ട്രാന്‍സ്‌ഫോബിയ ബ്രാഹ്മണിസത്തിന്റെ മറ്റൊരു രൂപമാണ്
ചെന്നൈയിൽ ജീവിക്കുന്ന ദലിത് ട്രാൻസ്ജെൻഡർ ഫെമിനിസ്റ്റ് എഴുത്തുകാരിയും നാടകപ്രവർത്തകയുമായ ലിവിംഗ്സ്മൈൽ വിദ്യയുമായി ബാംഗ്ലൂർ നിവാസികളായ ട്രാൻസ്ജെൻഡർ സുഹൃത്തുക്കളായ കാവേരി കാർത്തിക്കും ജീ ഇമാന്‍ സെമ്മലറും നടത്തിയ സംഭാഷണമാണിത്. തമിഴ്നാട്ടിൽനിന്നെത്തിയ ദലിത് ബുദ്ധിജീവി-ആക്ടിവിസ്റ്റ് സംഘത്തിനും ബാംഗ്ലൂരിലെ ട്രാൻസ്ജെൻഡർ ആണുങ്ങൾ , ഇന്റെർ ജെൻഡർ കൂട്ടായ്മ , ലെസ്ബിയൻ കൂട്ടായ്മ എന്നിവർക്കുമിടയിൽ നടന്ന ഒരു ദിവസം നീണ്ട ചർച്ചകൾക്കു ശേഷം അർധരാത്രിയോടടുത്ത നേരം മുതൽ നഗരത്തിലൊരിടത്ത് ഫുട്പാത്തിൽ വെച്ചാണ് ഈ സംഭാഷണം നടന്നത്. കാവേരി കാർത്തിക്കും ജീ ഇമാനും ജീവിക്കുന്ന ബസ്തിയിലെ മറ്റു സ്ത്രീകൾ അന്നേരം ഉറങ്ങാൻ പോയിരുന്നു. ആ ഇടത്തിലാണ് ഈ സംഭാഷണം ഉരിത്തിരിഞ്ഞു വന്നത്.
ജാതി, ലിംഗം എന്നിവയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ദലിത് ട്രാന്‍സ്ജെന്‍ഡര്‍ ഫെമിനിസ്റ്റ് എഴുത്തുകാരിയും നാടകകലാകാരിയുമായ ലിവിങ് സ്മൈല്‍ വിദ്യ, ബാംഗ്ലൂരിലെ അവരുടെ ട്രാന്‍സ്ജെന്‍ഡര്‍ സഹോദരങ്ങളായ കാവേരി കാര്‍ത്തിക്, ജീ ഇമാന്‍ സെമ്മലര്‍ എന്നിവരുമായി നടത്തിയ സംഭാഷണം.
കാവേരി : സ്വന്തം ജീവിതത്തിലെ ലിംഗ, ജാതി ഘടകങ്ങളെക്കുറിച്ചു പറയാമോ?
ലിവിങ് സ്മൈല്‍ വിദ്യ : നിലവില്‍ ചെന്നൈയിലാണു സ്ഥിരതാമസമെങ്കിലും യഥാര്‍ഥത്തില്‍ ഞങ്ങള്‍ ആന്ധ്രാപ്രദേശിലെ അരുന്ധതിയാര്‍ ജാതിയില്‍പ്പെട്ടവരാണ്. ഏതാനും തലമുറകള്‍ക്കു മുന്‍പാണ് അവിടെ നിന്നു് ഇങ്ങോട്ടു കുടിയേറിയത്. ഞങ്ങളുടേത് ദലിതുകളിലെ ഏറ്റവും താഴ്ന്ന ജാതിയായിരുന്നു; കാരണം തോട്ടിപ്പണിയായിരുന്നു ഞങ്ങളുടെ തൊഴില്‍. അതുകൊണ്ടു തന്നെ, എന്റെ അമ്മക്ക് എല്ലാ ദിവസവും തെരുവു വൃത്തിയാക്കുന്ന ജോലിയുണ്ടാകും. അതൊരു സര്‍ക്കാര്‍ ജോലിയായിരുന്നു. കൂടാതെ ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം ചില വീടുകളില്‍ വീട്ടുപണികള്‍ക്കും അമ്മ പോയിരുന്നു. അമ്മയുടെ സമ്പാദ്യത്തിന്റെ പകുതിയും അവരുടെ ഭര്‍ത്താവാണ് എടുത്തിരുന്നത്. സ്വന്തം വീട്ടിലെ ജോലി കൂടാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ വീടിനു പുറത്തു പല ജോലികളും അവര്‍ക്കു ചെയ്യേണ്ടി വന്നു. മദ്യത്തിന് അടിമയായിരുന്നു എന്റെ അച്ഛന്‍. വെറും 40 ശതമാനമായിരുന്നു കുടുംബത്തിനു വേണ്ടിയുള്ള അച്ഛന്റെ വരുമാന ഓഹരി . പക്ഷേ അമ്മയുടെ വരുമാനം കൂടി അച്ഛന്‍ കൈക്കലാക്കിയതോടെ, സ്‌കൂള്‍ ഫീസ് എനിക്ക് അച്ഛനോടു ചോദിക്കേണ്ട അവസ്ഥ വന്നു. ശരിക്കും അതെന്റെ അമ്മയുടെ സമ്പാദ്യം തന്നെയായിരുന്നു. മദ്യലഹരിയില്‍ അമ്മയേയും ഞങ്ങളെയും അച്ഛന്‍ ഉപദ്രവിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. കോളനിയിലെ എല്ലാവര്‍ക്കും ഇതറിയാം; കാരണം അടുത്തടുത്തു സ്ഥിതിചെയ്തിരുന്ന ചെറിയ വീടുകളായിരുന്നു കോളനിയിലേത്. സവര്‍ണരുടെ വലിയ വീടുകളിലെ സ്ത്രീകളും ദുരിതമനുഭവിക്കുന്നുണ്ട്. അതുപക്ഷേ ഞങ്ങള്‍ക്കു കാണാനോ കേള്‍ക്കാനോ കഴിയില്ല. കാരണം അതവരുടെ വലിയ മതിലുകള്‍ക്കപ്പുറത്തെ സ്വകാര്യ ഇടങ്ങളിലാണല്ലോ സംഭവിക്കുന്നത്. പക്ഷേ, ഞങ്ങളുടെ കോളനികളില്‍ ഇത്തരം വഴക്കുകള്‍ നടക്കുമ്പോള്‍ ചുരുങ്ങിയപക്ഷം മദ്യപന്മാരായ ഭര്‍ത്താക്കന്‍മാരോട് ദലിത് സ്ത്രീകള്‍ തിരിച്ച് ഉച്ചത്തില്‍ സംസാരിക്കുകയും അടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്യുന്നത് നിങ്ങള്‍ക്കു കേള്‍ക്കാനെങ്കിലും കഴിയും. മധ്യവര്‍ഗ/ഉന്നത ജാതി കുടുംബങ്ങളിലെ ‘ഉത്തമ പത്‌നിമാര്‍ക്ക്’ അതൊന്നും സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല.
കാവേരി : ജാതിയുമായി ബന്ധപ്പെട്ട താങ്കളുടെ ചെറുപ്പകാല അനുഭവം എന്താണ്?
ലിവിങ് സ്മൈല്‍ വിദ്യ : പട്ടണപ്രദേശങ്ങളിലെ ഭക്ഷണം. പട്ടണത്തിലെ വീടുകളില്‍ വീട്ടുവേല ചെയ്തിരുന്ന എന്റെ അമ്മയ്ക്ക് ഒരു ചെറിയ ഇലയിലാണ് അവര്‍ ഭക്ഷണം നല്‍കുക. പാത്രത്തിലായിരുന്നില്ല അമ്മ ഭക്ഷണം കഴിച്ചിരുന്നത്.
ജീ : പക്ഷേ അമ്മ തന്നെയായിരുന്നില്ലേ അവരുടെ പാത്രങ്ങള്‍ കഴുകിയിരുന്നത്? കഴുകുമ്പോള്‍ പാത്രങ്ങളില്‍ സ്പര്‍ശിക്കില്ലേ?
