ഈഴവര്‍ക്ക് ഹിന്ദുമതം സ്വന്തം! അതുപോലെ അടിമകള്‍ക്ക് ചങ്ങലയും സ്വന്തം!

മതംമാറ്റവാദം ഫലിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. തിയ്യര്‍ മുതലായ സമുദായങ്ങള്‍ അവരുടെ ഹിന്ദുമതം ഉപേക്ഷിക്കണം. അതില്‍ കിടന്നുകൊണ്ട് അവരുടെ ആത്മാഭിമാനം രക്ഷിക്കാനും അവര്‍ക്ക് മറ്റുള്ളവരെപ്പോലെ നിവര്‍ന്ന് നില്‍ക്കാനും വളരെ പ്രയാസമുണ്ട്. ഹിന്ദുമതം വിടുന്നത് ആത്മാഭിമാനക്കുറവാണെന്ന് ചിലര്‍ ധരിക്കുന്നത് ശുദ്ധ വിഢിത്തമാണ്. നമ്മെ കെട്ടിയിരിക്കുന്ന ചങ്ങല പുരാതനവും സനാതനവും എന്ന് ആരെല്ലാം പറഞ്ഞാലും, അത് പൊട്ടിച്ചുപോകുന്നതിലാണ് നമ്മുടെ പൗരുഷം കിടക്കുന്നത്. എങ്ങനെയോ നമ്മുടെ ഉള്ളിലായിപ്പോയ വിഷം സര്‍വരോഗവിനാശിയെന്ന് ആരെല്ലാം പറഞ്ഞാലും അത് ഛര്‍ദിച്ചോ, അതിസാരിച്ചോ കളയുന്നതിലാണ് നമ്മുടെ വിവേകം കിടക്കുന്നത്. തിയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്ന് പറയുന്നത് അടിമ പഴക്കംകൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നതുപോലെയാണ്.

മിതവാദി രംഗത്തിന്റെ മതംമാറ്റ ബഹളങ്ങള്‍ പലതവണ നടന്നിട്ടുണ്ട്. എങ്കിലും മി. സുകുമാരന്‍ എന്നയാള്‍ എടുത്തിരിക്കുന്ന മതംമാറ്റ വാദത്തിന് ഒരു പുതുമയുണ്ട്. ഇതിനുമുമ്പ് മതംമാറ്റത്തിന് വാദിച്ചവര്‍ ക്രിസ്തുമതം, ബ്രഹ്മസമാജം, ബുദ്ധമതം, ആര്യസമാജം എന്നീ മതങ്ങളിലേക്ക് പോകുവാനാണ് പറഞ്ഞിരുന്നത്. മി. സുകുമാരന്‍ അധ:കൃതരേയും അവരുടെ പിന്നാലെ തീയ്യരേയും ഇസ്ലാമിലേക്ക് ക്ഷണിക്കുനന്നു. ഇന്ത്യയിലെ അധ:കൃതര്‍ക്ക് എളുപ്പമായ രക്ഷാമാര്‍ഗ്ഗം മുസ്ലീങ്ങളാവുകയാണെന്ന് സര്‍.സി. ശങ്കരന്‍ നായര്‍ ഒരവസരത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇസ്ലാംമതസ്വീകരണത്തിന് അധ:കൃതരോട് ആദ്യംപറഞ്ഞ ഒരു പ്രധാനി മി. സുകുമാരന്‍ തന്നെയാണെന് പറയാം. ഏത് മതത്തിലേക്ക് പോകുന്ന വാദമായാലും മതംമാറ്റബഹളം ഹിന്ദുമതത്തിന്റെ ജാതിജേലില്‍ കിടന്നു ബുദ്ധിമുട്ടുന്ന സമുദായങ്ങള്‍ക്ക് ഗുണമല്ലാതെ ഒരിക്കലും ദോഷംചെയ്യുകയില്ല. മതം മാറ്റത്തിന് ഓരോ ദോഷങ്ങള്‍ കാണുന്നവരാരും വാസ്തവത്തില്‍ അതിനെപ്പറ്റി അമ്പരക്കേണ്ട ആവശ്യമില്ല. എത്ര ശക്തിയായി പ്രചാരണവേല നടത്തിയാലും അധ:കൃതരോ തീയരോ അടുത്തെങ്ങും മതംമാറി ക്ഷയിക്കുകയോ നശിക്കുകയോ ഉണ്ടാവുകയില്ല. മതംമാറ്റ വാദത്തിന്റെ പ്രചാരണവേല ഒരു ദീര്‍ഘഭാവിയില്‍ അഥവാ ഫലിക്കുകയാണെങ്കില്‍ അപ്പോഴേക്കും മതം ഇല്ലാതാക്കാന്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന വാദവും ഫലിക്കാതെവരില്ല. ഇനി മതംമാറ്റവാദത്തേക്കാള്‍ അധികം എളുപ്പം ഫലിക്കാന്‍ ഇടകാണുന്നത് മതധ്വംസന വാദത്തിനാണ്. മതംമാറ്റ വാദംകൂടി പരമാര്‍ഥത്തില്‍ മതധ്വംസന വാദമായിട്ടാണ് ഫലിച്ചുകാണുന്നത്. തീയ്യരാണല്ലോ കേരളത്തില്‍ മതംമാറ്റം കലശലായി നടത്തുനത്. ഇത്രത്തോളം മതമില്ലാതായ സമുദായം കേരളത്തില്‍ വേറെയില്ല. അവരില്‍ മതംമാറ്റം നടത്തുന്നവര്‍ പ്രായേണ ഒരു മതത്തിലും വിശ്വാസമില്ലാത്തവരും എല്ലാമതവും തിരിച്ചുകിട്ടുമെങ്കില്‍ അത് ഏറ്റവും വലിയ ഭാഗ്യമായിരിക്കുമെന്ന് കരുതുന്നവരുമാണ്. മതംമാറ്റവാദം ആ വാദക്കാര്‍ പറയുന്ന ഗുണങ്ങള്‍ ചെയ്തില്ലെങ്കില്‍ത്തന്നെയും മതങ്ങളെപ്പറ്റി സ്വതന്ത്ര ചിന്തചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കാതിരിക്കയെങ്കിലും ചെയ്യാതിരിക്കില്ല. അതുതന്നെ വലിയ ഗുണമാണ്.

സ്വതന്ത്ര ചിന്തയുടെ കുറവുകൊണ്ടാണ് മതങ്ങളും മതം കൊണ്ടുള്ള ദോഷങ്ങളും പ്രധാനമായി നില്‍ക്കുന്നത്. അച്ഛനമ്മമാരില്‍ നിന്ന് കേട്ടും കണ്ടും ബാല്യത്തിലേ പഠിച്ച്പഴകി ഉറക്കുന്നതോ ഗുരുമുഖത്തില്‍നിന്ന് കേട്ടു ചോദ്യമില്ലാതെ കണ്ണുംപൂട്ടി വിശ്വസിച്ചുറയ്ക്കുന്നതോ ആയ ചില അന്ധതകളും അനാചാരങ്ങളുമാണ് പ്രായേണ എല്ലാ മതങ്ങളും. ഈ ബാധയില്‍നിന്നു ജനങ്ങള്‍ക്ക് രക്ഷ കിട്ടാന്‍ സ്വതന്ത്ര ചിന്താവെളിച്ചം പകര്‍ത്തുകയാണ് പ്രധാനവഴി. മതംമാറ്റവാദം സ്വതന്ത്രചിന്തയെ കുറേയെങ്കിലും ഉദ്ദീപിപ്പിക്കാതിരിക്കുകയില്ല.

