സകരിയ്യ: കഥ ഇതുവരെ
ഭീകരവേട്ടയുടെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാളാണ് മലപ്പുറം പരപ്പനങ്ങാടിയിലെ സകരിയ്യ. കർണാടകയിലെ പരപ്പന അഗ്രഹാര ജയിലിൽ വിചാരണയില്ലാതെ ഒമ്പതു വർഷം പൂർത്തിയാക്കുന്ന സകരിയ്യയുടെ തടവുജീവിതത്തിന്റെ രാഷ്ട്രീയ മാനങ്ങൾ പരിശോധിക്കുന്നു. സകരിയ്യയുടെ ഉമ്മ ബീയുമ്മയുടെ ഇപ്പോഴും തുടരുന്ന സഹനവും സമരവും പ്രാർഥനയും ലേഖനം അടയാളപ്പെടുത്തുന്നു.
മലപ്പുറം പരപ്പനങ്ങാടിയിലെ ബീയുമ്മയുടെ കാത്തിരിപ്പിനും പോരാട്ടങ്ങൾക്കും ഒമ്പതു വയസ്സാവുകയാണ്. ബാംഗ്ളൂരിൽ നിന്നു പത്തു കിലോമീറ്റർ മാറി പരപ്പന അഗ്രഹാര ജയിലിൽഅവരുടെ മകൻ സക്കറിയ ഉണ്ട്. കഴിഞ്ഞ ഒമ്പതു വർഷമായി അവൻ വിചാരണത്തടവ് അനുഭവിക്കുകയാണ് . 25 ജൂലൈ 2008ൽ നടന്ന ബാംഗ്ലൂർ സ്ഫോടന കേസിൽ എട്ടാം പ്രതിയാണു സക്കരിയ.
സ്ഫോടനത്തിനാവശ്യമായ ട്രിമ്മറും മൈക്രോ ചിപ്പും ഉണ്ടാക്കാൻ സഹായിച്ചു എന്നതാണു സക്കറിയക്കു മേൽ ആരോപിക്കപ്പെട്ട കുറ്റം. എന്നാൽ , കഴിഞ്ഞ ഒമ്പതു വർഷമായി ബീയുമ്മ ഈ ലോകത്തോടു വിളിച്ചു പറയുകയാണ് ,’എന്റെ മകൻ നിരപരാധിയാണ് ,അവനെ വിട്ടയാക്കണ’മെന്ന് .
കടത്തിക്കൊണ്ടുപോക്ക്
2009 ഫെബ്രുവരി അഞ്ചിനാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയെ തിരൂരിൽ അദ്ദേഹം ജോലി ചെയ്യുന്ന മൊബൈൽ കടയിൽ നിന്നു് കർണാടക പോലീസ് ‘കടത്തിക്കൊണ്ടുപോകുന്നത്’. ‘കടത്തിക്കൊപോകുന്നത്’ എന്നുതന്നെ പറയേണ്ടി വരും ; കാരണം ഒരു അറസ്റ്റ് നടക്കുമ്പോൾ പാലിക്കേണ്ട എല്ലാ നിയമങ്ങളും തെറ്റിച്ചാണ് സക്കരിയയെ അവർ കൊണ്ടു പോയത്.
ഒരു അറസ്റ്റ് നടക്കുമ്പോൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിയുടെ വീട്ടുകാരെ കാര്യങ്ങൾ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ അറസ്റ്റിനു ശേഷം മൂന്നാം ദിവസം സക്കരിയ വീട്ടിൽ വിളിച്ചു പറയുമ്പോഴാണ് തന്റെ മകനു സംഭവിച്ച ദുരന്തം ബീയുമ്മ അറിയുന്നത്.
വളരെയധികം ആസൂത്രിതമായിട്ടാണു പൊലീസ് ഇടപെട്ടത്. ഈ സംഭവം പുറത്തറിഞ്ഞാൽ മകന്റെ മോചനം സാധ്യമാവുകയില്ലെന്നും അതുകൊണ്ടു മാധ്യമങ്ങൾ ഇതറിയരുതെന്നും പൊലീസ് ബീയുമ്മയെ പറഞ്ഞു പേടിപ്പിച്ചു.
