇറാന്റെ സുപ്രധാന സൈനിക യൂണിറ്റ്. നേരത്തെ സൂചിപ്പിച്ച സായുധസംഘങ്ങള്‍ക്ക് പരിശീലനവും ആയുധവും നല്‍കുന്നത് ഖുദ്‌സ് ഫോഴ്‌സാണെന്ന ആരോപണമുണ്ട്. ഹിസ്ബുല്ല ഒരു ഫലപ്രദമായ സഖ്യകക്ഷിയാണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്, ഇസ്രായേലിനെതിരെ സൈനിക വിജയങ്ങള്‍ നേടാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. 2000-ത്തില്‍, ദക്ഷിണ ലബനാനില്‍ നിന്നും ഇസ്രായേല്‍ സൈന്യത്തെ ഹിസ്ബുല്ല തുരത്തിയോടിച്ചിരുന്നു. കൂടാതെ 2006-ല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ മുനയൊടിക്കാനും അതിന് സാധിച്ചു.

ഇറാന്റെ ദീര്‍ഘദൂര മിസൈല്‍ പദ്ധതിക്ക് പിന്നിലും സമാനയുക്തി തന്നെയാണുള്ളത് (2015-ലെ ഉടമ്പടിക്ക് മുമ്പ്). മറ്റു സൈനികവിഭാഗങ്ങള്‍ക്ക് മുകളില്‍ ഒരു സുരക്ഷാകവചമായി വര്‍ത്തിക്കുക എന്നാണ് തെഹ്‌റാന്‍ പ്രസ്തുത പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്, ഇതേ തന്ത്രമാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ വിജയകരമായി നടപ്പാക്കിയത്. തങ്ങളുടെ ആണവ പദ്ധതി മരവിപ്പിക്കാമെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്; കനത്ത തിരിച്ചടി പ്രതീക്ഷിച്ചു കൊണ്ടല്ലാതെ ഒരു വന്‍ശക്തിക്കും ഇറാനെയോ, അതിന്റെ രഹസ്യ സംഘങ്ങളെയോ ആക്രമിക്കാന്‍ കഴിയാത്ത വിധത്തിലുള്ള പൂര്‍ണവികസിത മിസൈല്‍ പദ്ധതിയാണ് ഇപ്പോഴത്തെ ആശയം.

പ്രശ്‌നകാലുഷ്യങ്ങള്‍ക്ക് നടുവില്‍

മുന്‍പത്തെതിനെക്കാള്‍ ഇന്നാണ് ഇറാന്റെ ഭീഷണി കൂടുതല്‍ ശക്തമെന്ന് തോന്നുണ്ടെങ്കില്‍, അതിന്റെ കാരണം പക്ഷെ ഇറാന്‍ തന്റെ എതിരാളികളോട് ഏറ്റുമുട്ടാന്‍ ഉദ്ദേശിക്കുന്നത് കൊണ്ടോ, കാലുഷ്യം വിതക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ടോ അല്ല, മറിച്ച് കഴിഞ്ഞ ഒന്നര ദശാബ്ദകാലത്തിനിടക്ക് മിഡിലീസ്റ്റില്‍ സംഭവിച്ച ഗൗരവതരമായ മാറ്റങ്ങളാണ് അതിന് കാരണം. മേഖലയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും, ഇറാന്റെ നീക്കങ്ങള്‍ നിയന്ത്രിക്കാനും ദശാബ്ദങ്ങളോളം അമേരിക്ക ആശ്രയിച്ചിരുന്ന അറബ് ക്രമവ്യവസ്ഥ ഇന്നില്ല. 2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെ ആരംഭിച്ച സംഭവപരമ്പകള്‍ അറബ് ലോകത്തിന്റെ തകര്‍ച്ചയിലാണ് അവസാനിച്ചത്, സാമൂഹിക അരക്ഷിതാവസ്ഥ ഭരണാധികാരികളെ പുറത്താക്കുന്നതിലേക്ക് നയിച്ചു, ഭരണകൂട സ്ഥാപനങ്ങള്‍ നിലംപതിച്ചു, വംശീയ-വിഭാഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും, ചില പ്രദേശങ്ങളില്‍ അത് ആഭ്യന്തര യുദ്ധങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

അസ്ഥിരത ഒരുപാട് തരത്തില്‍ മേഖലയിലുടനീളമുള്ള ഇറാന്റെ ആപേക്ഷിക ശക്തിയെയും, സ്വാധീനത്തെയും വര്‍ധിപ്പിച്ചു; മറ്റനേകം ശക്തി കേന്ദ്രങ്ങള്‍ ദുര്‍ബലമായതോടെ മുന്‍പത്തെക്കാള്‍ തെഹ്‌റാന്‍ ശക്തമായി. ഇറാഖില്‍ കുര്‍ദിഷ്, ശീഈ രാഷ്ട്രീയ ശക്തികളോടൊപ്പം പ്രവര്‍ത്തിച്ച് ഇറാന്‍, സഖ്യങ്ങള്‍ ഉണ്ടാക്കുകയും സര്‍ക്കാറുകള്‍ രൂപീകരിക്കുകയും തര്‍ക്കങ്ങള്‍ പരിഹരിക്കുകയും നയങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നുണ്ട്. തദ്ഫലമായി, അമേരിക്ക അടക്കമുള്ള മറ്റു രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ആഴത്തിലുള്ള സ്വാധീനം ഇറാന് ഇറാഖില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. സിറിയയില്‍, ഒരു ശക്തമായ സൈന്യം ഉണ്ടാക്കുന്നതിന് വേണ്ടി ഹിസ്ബുല്ലയെയും ശീഈ സന്നദ്ധപ്രവര്‍ത്തകരെയും ഇറാന്‍ ഒരുമിച്ച് നിര്‍ത്തി. പ്രതിപക്ഷത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഈ സൈന്യത്തെയാണ് ഇറാന്‍ ഉപയോഗിച്ചത്. ആഭ്യന്തര യുദ്ധത്തില്‍ ബശ്ശാറുല്‍ അസദ് മേല്‍കൈ നേടിയതോടെ, ദമാസ്‌കസിലെ ഇറാന്‍ സ്വാധീനം പൂര്‍വ്വാധികം വര്‍ദ്ധിച്ചു. കൂടാതെ യമനില്‍, വളരെ കുറഞ്ഞ ചെലവില്‍, സഊദി അറേബ്യയെയും അതിന്റെ സഖ്യകക്ഷികളെയും സാമ്പത്തികചെലവേറിയ യുദ്ധത്തില്‍ അകപ്പെടുത്താനും, ഇറാഖിലും സിറിയയിലുമുള്ള സഊദി റിസോഴ്‌സുകള്‍ വഴിതിരിച്ചുവിടാനും ഇറാന് സാധിച്ചു.