ലിവിങ് സ്മൈല്‍ വിദ്യ : തീര്‍ച്ചയായും. അതു പക്ഷേ സ്പര്‍ശനമായി പരിഗണിക്കപ്പെട്ടിരുന്നില്ല. കാരണം, അന്നൊക്കെ വേറെ ആരാണ് അവരുടെ വീട്ടിലെ പണികളെല്ലാം ചെയ്യുക? നാട്ടിന്‍പുറത്തെ എന്റെ ബന്ധുക്കള്‍ കൂലിപ്പണിക്കാരായിരുന്നു. മുതലാളിമാര്‍ ചിരട്ടയിലാണ് അവര്‍ക്കു ചായ നല്‍കിയിരുന്നത്. വളരെ ഉയരത്തില്‍ നിന്ന് താഴേയുള്ള ചിരട്ടയിലേക്കു ചായ ഒഴിച്ചു കൊടുക്കും. അതും മുതലാളിമാരുടെ വീടുകള്‍ക്കു പുറത്തു വെച്ചേ നല്‍കൂ. ചായ വീടിനുള്ളില്‍ തൂവിപ്പോകാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. മുതലാളിമാരുടെ വീടുകളില്‍ അലക്കിയ തുണികള്‍ അയയിലിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്കതു തൊടാന്‍ പാടില്ല. ഒന്നുകില്‍ അതിനെ ചുറ്റിപ്പോവുകയോ അല്ലെങ്കില്‍ അതില്‍ സ്പര്‍ശിക്കാത്ത വിധം അടിയില്‍ക്കൂടി കുനിഞ്ഞോ ആണു പോവേണ്ടത്. അതു കൈകൊണ്ടു മാറ്റി ഒരിക്കലും നടന്നു പോകാന്‍ പാടില്ല. അവിടങ്ങളിലെ കുടുംബ വീടുകള്‍ സന്ദര്‍ശിക്കുന്ന സമയത്ത് ഒരു ബന്ധുവീട്ടില്‍ നിന്നു മറ്റൊരു ബന്ധുവീട്ടിലേക്കു പോകുന്ന വഴിക്കിടയില്‍ സവര്‍ണരുടെ വീടുകള്‍ ഉണ്ടെങ്കില്‍, അവരുടെ വീടുകളുടെ സമീപത്തു പോലും എത്താത്ത രീതിയില്‍ ചുറ്റിവളഞ്ഞു വേണം പോകാന്‍. സവര്‍ണരുടെ വീടുകളുടെ അടുത്തുകൂടെ പോയാല്‍ത്തന്നെ അവര്‍ ആക്രോശിക്കാന്‍ തുടങ്ങും. നഗരങ്ങളില്‍പ്പോലും നഗരപ്രാന്തങ്ങളിലേക്കു തള്ളിമാറ്റപ്പെട്ട രീതിയിലാണു ദലിത് കോളനികള്‍ കാണാന്‍ സാധിക്കുക. പക്ഷേ നഗരങ്ങളിലെ ഒട്ടുമിക്ക ജോലികളും ചെയ്യുന്നതു ദലിതരായിരിക്കും. നഗരങ്ങളിലും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ട്; പക്ഷേ അതിന്റെ രൂപങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേതിനേക്കാള്‍ പ്രത്യക്ഷമല്ലെന്നു മാത്രം.
ജീ : പണ്ടു കേരളത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ നടക്കുന്ന വഴിയില്‍ ദലിതരുടെ നിഴല്‍ പോലും പതിക്കാന്‍ പാടില്ലെന്നു ഞാന്‍ കേട്ടിട്ടുണ്ട്. ഉയര്‍ന്ന ജാതിക്കാരന്‍ എതിരെ വരുന്നുണ്ടെങ്കില്‍ താഴ്ന്ന ജാതിക്കാരന്‍ തന്റെ കാല്‍പ്പാടുകള്‍ മായ്ച്ചു കൊണ്ടു പിറകോട്ടു നീങ്ങേണ്ടതുണ്ടായിരുന്നു.
ലിവിങ് സ്മൈല്‍ വിദ്യ : തീര്‍ച്ചയായും. ഞാന്‍ ജനിക്കുന്നതിനും മുന്‍പുള്ള കാലത്ത് ഉയര്‍ന്ന ജാതിക്കാര്‍ എതിരെ വരുമ്പോള്‍ താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ മുന്താണി (മാറിടത്തിനു മുകളിലൂടെ ധരിക്കുന്ന തുണി) മാറ്റി കൊടുക്കേണ്ടതുണ്ടായിരുന്നു. ഇതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ വമ്പിച്ച പ്രതിഷേധം തന്നെ അരങ്ങേറുകയുണ്ടായി. തോള്‍ സീലയ് പോരാട്ടം എന്നാണ് അതറിയപ്പെടുന്നത്. എന്റെ തലമുറക്കു മുന്‍പു തന്നെ പ്രസ്തുത ആചാരം നിര്‍ത്തലാക്കപ്പെട്ടു.
കാവേരി : തോള്‍ സീലയ് പോരാട്ടത്തെക്കുറിച്ച് സുഹൃത്ത് ഗംഗാധരന്‍ എന്നോടു പറഞ്ഞിരുന്നു. സവര്‍ണരുടെ മുന്നില്‍ മറ്റു പിന്നാക്ക ജാതിക്കാരായ സ്ത്രീകള്‍ മാറിടം മറയ്ക്കാന്‍ പാടില്ലെന്ന അനാചാരത്തിനെതിരെ തിരുവനന്തപുരത്തെ നാടാര്‍ വിഭാഗക്കാര്‍ക്കിടയിലാണ് ഈ സമരത്തിനു തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി. കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധം വ്യാപകമായപ്പോള്‍ ദലിതര്‍ക്കും മറ്റു പിന്നാക്ക വിഭാഗ സ്ത്രീകള്‍ക്കും എതിരെ ആക്രമണം, മാറിടങ്ങള്‍ അറുത്തു മാറ്റുക തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ അരങ്ങേറിയിരുന്നു.
