മതപരിവർത്തന നിരോധനം, മതസ്വാതന്ത്ര്യം: നിയമങ്ങളുടെ രാഷ്ട്രീയം

മതപരിവർത്തനം ക്രമസമാധാനത്തെ (public order) ബാധിക്കുകയാണെങ്കില്‍, നിയന്ത്രിക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മ്മിക്കാം എന്നാണ് സുപ്രീം കോടതി വിധിച്ചത്. ഭരണഘടനാ നിര്‍മ്മാതാക്കള്‍ മൗലികാവശങ്ങളെപ്പറ്റി ഉറപ്പിച്ച ഉദ്ദേശ്യത്തിനുവിരുദ്ധമായി, പൊതുസ്ഥിതി എന്ന ന്യായം ഉപയോഗിച്ച്, മതസ്വാതന്ത്ര്യം സംരക്ഷിക്കാനെന്ന പേരിൽ, വിവിധസംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനനിരോധനനിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.ഭരണകൂടം മതങ്ങൾക്കിടയൽ തുല്യത പുലര്‍ത്തുന്നതിനുള്ള അതിര്‍വരമ്പുകൾ നീതിപൂര്‍വ്വകമോ നിഷ്പക്ഷമോ അല്ലെന്ന് ഈ നിയമങ്ങൾ പരിശോധിച്ചാല്‍ കാണാവുന്നതാണ്.

ഹാദിയയുടെ ഇസ്‌ലാം സ്വീകരണവും വീട്ടുതടങ്കലും വളരെ ചര്‍ച്ച ചെയ്യപ്പെട്ട  കാര്യങ്ങളാണല്ലോ. കേരളത്തില്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിൽപ്പോലും പതിനൊന്നു മാസക്കാലം തന്റെ ആഗ്രഹത്തിനു വിരുദ്ധമായി, ഹാദിയ എന്ന യുവതി വീട്ടുതടങ്കലില്‍ കഴിഞ്ഞത് കേരളീയ സമൂഹത്തിന്റെ മനോഗതി മനസ്സിലാക്കുന്നതിനു നിമിത്തമായി. കേരളീയ സമൂഹത്തിലെ ഇസ്‌ലാമോഫോബിയയുടെ ആഴം തുറന്നു കാട്ടുന്നതായിരുന്നു ഹാദിയയുടെ മതം മാറ്റവും അതിനെത്തുടര്‍ന്നുള്ള  സംഭവ വികാസങ്ങളും. സുപ്രീം കോടതിയില്‍നിന്ന് ചെറിയ ആശ്വാസം ലഭിച്ചപ്പോഴേക്കും “ഇന്ത്യന്‍ ഭരണഘടനയാണു ഹാദിയയ്ക്കു മതംമാറാനുള്ള സ്വാതന്ത്ര്യം കൊടുത്തത്, നിങ്ങള്‍ക്കു ഭൂരിപക്ഷമുള്ള നാടുകളില്‍ അതിനു സ്വാതന്ത്യമുണ്ടോ? ” പോലുള്ള ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടു ഫെയ്സ്ബുക്ക് പോസ്റ്റുകള്‍  ഉയർന്നുവന്നു. മുസ്‌ലിം സമൂഹം തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നതിനുള്ള ‘പ്രീകണ്ടീഷ’നായി,  മറ്റു നാടുകളിലുള്ള സ്വാതന്ത്ര്യ നിഷേധത്തിനും കൂടി മറുപടി പറയേണ്ടതുണ്ട് എന്ന സംഘ്പരിവാര്‍ യുക്തി തന്നെയാണു ലിബറലുകളും പിന്തുടരുന്നത് എന്നതാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്.

ഇന്ത്യൻ ഭരണഘടനയുടെ  അനുഛേദം 25 അനുസരിച്ച് മതം വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശത്തെ ദുർവ്യാഖ്യാനിച്ച് ചില സംസ്ഥാനങ്ങളില്‍ ‘മതസ്വാതന്ത്യം സംരക്ഷിക്കാനെ’ന്ന പേരില്‍ പുതിയ നിയമങ്ങള്‍  പാസ്സാക്കിയെടുത്തിട്ടുണ്ട്. ഭരണഘടന ലക്ഷ്യംവെക്കുന്ന മതസ്വാതന്ത്ര്യം ചില സമുദായങ്ങൾക്കു മാത്രം ഹനിക്കപ്പെടുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കാതെ, മുസ്‌ലിം സമൂഹത്തിനു മേല്‍ കുതിര കയറാനുള്ള ഏതവസരവും പാഴാക്കാതിരിക്കുക എന്ന കാപട്യമാണ് അതിലൂടെ അവര്‍  വെളിവാക്കിയത്.

കേരളത്തില്‍ മതപരിവര്‍ത്തനത്തെ നിരോധിക്കുന്ന നിയമങ്ങളൊന്നുമില്ലെങ്കിലും ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതിവിധിയും അതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളും  മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ , മേൽപ്പറഞ്ഞ മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ യുക്തി പിന്തുടര്‍ന്നായിരുന്നു എന്നതാണു രസകരമായ സംഗതി.


