മാന്‍ഹോള്‍: വൃത്തിയുടെ ജാതി

വിദ്യാര്‍ത്ഥിനിയായ നായികയുടെ മനുഷ്യാവകാശ കമ്മീഷനുമായുള്ള ചോദ്യങ്ങളാണ് ഡ്രെയിനേജിലും മാന്‍ഹോളിലുമിറങ്ങി ജോലി ചെയ്യുന്നവരുടെ ദുരവസ്ഥയെ മനസ്സിലാക്കുന്നത്. സകല വഴികളും അടയുന്ന നായികയോട് ഇനി ആനുകൂല്യത്തിന്റെ പുറകേ പോകണ്ടാ എന്ന് മാരിമുത്തുവിന്റെ അമ്മ പറയുന്നിടത്ത് നിന്ന് വീണ്ടും ശാലിനി തുടങ്ങുന്നു. എത്ര തൊഴിലാളികള്‍ കേരളത്തില്‍ മാനുവല്‍ സ്‌കാവഞ്ചിങ്ങ് ചെയ്യുന്നുവെന്നും അവര്‍ എങ്ങനെയാണ് തോട്ടിത്തൊഴിലാളികളായി പരിണമിച്ചത് എന്നുമുള്ള കണക്കുകള്‍ കമ്മീഷനുമുന്നില്‍ നിരത്തുന്ന ശാലിനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തോട്ടിതൊഴിലാളികള്‍ മുനിസിപ്പാലിറ്റിയില്‍ എത്തി പണിയായുധങ്ങള്‍ വലിച്ചെറിയുന്നിടത്ത് മാന്‍ഹോള്‍ തീരുന്നു.

ദൃശ്യഭംഗിയുടെ തേന്‍മാവിന്‍കൊമ്പുകള്‍ കണ്ട് പരിചയിച്ചവര്‍ക്ക് അസ്വസ്ഥതയുടെ ഭംഗിയില്ലായ്മ കാട്ടിത്തരുന്ന മാന്‍ഹോള്‍ ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. അനേകരുടെ വൃത്തിക്കായി വൃത്തിയില്ലാത്ത തൊഴില്‍ സ്വീകരിച്ച ഒരു കൂട്ടം ഇരുണ്ട വ്യക്തിത്വങ്ങളെ തിരശ്ശീലയില്‍ എത്തിച്ചാണ് സംവിധായിക വിനു വിന്‍സെന്റ് 21 മത് IFFK ല്‍ വ്യത്യസ്തയായത്. അങ്ങു താഴെ ആള്‍നൂഴിയിലെ വൃത്തിയില്ലായ്മയില്‍ നിന്ന് അപാരതയുടെ നീലാകാശം കാട്ടിയാണ് മാന്‍ഹോള്‍ തുടങ്ങുന്നത്. ആഴത്തില്‍ നിന്ന് ഉയരത്തിലേക്ക് ക്യാമറക്കണ്ണുകള്‍ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഭംഗിയുള്ളതൊന്നും കാര്യമായി ഒപ്പിയെടുക്കാന്‍ സജി നായരുടെ ക്യാമറക്കണ്ണുകള്‍ക്കായില്ല എന്ന ഒറ്റദോഷം തന്നെ ഈ സിനിമയുടെ വിജയഘടകങ്ങളില്‍ ഒന്നാണ്. സിനിമ എന്നാല്‍ ബിഗ്ബജറ്റ് ആവണമെന്നും, അതിലൊരു ഗാനമെങ്കിലും വിദേശത്ത് വച്ച് ചിത്രീകരിക്കണമെന്നും നിര്‍ബന്ധമുള്ള സമവാക്യങ്ങള്‍ ശക്തമായ കാലത്താണ് ആള്‍നൂഴിക്കിടയിലെ മാലിന്യത്തിലേക്ക് ക്യാമറക്കണ്ണുകള്‍ നമ്മെ എത്തിക്കുന്നത്. അവ നമ്മുടെ കണ്ണുകളിലെത്തിക്കുന്നത് ഒട്ടും ഭംഗിയില്ലാത്ത കുറേ ജീവിതങ്ങളുടെ അവസ്ഥകളും.

