പടിഞ്ഞാറിന്‍െറ മുസ്ലിം വിരുദ്ധത: ചില സ്ഥിതിവിവരക്കണക്കുകള്‍

യൂറോപ്യന്‍ യൂനിയന്‍െറ സര്‍വേ ഏജന്‍സിയായ യൂറോപോളിന്‍െറ കണക്കു പ്രകാരം 2009 മുതല്‍ 2013 വരെ യൂറോപ്പിലാകമാനം നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ ഇസ്ലാമിക സംഘടനകളുടെ പങ്ക് റിപ്പോര്‍ട്ട് ചെയ്തത് ഒരു ശതമാനത്തില്‍ താഴെ. യൂറോപ്പിലാകമാനം ഇസ്ലാമിക തീവ്രവാദികള്‍ രക്തച്ചൊരിച്ചില്‍ നടത്തുന്നു എന്നും യൂറോപ്പിലെ തീവ്രവാദത്തിന്‍െറ ഒരേയൊരു കാരണക്കാര്‍ മുസ്ലിംകളാണെന്നും ഇസ്ലാമോഫോബിസ്റ്റുകള്‍ ലോകമാധ്യമങ്ങളില്‍ ശക്തമായി പ്രചരിപ്പിച്ചിരുന്ന 2002-2009 കാലയളവില്‍ വെറും 0.4 ശതമാനം ആക്രമണങ്ങള്‍ മാത്രമാണ് ഇസ്ലാമുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതിവിവരക്കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാശ്ചാത്യനാടുകളില്‍ മുസ്ലിം വിരുദ്ധതയുടെ തോത് ഓരോദിവസവും വര്‍ധിച്ചുവരുന്നു എന്നത് ഭീതിതമായ വസ്തുതയാണ്. ഉദാഹരണത്തിന് 2014ല്‍ പ്രമുഖ ഫ്രഞ്ച് മാഗസിന്‍ ‘ലെ മോണ്ട്’ നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഭൂരിഭാഗംപേരും പ്രതികരിച്ചത് ഇസ്ലാംമതം ഫ്രാന്‍സിലെ ജനാധിപത്യമൂല്യങ്ങളുമായി ഒത്തുചേര്‍ന്ന് പോവില്ലന്നായിരുന്നു

ഫ്രാന്‍സിലെ പ്രശസ്തമായ പാരിസ്-സോബോണ്‍ സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിയാണ് വസീം അഹ്മദ്. അല്‍ജീരിയന്‍ വേരുകളുള്ള അഹ്മദിന്‍െറ കുടുംബം ഫ്രാന്‍സില്‍ എത്തിയിട്ട് അരനൂറ്റാണ്ടിലേറെയായി. പാരിസിലെ ബറ്റാക്ളന്‍ ഭീകരാക്രമണത്തിനുശേഷം സര്‍വകലാശാലയില്‍ എത്തിയ അഹ്മദിനെ കൂട്ടുകാര്‍ ഒരു കുറ്റവാളിയെപ്പോലെ രൂക്ഷമായി നോക്കുകയും അവന്‍ ക്ളാസിലേക്ക് കയറിയ ഉടനേ ‘മുസ്ലിംകളെല്ലാം തീവ്രവാദികളാണ്. ഞങ്ങള്‍ മുസ്ലിംകളെ  വെറുക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഒരുമിച്ച് പുറത്തേക്ക് പോകുകയുംചെയ്തു. ഇത്  പാരിസ് നഗരത്തിന്‍െറ മാത്രം കാര്യമല്ല. മറിച്ച് ഒട്ടുമിക്ക പാശ്ചാത്യനഗരങ്ങളിലെയും കാഴ്ചയാണ്. ഇവിടങ്ങളില്‍ മുസ്ലിംകള്‍ എന്നാല്‍ ഇപ്പോള്‍ തീവ്രവാദികള്‍ ആണ്. ഇസ്ലാം, മുസ്ലിം, മോസ്ക് എന്നീ സംജ്ഞകള്‍ ഒട്ടുമിക്ക പാശ്ചാത്യരിലും ഭീതിയും വിദ്വേഷവുമുളവാക്കുന്നു. ക്ളാസ്മുറിയിലേക്ക് താന്‍ നിര്‍മിച്ച ക്ളോക്കുമായി വന്ന എട്ടാം ക്ളാസ് വിദ്യാര്‍ഥിയെ അമേരിക്കയിലെ ടെക്സസ് പ്രവിശ്യയില്‍ തീവ്രവാദിയായി സംശയിച്ച് അറസ്റ്റ് ചെയ്തത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

