പൊരുതുക, നെറ്റ് സമത്വം നിലനിര്‍ത്താന്‍

നെറ്റ്സമത്വം ഇല്ലാതായാല്‍ കമ്പനികള്‍ നിര്‍ദേശിക്കുന്ന പരിമിതമായ സൈറ്റുകളും സേവനങ്ങളും മാത്രമാണ് ലഭിക്കുക. മറ്റ് ഒരോ സേവനങ്ങള്‍ക്കും പ്രത്യേക നിരക്കുകള്‍ നല്‍കേണ്ടിവരും. ഇന്‍റര്‍നെറ്റിന്‍െറ വേഗതയും സൈറ്റുകളുടെ ലഭ്യതയും നിരക്കുകള്‍ക്കനുസരിച്ച് വ്യത്യസ്തമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് സേവനം വിലയേറിയതാകും. നിലവില്‍ എതൊരു വ്യക്തിക്കും വെബ്സൈറ്റ് സജ്ജീകരിക്കാനും നെറ്റിലൂടെ സേവനം നല്‍കാനുമുള്ള അവസരങ്ങള്‍ നെറ്റ്സമത്വം ലംഘിക്കപ്പെട്ടാല്‍ ഇല്ലാതാകും. ഇന്‍റര്‍നെറ്റ് മേഖലയിലെ സമ്പത്ത് കൈപ്പടിയിലൊതുക്കാനാണ് നെറ്റ്സമത്വം എടുത്തുകളയണമെന്ന ആവശ്യം ആഗോളകുത്തക കമ്പനികള്‍ ഉന്നയിക്കുന്നത്. ഇന്‍റര്‍നെറ്റ് മേഖലയുടെ വിപുലീകരണത്തിനെന്ന മറവില്‍ കൂടുതല്‍ പണം ഈടാക്കാനുള്ള കമ്പനികളുടെ നീക്കത്തെ സഹായിക്കുന്ന ട്രായിയുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്.

ഇന്‍റര്‍നെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റി ഇന്ന് രാജ്യംമുഴുവന്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്‍റര്‍നെറ്റ് സമത്വം എന്ന പ്രയോഗം വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതിന്‍െറ ഗുണദോഷങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളുമെല്ലാം ഇതേറ്റെടുത്തിട്ടുമുണ്ട്. ഇന്ന് ലോകജനതയുടെ എറ്റവുംവലിയ ആശയവിനിമയ മാധ്യമമാണ് ഇന്‍റര്‍നെറ്റ്. സമസ്തമേഖലകളിലും മൂന്നു ബില്യണിലധികമാളുകള്‍ വിവരകൈമാറ്റ ഉപാധിയായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്.

ഇന്‍റര്‍നെറ്റ് എന്ന വാക്ക് കൃത്യമായി അര്‍ഥമാക്കുന്നത് ‘നെറ്റ്വര്‍ക്കുകളുടെ നെറ്റ്വര്‍ക്കുകള്‍’ എന്നാണ്. ലോകത്തുടനീളം പരന്നുകിടക്കുന്ന ആയിരക്കണക്കിന് ചെറിയ റീജനല്‍ നെറ്റ്വര്‍ക്കുകള്‍ ഇന്‍റര്‍നെറ്റില്‍ അടങ്ങിയിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ ഏതൊരു ദിവസവും അനുസരിച്ച് ഇത് ഏകദേശം 80 ദശലക്ഷം ഉപയോക്താക്കളെ ബന്ധിപ്പിക്കുന്നു. ഇന്‍റര്‍നെറ്റ് ആരുടെയും ‘സ്വന്തമല്ല’. എല്ലാത്തിനെയും ഒരുമിച്ച് ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കുകളുടെ പലഭാഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന കമ്പനികളുണ്ട്. ഇന്‍റര്‍നെറ്റില്‍ പൊതുവായി എല്ലാ വെബ്സൈറ്റുകളും സേവനങ്ങളും ആപ്ളിക്കേഷനുകളും എല്ലാവര്‍ക്കും തുല്യമായാണ് ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നത്. ചില സേവനങ്ങള്‍ മാത്രം സൗജന്യവും ചിലവക്ക് കൂടുതല്‍ പണം ഈടാക്കണം എന്നിങ്ങനെയുമുള്ള പക്ഷഭേദം നിലവിലില്ല. ഇതാണ് നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്‍റര്‍നെറ്റ് സമത്വം.