മതംമാറ്റ നിരോധന നിയമം

സവര്‍ണ വിഭാഗക്കാര്‍ക്ക് മതപരിവര്‍ത്തനം  പ്രശ്‌നവിഷയമായി മാറിയത് ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പു മുതല്‍ക്കാണ്.  ഇതിനു മുന്‍പ് ഹിന്ദുമതത്തിൽ  മതപരിവര്‍ത്തനം  വലിയ വിഷയമായിരുന്നില്ല. സാര്‍വത്രിക വോട്ടവകാശം എന്ന സങ്കല്‍പ്പം ആധുനിക ജനാധിപത്യം മുന്നോട്ടു വെച്ചപ്പോള്‍, ചൂഷകരായ സവര്‍ണര്‍  ന്യൂനപക്ഷമായിപ്പോകുമെന്നും അതുവഴി തങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന, ചൂഷണത്തിലധിഷ്ഠിതമായ അധികാര വ്യവസ്ഥ തകര്‍ന്നു പോകുമെന്നുമുള്ള ഭീതിയില്‍, ദലിതരെയും മറ്റു പിന്നാക്ക ജാതിക്കാരെയും വളരെ തന്ത്രപരമായി ഹിന്ദു എന്ന വിശാല ഐഡന്റിറ്റിയിലേക്ക് ഉള്‍ച്ചേര്‍ക്കുകയാണുണ്ടായത്. വൈദിക സംസ്‌കാരത്തിനു തികച്ചും അപരിചിതരായ ജനങ്ങളെ, വ്യവസ്ഥാപിതമായി ഹിന്ദുവത്കരിച്ചു ബ്രാഹ്മണാധികാരത്തിന്റെ കീഴില്‍ കൊണ്ടുവരിക എന്ന തന്ത്രമാണ് സവര്‍ണർ സ്വീകരിച്ചത്. ജാതിയുടെ പ്രകടമായ ഉച്ഛനീചത്വങ്ങളെ എതിര്‍ക്കുകയും ജാതിവിഭജനത്തെ പരോക്ഷീകരിക്കുകയും ചെയ്യുക എന്ന തന്ത്രം സ്വീകരിച്ച് ഹിന്ദു എന്ന വിശാല സ്വത്വം രൂപവത്കരിച്ചതിലൂടെ, തങ്ങള്‍ക്കു നഷ്ടമായേക്കാവുന്ന അധീശത്വം തിരിച്ചുപിടിക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. സിക്ക് – ജൈന – ബുദ്ധമതങ്ങളെയും ഹിന്ദു എന്ന നിര്‍വചനത്തിന്റെ പരിധിയിലാണു ഭരണഘന ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യത്തിനു മുന്‍പു തന്നെ ചില നാട്ടുരാജ്യങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. The Raigarh state conversion act 1936,The Patna freedom of religion act 1942,The Sarguru state apotacy act 1945,The Udaipur state anti conversion act,1946 ഇവ ഇത്തരം നിയമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

സ്റ്റാന്‍ലി ജോണ്‍സ്

ഗാന്ധി, സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിയ പല സവര്‍ണ നേതാക്കളും മതപരിവര്‍ത്തനത്തിന് എതിരായിരുന്നു. ‘എല്ലാ രാജ്യങ്ങളിലെയും മതങ്ങള്‍ ഒരുപോലെയാണെന്നതിനാല്‍ തീര്‍ച്ചയായും ഇന്ത്യയിലെ മതങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു പര്യാപ്തമാണ്.ഞങ്ങള്‍ക്ക് ആത്മീയത മാറേണ്ട ആവശ്യമില്ല’ എന്നാണു ഗാന്ധി, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട നിലപാടു വ്യക്തമാക്കിയത്. സ്വാമി ദയാനന്ദ സരസ്വതി പറയുന്നത് മതപരിവര്‍ത്തനം നൂറ്റാണ്ടുകളോളം പഴക്കമുള്ള സമൂഹങ്ങളെ നശിപ്പിക്കുമെന്നും വര്‍ഗീയ ലഹളകള്‍ക്കു കാരണമാകുമെന്നുമാണ്. അക്രമത്തെ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന  അതിക്രമമാണു മതംമാറ്റമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അമേരിക്കന്‍ മിഷനറിയായിരുന്ന സ്റ്റാന്‍ലി ജോണ്‍സ് ഗാന്ധിയുടെ ഇത്തരം നിലപാടുകളെ വിമര്‍ശിക്കുന്നുണ്ട്. തന്റെ ആത്മീയ മേഖലയില്‍ ശരിയെന്നു് ഒരാള്‍ കണ്ടെത്തുന്ന സംഗതി മറ്റൊരാള്‍ക്കു പങ്കുവെക്കുന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തമാണെന്നായിരുന്നു ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. ഭരണഘടന നിര്‍മ്മാണസഭയിലും മതപരിവര്‍ത്തന വിഷയത്തിൽ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ പല നേതാക്കളും മതപരിവര്‍ത്തന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവരായിരുന്നുവെങ്കിലും ക്രൈസ്തവ സമൂഹത്തിന്റെ എതിര്‍പ്പു ക്ഷണിച്ചുവരുത്തണ്ട എന്നായിരുന്നു പൊതുവായ അഭിപ്രായം. പുരുഷോത്തം ദാസ് ഠണ്ടന്‍ പറഞ്ഞത് ‘ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക്, ഒരാളെ ഒരു മതത്തില്‍നിന്നു മറ്റൊരു മതത്തിലേക്കു ചേര്‍ക്കുന്നതോ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതോ അതിനെ അനുകൂലിക്കുന്നതോ നല്ല കാര്യമായി തോന്നുന്നില്ല’ എന്നായിരുന്നു.

