വീട്ടിലേക്ക് മടങ്ങുന്ന മതംമാറ്റങ്ങള്‍

ഭരണഘടനാ നിര്‍മാണസഭയില്‍ തന്നെ മതംമാറ്റത്തെക്കുറിച്ച വലിയ സംവാദങ്ങള്‍ നടന്നിരുന്നു. മതപ്രചരണ സ്വാതന്ത്ര്യം മതം മാറ്റാനുള്ള മതസ്വാതന്ത്ര്യമാണെന്നും അതുകൊണ്ട് ഭരണഘടനയില്‍ അത് ഉള്‍പ്പെടുത്തരുതെന്നും ടി. കൃഷ്ണാചാരിയെയും കെ.എം മുന്‍ഷിയെയും പോലുള്ള ദേശീയ നേതാക്കള്‍ ഭരണഘടന സഭയില്‍ വാദിച്ചിരുന്നു. എന്നാല്‍ അംബേദ്ക്കര്‍ ഈ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊണ്ടു. ഈ സംവാദം ഭരണഘടന നിര്‍മാണ ചര്‍ച്ച സമാഹരണം 61-ാം വാള്യത്തിലുണ്ട്. ഹിന്ദു മുസ്‌ലിമാവുന്നതും മുസ്‌ലിം ഹിന്ദുവാവുന്നതും ഇവരാരെങ്കിലും ക്രിസ്ത്യാനിയാവുന്നതും ക്രിസ്ത്യാനി മറ്റേതെങ്കിലും മതം സ്വീകരിക്കുന്നതും മതവിശ്വാസി മതരഹിതനാവുന്നതും മതരഹിതന്‍ മതവിശ്വാസിയാവുന്നതുമൊക്കെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറാന്‍ കഴിയുന്ന ചലനാത്മകമായ അന്തരീക്ഷമാണ് ജനാധിപത്യത്തിന്റെ ജീവവായു.

തംമറ്റം ഒരിക്കല്‍ക്കൂടി രാജ്യത്ത് ചാര്‍ച്ചാ വിഷയമാവുകയാണ്. ഇത് രാജ്യത്ത് മുമ്പ് പലതവണ പലവിധത്തില്‍ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായ വിഷയമാണ്. രണ്ടാം എന്‍.ഡി.എ ഗവണ്‍മെന്റിന്റെ കാലത്ത് പ്രധാനമന്ത്രി എ.ബി വാജിപ്പേയി മതംമാറ്റത്തെക്കുറിച്ച് ദേശീയ സംവാദം ഉണ്ടാവണമെന്നാവശ്യപ്പെട്ടിരുന്നു. ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാന ഗവണ്‍മെന്റുകള്‍ മതംമാറ്റത്തിന് നിരോധത്തോടടുത്തു നില്‍ക്കുന്ന കര്‍ശന നിയന്ത്രണം കൊണ്ടുവന്നതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ ഇടപെട്ടായിരുന്നു വാജ്‌പേയി അന്ന് ആ പ്രസ്താവന നടത്തിയത്.
ഭരണഘടനാ നിര്‍മാണസഭയില്‍ തന്നെ മതംമാറ്റത്തെക്കുറിച്ച വലിയ സംവാദങ്ങള്‍ നടന്നിരുന്നു. മതപ്രചരണ സ്വാതന്ത്ര്യം മതം മാറ്റാനുള്ള മതസ്വാതന്ത്ര്യമാണെന്നും അതുകൊണ്ട് ഭരണഘടനയില്‍ അത് ഉള്‍പ്പെടുത്തരുതെന്നും ടി. കൃഷ്ണാചാരിയെയും കെ.എം മുന്‍ഷിയെയും പോലുള്ള ദേശീയ നേതാക്കള്‍ ഭരണഘടന സഭയില്‍ വാദിച്ചിരുന്നു. എന്നാല്‍ അംബേദ്ക്കര്‍ ഈ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊണ്ടു. ഈ സംവാദം ഭരണഘടന നിര്‍മാണ ചര്‍ച്ച സമാഹരണം 61-ാം വാള്യത്തിലുണ്ട്.
