ഈജിപ്തിലെ മാറ്റം

ഈജിപ്തിലെ ശക്തമായ രാഷ്ട്രീയ ധ്രുവീകരണം കൂടുതല്‍ സംഘര്‍ഷങ്ങളിലൂടെയാണോ, കുറച്ചുകൂടി സമാധാനപരമായ മാര്‍ഗങ്ങളിലൂടെയാണോ പ്രകടമാക്കപ്പെടുക എന്നത് വരുംനാളുകളില്‍ ഏറെ നിര്‍ണായകമാണ്. ജനാധിപത്യ പ്രക്രിയയില്‍നിന്നുള്ള പിറകോട്ടുപോക്ക് ഈജിപ്ഷ്യന്‍ ജനത സഹിക്കുമെന്ന് തോന്നുന്നില്ല. അതിന് നേരിട്ട ഒരു തിരിച്ചടിയാണ് ജൂലൈ മൂന്നിന് നാം കണ്ടത്. കുറച്ചുകൂടി രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തോടുകൂടി മുര്‍സി ഭരണകൂടവും പ്രതിപക്ഷവും ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തിരുന്നെങ്കില്‍, ജൂലൈ മൂന്നിലെ സാഹചര്യം ഒരുപക്ഷേ, ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഈജിപ്ഷ്യന്‍ ജനത കഴിഞ്ഞ രണ്ടരവര്‍ഷമായി മുന്നോട്ടുവെച്ച ജനകീയ ഇടപെടലിന്റെ പാഠം രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസ്സിലാക്കുമെന്നു തന്നെയാണ് നാം കരുതേണ്ടത്.

ഈജിപ്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത മുഹമ്മദ് മുര്‍സി ഭരണകൂടത്തെ സൈനിക ഇടപെടലിലൂടെ അട്ടിമറിച്ച സംഭവം രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകള്‍ ഉണര്‍ത്തുന്നു. 2011 ജനുവരി 25ന് ആരംഭിച്ച ജനകീയ പ്രക്ഷോഭമാണ് ഹുസ്നി മുബാറകിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയത്. അറബ് വസന്തം എന്ന് അറിയപ്പെട്ട അറബ് ലോകത്തെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നെടുംതൂണായി മാറി ഈ ജനകീയ പ്രക്ഷോഭം. സൈനികാധിപത്യത്തിലുള്ള റിപ്പബ്ളിക്കന്‍ ഭരണസമ്പ്രദായമാണ് 1950കള്‍ മുതല്‍ ഈജിപ്തില്‍ നിലനിന്നിരുന്നത്. അത്തരമൊരു സൈനികാധിപത്യ വ്യവസ്ഥയെ ചോദ്യംചെയ്ത്, മുബാറകിന്റെ ഏകാധിപത്യത്തെ വെല്ലുവിളിച്ച്, ഒരു ജനാധിപത്യ പ്രക്രിയ കെട്ടിപ്പടുക്കുകയെന്ന ആവശ്യം മുന്‍നിര്‍ത്തി ചെറുപ്പക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ വിപ്ളവമാണ് ഈജിപ്തില്‍ അന്ന് നടന്നത്. തഹ്രീര്‍ സ്ക്വയര്‍ അതിന്റെ സിരാകേന്ദ്രമായി. 2013 ജൂണ്‍ 30ന് തഹ്രീര്‍ സ്ക്വയറില്‍ വലിയൊരു ജനക്കൂട്ടം മുഹമ്മദ് മുര്‍സിയുടെ സര്‍ക്കാറിനെതിരെ പുതിയ സമരമുഖം തീര്‍ത്തു. 2011നും 2013നുമിടക്ക് തഹ്രീര്‍ സ്ക്വയര്‍ പലതവണ, ഒരുപക്ഷേ നിരന്തരമായിത്തന്നെ, പല പ്രക്ഷോഭങ്ങള്‍ക്കും വേദിയാവുകയും ചെയ്തിരുന്നു. ജനുവരി 25ന്റെയും ജൂണ്‍ 30ന്റെയും പ്രസ്ഥാനങ്ങള്‍ തമ്മില്‍ സാമ്യവും അതേസമയം, വലിയ അന്തരവുമുണ്ട്.