ഭരണഘടനാ അസംബ്ലിയില്‍ നിലവിലെ ആര്‍ട്ടിക്കിള്‍ ഇരുപത്തി അഞ്ചില്‍, ‘പ്രചരിപ്പിക്കൽ’ എന്ന അർഥത്തിലുള്ള propagate എന്ന പദം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. സഭയിലെ ക്രൈസ്തവ അംഗങ്ങളില്‍ പലരും  propagate എന്ന പദം ഉള്‍പ്പെടുത്തണെമെന്നു വാദിച്ചു.     ദൈവപ്രചരണമെന്നത് ക്രിസ്ത്യന്‍ വിശ്വാസങ്ങളുടെ ഭാഗമാണെന്നായിരുന്നു അവരുടെ നിലപാട്. കൃഷ്ണസ്വാമി ഭാരതി വ്യക്തമാക്കിയത്, ഈ പദം ഉള്‍പ്പെടുത്തുന്നതു ക്രൈസ്തവര്‍ക്കു വേണ്ടി മാത്രമല്ല,  മറിച്ച് മതപരമായ തത്ത്വങ്ങളെക്കുറിച്ചും പ്രമാണങ്ങളെക്കുറിച്ചും നമ്മുടെ ജനവിഭാഗങ്ങള്‍ക്ക് അറിവു നല്‍കുന്നതിനുവേണ്ടിക്കൂടിയാണ് എന്നാണ്. ടി ടി കൃഷ്ണമാചാരി, ഈ അവകാശം പ്രത്യേക മതസമുദായങ്ങള്‍ക്കു മാത്രമല്ലെന്നും എല്ലാവര്‍ക്കുമുണ്ടെന്നുമാണു വാദിച്ചത്. രോഹിണി കുമാര്‍ ചൗധരിയെപ്പോലുള്ള ആളുകള്‍ നിരോധനവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഭൂരിഭാഗം പേരും conversion നു് അന്യായമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനു് എതിരായിരുന്നു.

മതപരിവര്‍ത്തനം നിരോധിക്കുക എന്നത് എക്കാലത്തും ഹിന്ദു ദേശീയവാദികളുടെ രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമായിരുന്നു. മതങ്ങളുമായി നിഷ്പക്ഷത പുലര്‍ത്തുന്നതിനുള്ള അതിര്‍വരമ്പുകൾ സ്റ്റേറ്റാണു നിര്‍ണയിക്കുന്നതെന്നും  അത്തരം അതിര്‍വരമ്പിൽ നിന്നേ ഇന്ത്യൻ സ്റ്റേറ്റ് മതങ്ങളോടു നിഷ്പക്ഷത കൈക്കൊള്ളുകയുളളൂവെന്നുമാണ് മാര്‍ക്ക് ഗാലന്റര്‌‍  പറയുന്നത്. എന്നാല്‍ ഈ അതിര്‍വരമ്പുകള്‍ നീതിപൂര്‍വകമോ നിഷ്പക്ഷമോ അല്ലെന്നു് വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളെടുത്തു പരിശോധിച്ചാല്‍ കാണാവുന്നതാണ്.

 

മതവിശ്വാസവും പ്രചാരണവും

മനുഷ്യന്റെ വിശ്വാസങ്ങളെയും അതു പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെയും രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ പതിനെട്ട് പറയുന്നത് മതവിശ്വാസത്തെക്കുറിച്ചാണ്. മതവിശ്വാസം എന്ന അവകാശം മതം മാറാനുള്ള അവകാശം കൂടിയാണെന്നും ഒറ്റക്കോ കൂട്ടായോ തന്റെ മതവിശ്വാസം പ്രകടിപ്പിക്കാനും ഒരാള്‍ക്ക് അവകാശമുണ്ടെന്നും ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു. International covenant on civil and political rights ,1966 പതിനെട്ടാം ആര്‍ട്ടിക്കിളും ഇതുതന്നെ വ്യക്തമാക്കുന്നു. തന്റെ വിശ്വാസങ്ങള്‍ക്കു വിരുദ്ധമായി മറ്റൊരു മതമോ വിശ്വാസമോ സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിക്കപ്പെടരുതെന്നും പൊതുസുരക്ഷ, ക്രമസമാധാനം, ആരോഗ്യം മറ്റുള്ളവരുടെ  മൗലികാവകാശങ്ങള്‍ എന്നീ തലങ്ങളില്‍ നിന്നു മാത്രമേ മതവിശ്വാസത്തിനു നിയന്ത്രണം കൊണ്ടുവരാന്‍ പാടുള്ളൂ എന്നും  ആര്‍ട്ടിക്കിള്‍ 18 നിഷ്‌കര്‍ഷിക്കുന്നുണ്ട്. 1950 ലെ European Convention On  Human Rights ലും ICCPR നു സമാനമായ വകുപ്പുകള്‍ കാണാം.യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്, ഒരു കേസില്‍,  ഈ അവകാശമെന്നത് തന്റെ വിശ്വാസം മറ്റൊരരാളെ ബോധ്യപ്പെടുത്തുന്നതിനും കൂടിയുള്ളതാണ് എന്നു കൂടി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 25(1)ാം അനുഛേദ പ്രകാരം ഒരാള്‍ക്ക് തന്റെ വിശ്വാസമനുസരിച്ചു ജീവിക്കാനും അതില്‍ വിശ്വസിക്കാനും ആ വിശ്വാസം അനുഷ്ഠിക്കാനും പ്രചരിപ്പിക്കുവാനും അവകാശമുണ്ട്. അത്തരം അവകാശങ്ങള്‍  നിയന്ത്രിക്കാനുള്ള അനുവാദം മുകളില്‍ സൂചിപ്പിച്ച സാഹചര്യങ്ങളില്‍ മാത്രമാണ്. എന്നാല്‍, public order എന്നു മുകളില്‍ സൂചിപ്പിച്ച ground  ഉപയോഗിച്ച് ഭരണഘടനാ നിര്‍മ്മാതാക്കള്‍ പ്രകടിപ്പിച്ച ഉദ്ദേശ്യത്തിനു വിരുദ്ധമായി,   മതസ്വാതന്ത്ര്യം സംരക്ഷിക്കാനെന്ന പേരില്‍  വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

