ബൗദ്ധസംസ്‌കാരം അവര്‍ണ്ണരുടെ ആചാരാനുഷ്ഠാനങ്ങളില്‍

ബുദ്ധദര്‍ശനത്തിന്റെ ഭാഗമായിരുന്ന ജനതയെയാണ് ബ്രാഹ്മണിക്കല്‍ ജാതിവ്യവസ്ഥ ഏറ്റവും ദൂരത്തേക്കും താഴേക്കും മാറ്റി നിര്‍ത്തി അവഹേളിച്ചത്. അതുകൊണ്ടുതന്നെ സവര്‍ണ്ണ കേന്ദ്രീകൃത സമൂഹം അടിച്ചമര്‍ത്തുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്ത കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളിലെ ചില ആചാരാനുഷ്ഠാനങ്ങളിലെ ബൗദ്ധധാരയുടെ നിഴലുകള്‍ അന്വേഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
കേരളത്തിലെ ഗോത്ര-ദ്രാവിഡ സംസ്‌കാരത്തില്‍ നിലനിന്നിരുന്ന അമ്മദൈവാരാധയോടും വേദങ്ങളേക്കാള്‍ പഴക്കമുള്ള ഗോത്ര-താന്ത്രികാചാരങ്ങളോടും ബന്ധപ്പെട്ടുകൊണ്ടുതന്നെയാണ് ബുദ്ധദര്‍ശനത്തിന്റെ ശേഷിപ്പുകള്‍ ഇന്ന് നിലനില്‍ക്കുന്നത്. ബ്രാഹ്മണിക്ക് ആശയങ്ങളുടെ ആസൂത്രിതമായ നീക്കങ്ങളും സ്വാധീനവും കാലാകാലങ്ങളില്‍ സാംസ്‌ക്കാരിക ബൗദ്ധശേഷിപ്പുകളെ വികലമാക്കിയിട്ടുണ്ട്. എങ്കിലും മദ്ധ്യകേരളത്തിലെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ചില ആചാരാനുഷ്ഠാനങ്ങളെ മുന്‍നിര്‍ത്തി സാംസ്‌ക്കാരിക ബുദ്ധിസത്തിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നു.

ബുദ്ധമതം ബി.സി. 300 മുതല്‍ എ.ഡി. 800 വരെ ആയിരത്തോളം വര്‍ഷം കേരളമുള്‍പ്പെടെയുള്ള തമിഴകത്ത് പ്രബലമായിരുന്നു എന്നും എ.ഡി. 12 -ാം നൂറ്റാണ്ടോടെ ഭൗതികശേഷിപ്പുകള്‍ അവശേഷിപ്പിക്കാത്തവിധം തുടച്ചുമാറ്റപ്പെട്ടുവെന്നും ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ബുദ്ധിസ്റ്റ് ആശയങ്ങളുടെ ശേഷിപ്പുകളെകുറിച്ചുള്ള അന്വേഷണം സാംസ്‌കാരികതലത്തിലാണ് നടക്കേണ്ടതെന്ന് തോന്നുന്നു. ബുദ്ധദര്‍ശനത്തിന്റെ ഭാഗമായിരുന്ന ജനതയെയാണ് ബ്രാഹ്മണിക്കല്‍ ജാതിവ്യവസ്ഥ ഏറ്റവും ദൂരത്തേക്കും താഴേക്കും മാറ്റി നിര്‍ത്തി അവഹേളിച്ചത്. അതുകൊണ്ടുതന്നെ സവര്‍ണ്ണ കേന്ദ്രീകൃത സമൂഹം അടിച്ചമര്‍ത്തുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്ത കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളിലെ ചില ആചാരാനുഷ്ഠാനങ്ങളിലെ ബൗദ്ധധാരയുടെ നിഴലുകള്‍ അന്വേഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
കേരളത്തിലെ ഗോത്ര-ദ്രാവിഡ സംസ്‌കാരത്തില്‍ നിലനിന്നിരുന്ന അമ്മദൈവാരാധയോടും വേദങ്ങളേക്കാള്‍ പഴക്കമുള്ള ഗോത്ര-താന്ത്രികാചാരങ്ങളോടും ബന്ധപ്പെട്ടുകൊണ്ടുതന്നെയാണ് ബുദ്ധദര്‍ശനത്തിന്റെ ശേഷിപ്പുകള്‍ ഇന്ന് നിലനില്‍ക്കുന്നത്. ബ്രാഹ്മണിക്ക് ആശയങ്ങളുടെ ആസൂത്രിതമായ നീക്കങ്ങളും സ്വാധീനവും കാലാകാലങ്ങളില്‍ സാംസ്‌ക്കാരിക ബൗദ്ധശേഷിപ്പുകളെ വികലമാക്കിയിട്ടുണ്ട്. എങ്കിലും മദ്ധ്യകേരളത്തിലെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ചില ആചാരാനുഷ്ഠാനങ്ങളെ മുന്‍നിര്‍ത്തി സാംസ്‌ക്കാരിക ബുദ്ധിസത്തിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നു. ഡോ:പി.സി.അലക്‌സാണ്ടര്‍ ‘ബുദ്ധിസം ഇന്‍ കേരള’ എന്ന പുസ്തകത്തില്‍ പറയുന്നത് ബുദ്ധിസം കേരളത്തില്‍നിന്ന് അപ്പടി അപ്രത്യക്ഷമായില്ല; അത് കേരളീയ ഹിന്ദുമതത്തില്‍ അലിഞ്ഞു ചേരുകയാണുണ്ടായത് എന്നാണ്.
ഡോ: ശൂരനാട്ട് കുഞ്ഞന്‍പിള്ള ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘ആധുനിക ഹൈന്ദവതയുടെ അനുസാരികളില്‍ അധികവും ക്ഷേത്രങ്ങള്‍, ബിംബാരാധന, ഉത്സവം, മതപരമായ ഘോഷയാത്രകള്‍ തുടങ്ങിയവയെല്ലാം തന്നെ ബുദ്ധമതത്തില്‍ നിന്നും കടംവാങ്ങിയതാണ്.’ ബൗദ്ധരെ ആട്ടിയോടിച്ച് ബൗദ്ധ ആരാധനാകേന്ദ്രങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ ആ ഭൂരിപക്ഷ ജനതയുടെ പ്രതിഷേധം ഒരു തിരിച്ചുപിടിക്കലിന് വഴിയൊരുക്കാതിരിക്കാന്‍ അത്തരം ആരാധനാലയങ്ങളില്‍ ബൗദ്ധര്‍ക്ക് തങ്ങളുടേതായ ആചാരങ്ങളുമായി ഒരു ദിവസം പ്രവേശനത്തിന് അനുമതി നല്‍കപ്പെട്ടു. ഈ തന്ത്രമാണ് ‘കാവുതീണ്ടല്‍’ എന്നറിയപ്പെടുന്നത് വിവിധങ്ങളായ ജാതി സമൂഹങ്ങള്‍ തങ്ങളുടേതായ കലകളുമായി തങ്ങളുടെ കാവിനെ തിരിച്ചുപിടിക്കുന്നതിന്റെ ആഹ്ലാദവും അധികാരവ്യവസ്ഥിതിയോടുള്ള നിഷേധാത്മക പ്രതിഷേധത്തിന്റെ ചടുലഭാവങ്ങളും സമ്മിശ്രമായി അത്തരം വേലകളില്‍ കാണാം. ഹിന്ദുമതത്തിന്റേതെന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സവര്‍ണ്ണ-അവര്‍ണ്ണ വൈരുദ്ധ്യം ഇന്നും അതില്‍ വ്യക്തമാണ്. ആശയപരമായി ഒരിക്കലും കൂടിക്കലരാനാവാത്ത ചാതുര്‍വര്‍ണ്യത്തിന്റെയും ബൗദ്ധദര്‍ശനങ്ങളുടെയും വൈരുദ്ധ്യമാണവ.