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ഇന്‍റര്‍നെറ്റിനെ വിഭജിക്കാനും ഗുണ്ടാപ്പിരിവ് നടത്താനും ഉപഭോക്താക്കളുടെ അവകാശങ്ങളെ തകര്‍ക്കാനുമുള്ള അനുവാദത്തിനുമായി ട്രായിയെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) സമീപിച്ചിരിക്കയാണ്. സാങ്കേതികവിദ്യ ഡെസ്ക്ടോപ് കമ്പ്യൂട്ടറില്‍നിന്ന് സ്മാര്‍ട്ഫോണുകളിലേക്കും കൈകളിലൊതുങ്ങുന്ന മറ്റു ഡിവൈസുകളിലേക്കും വളര്‍ന്നതോടെ ഇന്‍റര്‍നെറ്റ് ജനകീയമാവുകയായിരുന്നു. ഏതു സാധാരണക്കാരനും ചുരുങ്ങിയചെലവില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സൗകര്യമൊരുക്കുന്ന ഇന്‍റര്‍നെറ്റിനെ ഒരുകൂട്ടം വരേണ്യവിഭാഗത്തിന്‍െറ പണസഞ്ചിയിലേക്ക് ഒഴുക്കിക്കൊണ്ടുപോകാന്‍ നടക്കുന്ന ശ്രമങ്ങള്‍ വിവാദമായതോടെയാണ് ഇന്‍റര്‍നെറ്റ് സമത്വത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

_______________________________
ഇന്‍റര്‍നെറ്റിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നതിന്‍െറ ഭാഗമായാണോ നെറ്റ്സമത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. ആശയപ്രകാശനത്തിന്‍െറ പുതുവഴി വെട്ടിത്തുറന്ന്, തൊണ്ണൂറുകളുടെ അവസാനത്തോടെ ഇന്ത്യക്കാര്‍ക്ക് പരിചിതമായിത്തുടങ്ങിയ ഇന്‍റര്‍നെറ്റിന്‍െറ ഇക്കഴിഞ്ഞ കുറച്ചുവര്‍ഷം നമുക്കു മുന്നില്‍ തുറന്നുതന്നത് ആശയവിനിമയത്തിന്‍െറയും പത്രപ്രവര്‍ത്തനത്തിന്‍െറയും കൂട്ടായ വിവരനിര്‍മിതിയുടെയും പുതിയ സാധ്യതകളായിരുന്നു. ഇന്‍റര്‍നെറ്റിന്‍െറ ഈ പടര്‍ന്നുകയറല്‍ കോര്‍പറേറ്റ് മൂലധന അച്ചടി-ദൃശ്യമാധ്യമങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിച്ച പലതും തുറന്നുവെച്ച് ചര്‍ച്ചയാക്കി. അതിനൊരുപാട് ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.
_______________________________ 

ഇന്‍റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു സാഹചര്യത്തിലും സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നുള്ളതാണ് നെറ്റ്സമത്വം എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യവും തുല്യവുമായ ഇന്‍റര്‍നെറ്റ് എന്നത് (നെറ്റ് സമത്വം) ലോകംമുഴുവന്‍ പടര്‍ന്ന ആശയമാണ്. സേവനദാതാവില്‍നിന്ന് വാങ്ങുന്ന ഡാറ്റ എങ്ങനെ ഉപയോഗിക്കണമെന്ന് ഉപയോക്താക്കളായിരിക്കണം ആത്യന്തികമായി തീരുമാനിക്കേണ്ടത്. എല്ലാ വെബ്സൈറ്റുകളും ഒരേ വേഗതയിലും ചെലവിലും ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്കാവണം. ഒരു വെബ്സൈറ്റിനും മറ്റൊരു വെബ്സൈറ്റിനേക്കാള്‍ പ്രാധാന്യവും പ്രത്യേക ചാര്‍ജും നല്‍കാന്‍ പാടില്ല.

നെറ്റ്സമത്വം ഇല്ലാതായാല്‍ ഇന്‍റര്‍നെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം സേവനദാതാക്കളുടെ കൈകളിലത്തെും. ഏതെല്ലാം സര്‍വിസ് സൗജന്യമായി നല്‍കണം, ഓരോന്നിനും എത്രയെല്ലാം പണമീടാക്കണം, ഏതെല്ലാം വെബ്സൈറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണം എന്നതെല്ലാം ടെലികോം സേവനദാതാക്കള്‍ക്ക് തീരുമാനിക്കാം. വാട്സ്ആപ്, ഫേസ്ബുക്, സ്കൈപ്പ്, മുതലായവക്ക് പ്രത്യേക പണം ഈടാക്കുക, ടെലികോം സേവനദാതാക്കളുമായി കരാറിലേര്‍പ്പെടാത്ത വെബ്സൈറ്റുകള്‍ തടയുക, ടെലികോം സേവനദാതാക്കള്‍ക്കും അവരുടെ താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകള്‍ ഒഴിവാക്കുക തുടങ്ങിയ എല്ലാത്തരം നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനുള്ള പരിപൂര്‍ണ അധികാരം ടെലികോം സേവനദാതാക്കള്‍ക്ക് ലഭ്യമാകും.