പൊള്ളയായ ആരോപണങ്ങൾ
സക്കരിയാക്കു പത്തു വയസ്സുള്ളപ്പോൾ മരണമടഞ്ഞതാണു ബാപ്പ. പിന്നീട് ബീയുമ്മയുടെ സഹോദരങ്ങളുടെ തണലിലാണ് അവരുടെ നാലു മക്കളും വളർന്നത്.
പ്ലസ് ടുവിനു ശേഷം ബി-കോമിനു ചേർന്ന സക്കരിയ പെട്ടെന്നു ജോലി കിട്ടണം എന്ന ഉദ്യേശത്തോടെ അതു നിറുത്തി. ശേഷം ഒരു വർഷത്തെ ഇലക്ട്രോണിക്സ് കോഴ്സ് പഠിച്ചു. കോഴ്സ് കഴിഞ്ഞതിനു ശേഷമാണു തിരൂരിൽ ജോലിക്കു കയറുന്നത്. അവിടെ കയറിയിട്ടു നാലു മാസം ആവുമ്പോഴാണ് ബാംഗ്ലൂർ സ്ഫോടനത്തിനു ട്രിമ്മർ ഉണ്ടാക്കാൻ സഹായിച്ചു എന്നതിന്റെ പേരിൽ അറസ്റ്റിലാവുന്നത്.
വെറും ഒരു വര്‍ഷം ഇലക്ട്രോണിക് കോഴ്സ് പഠിച്ചതല്ലാതെ, ആ മേഖലയിൽ വേറെ പരിചയസമ്പത്തൊന്നും സക്കരിയക്കില്ല. എന്നാല്‍, ബോംബുണ്ടാക്കാൻ ഇലക്ട്രോണിക്സ് കോഴ്സ് പഠിച്ചുവെന്നാണു ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
രണ്ടു സാക്ഷികളെയാണു കർണാടക പൊലീസ് ഹാജരാക്കിയത്; നിസാമുദ്ദീനും ഹരിദാസും. ഈ രണ്ടു പേരും തങ്ങളെ പൊലീസ് കബളിപ്പിച്ചു് ഒപ്പിടുവീച്ചതാണെന്നും സക്കരിയയെ അറിയുക പോലുമില്ലെന്നും പിന്നീടു വെളിപ്പെടുത്തി. എന്നാൽ ഇത്രയധികം വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും സക്കറിയയെപ്പറ്റി മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തിരുത്തി പറഞ്ഞില്ല.
ബീയുമ്മ എന്ന പോരാളി
മകന്റെ മോചനത്തിനായി ബീയുമ്മ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ സഹികെട്ട് അവർ പറഞ്ഞു: “എല്ലാ കോടതിക്കും മുകളിൽ അല്ലാഹുവിന്റെ കോടതിയുണ്ട് ; അവിടെ അവനു നീതി ലഭിക്കു”മെന്ന്.
ഫാസിസത്തിനെതിരെ തൊണ്ട കീറുന്ന ഇടതു സർക്കാർ മുസ്ലിങ്ങൾക്കു മേലെ മതേതരത്വം സ്ഥാപിക്കുന്നതിന്റെ തിരക്കിൽ ഒരു പക്ഷേ ബീയുമ്മയുടെ കണ്ണീർ കണ്ടിട്ടുണ്ടാവില്ല. സമുദായവും ജാതിയും മതവുമുള്ള പൊലീ
സ് നിരന്തരം ബീയുമ്മയെ പിന്തുടർന്നു. സഹികെട്ട് അവർ വീടുവിട്ടിറങ്ങേണ്ടി വന്നു. വീട്ടുകാരും നാട്ടുകാരും ആ കുടുംബത്തെ ഒറ്റപ്പെടുത്തി. അയൽക്കാർ തീവ്രവാദിയുടെ ഉമ്മയോടു മിണ്ടാതെയായി. സാമൂഹിക ബഹിഷ്കരണത്തിന്റെ തലത്തിലേക്കു കാര്യങ്ങളെത്തി. പക്ഷേ ദൈവകൃപയാൽ ആ ഉമ്മ പിടിച്ചു നിന്നു.