  • കാവുകളുടെ ബൗദ്ധ ബന്ധം

കേരളത്തിന്റെ ക്ഷേത്രാരാധനകളുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍, കെട്ടുകാഴ്ചകള്‍, ആറാട്ടുകള്‍, ഉത്സവങ്ങള്‍ മുതല്‍ ദേവ വിഗ്രഹങ്ങള്‍ വരെ ബുദ്ധ മതത്തില്‍നിന്നും സ്വീകരിക്കപ്പെട്ടവയാണ്. കൃഷി, ചികിത്സ, വിദ്യാഭ്യാസം, സാമൂഹ്യസമത്വം, സ്ത്രീസ്വാതന്ത്ര്യം എന്നിവയിലൂടെ ഈ നാടിനെ സമ്പന്നമാക്കിയത് നമ്മുടെ ബൗദ്ധബന്ധമായിരുന്നു. ഈ മണ്ണിന്റെ നേരവകാശികളായ ആ ജനതയായിരുന്നു കാവുകളുടെ ശില്‍പികളും അവകാശികളും. ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ മാറ്റി നിര്‍ത്തപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ഈഴവര്‍, വിശ്വകര്‍മ്മജര്‍, പട്ടികവിഭാഗങ്ങള്‍ എന്നിവരുടെ ചരിത്രം ഇത്തരം കാവുകളുമായും കാവുകളിലെ ആഘോഷങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
കാവുകള്‍ ക്ഷേത്രങ്ങളാവുകയും ക്ഷേത്രാധികാരം സവര്‍ണ്ണരിലാവുകയും ചെയ്തപ്പോള്‍ സവര്‍ണ്ണ കേന്ദ്രീകൃതമായ ഇന്നത്തെ ഹിന്ദുമതാചാരങ്ങിലേക്ക് താന്ത്രിക-ശാക്തേയ-ശൈവമതങ്ങളുടെയും ബുദ്ധ-ജൈന ധാരകളുടെയും ആഘോഷങ്ങള്‍ കണ്ണിചേര്‍ക്കപ്പെട്ടു. ബൗദ്ധമെന്നോ കീഴാളമെന്നോ വിശേഷിപ്പിക്കുന്ന ഇത്തരം പ്രാചീന കലാരൂപങ്ങള്‍ ഇന്നത്തെ ക്ഷേത്രാരാധനയുടെ ഭാഗമായി തുടരുന്നത് അതുകൊണ്ടാണ്.
സ്വകാര്യസ്വത്തിനേക്കാള്‍ പൊതുസ്വത്തിനും പൊതുഇടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സംസ്‌കാരമാണ് കാവുകളെ ആരാധിക്കുന്ന ജനതയുടേത്. സ്വന്തം ജീവനേക്കാള്‍ മരങ്ങളുടെയും ജീവജാലങ്ങളുടെയും പ്രകൃതിയുടേയും നിലനില്‍പ്പിനായി അധ്വാനിക്കുകയൂം ആടുകയും പാടുകയും ചെയ്യുന്ന ഇവരുടെ ജീവിതദര്‍ശനം ബൗദ്ധജൈന ആശയങ്ങളുടെ സ്വാധീനം നിറഞ്ഞതാണ്.

  • കുതിരയും കുതിരക്കളിയും

കായികക്ഷമതയും അധ്വാനശേഷിയും നിലനിര്‍ത്തേണ്ടതിന്റെ സന്ദേശമാണ് കുതിര നല്‍കുന്നത്. കുതിര ശക്തിയുടെ പ്രതീകമാണ്. കായികശേഷിയേയും അധ്വാനത്തേയും വിലമതിക്കുന്ന ജനതയുടെ പ്രതീകാത്മക ബിംബങ്ങളാണ് കുതിരയും കാളയും പോത്തുമെല്ലാം. കുതിരയുടെ കഴുത്തിന്റെ രൂപത്തിലാണ് ബുദ്ധവിഹാരങ്ങളുടെ എടുപ്പുകള്‍. ബുദ്ധന്‍ കൊട്ടാരംവിട്ട് ബോധോദയം തേടിയിറങ്ങുന്നത് പ്രിയപ്പെട്ട കുതിരപ്പുറത്താണ്. ശബരിമലയിലും അയ്യപ്പക്ഷേത്രങ്ങളിലും കൊടിയടയാളം കുതിരയാണ്. കേരള ജനതക്ക് പരിചിതമല്ലാത്ത കുതിര ഇവിടെ ജനകീയമാവുന്നത് ഇങ്ങനെയൊക്കെയാണ്. കാവുതീണ്ടി ആടിത്തിമിര്‍ക്കുന്നവരുടെ ശരീരഭാഷയും മുഖഭാവവും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ചടുലതയുള്ളതാണ്. തിരിച്ചുപിടിക്കലിന്റെ ആവേശമുള്ളതാണ്. കപടമായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. എഴുതിവെക്കപ്പെട്ട വ്യവസ്ഥകള്‍ ഇല്ലാത്തതും മനോധര്‍മ്മത്തിന് സാധ്യത കൂടുതലുള്ളതുമാണ് ഇവരുടെ ചടങ്ങുകളും കലകളും പാട്ടുകളും. അവര്‍ണ്ണരുടെ ആചാരാനുഷ്ഠാനങ്ങളില്‍ സ്ഥിരമായതായ ഒരു രൂപമോ ആരാധനാലയമോ വസ്തുവോ ശില്‍പമോ ഇല്ലെന്നുള്ളത് പ്രത്യേകതയാണ്. ഒരു വസ്തുവിനോടുള്ള അടുപ്പമല്ല ധാര്‍മ്മികമായ ഒരാശയത്തോടുള്ള ആത്മാര്‍ത്ഥതയാണ് കാവുകളിലെ കീഴാള കൂട്ടായ്മകള്‍ക്ക് അടിസ്ഥാനം. എല്ലാം നശ്വരമാണെന്നും ക്ഷണികമാണെന്നും പറയുന്ന ഒരു ദാര്‍ശനികത ഇത്തരം ചടങ്ങുകള്‍ക്കൊടുവിലുള്ള കുതിരപൊളിക്കലിലും കുടപൊളിക്കുന്നതിലും കളംമായ്ക്കുന്നതിലുമെല്ലാം ഉണ്ട്. അറ്റാച്ച്‌മെന്റല്ല ഡിറ്റാച്ച്‌മെന്റാണ് വേണ്ടതെന്ന ബൗദ്ധദര്‍ശന സ്വാധീനമാണിവ.

  • സാമുദായിക സമത്വം

പുരുഷാധിപത്യ സാമൂഹ്യക്രമത്തിന്റെ പ്രതീകമായ ദാരുകനെ കൊന്ന് കൃഷിയുടെയും വിളവിന്റെയും സൃഷ്ടിപരതയുടെയും സ്‌നേഹത്തിന്റെയും മാതാവായ അമ്മ ശാന്തിയും സമാധാനവും ധര്‍മ്മവും സ്ഥാപിക്കുന്ന ചടങ്ങുകളാണ് കാവുകളിലെ നാട്ടുത്സവങ്ങളില്‍ കാണുന്നത്. കേരളത്തില്‍ ജാതിവ്യവസ്ഥയുടെ ഇരകളാക്കപ്പെട്ട നായര്‍ മുതല്‍ പുലയര്‍ വരെയുള്ള എല്ലാ ജാതിസമൂഹങ്ങളുടെയും പങ്കാളിത്തവും കൂട്ടായ്മയും ഇത്തരം ചടങ്ങുകളില്‍ കാണാം. ഉച്ചനീചത്വങ്ങളുടെ ബ്രാഹ്മണ്യ ജാതിവ്യവസ്ഥയെ പ്രതിരോധിക്കുകയും മറികടക്കുകയും ചെയ്യുന്ന വിധത്തിലുള്ള സമത്വവത്കരണം കാവിലെ ചടങ്ങുകളില്‍ കാണാം. അധികാരങ്ങള്‍ തുല്യമായി പങ്കുവച്ചുകൊണ്ട് വിവിധ ജാതിസമൂഹങ്ങള്‍ ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നു. ബ്രാഹ്മണ കേന്ദ്രീകൃത ക്ഷേത്രചടങ്ങുകളില്‍ പൊതുസമൂഹം കാഴ്ചക്കാര്‍ മാത്രമാവുമ്പോള്‍ കാവുകളിലെ നാട്ടുത്സവങ്ങളില്‍ അവരോരോരുത്തരും പങ്കാളികളാണ് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാമൂഹ്യ നിര്‍മ്മിതികളില്‍ ഏവരേയും പങ്കാളികളാക്കുന്നത് ബൗദ്ധസംസ്‌കാരമാണ്.