രണ്ടും ജനാധിപത്യത്തിനു വേണ്ടിയുള്ള വിപ്ളവങ്ങളാണെന്ന്, മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള മുര്‍സി ഭരണകൂടത്തിന് എതിരെ പ്രക്ഷോഭം നടത്തുന്നവര്‍ ഉദ്ഘോഷിക്കുമ്പോള്‍, ജൂണ്‍ 30ന്റെ സമരം ഒരു പ്രതിവിപ്ളവമായാണ്, അഥവാ ജനാധിപത്യ വിരുദ്ധ നടപടിയായിട്ടാണ് മുര്‍സി ഭരണകൂടം കണ്ടത്; മുസ്ലിം ബ്രദര്‍ഹുഡ് ഇപ്പോഴും കാണുന്നത്. ജൂണ്‍ 30ന് തഹ്രീര്‍ സ്ക്വയറിലും രാജ്യത്ത് മറ്റിടങ്ങളിലും ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സഫലീകരണമാണ് തങ്ങള്‍ നടത്തിയ സൈനിക അട്ടിമറിയെന്ന് ആ പ്രക്ഷോഭത്തിന്റെ നേതൃത്വങ്ങളും സൈന്യവും അവകാശപ്പെടുന്നു. ഈജിപ്തിലെ ജനാധിപത്യ മാര്‍ഗത്തില്‍ അനിവാര്യമായി വന്ന ഒരു തിരുത്തലാണ് സൈനിക നടപടിയെന്ന് മുഹമ്മദ് അല്‍ബറാദി അവകാശപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സൈനിക അട്ടിമറിക്കെതിരെയും മുര്‍സി ഭരണകൂടത്തിന്റെ പുന$സ്ഥാപനത്തിനായും വലിയ പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടു. ബ്രദര്‍ഹുഡിന്റെ മുഖ്യമാര്‍ഗദര്‍ശി മുഹമ്മദ് ബദീഅ് സമാധാനപരമായ പ്രതിരോധത്തിന് ആഹ്വാനം നല്‍കി. എന്നാല്‍, ഈജിപ്തിന്റെ തെരുവുകളില്‍ ബ്രദര്‍ഹുഡ് അനുകൂലികളും എതിരാളികളും തമ്മില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തിലെ വലിയ ധ്രുവീകരണമാണ് നാം ഇവിടെ കാണുന്നത്.

____________________________________
ജനങ്ങള്‍ തെരഞ്ഞെടുത്ത മുര്‍സിയുടെ ഭരണകൂടം അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍, മുര്‍സി ഭരണകൂടത്തിന്റെ സ്വഭാവത്തോടുള്ള എതിര്‍പ്പ് മാത്രമല്ല. ഈജിപ്തിന്റെ സാമ്പത്തിക രംഗത്തും സുരക്ഷാ രംഗത്തും തൊഴില്‍രംഗത്തും ആവശ്യപ്പെടുന്ന മാറ്റത്തിന് സാര്‍ഥകമായ തുടക്കം കുറിക്കാന്‍ മുര്‍സി ഭരണകൂടത്തിന് സാധിക്കേണ്ടതായിരുന്നു. ഒരു വിപ്ളവാനന്തര ഭരണകൂടം നിലവില്‍ വരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന പ്രതീക്ഷകള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. പക്ഷേ, ആ പ്രതീക്ഷയുടെ പല തരത്തിലുള്ള ആവിഷ്കാരത്തെ, ജനങ്ങളുടെ പ്രസ്ഥാനത്തിന്റെ വൈവിധ്യത്തെ, ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ തന്നെ വൈവിധ്യത്തെ, അംഗീകരിച്ചുകൊണ്ടുള്ള നടപടികളല്ല വന്നത്.