പക്ഷേ, രസകരമായ സംഗതി, ഇത്തരം നിയമങ്ങളെല്ലാം ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനങ്ങളെ, പ്രത്യേകിച്ച് ഭീഷണികളും പ്രലോഭനങ്ങളും ഉള്‍ക്കൊണ്ട ‘ഘര്‍വാപസി’ അടക്കമുള്ള ഹിന്ദുത്വ അജണ്ടകളെ ഒരിക്കലും മതം മാറ്റമായി കണക്കിലെടുക്കാറില്ല എന്നതാണ്. ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനം ഇത്തരം fraud, inducement, force തുടങ്ങിയ പദങ്ങളുടെ നിര്‍വ്വചനങ്ങള്‍ക്കകത്ത് ഉൾപ്പെടുത്തി നിയമ നടപടി സ്വീകരിക്കാന്‍ പലപ്പോഴും അധികൃതര്‍  മുതിരാറില്ല. 2004ല്‍ വിഎച്ച്പി അവകാശപ്പെട്ടത് ക്രിസ്തുമതത്തിലും ഇസ്‌ലാം മതത്തില്‍ നിന്നുമായി ഘര്‍വാപ്പസി നടത്തി 12,857 പേരെ ഹിന്ദുമതത്തിലേക്കു തിരികെ കൊണ്ടുവന്നു എന്നാണ്.കുറച്ചുവര്‍ഷം മുന്‍പു് റേഷന്‍കാര്‍ഡ് സംഘടിപ്പിച്ചു തരാമെന്നു പ്രലോഭിപ്പിച്ച് ചേരികളില്‍ താമസിക്കുന്ന, നിരക്ഷരരായ മുസ്‌ലിംകളെ ഒരിടത്തു കൊണ്ടുവന്ന് പൂജ നടത്തി, ഘര്‍വാപ്പസി സംഘടിപ്പിച്ചത് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവല്ലോ. 1967 ലെ The Orissa Freedom Of Religion Act മതപരിവര്‍ത്തനത്തെ നിര്‍വ്വചിക്കുന്നത് ഒരാള്‍ ഒരു മതം വിട്ടു മറ്റൊരു മതം സ്വീകരിക്കുക എന്നതാണ്. ബലപ്രയോഗത്തി(force) നെ നിര്‍വ്വചിക്കുന്നത് ബലം പ്രയോഗിച്ചോ  എന്തെങ്കിലും അപകടം വരുത്തുമെന്നു ഭീഷണിപ്പെടുത്തിയോ മതംമാറ്റുക എന്നതാണ്. മിക്ക സംസ്ഥാന നിയമങ്ങളും ഇത്തരത്തിലുള്ള നിര്‍വ്വചനമാണ് പിന്തുടരുന്നത്.

ഭീഷണിയെന്നത് ദൈവ കോപം വരുമെന്നോ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നോ ഉള്ള  ഭീഷണിയാണ് എന്നതാണു മറ്റൊരു നിർവചനം. സെമിറ്റിക് മതങ്ങളായ ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും സ്വര്‍ഗൃനരകങ്ങളെക്കുറിച്ചു വിശ്വാസമുള്ളവരാണ്. അതുകൊണ്ടുതന്നെ അരെങ്കിലും നരകശിക്ഷയെക്കുറിച്ചു പറഞ്ഞാല്‍  force ന്റെ നിര്‍വ്വചനത്തില്‍പ്പെട്ട കുറ്റകരമായ പ്രവൃത്തി ആകാവുന്നതാണ് എന്നതാണ് ആ നിർവചനത്തിലെ കുഴപ്പം. ഏതാണ്ട് എല്ലാ മതപരിവര്‍ത്തന നിരോധന നിയമങ്ങളിലും ഈ വകുപ്പുണ്ട്. മുകളില്‍ സൂചിപ്പിച്ച പോലെ, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കേരളത്തിലില്ലെങ്കിലും ഹാദിയ വിഷത്തില്‍ ഹിന്ദു വംശീയവാദികളുടെ യുക്തിയും നിർവചനങ്ങളും കടമെടുത്ത് ലിബറലുകളും ഇടതുപക്ഷവും യുക്തിവാദികളും  സംസാരിക്കുന്നതാണ് കേരളീയ  പൊതുസമൂഹം കണ്ടത്.

ഹാദിയയെ നരകം പറഞ്ഞു പേടിപ്പിച്ചു ഇസ്‌ലാമാക്കി എന്നാണു് ലിബറലുകളും യുക്തിവാദികളും ആരോപിച്ചത്. സ്വര്‍ഗ-നരകങ്ങളെക്കുറിച്ചുള്ള മതവിശ്വാസം പ്രബോധനം ചെയ്യാൻ പാടില്ല എന്ന അബദ്ധ യുക്തി തന്നെയാണ് ഇത്തരക്കാരും പിന്തുടരുന്നത്.