  • കൃഷിയുടെ വളര്‍ച്ച

കേരളത്തില്‍ കാര്‍ഷികവൃത്തി പ്രചരിപ്പിച്ചത് ബുദ്ധഭിക്ഷുക്കളാണ്. ഉത്തരേന്ത്യയില്‍നിന്നും ബുദ്ധഭിക്ഷുക്കള്‍ കലപ്പ ഇവിടേക്ക് കൊണ്ടുവന്നു. കലപ്പയും കാളയും ഉപയോഗിച്ചുള്ള കൃഷി കേരളത്തിന് ബുദ്ധമതക്കാരുടെ സംഭാവനയാണ്. കേരളത്തിലെ ചിറകള്‍ക്ക് പുത്തന്‍ചിറകള്‍ എന്നും തോടുകള്‍ക്ക് പുത്തന്‍തോടുകള്‍ എന്നും പേര് വന്നതിനു പിന്നില്‍ ബുദ്ധപാരമ്പര്യമാണുള്ളത്. ബുദ്ധന് ‘പുത്തന്‍’ എന്ന പ്രയോഗം സാധാരണമാണ്.

________________________________
ബൗദ്ധരെയെല്ലാം മോശപ്പെട്ടവരാക്കിയതുപോലെ ബൗദ്ധബന്ധമുളള പദങ്ങളേയും മോശപദങ്ങളായി ചിത്രീകരിക്കപ്പെട്ടു. തേരാവാദത്തിന്റെ പ്രചാരകരെ തെറിപ്പാട്ടുകാരാക്കി ‘ഥേറി’ എന്ന പദത്തിന് തെറി എന്ന് വ്യാഖ്യാനിച്ചു. ബുദ്ധഭിക്ഷുക്കളെ ഭിക്ഷക്കാരന്‍, പിച്ചക്കാരന്‍ എന്നാക്കി. ഇന്നും യാചകരെ നമ്മള്‍ ആ പദം ഉപയോഗിച്ച് അവഹേളിക്കുന്നു. ധര്‍മ്മം പ്രചരിപ്പിക്കുന്ന ഭിക്ഷുവിനെ ധര്‍മ്മക്കാരന്‍ എന്നു പറയും. ധര്‍മ്മക്കാരന്‍ എന്ന പദം ഇന്ന് അധിക്ഷേപത്തിന്റെ വാക്കാണ്. ചാത്തന്‍ സാധനം എന്നാല്‍ മോശപ്പെട്ട സാധനം എന്ന വ്യാഖ്യാനം വന്നത് ഈയിടെയാണ്. സവര്‍ണ്ണര്‍ക്ക് കൃഷി മോശപ്പെട്ട കര്‍മ്മമാണ്. കേരളത്തില്‍ തോടുകള്‍, ചിറകള്‍ എന്നിവ നിര്‍മ്മിച്ച് കൃഷി സമ്പന്നമാക്കിയത് ബൗദ്ധരാണ്. പുലം എന്ന കൃഷിയിടത്തില്‍ ആടുന്നവനെ ‘പുലയാടി’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് കൃഷിയേയും കൃഷിക്കാരേയും അതിനെ മഹത്വവത്ക്കരിച്ച ബൗദ്ധപാരമ്പര്യത്തേയും അവഹേളിക്കാനാണ്.
________________________________ 

അയ്യന്‍ചിറ, കോരന്‍ചിറ, കണ്ടന്‍ചിറ എന്നിങ്ങനെ ഒരുപാട് ചിറകളും കാണാം. ബൗദ്ധപാരമ്പര്യത്തിലൂടെ കൃഷിയിലേക്ക് വന്നതും കൃഷിയിലൂടെ ബൗദ്ധപാരമ്പര്യത്തിന്റെ ഭാഗമായതും ഇവിടുത്തെ അടിസ്ഥാനജനവിഭാഗങ്ങളാണ്. അതുകൊണ്ടുതന്നെ അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും കാര്‍ഷികോത്സവങ്ങളുമായി ബന്ധപ്പെട്ടതാണ്.

  • ശാസ്താവും ചാത്തനും

സംസ്‌കൃത നാമമായ ‘ശാസ്താ’ എന്ന പേരില്‍ ബുദ്ധനെ സംബോധന ചെയ്യാറുണ്ട്. ശബരിമല ശാസ്താവ് ബുദ്ധനാണെന്ന വസ്തുത പരസ്യമായ രഹസ്യമാണ്. ശാസ്താവിന്റെ മലയാള രൂപമാണ് ചാത്തന്‍. തമിഴ് സംസാരിച്ചിരുന്ന തമിഴകത്ത് സംഘകാല കവികളില്‍ ചിലര്‍ അറിയപ്പെട്ടത് ചാത്തന്‍ (സാത്തന്‍) ചാത്തനാര്‍(സാത്തനാര്‍) എന്നീ പേരുകളിലാണ്. ദലിതുകള്‍ക്കിടയില്‍ സര്‍വ്വസാധാരണമായ പേരാണ് ‘ചാത്തന്‍’ മദ്ധ്യകേരളത്തിലെ കുട്ടിചാത്തന്‍ കാവുകള്‍ ഇന്ന് അന്ധവിശ്വാസത്തിന്റെ കേന്ദ്രങ്ങളാണെങ്കിലും എല്ലാ മതവിഭാഗങ്ങളിലും സ്വാധീനമുള്ള ഒന്നാണ് ചാത്തന്‍. അത് ഇന്നും അവര്‍ണ്ണ വിഭാഗങ്ങളുടെ ദൈവമാണ്. കറുത്ത കാളിയേയും ശിവനേയും കൃഷ്ണനേയുമെല്ലാം സവര്‍ണ്ണര്‍ ഏറ്റെടുത്തെങ്കിലും ചാത്തനെ ഇതുവരെ ഏറ്റെടുത്തിട്ടില്ല. 18 വയസ്സായാല്‍ ചാത്തന്‍ ശാസ്താവാകുമെന്ന് നാട്ടില്‍ വിശ്വാസമുണ്ട്. ആവണങ്ങാട്ടു കളരിയാണ് ചാത്തന്റെ ആസ്ഥാനമെന്ന് പറയപ്പെടുന്നു. അവിടെ നട തുറക്കുമ്പോള്‍ വിവിധ വലിപ്പത്തിലുള്ള മണികള്‍ പല ശബ്ദത്തില്‍ മുഴങ്ങുന്നതിന്റെ സംഗീതം ഒരുക്കുന്നു. ഇത് ബൗദ്ധക്ഷേത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ്. ഇവിടത്തെ അടിസ്ഥാന വിഭാഗങ്ങളുടെ വീടിനോട് ചേര്‍ന്ന തറകളിലും മുല്ലകളിലും കൊട്ടിലുകളിലും അമ്മദൈവത്തിനും മുത്തപ്പന്‍മാര്‍ക്കുമൊപ്പം സജീവമായി കാണുന്ന ആരാധനാമൂര്‍ത്തിയാണ് ചാത്തന്‍. ചാത്തന്‍, വിഷ്ണുമായ എന്നിവ രണ്ടാണെന്നു പറയുന്നുണ്ടെങ്കിലും സവര്‍ണ്ണബോധത്തിന്റെ സ്വാധീനത്താല്‍ ചാത്തന്‍ ആരാധന നടത്തുന്ന ആയിരക്കണക്കിന് തോറ്റംപാട്ട് കളമെഴുത്ത് ഉത്സവകേന്ദ്രങ്ങളില്‍ ചാത്തന്‍ വിഷ്ണുമായയായി മാറുന്ന കാഴ്ച വ്യക്തമാണ്.