മാന്‍ഹോളില്‍ വീണ് മരിച്ചവരുടെ വാര്‍ത്തകള്‍ നിസ്സംഗമായി വായിച്ചുവിട്ടപ്പോഴൊന്നും ഇത്രമേല്‍ ഭീകരമായിരിക്കും ആ ജീവിതങ്ങളെന്നും, മരണശേഷം അവരുടെ കുടുംബങ്ങള്‍ നേരിടുന്ന യാതനകള്‍ അങ്ങേയറ്റം ദുരിതപൂര്‍ണ്ണമാണെന്നും 60 വര്‍ഷം പിന്നിടുന്ന കേരളജനതയ്ക്ക് പറഞ്ഞുകൊടുക്കുവാന്‍ ഒരു വിധു വിന്‍സെന്റ് വേണ്ടിവന്നു എന്നതാണ് സംവിധായിക എന്ന നിലയില്‍ വിധുവിനെ ശ്രദ്ധേയയാക്കിയത്. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ആക്റ്റിവിസത്തിലേക്കും, കലയിലേക്കും എത്തപ്പെട്ട വിധു അതീവ ഗൗരവമായാണ് മാന്‍ഹോളിനെ സമീപിച്ചിരിക്കുന്നത്. വിധുവിന്റെ തന്നെ ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററി ആണ് മാന്‍ഹോള്‍ എന്ന ചിത്രമായി IFFK ല്‍ എത്തിയത്.

മാധ്യമപ്രവര്‍ത്തകയായ വിധു കൊല്ലത്തെ ഒരു കോളനി കേന്ദ്രീകരിച്ചു തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ നിന്ന് കണ്ടെത്തിയ യാഥാര്‍ത്ഥ്യങ്ങളാണ് അഭ്രപാളികളില്‍ എത്തിച്ചത്. തമിഴ് നാട്ടില്‍ നിന്നും കേരളത്തിലെത്തിയ തോട്ടിതൊഴിലാളി വിഭാഗങ്ങള്‍ എന്ന് നാം വിളിക്കുന്ന ചക്ലിയാര്‍ സമുദായങ്ങളുടെ ജീവിതമാണ് മാന്‍ഹോളിന് ആധാരം. ആലപ്പുഴ നഗരസഭയിലെ മാനുവല്‍ സ്‌കാവഞ്ചിങ്ങ് കരാര്‍ തൊഴിലാളി അയ്യന്റെ മകള്‍ ശാലിനി എന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. ശാലിനിയുടെ സംഘര്‍ഷം നിറഞ്ഞ എന്നാല്‍ ചിരിക്കുന്ന മുഖം അവരടങ്ങുന്ന സമുദായത്തിന്റെ അനുഭവങ്ങള്‍ ദ്യോതിപ്പിക്കുന്നു. സ്വത്വം വെളിപ്പെടുത്തിയാല്‍ അകറ്റുന്ന സമൂഹം ഉണ്ടെന്നറിയാവുന്നതിനാല്‍ സ്‌കൂള്‍ വിട്ട് താന്‍ വസിക്കുന്ന സ്റ്റോപ്പില്‍ ഇറങ്ങാതെ ദൂരെ മാറിയിറങ്ങി പുറകോട്ട് നടന്ന് ക്ഷീണിച്ചെത്തുന്ന നായിക