____________________________________ 

ഈജിപ്തിലെ ജനതയുടെ രാഷ്ട്രീയ വീക്ഷണം മാറ്റിമറിക്കുന്നതില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ശക്തമായി സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനാധിപത്യ സംവിധാനങ്ങളും ജനാധിപത്യ പ്രക്രിയകളും വേരുറക്കാന്‍ സമയമെടുക്കുമെന്ന് നമുക്കറിയാം. സൈനികാധിപത്യവും ഏകാധിപത്യവും ഒന്നുചേര്‍ന്ന ഒരു വ്യവസ്ഥയുടെ കുറേ ദശകങ്ങളായുള്ള നിലനില്‍പിനെ മാറ്റി പുതിയ ജനാധിപത്യ വീക്ഷണങ്ങളും സംവിധാനങ്ങളും സ്ഥാപനങ്ങളും ഉടലെടുക്കുക എന്നൊരു വലിയ പ്രക്രിയയിലാണ് ഈജിപ്ഷ്യന്‍ ജനത. അതില്‍ എല്ലാപക്ഷത്തും സ്വാഭാവികമായിത്തന്നെ കുറച്ചൊരു അക്ഷമ കാണാനുണ്ട്. ആ അക്ഷമ രാഷ്ട്രീയമായി സാംഗത്യമുള്ളതാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മുര്‍സിയുടെ ഭരണകൂടം അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍, മുര്‍സി ഭരണകൂടത്തിന്റെ സ്വഭാവത്തോടുള്ള എതിര്‍പ്പ് മാത്രമല്ല. ഈജിപ്തിന്റെ സാമ്പത്തിക രംഗത്തും സുരക്ഷാ രംഗത്തും തൊഴില്‍രംഗത്തും ആവശ്യപ്പെടുന്ന മാറ്റത്തിന് സാര്‍ഥകമായ തുടക്കം കുറിക്കാന്‍ മുര്‍സി ഭരണകൂടത്തിന് സാധിക്കേണ്ടതായിരുന്നു. ഒരു വിപ്ളവാനന്തര ഭരണകൂടം നിലവില്‍ വരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന പ്രതീക്ഷകള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. പക്ഷേ, ആ പ്രതീക്ഷയുടെ പല തരത്തിലുള്ള ആവിഷ്കാരത്തെ, ജനങ്ങളുടെ പ്രസ്ഥാനത്തിന്റെ വൈവിധ്യത്തെ, ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ തന്നെ വൈവിധ്യത്തെ, അംഗീകരിച്ചുകൊണ്ടുള്ള നടപടികളല്ല വന്നത്.
മുര്‍സി ഭരണകൂടം ഒരു ഭരണഘടന ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. 100 അംഗങ്ങളുള്ള ഭരണഘടനാ കൗണ്‍സിലാണ് നിലവില്‍ വന്നത്. അതിലെ പല അംഗങ്ങളോടും ഞാന്‍ നേരിട്ടുതന്നെ ഈജിപ്തില്‍വെച്ചു സംസാരിച്ചിട്ടുണ്ട്. അവരോടുള്ള സംഭാഷണം കടുത്ത നിരാശയാണ് എനിക്കുതന്നത്. കാരണം, ഒരു വിപ്ളവാനന്തര ഭരണകൂടം കൊണ്ടുവരുമെന്ന് നാം പ്രതീക്ഷിക്കുന്ന ചേരുവകള്‍ അധികവും അവരുണ്ടാക്കിയ അന്നത്തെ കരട്രൂപത്തില്‍ കാണാനുണ്ടായിരുന്നില്ല. ചെറുപ്പക്കാര്‍ നയിച്ച ഒരു വിപ്ളവമാണ് ജനുവരി 25ലേത്. അവരുടെ ആശയാഭിലാഷങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍, ഈജിപ്തിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ -ഇവക്കെല്ലാം ആവശ്യമായ പരിരക്ഷ എങ്ങനെ നല്‍കാം? ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായിരുന്നു. ഭരണഘടന ഉണ്ടാക്കുന്നതുതന്നെ ദീര്‍ഘസമയമെടുക്കുന്ന ഒരു പ്രക്രിയയാണ്. ഇന്ത്യ 1947ല്‍ സ്വാതന്ത്ര്യം നേടിയെങ്കിലും, നാം റിപ്പബ്ളിക്കായത് 1950ലാണെന്ന് ഓര്‍ക്കുക.