കാവേരി : കുടുംബത്താല്‍ ആണ്‍കുട്ടിയായി പരിഗണിക്കപ്പെടുകയും ആണ്‍കുട്ടിയായി വളര്‍ത്തപ്പെടുകയും പക്ഷേ പിന്നീടു സ്ത്രീയായി ജീവിക്കുകയും ചെയ്യുന്ന താങ്കളുടെ ജീവിതാനുഭവം, സ്ത്രീകളേക്കാള്‍ പുരുഷനു ലഭിക്കുന്ന വിശേഷാധികാരത്തെ സംബന്ധിച്ചു ബോധ്യം നല്‍കിയിട്ടുണ്ടോ? ഉദാഹരണത്തിന് ഞാന്‍ ആദ്യമായി
ലിവിങ് സ്മൈല്‍ വിദ്യ : കുട്ടിക്കാലത്ത് ആണ്‍കുട്ടികളുടെ എല്ലാ വിശേഷാധികാരങ്ങളും ലഭിച്ചിരുന്നെങ്കിലും മനസ്സുകൊണ്ട് ഞാനൊരു പെണ്‍കുട്ടിയായിരുന്നു. പ്രസ്തുത വിശേഷാധികാരത്തെ എനിക്കു വെറുപ്പായിരുന്നു കാരണം സഹോദരിമാരെയും അമ്മമാരെയും (പെറ്റമ്മയും രണ്ടാനമ്മയും) എനിക്കു വല്യ ഇഷ്ടമായിരുന്നു. അവരെപ്പോലെത്തന്നെയാണ് ഞാന്‍ എന്നെയും കണ്ടിരുന്നത്. എനിക്കു ലഭിച്ചിരുന്ന കാര്യങ്ങള്‍ അതേപടി എന്റെ സഹോദരിമാര്‍ക്കും ലഭിക്കാത്തതില്‍ എനിക്ക് അതിയായ ദേഷ്യം വരാറുണ്ടായിരുന്നു. ഞാന്‍ ആണ്‍കുട്ടിയാണെന്ന് അവര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ഞാനൊരു പെണ്‍കുട്ടിയാണെന്നു വിളിച്ചുപറയാന്‍ എനിക്കു കഴിഞ്ഞില്ല. അക്കാരണം കൊണ്ടുതന്നെ സഹോദരിമാരേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസം എനിക്കു ലഭിച്ചു. എന്റെ മൂത്ത സഹോദരി എന്നേക്കാള്‍ സമര്‍ഥയായിരുന്നു. വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ അവളുടെ ജീവിതം ഇന്നത്തേതിനേക്കാള്‍ വളരെ വ്യത്യസ്തമാകുമായിരുന്നു. എന്റെ അമ്മ ചെയ്തിരുന്ന ജോലി തന്നെയാണ് അവളും ഇപ്പോള്‍ ചെയ്യുന്നത്. ഒരു സ്ത്രീയായി ജനിച്ചു എന്നതു മാത്രമാണ് അതിനു കാരണം. എന്റെ അമ്മയെപ്പോലെ അവളാണ് വീടിന്റെ അത്താണി. പക്ഷേ തുടക്കത്തില്‍ത്തന്നെ എന്റെ രണ്ടാനമ്മയെയും അവരുടെ മകളെ – എന്റെ സഹോദരി-യും സ്വാധീനിക്കാന്‍ എനിക്കു കഴിഞ്ഞതിനാല്‍ അവളിപ്പോള്‍ ബി.സി.എ അവസാന വര്‍ഷത്തിനു പഠിക്കുകയാണ്. ഒരു പെണ്‍കുട്ടിയായി ജനിച്ചെങ്കിലും ഞങ്ങളുടെ കുടുംബത്തില്‍ വിദ്യാഭ്യാസം ലഭിച്ച ആദ്യ തലമുറയില്‍ എന്റെ കൂടെ അവളും ചേര്‍ന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്.
തുടക്കത്തില്‍, ഞാനൊരു സ്ത്രീയാണെന്ന് എല്ലാവരും തിരിച്ചറിയുന്ന രീതിയില്‍ അഭിനയിക്കേണ്ടിയിരിക്കുന്നു എന്നു ഞാന്‍ ചിന്തിച്ചു. പെണ്‍കുട്ടികളില്‍ നിന്നു് ആളുകള്‍ പ്രതീക്ഷിക്കുന്നതു പോലെയുള്ള ഒരു നാണക്കാരിയായിരുന്നു ഞാന്‍. വളരെ മാന്യമായാണു ഞാന്‍ വസ്ത്രം ധരിക്കുക. കുട്ടിയായിരിക്കുമ്പോള്‍പ്പോലും സാരിയുടുത്തു, വാളെടുത്തു നില്‍ക്കുന്ന സ്ത്രീയായി എന്നെത്തന്നെ കിനാവു കാണുമായിരുന്നു; ഭാരതിയാര്‍ തന്റെ എഴുത്തുകളില്‍ വിവരിക്കുന്ന സ്ത്രീയെപ്പോലെ. ഭാരതിയാര്‍ ബ്രാഹ്മണിക്കല്‍ ഫെമിനിസ്റ്റായിരുന്നു. ഞാന്‍ അതുപോലെയാവാന്‍ ആഗ്രഹിച്ചു. തമിഴ് സാഹിത്യത്തിലെ ടാഗോറായിരുന്നു ഭാരതിയാര്‍. മഹാനായ എഴുത്തുകാരന്‍, കവി, സംഗീതജ്ഞന്‍, ബഹുഭാഷാ പണ്ഡിതന്‍, ചിന്തകന്‍, സ്വാതന്ത്യസമര സേനാനി. ജാതി ഉച്ചനീചത്വങ്ങള്‍ക്കും ലിംഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു. സ്‌കൂളിലും കോളേജിലും ഞങ്ങള്‍ ഭാരതിയാറെ വായിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കൃതികള്‍ കൂടുതല്‍ വായിച്ചപ്പോള്‍, ബ്രാഹ്മണിസത്തിന്റെ ചില അവശിഷ്ടങ്ങള്‍ എനിക്കവയില്‍ അനുഭവപ്പെട്ടു. ഉദാഹരണമായി, ബ്രാഹ്മണിസത്തിനെതിരെ മൊത്തത്തില്‍ പോരാടേണ്ടതിനു പകരം, ഒരു ദലിത് ആണ്‍കുട്ടിയെ ഉപനയനം ചെയ്തു പൂണൂല്‍ അണിയിച്ചു ബ്രാഹ്മണനായി ‘പരിവര്‍ത്തനം’ ചെയ്താണ് അദ്ദേഹം ജാതിക്കെതിരെ പോരാടിയത്. അതുപോലെ ശക്തിയുടെ പ്രതിരൂപമാണു സ്ത്രീ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. ആദ്യത്തില്‍ അത്തരമൊരു സ്ത്രീ ആവാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്.
പുരുഷമേധാവിത്വത്തിന്റെ കീഴില്‍ എല്ലാ സ്ത്രീകളും ജാതീയത, ട്രാന്‍സ്‌ഫോബിയ എന്നിവയുടെ അകമ്പടിയോടെ എത്തുന്ന പുരുഷ മേധാവിത്വത്തിലൂടെ ട്രാന്‍സ്‌സ്ത്രീകളും ദലിത് സ്ത്രീകളും അടിച്ചമര്‍ത്തലിന് ഇരയാവുകയാണെന്നിരിക്കെ, ശക്തയാണെങ്കിലും പക്ഷേ നിശ്ശബ്ദയായ സ്ത്രീ ദുര്‍ബലയാണെന്നു ഞാന്‍ പിന്നീടു തിരിച്ചറിഞ്ഞു. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ , അല്ലെങ്കില്‍ ‘ഉത്തമസ്ത്രീ’ പദവി നേടാന്‍ സൗമ്യമായി ശബ്ദം താഴ്ത്തി സംസാരിക്കേണ്ട ആവശ്യം എനിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചു.
കാവേരി : കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ, എങ്ങനെയാണു താങ്കളുടെ, ഈ വിഷയുമായി ബന്ധപ്പെട്ട മനോഗതിയെ മാറ്റിയത്? ഒരുപാടു ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യര്‍ , തങ്ങള്‍ വളര്‍ന്നുവന്ന ജെന്‍ഡറിനെതിരെയുള്ള സംഘര്‍ഷത്തെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. ഒരുവശത്ത് സ്ത്രീ എന്ന നിലയില്‍ സമൂഹം അംഗീകരിക്കുന്ന വിധത്തില്‍ പെരുമാറേണ്ടതിന്റെ സമ്മര്‍ദത്താലും അതേസമയം സ്ത്രീകള്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതിയിലുള്ള അമര്‍ഷത്താലും മനോവേദന അനുഭവിക്കുന്നവരാണ് ഒരുപാടു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍. ട്രാന്‍ഡ്‌ജെന്‍ഡര്‍ എന്ന കാരണത്താല്‍ അനുഭവിക്കുന്ന ട്രാന്‍സ്‌ഫോബിയയും സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടി വരുന്ന മെയില്‍ ഷോവനിസവും അവരുടെ സമ്മര്‍ദം ഇരട്ടിപ്പിക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സമൂഹത്തില്‍ തങ്ങളുടെ ശരീരങ്ങള്‍ സ്ത്രീ ശരീരങ്ങളായി അംഗീകരിക്കപ്പെട്ടതിനു ശേഷം മാത്രമാണ് സ്ത്രീത്വം സ്ഥാപിക്കാനുള്ള സമ്മര്‍ദത്തിനു കുറവുണ്ടായതെന്നും സ്ത്രീ എന്ന നിലയില്‍ അടിച്ചമര്‍ത്തലിനെതിരെ പ്രതികരിക്കാന്‍ കഴിയുന്നതെന്നും ചിലര്‍ പറഞ്ഞിരുന്നു. എന്തായിരുന്നു താങ്കളുടെ അനുഭവം?
