നിനക്ക് മറ്റത്ണ് ?
“എന്താണ് പീര്യഡ്സിന്റെ മനശ്ശാസ്ത്രം? അവള്‍ക്ക് മാത്രമുള്ളത് എന്ന അറിവില്‍നിന്നുയരുന്ന അപകര്‍ഷതാബോധമാണോ? ഇനി അതല്ല, അവളുടെ അഭിമാനമായിത്തീര്‍ന്നേക്കാം എന്ന് അവന്‍ ഭയക്കുന്ന ഒരു പ്രക്രിയയെ ഭാഷയില്‍നിന്ന് തുടച്ചുനീക്കി ആശ്വാസം കണ്ടെത്താനുള്ള ശ്രമമാണോ?”
സാറാ ജോസഫിന്റെ ‘മാറ്റാത്തി’യില്‍, ഒറ്റവായനയ്ക്ക് ശേഷം മറക്കാതെ മനസ്സില്‍ തങ്ങിയ ചില ഭാഗങ്ങളിലൊന്നാണിത്. ലൂസിയെ കോളെജിലെ മാഷ് ലൈംഗീകമായി അതിക്രമിച്ചതിന് ശേഷം അവള്‍ക്ക് ശ്ശര്‍ദ്ദിക്കാന്‍ വരുന്നു. എത്ര ശ്ശര്‍ദ്ദിച്ചിട്ടും ആ അറപ്പ് മാറുന്നില്ല. അവളവസാനം വായില്‍ വിരലിട്ട് എല്ലാം പുറത്ത് കളയാന്‍ നോക്കുന്നു. അപ്പോള്‍ ലൂസിയും അവളുടെ സുഹൃത്ത് സുന്ദരിയും തമ്മില്‍ ഒരു സംഭാഷണമുണ്ട്. അതിങ്ങനെ.
സുന്ദരി തോറ്റുു. ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും മനസ്സില്‍ പിടിച്ച ഒരു വാക്കില്ലേ ഇതിന്, എന്ത് കഷ്ടാ!’
ഇതൊക്കെ എന്റെയും പ്രശ്നങ്ങളാണ്. പെണ്ണുങ്ങളുടെ ലൈംഗീകാവയവങ്ങള്‍ പോലെ, ഈ പ്രക്രിയയ്ക്കും മലയാളത്തില്‍ കൊള്ളാവുന്ന, ഇഷ്ടം തോന്നുന്ന വാക്കുകളെന്തെങ്കിലുമുള്ളതായി ഞാന്‍ കണ്ടട്ടില്ല. ഒന്നുമൊന്നും ഇഷ്ടപ്പെടാതെ അവസാനം ഇംഗ്ലീഷിനെ കൂട്ട് പിടിച്ചിരിക്കുന്നു ഞാന്‍. ഇംഗ്ലീഷ് വലിയ സ്ത്രീസമത്വ ഭാഷയൊന്നുമല്ല. എല്ലാത്തിലും കെടക്കുന്നു ജാതി, നിറം, ലിംഗം. എന്നാലും ഇപ്പോള്‍ തല്‍ക്കാലം periods തന്നെയാണ് രക്ഷ.
ആദ്യ പീര്യഡ്സിന് പിന്നെയും വാക്കുകളുണ്ട്. അതിലെനിക്കേറ്റവും ഇഷ്ടപ്പെട്ടത് പുഷ്പിത എന്ന വാക്കാണ്. പക്ഷെ വയറ് വേദനിച്ച് കരയുന്ന സുഹൃത്തിന്റടുത്ത്
ലൈംഗീകതയിലേയ്ക്ക് വരുമ്പോള്‍ സ്ത്രീയ്ക്ക് സ്വന്തമായി അങ്ങനെയിപ്പൊ ഒന്നും വേണ്ട എന്ന പുരുഷന്റെ തോന്നലാണ് വാക്കുകളുടെ അഭാവത്തിന് കാരണം എന്ന് കരുതാം.അവനെക്കൂടാതെ അവള്‍ക്ക് രതിസുഖം സാദ്ധ്യമാണ് എന്നതിന്റെയൊക്കെ തെളിവാണല്ലോ clitoris. (ഇല്ല. അതിനും കണ്ണീക്കണ്ട മലയാളം? വാക്കുകളൊന്നും ഉപയോഗിക്കാന്‍ ഞാന്‍ തയ്യാറല്ല). എന്താണ് പീര്യഡ്സിന്റെ മനശ്ശാസ്ത്രം? അവള്‍ക്ക് മാത്രമുള്ളത് എന്ന അറിവില്‍നിന്നുയരുന്ന അപകര്‍ഷതാബോധമാണോ? ഇനി അതല്ല, അവളുടെ അഭിമാനമായിത്തീര്‍ന്നേക്കാം എന്ന് അവന്‍ ഭയക്കുന്ന ഒരു പ്രക്രിയയെ ഭാഷയില്‍നിന്ന് തുടച്ചുനീക്കി ആശ്വാസം കണ്ടെത്താനുള്ള ശ്രമമാണോ? അറിയില്ല.