പക്ഷെ, അസ്ഥിരത പുതിയ ഭീഷണികള്‍ ഉയര്‍ന്നുവരുന്നതിന് കാരണമായി ഭവിച്ചു. സിറിയയിലെ അസദ് ഭരണകൂടത്തിന് ഇറാന്‍ നല്‍കുന്ന പിന്തുണ, അറബ് പൊതുസമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിന് വിധേയമായി. 2012-ല്‍ സോഗ്ബി പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വ്വെ ഫലപ്രകാരം, സിറിയന്‍ സംഘര്‍ഷത്തില്‍ ഇറാന്‍ ഇടപെട്ട തൊട്ടുടനെ തന്നെ, അറബ് ലോകത്തെ ഇറാന്റെ ജനസമ്മതി ശതമാനം 2006-ലെ 75 ശതമാനത്തില്‍ നിന്നും 25 ശതമാനമായി കൂപ്പുകുത്തി. കൂടാതെ ഇറാനിയന്‍ സ്വാധീനത്തിനെതിരെയുള്ള സുന്നി ചെറുത്ത് നില്‍പ്പിനെ അടിവരയിടുന്നതായിരുന്നു ശീഈ വിരുദ്ധ-ഇറാന്‍ വിരുദ്ധ സംഘമായ ഐസിസിന്റെ ക്ഷിപ്രവേഗത്തിലുള്ള വളര്‍ച്ച. എന്നാല്‍ ഐസിസിന്റെ ഇന്നത്തെ അവസ്ഥ തെഹ്‌റാന്റെ ‘മുന്നോട്ട് കയറിയുള്ള പ്രതിരോധം’ എന്ന തന്ത്രത്തെ ശരിവെക്കുന്നതാണ്. ഇറാന്റെ സൈനിക ശക്തിയും, ഇറാഖിലും സിറിയയിലുമുള്ള അതിന്റെ കരുത്തുറ്റ സഖ്യകക്ഷികളും ഗുണഭോക്താക്കളും ഇല്ലായിരുന്നെങ്കില്‍, ഐസിസ് വളരെ എളുപ്പും ദമാസ്‌കസ്, ബാഗ്ദാദ്, ഇര്‍ബില്‍ (ഇറാഖി കുര്‍ദിസ്ഥാന്റെ തലസ്ഥാനം) എന്നിവ കടന്ന് ഇറാന്‍ അതിര്‍ത്തികളില്‍ എത്തുമായിരുന്നു. എന്നിരുന്നാലും, രാഷ്ട്രരഹിത സായുധ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഇറാന്റെ തന്ത്രത്തെ വിപ്ലവം കയറ്റുമതി ചെയ്യാനുള്ള ശ്രമമായാണ് ഇറാന്റെ എതിരാളികള്‍ നോക്കികാണുന്നത്, അതിന് പിന്നിലെ കണക്കുകൂട്ടല്‍ തികച്ചു പരമ്പരാഗതമാണ്; അറബ് ലോകം എത്രത്തോളം ഭീഷണി നേരിടുന്നോ, അത്രത്തോളം ഇറാന് അവിടെ ഉറച്ച് തന്നെ നില്‍ക്കാം.

മേഖലയിലെ പുതിയ സാഹചര്യം ഇറാനും അമേരിക്കയും തമ്മിലുള്ള അല്ലെങ്കില്‍ അമേരിക്കയുടെ അറബ് സഖ്യകക്ഷികളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ സാധ്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇവിടെയും, തങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് ഇറാന്‍ നേതാക്കള്‍ക്ക് നല്ല ബോധ്യമുണ്ട്. മുന്‍പത്തെക്കാള്‍ ശക്തമായാണ് ഇറാന്‍ ഐസിസിനെതിരെ പോരാടിയത്. ഇറാഖില്‍ ഐസിസിനെതിരെ പോരാടിയ ഇറാഖി ശീഈകളെയും, സിറിയയില്‍ യുദ്ധം ചെയ്യാനായി അഫ്ഗാനിസ്ഥാനില്‍ നിന്നുവരെ എത്തിയ ശീഈ സന്നദ്ധപ്രവര്‍ത്തകരെയും, യമനിലെ സഊദി അനുകൂല സര്‍ക്കാറിനെതിരെ പോരാടുന്ന ഹൂഥികളെയുമെല്ലാം സംഘടിപ്പിച്ചതും പരിശീലിപ്പിച്ചതും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡുകള്‍ ആയിരുന്നു. ഹിസ്ബുല്ലയോടൊപ്പം ചേര്‍ന്ന്, ഈ ശീഈ സംഘങ്ങള്‍ അതിശക്തവും വന്‍സ്വാധീനവുമുള്ള ഒരു സൈന്യം രൂപീകരിച്ചു. പോരാട്ടം അവസാനിച്ചതിന് ശേഷം, തങ്ങളുടെ മാതൃരാജ്യങ്ങള്‍ രൂപപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ തുടരും, പ്രദേശിക രാഷ്ട്രീയത്തില്‍ അവര്‍ സജീവമാകും, അറബ് ലോകത്ത് ഇറാന്‍ സ്വാധീനം വ്യാപിപ്പിക്കും. തദ്ഫലമായി, സുന്നി അറബ് രാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം മേഖലയെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ സഊദി അറേബ്യയുമായുള്ള ഉരസലും ഇറാനെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ യുദ്ധഭീഷണിയും ഇറാന്‍ അടക്കമുള്ള ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ യാത്രാവിലക്കും ദേശീയതാവികാരത്തെ ഉയര്‍ത്തിവിട്ടിട്ടുണ്ട്. പുതുതായി ശക്തിപ്പെട്ട യു.എസ്-സഊദി ബന്ധത്തില്‍ നിന്നുള്ള ഭീഷണിയെ സംബന്ധിച്ച ഭയം അമേരിക്കക്ക് നേരെയുള്ള എതിര്‍പ്പിന് കാരണമായി. ആണവ ഉടമ്പടിയില്‍ ഒപ്പുവെച്ചത് മുതല്‍ക്ക് ഇറാനും സഊദി അറേബ്യക്കും ഇടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകയാണ്, പക്ഷെ ട്രംപ് ഭരണകൂടം അധികാരത്തിലേറിയത് മുതല്‍ക്ക്, അവര്‍ (സഊദി) അപകടകരമായ നടപടിയിലേക്ക് നീങ്ങുകയാണുണ്ടായത്. 2017 മെയ് മാസത്തില്‍, സഊദി അറേബ്യന്‍ കിരീടാവകാശിയും സഊദി അറേബ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, മിഡിലീസ്റ്റിന് മേല്‍ മേല്‍ക്കൈ നേടാനുള്ള യുദ്ധം ‘ഇറാന് ഉള്ളിലാണ്’ നടക്കുക എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അറബ്, പാശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ തലസ്ഥാന നഗരികളില്‍ നടന്നത് പോലുള്ള ഭീകരാക്രമണങ്ങളില്‍ നിന്ന് ഇറാനും സുരക്ഷിതമല്ല. കഴിഞ്ഞ ജൂണില്‍, ഐസിസ് തോക്കുധാരികളും ചാവേറുകളും കൂടി ഇറാനിയന്‍ പാര്‍ലമെന്റ് കെട്ടിടം, ഇറാന്റെ പരമോന്നത നേതാവ് റൂഹുല്ല ഖുമൈനിയുടെ പേരിലുള്ള മ്യൂസിയം എന്നിവ ആക്രമിക്കുകയും 18 പേരെ വധിക്കുകയും ചെയ്തിരുന്നു. രാഷ്ട്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഭീഷണികളില്‍ നിന്നുള്ള അപകടം തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് ‘മുന്നോട്ട് കയറിയുള്ള പ്രതിരോധം’ എന്ന തന്ത്രം സ്വീകരിക്കുന്നതിലേക്ക് ഇറാനികള്‍ എത്തുന്നത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍, ഇറാനിയന്‍ ഇടപെടലിനെ മറച്ചുവെക്കാനും യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാനികളുടെ വിവരങ്ങള്‍ ഒളിച്ചുവെക്കാനും ഇറാന്‍ അധികൃതര്‍ ഏതറ്റം വരെയും പോയിരുന്നു. എന്നാലിപ്പോള്‍, അന്ന് കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി വാഴ്ത്തി പരസ്യമായി ആഘോഷിക്കുകയാണ് അവര്‍.