  • പോത്തോട്ടോണം

കന്നിമാസത്തിലെ തിരുവോണത്തിന് പോത്തുകളെ ആരാധനാ പൂര്‍വ്വം കെട്ടിയെഴുന്നള്ളിച്ച് വിവിധ ദേശക്കാര്‍ പോത്തോട്ടക്കല്ലിന് ചുറ്റും വലംവച്ചോടുന്ന ചടങ്ങുണ്ട്. ഈ സമയത്ത് മഹാശിലായുഗകാലത്തെ ശേഷിപ്പുകളായ നാട്ടുകല്ലുകള്‍ക്ക് സമാനമായ കല്ലിനു മുകളില്‍ കയറിനിന്ന് ഈ ചടങ്ങിന് നായകസ്ഥാനം വഹിക്കുന്നത് പുലയസമുദായക്കാരനായ വള്ളോനാണ്. അധികാരചിഹ്നങ്ങളായ കുടയും വടിയുമായാണ് നെല്‍ക്കതിരിനു മുകളില്‍ വള്ളോന്റെ നില്‍പ്പ്. ആ കാര്‍ഷികോത്സവം സൂചിപ്പിക്കുന്നത് പഴയ ബൗദ്ധരുടെ ഭൂമിയിലുള്ള അധികാരവും സാമൂഹ്യപദവിയുമാണ്. വിത്തും വിളവും കൈമാറുന്ന ഈ ചടങ്ങില്‍ നായര്‍ സമുദായങ്ങള്‍ക്കു വരെ പങ്കാളിത്തമുണ്ട്. പറയ സമുദായക്കാരാണ് പൗരോഹിത്യം വഹിക്കുക. പ്ലാവില കൊണ്ട് പോത്തിന്റെ രൂപമുണ്ടാക്കി ഓണത്തപ്പനെ വച്ച് തൊഴുത്തിലും മുറ്റത്തും ഓണംകൊള്ളുന്ന ചടങ്ങ് പോത്തോട്ടോണത്തിന്റെ സവിശേഷതയാണ്. ചാത്തന്റെ വാഹനം പോത്താണ്. പോത്ത് കേരളത്തിലെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ഒരു മൃഗമാണ്. ചാത്തന്‍ എന്ന പേര് ഇവിടത്തെ കാര്‍ഷികവൃത്തി നടത്തുന്ന സമുദായങ്ങളിലിന്നും സജീവമായി നിലനില്‍ക്കുന്നു.

  • കളമെഴുത്ത്

അഞ്ച് നിറങ്ങള്‍ ഉപയോഗിച്ചാണ് കളമെഴുത്ത് നടത്തുന്നത്. അത് പഞ്ചഭൂതങ്ങളെ സൂചിപ്പിക്കുന്നതുപോലെ പഞ്ചശീലങ്ങളെയും സൂചിപ്പിക്കുന്നു. ഔഷധതുല്യമായ പ്രകൃതിദത്ത വസ്തുക്കളാണ് നിറങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ തുള്ളി കളംമായ്ക്കുന്ന വെളിച്ചപ്പാട് ചില അവസരങ്ങളില്‍ ഈ പൊടി ഔഷധമായിട്ടുപോലും വിശ്വാസികള്‍ക്കു നല്‍കാറുണ്ട്. കളമെഴുത്ത് ഉത്തരേന്ത്യന്‍ ബൗദ്ധബന്ധങ്ങളില്‍നിന്ന് കേരളത്തില്‍ വളര്‍ന്ന കലയാണത്രെ. മണിക്കൂറുകള്‍ക്കുള്ളിലുള്ള വരയും താമസിയാതെ അത് മായ്ക്കപ്പെടുന്നതും ജീവിതത്തിന്റെ മാറ്റത്തേയും ക്ഷണികതയേയും വെളിപ്പെടുത്തുന്ന ബൗദ്ധദര്‍ശനമാണ്. ഇതില്‍ വരക്കപ്പെടുന്ന കള്ളികള്‍ 8-ന്റെ ഗുണിതങ്ങളാണ്. അത് ബൗദ്ധസ്വാധീനത്തിന്റെ മറ്റൊരു തെളിവാണ്. അവര്‍ണ്ണര്‍ക്കിടയിലാണ് ഇത് സജീവമെന്നതു പ്രത്യേകതയാണ്. സവര്‍ണാധിപത്യത്തിനുമുന്‍പ് പൗരോഹിത്യം വഹിച്ചിരുന്ന വേലന്‍, പാണന്‍, മണ്ണാന്‍ എന്നീ വിഭാഗങ്ങളാണ് മദ്ധ്യകേരളത്തില്‍ ഇത് നിര്‍വ്വഹിക്കുന്നത്.

  • കളരിയും പള്ളിക്കൂടങ്ങളും

ബുദ്ധവിഹാരങ്ങള്‍ക്കൊപ്പം നടത്തപ്പെട്ടിരുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സാര്‍വ്വത്രിക വിദ്യാഭ്യാസം നടപ്പിലായെന്നും അതാണ് പള്ളിക്കൂടമായതെന്നും ഏവര്‍ക്കും ധാരണയുള്ളതാണ്. മനസ്സിനെ പാകപ്പെടുത്തുന്നതുപോലെ ശരീരത്തെ പാകപ്പെടുത്താന്‍ നടത്തപ്പെട്ടിരുന്ന സ്ഥാപനങ്ങളാണ് കളരികള്‍. ഒരു തൊഴില്‍ പഠിപ്പിക്കുന്നയാളെ ആശാന്‍ എന്നു വിശേഷിപ്പിക്കുന്നത് ഗുരുസ്ഥാനീയരായ കളരിപാരമ്പര്യത്തിന് നല്‍കിയ പ്രാധാന്യത്തില്‍ നിന്നാണ്. അക്ഷരം പഠിപ്പിക്കുന്നവരെ എഴുത്താശാനെന്നോ എഴുത്തച്ഛനെന്നോ വിളിക്കുന്നു. സമൂഹത്തെ നയിക്കുന്ന ചില പൊതുപ്രവര്‍ത്തകരെയും ആശാനെന്നു വിളിക്കുന്നു. സമൂഹത്തിലിറങ്ങിവന്ന് കഥകളിലൂടെയും സംഭാഷണങ്ങളിലൂടെയും ധര്‍മ്മപ്രചരണം നടത്തിയ ബുദ്ധഭിക്ഷുക്കളെ ഓര്‍മ്മപ്പെടുത്തുന്നവയാണിവ. ഇരിങ്ങാലക്കുടയിലെ പൊറത്തിശ്ശേരിയില്‍ കളരി നടത്തുന്ന പുലയ സമുദായക്കാരനായ ബാലനാശാന്‍ അഥവാ ബാലന്‍ ഗുരുക്കള്‍ ഈ നാട്ടിലെ അവസാന അവര്‍ണ്ണരാജാവായ അയ്യന്‍ ചിരുകണ്ഠന്റെ പിന്‍തലമുറക്കാരനാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

  • എഴുത്തിനിരുത്ത്

വിദ്യാഭ്യാസം അവര്‍ണ്ണര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കാരണമായത് ഇവിടെ വളര്‍ന്ന ബൗദ്ധസ്വാധീനമാണ്. ‘നാനം മേനം’ എന്നെഴുതി തുടങ്ങിയ എഴുത്തിനിരുത്തല്‍ ചടങ്ങ് ഇന്ന് ക്ഷേത്രങ്ങളില്‍ നടക്കുന്ന ഹരിശ്രീയിലേക്ക് മാറിയിട്ടുണ്ടെങ്കിലും അവര്‍ണ്ണ വിദ്യാഭ്യാസത്തിന്റെ ആരംഭം എഴുത്താശാന്‍മാരുടെ ബൗദ്ധപാരമ്പര്യത്തില്‍ നിന്നാണ്. ക്ഷേത്രങ്ങളില്‍ ഇന്ന് നടക്കുന്ന എഴുത്തിനിരുത്ത് പഴയ ബൗദ്ധകേന്ദ്രങ്ങളായ ‘പള്ളികള്‍’, ‘പള്ളിക്കൂടങ്ങള്‍’ എന്നിവയുടെ ഭാഗമായുണ്ടായിരുന്ന ചടങ്ങുകളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. ഇന്ന് ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ഈ ചടങ്ങുകളില്‍ ‘ഹരിശ്രീ’ എന്ന് കുറിക്കുന്നു. ബൗദ്ധധാരകളെ ആര്യവത്കരിക്കുന്നതിന്റെ ഭാഗമായുണ്ടായ മാറ്റങ്ങളാണിത്.