 


പ്രബോധനവും പ്രലോഭനവും

പ്രേരണയെക്കുറിച്ചാണ്  ഈ നിയമത്തിന്റെ സെക്ഷന്‍ 2  പറയുന്നത്. inducement (പ്രേരണ) എന്നത് പണമായിട്ടോ മറ്റേതെങ്കിലും തരത്തിലോ പാരിതോഷികം സ്വീകരിക്കുന്നതിനോ പണമായിട്ടോ അല്ലാതെയോ ഏതെങ്കിലും നേട്ടങ്ങള്‍ സ്വീകരിക്കുന്നതോ ആണ്. പ്രലോഭനത്താലുള്ള മതപരിവര്‍ത്തനവും അതിനുള്ള ശ്രമവും അതിനു സഹായം ചെയ്തുകൊടുക്കലുമെല്ലാം ഒരു വര്‍ഷം വരെയുള്ള തടവോ  അയ്യായിരും രൂപ പിഴയോ രണ്ടും കൂടിയുള്ള  ശിക്ഷക്കോ അര്‍ഹമായ കുറ്റകൃത്യമാണ്. പലപ്പോഴും മതപരിവര്‍ത്തനം ചെയ്ത ആളുകള്‍ക്കു് സാമൂഹികമായ പദവിയില്‍, ഉയര്‍ച്ചയോ മറ്റു തരത്തിലുളള സഹായമോ ചിലര്‍ ചെയ്തെന്നിരിക്കും . മതപരിവര്‍ത്തനം ചെയ്യുന്നവര്‍  കുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും കടുത്ത ഒറ്റപ്പെടലിനും മര്‍ദ്ദനത്തിനും ഇരയാക്കപ്പെടാറുള്ളതിനാല്‍ ആരെങ്കിലും ഏതെങ്കിലുമര്‍ത്ഥത്തിലുളള സഹായം ചെയ്തുകൊടുക്കൽ പലപ്പോഴും നിർബന്ധമായിത്തീരും. അത്തരം പ്രവൃത്തികളും  ‘പ്രേരണ’യുടെ നിര്‍വ്വചനത്തില്‍പ്പെടുത്തി അധികാരികൾക്ക് ഇടപെടാന്‍ കഴിയും എന്നതാണു പ്രശ്നം. മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍മ്മിച്ച, 1968 ലെ സമാനമായ നിയമവും ഇതേ ശിക്ഷയാണ് പ്രേരണാപൂർവമായ മതംമാറ്റത്തിനു നിർദേശിക്കുന്നത്. എന്നാല്‍ ഇതിലും കൂടിയ ശിക്ഷയാണു മറ്റു സംസ്ഥാന നിയമങ്ങള്‍ നല്‍കുന്നത്. ദലിതരെയും സ്ത്രീകളെയും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെയും മതം മാറ്റിയാല്‍ രണ്ടുവര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ഒറീസയിലെ നിയമത്തില്‍ കാണുന്നത്. സമാനമായ വകുപ്പുകള്‍ മറ്റു സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിലുമുണ്ട്. ദലിതരുടെയും ആദിവാസികളുടെയും സോഷ്യല്‍ മൊബിലിറ്റി ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.പലപ്പോഴും കോടതികള്‍  ആദിവാസികളെയും ദലിതരെയും സ്ത്രീകളെയും സ്വയം തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്തവരായിട്ടാണു കാണുന്നത്. 2002ല്‍ ഛത്തീസ്ഗഢിലെ റായ്ഗഢില്‍ ഇരുപതു പേര്‍ ക്രിസ്തുമതം  സ്വീകരിച്ചിരുന്നു. അവരില്‍ ഏഴു പേര്‍ സ്ത്രീകളായിരുന്നു, തഹസില്‍ദാരെയും പൊലീസ് സ്‌റ്റേഷന്‍ അധികൃതരെയും ആദ്യമേ തന്നെ  തങ്ങളുടെ മതപരിവര്‍ത്തന ഉദ്ദേശ്യം അറിയിച്ചിട്ടും അവരെ സ്വയം തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്തവരായിട്ടാണു കോടതി കണ്ടെത്. ഹാദിയ കേസിലും ഹൈക്കോടതി വിധിച്ചത് അവള്‍ intellectually vulnerable(ഇന്റലക്ച്വലി വള്‍നെറബ്ള്‍) ആണെന്നും സ്വയം തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്തവളുമാണെന്നായിരുന്നു. അതിനാല്‍ തന്നെ parent patriae jurisdiction (പാരെന്റ് പാട്രിയ ജൂറിസ്ഡിക്ഷന്‍) ഉപയോഗിക്കുന്നു എന്നാണു ഹൈകോടതി പറഞ്ഞത്.പാരെന്റ് പാട്രിയ ജൂറിസ്ഡിക്ഷന്‍ എന്നത് യഥാര്‍ത്ഥത്തില്‍ ബുദ്ധിവളര്‍ച്ച എത്താവര്‍, കുട്ടികൾ തുടങ്ങി, സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ ഇടപെടാനുള്ള ഗ്രൌണ്ടാണ്. ചുരുക്കം പറഞ്ഞാല്‍ ദലിതരും ആദിവാസികളും സ്ത്രീകളുമെല്ലാം സ്വയം തീരമാനമെടുക്കാന്‍ ശേഷിയില്ലാത്തവരാണെന്ന ബോധമാണ് ഭരണഘടനാസ്ഥാപനങ്ങളെപ്പോലും നയിക്കുന്നത്.