എല്ലാ മുസ്ലിംകളും തീവ്രവാദികളല്ളെന്ന് പറയുമ്പോഴും തീവ്രവാദികളില്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്ന ഒരു സാമാന്യധാരണ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നു. എങ്കിലും അമേരിക്കയിലും യൂറോപ്പിലും നടന്ന ഭീകരാക്രമണങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ഇത്തരം സാമാന്യ ധാരണകള്‍ക്ക് കടകവിരുദ്ധമാണ്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍െറ (എഫ്.ബി.ഐ) കണക്കു പ്രകാരം 1985 മുതല്‍ 2005 വരെ അമേരിക്കന്‍ മണ്ണില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംകളുടെ പങ്ക് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത് ആറ് ശതമാനത്തില്‍ താഴെമാത്രമാണ്. 46 ശതമാനത്തിലേറെയുള്ള ലാറ്റിനോ തീവ്രവാദത്തേക്കാളും ഏഴ് ശതമാനം വരുന്ന ജൂത തീവ്രവാദത്തേക്കാളും നൂറിരട്ടി പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ മുസ്ലിം തീവ്രവാദ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്  ചെയ്തത്.  2001ന് ശേഷം രാജ്യത്ത് കൊല്ലപ്പെട്ട 190,000 പേരില്‍ 37 പേര്‍ മാത്രമാണ് ഇസ്ലാമിക തീവ്രവാദത്തിന്‍െറ ഇരകള്‍. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയുടെ കീഴിലുള്ള ‘ലൂണ്‍ വാച്ച്’ എന്ന സ്ഥാപനവും നോര്‍ത്  കരോലൈന സര്‍വകലാശാല പ്രഫസറും പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനുമായ ചാള്‍സ് കര്‍സ്മാനും ഈ കണക്കുകള്‍ ശരിവെക്കുന്നതായി കാണാന്‍കഴിയും.
കനേഡിയന്‍ ഗവേഷക ഏജന്‍സിയായ ഗ്ളോബല്‍ റിസര്‍ചിന്‍െറ പഠനങ്ങള്‍ പ്രകാരം 1970 മുതല്‍ 2014 വരെ അമേരിക്കന്‍ മണ്ണില്‍ നടന്ന 2400 ഓളം ഭീകരാക്രമണങ്ങളില്‍ 60 എണ്ണത്തില്‍ മാത്രമാണ് മുസ്ലിം തീവ്രവാദികളുടെ പങ്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇക്കാലയളവില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 97.5 ശതമാനവും ഇസ്ലാമിതര സംഘടനകളോ, വ്യക്തികളോ ആസൂത്രണംചെയ്തവയാണ്.
യൂറോപ്പിലെ സ്ഥിതിഗതികളും ഒട്ടും വ്യത്യസ്തമല്ല. യൂറോപ്യന്‍ യൂനിയന്‍െറ സര്‍വേ ഏജന്‍സിയായ യൂറോപോളിന്‍െറ കണക്കു പ്രകാരം 2009 മുതല്‍ 2013 വരെ യൂറോപ്പിലാകമാനം നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ ഇസ്ലാമിക സംഘടനകളുടെ പങ്ക് റിപ്പോര്‍ട്ട്  ചെയ്തത് ഒരു ശതമാനത്തില്‍ താഴെ. യൂറോപ്പിലാകമാനം ഇസ്ലാമിക തീവ്രവാദികള്‍ രക്തച്ചൊരിച്ചില്‍ നടത്തുന്നു എന്നും യൂറോപ്പിലെ തീവ്രവാദത്തിന്‍െറ ഒരേയൊരു കാരണക്കാര്‍ മുസ്ലിംകളാണെന്നും ഇസ്ലാമോഫോബിസ്റ്റുകള്‍ ലോകമാധ്യമങ്ങളില്‍ ശക്തമായി പ്രചരിപ്പിച്ചിരുന്ന 2002-2009 കാലയളവില്‍ വെറും 0.4 ശതമാനം ആക്രമണങ്ങള്‍ മാത്രമാണ് ഇസ്ലാമുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട്  ചെയ്തത്.