നടന്നുകയറുന്നത് കേരളത്തിലെ, ഇന്ത്യയിലെ നിരവധിയായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായത്തിലെ കൗമാരക്കാരുടെ സ്വത്വ പ്രതിസന്ധിയിലേക്കാണ്. ഐഡന്റിറ്റി വെളിപ്പെടുത്താതെ ശാലിനി ജീവിക്കുന്നത് അവളുടെ അച്ഛന്‍ മാനുവല്‍ സ്‌കാവഞ്ചര്‍ ആയതുകൊണ്ടാണ്. മലം ചുമക്കുന്നവനെ ചുമക്കുന്നവനും മലം മണക്കും എന്നു കരുതുന്ന പൊതുസമൂഹത്തെ ഭയന്നാണ് ശാലിനിയുടെ ഒളിച്ചോട്ടം. വീട്ടുജോലിക്ക് പോകുന്ന ശാലിനിയുടെ അമ്മയും കക്കൂസ് വൃത്തിയാക്കുന്ന തൊഴില്‍ ചെയ്യുന്നുണ്ട്. വീടിനു പുറത്ത് കമഴ്ത്തിവച്ച ഗ്ലാസിലാണ് അവര്‍ക്കായി ചായ കൊടുക്കുന്നത്. അതില്‍ അവര്‍ക്ക് പരാതിയും ഇല്ല. ഇതിലെ മാനുവല്‍ സ്‌കാവഞ്ചര്‍ തൊഴലാളികള്‍ ആരും തന്നെ കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. പരസ്പരം ഉള്ള കരുതല്‍ മാത്രമാണ് ആകെയുള്ള സുരക്ഷ. പിന്നെ ചങ്കുറ്റവും. മദ്യം പാനം ചെയ്താണ് മാലിന്യത്തേയും അപകടസാധ്യതയേയും ഇവര്‍ മറികടക്കുന്നത്. കൃത്യമായി മാന്‍ഹോളില്‍ നിന്ന് മലം ചുമന്ന് മുകളില്‍ എത്തിക്കുന്ന രണ്ടുമിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മടുപ്പിക്കുന്നതെങ്കിലും ഇത്തരം ജോലികള്‍ ചെയ്യുന്നവരുണ്ടല്ലോ എന്ന ചിന്തയിലേക്ക് പ്രേക്ഷകനെ എത്തിക്കുവാന്‍ സഹായകമാണ്. സംവിധാനവും കലാസംവിധാനവും കൃത്യമായി പതിഞ്ഞ ഷോട്ടുകളില്‍ ഒന്നാണ് ചിത്രത്തിലെ ഈ രംഗം. അറപ്പുളവാക്കുന്ന ചിത്രമായി മാന്‍ഹോള്‍ മാറുന്നു. ഒപ്പം നമ്മുടെ അറപ്പിനെ മാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സിനിമയുടെ തുടക്കംമുതല്‍ തന്നെ മരണം സഹയാത്രികനായി കൂടെയുണ്ടെന്ന് പ്രേക്ഷകരില്‍ പ്രതീതി ജനിപ്പിക്കാന്‍ തിരക്കഥയ്ക്ക് കഴിയുന്നു. ശാലിനിയുടെ അച്ഛന്‍ മാന്‍ഹോളില്‍ വീണു