  • കാളി പോലുള്ള അമ്മ ദൈവങ്ങള്‍

കാളിയുടെ കഴുത്തിലെ തലയോട്ടിമാല അക്ഷരങ്ങളെ സൂചിപ്പിക്കുന്ന അക്ഷരമാലയാണ് എന്ന വിശ്വാസം നിലവിലുണ്ട്. കാളി എന്ന സങ്കല്പം ബുദ്ധപാരമ്പര്യത്തിലെ ‘കാലചക്ര’ എന്ന സങ്കല്പത്തോട് സമാനമാണ്. കാലത്തിന്റെ ദേവതയാണ് കാളി എങ്കില്‍ കാലചക്ര എന്നത് പേരില്‍ തന്നെ ആ അര്‍ത്ഥം വഹിക്കുന്നു. രൂപത്തിലും നിറത്തിലും ഭാവത്തിലും കാളിയും കാലചക്രയും തമ്മില്‍ സമാനതകളേറെയുണ്ട്. ബൗദ്ധരുടേയും ജൈനരുടേയും ദേവതാസങ്കല്പങ്ങളെയാണ് രൂപവും ഭാവവും മാറ്റി ഹിന്ദുമതം ഉപയോഗിച്ചത് എന്ന നിരീക്ഷണങ്ങള്‍ നിരവധിയുണ്ട്.

__________________________________
വിദ്യാഭ്യാസം അവര്‍ണ്ണര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കാരണമായത് ഇവിടെ വളര്‍ന്ന ബൗദ്ധസ്വാധീനമാണ്. ‘നാനം മേനം’ എന്നെഴുതി തുടങ്ങിയ എഴുത്തിനിരുത്തല്‍ ചടങ്ങ് ഇന്ന് ക്ഷേത്രങ്ങളില്‍ നടക്കുന്ന ഹരിശ്രീയിലേക്ക് മാറിയിട്ടുണ്ടെങ്കിലും അവര്‍ണ്ണ വിദ്യാഭ്യാസത്തിന്റെ ആരംഭം എഴുത്താശാന്‍മാരുടെ ബൗദ്ധപാരമ്പര്യത്തില്‍ നിന്നാണ്. ക്ഷേത്രങ്ങളില്‍ ഇന്ന് നടക്കുന്ന എഴുത്തിനിരുത്ത് പഴയ ബൗദ്ധകേന്ദ്രങ്ങളായ ‘പള്ളികള്‍’, ‘പള്ളിക്കൂടങ്ങള്‍’ എന്നിവയുടെ ഭാഗമായുണ്ടായിരുന്ന ചടങ്ങുകളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. ഇന്ന് ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ഈ ചടങ്ങുകളില്‍ ‘ഹരിശ്രീ’ എന്ന് കുറിക്കുന്നു. ബൗദ്ധധാരകളെ ആര്യവത്കരിക്കുന്നതിന്റെ ഭാഗമായുണ്ടായ മാറ്റങ്ങളാണിത്.
__________________________________ 

താര ഉള്‍പ്പെടെയുള്ള ബൗദ്ധസങ്കല്പങ്ങളുടെ സ്വാധീനം ഇവിടുത്തെ അടിസ്ഥാനവിഭാഗങ്ങളുടെ അമ്മ ദൈവസങ്കല്പങ്ങളില്‍ സജീവമാണ്. കണ്ണകിയുടെ കഥ ബൗദ്ധകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിന്റെ ചരിത്രവും ഐതിഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അധികാരികളുടെ അധാര്‍മ്മികതയെ വെല്ലുവിളിക്കുന്ന ധാര്‍മ്മികതയുടെ സ്ത്രീ രൂപങ്ങളാണ് അവര്‍ണ്ണരുടെ എല്ലാ അമ്മ ദൈവങ്ങളും. ഈ ധാര്‍മ്മികതയും നീതിബോധവും ബൗദ്ധസ്വാധീനത്താല്‍ രൂപപ്പെട്ടതാവാം.

  • വെളിച്ചപ്പാട്

സവര്‍ണ്ണവിഭാഗങ്ങള്‍ ഏതെങ്കിലും ജാതിക്കോ കുടുംബത്തിനോ സവിശേഷ സ്ഥാനവും പദവിയുമൊക്കെ നല്‍കുമ്പോള്‍ അവര്‍ണ്ണ വിഭാഗങ്ങളിലാകട്ടെ ഏവരും തുല്യരാണ്. ജന്മമല്ല കര്‍മ്മമാണ് ഇവര്‍ക്ക് പ്രധാനം. ദൈവസങ്കല്‍പങ്ങള്‍ കൂട്ടത്തില്‍ ആരിലും വെളിച്ചപ്പെടാം. എല്ലാവരും അതിന് അര്‍ഹരാണ്. ബുദ്ധന്‍ ഒരു വ്യക്തിയല്ല മറിച്ച് ഒരവസ്ഥയാണ്. ബോധോദയം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും സംഭവിക്കാം. വെളിച്ചപ്പെടല്‍ അതിന്റെ സൂചനയാണ്. വെളിച്ചപ്പാടും വെളിച്ചപ്പെടലുമൊക്കെ വ്യക്തിയുടെയും സമൂഹത്തിന്റെയും മനോചികിത്സക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ ഗതിമാറിയ ഒഴുക്കായി വേണം കരുതാന്‍.

  • താന്ത്രിക ബുദ്ധമതം

കേരളത്തില്‍ ശക്തിപ്പെട്ടതും ശേഷിക്കുന്നതും താന്ത്രിക ബുദ്ധമതം അഥവാ വജ്രയാനമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ആരാധനാ സമ്പ്രദായമായ തന്ത്രവിദ്യയുമായി ബന്ധപ്പെട്ടാണ് അത് വളര്‍ന്നത്. മനുഷ്യരിലെ ലൈംഗിക ഊര്‍ജ്ജത്തെ പരിവര്‍ത്തനപ്പെടുത്തി സിദ്ധികളും കഴിവുകളും നേടാം എന്നതാണ് താന്ത്രികരുടെ വിശ്വാസം. മന്ത്രവാദവും ആഭിചാരവും പഞ്ചമകാരപൂജയുമൊക്കെ കടന്നുവന്ന് ബുദ്ധദര്‍ശനത്തെ വഴിതിരിച്ചുവിടാന്‍ കാരണമായത് ഇവയാണ്. ബുദ്ധമതത്തിന്റെ തിരോധാനത്തോടെ ഇത്തരം പൂജാമാര്‍ഗ്ഗങ്ങള്‍ നിലനിന്ന കാളി ഉപാസനയിലേക്കും ചാത്തന്‍പോലുള്ള വിശ്വാസത്തിലേക്കും ജനം വഴിപിരിഞ്ഞു. ചിലര്‍ ശൈവാരാധകരായി. എന്നാല്‍ അവിടെയെല്ലാം തങ്ങളുടെ കലാപാരമ്പര്യത്തെ അവര്‍ തുടര്‍ന്നു. അമ്മദൈവങ്ങളെ നല്ലമ്മയെന്നും, പിതൃദൈവങ്ങളെ നല്ലച്ചനെന്നും വിളിച്ചു. പുത്രച്ചന്‍ എന്ന് ബുദ്ധനെ വിശേഷിപ്പിച്ചതുപോലെ.

  • തട്ടിന്‍മേല്‍കളി അഥവാ ഐവര്‍കളി

ബുദ്ധഭിക്ഷുക്കള്‍ ഇവിടെ കൊണ്ടുവന്നത് ഒരു പ്രത്യേക തൊഴില്‍ സംസ്‌കാരമാണ്. എല്ലാവരും തൊഴില്‍ചെയ്ത് ആഹാരം കഴിച്ച് ജീവിക്കുന്നതിനുതകുന്ന തൊഴില്‍സംസ്‌കാരം. വിശ്വകര്‍മ്മജര്‍ എന്ന് ഇന്ന് വിശേഷിപ്പിക്കുന്ന ആശാരി, മൂശാരി, കരുവാന്‍, തട്ടാന്‍, ശില്‍പി എന്നിങ്ങനെയുള്ള തൊഴില്‍ സംസ്‌കാരമുള്ള സമുദായങ്ങള്‍ ഐക്യത്തോടെ കാവുകളില്‍ നടത്തുന്ന ഒരു ചടങ്ങാണ് ഐവര്‍കളി. ഇതില്‍ അഞ്ച് സമുദായങ്ങളാണ് പങ്കെടുക്കുന്നത്. ഇത് പഞ്ചശീലബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്നു. ജാതിയുടെ ഉച്ചനീചത്വങ്ങളെ ഭേദിക്കുകയും ചെയ്യുന്നു. 5 സമുദായങ്ങള്‍ ഐക്യത്തോടെ സംഘടിപ്പിക്കുന്നതുകൊണ്ടാവാം ഇതിന്

  • ഐവര്‍കളി എന്ന പേരു വന്നത്.

