അറിവ് അപകടമല്ല എന്ന് വാദിച്ച ഒരാള്‍

ഒരു നാസ്ഥികനായിരുന്നെങ്കിലും ഉത്തര നവോത്ഥാന പരിസരത്ത് ദിശാഖണ്ഡമായി വര്‍ത്തിക്കേണ്ട മതങ്ങളെ സാമാന്യ വത്കരിക്കുന്നതിനെതിരെ ശക്തമായ ഒരു മതില്‍ക്കെട്ട് എക്കോയുടെ സിദ്ധാന്തങ്ങളുടെ ആന്തരിക തലം പടുത്തുയര്‍ത്തുന്നുണ്ട്. റോമന്‍ കത്തോലിക്കാ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിച്ച് മതങ്ങള്‍ക്കപ്പുറമുള്ള ആത്മീയതയില്‍ അഭിരമിക്കാനാണ് അദ്ദേഹം താത്പര്യപ്പെട്ടത്. സമകാലിക ലോകത്തെ സാമൂഹികവും സാസ്‌കാരികവും സൈദ്ധാന്തികവുമായ വക്രീകരണങ്ങളെ ചോദ്യം ചെയ്യുന്ന എക്കോയുടെ നോവലുകളും പ്രതി-സിദ്ധാന്തങ്ങളും ഇനിയും പുനര്‍വായിക്കപ്പെടേണ്ടതുണ്ട്.

ലോകപ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റ് ഉംബര്‍ട്ടോ എക്കോ, കേരളീയ ധൈഷണിക പരിസരത്ത് അത്ര വിപുലമായി പ്രചാരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സാര്‍വലൗകികമായി വ്യാപിച്ചു കിടക്കുന്നതാണ്. താരതമ്യേന വളരെ ചുരുക്കം പഠിതാക്കളുള്ള Semotics അഥവാ ചിഹ്ന വിജ്ഞാനീയമായിരുന്നു എക്കോയുടെ പ്രഥമ വിഷയം. ഉത്തരാധുനിക മുഖ്യധാരാ വ്യവഹാരങ്ങള്‍ ആ വിജ്ഞാനശാഖയോട് അത്ര അടുത്തിട്ടില്ലെങ്കിലും എക്കോ തന്റെ വ്യവഹാര മണ്ഡലത്തില്‍ നിന്ന് ഉത്തരാധുനിക ധൈഷണികതയെ വഴിതെളിച്ചു.

1932 ജനുവരി അഞ്ചിന് ഇറ്റലിയിലെ അലക്‌സാണ്ട്രിയയില്‍ ജനിച്ച എക്കോ, ടൂറിന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മധ്യകാല തത്വശാസ്ത്രത്തില്‍ ബിരുധമെടുത്ത ശേഷം, വേദശാസ്ത്രജ്ഞന്‍ തോമസ് അക്വിനാസിനെ കുറിച്ച് ഗവേഷണം ആരംഭിച്ചു. തന്റെ വിജ്ഞാന ശാഖയെ മറ്റെല്ലാ ധൈഷണിക ശാഖയുമായും കൂട്ടി യോജിപ്പിക്കാന്‍ ശ്രമിച്ച എക്കോ തന്റെ അക്കാദമിക് ജീവിതത്തിന്റെ മധ്യകാലത്ത് തന്നെ സാംസ്‌കാരികവും രാഷ്ട്രീയപരവുമായ മേഖലകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ചിരുന്നു. തന്റെ ധൈഷണിക സംഭാവനകള്‍ക്ക് വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നായി പതിമൂന്നോ മറ്റോ ബഹുമതി ഡോക്ടറേറ്റുകളും എക്കോയെ തേടിയെത്തിയിരുന്നു.