മുഹമ്മദ് മുര്‍സി തെരഞ്ഞെടുക്കപ്പെട്ടത് 51.7 ശതമാനം വോട്ടുകൊണ്ടാണ്. ബാക്കി പകുതി ജനങ്ങളുടെ കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഭരണഘടനാ നിര്‍മിതിയും ഭരണപ്രക്രിയയുമൊക്കെ നടത്താന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു. ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയ വേണ്ടതായിരുന്നു. അതിന്റെ കുറവ് വിപ്ളവത്തിന് നേതൃത്വം കൊടുത്ത ചെറുപ്പക്കാരും സ്ത്രീകളും മതനിരപേക്ഷ വാദികളുമൊക്കെ വീണ്ടും തെരുവിലിറങ്ങുന്ന സ്ഥിതിയാണ് ഉണ്ടാക്കിയത്. മുസ്ലിം ബ്രദര്‍ഹുഡ് അതിന്റെ ആദ്യകാല ഇസ്ലാമിക ഭരണകൂടമെന്ന സങ്കല്‍പത്തില്‍നിന്ന് ഒരുപാട് മാറി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് മുന്നോട്ടുവന്നപ്പോള്‍, ഒരു സിവില്‍ ഭരണകൂടം എന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ഈ സിവില്‍ സ്റ്റേറ്റ് എന്ന സങ്കല്‍പത്തില്‍, കൂടുതല്‍ മതനിരപേക്ഷമായ ഭരണവ്യവസ്ഥ സ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചു വന്നപ്പോള്‍ ഈ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയി.
ഈജിപ്ഷ്യന്‍ സാമ്പത്തികരംഗത്തെ വളരെ മോശപ്പെട്ട നിലയില്‍ കൊണ്ടെത്തിച്ചിട്ടാണ് മുബാറക് പോയത്. അതിനെ പിടിച്ചുയര്‍ത്തുന്നത് ഏതാനും മാസങ്ങള്‍ കൊണ്ട് നടക്കുന്ന കാര്യമല്ല. മുബാറക് തുടര്‍ന്ന നവലിബറല്‍ രീതിയില്‍നിന്ന് വളരെ വ്യത്യാസപ്പെട്ട ഒരു രീതിയിലേക്കു പോകാന്‍ മുര്‍സിക്ക് സാധിച്ചില്ല. ഒരുപക്ഷേ, മുര്‍സിയുടെ രാഷ്ട്രീയമായ പരിചയക്കുറവും അതിന് കാരണമായിരിക്കാം. ഈ പ്രതിസന്ധികള്‍ക്കിടയില്‍, ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ടൂറിസം പോലുള്ള രംഗങ്ങള്‍ വളരെ പിറകോട്ടുപോയി. തൊഴിലില്ലായ്മാ നിരക്ക് കൂടിക്കൂടി വന്നു. സൈനികരംഗം ശക്തമായൊരു രാഷ്ട്രീയ വേദി കൂടിയാണ്. സൈന്യം ഈജിപ്തിലെ 40 ശതമാനത്തോളം വരുന്ന സാമ്പത്തികരംഗം കൈയടക്കുന്നവരാണ്. അമേരിക്കയുമായി കടുത്ത ചങ്ങാത്തവും അവര്‍ക്കുണ്ട്. അമേരിക്കയാണ് ഈജിപ്ഷ്യന്‍ സൈന്യത്തെ വലിയ തോതില്‍ മുബാറകിന്റെ കാലത്തും ഇപ്പോഴും സഹായിച്ചുവരുന്നത്. 1950കളില്‍ തുടങ്ങിയ സൈന്യത്തിന്റെ രാഷ്ട്രീയസ്വാധീനം കുറക്കുന്നതിന് മുര്‍സിയുടെ ജനാധിപത്യ സര്‍ക്കാറിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. പട്ടാളം ഇപ്പോഴും ശക്തമായ രാഷ്ട്രീയ ശക്തിയായി നിലകൊള്ളുന്നുവെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെയാണ് അവര്‍ക്ക് ഇപ്പോഴും ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനും ഗതി മാറ്റാനുമൊക്കെ സാധിക്കുന്നത്. ജൂലൈ മൂന്നിലെ അട്ടിമറിക്ക് വലിയ ജനകീയ പ്രക്ഷോഭങ്ങളുടെ പിന്തുണയുണ്ട് എന്ന ന്യായമാണ് സൈന്യം പറയുന്നത്. അതുകൊണ്ട് ഇത് അട്ടിമറി ആവാതിരിക്കുന്നില്ല. ആഗോളതലത്തില്‍തന്നെ സാമാന്യം സ്വതന്ത്രവും നീതിപൂര്‍വകവുമായി നടന്ന തെരഞ്ഞെടുപ്പാണ് മുര്‍സിയുടേത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ മറിച്ചിടുക തന്നെയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതിന് സൈനികശേഷി ശക്തമായി ഉപയോഗിച്ചു എന്നുള്ളത് നഗ്നമായ യാഥാര്‍ഥ്യം മാത്രം.