മരിക്കുമ്പോള്‍ കുടുംബത്തിന്റെ പ്രതീക്ഷയും കെട്ടുപോകുന്നു. അവിടെ വരെ മാത്രമാണ് ശാലിനി ജീവിക്കുന്നുള്ളു. പിന്നീടുള്ള മിടുക്കിയായ ശാലിനിക്ക് മുനിസിപ്പാലിറ്റി പകരം നല്‍കുന്ന താത്ക്കാലിക ജോലിയും സ്‌കാവഞ്ചറിംഗ് തന്നെ. അല്ലെങ്കിലും നിങ്ങള്‍ ഇതൊക്കെത്തന്നെയല്ലെ ചെയ്യുന്നത് എന്ന ഉദ്യോഗസ്ഥന്റെ ചോദ്യം മലയാളി പൊതുസമൂഹത്തിന്റെ തോട്ടിത്തൊഴിലാളികളോടുള്ള മനോഭാവം തന്നെ. ഇടയ്ക്ക് കൂട്ടുകാരന്‍ മാരിമുത്തുവും മന്‍ഹോളില്‍പ്പെട്ട് മരണമടയുന്നു. അവന്റെ അമ്മയ്ക്ക് ആനുകൂല്യം നേടിയെടുക്കാന്‍ ശാലിനി എന്ന ഒറ്റയാള്‍ പട്ടാളം നടത്തുന്ന നിയമയുദ്ധമാണ് സിനിമയുടെ കേന്ദ്രബിന്ദു. നിയമ വിദ്യാര്‍ത്ഥിനിയായ നായികയുടെ മനുഷ്യാവകാശ കമ്മീഷനുമായുള്ള ചോദ്യങ്ങളാണ് ഡ്രെയിനേജിലും മാന്‍ഹോളിലുമിറങ്ങി ജോലി ചെയ്യുന്നവരുടെ ദുരവസ്ഥയെ മനസ്സിലാക്കുന്നത്. സകല വഴികളും അടയുന്ന നായികയോട് ഇനി ആനുകൂല്യത്തിന്റെ പുറകേ പോകണ്ടാ എന്ന് മാരിമുത്തുവിന്റെ അമ്മ പറയുന്നിടത്ത് നിന്ന് വീണ്ടും ശാലിനി തുടങ്ങുന്നു. എത്ര തൊഴിലാളികള്‍ കേരളത്തില്‍ മാനുവല്‍ സ്‌കാവഞ്ചിങ്ങ് ചെയ്യുന്നുവെന്നും അവര്‍ എങ്ങനെയാണ് തോട്ടിത്തൊഴിലാളികളായി പരിണമിച്ചത് എന്നുമുള്ള കണക്കുകള്‍ കമ്മീഷനുമുന്നില്‍ നിരത്തുന്ന ശാലിനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തോട്ടിതൊഴിലാളികള്‍ മുനിസിപ്പാലിറ്റിയില്‍ എത്തി പണിയായുധങ്ങള്‍ വലിച്ചെറിയുന്നിടത്ത് മാന്‍ഹോള്‍ തീരുന്നു.

ഞങ്ങള്‍ വൃത്തിയാക്കിയില്ലെങ്കില്‍ നിങ്ങള്‍ വൃത്തിയാകുന്നതെങ്ങനെ എന്ന ചോദ്യമാണ് മാനിവല്‍ സ്‌കാവഞ്ചേഴ്‌സ് തൊഴില്‍ ബഹിഷ്‌കരിക്കുന്നതിലൂടെ നമുക്കിട്ടു തന്നിരിക്കുന്നത്. ആ ചോദ്യം നമ്മെക്കുറെക്കാലം അലട്ടുക തന്നെ ചെയ്യും.