ഡിസംബര്‍ അവസാനവും ജനുവരി ആദ്യത്തിലും നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ ചില പ്രതിഷേധക്കാര്‍ ലെബനാന്‍, സിറിയ, ഫലസ്തീന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെ ഇറാന്‍ ഇടപെടലിനെ ചോദ്യം ചെയ്തുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുകയുണ്ടായി. സ്വന്തം രാജ്യത്തെ അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ, വിദൂര രാജ്യങ്ങളിലെ സംഘര്‍ഷ ഭൂമികളിലേക്ക് ദുര്‍ല്ലഭമായ വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്നതാണ് ‘ഫോര്‍വേഡ് ഡിഫന്‍സ്’ എന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സാമ്പത്തിക ചെലവുകൊണ്ടാണ് ദേശീയത ശക്തിപ്പെടുത്തപ്പെടുന്നതെന്ന വസ്തുത പ്രതിഷേധങ്ങള്‍ തുറന്നുകാട്ടി. എന്നാല്‍, പൊതുസമൂഹത്തിന്റെ വിമര്‍ശനത്തിന് പാത്രമായെങ്കിലും, സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെ സമ്മര്‍ദ്ദ ഫലമായി ഇറാന്‍ തകരാനൊന്നും പോകുന്നില്ല. തങ്ങളുടെ സര്‍ക്കാറിന്റെ പ്രാദേശിക അഭിലാഷങ്ങളെ സംബന്ധിച്ച് ഇറാനികള്‍ക്ക് സംശയങ്ങളുണ്ട്, പക്ഷെ പ്രതിരോധത്തിന്റെ അനിവാര്യതയെ കുറിച്ച് അവര്‍ക്ക് സംശയങ്ങളൊന്നും തന്നെയില്ല. ഇറാഖിലെയും സിറിയയിലെയും ശീഈ നഗരങ്ങള്‍ക്കും, അതുപോലെ തന്നെ ഇറാനിനും നേര്‍ക്ക് സുന്നി തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ അവര്‍ക്ക് ഭയമുണ്ട്. വിമര്‍ശനങ്ങള്‍ക്ക് മുന്നിലും ഇറാന്‍ നേതാക്കള്‍ ഉറച്ചുതന്നെയാണ് നില്‍ക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ വിദേശകരങ്ങളാണെന്നാണ് അവരില്‍ പലരുടെയും അഭിപ്രായം. പിന്‍വാങ്ങുന്നതിനേക്കാള്‍, മിഡിലീസ്റ്റിലെ തങ്ങളുടെ അധികാരമേഖലയെ സംരക്ഷിക്കാന്‍ ഇറാന്‍ കരുത്ത് കാണിക്കേണ്ടതുണ്ട് എന്ന ഉത്തമബോധ്യം അവര്‍ക്കുണ്ട്.

ഒത്തുതീര്‍പ്പില്‍ നിന്നും ഏറ്റുമുട്ടലിലേക്ക്

മേഖലയിലെ അവസാനിക്കാത്ത അസ്ഥിരതയില്‍ നിന്നും അകലം പാലിക്കുക എന്നതായിരുന്നു മിഡിലീസ്റ്റിലെ ശിഥിലമായി കൊണ്ടിരുന്ന വ്യവസ്ഥയോടുള്ള ഒബാമ ഭരണകൂടത്തിന്റെ പ്രതികരണം. കഴിഞ്ഞ കാല യു.എസ് നയത്തില്‍ നിന്നും പൂര്‍ണ്ണമായും മാറി, സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇടപെടാന്‍ അമേരിക്ക വിസമ്മതിക്കുകയും, പഴയ കണ്ടെയ്‌മെന്റ് സ്ട്രാറ്റജിയില്‍ നിന്നും മാറി, ഇറാനുമായി ആണവ ഉടമ്പടി ഉണ്ടാക്കുന്നതിലേക്ക് എത്തുകയും ചെയ്തു. പ്രസ്തുത ഉടമ്പടി അറബ് ലോകത്തെ ക്ഷുഭിതരാക്കുകയും പ്രാദേശിക സംഘര്‍ഷങ്ങളെ രൂക്ഷമാക്കുകയും ചെയ്‌തെങ്കിലും, ഊരിപ്പോരാന്‍ ശ്രമിക്കുമ്പോഴെല്ലാം അമേരിക്കയെ മിഡിലീസ്റ്റിലേക്ക് തന്നെ വലിച്ചു കൊണ്ടുപോകുമായിരുന്ന ഭീഷണിയുടെ തോതിനെ കുറക്കാനും പ്രസ്തുത ഉടമ്പടി മൂലം സാധിച്ചു.