ആറാം ക്ലാസ്സ് തൊട്ടാണ് (എന്റെ കൂടെപ്പഠിച്ച) പെണ്‍കുട്ടികളുടെയുള്ളില്‍ പീര്യഡ്സ് എന്ന ആശയം കടന്നുവരാന്‍ തുടങ്ങുന്നത്. ആറാം ക്ലാസ്സില്‍ ഭാവിമുലകളുടെ സ്ഥാനത്ത് അതിഭയങ്കരമായ വേദന അനുഭവപ്പെട്ടപ്പോള്‍ എന്തോ മാരകരോഗമാണെന്ന് വിചാരിച്ച് അമ്മയോട് സംശയം ചോദിക്കുമ്പോഴാണ് വരാനിരിക്കുന്ന വന്‍വിപത്തിനെപ്പറ്റി എനിക്കറിവു ലഭിക്കുന്നത്. അടുത്തുതന്നെ ‘അത്’ ഉണ്ടാവുമത്രേ. പിന്നെ സ്കൂളിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും പറയാന്‍ ഇതുതന്നെ കാര്യം. നിനക്കായോ? എനിക്കായില്ല. അടുത്തുതന്നെ ആവും.എങ്ങനെയാണ് ആയാല്‍ അറിയുക? അതായാല്‍ മരിച്ചുപോവുമോ? അതായില്ലെങ്കിലെന്തു ചെയ്യും? അങ്ങനെയങ്ങനെ അവസാനമില്ലാത്ത സംശയങ്ങള്‍. God of Small Things ല്‍ അരുന്ധതി റോയുടെ റാഹേല്‍ സ്കൂളിലെ മുതിര്‍ന്ന പെണ്‍കുട്ടികളുടെ നെഞ്ചത്തിടിക്കുന്നുണ്ട്. അവര്‍ക്ക് വേദനിക്കുമോ എന്നറിയാന്‍. അത് ആ പ്രായത്തില്‍ വളരെ സ്വാഭാവികമായ കാര്യവുമാണ്. കാരണം ബാക്കിയുള്ളവരില്‍ എന്തെന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നറിയാന്‍ ഒടുങ്ങാത്ത ജിജ്ഞാസയായിരിക്കും അപ്പോഴൊക്കെ. ഞാനും എന്റെ സുഹൃത്തും സ്കൂളിലെ എല്ലാ ചേച്ചിമാരെയും നോക്കി അവര്‍ക്ക് ‘അത് ആയിട്ടുണ്ടോ ഇല്ലയോ എന്ന് കൂലംകഷമായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അവസാനം ഏഴാം ക്ലാസ്സില്‍ ഞാന്‍ പുഷ്പിതയായപ്പോള്‍ കൂട്ടുകാരിയോട് എന്താണ് പറയേണ്ടതെന്നറിയതെ ഞാന്‍ കുഴങ്ങി. ലൂസിയ്ക്കും സുന്ദരിക്കും അനുഭവപ്പെട്ട അതേ വൈക്ലബ്യം. അതൊരു ഇംഗ്ലീഷ് മീഡീയം സ്കൂളായിരുന്നു. മലയാളത്തില്‍ സംസാരിച്ചാല്‍ പിഴയുണ്ടായിരുന്നു. എന്നാലും അന്നും ഇന്നും എപ്പോഴും എല്ലാവരും മലയാളത്തില്‍ത്തന്നെയാണ് സംസാരിച്ചിരുന്നത്. പക്ഷെ അന്ന്, തുടയിടുക്കില്‍ ഒരു കുഞ്ഞുപ്രപഞ്ചം ഒളിപ്പിച്ച് സ്കൂളില്‍ പോയ എനിക്ക് ഇംഗ്ലീഷിലേയ്ക്ക് തിരിയേണ്ടി വന്നു. അല്ലാതെന്ത് ചെയ്യാന്‍?!