ഹിന്ദു മുസ്‌ലിമാവുന്നതും മുസ്‌ലിം ഹിന്ദുവാവുന്നതും ഇവരാരെങ്കിലും ക്രിസ്ത്യാനിയാവുന്നതും ക്രിസ്ത്യാനി മറ്റേതെങ്കിലും മതം സ്വീകരിക്കുന്നതും മതവിശ്വാസി മതരഹിതനാവുന്നതും മതരഹിതന്‍ മതവിശ്വാസിയാവുന്നതുമൊക്കെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറാന്‍ കഴിയുന്ന ചലനാത്മകമായ അന്തരീക്ഷമാണ് ജനാധിപത്യത്തിന്റെ ജീവവായു.
മതംമാറ്റങ്ങള്‍ നമ്മുടെ നവോത്ഥാനത്തെയും സാമൂഹ്യ പരിഷ്‌ക്കരണത്തെയും മത നവീകരണത്തെയുമെല്ലാം ഒരുപാട് ത്വരിപ്പിച്ച സാമൂഹ്യ ശക്തിയാണ്. 1930കളില്‍ ക്ഷേത്ര പ്രവേശന വിളമ്പരത്തിന്റെ പെട്ടെന്നുള്ള കാരണം തിരുവിതാംകൂറിലെ ഈഴവര്‍ മറ്റുമതങ്ങളിലേക്ക് മാറാന്‍ നടത്തിയ ആലോചനകളായിരുന്നു. ലഹളേ നീ തന്നെ പരിഷ്‌കര്‍ത്താവ് എന്ന് കുമാരനാശാന്‍ പറഞ്ഞതുപോലെ മതംമാറ്റം സ്വയം തന്നെ ഒരു സാമൂഹ്യപരിഷ്‌ക്കരണ ശക്തിയാണ്. മതം മാറാതെ പാരമ്പര്യ മതത്തില്‍ തന്നെ നിലയുറപ്പിച്ച അധസ്ഥിത പിന്നോക്ക ജാതിക്കാര്‍ക്ക് സ്വമതത്തിനകത്ത് തന്നെ മതപരിവര്‍ത്തന സാധ്യത ഒരു വലിയ വിലപേശല്‍ ശേഷി നല്‍കിയിരുന്നു. ആധുനിക തിരുവിതാം കൂറിന്റെ സാമൂഹ്യമാറ്റത്തിന്റെ ചരിത്രമെഴുതിയ റോബിന്‍ ജെഫ്രി രേഖപ്പെടുത്തുന്നു. ”ക്രിസ്തുമതത്തിലേക്ക് അത്രക്കൊന്നും ഈഴവര്‍ മാര്‍ഗം കൂടിയില്ല. എന്നാല്‍ ഏതാണ്ട് 40 വര്‍ഷക്കാലത്തേക്ക്, 1936ലെ ക്ഷേത്ര പ്രവേശന വിളംബരം വരെ ഉയര്‍ന്ന ജാതി ഹിന്ദുക്കളില്‍ നിന്നും ഉയര്‍ന്ന പദവിയുടെ അംഗീകാരം പിടിച്ചു പറ്റുന്നതിനുള്ള ഒരു ഭീഷണിയായി മതപരിവര്‍ത്തനത്തെ അവര്‍ ഉപയോഗിച്ചിരുന്നു” (നായര്‍ മേധാവിത്വത്തിന്റെ പതനം). ഹിന്ദുമതത്തെ നവീകരിക്കുന്നതില്‍ മതപരിവര്‍ത്തനം ഒരു രാസ ത്വരകമായി ഏറെ വര്‍ത്തിച്ചിട്ടുണ്ട്. അംബേദ്ക്കര്‍ ഇന്ത്യാ ചരിത്രത്തില്‍ മതംമാറ്റത്തെ സാമൂഹ്യ പരിവര്‍ത്തനത്തിനായി ഉപയോഗിച്ച പരിഷ്‌ക്കര്‍ത്താവായിരുന്നു.