ഇറാനുമായുള്ള ബന്ധം അമേരിക്ക ചിലപ്പോള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കിയേക്കാമെന്നാണ് ആണവ ഉടമ്പടിയിലെ വിജയം സൂചിപ്പിക്കുന്നത്. ഇറാനെ നിയന്ത്രിക്കുന്നതില്‍ അമേരിക്ക ഇനി വലിയ താല്‍പര്യം കാണിക്കുകയില്ലെന്ന് അറബ് സഖ്യകക്ഷികള്‍ അനുമാനിക്കുകയും അമേരിക്ക തങ്ങളെ കൈയ്യൊഴിയുമോ എന്നവര്‍ ഭയപ്പെടുകയും ചെയ്തു. തെഹ്‌റാന്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചു. അറബ് ലോകം നിലംപതിച്ചാല്‍, ഇറാനെതിരെയുള്ള ഏതൊരു സമ്മര്‍ദ്ദതന്ത്രവും നിഷ്ഫലമാണെന്നും, ആണവഉടമ്പടി അതിനെ വ്യര്‍ത്ഥമാക്കുമെന്നും ഇറാന്‍ കണക്കുകൂട്ടി.

പക്ഷെ ഈ പ്രതീക്ഷകളൊക്കെ ഉണ്ടായിരിക്കെ തന്നെ, മേഖലയോടുള്ള തങ്ങളുടെ സമീപനത്തില്‍ അമേരിക്ക മൗലികമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, യു.എ.ഇ എന്നിവരുമായി വലിയ തോതിലുള്ള ആയുധ ഉടമ്പടിയില്‍ ഏര്‍പ്പെട്ടു കൊണ്ടാണ് അറബ് രാജ്യങ്ങളുടെ ഉത്കണഠ ഒബാമ ഭരണകൂടം ശമിപ്പിച്ചത്. ആണവ ഉടമ്പടിയെ പിന്തുണച്ച ഇറാനിലുള്ള ആളുകള്‍ നിരാശരായി; അമേരിക്കയും തങ്ങളുടെ പ്രാദേശിക വൈരികളും തമ്മിലുള്ള പരമ്പരാഗത സൈനിക വിടവ് കൂടുതല്‍ വലുതാകാന്‍ വേണ്ടിയായിരുന്നു ഇറാന്‍ തങ്ങളുടെ സുപ്രധാന സ്വത്ത് ഉപേക്ഷിക്കാന്‍ തയ്യാറായത്. 2015-ല്‍, സഊദി അറേബ്യയും സഖ്യകക്ഷികളും ആദ്യമായി പ്രസ്തുത സൈനിക മേധാവിത്വം തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. യമന്‍ ആയിരുന്നു അതിന്റെ പ്രത്യാഘാതം അനുഭവിച്ചത്, ഈ സൂചന ഇറാന്‍ വ്യക്തമായി മനസ്സിലാക്കി. തങ്ങളുടെ മിസൈല്‍ പദ്ധതി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു കൊണ്ടായിരുന്നു ഇറാന്‍ പ്രതികരിച്ചത്.

ആണവ ഉടമ്പടിയില്‍ നിന്നും ട്രംപ് ഭരണകൂടം പിന്നോട്ടടിച്ചിട്ടുണ്ട്. പഴയ യു.എസ്-അറബ് സഖ്യവ്യവസ്ഥയിലേക്കാണ് അത് തിരിച്ചു പോയികൊണ്ടിരിക്കുന്നത്. സഊദി അറേബ്യയാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. ആണവ ഉടമ്പടി മന്ദഗതിയിലായേക്കാം, പക്ഷെ ഇറാന്‍-അമേരിക്കന്‍ ഐക്യം എന്നത് ഒരു അടഞ്ഞ അധ്യായമായി മാറി കഴിഞ്ഞു. പഴയതു പോലെ ഇറാനെ നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടാണ്. രണ്ട് സുപ്രധാന കെട്ടിടസമുച്ചയങ്ങള്‍ ഇന്നില്ല; ഇറാഖും സിറിയയും ശക്തി ക്ഷയിച്ച് തകര്‍ന്നടിഞ്ഞു, സ്വന്തം അതിര്‍ത്തികള്‍ നിയന്ത്രിക്കാന്‍ തന്നെ അവര്‍ക്കിന്ന് കഴിയില്ല, അമേരിക്കയെക്കാളും അതിന്റെ സഖ്യകക്ഷികളെക്കാളും ഇറാനുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന സര്‍ക്കാറുകളാണ് അവ ഇന്നു ഭരിക്കുന്നത്. അറബ് വ്യവസ്ഥയുടെ നെടുംതൂണുകളായിരുന്നു ആ രണ്ടു രാഷ്ട്രങ്ങള്‍. 1958-ന് ശേഷം, ഇറാനിയന്‍ സ്വാധീനത്തിന് എതിരെ ഒരു പരിചയായും, ഇറാന് നേരെ ഒരു കുന്തമുനയായും നിലകൊണ്ടിരുന്ന രണ്ട് രാഷ്ട്രങ്ങളായിരുന്നു സിറിയയും, പ്രത്യേകിച്ച് ഇറാഖും.