________________________________
 പുലയര്‍ മുതലായ സമുദായങ്ങള്‍ക്ക് ഇപ്പോള്‍ ക്രിസ്ത്യാനികളിലോ മുസ്ലീങ്ങളിലോ പോയി ലയിക്കുന്നത് തന്നെയാണ് സാധിക്കുമെങ്കില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്. ഏതായാലും ഓരോരുത്തരായി അന്യസമുദായത്തില്‍ പോയി ചേരുന്നതുകൊണ്ട് ആ പോയവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന ഗുണങ്ങള്‍ സാധിച്ചാലും അതുമൂലം അവരുടെ സമുദായത്തിന് അവശത മാറുകയില്ല. അവരുടെ സമുദായം ക്ഷയിക്കുകയും വീണ്ടും ശക്തിഹീനമാവുകയായിരിക്കും ഫലം. അതുകൊണ്ട് തീയ്യര്‍, അരയന്‍മാര്‍ മുതലായവരും, പുലയര്‍ മുതലായവരും ഒന്നിച്ച് മതപരിവര്‍ത്തനത്തിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. അങ്ങനെ പരിവര്‍ത്തനം സാധ്യമാകുമ്പോഴാണ് മതപരിവര്‍ത്തനംകൊണ്ട് സമുദായത്തിന് ഗുണമുണ്ടാകുന്നത്. ഈ ശ്രമം സാധിക്കുന്നില്ലെങ്കിലും അത് തീരെ നിഷ്പ്രയോജനമാകുകയില്ല.
________________________________ 

അധ:കൃതര്‍ ഇസ്ലാമിലേക്ക് പോകുന്ന കാര്യമാണല്ലോ ഇപ്പോള്‍ മി. സുകുമാരന്‍ നമ്മുടെ ആലോചനാ വിഷയമാക്കിയിരിക്കുന്നത്. ഇതിന് മി. സുകുമാരന്‍ പറയുന്ന പ്രയോജനങ്ങളും, മി. വര്‍ക്കി മുതലായവര്‍ പറയുന്ന ദോഷങ്ങളും മിക്കവാറും ഉള്ളതുതന്നെയാണ്. അയിത്തം ഇല്ലാതാക്കുന്നതിന് സാധിക്കുമെങ്കില്‍ ഇത്രനല്ല ഉപയോഗം വേറെയില്ല. തൊപ്പിയിട്ട പുലയനെ മുസ്ലീങ്ങള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്യുന്നേടത്തോളം വെന്തിഞ്ഞയിട്ട പുലയനെ ക്രസ്ത്യാനികള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്യുകയില്ല. ക്രിസ്ത്യാനികള്‍ പുതുക്രസ്ത്യാനികളെ നിന്ദിക്കുന്നേടത്തോളം മുസ്ലീങ്ങള്‍ പുതുമുസ്ലീങ്ങളെ നിന്ദിക്കുകയില്ല. മതവിശ്വാസം നോക്കിയാലും ക്രിസ്തുമതത്തോളം തന്നെ അന്ധവിശ്വാസം ഇസ്ലാമിലില്ല. ഇന്ത്യയിലെ ശക്തിയേറിയ മതം ക്രിസ്തുമതത്തേക്കാള്‍ ഇസ്ലാമായിരിക്കുമെന്നത് നിരാക്ഷേപമാണ്.
