വിദ്യാഭ്യാസാവകാശ നിയമം – സുപ്രീം കോടതി വിധിയും പാര്‍ശ്വവല്‍കൃത സമൂഹങ്ങളും

വിദ്യാഭ്യാസ അവകാശ നിയമം പാര്‍ലമെന്റ് പാസ്സാക്കുന്നതിന് മുന്‍പു തന്നെ, നിയമം നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരായിട്ടുള്ളവര്‍ എന്ന് നിയമം അനുശാസിക്കുന്ന സ്വകാര്യ/ന്യൂനപക്ഷ/എയ്ഡഡ്/അണ്‍ എയ്ഡഡ് – വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം അവരില്‍ പലരും കോടതികളെ സമീപിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ പ്രവേശനത്തിന് പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റിതര ദുര്‍ബല വിഭാഗങ്ങള്‍ക്ക് 25% സംവരണം നല്‍കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദ്ദേശമാണ് സ്വകാര്യസ്ഥാപനങ്ങള്‍ ചോദ്യം ചെയ്തത്.

14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന ഭരണഘടനാ നിര്‍ദ്ദേശം 60 വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രാവര്‍ത്തികമാക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം രൂപീകരിച്ച വിവിധ വിദ്യാഭ്യാസ കമ്മീഷനുകളും രാഷ്ട്രീയ – സാമൂഹ്യപ്രസ്ഥാനങ്ങളും നീണ്ട പ്രക്ഷോഭങ്ങള്‍ ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലിക അവകാശമാക്കിക്കൊണ്ടുള്ള 96-ാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസ അവകാശ നിയമം 2006-ല്‍ പാര്‍ലമെന്റ് പാസ്സാക്കി. ആ ഘട്ടത്തില്‍ തന്നെ ബില്ലിന്റെ നിരവധി പോരായ്മകളെക്കുറിച്ച് വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നു. 6 വയസ്സുവരെയുള്ള കുട്ടികളും 14 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളും നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതും സാമ്പത്തിക ബാദ്ധ്യകള്‍ ആരു വഹിക്കും എന്നുള്ള കാര്യത്തിലും സ്റ്റേറ്റിന്റെ ഉത്തരവാദിത്വമെന്നുള്ളത് കൃത്യമായി നിര്‍വചിക്കപ്പെടുന്നില്ല എന്നുള്ളതും മതിയായ നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലായെന്നതുമടക്കം നിരവധി പ്രശ്‌നങ്ങള്‍ ഈ നിയമത്തിന്റെ പോരായ്മയായി ചൂണ്ടികാണിക്കപ്പെട്ടു. ഈ പ്രശ്‌നങ്ങളൊന്നും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം വിദ്യാഭ്യാസ അവകാശ നിയമം പാര്‍ലമെന്റ് പാസ്സാക്കുന്നതിന് മുന്‍പു തന്നെ, നിയമം നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരായിട്ടുള്ളവര്‍ എന്ന് നിയമം അനുശാസിക്കുന്ന സ്വകാര്യ/ന്യൂനപക്ഷ/എയ്ഡഡ്/അണ്‍ എയ്ഡഡ് – വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം അവരില്‍ പലരും കോടതികളെ സമീപിച്ചു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ പ്രവേശനത്തിന് പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റിതര ദുര്‍ബല വിഭാഗങ്ങള്‍ക്ക് 25% സംവരണം നല്‍കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദ്ദേശമാണ് സ്വകാര്യസ്ഥാപനങ്ങള്‍ ചോദ്യം ചെയ്തത്. ഈ വാദം ഉന്നയിച്ച് രാജസ്ഥാനിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാനപങ്ങളുടെ സംഘടന നല്‍കിയ കേസിന്മേലാണ് സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടനാ ബഞ്ച് 2014 മേയ് മാസം സുപ്രധാനമായ വിധി പുറപ്പെടുവിക്കുന്നത്. രാജസ്ഥാനിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യുനപക്ഷ സമൂഹങ്ങളെ പ്രതിനിധീകരിച്ച് മുസ്ലീം മാനേജ്‌മെന്റ് അസോസിയേഷനും ഈ കേസില്‍ പിന്നീട് കക്ഷി ചേരുകയുണ്ടായി.
ഭരണഘടനാ ബഞ്ചിന്റെ സുപ്രധാനമായ വിധിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളുകയും വിദ്യാഭ്യാസഅവകാശ നിയമത്തിലെ 25% സംവരണമെന്ന നിര്‍ദ്ദേശത്തിന് ഭരണഘടനാ സാധുത ഉണ്ടെന്ന് വിധിക്കുകയുമാണ് കോടതി ചെയ്തത്. എന്നാല്‍, ന്യൂനപക്ഷസ്ഥാപനങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള ന്യൂനപക്ഷങ്ങളുടെ പ്രത്യേക ഭരണഘടനാ അവകാശത്തെ വിദ്യാഭ്യാസ അവകാശ നിയമം നിരാകരിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു. ആയതിനാല്‍, വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും കോടതി വിധിച്ചു.