തന്റെ മകന് അതിയായ തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നുവെന്നു ബീയുമ്മ പത്രത്തിൽ വായിച്ചറിഞ്ഞു. നൊന്തു പെറ്റ മകന്റെ വേദന നിസ്സഹായയായി നോക്കി നിൽക്കയല്ലാതെ ആ ഉമ്മ എന്തു ചെയ്യാൻ?
ഇതിനിടെ രണ്ടു തവണയാണു സക്കരിയക്ക് പരോൾ അനുവദിച്ചത്. ഓരോ തവണയും മകനെ കണ്ട് കൊതിതീരും മുന്‍പു് പ്രാർത്ഥനയോടെ യാത്രയാക്കേണ്ടിവന്നു. ഇപ്പോൾ ഒരു നാടുതന്നെ ആ ഉമ്മക്കും മകനും വേണ്ടി അഭിമാനപൂർവം എണീറ്റു നിൽക്കുന്നു.
കഴിഞ്ഞ ഒമ്പതു വർഷമായി കരഞ്ഞു തീർത്ത കണ്ണീരിൽ നിന്നു കരുത്താർജിച്ചിട്ടുണ്ടാവും ബീയുമ്മ. അവരിന്നും പോരാടുകയാണ്.
ബീയുമ്മക്കു കൂട്ടിനു് അവരുടെ സഹോദരന്മാരും പിന്നെ ജസ്റ്റിസ് ഫോർ സക്കരിയ ആക്ഷൻ ഫോറവുമുണ്ട്. മുസ്ലിം സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പോരാട്ടത്തിനു പിന്തുണ നൽകുന്നു. പ്രതീക്ഷയുണ്ട് ആ മാതാവിന്; തന്റെ മകനെ തിരിച്ചു കൊണ്ടു വരാൻ കഴിയുമെന്ന്. അവർക്കു മാത്രം പ്രതീക്ഷിക്കാതിരിക്കാൻ പറ്റില്ലല്ലോ.
സക്കരിയ ഒറ്റയ്ക്കല്ല
ഇന്‍ഡ്യയിലെ ഏറ്റവും വലിയ കാരാഗൃഹമാണ് നാൽപത് ഏക്കറോളം വരുന്ന പരപ്പന അഗ്രഹാര ജയിൽ.സക്കരിയയെ പോലത്തെ നിരപരാധികൾ ഒരുപാടുപേരുണ്ട് ആ തടവറയില്‍ വിചാരണ കാത്തു കിടക്കുന്നതായി. ഒരുപക്ഷേ ഒരായുസ്സു മുഴുവൻ ഇരുട്ടുമുറിയിൽ ജീവിച്ചു തീർത്തു് അവസാനം വിചാരണക്കൊടുവിൽ നിരപരാധിയെന്നു തെളിഞ്ഞേക്കാം.
ലക്ഷണമൊത്ത ഭരണകൂട ഭീകരതക്കാണു നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 2014-ലെ കണക്കനുസരിച്ചു് രാജ്യത്തെ വിചാരണത്തടവുകാരിൽ 55 ശതമാനത്തിലേറെ പേരും മുസ്ലിങ്ങളും ദലിതരും ആദിവാസികളുമാണ്. ഇന്‍ഡ്യയിൽ, 82,190 -ഓളം മുസ്ലിം യുവാക്കൾ വിചാരണയില്ലാതെ ജയിലിലാണ്. സക്കരിയയെപ്പോലെ എത്ര നിരപരാധികളുണ്ടാവും അവിടെയെന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
അവരുടെയൊക്കെ ഉമ്മമാർ ഈ രാജ്യത്തിന്റെ ഏതെങ്കിലും കോണിൽ കാത്തിരിക്കുന്നുണ്ടാവില്ലേ? ഒരു ജനതയെ മൊത്തം അവർ കാരാഗൃഹത്തിലടക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അമ്മമാരുടെ കണ്ണുനീരിൽ നാറുന്നു. രോഹിതിന്റ, നജീബിന്റെ, ജുനൈദിന്റെ, സക്കരിയയുടെ, അങ്ങനെ എത്ര പേരുടെ?
◆
കോഴിക്കോട് ഫാറൂഖ് കോളെജില്‍ ബി.എ ഫങ്ഷനല്‍ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണു ഫായിസ.