പട്ടാളം തുടര്‍ന്നും ഭരണം നടത്തുകയല്ല, ഒരു ഇടക്കാല സര്‍ക്കാറുണ്ടാക്കി ഭരണക്രമീകരണം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ള ഉപാധിയാവുക മാത്രമേ തങ്ങള്‍ ചെയ്യുന്നുള്ളൂ എന്നാണ് സൈന്യത്തിന്റെ വാദം. പക്ഷേ, അവര്‍ നിര്‍ണായക ശക്തിയായി പിന്നാമ്പുറത്ത് പ്രവര്‍ത്തിക്കുകതന്നെ ചെയ്യും. എങ്കിലും സാധാരണ പട്ടാള അട്ടിമറികളെപ്പോലെ, പട്ടാളത്തിന്റെ കൈയില്‍ എല്ലാ രംഗങ്ങളും വരുന്ന ഒരു രീതിയല്ല നാം കാണാന്‍ പോവുന്നത്. ജൂലൈ നാലിന് രാത്രി പരമോന്നത ഭരണഘടനാ കോടതിയുടെ തലവനായ അദ്ലി മന്‍സൂറിനെ ഇടക്കാല പ്രസിഡന്‍റായി നിയോഗിച്ചു. അദ്ദേഹം ആദ്യമായി പ്രഖ്യാപിച്ച കാര്യം, ഇനി വരുന്ന രാഷ്ട്രീയ പ്രക്രിയകളില്‍ ചെറുപ്പക്കാരുടെ വികാരങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടാവും, വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതീക്ഷകള്‍ സഫലീകരിക്കാന്‍ ശ്രമിക്കും, സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും എന്നൊക്കെയാണ്. അടുത്ത ഒരു വര്‍ഷത്തിനിടക്ക് ഭരണഘടനയില്‍ മാറ്റം വരുത്തുകയോ, പുതിയ ഭരണഘടന തന്നെ എഴുതുകയോ ചെയ്യും. പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പും പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടത്തി ഒരു സിവിലിയന്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന കര്‍മപദ്ധതി നമുക്കു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് എത്രകണ്ട് മുന്നോട്ടു പോകുമെന്നതാണ് ഈജിപ്തിന്റെ ഭാവിയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരം മുഖ്യമായും കിടക്കുന്നത്, മുസ്ലിം ബ്രദര്‍ഹുഡ് ഇനി എന്തുചെയ്യുമെന്നതിലാണ്. മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് പുതിയ ഭരണം സ്ഥാപിച്ചതിലൂടെ, ഒരു നിയമസാധുതയുമില്ലാത്ത ഭരണപ്രക്രിയയാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ, ഈ ഭരണപ്രക്രിയയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, പ്രക്ഷോഭങ്ങളിലേക്ക് പോവുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നുമാണ് മുസ്ലിം ബ്രദര്‍ഹുഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇനിയും വലിയ തോതില്‍ തെരുവില്‍ ഇറങ്ങാന്‍ തന്നെയാണ് അവരുടെ തീരുമാനം. മുസ്ലിം ബ്രദര്‍ഹുഡിനെ പുതിയ പ്രക്രിയയില്‍ പങ്കാളിയാവാന്‍ ഇടക്കാല പ്രസിഡന്‍റ് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ക്ഷണിക്കുന്ന ദിവസം തന്നെ മുര്‍സിയും മുസ്ലിം ബ്രദര്‍ഹുഡിന്റെ മുന്നൂറോളം നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.