ആദ്യത്തെ ഒരാവേശമൊക്കെ കെട്ടടങ്ങിക്കഴിഞ്ഞതിനുശേഷം പതുക്കെപ്പതുക്കെ മാസാമ്മാസമുള്ള ഈ സംഭവത്തോട് വെറുപ്പായിത്തുടങ്ങി. എന്താണ് അതിന്റെ ആവശ്യം? ആര്‍ക്കുള്ള വഴിപാടാണിത്? മൂന്നോ നാലോ ദിവസം (പലര്‍ക്കും പലതുപോലെയാണ്. എനിക്കിങ്ങനെയും). മാത്രം നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയൊന്നുമല്ല ഇത്. അത് ഒരു തുടര്‍പ്രക്രിയയാണ്. ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്നിലേയ്ക്കെന്ന് പറഞ്ഞ് അന്തമില്ലാതെ പോകുന്ന ഒരു പരമ്പര. പീര്യഡ്സ് ആവുന്നതിനു മുമ്പ് ഓവുലേഷന്‍ (അണ്ഡോല്‍പ്പാദനം? ദേ കിടക്കുന്നു വേറൊരു സാധനം)സമയത്ത് മുലകളില്‍ കലശലായ വേദന. ഓരോ ക്ലാസ്സും കൂടുന്നതിനനുസരിച്ച് അതിന്റെ വിഷമതകളും കൂടിക്കൂടി വന്നു. ആ സമയത്ത് ചാടാന്‍ പറ്റില്ല. അന്നാണെങ്കി ബാസ്കറ്റ്ബോളിന്റെ അസ്കിതയുമുണ്ടായിരുന്നു. ഒന്നനങ്ങിയാല്‍ തീര്‍ന്നു. ഇപ്പൊ വണ്ടിയോടിക്കലാണ് പ്രശ്നം.
എന്നിരുന്നാലും പതുക്കെപ്പതുക്കെ എന്റെ ഗര്‍ഭപാത്ര വിലാപത്തെ (പീര്യഡ്സിനെ ഇംഗ്ലീഷില്‍ ആലങ്കാരികമായി cry of the womb എന്ന് വിളിക്കാറുണ്ടെന്ന് പറഞ്ഞു തന്നു, എന്റെ പത്താംക്ലാസ്സിലെ ബയോളജി പാഠപുസ്തകം) ഞാന്‍ കുറച്ചൊക്കെ സ്നേഹിച്ചുതുടങ്ങി. അവളൊരു കുഞ്ഞപ്സരസ്സല്ലേ! അവളല്ലേ എന്നെ ഞാനാക്കുന്നതില്‍ ചെറുതല്ലാത്തൊരു പങ്ക് വഹിക്കുന്ന ദേവത. എന്തെന്തു നേരമ്പോക്കുകളാണ് കള്ളിക്ക്! കുളി തെറ്റിയാല്‍ കുഞ്ഞുവാവ. തെറ്റാത്ത കുളി നോക്കി വാവ വേണോ വേണ്ടയോന്ന് തീരുമാനിക്കാം. ഹമ്പടി കേമീ! ഈ പ്രപഞ്ചത്തിനെയാണോ ഹേ പുരുഷാ നിങ്ങള്‍ കേവലഭാഷയിലെ ഏങ്കോണിപ്പുകള്‍ കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് സാദ്ധ്യമല്ലെന്ന് എന്നാണ് നിങ്ങള്‍ക്ക് ബോധമുദിക്കുക?
നീല്‍ ആന്റ് നിക്കി എന്ന ഹിന്ദി പടത്തില് എനിക്കോര്‍മയുള്ള ഒരു കാര്യം അതിലെ നായകന് സ്കൂട്ടറോടിക്കുന്ന സ്ത്രീകളെ കാണാനിഷ്ടമാണത്രെ. അവരുടെ മുലകള്‍ ഇങ്ങനെ കുലുങ്ങുന്നതിലാണ് അതിന്റെ സൌന്ദര്യം എന്നാണയാളുടെ വാദം.