ആത്യന്തികമായി, ആഗോള നേതൃത്വത്തില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങലാണ് മിഡിലീസ്റ്റിലെ അമേരിക്കന്‍ നിലപാട് പ്രതിഫലിപ്പിക്കുന്നത്. ഇറാന്റെ നേട്ടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശേഷി അമേരിക്കക്ക് ഇല്ല. കഴിഞ്ഞ വര്‍ഷം നടന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇറാഖി കുര്‍ദിസ്ഥാന്റെ ഹിതപരിശോധന അമേരിക്കന്‍ നയത്തിന്റെ പോരായ്മ ശരിക്കും തുറന്നുകാട്ടുന്നതായിരുന്നു. കുര്‍ദുകളോട് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും കുര്‍ദുകളെ തടയാന്‍ അമേരിക്കക്ക് കഴിഞ്ഞില്ല, അവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം, തുടര്‍ന്നുള്ള പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ അമേരിക്ക വലിയ പങ്ക് വഹിച്ചില്ല. തല്‍സ്ഥാനത്ത്‌, ബാഗ്ദാദും ഇര്‍ബിലും തമ്മില്‍ തുറന്ന സംഘട്ടനത്തിലേക്ക് വഴിമാറുമായിരുന്ന സാഹചര്യത്തെ ഇറാന്‍ ഇല്ലാതാക്കി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആവശ്യത്തില്‍ നിന്നും പിന്‍മാറാനും തര്‍ക്ക നഗരമായ കിര്‍കുക്കിന്റെ നിയന്ത്രണം അടിയറവെക്കാനും കുര്‍ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാറില്‍ നേതൃമാറ്റത്തിനും കുര്‍ദിഷ് നേതാക്കളെ ഇറാന്‍ നിര്‍ബന്ധിച്ചു.

അമേരിക്കയുടെ പ്രധാന അറബ് സഖ്യകക്ഷിയായ സഊദി അറേബ്യക്ക് അധിക ജോലി എടുക്കാന്‍ കഴിയില്ല. സിറിയയിലും അറബ് ലോകത്തും ഇറാന്‍ നടത്തുന്ന ഇടപെടലിനെതിരെ സുന്നി അറബ് പൊതുസമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കാന്‍ സഊദി അറേബ്യക്ക് വിജയകരമായി സാധിച്ചിട്ടുണ്ട്. 2013-നും 2016-നും ഇടയില്‍, ഖത്തര്‍, തുര്‍ക്കി എന്നിവരോടൊപ്പം സഊദി അറേബ്യയും വിവിധ അസദ് വിരുദ്ധ വിമത സംഘങ്ങള്‍ക്ക് പിന്തുണ നല്‍കി ഇറാനെയും അതിന്റെ ഗുണഭോക്താക്കളെയും പ്രതിരോധത്തിലാക്കിയിരുന്നു. പക്ഷെ പിന്നീട് സഊദിയുടെ പരിശ്രമത്തില്‍ ഇടിവ് സംഭവിച്ചു. സഊദി ഖത്തറുമായും തുര്‍ക്കിയുമായും കലഹിച്ചു, അസദ് ഭരണകൂടം സുന്നി വിമത ആക്രമണത്തെ അതിജീവിക്കുകയും ചെയ്തു. കൂടാതെ യമനില്‍, സഊദിയുടെ നേതൃത്വത്തിലുള്ള വന്‍സൈനിക നീക്കത്തിനെതിരെ ഹൂഥികള്‍ അടിയുറച്ച് നില്‍ക്കുന്നുമുണ്ട്.

സഊദി അറേബ്യയുടെ നിശ്ചയദാര്‍ഢ്യം ഇറാനെ ഇപ്പോഴും ഭയപ്പെടുത്തുന്നുണ്ട്. മുഹമ്മദ് രാജകുമാരന്‍ യമനില്‍ യുദ്ധം തുടരുകയാണ്, ഖത്തറിനെ ഒറ്റപ്പെടുത്തി, ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയെ നവംബറില്‍ നിര്‍ബന്ധപൂര്‍വ്വം രാജിവെപ്പിക്കാനുള്ള ശ്രമം പോലും അദ്ദേഹം നടത്തുകയുണ്ടായി. തന്റെ മുന്‍ഗാമികളോട് ഇടഞ്ഞ്, ഇറാഖില്‍ ഇടപെടാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി, സ്വതന്ത്ര മിലീഷ്യ നേതാവ് മുഖ്തദ അല്‍സദ്ര്‍ അടക്കമുള്ള ഇറാഖി ശീഈ രാഷ്ട്രീയക്കാരുടെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ അക്രമണാത്മക നയതന്ത്രം തുടരുന്നിടത്തോളം സഊദി അറേബ്യക്ക് കഷ്ടകാലം തന്നെയായിരിക്കും. മുഹമ്മദ് രാജകുമാരന് തന്റെ പിതാവ് സല്‍മാന്‍ രാജാവില്‍ നിന്നും തന്ത്രപൂര്‍വ്വം അധികാരസ്ഥാനം കൈവശപ്പെടുത്തേണ്ടതുണ്ട്, ഇറാനെതിരെയുള്ള പോരാട്ടം തുടരുമ്പോള്‍ തന്നെ രാജ്യത്ത് സാമൂഹിക സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കേണ്ടതുമുണ്ട്.

അമേരിക്കയും സഖ്യകക്ഷികളും ആഗ്രഹിച്ചതു പോലുള്ള ഒരു ഒറ്റപ്പെടലൊന്നും ഇറാന്‍ അനുഭവിക്കുന്നില്ല. കഴിഞ്ഞ ജൂണില്‍, സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ സഖ്യം ഖത്തറിന് മേല്‍ നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധം നടപ്പാക്കിയിരുന്നു. ഖത്തര്‍ ഇറാനുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നു, ഭീകരവാദ സംഘങ്ങളെയും സുന്നി ഇസ്‌ലാമിസ്റ്റ് സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനെയും സഹായിക്കുന്നു എന്നാരോപിച്ച് അതിനുള്ള ശിക്ഷ എന്ന നിലക്കായിരുന്നു പ്രസ്തുത ഉപരോധം. എന്നാല്‍ ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഖത്തര്‍ ഇറാനുമായി കൂടുതല്‍ അടുക്കുന്നതിനാണ് വഴിവെച്ചത്, കൂടാതെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരങ്ങളില്‍ അത് ഇറാന് സൈനികബലം നല്‍കുകയും ചെയ്തു.