എം എം അക്ബര്‍


മതസ്വാതന്ത്ര്യവും അധികാരികളും

ഒറീസയിലെ നിയമം ഒറീസാ ഹൈക്കോടതി ഭരണഘടനാപരമായി സാധുവല്ലെന്നു കണ്ടെത്തി. മധ്യപ്രദേശ് ഹൈക്കോടതി അവിടുത്തെ നിയമത്തെ ശരിവെച്ചു. പിന്നീട് ഈ രണ്ടു കേസുകളും ഒരുമിച്ചു പരിഗണിച്ച സുപ്രീം കോടതി  ഇത്തരം നിയമങ്ങളെ ശരിവെക്കുകയാണുണ്ടായത്. ഒറീസയിലെ നിയമം  സ്‌റ്റേറ്റിന്റെ അധികാരപരിധിയിലുള്ള പബ്ലിക് ഓര്‍ഡര്‍    എന്നതിനു കീഴില്‍ വരുന്നില്ലെന്നും മറിച്ച് യൂണിയന്‍ ലിസ്റ്റില്‍ 97 -ാമതായി വരുന്ന അവശിഷ്ടാധികാരത്തില്‍ ആണു വരുന്നതെന്നുമുള്ള,  ഒറീസ ഹൈക്കോടതി വിധിയെ  സുപ്രീംകോടതി മറികടക്കുകയാണു ചെയ്തത്. മതപരിവർത്തനം സംസ്ഥാനത്തിന്റെ പൊതു വ്യവസ്ഥയെ ബാധിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കു നിയമം നിര്‍മ്മിക്കാം എന്നാണു സുപ്രീം കോടതി വിധിച്ചത്. ഒറീസയിലെ കേസില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് രണ്ടു പുരോഹിതരെയും കന്യാസ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തിരുന്നത്. തങ്ങള്‍ സ്വമേധയാ മാറിയതാണെന്ന പരിവര്‍ത്തിതരുടെ സാക്ഷ്യപത്രമൊന്നും കോടതിക്കു സ്വീകാര്യമായിരുന്നില്ല എന്നതാണു തമാശ. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തിലുള്ള “പൌരന്റെ മൗലികാവകാശം” ഉപയോഗിക്കുകയായിരുന്നു തങ്ങള്‍ എന്ന അവരുടെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. പൊതുവ്യവസ്ഥയെ ബാധിക്കുകയാണെങ്കില്‍ അധികാരികള്‍ക്ക് ഇടപെടാം എന്ന നിയമം ഉപയോഗിച്ചാണ് ഈ സംസ്ഥാനങ്ങളൊക്കെ ഇത്തരം നിയമങ്ങളൊക്കെ നിര്‍മ്മിച്ചിരിക്കുന്നത്.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട്  സംഘ്പരിവാര്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നതാണ് മറ്റൊരു കാതലായ പ്രശ്‌നം.  ഒറീസയില കണ്ഠമാലില്‍ നാമിതു കണ്ടതാണ്. അതോടെ മതപരിവർത്തനം ക്രമസമാധാനത്തിനു ഭംഗം വരുത്തുക എന്ന വകുപ്പിൽ ഉൾപ്പെടും എന്ന സൌകര്യമുണ്ട്. അക്രമം തടയുന്നതിനു  പകരം ഭരണഘടന നല്‍കുന്ന മൗലികാവകാശത്തെ പ്രായോഗികമായി ഇല്ലാതാക്കുകയല്ലല്ലോ ചെയ്യേണ്ടത്?

ദലിതരേയും സ്ത്രീകളേയും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെയും മതംമാറ്റിയാല്‍ രണ്ടുവര്‍ഷംവരെ തടവും 25000 രൂപ പിഴയുമാണ് ഒറീസയിലെ നിയമത്തില്‍ ശിക്ഷ. ദലിതരും സ്ത്രീകളുമല്ലാം സ്വയം തീരമാനമെടുക്കാന്‍ ശേഷിയില്ലാത്തവരാണെന്ന ബോധമാണ് രണഘടനാസ്ഥാപനങ്ങളെപ്പോലും നയിക്കുന്നത്. ഹാദിയകേസിലും ഹൈക്കോടതി അവള്‍ ബുദ്ധിപരമായി സ്വയംപര്യാപ്തയല്ലെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്തവളുമാണെന്നായിരുന്നു വിധിച്ചത്.