മതമെന്നാല്‍ വംശമാണെന്നും വംശമെന്നാല്‍ മാറാന്‍ പാടില്ലാത്തതാണെന്നുമുള്ള ജനാധിപത്യ വിരുദ്ധ വാദത്തിനു നേരെയുള്ള പ്രഹരങ്ങളാണ് ഓരോ മതമാറ്റവും. മതം മാറിയാലും ജാതിമാറുന്നില്ല എന്ന അപഹാസ്യത സംഭവിക്കുന്നത് മതങ്ങളുടെ വിമോചനശേഷി പ്രകടമാക്കുന്നതിലെ സഹചാര്യപരമായ പരാധീനത കാരണമാണ്. മതപരിത്യാഗിയെ വധിക്കണമെന്ന ഇസ്‌ലാം മതതീവ്രവാദത്തിന്റെ നിലപാടും പുറത്തേക്കുള്ള വാതിലില്ലാത്ത അര്‍ദ്ധ വംശീയവാദം തന്നെയാണ്.
ഇപ്പോള്‍ ആഗ്രയില്‍ നടന്നതും അലിഗഢില്‍ നടത്താന്‍ നിശ്ചയിച്ചതുമായ സംഘ്പരിവാറിന്റെ ഗര്‍വാപസി (വീട്ടിലേക്ക് മടങ്ങല്‍) പരിപാടിയുടെ സവിശേഷത ഇത് വംശങ്ങളെ ജനാധിപത്യവല്‍ക്കരിക്കുന്ന പ്രക്രിയയല്ല എന്നതാണ്. വീട്ടിലേക്കുള്ള മടക്കമെന്നാല്‍ വംശത്തിലേക്കുള്ള മടക്കമാണ്. സംഘ്പരിവാര്‍ ഇവിടെ പറയുന്ന വീട് വംശത്തിന്റെ രൂപകമാണ്. ഇല്ലത്തു നിന്നു പോയിരുന്നവന്‍ ഇല്ലത്തേക്കും ചാളയില്‍ നിന്ന് പോയവന്‍ ചാളയിലേക്കും ചെറ്റയുണ്ടായിരുന്നവന് ചെറ്റയിലേക്കുമുള്ള മടക്കം. മതത്തെയും വിശ്വാസത്തെയും കുറിച്ച വ്യവഹാരത്തില്‍ വീട് സംഘ്പരിവാറിന്റെ മോഹിപ്പിക്കുന്ന പ്രതീകമാവുന്നത് വെറുതെയല്ല. ജാതി വ്യവസ്ഥയുടെ തുറമുഖങ്ങളാണ് വീടുകള്‍. ജാതി ഒരു വംശ വൃഷമാണ്. ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത കോട്ട. അതില്‍ നിന്ന് ചില ഘട്ടങ്ങളില്‍ രക്ഷപ്പെട്ടവരെ തിരികെ ആ കോട്ടയില്‍ തന്നെ അകപ്പെടുത്തുക എന്നതാണ് ഗര്‍വാ പസിയുടെ ലക്ഷ്യം. അലിഗഡിലെ മുസ്‌ലിംകള്‍ താക്കൂര്‍മാരും രജപുത്രന്മാരുമായിരുന്നു അവരെ ആ ജാതിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് സംഘ്പരിവാര്‍ നേതാക്കള്‍ പറയുന്നത്.
മതപരിവര്‍ത്തനത്തിനെതിരായ വംശീയമായ ഈ തിരിച്ചുപോക്കിന് മതപരാവര്‍ത്തനം എന്ന പദാവലി സംഘ്പരിവാര്‍ ഉപയോഗിക്കുന്നുണ്ട്. ‘മതേതരത്വം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ മതപരിവര്‍കത്തനത്തെ നഖശിഖാന്തം എതിര്‍ക്കുകയും മതപരിവര്‍ത്തനത്തെ കലവറയില്ലാതെ സ്വാഗതം ചെയ്യുകയും വേണം’ (ജന്മഭൂമി മുഖ പ്രസംഗം 2014 ഡിസംബര്‍ 15) മതപരിവര്‍ത്തനത്തിന്റെ ഒരു വിമോചന മൂല്യവുമില്ലാത്ത അടഞ്ഞ സാമൂഹ്യ ക്രമത്തെ വീണ്ടും അടച്ചുറപ്പിക്കുന്ന തലതിരിഞ്ഞ മതപരിവര്‍ത്തനമാണ് ഗര്‍വാ പാസി എന്ന മതപരാവര്‍ത്തനം. ഹിന്ദുമതത്തിലേക്കുള്ള മതപരിവര്‍ത്തനമായതുകൊണ്ടല്ല അത് പ്രതിലോമകരമാവുന്നത്. ഗര്‍വാ പാസി വംശത്തിലേക്കുള്ള തിരിച്ചുപോക്കാണ്. തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണെന്നതുകൊണ്ടാണ്. മാറ്റം എവിടെ നിന്ന് എവിടേക്കാണെങ്കിലും ജനാധിപത്യപരവും സാമൂഹ്യവുമായ ചലനാത്മകതയെ സഹായിക്കുന്നതുമാണ്.