സഊദി അറേബ്യയുടെ നീക്കം തുര്‍ക്കിയുമായുള്ള ബന്ധത്തിലും വിള്ളലുണ്ടാക്കി. തുര്‍ക്കിയുടെ ഭരണം കൈയ്യാളുന്ന ജസ്റ്റിസ് ആന്റ് ഡവലെപ്‌മെന്റ് പാര്‍ട്ടിക്ക് മുസ്‌ലിം ബ്രദര്‍ഹുഡുമായി അടുത്ത ബന്ധമാണുള്ളത്, കൂടാതെ തുര്‍ക്കിക്ക് സുന്നി ലോകത്തെ നയിക്കാനുള്ള സ്വന്തമായ സ്വപ്‌നങ്ങളും അഭിലാഷങ്ങളുമുണ്ട്. മേഖലയിലെ വ്യവസ്ഥയെ സംബന്ധിച്ച തുര്‍ക്കിയുടെ താല്‍പര്യങ്ങളെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നതല്ല അമേരിക്കയുടെയും സഊദിയുടെയും മേഖലയെ സംബന്ധിച്ച വീക്ഷണം. ഇതെല്ലാം തന്നെ ഇറാന്‍, റഷ്യ എന്നിവരുമായി തുര്‍ക്കിയെ അതിവേഗം അടുപ്പിക്കുന്നതിലേക്ക് നയിച്ചു. സിറിയയിലെ സംഭവവികാസങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുന്നതിന് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് തുര്‍ക്കി ഇറാനുമായും റഷ്യയുമായും സഖ്യത്തിലേര്‍പ്പെട്ടു. സിറിയയുടെ ഭാവി തീരുമാനിക്കുന്നതിന് വേണ്ടി കഴിഞ്ഞ നവംബറില്‍ സോച്ചില്‍ വെച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി, റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ എന്നിവരോടൊത്ത് എര്‍ദോഗാനും ചേര്‍ന്നതോടെ ഈ പുതിയ അച്ചുതണ്ട് കൂടുതല്‍ വെളിവായി. മിഡിലീസ്റ്റില്‍ റഷ്യ രംഗപ്രവേശനം ചെയ്ത സാഹചര്യത്തിലാണ് ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യം വര്‍ദ്ധിക്കുന്നത്. 2015-ല്‍ അത് കൂടുതല്‍ ഗുരുതരമാവാന്‍ തുടങ്ങി, അതായത് അസദ് ഭരണകൂടത്തിന്റെ പേരില്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ റഷ്യ ഇടപെട്ടതോടെ. സിറിയയിലെ റഷ്യന്‍ താല്‍പര്യത്തെ അമേരിക്കന്‍ അധികൃതര്‍ വിലകുറച്ചാണ് കണ്ടത്. റഷ്യ മേഖലയില്‍ സ്വാധീനമുറപ്പിക്കും എന്നതിനെ അമേരിക്ക തള്ളികളഞ്ഞു. എന്നാല്‍, സിറിയയുടെ ഭാവി തീരുമാനിക്കുന്നതിലെ പ്രധാനിയായി റഷ്യ ഉയര്‍ന്നുവന്നു. റഷ്യയുടെ സ്വാധീനം സിറിയയും കടന്ന് പടര്‍ന്നുപന്തലിച്ചു. ഇന്ന് എല്ലാവരും ആശ്രയിക്കുന്ന, മിഡിലീസ്റ്റിലെ ഏക പവര്‍ ബ്രോക്കറായി റഷ്യ മാറികഴിഞ്ഞു.

അമേരിക്കയും സഖ്യകക്ഷികളും ആഗ്രഹിച്ചതു പോലുള്ള ഒരു ഒറ്റപ്പെടലൊന്നും ഇറാന്‍ അനുഭവിക്കുന്നില്ല. കഴിഞ്ഞ ജൂണില്‍, സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ സഖ്യം ഖത്തറിന് മേല്‍ നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധം നടപ്പാക്കിയിരുന്നു. ഖത്തര്‍ ഇറാനുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നു, ഭീകരവാദ സംഘങ്ങളെയും സുന്നി ഇസ്‌ലാമിസ്റ്റ് സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനെയും സഹായിക്കുന്നു എന്നാരോപിച്ച് അതിനുള്ള ശിക്ഷ എന്ന നിലക്കായിരുന്നു പ്രസ്തുത ഉപരോധം. എന്നാല്‍ ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ഖത്തര്‍ ഇറാനുമായി കൂടുതല്‍ അടുക്കുന്നതിനാണ് വഴിവെച്ചത്, കൂടാതെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരങ്ങളില്‍ അത് ഇറാന് സൈനികബലം നല്‍കുകയും ചെയ്തു.

ഇറാന്‍ ഇല്ലായിരുന്നെങ്കില്‍ റഷ്യക്ക് ഈ നേട്ടങ്ങളൊന്നും കരസ്ഥമാക്കാന്‍ കഴിയുമായിരുന്നില്ല. സിറിയയില്‍ റഷ്യക്ക് വിജയം പ്രദാനം ചെയ്തത് ഇറാന്റെ സാന്നിധ്യമായിരുന്നു. അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യ, കോക്കസസ് എന്നിവിടങ്ങളില്‍ ഇറാനും റഷ്യയും അമേരിക്കന്‍ സ്വാധീനത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിച്ചു. തങ്ങളെ തകര്‍ക്കാന്‍ കച്ചക്കെട്ടുന്ന അമേരിക്കന്‍ സഖ്യത്തിനെതിരെ എതിരിട്ട് നില്‍ക്കാന്‍ കഴിയുന്ന വന്‍ശക്തികളായാണ് റഷ്യയും ഇറാനും തങ്ങളെ സ്വയം കണക്കാക്കുന്നത്. ഇറാന്റെ അതിര്‍ത്തി സ്വപ്‌നങ്ങളെ കുറിച്ച് റഷ്യക്ക് നല്ല ബോധ്യമുണ്ട്. ഒരു സുപ്രധാന ഭൂമിശാസ്ത്ര മേഖലയിലാണ് ഇറാന്‍ നിലകൊള്ളുന്നത്. 80 മില്ല്യണ്‍ ജനങ്ങള്‍ വസിക്കുന്ന പ്രകൃതിവിഭവ സമ്പന്നമായ രാജ്യമാണ് ഇറാന്‍. മിഡിലീസ്റ്റിലുടനീളം അവര്‍ക്ക് സഖ്യ-ഗുണഭോക്താക്കളുടെ ഒരു വന്‍ ശൃംഖല തന്നെയുണ്ട്-എല്ലാവരും അമേരിക്കന്‍ സ്വാധീനത്തിന് പുറത്ത് നില്‍ക്കുന്നവര്‍. അതാണ് പറ്റാവുന്നിടത്തൊക്കെ വെച്ച് അമേരിക്കയെ പിന്നോട്ടടിപ്പിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന പുടിന് ഇറാനെ പ്രിയപ്പെട്ടതാക്കുന്നത്.