വട്ടത്തില്‍ കളിക്കുന്ന ഈ കളിയില്‍ പൊതുവേ പുരുഷന്‍മാരാണ് പാടുന്നതും ചുവടുവച്ച് കളിക്കുന്നതും. പൊങ്ങി, ഇലത്താളം എന്നിവയാണ് താളമായി ഉപയോഗിക്കുന്നത്. ദേശത്തെ അധികാരപ്പെട്ട വേലന്‍മാരില്‍ നിന്നും സ്വീകരിക്കുന്ന തിരുടാട (തിരുഉടയാട) നടുവില്‍ വച്ച് വിളക്ക് തെളിയിച്ച് പൂവെറിഞ്ഞ് അതിനുചുറ്റുമാണ് കളി നടത്തുന്നത്. തിരുടാടയില്‍ ദേവി പുറത്തേക്കെഴുന്നള്ളുന്നു എന്നാണ് വിശ്വാസം. രാമായണം, വാല്‍ക്കണ്ണാടി എന്നിവ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു.

5 കോല്‍ 2 വിരല്‍ സമചതുര അളവില്‍ പലക കൊണ്ടുണ്ടാക്കിയ തട്ടിന്‍മേലാണ് കളി നടത്തുന്നത്. അതിന് 24 കാലുകളാണ് ഉണ്ടാവുക. ഇത് അശോകചക്രത്തിന്റെ ആരക്കാലുകളെ ഓര്‍മ്മപ്പെടുത്തുന്നു. തട്ട് താല്‍ക്കാലികമായി ഉണ്ടാക്കുന്നതും ചടങ്ങ് കഴിഞ്ഞാല്‍ പൊളിച്ചുമാറ്റുന്നതുമാണ്. 5, 8, 24 എന്നീ അക്കങ്ങള്‍ ബൗദ്ധര്‍ക്ക് വിശേഷപ്പെട്ടവയാണ്. ഇതിലെ പാട്ടുകള്‍ ദേവീസ്തുതികളാണ്. അവ പഞ്ചശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. കാവുകള്‍ പഴയ ബൗദ്ധകേന്ദ്രങ്ങളായിരുന്നു എന്ന വസ്തുത ഇതിന് പിന്‍ബലമേകുന്നു.

  • ചാക്യാര്‍കൂത്തും മലവാഴിയാട്ടവും

വ്യവസ്ഥിതിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും തിരുത്തുകയും ചെയ്യുന്ന ഒരു കലയാണ് ചാക്യാര്‍കൂത്ത്. തെയ്യം, കഥകളി, കൂത്ത് എന്നിവയുടെ പ്രാഗ് രൂപങ്ങളാണ് മലവാഴിയാട്ടവും വെളിച്ചപ്പാട് മതവും. വെളിപാടുണ്ടായ കാര്യങ്ങള്‍ വെളിച്ചപ്പെടുത്തുന്ന ആളാണ് വെളിച്ചപ്പാട്. അവനവനു വെളിച്ചമാവുകയും സമൂഹത്തിന് വെളിച്ചമാവുകയും ചെയ്യുന്ന ദര്‍ശനങ്ങളെ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ് വെളിച്ചപ്പാട്. സമൂഹത്തെയും വ്യക്തികളെയും പരിഷ്‌കരിക്കുകയും ദുഷ്‌വിചാരങ്ങളെയും ദുരാചാരങ്ങളെയും മാറ്റിയെടുക്കുന്ന മനശ്ശാസ്ത്രപരമായ ഒരു ചികിത്സയാണത്. ഈ വെളിച്ചപ്പെടല്‍ ഇന്ന് അന്ധവിശ്വാസത്തിന്റെയും ഭയപ്പെടുത്തലിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും ഭാഗമായിട്ടുണ്ട്. എങ്കില്‍ പോലും ഇന്നും ഇവ വ്യവസ്ഥാപിത മത സംവിധാനങ്ങളെ പ്രതിരോധിക്കുകയും നാട്ടുനടപ്പുകളെയും ഗ്രാമനന്മകളെയും സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.
ശാക്യരില്‍ നിന്നാണ് ‘ചാക്യാര്‍’ എന്ന ജാതിപ്പേര് വന്നത്. ശാക്യാര്‍ എന്നാല്‍ ശാക്യവംശജനായ ബുദ്ധന്റെ ദര്‍ശനങ്ങള്‍ പിന്തുടര്‍ന്നവരെ വിശേഷിപ്പിച്ച പദമാണ്. ബുദ്ധന് ശാക്യമുനി എന്നും പേരുണ്ട്. വ്യക്തിയെയും സമൂഹത്തെയും അധികാര ഘടനയെയും വിശ്വാസത്തെയും വേദങ്ങളെയുമൊക്കെ വിമര്‍ശന വിധേയമാക്കുന്ന ചാക്യാര്‍ക്കൂത്തില്‍ ബൗദ്ധസ്വാധീനം വ്യക്തമാണ്. ചാക്യാര്‍ക്കൂത്ത് പഠിക്കുന്നതിന്റെ ഭാഗമായി പാലി പദങ്ങള്‍ പഠിച്ചിരുന്നു എന്ന് പ്രാകൃത ഭാഷാ നിഘണ്ടുവിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ബൗദ്ധദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചിരുന്ന പാലി ചാക്യാന്‍മാര്‍ പഠിക്കുന്നുവെന്നത് അവരുടെ ബൗദ്ധപാരമ്പര്യത്തെ കാണിക്കുന്നു. പറയരും പുലയരുമൊക്കെ തുടര്‍ന്നു വരുന്ന മലവഴിയാട്ടം ചാക്യാര്‍ക്കൂത്തിന് സമാനമാണ്. വേഷത്തിലും അവതരണത്തിലും മെയ്യെഴുത്തിലുമൊക്കെ സമാനതകളുണ്ട്. വിവിധ സമുദായങ്ങളില്‍ ഇന്നും നിഴലിക്കുന്ന ബൗദ്ധസംസ്‌കാരത്തിന്റെ തുടര്‍ച്ചകളായി ഇത് വായിച്ചെടുക്കാവുന്നതാണ്. അധികാരികള്‍ക്ക് അപ്രിയമായ ബൗദ്ധസംസ്‌കാരത്തെ അറിഞ്ഞുകൊണ്ടു തന്നെ ഒളിച്ചുസൂക്ഷിച്ചവരാണ് കേരള സമൂഹം. അക്കാര്യം തിരിച്ചറിയാതെ അത് തെളിയിച്ചെടുക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. എന്നിരുന്നാലും സവര്‍ണ്ണധാരയോട് പൊരുത്തപ്പെടാതെ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദവും രൂപവും ഭാവവും പേറുന്നവയാണ് കീഴാളസംസ്‌കാരത്തിലെ ബൗദ്ധപാരമ്പര്യമുള്ള പല ആചാരാനുഷ്ഠാനങ്ങളും. കാളകളി, പാക്കനാര്‍കളി, കളമെഴുത്ത്, തുള്ളല്‍, വെളിച്ചപ്പാട്, പോത്തോട്ടോണം, പൊയ്ക്കുതിര, ഓണം, വേലവരവ്, ദേശവിളക്ക് എന്നിങ്ങനെ എല്ലാത്തിലും ഇക്കാര്യം ദര്‍ശിക്കാനാകും.