മതംമാറ്റവാദം ഫലിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്. തിയ്യര്‍ മുതലായ സമുദായങ്ങള്‍ അവരുടെ ഹിന്ദുമതം ഉപേക്ഷിക്കണം. അതില്‍ കിടന്നുകൊണ്ട് അവരുടെ ആത്മാഭിമാനം രക്ഷിക്കാനും അവര്‍ക്ക് മറ്റുള്ളവരെപ്പോലെ നിവര്‍ന്ന് നില്‍ക്കാനും വളരെ പ്രയാസമുണ്ട്. ഹിന്ദുമതം വിടുന്നത് ആത്മാഭിമാനക്കുറവാണെന്ന് ചിലര്‍ ധരിക്കുന്നത് ശുദ്ധ വിഢിത്തമാണ്. നമ്മെ കെട്ടിയിരിക്കുന്ന ചങ്ങല പുരാതനവും സനാതനവും എന്ന് ആരെല്ലാം പറഞ്ഞാലും, അത് പൊട്ടിച്ചുപോകുന്നതിലാണ് നമ്മുടെ പൗരുഷം കിടക്കുന്നത്. എങ്ങനെയോ നമ്മുടെ ഉള്ളിലായിപ്പോയ വിഷം സര്‍വരോഗവിനാശിയെന്ന് ആരെല്ലാം പറഞ്ഞാലും അത് ഛര്‍ദിച്ചോ, അതിസാരിച്ചോ കളയുന്നതിലാണ് നമ്മുടെ വിവേകം കിടക്കുന്നത്. തിയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്ന് പറയുന്നത് അടിമ പഴക്കംകൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നതുപോലെയാണ്. ജനങ്ങളുടെ അഭിവൃദ്ധിക്ക് ആവശ്യമെന്ന് കണ്ടാല്‍ മതം മാറുകയോ നശിപ്പിക്കുകയോ ചെയ്യുന്നതില്‍ ഒരു അഭിമാനഭംഗവും ഇല്ല. നേരെ മറിച്ച് അങ്ങനെ ചെയ്യാതിരിക്കുന്നത് വെറും വങ്കത്തരമായിരിക്കും. മതവുമായി ആരും ഒരു ഉടമ്പടിയും ചെയ്തിട്ടില്ല. തിയ്യര്‍ മുതലായവര്‍ക്ക് ഹിന്ദുമതം ഉപേക്ഷിക്കാന്‍ എങ്ങനെ സാധിക്കുമെന്നതിനെപ്പറ്റിയേ ചിന്തിക്കുവാനുള്ളൂ. വേറെ മതങ്ങളിലേക്ക്, അതായത് വേറെ മതങ്ങളില്‍ വിശ്വസിക്കുന്ന സമുദായങ്ങളിലേക്ക് പോയി ഹിന്ദുമതം വിടുന്നതോ മറ്റൊരു സമുദായത്തിലേക്കും പോകാതെ ഇപ്പോഴത്തെ സമുദായങ്ങളായി നിന്ന് ഹിന്ദുമതവിശ്വാസം മാത്രം വിടുന്നതോ ഏതാണ് അധികം നല്ലതും പ്രായോഗികവുമായി തോന്നുന്നത് എന്ന് ചിന്തിക്കാനുണ്ട്. ഒടുവിലത്തെ മാര്‍ഗ്ഗമാണ് അധികം പ്രായോഗികമായി തോന്നുന്നത്. ഇത് പ്രത്യേകിച്ച് തീയ്യരെപ്പറ്റി പറയുന്നതാണ്. പുലയര്‍ മുതലായ സമുദായങ്ങള്‍ക്ക് ഇപ്പോള്‍ ക്രിസ്ത്യാനികളിലോ മുസ്ലീങ്ങളിലോ പോയി ലയിക്കുന്നത് തന്നെയാണ് സാധിക്കുമെങ്കില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്. ഏതായാലും ഓരോരുത്തരായി അന്യസമുദായത്തില്‍ പോയി ചേരുന്നതുകൊണ്ട് ആ പോയവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന ഗുണങ്ങള്‍ സാധിച്ചാലും അതുമൂലം അവരുടെ സമുദായത്തിന് അവശത മാറുകയില്ല. അവരുടെ സമുദായം ക്ഷയിക്കുകയും വീണ്ടും ശക്തിഹീനമാവുകയായിരിക്കും ഫലം. അതുകൊണ്ട് തീയ്യര്‍, അരയന്‍മാര്‍ മുതലായവരും, പുലയര്‍ മുതലായവരും ഒന്നിച്ച് മതപരിവര്‍ത്തനത്തിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. അങ്ങനെ പരിവര്‍ത്തനം സാധ്യമാകുമ്പോഴാണ് മതപരിവര്‍ത്തനംകൊണ്ട് സമുദായത്തിന് ഗുണമുണ്ടാകുന്നത്. ഈ ശ്രമം സാധിക്കുന്നില്ലെങ്കിലും അത് തീരെ നിഷ്പ്രയോജനമാകുകയില്ല.

Top