ജനാധിപത്യപരമായല്ല വംശീയമായാണ് സംഘ്പരിവാര്‍ രാഷ്ട്രത്തെ പോലും നോക്കിക്കാണുന്നത്. വംശത്തിന്റെ ഭൂരൂപമാണ് സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം രാജ്യം. അവരെ സംബന്ധിച്ചിടത്തോളം പൗരത്വമല്ല ജാതി പോലെ തന്നെ ജന്മമാണ് ഒരാളെ രാജ്യവുമായി ബന്ധിപ്പിക്കുന്ന ഘടകം. അതുകൊണ്ടാണ് 2005 ലെ  പൊതു തെരഞ്ഞെടുപ്പില്‍ ഒന്നാം യു.പി.എ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നപ്പോള്‍ മുന്നണി നേതാവായി സോണിയാ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിട്ടും അവരുടെ പ്രധാനമന്ത്രി സ്ഥാനാരോഹണത്തിനെതിരെ ബി.ജെ.പി അതിശക്തമായ സമരം നടത്തിയത്. ഒടുവില്‍ ആ സമര സമ്മര്‍ദ്ധങ്ങള്‍ക്കൊടുവില്‍ സോണിയാ ഗാന്ധിക്ക് ഈ പദവി ഉപേക്ഷിക്കേണ്ടി വന്നു.

______________________________________________
സെമിറ്റിക് മത രീതിയിലേക്ക് ഹിന്ദു സംസ്‌കാരത്തെ പുനസംഘടിപ്പിക്കുക എന്നതാണ് ആര്‍.എസ്.എസ്  പ്രവര്‍ത്തനങ്ങളുടെ പൊതുരീതി. ജാതി, വംശവിവേചന രാഹിത്യം സെമിറ്റിക് മതങ്ങളുടെ പ്രത്യേകിച്ച് ഇസ്‌ലാമിന്റെ വലിയ സവിശേഷതയാണ്. വളരാന്‍ ആഗ്രഹിക്കുന്ന ഏത് സാമൂഹ്യ സംഘടനയും മതവും സ്വീകരിക്കുന്ന വളരെ സ്വാഭാവികമായ ഒരു നിലപാടാണിത്. അനേകായിരം ജാതി, ഉപജാതികളെ ഏകീകരിച്ച് ഒരറ്റ ഹൈന്ദവ സ്വത്വം നിര്‍മിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍, പക്ഷേ, അവരുടെ ഗര്‍വാപസ്തിയിലൂടെ ഓരോ ജാതിക്കാരനെയും ജാതിരഹിത നവഹൈന്ദവതയിലേക്കല്ല വളരെ കണിശമായി അവന്റെ പൂര്‍വ്വ ജാതിയിലേക്കാണ് തിരികെ കൊണ്ടുവരുന്നത്. മതമാറ്റ വിരുദ്ധമായ ഈ നിയമനിര്‍മാണ ശ്രമങ്ങളും മതപരാവര്‍ത്തനവും ജാതിവ്യവസ്തയെ പൂര്‍വാധിക ശക്തിയോടെ തിരിച്ചുകൊണ്ടുവരാനും ഹിന്ദു സംസ്‌കാരത്തിനകത്തെ ദളിത് ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളുടെ വിലപേശല്‍ ശേഷിയെ തകര്‍ക്കാനുമുള്ള വളരെ ആസൂത്രിതമായ ശ്രമമാണ്.