സിനിമ ദൃശ്യവും ശബ്ദവും ഒത്തിണങ്ങുന്ന കലാരൂപം. പോയ നൂറ്റാണ്ടില്‍ ലോകത്തിലെ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു സിനിമ. ഇന്നും മറ്റൊരു കലാരൂപം ജനപ്രീതിയില്‍ ഇതിനെ കവച്ചുവയ്ക്കാന്‍ കടന്നുവരാത്തതിനാല്‍ അജയ്യതയോടെ നിലകൊള്ളുന്നു. അതിനാല്‍ തന്നെ സിനിമ പറയുന്ന പ്രമേയങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുക സാധാരണമാണ്. സിനിമ കൈകാര്യം ചെയ്യുന്ന കലാകാരന്മാര്‍ അത് അങ്ങേയറ്റം പ്രതിജ്ഞാബദ്ധതയോടെ ചെയ്യേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ വളരെ കുറച്ചുപേര്‍ മാത്രമേ അത്തരത്തില്‍ ഉണ്ടായിട്ടുള്ളു. വള്ളുവനാടന്‍ ഭാഷ സെറ്റുമുണ്ട്. ചന്ദനം , വാല്‍ക്കിണ്ടി തുടങ്ങിയ നാല്‌കെട്ട് പ്രതീകങ്ങളില്ലാതെ ഇറങ്ങുന്ന സിനിമകള്‍ ചുരുക്കം. ഭാരതസ്ത്രീകള്‍ തന്‍ഭാവശുദ്ധി തുളസിക്കതിരിലും സെറ്റുമുണ്ടിലും ഉറപ്പിച്ച സിനിമയ്ക്ക് കറുപ്പിന്റെ കറുപ്പിന്റെ രാഷ്ട്രീയം പേറുന്ന, അരികുവത്കരിക്കുന്ന ജീവിതങ്ങളെ ആട്ടിയകറ്റാന്‍ വിഷമമുണ്ടായിരുന്നില്ല. കേരളംകണ്ട രാഷ്ട്രീയസാമൂഹികതെറ്റുകളെ ന്യായീകരിച്ചിറങ്ങിയ എത്രയോ സിനിമകള്‍ മലയാളികള്‍ കണ്ടു. ഭൂപരിഷ്‌കരണം പോലുള്ള രാഷ്ട്രീയ തെറ്റിന്റെ ഫലമായി ഭൂമി ഇല്ലാതായ ദളിത് ആദിവാസി വിഭാഗങ്ങളെ കുറ്റക്കാരാക്കി പഴയ ഫ്യൂഡലുകളെ വെളുപ്പിച്ച് കാണിക്കുന്ന ‘ആര്യന്‍’ പോലുള്ള സിനിമകള്‍ ഉദാഹരണം. കഴിവ് എന്നാല്‍ ഉന്നതകുലജാതിയെന്ന് പ്രഖ്യാപിക്കുന്ന സവര്‍ണ്ണ നായികനായകന്‍മാരെ കണ്ടുശീലിച്ച സ്ഥലത്താണ് പരുക്കന്‍ ജീവിതങ്ങളുടെ കഥ പറയുന്ന മാന്‍ഹോളുമായി വിധു എത്തിയത്. കേരളം കണ്ടുശീലിച്ച പൂണൂല്‍ രാഷ്ട്രീയത്തെ പാടേ അവഗണിക്കുന്നു മാന്‍ഹോള്‍. ഓടകളിലെ മാലിന്യം കൈകൊണ്ട് വാരി നഗരത്തെ മനോഹരമാക്കി പകരം നരകജീവിതം ഏറ്റുവാങ്ങുന്ന സഹജീവികളെ മനുഷ്യരായി കാണുവാനുള്ള അഭ്യര്‍ത്ഥന കൂടി സിനിമ മുന്നോട്ടുവയ്ക്കുന്നു.