നെറ്റ്സമത്വം ഇല്ലാതായാല്‍ കമ്പനികള്‍ നിര്‍ദേശിക്കുന്ന പരിമിതമായ സൈറ്റുകളും സേവനങ്ങളും മാത്രമാണ് ലഭിക്കുക. മറ്റ് ഒരോ സേവനങ്ങള്‍ക്കും പ്രത്യേക നിരക്കുകള്‍ നല്‍കേണ്ടിവരും. ഇന്‍റര്‍നെറ്റിന്‍െറ വേഗതയും സൈറ്റുകളുടെ ലഭ്യതയും നിരക്കുകള്‍ക്കനുസരിച്ച് വ്യത്യസ്തമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് സേവനം വിലയേറിയതാകും. നിലവില്‍ എതൊരു വ്യക്തിക്കും വെബ്സൈറ്റ് സജ്ജീകരിക്കാനും നെറ്റിലൂടെ സേവനം നല്‍കാനുമുള്ള അവസരങ്ങള്‍ നെറ്റ്സമത്വം ലംഘിക്കപ്പെട്ടാല്‍ ഇല്ലാതാകും. ഇന്‍റര്‍നെറ്റ് മേഖലയിലെ സമ്പത്ത് കൈപ്പടിയിലൊതുക്കാനാണ് നെറ്റ്സമത്വം എടുത്തുകളയണമെന്ന ആവശ്യം ആഗോളകുത്തക കമ്പനികള്‍ ഉന്നയിക്കുന്നത്. ഇന്‍റര്‍നെറ്റ് മേഖലയുടെ വിപുലീകരണത്തിനെന്ന മറവില്‍ കൂടുതല്‍ പണം ഈടാക്കാനുള്ള കമ്പനികളുടെ നീക്കത്തെ സഹായിക്കുന്ന ട്രായിയുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്.

നിങ്ങളുടെ മൊബൈലിലോ വീട്ടിലോ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എടുത്താല്‍ ഉപയോഗിക്കുന്ന സൈറ്റുകള്‍ക്കനുസരിച്ച് പ്രത്യേകം ചാര്‍ജ് ഏര്‍പ്പെടുത്താനാണ് ട്രായ് നീക്കം. വാട്സ്ആപ്, സ്കൈപ്, വൈബര്‍ തുടങ്ങിയ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് ചെയ്ത പണം കൂടാതെ അധിക ചാര്‍ജ് നല്‍കണമെന്ന വിധത്തിലാണ് ട്രായിയുടെ പരിഷ്കരണങ്ങള്‍. നിലവില്‍ ഡാറ്റ ഉപയോഗത്തിനു നല്‍കുന്ന പൊതുചാര്‍ജ് ഉപയോഗിച്ച് ഇന്‍റര്‍നെറ്റിലെ ഏതു സൈറ്റും കാണാനാകും. ഇതിനായി 2ജി, 3ജി പാക്കേജുകള്‍ പ്രത്യേകം റീചാര്‍ജ് ചെയ്താണ് നാം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് ഏതു സേവനവും ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍, സാധാരണ ഉപയോഗത്തിനു പുറമേ, വാട്സ്ആപ് ഉപയോഗിക്കുന്നതിനും സ്കൈപ് ഉപയോഗിക്കുന്നതിനും യൂട്യൂബില്‍ വിഡിയോ കാണുന്നതിനും അധിക പണം നല്‍കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമാകുന്നത്.