______________________________________________

സോണിയാ ഗാന്ധിക്ക് മറ്റേതൊരു ഇന്ത്യന്‍ പൗരനെയും പോലെ തുല്യമായ പൗരത്വമുണ്ടായിരുന്നു. ഇല്ലാതിരുന്ന ഏക കാര്യം ഇന്ത്യക്കാരിയായി ജനിച്ചില്ല എന്നതു മാത്രമായിരുന്നു. രാജ്യമെന്നതു തന്നെ ഒരു വലിയ ജാതിയായി മാറുന്നതാണ് നമ്മള്‍ അന്ന് കണ്ടത്. ജാതി മാത്രമല്ല ശരിയായ പൗരത്വവും ജന്മം കൊണ്ടാണ് നിര്‍ണയിക്കപ്പെടുന്നത് എന്നാണ് അന്ന് സംഘ്പരിവാര്‍ സ്ഥാപിച്ചെടുത്തത്. മാതൃരാജ്യം സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം  ഒരു പ്രത്യയശാസ്ത്രമാണ്. അല്ലാതെ പിറന്ന നാടിന്റെ പേരല്ല. ഇന്ത്യന്‍ എന്ന വ്യജേന സവര്‍ണ സംസ്‌കാരത്തെ പൊതുസംസ്‌കാരമായി സ്ഥാപിച്ചെടുക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. ഇന്ത്യന്‍ മണ്ണില്‍ ഉയിര്‍കൊണ്ടു എന്നതാണ് ഈ സംസ്‌കാരം മഹത്വരമാകുന്നതിന്റെ ഏക കാരണം. ഇത് പറയുന്നവര്‍ ജനിച്ചത് അമേരിക്കയിലോ അറേബ്യയിലോ ചൈനയിലോ ആയിരുന്നുവെങ്കില്‍ ഈ വംശീയ യുക്തിയനുസരിച്ച് അതത് നാടുകളില്‍ പിറന്ന സംസ്‌കാരങ്ങളെ ഉദാത്തീകരിക്കുമായിരുന്നു.
അതുകൊണ്ടാണ് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറയുന്നത്. ഹിന്ദുക്കളല്ലാത്തവരാരും ഇന്ത്യക്കാരല്ല എന്നതാണ് അതിന്റെ അര്‍ഥം. രാജ്യത്തെ, സംഘ്പരിവാര്‍ ഭാവന എപ്പോഴും അമ്മയായാണ് അവതരിപ്പിക്കാറുള്ളത്. ഭാരതാംബയാണ് സംഘ്പരിവാറിന് രാജ്യം. വംശത്തിന്റെ ഉറവിടമായ ഗര്‍ഭപാത്രത്തിന്റെ വലിയ രൂപം. എല്ലാ ദേശീയ കാല്‍പ്പനികതകളിലും ഇത് കാണാന്‍ കഴിയും. ദേശീയ ഭ്രാന്തത്തില്‍ ഇതിന്റെ സാന്ദ്രത ഏറെ അപകടകരമായ അളവിലായിരിക്കുമെന്നുമാത്രം. യഥാര്‍ഥത്തില്‍ ശരീരത്തെയും വംശത്തെയുമൊക്കെ അതിവര്‍ത്തിക്കാനാണ് മനുഷ്യന് ആദര്‍ശം. ശരീരം സ്വര്‍ഥതക്ക് പ്രേരിപ്പിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ ബലം നല്‍കുന്നത് ആദര്‍ശ വിചാരങ്ങളാണ്. വംശീയ വാദത്തില്‍ ശരീരവും വംശവുമൊക്കെതന്നെ ആദര്‍ശമാവുകയാണ്.