  • ആര്യവൈദ്യവും ചികിത്സയും

കേരളത്തിലെ വേലന്‍മാര്‍ ഉള്‍പ്പെടെ ചില കീഴാള സമുദായങ്ങള്‍ ചികിത്സ നടത്തുന്നവരാണ്. ആയുര്‍വേദാചാര്യന്മാരില്‍ പ്രമുഖനായ വാക്ഭടന്‍ ബുദ്ധമതക്കാരനായിരുന്നു. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നീ രാഗാദിരോഗങ്ങളെക്കുറിച്ച് പറയുന്നതും മനസ്സ് ശരീരം മുഴുവന്‍ വ്യാപിച്ചതാണെന്നുമുള്ള ദര്‍ശനങ്ങള്‍ തികച്ചും ബൗദ്ധമാണ്. അഷ്ടാംഗഹൃദയം തുടങ്ങുന്നത് അപൂര്‍വ്വ വൈദ്യനെ അനുസ്മരിച്ചുകൊണ്ടാണ് അത് ബുദ്ധനാണെന്ന് അഭിപ്രായമുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയ വന്ദനശ്ലോകത്തില്‍…
‘പ്രജാമന്ത്രബലേനയ: ശമിതവാന്‍

  • ബുദ്ധായ തസ്‌മൈ നമ:’

എന്നുള്ള വരിപോലുമുണ്ട്. ബുദ്ധനെയാണ് ആയുര്‍വ്വേദ ആചാര്യന്മാര്‍ വൈദ്യന്മാരുടെ വൈദ്യന്‍ എന്ന് ആദരവോടെ അഭിസംബോധന ചെയ്യുന്നത് എന്ന് ഡോ: കെ.സുഗതന്‍ ‘ബുദ്ധനും നാണു ഗുരുവും’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആര്യവൈദ്യം ഇവിടെ സര്‍വ്വസാധാരണമാക്കിയത് ബൗദ്ധരാണ്. അവരില്‍ നിന്നാണ് ഇവിടത്തെ അടിസ്ഥാന വിഭാഗങ്ങളിലേക്ക് വൈദ്യം വന്നത്. വൈദ്യനെ കാണുക എന്നതിന്, രോഗം വന്നാല്‍ വേലനെ കാണിക്കുക എന്ന ശൈലിപോലും ഇവിടെയുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് വൈദ്യം കിട്ടിയത് ബൗദ്ധപാരമ്പര്യത്തില്‍ നിന്നാണ്. ആര്യസത്യം, ആര്യമാര്‍ഗ്ഗം, ആര്യമൗനം, ആര്യധര്‍മ്മം എന്നിങ്ങനെ ബുദ്ധന്റേതായ വാക്കുകള്‍ ‘ആര്യ’ എന്ന് കൂട്ടിച്ചേര്‍ത്ത് പറയാറുണ്ട്. അങ്ങനെയൊന്നാണ് ആര്യവൈദ്യം. ആര്യവൈദ്യത്തെയാണ് ആയുര്‍വ്വേദമാക്കിയത്. സംസ്‌കൃതമോ വേദമോ പഠിക്കാന്‍ കഴിയാത്ത അവര്‍ണ്ണര്‍ക്ക് വൈദ്യം കുലത്തൊഴിലായത് അങ്ങനെയാണ്.

  • ഓണം

ഓണാഘോഷദിവസം ചൂലുകൊണ്ട് മുറ്റമടിക്കാറില്ല. ഭൂമി വേദനിക്കാതിരിക്കാന്‍. തുണിയലക്കി കല്ലിനെ വേദനിപ്പിക്കാറില്ല. പൂനുള്ളാറില്ല. ഇല മുറിക്കാറില്ല. ഇവയെല്ലാം തലേനാള്‍തന്നെ ചെയ്തുവെക്കണം. സഹജീവികളോടുള്ള കരുണ എന്ന ഭാവമാണിത്. ഓണം തന്നെ ഒരു ബൗദ്ധ ആഘോഷമാണെന്ന് ചരിത്രകാരനായ വേലായുധന്‍ പണിക്കശ്ശേരി ഓണം എന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാവര്‍ക്കും വസ്ത്രം, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആഘോഷം എന്നത് സമത്വവും നീതിയുമാണ്. ഗ്രാമാന്തരങ്ങളില്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഓണക്കളിപ്പാട്ടുകളില്‍ ധര്‍മ്മവും നീതിയും ജാതിവിരുദ്ധതയും പ്രകൃതിസ്‌നേഹവും പൂത്തുലഞ്ഞുനില്‍ക്കുന്നു.

__________________________________
‘അയ്യോ’ എന്ന് സവര്‍ണ്ണ കുടുംബങ്ങളില്‍ ഉച്ചരിക്കാന്‍ അനുവാദമില്ലായിരുന്നു. അയ്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ബുദ്ധനെ ശരണാര്‍ത്ഥം വിളിക്കപ്പെടുന്നതാണ് ‘അയ്യോ’ എന്ന്. ശബരിമല അയ്യപ്പനെ അയ്യന്‍ എന്നു വിളിക്കുന്നതുപോലെ അതൊരു ബുദ്ധനാമമാണ്. മലയാളികള്‍ എപ്പോഴും പ്രയോഗിക്കുന്ന അയ്യോ എന്ന പദം മലയാളികളുടെ ബൗദ്ധപാരമ്പര്യത്തെ സൂചിപ്പിക്കുന്നുണ്ട് എന്ന് ഡോ. അജയ് എസ്.ശേഖറെപ്പോലുള്ള ഗവേഷകര്‍ രേഖപ്പെടുത്തുന്നു. ഇതുപൊലെ നിരവധി പദങ്ങളും ആചാരാനുഷ്ഠാനങ്ങളും നമ്മുടെ സമ്പന്നമായ ബൗദ്ധസംസ്‌കാരത്തെ അടയാളപ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നു. ബഹുമുഖമായ പഠനങ്ങളുടെ സാദ്ധ്യതകള്‍ നല്‍കിക്കൊണ്ട്.
__________________________________ 

ജീവിതത്തിന്റെ ക്ഷണികതയാണ് അനുഷ്ഠാന കലകളിലെ സന്ദേശം. പൊടിക്കളവും കുതിരയും അയ്യപ്പന്‍വിളക്കിലെ അമ്പലവുമൊക്കെ ലളിതമായ വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കുന്ന സുന്ദരശില്‍പങ്ങളാണ്. ജീവിതത്തിന്റെ ക്ഷണികത, എല്ലാം നശ്വരമാണ് എന്നീ ബൗദ്ധസന്ദേശങ്ങള്‍ നല്‍കുന്നവയാണിവ. ലളിതമായത് സുന്ദരം, നിസ്സാരമായത് മഹത്തരം എന്നീ ദര്‍ശനങ്ങളാണ് കാവുകള്‍ നല്‍കുന്നത്. കാവുകളല്ലാതെ നീണ്ടുനില്‍ക്കുന്ന യാതൊന്നും കീഴാള അനുഷ്ഠാനങ്ങളില്‍ ഇല്ല. ഒരു കല്ലോ കാവോ മാത്രമാണ് കൂടിവന്നാല്‍ കാണാനാവുക. മറ്റെല്ലാം അപ്പപ്പോഴത്തെ കൂട്ടായ്മയിലെ നിര്‍മ്മിതികള്‍ മാത്രമാണ്. അതിന് പ്രത്യേകമായ പുണ്യസ്ഥലങ്ങളില്ല എന്നതിനാല്‍ തന്നെ എല്ലാം പുണ്യസ്ഥലങ്ങളായി കാണാവുന്നതാണ് എന്നാവാം. പൊടിപിടിച്ചുകിടക്കുന്ന മുറ്റമാണ് പൊടിക്കളമിട്ട് ഏറ്റവും വിശേഷപ്പെട്ടയിടമാക്കുക. കാടുപിടിച്ച തൊടിയാവാം വാഴപ്പോളകൊണ്ട് വിഹാരമൊരുക്കി അയ്യപ്പന്‍വിളക്കിന് വേദിയാവുക. അതുകഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം അവിടം പ്രകൃതിയുടെ പഴയരൂപത്തിലാവും. അത്രയും പ്രകൃതിയെ പോറലേല്‍പ്പിക്കാതെയാണ് ദലിത് അനുഷ്ഠാനങ്ങളുടെ യാത്ര. ഏതു വിഭാഗങ്ങളുടെതായാലും വലിയ ആരാധനാകേന്ദ്രങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ആ പ്രദേശത്തെ പാരിസ്ഥിതിക-സാമൂഹ്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.