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിലൂടെ ഇറാന്‍-റഷ്യന്‍ സൈന്യങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും തമ്മിലുള്ള പരസ്പരബന്ധം വളരെ ദൃഢമായിട്ടുണ്ട്. ഇത് ഭാവിയിലെ അമേരിക്കന്‍ ഉപരോധങ്ങളെ മറികടക്കാന്‍ ഇറാനെ സഹായിക്കും. കഴിഞ്ഞ വര്‍ഷത്തിനിടെ, ആണവ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയതും ഇറാന് മേല്‍ സമ്മര്‍ദ്ദം പ്രയോഗിച്ചതും റഷ്യയുമായി അടുക്കുന്നതാണ് നല്ലത് എന്ന തോന്നല്‍ ഇറാനികളില്‍ ഉണ്ടാക്കിയിട്ടുണ്ട്. റഷ്യയുമായി വ്യാപരബന്ധം വര്‍ദ്ധിപ്പിക്കാനും, സഊദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ സൈനിക മേഖലയിലെ ധനവിനിയോഗത്തോട് കിടപിടിക്കാന്‍ റഷ്യയില്‍ നിന്നും അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനുമാണ് ഇറാന്‍ നോക്കുന്നത്. റഷ്യയുമായി പ്രതിരോധ ഉടമ്പടയില്‍ വരെ ചിലപ്പോള്‍ ഇറാന്‍ ഏര്‍പ്പെട്ടേക്കാം. വളരെ അടുത്ത സൈനിക, രഹസ്യാന്വേഷണ സഹകരണവും മുന്‍കാലങ്ങളില്‍ ഇറാന്‍ എതിര്‍ത്തിരുന്ന ഇറാനിയന്‍ സൈനിക ബേസുകളിലേക്കുള്ള പ്രവേശനവും അതില്‍ ഉള്‍പ്പെടും. അവസാനം, ഇറാന്‍ സ്വാധീനം നശിപ്പിക്കാതെ റഷ്യയെ ശക്തിപ്പെടുത്തുന്നതിലായിരിക്കും അമേരിക്കന്‍ പോളിസി ചിലപ്പോള്‍ ചെന്നെത്തുക.

ഇത് സംസാരത്തിനുള്ള സമയം

മിഡിലീസ്റ്റിലെ ക്രമരാഹിത്യത്തിന്റെ കാരണങ്ങളെ സംബന്ധിച്ച വികലമായ ധാരണയുടെ അടിസ്ഥാനത്തിലുള്ള ട്രംപ് ഭരണകൂടത്തിന്റെ ഇറാന്‍ പോളിസി അമേരിക്കക്ക് തന്നെ ദോഷകരമായി ഭവിക്കുകയാണ്. അമേരിക്കയും അറബ് സഖ്യകക്ഷികളും ചേര്‍ന്ന് വളരെപെട്ടെന്ന് തന്നെ അനായാസം ഇറാന് കൂച്ചുവിലങ്ങിടുമെന്നും, അത് മേഖലയില്‍ ക്രമസമാധാനം കൊണ്ടു വരുമെന്നുമുള്ള വിശ്വാസം അപകടകരമാം വിധം തെറ്റാണ്. ഇറാഖിലെ അല്ലെങ്കില്‍ സിറിയയിലെ സംഭവവികാസങ്ങളെ സ്വാധീനിക്കാന്‍ തക്ക സൈനികബലം നിലവില്‍ അമേരിക്കക്ക് മിഡിലീസ്റ്റില്‍ ഇല്ല, അപ്പോള്‍ പിന്നെ ഇറാനെ ഒതുക്കുന്ന കാര്യം പറയുകയും വേണ്ട. തങ്ങളുടെ പ്രാദേശിക സഖ്യകക്ഷികള്‍ക്ക് മേല്‍ അമേരിക്ക പ്രതീക്ഷ വെക്കുന്നില്ല. അറബ് ലോകത്ത് നിന്നും ഇറാനെ പുറത്താക്കാനും ഇറാന്റെ സ്വാധീനം ഇല്ലാതാക്കാനുമുള്ള ശേഷി അമേരിക്കയുടെ അറബ് സഖ്യകക്ഷികള്‍ക്ക് ഇല്ല. ഏതൊരു പ്രാദേശിക സംഘര്‍ഷവും അമേരിക്കയെ ഇടപെടാന്‍ നിര്‍ബന്ധിതരാക്കും.

ഇറാന്‍ ഇല്ലായിരുന്നെങ്കില്‍ റഷ്യക്ക് ഈ നേട്ടങ്ങളൊന്നും കരസ്ഥമാക്കാന്‍ കഴിയുമായിരുന്നില്ല. സിറിയയില്‍ റഷ്യക്ക് വിജയം പ്രദാനം ചെയ്തത് ഇറാന്റെ സാന്നിധ്യമായിരുന്നു. അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യ, കോക്കസസ് എന്നിവിടങ്ങളില്‍ ഇറാനും റഷ്യയും അമേരിക്കന്‍ സ്വാധീനത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിച്ചു. തങ്ങളെ തകര്‍ക്കാന്‍ കച്ചക്കെട്ടുന്ന അമേരിക്കന്‍ സഖ്യത്തിനെതിരെ എതിരിട്ട് നില്‍ക്കാന്‍ കഴിയുന്ന വന്‍ശക്തികളായാണ് റഷ്യയും ഇറാനും തങ്ങളെ സ്വയം കണക്കാക്കുന്നത്. ഇറാന്റെ അതിര്‍ത്തി സ്വപ്‌നങ്ങളെ കുറിച്ച് റഷ്യക്ക് നല്ല ബോധ്യമുണ്ട്. ഒരു സുപ്രധാന ഭൂമിശാസ്ത്ര മേഖലയിലാണ് ഇറാന്‍ നിലകൊള്ളുന്നത്. 80 മില്ല്യണ്‍ ജനങ്ങള്‍ വസിക്കുന്ന പ്രകൃതിവിഭവ സമ്പന്നമായ രാജ്യമാണ് ഇറാന്‍. മിഡിലീസ്റ്റിലുടനീളം അവര്‍ക്ക് സഖ്യ-ഗുണഭോക്താക്കളുടെ ഒരു വന്‍ ശൃംഖല തന്നെയുണ്ട്-എല്ലാവരും അമേരിക്കന്‍ സ്വാധീനത്തിന് പുറത്ത് നില്‍ക്കുന്നവര്‍. അതാണ് പറ്റാവുന്നിടത്തൊക്കെ വെച്ച് അമേരിക്കയെ പിന്നോട്ടടിപ്പിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന പുടിന് ഇറാനെ പ്രിയപ്പെട്ടതാക്കുന്നത്.