__________________________________
ഭരണഘടനാ ബഞ്ചിന്റെ സുപ്രധാനമായ വിധിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളുകയും വിദ്യാഭ്യാസഅവകാശ നിയമത്തിലെ 25% സംവരണമെന്ന നിര്‍ദ്ദേശത്തിന് ഭരണഘടനാ സാധുത ഉണ്ടെന്ന് വിധിക്കുകയുമാണ് കോടതി ചെയ്തത്. എന്നാല്‍, ന്യൂനപക്ഷസ്ഥാപനങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള ന്യൂനപക്ഷങ്ങളുടെ പ്രത്യേക ഭരണഘടനാ അവകാശത്തെ വിദ്യാഭ്യാസ അവകാശ നിയമം നിരാകരിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു. ആയതിനാല്‍, വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും കോടതി വിധിച്ചു.
__________________________________

ന്യൂനപക്ഷ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം കേരളം പോലൊരു സംസ്ഥാനത്ത് ഈ വിധിയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സവിശേഷമായി പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, ദലിത്, ആദിവാസി, മറ്റിതര ദുര്‍ബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ പശ്ചാത്തലത്തില്‍.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 60%ഉം സ്വകാര്യ എയ്ഡഡ്/സ്വകാര്യ അണ്‍എയ്ഡഡ് മേഖലയിലാണ്. ഈ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ ഉടമസ്ഥതയിലുള്ളതുമാണ്. ഫലത്തില്‍ ഈ കോടതി വിധി കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍ അന്‍പതോ അതിലധികമോ ശതമാനം വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം മൗലിക അവകാശമാക്കുന്ന നിയമം ബാധകമല്ലെന്ന സ്ഥിതിയിലെത്തും. വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന കണക്കുകള്‍ പ്രകാരം കേരളത്തിലെ പട്ടികജാതി / പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ 59% പഠിക്കുന്നത് എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകളിലാണ്. സുപ്രീംകോടതി വിധി ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. വിധി വന്നു എന്നതുകൊണ്ട് ഈ വിദ്യാര്‍ത്ഥികളെ എല്ലാം ഉടന്‍ തന്നെ ഈ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കുമെന്നോ അല്ലെങ്കില്‍ ഫീസ് കൊടുക്കേണ്ടി വരുമെന്നോ എന്നൊന്നും ഇതിനര്‍ത്ഥമില്ല. പക്ഷേ ഭരണഘടനാ അവകാശമെന്ന നിലയില്‍ എയ്ഡഡ് മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന സ്‌കൂള്‍ പ്രവേശന അവകാശങ്ങള്‍ ഒരു ഔദാര്യമെന്ന നിലയിലേക്ക് മാറ്റപ്പെടാം. അല്ലെങ്കില്‍ തന്നെ നിലവില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ ജാതി, സാമ്പത്തിക സ്ഥിതി, താമസിക്കുന്ന പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് പല സ്‌കൂളുകളും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. നിലവാരമില്ലെന്ന പേരില്‍ വിജയശതമാനം ഉയര്‍ത്തുവാനായി കുട്ടികളെ തെരഞ്ഞുപിടിച്ച് സ്‌കൂളുകളില്‍ നിന്നും ഒഴിവാക്കുന്ന രീതിയും അസാധാരണമല്ല. ഇതിനൊക്കെ ഇരയാക്കപ്പെടുന്നത് ദളിത് ആദിവാസി വിഭാഗങ്ങളിലെ കുട്ടികളാണെന്നുള്ളത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. ദളിത് ആദിവാസി മറ്റിതര ദുര്‍ബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ സുപ്രീം കോടതി വിധി എന്നതില്‍ സംശയമില്ല. മാത്രവുമല്ല, ഈ സുപ്രീംകോടതി വിധി സംവരണ വിരുദ്ധമനോഭാവത്തെ പിന്‍പറ്റുന്നു എന്നത് ഒരു സൂക്ഷ്മ വായനയില്‍ നിരീക്ഷിക്കാവുന്നതാണ്. രാഷ്ട്രീയവും നിയമപരവുമായ പരിഹാരങ്ങള്‍ അനിവാര്യമായ ഈ വിഷയത്തില്‍ തുറന്നതും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
____________________________

Top