എക്കോയുടെ ഏറ്റവും പ്രശസ്ത കൃതി അദ്ദേഹത്തിന്റെ ആദ്യ നോവലായ The name of the rose തന്നെയായിരുന്നു. ലോകത്തുടനീളം വായനക്കാരെ സൃഷ്ടിച്ച പുസ്തകം മുപ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ആസ്വാദനം എന്നതിനുപരി എക്കോയുടെ നോവലുകള്‍ വായനക്കാരെ പാണ്ഡിത്യത്തിന്റേയും നിഗൂഢതയുടേയും ഗര്‍ത്തങ്ങളിലേക്ക് നയിക്കുന്നവയായിരുന്നു. എക്കോ തന്നെ തന്റെ നോവലുകളെ കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്: ‘മധ്യയുഗത്തിലെ ഒരു സന്ന്യാസാശ്രമത്തില്‍ സന്യാസിയായി പ്രവേശിക്കുന്ന ഒരാള്‍ എത്രയേറെ ക്ലേശപൂര്‍ണമായ പരീക്ഷണങ്ങളിലൂടെ കടന്നു പോകണമോ, അതുപോലെ കഠിനമായ പ്രായശ്ചിത്തം നിര്‍വഹിക്കാനാണ് ഞാന്‍ വയനക്കാരെ ക്ഷണിക്കുന്നത്.’ ഇതിലൂടെ വായനാ ലോകം ഇന്നുവരെ എത്തിച്ചേരാത്ത ഒരു തലത്തിലേക്ക് തന്റെ വായനക്കാരെ ഉയര്‍ത്താനായിരുന്നു എക്കോ ശ്രമിച്ചത്.

അദ്ദേഹത്തിന്റെ പഠനങ്ങളും എഴുത്തുകളും ഭാഷയിലും സാഹിത്യത്തിലുമുള്ള അടയാളങ്ങളെ കുറിച്ച് മാത്രമായിരുന്നില്ല, ആശയവിനിമയത്തിനുപയോഗിക്കുന്ന എല്ലാവിധ ഉപാധികളേയും അദ്ദേഹം വിശകലനത്തിനു വിധേയമാക്കിയിരുന്നു. തന്റെ സൃഷ്ടികളിലുടനീളം ചിഹ്നങ്ങളുടെ ഒരു പ്രവാഹത്തെ തന്നെ തീര്‍ക്കാനും അതുവഴി ലോകത്തിന്റെ ഗതിമാറ്റി വിടാനും അദ്ദേഹത്തിന് സാധിച്ചു. മധ്യകാല യൂറോപ്പിന്റെ നിഗൂഢതകളെയും പൂഴ്ത്തിവെച്ച സത്യങ്ങളേയും താന്‍ ചൂണ്ടുപലകയായി കാണുന്ന അടയാളങ്ങളിലൂടെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. ലോക ചരിത്രത്തെ ഒരു നാടകമായി പുനര്‍നിര്‍മിച്ചു കൊണ്ടും യൂറോപ്യന്മാര്‍ പൂഴ്ത്തിവെച്ച ഇരുണ്ട മധ്യയുഗത്തെ ആ നാടകത്തിന്റെ അണിയറയായി കണ്ടുകൊണ്ടുമായിരുന്നു എക്കോ അതിലേക്ക് പ്രവേശിച്ചത്. നോവലുകളിലൂടെ ആശയത്തിന് പുറമെ എക്കോ സ്ഥാപിക്കാന്‍ ശ്രമിച്ച സിദ്ധാന്തങ്ങള്‍ അക്കാദമിക് ലോകത്ത് വളരെ ക്ലേശകരമായാണ് വായിക്കപ്പെട്ടത്. ലോകത്തെ സ്വയം ഒരു ചിഹ്ന(ചൂണ്ടുപലക)മായി കാണുകയും അത് സ്വയം അര്‍ഥ രഹിതമായി നിലനില്‍ക്കുമ്പോഴും യഥാര്‍ഥത്തിന്റെ പരമാര്‍ഥങ്ങള്‍ അത് പ്രതിഫലിപ്പിക്കുന്നു എന്ന് വാദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ നോവലായ ദി നെയിം ഓഫ് ദി റോസ് മുതല്‍ അവസാന നോവലായ Numerozero വരെ അതിന് സാധുത നല്‍കുകയും ചെയ്തു.