ശ്രദ്ധേയമായ മറ്റൊരു സംഗതി, ഇതുവരെ മതപരിവര്‍ത്തനമെന്നത് സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയില്‍പ്പെട്ടതാണെന്നായിരുന്നു ഇത്തരം നിയമങ്ങളെ പിന്തുണക്കുന്നവരുടെ അവകാശവാദം. എന്നാലിപ്പോള്‍ ഇത്തരം നിയമങ്ങളൊന്നുമില്ലാത്ത സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തെ തീവ്രവാദം, ഐസിസ് റിക്രൂട്ട്‌മെന്റ് എന്നൊക്കെയുള്ള ആരോപണങ്ങളുന്നയിച്ച്  രാജ്യസുരക്ഷയുമായി ബന്ധിപ്പിച്ച് എന്‍ ഐ എ പോലുള്ള ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു  ഇടപെടുകയാണു കേന്ദ്ര സര്‍ക്കാര്‍.  കേരളത്തില്‍ ഇപ്പോള്‍  ഇസ്ലാമിലേക്കു നടന്ന പരിവര്‍ത്തനങ്ങളെല്ലാം തന്നെ അന്വേഷിക്കുന്നു എന്ന പേരില്‍ ആളുകളെ വിളിച്ചുവരുത്തി ഭീതിയുണ്ടാക്കുകയാണു കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത്. ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ ഐ എ അന്വേഷണത്തെ എതിര്‍ക്കുകയോ ഗൗരവത്തിലെടുക്കുകയോ ചെയ്തില്ല. യഥാര്‍ത്ഥത്തില്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുകയാണ് ഇതെന്നറിഞ്ഞിട്ടും കാര്യങ്ങളെ ഗൗരവത്തിലെടുക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാറിനു കഴിഞ്ഞില്ല. എന്‍ ഐ എ നിയമത്തിന്റെ ഷെഡ്യൂളില്‍ പറയുന്ന കുറ്റകൃത്യങ്ങളൊന്നും സംഭവിച്ചില്ലേലും എന്‍ ഐ എ, അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്. സംഘ്പരിവാറിന്റെ ഫാസിസ്റ്റ് ഭരണകൂടം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്ത് തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാറിനു യാതൊരു പ്രതിഷേധവുമില്ലാത്തതു ചിന്തനീയമാണ്. പലപ്പോഴും രാഷ്ട്രീയ താത്പര്യങ്ങളാണു മതപരിവര്‍ത്തന നിരോധനങ്ങള്‍ക്കു പിന്നിലുള്ളത്. 1965ല്‍ത്തന്നെ മധ്യപ്രദേശ് സര്‍ക്കാര്‍ ഡോ എം ബി നിയോഗിയുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ മിഷറി പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുകയും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമുണ്ടായി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും തകര്‍ച്ച തടയുന്നതിനും മിഷനറി പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഒറീസയില്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയ്‌നും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതിനു ശേഷവും ഇതേപോലെ ജസ്റ്റിസ് ഡി ബി വാധ്വയുടെ നേതൃത്വത്തില്‍ അന്വേഷണ കമീഷനെ നിയോഗിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ടും  മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിലുള്ള പരാജയമാണു കൊലക്കു പിന്നിലുള്ളതെന്നാണു തീരുമാനത്തിലെത്തിയത്. അതായത് പൌരന്റെ മൌലികാവകാശങ്ങളെ തടയുന്ന ഹിന്ദുത്വശക്തികളെ നിയന്ത്രിക്കുന്നതിനു പകരം, മതപ്രചാരണത്തെ നിയന്ത്രിക്കുക എന്ന വിരോധാഭാസം ആണ് ഈ റിപ്പോർട്ടുകൾ പുലർത്തിയത്.

ഇത് ഉത്തരേന്ത്യയില്‍ മാത്രമല്ല കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നു എന്നതു ഭീതിദമാണ്. രാഷ്ട്രീയ താത്പ്പര്യങ്ങള്‍ക്കു വേണ്ടിയാണ് ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നതിനു തെളിവാണ് തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം. 2002ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുകയും പിന്നീട് 2006 ല്‍ പിന്‍വലിക്കുകയുമാണ് ഉണ്ടായത്. ഈ സമയത്ത് എ ഐ ഡി എം കെ  ബിജെപിയുമായി സഖ്യത്തിലായിരുന്നു എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഈ സഖ്യമൊന്ന് ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു നിയമനിര്‍മ്മാണം. അരുണാചല്‍ പ്രദേശില്‍ നിയമം നിര്‍മ്മിച്ചെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഗുജറാത്തിലെ 2003ലെ മതസ്വാതന്ത്ര്യ സംരക്ഷണ നിയമം 2006 ല്‍ ആണു സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. അരുണാചല്‍ പ്രദേശിലെ നിയമം രണ്ടു  വര്‍ഷത്തെ തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിക്കുമ്പോള്‍, അൽപ്പംകൂടി കടന്ന് ഗുജറാത്തിലെ നിയമം മൂന്നു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണു വിധിക്കുന്നത്.

മുകളില്‍ സൂചിപ്പിച്ചപോലെ  സംഘ്പരിവാറിന്റെ ഘര്‍വാപ്പസിയോട് ഇത്തരം സമീപനങ്ങളല്ല മതപരിവര്‍ത്തന നിയമങ്ങള്‍ അനുവര്‍ത്തിക്കുന്നത്. ഛ്ത്തീസ്ഗഢിലെ നിയമത്തിന് 2006ല്‍  ഭേദഗതി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് ഒപ്പിടാന്‍ നിരസിക്കുകയാണുണ്ടായത്. ഒരാള്‍ തന്റെ പൂര്‍വ്വികരുടെ മതത്തിലേക്കു മടങ്ങുന്നത്  മതപരിവര്‍ത്തനം എന്ന നിര്‍വ്വചനത്തില്‍ വരില്ല എന്നതായിരുന്നു നിയമ ഭേദഗതി.

കേരളത്തില്‍ മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമങ്ങളൊന്നുമില്ലെങ്കിലും ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതിവിധിയും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ മതപരിവര്‍ത്തനനിരോധന നിയമങ്ങളുടെ യുക്തി തന്നെയാണു പിന്തുടർന്നത് എന്നതു ശ്രദ്ധിക്കേണ്ടതാണ്.