സ്ഥിതിവിവരക്കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാശ്ചാത്യനാടുകളില്‍ മുസ്ലിം വിരുദ്ധതയുടെ തോത് ഓരോദിവസവും വര്‍ധിച്ചുവരുന്നു എന്നത് ഭീതിതമായ വസ്തുതയാണ്. ഉദാഹരണത്തിന് 2014ല്‍ പ്രമുഖ ഫ്രഞ്ച് മാഗസിന്‍ ‘ലെ മോണ്ട്’ നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഭൂരിഭാഗംപേരും പ്രതികരിച്ചത് ഇസ്ലാംമതം ഫ്രാന്‍സിലെ ജനാധിപത്യമൂല്യങ്ങളുമായി ഒത്തുചേര്‍ന്ന് പോവില്ളെന്നായിരുന്നു. സമാനമായ ജനഹിതങ്ങളാണ് ഒട്ടുമിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. അടുത്തിടെ ന്യൂ ഹാംഷയറിലെ ഒരു പൊതുചടങ്ങില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് നോമിനിയായ ഡൊണാള്‍ഡ് ട്രംപിനോട് ഒരു അമേരിക്കന്‍ പൗരന്‍ ചോദിച്ച ചോദ്യം ഇവിടെ പ്രസക്തമാണ്. ‘ഈ രാഷ്ട്രം ഇപ്പോള്‍ നേരിടുന്ന ഏറ്റവുംവലിയ പ്രശ്നം മുസ്ലിംകളാണ്. നമ്മുടെ പ്രസിഡന്‍റ് പോലും ഒരു മുസ്ലിം ആണ്. അയാള്‍ ഒരു അമേരിക്കന്‍ പോലുമല്ല. എന്നെങ്കിലും നമുക്ക് ഇതില്‍ നിന്നൊരു മോചനം നേടനാകുമോ?’
ഇത്തരത്തില്‍ പടിഞ്ഞാറന്‍ ജനതയുടെ മനസ്സില്‍ മുസ്ലിം വിരുദ്ധത കുത്തിനിറച്ച്, ഇസ്ലാംമത ചിഹ്നങ്ങളെ പൈശാചികവത്കരിച്ച്, ഓരോ മുസ്ലിമിനെയും തീവ്രവാദിയായി ചിത്രീകരിച്ച് ഇസ്ലാമിനെ വെറുക്കപ്പെട്ട ജനതയാക്കി തീര്‍ത്തതില്‍ ഇവിടങ്ങളിലെ ഭരണാധികാരികളുടെയും മാധ്യമങ്ങളുടെയും പങ്ക് വളരെ വലുതാണ്.
ഇതിനര്‍ഥം ഇസ്ലാമിക തീവ്രവാദം എന്നത് പൂര്‍ണമായും ഒരു പടിഞ്ഞാറന്‍ കെട്ടുകഥയാണെന്നോ മര്‍ഡോക്കിയന്‍ പേനകളില്‍ നിറച്ച വംശീയ വിദ്വേഷത്തിന്‍െറ മഷികളാല്‍ നിറംപിടിപ്പിച്ച മാധ്യമ സൃഷ്ടിയാണെന്നോ അല്ല. ഇസ്ലാമിനകത്ത് അപകടകരമായ രീതിയില്‍ തീവ്രവാദ പ്രവണതകള്‍ ദൈനംദിനം വര്‍ധിച്ചുവരുന്നുണ്ട്. ഇതിനോടൊപ്പംതന്നെ അമേരിക്കയിലും യൂറോപ്പിലും നടന്ന മുഴുവന്‍ ഭീകരാക്രമണങ്ങളുടെ പിറകിലും മുസ്ലിം തീവ്രവാദികളാണെന്നതും, ലോകത്താകമാനമുള്ള തീവ്രവാദികളില്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്നും, ഇസ്ലാംമതം മറ്റ് മതങ്ങളേക്കാള്‍ തീവ്രവാദത്തോട് അടുത്തുനില്‍ക്കുന്നു എന്നുള്ളതുമായ ധാരണകള്‍ തിരുത്തേണ്ടതും അത്യാവശ്യമാണ്.
______________________

Top