ലിവിങ് സ്മൈല്‍ വിദ്യ : എന്റെ ‘നിര്‍വാണ’ക്കു (ലിംഗമാറ്റ ശസ്ത്രക്രിയ) മുന്‍പ് എന്റെ സ്ത്രീത്വം തെളിയിക്കുന്ന കാര്യത്തില്‍ തീര്‍ച്ചയായും എനിക്കു ഭയമുണ്ടായിരുന്നു. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും എതിരെയുള്ള അനീതിയെയും അടിച്ചമര്‍ത്തലിനെയും കുറിച്ച് ഞാന്‍ ധാരാളം ചിന്തിച്ചിരുന്നു. എന്നാല്‍, കഷ്ടിച്ചു വിശപ്പടക്കാനുള്ള ഭക്ഷണത്തിനു വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ഞാന്‍ ഓരോ ദിവസവും. ഭിക്ഷ യാചിച്ചു ലഭിക്കുന്നതില്‍ നിന്നു് എന്തെങ്കിലും മിച്ചം പിടിക്കാന്‍ , പരമാവധി വളരെ കുറച്ചു മാത്രമേ കഴിച്ചിരുന്നുള്ളു. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിനല്ലാതെ മറ്റൊന്നിനും വേണ്ടി പോരാടാന്‍ എനിക്കാവുമായിരുന്നില്ല. നിര്‍വാണക്കു ശേഷം, ശാരീരികമായും ഞാനൊരു സ്ത്രീയായെന്ന് എനിക്കു തോന്നിത്തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം അതിജീവനവും സ്ത്രീത്വത്തെ സംബന്ധിച്ച എന്റെ തന്നെ മാതൃകയെ ചോദ്യം ചെയ്യുന്നതും എളുപ്പമായിത്തീര്‍ന്നു. ഈ പ്രായത്തിനിടക്കും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട എന്റെ ബോധ്യങ്ങള്‍ മെച്ചപ്പെടുകയും സ്ത്രീത്വം, പുരുഷ്വത്വം, സ്ഥായിയായ ലിംഗാടിസ്ഥിത ഉത്തരവാദിത്തങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവയെ കൂടുതല്‍ ശക്തമായി ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.
കാവേരി : ജാതി വിവേചനവും ട്രാന്‍സ്‌ജെന്‍ഡര്‍ വിവേചനവും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയുമോ? ഉദാഹരണത്തിന് തോട്ടിപ്പണി പോലെയുള്ള ചില ജോലികള്‍ക്ക് ദലിത് സമൂഹങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നതും ഭിക്ഷാടനം, വേശ്യാവൃത്തി തുടങ്ങിയവ ചെയ്യാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നിര്‍ബന്ധിക്കപ്പെടുന്നതും തമ്മില്‍ എത്രത്തോളം സാമ്യമുണ്ട്? അല്ലെങ്കില്‍ , എത്രത്തോളം വ്യത്യസ്തമാണ്? എന്താണു താങ്കളുടെ അനുഭവം?
ലിവിങ് സ്മൈല്‍ വിദ്യ : നഗരപ്രദേശങ്ങളില്‍ ദലിതര്‍ അനുഭവിക്കുന്നതിനേക്കാള്‍ മാരകമാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന വിവേചനമെന്നാണ് എനിക്കു തോന്നുന്നത്. മറ്റൊന്ന്, ദലിതര്‍ താമസിക്കുന്നിടങ്ങളില്‍ മാത്രമേ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു വീടുകള്‍ ലഭിക്കുകയുള്ളൂ. അവിടങ്ങളില്‍ മാത്രമേ ഞങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സ്വീകാര്യതയും ലഭിക്കാറുള്ളൂ. പക്ഷേ സാധാരണയായി മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന വാടകയാണു ഞങ്ങളില്‍ നിന്നു് ഈടാക്കുന്നത്. സവര്‍ണര്‍ കാണിക്കുന്ന വിവേചനത്തേക്കാള്‍ തുലോം കുറവാണെങ്കില്‍പ്പോലും ദലിതരില്‍ നിന്നു നേരിടേണ്ടി വരുന്ന ഈ വിവേചനം നേരിയ വേദനയുളവാക്കുന്നതു തന്നെയാണ്. എന്റെ സ്വന്തം ആളുകള്‍ എനിക്കെതിരെ ഒരിക്കലും വിവേചനം കാണിക്കാന്‍ പാടില്ല. കാരണം ദലിതര്‍ എന്ന നിലയില്‍ അടിച്ചമര്‍ത്തലിനെ സംബന്ധിച്ച് പൊതുവായ ബോധ്യം പങ്കുവെക്കുന്നവരാണു നമ്മള്‍. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ കൂടുതല്‍ സാമൂഹിക പ്രതികൂലതകള്‍ നേരിടേണ്ടി വരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വൈരുധ്യം തന്നെയാണ്. അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ , പരസ്പരം മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്.
ഹിജഡകള്‍ അഥവാ തിരുനങ്കയ്കള്‍ എന്നാണ് തമിഴ്‌നാട്ടില്‍ ഞങ്ങള്‍ വിളിക്കപ്പെടാറുള്ളത്. ചുരുങ്ങിയ പക്ഷം വലിയൊരു വ്യവസ്ഥയുടെ പിന്തുണയുള്ള, ഒരു പരമ്പരാഗത സമൂഹം ഇവിടെയുണ്ട് [ഗുരു-ചേല ബന്ധം ഒരു ചൂഷണ വ്യവസ്ഥയാണെങ്കില്‍ പോലും]. കടകളില്‍പ്പോയി പണം ചോദിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കും. സ്ത്രീയില്‍ നിന്നു പുരുഷനായി മാറിയവര്‍ തിരുനമ്പി എന്ന് അറിയപ്പെടും. ഇവര്‍ക്കു പക്ഷേ പരസ്യമായി പണം ചോദിക്കാന്‍ കഴിയില്ല. നേരത്തെ സൂചിപ്പിച്ച പരമ്പരാഗത സമൂഹം അവര്‍ക്കില്ല.
ഡിഗ്‌നിറ്റി ഓഫ് ലേബര്‍ (തൊഴില്‍ മാന്യത) ലഭിക്കാത്തവരാണു ട്രാന്‍സ്‌ജെന്‍ഡറുകളെന്ന് എനിക്കു തോന്നുന്നു. സാമൂഹികമായി ഭിക്ഷ യാചിക്കാനോ അല്ലെങ്കില്‍ വേശ്യാവൃത്തി ചെയ്യാനോ ആണ് അവര്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ ചില ദലിത് ഗ്രൂപ്പുകള്‍ സമുദായത്തിനുള്ളില്‍ത്തന്നെ ശബ്ദമുയര്‍ത്തി ഡിഗ്‌നിറ്റി ഓഫ് ലേബര്‍ തിരിച്ചു പിടിച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്തു ജോലി ചെയ്യുന്ന ദിവസകൂലിക്കാര്‍ക്ക് ചുരുങ്ങിയ പക്ഷം ഞങ്ങളാണു രാജ്യത്തിനു വേണ്ടിയുള്ള ഭക്ഷണം സ്വന്തം കൈകള്‍ കൊണ്ട് ഉണ്ടാക്കുന്നതെന്നു വാദിക്കാന്‍ കഴിയുന്നതുപോലെ. പക്ഷേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇതുവരെ അങ്ങനെ പറയാന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ കേവലം യാചകരായും ലൈംഗിക തൊഴിലാളികളായും ചുരുക്കപ്പെട്ടു. തോട്ടിപ്പണിയുടെ കാര്യത്തില്‍ ചില ദലിത് ഗ്രൂപ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നതിനു സമാനമാണിത്. ബദല്‍ സാധ്യതകള്‍ കൊട്ടിയടക്കപ്പെടുന്നതാണ് ദലിത്, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലെ ഈ തൊഴില്‍ സ്ഥിരതക്കു കാരണം. മറ്റു തൊഴില്‍ മേഖലയിലേക്കുള്ള പ്രവേശനം തടഞ്ഞതിലൂടെയാണ് തോട്ടിപ്പണി ദലിതര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട തൊഴിലായി മാറിയത്; ഇതേ രീതിയില്‍ മറ്റു തൊഴിലുകളില്‍ നിന്നു പുറന്തള്ളപ്പെട്ടതിനാലാണു ഭിക്ഷാടനവും വേശ്യാവൃത്തിയും തൊഴിലായി സ്വീകരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ നിര്‍ബന്ധിതരായത്. എന്നിട്ടു പോലും ഈ പുറന്തള്ളലുകള്‍ക്കിടയിലും ചില കാര്യങ്ങളില്‍ ഞങ്ങള്‍ ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നുണ്ട്.