മുസ്ലിം ബ്രദര്‍ഹുഡിനെ സംബന്ധിച്ചിടത്തോളം ഇടക്കാല സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പ്രക്രിയകളില്‍ പങ്കാളിയാവുക എന്നുവെച്ചാല്‍ ഇടക്കാല സര്‍ക്കാറിനെ അംഗീകരിക്കുകയാവും ഫലം. പങ്കാളികളാവാതിരിക്കുക എന്നുവെച്ചാല്‍, രാഷ്ട്രീയ സംവിധാനത്തിനു പുറത്തുകടന്ന് ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുക എന്ന രീതിയായിരിക്കും കൈക്കൊള്ളേണ്ടി വരുക. ഇതിലേതാണ് കുറച്ചുനാള്‍ കഴിഞ്ഞെങ്കിലും സ്വീകരിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് മുര്‍സിക്കു ശേഷമുള്ള രാഷ്ട്രീയത്തിന്റെ ഗതി വലിയൊരളവോളം നിര്‍ണയിക്കപ്പെടുക. കാരണം, മുസ്ലിം ബ്രദര്‍ഹുഡ് ഇന്നും സാമൂഹികമായി വളരെയധികം പിന്തുണയുള്ള പ്രസ്ഥാനമാണ്. അതിന്റെ സംഘടനാശേഷി ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ ഇനിയും നിര്‍ണായകമാവുക തന്നെ ചെയ്യും.
ഈജിപ്തിലെ ശക്തമായ രാഷ്ട്രീയ ധ്രുവീകരണം കൂടുതല്‍ സംഘര്‍ഷങ്ങളിലൂടെയാണോ, കുറച്ചുകൂടി സമാധാനപരമായ മാര്‍ഗങ്ങളിലൂടെയാണോ പ്രകടമാക്കപ്പെടുക എന്നത് വരുംനാളുകളില്‍ ഏറെ നിര്‍ണായകമാണ്. ജനാധിപത്യ പ്രക്രിയയില്‍നിന്നുള്ള പിറകോട്ടുപോക്ക് ഈജിപ്ഷ്യന്‍ ജനത സഹിക്കുമെന്ന് തോന്നുന്നില്ല. അതിന് നേരിട്ട ഒരു തിരിച്ചടിയാണ് ജൂലൈ മൂന്നിന് നാം കണ്ടത്. കുറച്ചുകൂടി രാഷ്ട്രീയ ദീര്‍ഘവീക്ഷണത്തോടുകൂടി മുര്‍സി ഭരണകൂടവും പ്രതിപക്ഷവും ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തിരുന്നെങ്കില്‍, ജൂലൈ മൂന്നിലെ സാഹചര്യം ഒരുപക്ഷേ, ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഈജിപ്ഷ്യന്‍ ജനത കഴിഞ്ഞ രണ്ടരവര്‍ഷമായി മുന്നോട്ടുവെച്ച ജനകീയ ഇടപെടലിന്റെ പാഠം രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസ്സിലാക്കുമെന്നു തന്നെയാണ് നാം കരുതേണ്ടത്.

 

ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷനല്‍ സ്റ്റഡീസിലെ പശ്ചിമേഷ്യാ പഠന കേന്ദ്രം പ്രഫസറും ചെയര്‍പേഴ്സനുമാണ് ലേഖകന്‍ .

Top