അന്‍പതുകളില്‍ തന്നെ മലയാള സിനിമയില്‍ ദളിത് ജീവിതങ്ങള്‍ ദൃശ്യവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. നീലക്കുയില്‍ എന്ന ചിത്രത്തില്‍ സവര്‍ണ്ണനായകന്‍ പ്രണയിക്കുന്നത് ദളിത് നായികയെയാണ്. ഒരുപാട് തരത്തില്‍ ദളിതത്വം കച്ചവടവത്കരിക്കപ്പെട്ടിട്ടുണ്ട് മലയാള സിനിമയില്‍. അടുത്തിടെ ഇറങ്ങിയ കിസ്മത്ത്, കമ്മട്ടിപ്പാടം, ഒഴിവുദിവസത്തെ കളി ഒക്കെ ഉദാഹരണങ്ങളാണ്. കേരളത്തിന്റെ ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റത്തിനൊപ്പവും മലയാള സിനിമ സഞ്ചരിച്ചിട്ടുണ്ട്. എണ്‍പതിന്റെ അവസാനപദങ്ങളിലെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ സ്വാധീനം സിനിമയുടെ സംസ്‌കാരത്തേയും ബാധിച്ചിരുന്നു. എം.ടി കഥകളുടെ ദൃശ്യവത്കരണത്തിലൂടെ നായകന്‍ എന്നാല്‍ നായര്‍ എന്ന സാംസ്‌കാരിക അവബോധത്തോടെ നമ്പൂതിരിക്കൊപ്പം നില്‍ക്കാനുള്ള അധീശത്വവും പ്രസ്തുത സമുദായവും നേടിയെടുത്തിട്ടുണ്ട്. ചില സമുദായങ്ങള്‍ വരേണ്യരും ഉത്ക്കര്‍ഷരും പ്രാവീണ്യരും എന്ന് നമ്മുടെ ബോധമണ്ഡലത്തില്‍ ഉറപ്പിക്കാന്‍ സിനിമ എന്ന മാധ്യമത്തിന് അത്രമേല്‍ സാധിച്ചിട്ടുണ്ട്. രൂഢമൂലമായ ഒരു ബ്രാഹ്മണിക്കല്‍ ഫ്യൂഡല്‍ ചട്ടക്കൂടിന് സമാന്തരമായാണ് വിധു വിന്‍സെന്റ് പറയാന്‍ ഒന്നുമില്ലാത്ത, എന്നാല്‍ അകറ്റാന്‍ കാരണങ്ങള്‍ അനവധിയുള്ള ഒരു ജനതയുടെ കഥയുമായി ഐ.എഫ്.എഫ്.കെ ല്‍ എത്തിയത്. 21-ാമത് കേരള രാജ്യാന്തര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും മാന്‍ഹോള്‍ കരസ്ഥമാക്കി. രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ച ആദ്യ വനിതാസംവിധായിക എന്നെ റെക്കോര്‍ഡും വിധുവിന് അവകാശപ്പെട്ടതാണ്. ഇപ്പോള്‍ സംസ്ഥാന അവാര്‍ഡും ലഭിച്ചിരിക്കുകയാണ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.ഗൗരിദാസന്‍ നായര്‍ ആണ് മനുഷ്യാവകാശ കമ്മീഷനെ പ്രതിനിധീകരിച്ച് സിനിമയില്‍ എത്തുന്നത്. കറുത്തമുത്ത് സീരിയല്‍ ഫെയിം റിന്‍സിയാണ് നായിക. വളരെക്കാലത്തിന് ശേഷമാണ് നായികയെ കേന്ദ്രീകരിച്ച് ഒരു ചിത്രം മലയാളത്തിലെത്തുന്നത്. അത് കൃത്യമായി റിന്‍സി അവതരിപ്പിക്കുകയും ചെയ്തു. മുന്‍ഷി ബൈജു, ശൈലജ, സുനി ആര്‍.എസ്, സജി, മിനി രാമന്‍ എന്നീ അഭിനേതാക്കള്‍ക്കൊപ്പം സ്‌കാവഞ്ചറിംഗ് തൊഴിലാളികളായ രവി, സുന്ദര്‍രാജ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. തകഴിയുടെ തോട്ടിയുടെ മകന്‍ എന്ന നോവലില്‍കൂടി പ്രചോദനമായ മാന്‍ഹോള്‍ എന്ന ചിത്രം ഫീച്ചര്‍ ഫിലിം ആക്കണമെന്ന് നിര്‍ദ്ദേശിച്ച വിധുവിന്റെ സുഹൃത്ത് ഉമേഷ് ഓമനക്കുട്ടനും വിധുവും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ സിനിമയുടെ കരുത്തുറ്റ ഘടകങ്ങളില്‍ ഒന്നാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു. മേയ്ക്കപ്പ് സന്തോഷ്, ഫൈസല്‍ സൗണ്ട് ഡിസൈന്‍ ഹൈപേഷ്യ ഹൗസിന്റെ ബാനറില്‍ എം.പി. വിന്‍സന്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top