സാധാരണമാണെന്നു ചിന്തിക്കാന്‍ സമൂഹം കുട്ടികളെ മാനസികമായി തയ്യാറാക്കി കഴിഞ്ഞു. സ്‌കൂളില്‍, ‘വലുതായാല്‍ എന്തായിത്തീരണമെന്നാണു നിങ്ങളുടെ ആഗ്രഹം?’ എന്ന് അവര്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ ദലിതര്‍, ‘ഡോക്ടര്‍, എഞ്ചിനീയര്‍’ എന്നൊന്നും പറയില്ല. പക്ഷേ, ഉദാഹരണത്തിന് ഞങ്ങളിലെ ആണ്‍കുട്ടികള്‍ പറയും, ‘ഞാന്‍ ഒരു പടക്കക്കമ്പനിയില്‍ ജോലി ചെയ്യും’. പെണ്‍കുട്ടികള്‍ മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചു നില്‍ക്കും. തങ്ങള്‍ക്കു ചില ജോലികള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. വിദ്യാഭ്യാസം, മറ്റു ജോലികള്‍ എന്നിവയെക്കുറിച്ചൊന്നും സ്വപ്‌നം കാണരുത് എന്ന തരത്തില്‍ ചിന്തിക്കാന്‍ ദലിതര്‍ സാമൂഹികമായി പരുവപ്പെടുത്തപ്പെടുകയാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ തങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണ് എന്നു സ്വയം തിരിച്ചറിയുന്ന ആദ്യം നിമിഷം തന്നെ ചിന്തിക്കുക ഇനി മുതല്‍ ഭിക്ഷയാചിക്കേണ്ടി വരും എന്നാണ്, കാരണം ഒരേയൊരു സ്ഥലത്ത് വെച്ച് മാത്രമാണ് അവര്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ കണ്ടിട്ടുള്ളത്- തെരുവില്‍ ഭിക്ഷയാചിക്കുന്നിടത്ത് മാത്രം. അങ്ങനെ, ചരിത്രപരമായ ഈ ആവര്‍ത്തനവും, ബദല്‍ ജോലി സാധ്യതകള്‍ ലഭ്യമാക്കാതിരിക്കുന്നതുമാണ് അത്തരം തൊഴിലുകള്‍ സ്ഥിരപ്പെടാന്‍ കാരണം. സംവരണത്തിലൂടെ ചെറിയ തോതില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുറന്നുവന്നതോടെ ദളിതുകള്‍ക്കിടയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായി. പക്ഷെ ഞങ്ങള്‍ പഠനം നിര്‍ത്തിപോവുകയോ, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ അതുമല്ലെങ്കില്‍ തോല്‍ക്കുകയോ ചെയ്യുന്നത് വരെ ഞങ്ങളെ പീഢിപ്പിക്കാന്‍ മറ്റനേകം വഴികള്‍ ഉപയോഗിക്കുന്നുണ്ട്. സംവരണത്തില്‍ പോലും, ദളിതുകളിലെ ഏറ്റവും താഴേക്കിടയിലുള്ള ഞങ്ങളെ പോലുള്ളവര്‍ അല്ല അതിന്റെ ഗുണഫലമനുഭവിക്കുന്നത്, മറിച്ച് കൂടുതല്‍ വരേണ്യരാണ്. എന്‍.ജി.ഒ ഫണ്ടിംഗ് ലഭിക്കുന്ന സവര്‍ണ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തങ്ങളാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രതിനിധികളെന്ന് അവകാശപ്പെട്ട് എല്ലാ ഗുണഫലങ്ങളും അനുഭവിക്കുന്നത് പോലെയാണിത്. ഇത്തരത്തിലുള്ള പ്രാതിനിധ്യ രാഷ്ട്രീയം തെറ്റായ ചിത്രമാണ് നല്‍കുക.
പുരുഷമേധാവിത്വത്തിന്റെ കീഴില്‍ എല്ലാ സ്ത്രീകളും ജാതീയത, ട്രാന്‍സ്‌ഫോബിയ എന്നിവയുടെ അകമ്പടിയോടെ എത്തുന്ന പുരുഷ മേധാവിത്വത്തിലൂടെ ട്രാന്‍സ്‌സ്ത്രീകളും ദലിത് സ്ത്രീകളും അടിച്ചമര്‍ത്തലിന് ഇരയാവുകയാണെന്നിരിക്കെ, ശക്തയാണെങ്കിലും പക്ഷേ നിശ്ശബ്ദയായ സ്ത്രീ ദുര്‍ബലയാണെന്നു ഞാന്‍ പിന്നീടു തിരിച്ചറിഞ്ഞു. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ , അല്ലെങ്കില്‍ ‘ഉത്തമസ്ത്രീ’ പദവി നേടാന്‍ സൗമ്യമായി ശബ്ദം താഴ്ത്തി സംസാരിക്കേണ്ട ആവശ്യം എനിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചു.
കാവേരി : ട്രാന്‍സ്‌ജെന്‍ഡര്‍ ഒരു ജാതിയാണോ? സി.എസ് ദ്വാരകനാഥിന്റെ കീഴിലുള്ള പിന്നാക്ക വിഭാഗ കമ്മീഷന്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഓ.ബി.സി-കളെ പോലെ സംവരണത്തിന് അവകാശപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
ലിവിങ് സ്മൈല്‍ വിദ്യ : ജാതിയുടെയല്ല മറിച്ച് ജെന്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള സംവരണമാണു ഞങ്ങളുടെ ആവശ്യം. പക്ഷേ അതു വളരെയധികം സങ്കീര്‍ണമാണ്. പക്ഷേ എനിക്ക് ഓ.ബി.സി ആവാന്‍ ഒരിക്കലും ആഗ്രഹമില്ല. ഒരു ദലിത് എന്ന നിലയില്‍, എല്ലാത്തിലും ഓ.ബി.സി വിഭാഗത്തിന്റെ അടിയില്‍ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല! ട്രാന്‍സ്‌ജെന്‍ഡറുകളെ ഒരു അടിച്ചമര്‍ത്തപ്പെട്ട ജാതിയുടെ അടിയില്‍ കൊണ്ടുപോയി വെക്കുന്നത് സവര്‍ണ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന വിശേഷാധികാരങ്ങളെ അദൃശ്യമാക്കുന്നതാണ്. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള സംവരണമാണു ഞങ്ങള്‍ക്കു നല്ലത്. അങ്ങനെയാണെങ്കില്‍ ദലിത് സ്ത്രീകള്‍ക്കും ദലിത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും പ്രാതിനിധ്യം ലഭിക്കും. അല്ലെങ്കില്‍ സംവരണം കൊണ്ടു സവര്‍ണ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ദലിത് പുരുഷന്‍മാര്‍ക്കും മാത്രമാണു ഗുണമുണ്ടാവുക.
കാവേരി : ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനകത്തും ജാതിയുണ്ടോ? ഹിജഡകളുടെ വ്യവസ്ഥയിലേക്കു പ്രവേശിക്കുന്നതോടെ ജാതി നഷ്ടപ്പെടുന്നില്ലേ?