_____________________________

വാട്സ്ആപ്, സ്കൈപ് തുടങ്ങിയ ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനങ്ങള്‍ തങ്ങള്‍ക്ക് വരുമാനക്കുറവ് സൃഷ്ടിക്കുന്നുവെന്നാണ് ടെലിഫോണ്‍ കമ്പനികളുടെ നിലപാട്. വാട്സ്ആപ്, സ്കൈപ് പോലുള്ളവയുടെ ഡാറ്റക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യവും. എയര്‍ടെല്‍ എയര്‍ടെല്‍ സീറോ എന്ന പ്ളാറ്റ്ഫോം അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച് എയര്‍ടെലുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള ചില പ്രത്യേക ആപ്ളിക്കേഷനുകള്‍ക്കും വെബ്സെറ്റ് സേവനങ്ങള്‍ക്കും ഉപയോക്താക്കള്‍ പണം നല്‍കേണ്ടിവരില്ല. അതായത്, ഫ്ളിപ്കാര്‍ട്ട് എയര്‍ടെലുമായി കരാറുണ്ടെങ്കില്‍ ഫ്ളിപ്കാര്‍ട്ട് ഉപയോഗിക്കുന്നവര്‍ക്ക് അതിന്‍െറ ഡാറ്റ ഉപയോഗം സൗജന്യമായിരിക്കും. സൗജന്യ ഇന്‍റര്‍നെറ്റ് എന്നുപറയുന്ന ഫേസ്ബുക്കിന്‍െറ ഇന്‍റര്‍നെറ്റ് ഓര്‍ഗിന്‍െറയും തത്ത്വമിതാണ്. ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ദാതാവും വെബ്സൈറ്റുകളുമായി ഉണ്ടാക്കുന്ന കരാറുകള്‍ നെറ്റ് ഉപയോഗത്തെ നിയന്ത്രിക്കുന്ന രീതിയാകും ഇതിലൂടെ ഉണ്ടാവുക. ഇതിനെതിരെയാണ് നെറ്റ്സമത്വമുന്നേറ്റം ഉണ്ടാവേണ്ടത്. നെറ്റ്സമത്വം നിയമപരമായി ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല. നെറ്റ്സമത്വം ഉറപ്പുവരുത്താനോ സംരക്ഷിക്കാനോ ഒൗദ്യോഗികമായി ഒരു ചട്ടവും ഇതുവരെ ഇന്ത്യയിലുണ്ടാക്കിയിട്ടില്ല. ഈയൊരു അവസരത്തിലാണ് ഇന്‍റര്‍നെറ്റ് നിയന്ത്രണാവകാശത്തിന്‍െറ കാര്യം പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം അറിയാനായി ട്രായ് അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. ഈ സാഹചര്യത്തിലാണ് സേവ് ഇന്‍റര്‍നെറ്റ് കാമ്പയിനിന്‍െറ ഭാഗമായി ടെലികോം കമ്പനികളുടെ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ ഒന്നാകെ രംഗത്തത്തെിയത്.

ഇന്‍റര്‍നെറ്റിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നതിന്‍െറ ഭാഗമായാണോ നെറ്റ്സമത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. ആശയപ്രകാശനത്തിന്‍െറ പുതുവഴി വെട്ടിത്തുറന്ന്, തൊണ്ണൂറുകളുടെ അവസാനത്തോടെ ഇന്ത്യക്കാര്‍ക്ക് പരിചിതമായിത്തുടങ്ങിയ ഇന്‍റര്‍നെറ്റിന്‍െറ ഇക്കഴിഞ്ഞ കുറച്ചുവര്‍ഷം നമുക്കു മുന്നില്‍ തുറന്നുതന്നത് ആശയവിനിമയത്തിന്‍െറയും പത്രപ്രവര്‍ത്തനത്തിന്‍െറയും കൂട്ടായ വിവരനിര്‍മിതിയുടെയും പുതിയ സാധ്യതകളായിരുന്നു. ഇന്‍റര്‍നെറ്റിന്‍െറ ഈ പടര്‍ന്നുകയറല്‍ കോര്‍പറേറ്റ് മൂലധന അച്ചടി-ദൃശ്യമാധ്യമങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിച്ച പലതും തുറന്നുവെച്ച് ചര്‍ച്ചയാക്കി. അതിനൊരുപാട് ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.
ഇന്‍റര്‍നെറ്റിന്‍െറ നിഷ്പക്ഷത ഈ സാങ്കേതികമേഖലയില്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരം നല്‍കുന്നതാണ്. കുത്തക കമ്പനികളുടെ ലാഭത്തിനായി ഇതെടുത്തുകളയുമ്പോള്‍ ഇന്‍റര്‍നെറ്റ് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഇന്‍റര്‍നെറ്റ് ഉപയോഗത്തെ സംരക്ഷിക്കാനും നെറ്റ് സമത്വത്തിനുവേണ്ടിയുമുള്ള പ്രക്ഷോഭങ്ങളില്‍ ഓരോ പൗരനും പങ്കാളിയാവണം.

Top