ഇറാന് കൂച്ചുവിലങ്ങിടാന്‍ അനിവാര്യമായ കാര്യങ്ങള്‍ അമേരിക്ക ഒരുക്കൂട്ടി വെച്ചിട്ടുണ്ടെങ്കില്‍ പോലും, അതൊന്നും മേഖലയില്‍ ക്രമസമാധാനം കൊണ്ടുവരികയില്ല. മിഡിലീസ്റ്റില്‍ സ്ഥായിയായി ക്രമസമാധാനം പുലരണമെങ്കില്‍ ഇറാന്‍ ഒരു അവിഭാജ്യഘടകമാണ്. സൈനിക ഏറ്റുമുട്ടല്‍ ഇറാനെ ‘ഫോര്‍വേഡ് ഡിഫന്‍സില്‍’ കൂടുതല്‍ നിക്ഷേപിക്കാന്‍ മാത്രമേ പ്രോത്സാഹിപ്പിക്കുകയുള്ളു, അത് ഇറാന്റെ കൂടുതല്‍ ഇടപെടലിനും അസ്ഥിരതക്കും മാത്രമേ വഴിവെക്കുകയുള്ളു. ക്രമസമാധാനം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളായ ബഹ്‌റൈന്‍, ജോര്‍ദാന്‍, ഖത്തര്‍, യു.എ.ഇ എന്നിവയും നിലംപതിച്ചേക്കും, ഇറാഖ്, ലെബനാന്‍ പോലെയുള്ള ദുര്‍ബലമായ രാഷ്ട്രങ്ങള്‍ യമന്‍, ലിബിയ എന്നീ രാജ്യങ്ങള്‍ പോലെ നിയമരാഹിത്യത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തിയേക്കാം. എല്ലാത്തിനുമുപരി, മാനുഷിക പ്രതിസന്ധിയെയും, ഐസിസ് ഉപേക്ഷിച്ച് പോയ സ്ഥാനത്തേക്ക് എത്തുന്ന ഭീകരവാദ സംഘങ്ങളെയും അമേരിക്കക്ക് കൈകാര്യം ചെയ്യേണ്ടി വരും.

ഇറാനെ പുറന്തള്ളി കൊണ്ടുളള ഒരു പ്രാദേശിക ക്രമം രൂപപ്പെടുത്തുന്നതിനേക്കാള്‍, ഇറാനെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള മിഡിലീസ്റ്റ് എന്ന കാഴ്ച്ചപ്പാടിനെ അമേരിക്ക ഉയര്‍ത്തിപിടിക്കേണ്ടതുണ്ട്. റഷ്യയേക്കാള്‍ അമേരിക്കയുമായും സഖ്യകക്ഷികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് ഇറാനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇത് നടക്കണമെങ്കില്‍, സൈനികശക്തിക്ക് പകരം നയതന്ത്രത്തിനെയാണ് അമേരിക്ക ആശ്രയിക്കേണ്ടത്. ഇറാനുമായി നേരിട്ട് ഇടപെട്ട് സംഘര്‍ഷം കുറക്കാനുള്ള മാര്‍ഗങ്ങള്‍ വാഷിംഗ്ടണ്‍ കണ്ടെത്തണം. മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് പരസ്പരം സഹകരിക്കാന്‍ ഇറാനെയും സഊദി അറേബ്യയേയും അമേരിക്ക പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

നിലവില്‍ സഊദി അറേബ്യ ട്രംപ് ഭരണകൂടത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കണക്കിലെടുത്താല്‍, ഒബാമ ഭരണകൂടം എന്തിലാണോ പരാജയപ്പെട്ടത് അതാണ് അമേരിക്ക ഇന്ന് ചെയ്യേണ്ടത്; അതായത്, മേഖലയില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച്, ക്രമസമാധാനം കൊണ്ടുവരാനുള്ള ഒരു പ്രാദേശിക ഉടമ്പടിക്ക് മധ്യസ്ഥത വഹിക്കുന്ന തരത്തിലുള്ള ഒരു അന്താരാഷ്ട്ര നയതന്ത്ര ശ്രമത്തിന് നേതൃത്വം നല്‍കുക. ഈ ദൗത്യം ഒരിക്കലും റഷ്യയെ ഏല്‍പ്പിക്കരുത്. അത്തരമൊരു ദൗത്യം വളരെ ബുദ്ധിമുട്ടേറിയത് തന്നെയാണ്, പ്രത്യേകിച്ച് അമേരിക്ക ആണവ ഉടമ്പടിയില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തില്‍. പക്ഷെ, അതിന് പകരം ഉണ്ടാവുന്ന സംഘര്‍ഷ-സംഘട്ടനങ്ങള്‍ മിഡിലീസ്റ്റിനെ കൂടുതല്‍ ക്രമരാഹിത്യത്തിലേക്ക് മാത്രമേ നയിക്കുകയുള്ളു.

(വാഷിംഗ്ടണിലെ ജോൺ ഹോപ്കിൻസ് സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റെർനാഷനൽ സ്റ്റഡീസിൽ ഡീനാണ് ലേഖകൻ.
Dispensable Nation: American Foreign Policy in Retreat, Meccanomics: The March of the New Muslim Middle Class, The Shia Revival: How Conflicts Within Islam will Shape the Future, Mawdudi and the Making of Islamic Revivalism തുടങ്ങിയവ പ്രധാന രചനകളാണ്.)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : Foreign affairs

Top