ലിവിങ് സമൈല്‍ വിദ്യ : അത്രയൊന്നും ജാതി ഹിജഡ സമൂഹത്തില്‍ ഇല്ല. കാരണം എല്ലാവരുടെയും പേരുകളില്‍ മാറ്റം വന്നിട്ടുണ്ട്. നിങ്ങള്‍ ഹിജഡ സമൂഹത്തിലേക്കു പ്രവേശിക്കുന്നതോടെ, നിങ്ങള്‍ക്കു നിങ്ങളുടെ പ്രദേശം, ഭാഷ, പേരിന്റെ അവസാനം എന്നിവ നഷ്ടപ്പെടും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ദലിതരായ ചുരുക്കം ചിലര്‍ ഞാന്‍ ദലിതാണെന്നു തിരിച്ചറിഞ്ഞിരുന്നു. എന്നോടു മാത്രം അവരതു വളരെ രഹസ്യമായി പറയുകയും ചെയ്തു. ഞാന്‍ ദലിതാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആരും കണ്ടുപിടിക്കാതിരിക്കാന്‍ , ബീഫ് കഴിക്കുന്നതിനെക്കുറിച്ചൊന്നും സംസാരിക്കരുതെന്നും അവര്‍ എന്നോടു പറഞ്ഞു. തേവര്‍, പിള്ളയ്മാര്‍ പോലെയുള്ള ചില ജാതികള്‍ വളരെ അഭിമാനികളാണ്. അവര്‍ എല്ലായ്‌പ്പോഴും അഭിമാനത്തോടെ അവരുടെ ജാതിപ്പേരു പറയും. ചില കോതികളും ഹിജറകളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്, ‘ഞാന്‍ നിന്നെപ്പോലെ ട്രാന്‍സ്‌ജെന്‍ഡറായിരിക്കാം, പക്ഷേ ഗ്രാമത്തില്‍ ഞാനൊരു തേവറാണ്’ എന്ന്.
എനിക്കു പോലും ഒരിക്കല്‍ തേവര്‍ ആയി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. പുകവലിച്ചതിന്റെ പേരില്‍ ഒരിക്കല്‍ ഒരു ഓട്ടോക്കാരനുമായി തര്‍ക്കമുണ്ടായി. അപകടകരമായ സാഹചര്യമായിരുന്നു അത്. രാത്രി വൈകി ഞാന്‍ അയാളുടെ ഓട്ടോയില്‍ പോവുമ്പോഴാണു സംഭവം. ഓട്ടോയില്‍ തേവര്‍ നേതാവായ മുത്തുരാമലിംഗത്തിന്റെ ഫോട്ടോ കണ്ടതോടെ, മധുരൈ സ്ലാങ്ങിലായി എന്റെ സംസാരം. ദേഹം രക്ഷിക്കാന്‍ അങ്ങനെ ഒരു തേവര്‍ പെണ്‍കുട്ടിയായി അഭിനയിക്കേണ്ടി വന്നു. അയാള്‍ക്ക് എന്നെയങ്ങ് ഇഷ്ടമായി. എന്നെ വിവാഹം കഴിച്ചു തരുമോ എന്ന് എന്റെ അച്ഛനോടു ചോദിക്കട്ടെ എന്നായിരുന്നു അടുത്ത ചോദ്യം! [ചിരിക്കുന്നു]. ശരീരം സംരക്ഷിക്കാന്‍ ഒരു മേല്‍ജാതി സ്ത്രീയായി അഭിനയിക്കേണ്ടി വന്ന, പുലര്‍ച്ചെ 2 മണിക്കു കല്യാണാലോചന ലഭിച്ച ഒരു ദലിത്, ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയാണു ഞാന്‍!
ജീ : ഹിജഡകള്‍ക്കിടയിലെ ജമാത്ത് പോലെയുള്ള ചടങ്ങുകള്‍ക്കു പോയാല്‍, അബദ്ധത്തിലെങ്ങാന്‍ ഒരു മുതിര്‍ന്ന ഹിജഡയുടെ സാരിയില്‍ സ്പര്‍ശിച്ചാല്‍ നിങ്ങള്‍ പിഴയടക്കേണ്ടി വരും. തീര്‍ച്ചയായും ഇതൊരു ജാതി ആചാരമല്ല. പക്ഷേ ഇതു ജാതീയമായ തൊട്ടുകൂടായ്മയില്‍ നിന്നും വന്നതാണെന്നു താങ്കള്‍ കരുതുന്നുണ്ടോ?
ലിവിങ് സ്മൈല്‍ വിദ്യ : അതു ശ്രേണിയുമായി ബന്ധപ്പെട്ടതാണ്. ആദരവാണതു കാണിക്കുന്നത്. അതുമൂലം ഭ്രഷ്ടൊന്നും കല്‍പ്പിക്കപ്പെടുകയില്ല. പക്ഷേ പിഴയാണു ശിക്ഷ. പുറത്തു നിന്നു ഞങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ആദരവും ബഹുമാനവും ലഭിക്കാത്ത കാരണം, സീനിയോരിറ്റി കൂടുന്നതിനൊപ്പം ആദരവു ലഭിക്കാന്‍ മുതിര്‍ന്ന തിരുനങ്കയ്കള്‍ ഉണ്ടാക്കിയ നിയമങ്ങളാണത്. ഞാനൊരു ചെറുപ്പം കോത്തിയായിരുന്ന സമയത്ത്, ഈ ആചാരങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു. പക്ഷേ പിന്നീട്, അവയെല്ലാം പീഡനമാണെന്നും വളരെയധികം മേധാവിത്വ സ്വഭാവമുള്ളതാണെന്നും ഞാന്‍ മനസ്സിലാക്കി. ചില കാര്യങ്ങളില്‍, അധികാരവും അവസരവും ലഭിക്കുമ്പോള്‍ ഇരകള്‍ വേട്ടക്കാരായി മാറുന്നതു പോലെയാണത്. തൊടാതിരിക്കലിന്റെ അര്‍ഥം ബഹുമാനമാണ് എന്നത് എവിടെ നിന്നാണു വന്നതെന്ന് എനിക്കറിയില്ല. ജാതീയമായ അനാചരങ്ങളില്‍ നിന്നാവാം എന്ന താങ്കളുടെ ഊഹം ചിലപ്പോള്‍ ശരിയായിരിക്കാം.
ജീ : ദലിതാണെങ്കിലും ട്രാന്‍സ്‌പേഴ്‌സണ്‍ ആണെങ്കിലും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ അന്വേഷണത്തില്‍ പലായനത്തിന്റെ പങ്കിനെക്കുറിച്ചു പറയാമോ? ഉദാഹരണത്തിന് ഓംപ്രകാശ് വാത്മീകിയുടെ ആത്മകഥ ഞാന്‍ വായിച്ചിരുന്നു. അദ്ദേഹം തന്റെ ഗ്രാമത്തില്‍ നിന്നു പലായനം ചെയ്തപ്പോള്‍, അദ്ദേഹത്തിന് ഒരു നോണ്‍-ദലിതനായി ‘സഞ്ചരിക്കാന്‍’ കഴിഞ്ഞു എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുപോലെ, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന നിലയില്‍ നമ്മളെല്ലാം സ്വാതന്ത്ര്യം തേടി നമ്മുടെ സ്വന്തം പട്ടണങ്ങളില്‍ നിന്നു പുറത്തുവന്നവരാണ്. കൂടാതെ സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ ആയാണു നമ്മള്‍ സഞ്ചരിക്കുന്നത്.
കാവേരി : ഒരു നോണ്‍-ദലിതായി, നോണ്‍-ട്രാന്‍സ്‌വനിതയായി ഒരാള്‍ സഞ്ചരിക്കുമ്പോള്‍, എങ്ങനെയാണു മറ്റു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് അല്ലെങ്കില്‍ ദലിതരോടു് നിങ്ങള്‍ അവരില്‍പ്പെട്ട ഒരാളാണെന്നു പറയുക? എങ്ങനെയാണു നിങ്ങള്‍ അവര്‍ക്കു മുന്നില്‍ സ്വയം ‘വെളിപ്പെടുത്തുക’?