The name of the rose ലൂടെ എക്കോ യൂറോപ്പിന്റെ ധൈഷണിക ഇരട്ടത്താപ്പിനെ തുറന്നുകാണിച്ചു. എല്ലാ അറിവും സ്വായത്തമാക്കാന്‍ വേണ്ടി എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു എന്നൊരു മിഥ്യാബോധം ലോകത്ത് സൃഷ്ടിച്ച് കൊണ്ട് പല അറിവുകളും ലോകത്തിന് നിഷേധിക്കുന്ന യൂറോപ്യന്‍ പാരമ്പര്യത്തെ തീര്‍ത്തും പ്രതീകാത്മകമായി അതിലൂടെ അവതരിപ്പിച്ചു. തങ്ങള്‍ നിര്‍മിച്ചെടുത്ത അറിവിനെ പുനര്‍ നിര്‍വചിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം തന്ത്രപരമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം സന്യാസിമാരിലൂടെ എക്കോ തുറന്ന് കാണിച്ചത്, ധൈഷണിക യൂറോപ്പിന്റെ നൈതിക വൈരുധ്യങ്ങളെയായിരുന്നു.

ഴാക് ദെരിത 1969ല്‍ തന്റെ അപനിര്‍മാണ സിദ്ധാന്തം അവതരിപ്പിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എക്കോ തന്റെ ഓപ്പണ്‍ ടെക്സ്റ്റ് (Open Text) സിദ്ധാന്തം അവതരിപ്പിച്ചിരുന്നു. അതനുസരിച്ച് വാക്കുകള്‍ക്ക് ഒരര്‍ഥമല്ല ഉള്ളതെന്നും അത് വിവിധങ്ങളായ അര്‍ഥ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും വായനക്കാരുടെ ബാധ്യത അത് പുറത്തെടുക്കലാണെന്നും അദ്ദേഹം വാദിച്ചു. ഉത്തരാധുനിക ധൈഷണിക പരിസരത്ത് ഏറ്റവും വലിയ വിപ്ലവങ്ങള്‍ക്ക് വഴി തെളിച്ച സിദ്ധാന്തമായിരുന്നു അത്. കല്‍പനിക വായാനശാസ്ത്രത്തെയും തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളെയും അത് പൊളിച്ചെഴുതി.

മധ്യ നൂറ്റാണ്ടുകളിലെ കലാ സൗന്ദര്യ ദര്‍ശനമായിരുന്നു എക്കോയുടെ മേഖലയെങ്കിലും ഉത്തരാധുനിക വ്യവഹാരങ്ങളായ ജനകീയ മാധ്യമങ്ങളിലും സാസ്‌കാരിക വ്യതിചലനങ്ങളിലും രാഷ്ട്രീയ ആധിപത്യത്തിലുമെല്ലാം എക്കോ തന്റേതായ സിദ്ധാന്തങ്ങളെ പ്രതിഷ്ഠിച്ചു. മാധ്യമങ്ങളുപയോഗിച്ച് യൂറോപ്പ് നടത്തിക്കൊണ്ടിരുന്ന മൃദുലാധിപത്യ(Soft Hegemony)ത്തിനെതിരെ ജനകീയ മാധ്യമങ്ങളിലൂടെയുള്ള ഒളിപ്പോരിന്റെ സാധ്യത എക്കോ തുറന്നിട്ടു. ഗറില്ല ടെലിവിഷനിലൂടെയും സാംസ്‌കാരിക ഞെരുക്കത്തിലൂടെയും മുഖ്യധാരാ ജനകീയ മാധ്യമങ്ങളിലൂടെയും സാംസ്‌കാരിക ജൈവാധികാരത്തെ പ്രതിരോധിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

സമകാലിക ലോകം സാമാന്യ നിര്‍വചനം പോലും അറിയാതെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫാസിസത്തിന് തന്റെ അടയാളങ്ങളെ കൊണ്ട് നിര്‍വചനങ്ങളെക്കാളേറെ ലളിതമായി എക്കോ സമവാക്യം സൃഷ്ടിച്ചു. അദ്ദേഹം പ്രതിപാതിച്ച 14 അടയാളങ്ങള്‍ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചു കിടക്കുന്ന ഫാസിസമെന്ന സംജ്ഞയെ സ്ഥൂലമായി വിശദീകരിക്കുന്നതായിരുന്നു.