ശരീരം, മാതാപിതാക്കള്‍, വീട്, കുടുംബം, വംശം, ജന്മനാട് ഇവയെ മറികടക്കുന്ന ഒരാത്മീയ പ്രക്രിയ എല്ലാ ഋഷിമാരിലും പ്രവാചകന്മാരിലും നമുക്ക് കാണാന്‍ കഴിയും. അങ്ങനെയാണ് ബുദ്ധന്‍ കൊട്ടാരമുപേക്ഷിച്ച് ഇറങ്ങിപ്പോവുന്നത്. രാമന്‍ കാട്ടിലേക്ക് പോവുന്നത്. കൃഷ്ണന്‍ സ്വകുടുംബത്തിനെതിരെ ധര്‍മ്മയുദ്ധത്തിന് അര്‍ജുനനെ പ്രേരിപ്പിക്കുന്നത്. എബ്രഹാം പ്രവാചകന്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ്, മക്കേ, നിന്നേക്കാള്‍ പ്രിയപ്പെട്ട ഒരു നാടുമെനിക്കില്ല എന്ന് വികാരാധീനനായിക്കൊണ്ട് തന്നെ നാടുപേക്ഷിച്ചത്. ജന്മത്തിന്റെയും ശരീരത്തിന്റെയും അതിന്റെ വിപുല രൂപങ്ങളായ കുടുംബം, വംശം, ജാതി, ദേശം എന്നിവയില്‍ നിന്നെല്ലാമുള്ള അപ്പുറം പോകലാണ് ആത്മീയതയും മതവും. അത് മാറരുതെന്ന് പറയുന്നവരെയും മാറിയവര്‍ പൂര്‍വ്വ വംശത്തിലേക്ക് തിരിച്ചുവരണമെന്നു പറയുന്നവരെയും സംബന്ധിച്ചെടത്തോളം മതം ഒരു വംശീയത മാത്രമാണ്.
സംഘ്പരിവാറിന്റെ യഥാര്‍ഥ ആവശ്യം മതംമാറ്റം നിരോധിക്കുകയാണ്. അതുകൊണ്ടാണ് ആഗ്ര മതമാറ്റ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി കാര്യമന്ത്രി എം. വെങ്കയാ നായിഡു, മതപരിവര്‍ത്തനവും തിരിച്ചുള്ള മതപരിവര്‍ത്തനവും തടയുന്നതിന് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പാര്‍ലമെന്റില്‍ അറിയിച്ചത്. മത മാറ്റമെന്ന ചലനാത്മകതയെ പിടിച്ചുകെട്ടാനുള്ള പൊതുസമ്മതം നേടിയെടുക്കാനാണ് സംഘ്പരിവാര്‍ ഇപ്പോള്‍ ഈ പ്രകോപനം സൃഷ്ടിക്കുന്നത്. ജാതിയഥിഷ്ടിതമായ ഒരു സാമൂഹ്യക്രമത്തിന് മതം മാറ്റത്തോളം പോന്ന മറ്റൊരു ഭീഷണിയുമില്ല.
സെമിറ്റിക് മത രീതിയിലേക്ക് ഹിന്ദു സംസ്‌കാരത്തെ പുനസംഘടിപ്പിക്കുക എന്നതാണ് ആര്‍.എസ്.എസ്  പ്രവര്‍ത്തനങ്ങളുടെ പൊതുരീതി. ജാതി, വംശവിവേചന രാഹിത്യം സെമിറ്റിക് മതങ്ങളുടെ പ്രത്യേകിച്ച് ഇസ്‌ലാമിന്റെ വലിയ സവിശേഷതയാണ്. വളരാന്‍ ആഗ്രഹിക്കുന്ന ഏത് സാമൂഹ്യ സംഘടനയും മതവും സ്വീകരിക്കുന്ന വളരെ സ്വാഭാവികമായ ഒരു നിലപാടാണിത്. അനേകായിരം ജാതി, ഉപജാതികളെ ഏകീകരിച്ച് ഒരറ്റ ഹൈന്ദവ സ്വത്വം നിര്‍മിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍, പക്ഷേ, അവരുടെ ഗര്‍വാപസ്തിയിലൂടെ ഓരോ ജാതിക്കാരനെയും ജാതിരഹിത നവഹൈന്ദവതയിലേക്കല്ല വളരെ കണിശമായി അവന്റെ പൂര്‍വ്വ ജാതിയിലേക്കാണ് തിരികെ കൊണ്ടുവരുന്നത്. മതമാറ്റ വിരുദ്ധമായ ഈ നിയമനിര്‍മാണ ശ്രമങ്ങളും മതപരാവര്‍ത്തനവും ജാതിവ്യവസ്തയെ പൂര്‍വാധിക ശക്തിയോടെ തിരിച്ചുകൊണ്ടുവരാനും ഹിന്ദു സംസ്‌കാരത്തിനകത്തെ ദളിത് ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളുടെ വിലപേശല്‍ ശേഷിയെ തകര്‍ക്കാനുമുള്ള വളരെ ആസൂത്രിതമായ ശ്രമമാണ്.

Top