ലിവിങ് സ്മൈല്‍ വിദ്യ : ഗ്രാമത്തിനുള്ളിലെ ഒരാളുടെ ദലിത് അല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അംഗീകാരം പലായനത്തോടെ നീക്കം ചെയ്യപ്പെടും. പക്ഷേ ചില അടയാളങ്ങള്‍ നിലനില്‍ക്കും. ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന ഒരാളുടെ സ്വയം വെളിപ്പെടുത്തല്‍ യഥാര്‍ഥത്തില്‍ അയാളുടെ സംസാര രീതിയും നടത്തത്തിന്റെ ശൈലിയും ആശ്രയിച്ചിരിക്കും. ഒരു സ്ത്രീ എന്ന നിലയിലാണു ഞാന്‍ ഒട്ടുമിക്ക സമയത്തും പൊതുസമൂഹത്തിനിടയിലൂടെ സഞ്ചരിക്കുന്നത്. അതിനാല്‍, മറ്റൊരു ഹിജഡ/കോത്തിയോട് ഞാന്‍ ഒരു ട്രാന്‍സ്‌വനിതയാണെന്ന് എനിക്കു പറയണമെന്നുണ്ടെങ്കില്‍, ഞാന്‍ ഞങ്ങളുടെ സ്വന്തം കോത്തി ഭാഷയാണ് ഉപയോഗിക്കുക. ഒരു ദലിതായി ഒരാള്‍ക്കു സ്വയം വെളിപ്പെടുത്തണമെങ്കില്‍, എവിടെയാണു ജീവിക്കുന്നത്, സംസാരഭാഷയുടെ ശൈലി, പേരിന്റെ അവസാനം തുടങ്ങിയവയാണ് അടയാളങ്ങള്‍.
എന്റെ അനുഭവത്തില്‍, ദലിതര്‍ അല്ലാത്തവര്‍ മാത്രമേ നിങ്ങളുടെ ജാതി ഏതാണെന്നു ചോദിക്കുകയുള്ളൂ. ദലിതുകള്‍ക്ക് ഞങ്ങളെ കാണുമ്പോള്‍ അവരുടെ സഹോദരന്‍മാരെയും സഹോദരിമാരെയും എല്ലായ്‌പ്പോഴും തിരിച്ചറിയാന്‍ സാധിക്കും. ആരെങ്കിലുമൊരാള്‍ ദലിത് കോംമ്രേഡാണോ എന്നെനിക്ക് അറിയണമെന്നുണ്ടെങ്കില്‍, മറ്റൊരു ദലിത് സുഹൃത്തിനോടു ചോദിച്ചാല്‍ മാത്രം മതി. പക്ഷേ ഒട്ടുമിക്കപ്പോഴും, ദലിത് വിഷയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍, ഒരാള്‍ ദലിതാണോ അല്ലയോ എന്നു പറയാന്‍ നമുക്കു സാധിക്കും. ഉപജാതികളിലെ മേല്‍ജാതി വികാരം കാരണം, ഞാന്‍ അരുന്ധതി ജാതിക്കാരിയാണെന്നു (തോട്ടിപ്പണി) പുറത്തുപറയാന്‍ ചില സമയങ്ങളില്‍ ഭയന്നിട്ടുണ്ട്.ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ പോലും ചിലതരത്തിലുള്ള വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആദി ദ്രാവിഡ ജാതികള്‍ ഞങ്ങളേക്കാള്‍ ഉയര്‍ന്നവരായിട്ടാണു കണക്കാക്കപ്പെടുന്നത്. വീട്ടില്‍ പോലും എന്റെ മാതൃഭാഷയായ തെലുങ്ക് പഠിക്കാന്‍ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. പൊതുസമൂഹം തിരിച്ചറിയുമോ ഞാന്‍ കൂടുതല്‍ വിവേചനത്തിന് ഇരയാകുമോ എന്ന അവരുടെ ഭയമായിരുന്നു അതിനു കാരണം. പക്ഷേ, താമസസ്ഥലങ്ങള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ടിരുന്നതിനാല്‍, ഗ്രാമത്തില്‍ ആരൊക്കെയാണ് ദലിതുകള്‍ എന്നു തിരിച്ചറിയാന്‍ വളരെ എളുപ്പമായിരുന്നു. ദലിതുകള്‍ക്കിടയില്‍, തെലുങ്ക് സംസാരിക്കുന്നവര്‍ താഴ്ന്ന ദലിത് ജാതികളായി കണക്കാക്കപ്പെടും. ഞാനെന്റെ ഉപജാതി പുറത്തു പറയുന്നില്ലെങ്കില്‍ പോലും, ഞാനുമൊരു ദലിതാണെന്ന വസ്തുത മറ്റു ദലിതുകളില്‍ നിന്നു് ഒരിക്കലും മറച്ചു വെക്കുകയില്ല. അതുപോലെ, മറ്റു ട്രാന്‍സ്‌വനിതകളില്‍ നിന്നു ഞാനും അവരില്‍പ്പെട്ടവളാണെന്ന കാര്യം ഒരിക്കലും മറച്ചുവെച്ചിട്ടില്ല.
കാവേരി : ട്രാന്‍സ്‌ജെന്‍ഡറുകളുടെയും ദലിതുകളുടെയും പോരാട്ടങ്ങളെ ഏകീകരിക്കാന്‍ താങ്കള്‍ ശ്രമിക്കുമ്പോള്‍, എന്താണ് ദലിത് കോംമ്രേഡുകളോടു താങ്കള്‍ക്കു പറയാനുള്ളത്?
ലിവിങ് സ്മൈല്‍ വിദ്യ : സവര്‍ണജാതികള്‍ ദലിതുകളെയും മനുഷ്യരായി ഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊടുക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. സമൂഹം തിരുനങ്കയ്കളോടു പെരുമാറുന്നതും അവ്വിധം തന്നെയാണ്. വ്യക്തിപരമായും ചരിത്രപരമായും ഞങ്ങളുടേതിനു സമാനമായ അനുഭവങ്ങളിലൂടെ കടന്നുവന്ന നിങ്ങള്‍ക്ക് എന്തുകൊണ്ടാണു ഞങ്ങളുടെ വേദന മനസ്സിലാക്കാന്‍ കഴിയാത്തതെന്ന് ഞാന്‍ അവരോടു ചോദിക്കുന്നു. ‘എന്തുകൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജോലിക്കു പോകാതെ ഭിക്ഷയെടുക്കുന്നത്? മറ്റുള്ളവരെപ്പോലെ ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്കും സമൂഹത്തില്‍ ആദരവു ലഭിക്കും’ എന്നവര്‍ എന്നോടു പറയുമ്പോള്‍ ഞാന്‍ ചോദിക്കും, ‘എന്തുകൊണ്ടാണ് ദലിതുകള്‍ ബാങ്കര്‍മാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായി മാറാത്തത്? ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് അവര്‍ ഇപ്പോഴും ഒരേ ജോലികളില്‍ത്തന്നെ കുടുങ്ങിക്കിടക്കുന്നത്? നമ്മള്‍ ദലിതുകള്‍ കഴിവില്ലാത്തവരായതു കൊണ്ടാണോ അത്? അതല്ലെങ്കില്‍ നമ്മള്‍ മടിയന്‍മാരായതുകൊണ്ടും അത്തരം ജോലികള്‍ വേണ്ടാത്തതു കൊണ്ടുമാണോ? അവസരമില്ലായ്മയും വിവേചനവുമാണ് അതിന്റെ യഥാര്‍ഥ കാരണം. ഇതുതന്നെയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെയും അവസ്ഥ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നിങ്ങള്‍ തൊഴിലവസരങ്ങള്‍ നല്‍കുകയാണെങ്കില്‍, അവര്‍ ഭിക്ഷയാചിക്കുന്നത് അവസാനിപ്പിക്കും, കഠിനാധ്വാനം ചെയ്യും, സമൂഹത്തിലെ മറ്റുള്ളവരെ പോലെ ആത്മാഭിമാനത്തോടെ തന്നെ ജീവിക്കുകയും ചെയ്യും. ഭിക്ഷാടനം തന്നെ വളരെയധികം ബുദ്ധിമുട്ടേറിയ ജോലിയാണ്’. ജാതീയതയുടെ കൂടെ തന്നെ പുരുഷമേധാവിത്വത്തിനും ട്രാന്‍സ്‌ഫോബിയക്കുമെതിരെക്കൂടി ദലിത് കോംമ്രേഡുകള്‍ പോരാടേണ്ടതുണ്ട്.