പൌരാവകാശവും പൊതുബോധവും

കേരളം പോലുള്ള, മതപരിവര്‍ത്തനം  നിരോധിക്കാത്ത സംസ്ഥാനങ്ങളില്‍ പൊലീസും അധികൃതരും ഐപിസി  295എ, 298  വകുപ്പില്‍ കള്ളക്കേസില്‍ കുടുക്കി മതപ്രബോധകരെ അറസ്റ്റ്  ചെയ്യുന്നതു  പതിവാക്കിയിരിക്കുകയാണ്. ഹാദിയ കേസിൽ, അവരുടെ ഇസ്ലാമാശ്ലേഷത്തിനു സഹായിച്ച അബൂബക്കര്‍ എന്ന വ്യക്തിയെ ഈ വകുപ്പുകള്‍ ചുമത്തി റിമാന്റ് ചെയ്തതു കേരളത്തിലാണ്. വ.പറവൂരിനടത്ത് ലഘുലേഖ വിതരണം ചെയ്തവരെ ആര്‍എസ്സ്എസ്സുകാര്‍ മര്‍ദ്ദിക്കുകയും അവരെയും ഇതേ ഐപിസി  295എ ഉപയോഗിച്ച് അറസ്റ്റു ചെയ്തതും നാം കണ്ടു. ഇങ്ങനെ പ്രബോധകരെയും മിഷനറി പ്രവര്‍ത്തരെയും കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റു ചെയ്യുക എന്നത് ഇത്തരം മതപരിവര്‍ത്തന നിരോധന നിയമങ്ങളില്ലാത്ത സംസ്ഥാനങ്ങളിലെ പതിവാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം പലപ്പോഴും എക്‌സിക്യുട്ടീവിന്റെ  അമിതമായ വിവേചനാധികാരത്തിനു വിട്ടുകൊടുക്കുന്നു എന്നുള്ളതാണ് ഈ സംസ്ഥാനങ്ങളിലെ പ്രശ്നം. Absolute power corrupts absolutely (ആബ്സൊല്യൂട്ട് പവര്‍ കറപ്റ്റ്സ് ആബ്സൊല്യൂട്ലി) എന്ന തത്വം നമുക്കിവിടെ ഓര്‍ക്കാം. ഒരാൾ തന്റെ മതപരിവര്‍ത്തനം , ജില്ലാ ഭരണാധികാരികളെയോ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയോ  മുന്‍കൂട്ടി അറിയിക്കണെമന്ന വകുപ്പുതന്നെ മതപരിവര്‍ത്തനം ആഗ്രഹിക്കുന്ന ആളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നു എന്നുള്ളതാണു സത്യം. ജില്ലാ ഭരണാധികാരികള്‍ക്ക് രേഖാമൂലം അറിയിപ്പു കൊടുത്തു കാത്തിരിക്കുമ്പോഴേക്കും  ഹിന്ദു ദേശീയവാദികൾ അവരുടെ  ജീവനുതന്നെ ഭീഷണിയുയര്‍ത്തുന്നു. അതിനാൽ, ഭരണഘടന നല്‍കുന്ന ഈ അവകാശം പ്രായോഗികമായി ഭരണകൂടങ്ങളും ഹിന്ദുത്വവാദികളും തടയിടുന്നു എന്നതു ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരം സ്വാതന്ത്യങ്ങൾ നേടിയെടുക്കാന്‍ പരമോന്നത കോടതി വരെ പോകേണ്ടിവരുന്നു എന്നതു തന്നെയാണ് നമ്മുടെ ഭരണഘടന പ്രദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ നിലവിലെ പരിതാപകരമായ അവസ്ഥ.

 • Article 25 of the Indian constitution , Available at https://www.india.gov.in/sites/upload_files/npi/files/coi_part_full.pdf
 • The Himachal Pradesh Freedom of Religion act, 2006
 • International Covenant on civil and political rights ,1966 available http://www.ohchr.org/en/professionalinterest/pages/ccpr.aspx
 • European Convention On Human Rights,1950.available at https://www.echr.coe.int/Pages/home.aspx?p=basictexts&c
 • The Orissa Freedom Of Religion Act,1967, available at http://lawodisha.gov.in/files/acts/act_884132771_1437987451.pdf
 • The Madhya Pradesh freedom of religion act ,1968, available at http://www.kandhamal.net/DownloadMat/Madhya_Pradesh_Freedom_of_Religion_Act.pdf
 • ജെ.രഘു , ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും പേജ്‌ .16, പ്രതീക്ഷ ബുക്‌സ്‌ കാലിക്കറ്റ്‌
 • Collected Works of Gandhi Vol XLV: 320) available at http://www.gandhiashramsevagram.org/gandhi-literature/collected-works-of-mahatma-gandhi-volume-1-to-98.php
 • Constituent Assembly of India (Voi VII), Decem- ber 6, 1948, available at: http://parliamentofin- dia.nic.in/ls/debates/vol7p2oa.html
 • Law and Society in Modern India (Oxford India Paperbacks) 1993
 • The Question of Conversion in India, Sarah Claerhout and Jakob De Roover, Economic and Political Weekly, Vol. 40, No. 28 (Jul. 9-15, 2005) p.3049
 • Rev. Stanislaus v. State of Madhya Pradesh andOrissa, A.I.R. 1977 S.C. 908
 • Report of the Christian Missionary Activities Enquiry Committee 1956, reprinted in VINDICATED BY TIME: THE NIYOGI COMMITTEE REPORT ON CHRISTIAN MISSIONARY ACTIVITIES (1956), available at http://www.voiceofdharma.com/books/ncr/
Top