  • ശബരിമല വ്രതവും ബൗദ്ധപാരമ്പര്യവും

ശബരിമല വ്രതാനുഷ്ഠാനങ്ങളില്‍ നിര്‍വ്വഹിക്കപ്പെടുന്നത് ബൗദ്ധജീവിത രീതികളാണ്. പരുഷമായും ഉച്ചത്തിലും സംസാരിക്കാറില്ല. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരെയും വേദനിപ്പിക്കാറില്ല. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള ലളിത ജീവിതം. ഭിക്ഷുക്കുളെപോലെയുള്ള വസ്ത്രം. മിതമായി സസ്യാഹാരം അതും എരിവും പുളിയും മസാലകളും കുറച്ച്. ഭക്ഷണം പഴകരുത്. അത്താഴം വൈകരുത്. സദായുള്ള ശരണംവിളികള്‍. ജലാശയങ്ങളിലെ കുളി. ഒറ്റപ്പെട്ടുള്ള ദിനചര്യകളും സംഘം ചേര്‍ന്നുള്ള യാത്രകളും. ദാനം സ്വീകരിക്കലും കൊടുക്കലും എല്ലാവരേയും തുല്യരായികണ്ട് സ്വാമിയെന്ന അഭിസംബോധന. അതോടൊപ്പം സംഘത്തലവനെ ഗുരുസ്വാമിയായി കാണല്‍. പുരോഹിതന്‍മാര്‍ക്ക് സ്ഥാനമില്ലാത്തതും കൂട്ടത്തില്‍ പരിചയസമ്പന്നനെ അംഗീകരിക്കുന്നതുമായ രീതികളെല്ലാം ഒരു ബൗദ്ധസംഘത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ്. ശബരിമലയും അയ്യപ്പനും ബൗദ്ധപാരമ്പര്യമാണെന്നുളള നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അയ്യനെ തേടിയെത്തുന്നവരിലെ ബൗദ്ധബന്ധങ്ങള്‍ കാര്യമായ പഠനത്തിന് വിധേയമായിട്ടില്ല. വിവിധ പ്രദേശങ്ങളില്‍ നിലനിന്നു വരുന്ന ഇത്തരം ആചാരങ്ങളില്‍ ബൗദ്ധസംസ്‌കാരത്തിന്റെ നിരവധി കാണാക്കനികള്‍ ഇനിയുമൊരുപാട് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. അതിലേക്കായി ഓരോരുത്തരുടേയും ശ്രദ്ധ ക്ഷണിക്കുകയാണ്.

  • പഴനിമല വ്രതവും ബൗദ്ധപാരമ്പര്യവും

പഴനിമല യാത്രയ്ക്കു മുമ്പ് മഞ്ഞവസ്ത്രമുടുത്ത് കുറച്ചു വീടുകളില്‍നിന്ന് ഭിക്ഷയെടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. പണ്ട് സര്‍വ്വസാധാരണമായിരുന്ന ഇക്കാര്യം ഇന്ന് ചിലര്‍ വഴിപാടായി നടത്തിവരുന്നുണ്ട്. നാലും നാലും എട്ട് അയല്‍പക്കങ്ങളില്‍ നിന്ന് ഭിക്ഷയെടുത്ത് പോകാമെന്നോ 16 വീടുകേറി പഴനിക്ക് പോകണമെന്നോ പലരും പറഞ്ഞ് കേള്‍ക്കുന്നു. മഞ്ഞ വസ്ത്രവും ഭിക്ഷാടനവുമൊക്കെ ബൗദ്ധസംസ്‌കാരത്തെ സൂചിപ്പിക്കുന്നു. പഴനി മലയിലെ സുബ്രഹ്മണ്യന്‍ ബാലബുദ്ധനാണെന്ന നിരീക്ഷണം യുക്തിഭദ്രമാണ്. പഴനിയാത്രയിലെ ശരണം വിളിയും ഇക്കാര്യം ശരിവെക്കുന്നു. മാത്രമല്ല പഴനിയിലെ പ്രധാനചടങ്ങ് മുടിവടിച്ച് ചന്ദനം തേക്കുക എന്നതാണ്. ഇത് തികച്ചും ബൗദ്ധരീതിയാണ്. കുട്ടികളുടെ ആദ്യത്തെ മുടിവടിക്കല്‍ പഴനിയിലാണ്. മുടി വടിച്ച് ചന്ദനം തേച്ച് മഞ്ഞമുണ്ടു പുതച്ച കുട്ടികളെ കണ്ടാല്‍ സന്ന്യാസം സ്വീകരിച്ച കുഞ്ഞു ബുദ്ധഭിക്ഷുക്കളുടെ ഓര്‍മ്മയാണ് മനസ്സില്‍ തെളിയുക. മുരുകന് അറിവിന്റെ ദൈവമെന്ന വ്യാഖ്യാനമുള്ളതിനാല്‍ പഠനത്തിന്റെ ആരംഭമായോ സന്ന്യാസം സ്വീകരിക്കലായോ ഈ ചടങ്ങിനെ കാണാവുന്നതാണ്.

  • പദങ്ങള്‍

ബൗദ്ധരെയെല്ലാം മോശപ്പെട്ടവരാക്കിയതുപോലെ ബൗദ്ധബന്ധമുളള പദങ്ങളേയും മോശപദങ്ങളായി ചിത്രീകരിക്കപ്പെട്ടു. തേരാവാദത്തിന്റെ പ്രചാരകരെ തെറിപ്പാട്ടുകാരാക്കി ‘ഥേറി’ എന്ന പദത്തിന് തെറി എന്ന് വ്യാഖ്യാനിച്ചു. ബുദ്ധഭിക്ഷുക്കളെ ഭിക്ഷക്കാരന്‍, പിച്ചക്കാരന്‍ എന്നാക്കി. ഇന്നും യാചകരെ നമ്മള്‍ ആ പദം ഉപയോഗിച്ച് അവഹേളിക്കുന്നു. ധര്‍മ്മം പ്രചരിപ്പിക്കുന്ന ഭിക്ഷുവിനെ ധര്‍മ്മക്കാരന്‍ എന്നു പറയും. ധര്‍മ്മക്കാരന്‍ എന്ന പദം ഇന്ന് അധിക്ഷേപത്തിന്റെ വാക്കാണ്. ചാത്തന്‍ സാധനം എന്നാല്‍ മോശപ്പെട്ട സാധനം എന്ന വ്യാഖ്യാനം വന്നത് ഈയിടെയാണ്. സവര്‍ണ്ണര്‍ക്ക് കൃഷി മോശപ്പെട്ട കര്‍മ്മമാണ്. കേരളത്തില്‍ തോടുകള്‍, ചിറകള്‍ എന്നിവ നിര്‍മ്മിച്ച് കൃഷി സമ്പന്നമാക്കിയത് ബൗദ്ധരാണ്. പുലം എന്ന കൃഷിയിടത്തില്‍ ആടുന്നവനെ ‘പുലയാടി’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് കൃഷിയേയും കൃഷിക്കാരേയും അതിനെ മഹത്വവത്ക്കരിച്ച ബൗദ്ധപാരമ്പര്യത്തേയും അവഹേളിക്കാനാണ്. ‘അയ്യോ’ എന്ന് സവര്‍ണ്ണ കുടുംബങ്ങളില്‍ ഉച്ചരിക്കാന്‍ അനുവാദമില്ലായിരുന്നു. അയ്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ബുദ്ധനെ ശരണാര്‍ത്ഥം വിളിക്കപ്പെടുന്നതാണ് ‘അയ്യോ’ എന്ന്. ശബരിമല അയ്യപ്പനെ അയ്യന്‍ എന്നു വിളിക്കുന്നതുപോലെ അതൊരു ബുദ്ധനാമമാണ്. മലയാളികള്‍ എപ്പോഴും പ്രയോഗിക്കുന്ന അയ്യോ എന്ന പദം മലയാളികളുടെ ബൗദ്ധപാരമ്പര്യത്തെ സൂചിപ്പിക്കുന്നുണ്ട് എന്ന് ഡോ. അജയ് എസ്.ശേഖറെപ്പോലുള്ള ഗവേഷകര്‍ രേഖപ്പെടുത്തുന്നു. ഇതുപൊലെ നിരവധി പദങ്ങളും ആചാരാനുഷ്ഠാനങ്ങളും നമ്മുടെ സമ്പന്നമായ ബൗദ്ധസംസ്‌കാരത്തെ അടയാളപ്പെടുത്തിക്കൊണ്ട് നിലനില്‍ക്കുന്നു. ബഹുമുഖമായ പഠനങ്ങളുടെ സാദ്ധ്യതകള്‍ നല്‍കിക്കൊണ്ട്.

Top