ബ്രാഹ്മണിസത്തിന്റെ മറ്റൊരു രൂപമാണു ട്രാന്‍സ്‌ഫോബിയ. വേശ്യാവൃത്തി, ഭിക്ഷാടനം പോലെയുള്ള ‘വൃത്തികെട്ട’ ജോലികളല്ലാതെ മറ്റൊന്നും ചെയ്യാന്‍ ബ്രാഹ്മണിസം ഞങ്ങളെ അനുവദിക്കുന്നില്ല, എന്നിട്ട് ഞങ്ങളെ ‘വൃത്തികെട്ടവര്‍’ എന്നു വിളിക്കുകയും ചെയ്യും. ഇതുതന്നെയാണു ജാതി വ്യവസ്ഥ ദലിതരോടും ചെയ്തത്. ഇതുപോലുള്ള സാമ്യതകള്‍ വരച്ചുകാണിച്ചപ്പോള്‍, എന്റെ ദലിത് കോംമ്രേഡുകള്‍ക്കു കാര്യം നന്നായി മനസ്സിലാവുകയു, എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാവുകയും ചെയ്തു.
വേശ്യാവൃത്തി, ഭിക്ഷാടനം പോലെയുള്ള ‘വൃത്തികെട്ട’ ജോലികളല്ലാതെ മറ്റൊന്നും ചെയ്യാന്‍ ബ്രാഹ്മണിസം ഞങ്ങളെ അനുവദിക്കുന്നില്ല, എന്നിട്ട് ഞങ്ങളെ ‘വൃത്തികെട്ടവര്‍’ എന്നു വിളിക്കുകയും ചെയ്യും. ഇതുതന്നെയാണു ജാതി വ്യവസ്ഥ ദലിതരോടും ചെയ്തത്.
കാവേരി : അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളെ ഏകീകരിക്കുന്നതിനെക്കുറിച്ചു താങ്കള്‍ എന്തുപറയുന്നു?
ലിവിങ് സ്മൈല്‍ വിദ്യ : ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങളെക്കുറിച്ചു ഞാന്‍ സംസാരിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ സാമൂഹിക നീതിയില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ ഞങ്ങളുടെ പോരാട്ടത്തില്‍ അണിച്ചേരേണ്ടതുണ്ടെന്നു ഞാന്‍ ജനങ്ങളോടു പറയും. സ്ത്രീകളുടെ പോരാട്ടത്തിനൊപ്പം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു ഞാന്‍ എല്ലായ്‌പ്പോഴും സംസാരിക്കാറുണ്ട്. പക്ഷേ ഫെമിനിസ്റ്റുകളെന്നു പറയപ്പെടുന്ന ഒട്ടുമിക്കപേരും കരുതുന്നത് ഞാനൊരു സ്ത്രീ വേഷമണിഞ്ഞ പുരുഷനാണ് എന്നാണ്. ഞാനൊരു സ്ത്രീയല്ല എന്ന തരത്തിലാണ് അവര്‍ എന്നോടു പരുമാറുക. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലക്ക് പൊതുസമൂഹം എന്നെ വളരെ പെട്ടെന്നു തന്നെ സ്വീകരിച്ചു. എന്തുകൊണ്ടാണ് ആക്റ്റിവിസ്റ്റുകള്‍ ഇത്ര സമയമെടുക്കുന്നത്? ഈ ഫെമിനിസ്റ്റുകളില്‍ ചിലര്‍ ഫാബ്ഇന്ത്യയുടെ വസ്ത്രങ്ങള്‍ ധരിക്കുകയും അവരുടെ തന്നെ സ്വര്‍ണം ധരിക്കുകയും സ്ത്രീകള്‍ക്ക് അടക്കം വേണമെന്നു കരുതുകയും ചെയ്യും. കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയും അവരെ പരിചരിച്ചു വളര്‍ത്തുകയും ചെയ്യുന്നതാണ് ഈ ലോകത്ത് ഏറ്റവും സംതൃപ്തിദായകവും ശക്തവുമായ കാര്യമെന്ന പോലെയാണ് അവര്‍ സംസാരിക്കുക. ഒരു ട്രാന്‍സ്‌വുമണ്‍ എന്ന നിലക്ക്, എനിക്കു കുഞ്ഞുങ്ങളെ ഗര്‍ഭംധരിക്കാന്‍ കഴിയില്ലെന്നാണു വസ്തുതയെന്നിരിക്കെ, ഞാനൊരു ‘യഥാര്‍ഥ’ സ്ത്രീ അല്ലായെന്ന് എന്നെ തോന്നിപ്പിക്കാന്‍ അതെനിക്കെതിരെ ഉപയോഗിക്കപ്പെടുന്നുണ്ട്. കേവലമൊരു സന്താനോല്‍പ്പാദന യന്ത്രമായി എന്നെ കാണുന്നതില്‍ നിന്നു ഞാന്‍ ഒഴിവാക്കപ്പെട്ടതില്‍ ചിലപ്പോള്‍ മനസ്സില്‍ നന്ദി പറയാറുണ്ട്! ജാതിയെക്കുറിച്ച് രക്ഷാധികാരഭാവത്തോടെയും പുരോഗമനപരമായും സംസാരിക്കാന്‍ അവര്‍ക്കു കഴിയും, എന്നാല്‍ അവരുടെ മീറ്റിങ്ങുകളില്‍ അവര്‍ക്കൊപ്പമിരിക്കുന്ന, അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു ദലിത് സ്ത്രീക്കു പകരം , അവര്‍ക്കു വേണ്ടി ചായ ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന ഒരു ദലിത് സ്ത്രീയെയാണു കാണാന്‍ കഴിയുക.ദലിത് പ്രസ്ഥാനങ്ങള്‍ ആന്തരികമായും പ്രവര്‍ത്തിക്കേണ്ടതുണ്ട്. എങ്കില്‍ ജെന്‍ഡറിനെ സംബന്ധിച്ച അവരുടെ കാഴ്ച്ചപ്പാടു വികസിക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ട്രാന്‍സ്‌വനിതകളെ ഉള്‍ക്കൊള്ളാന്‍ സവര്‍ണ ഫെമിനിസ്റ്റുകള്‍ അവരുടെ കാഴ്ച്ചപ്പാടുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. കൂടാതെ അവരുടെ ജാതി പക്ഷപാതിത്വം ഒഴിവാക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതുമുണ്ട്. ബ്രാഹ്മണിസം, ജാതി, ലിംഗപരമായ അടിച്ചമര്‍ത്തല്‍, പുരുഷമേധാവിത്വം, എന്‍.ജി.ഓ-കള്‍, ഭരണകൂടം, മുതലാളിത്തം, ബഹുരാഷ്ട്ര കമ്പനികള്‍, പാശ്ചാത്യ നവസാമ്രാജ്യത്വം തുടങ്ങി ശത്രുക്കള്‍ ആരുമായിക്കൊള്ളട്ടെ, ആത്യന്തികമായി നമ്മളെല്ലാം അക്രമത്തിന് ഇരയാവുന്ന ജനവിഭാഗങ്ങളാണെന്നു നിര്‍ബന്ധമായും മനസ്സിലാക്കണം. അവയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ നമ്മളെല്ലാം ഒരുമിച്ചു നിന്നു തന്നെ പോരാടേണ്ടതുണ്ട്.
മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : https://goo.gl/NH9nDb