എക്കോയുടെ സിദ്ധാന്തങ്ങളും കൃതികളും ഒരേ സ്വരത്തില്‍ വെല്ലുവിളിക്കുന്നു; ‘അറിവ് അപകടമാണ്, അതുകൊണ്ട് സാധാരണ ജനങ്ങളിലേക്ക് പോകാതെ കാത്തുസൂക്ഷിക്കപ്പെടണം’ എന്ന തത്വത്തെ. ഇതിനെ നിര്‍ദാക്ഷിണ്യം വലിച്ച് കീറുകയായിരുന്നു എക്കോ തന്റെ ഓരോ സൃഷ്ടിയിലൂടെയും. അറിവ് സാര്‍വലൗകികമാണെന്നും അത് ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണെന്നും അതിലൂടെ മനുഷ്യര്‍ അവരുടേതായ അര്‍ഥങ്ങള്‍ സൃഷ്ടിച്ചെടുക്കണമെന്നും എക്കോ സമര്‍ഥിച്ചു. മധ്യകാല യൂറോപ്പില്‍ നിന്ന് ഉദിച്ച് വന്ന ആ സിദ്ധാന്തത്തെ തന്റെ അവസാന കൃതിയിലൂടെ വരെ തുടച്ച് നീക്കാന്‍ എക്കോ ശ്രമിച്ചിരുന്നു. അറിവിനെയും ലോകത്തെയും ഒരു രാവണക്കോട്ടയായി(Labrynth) പരികല്‍പന ചെയ്യുന്നതിലൂടെ എക്കോ മനുഷ്യകുലത്തിന് പുതിയ സാധ്യതകളെ തുറന്ന് കൊടുക്കുയായിരുന്നു. പടിഞ്ഞാറന്‍ ലോകം വാദിച്ച് കൊണ്ടിരിക്കുന്ന മനുഷ്യന്റെ പൂര്‍ണതയെ എതിര്‍ക്കുകയായിരുന്നു എക്കോ ഇതിലൂടെ ചെയ്തത്. രാവണക്കോട്ടയില്‍ കടന്ന മനുഷ്യന് ഒരിക്കലും പൂര്‍ണത കൈവരിക്കാന്‍ കഴിയില്ലെന്നും അത് അനേകായിരം പാതകള്‍ മാത്രമാണ് മനുഷ്യന് മുന്നില്‍ നീട്ടുന്നതെന്നും എക്കോ സ്ഥാപിച്ചു.

ഒരു നാസ്ഥികനായിരുന്നെങ്കിലും ഉത്തര നവോത്ഥാന പരിസരത്ത് ദിശാഖണ്ഡമായി വര്‍ത്തിക്കേണ്ട മതങ്ങളെ സാമാന്യ വത്കരിക്കുന്നതിനെതിരെ ശക്തമായ ഒരു മതില്‍ക്കെട്ട് എക്കോയുടെ സിദ്ധാന്തങ്ങളുടെ ആന്തരിക തലം പടുത്തുയര്‍ത്തുന്നുണ്ട്. റോമന്‍ കത്തോലിക്കാ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിച്ച് മതങ്ങള്‍ക്കപ്പുറമുള്ള ആത്മീയതയില്‍ അഭിരമിക്കാനാണ് അദ്ദേഹം താത്പര്യപ്പെട്ടത്. സമകാലിക ലോകത്തെ സാമൂഹികവും സാസ്‌കാരികവും സൈദ്ധാന്തികവുമായ വക്രീകരണങ്ങളെ ചോദ്യം ചെയ്യുന്ന എക്കോയുടെ നോവലുകളും പ്രതി-സിദ്ധാന്തങ്ങളും ഇനിയും പുനര്‍വായിക്കപ്പെടേണ്ടതുണ്ട്.

Top