ഹരിയുടെ മരണം ഓർമകളുടെ വേലിയേറ്റത്തിലേക്കു എന്നെ എറിയുന്നു. വീട്ടുകാരെ എന്നും അലോസരപ്പെടുത്തിക്കൊണ്ട് സ്വന്തം ദിശയിലൂടെ മാത്രം അവൻ സഞ്ചരിച്ചു. സംഗീതവും സുഹൃത്തുക്കളും ലഹരിയും എപ്പോഴും കൂടെ ഉണ്ടായിരുന്നു. ആഴത്തിലേക്ക് തുറന്ന ഒരു കണ്ണിലൂടെ ചുറ്റുമുള്ളവരുടെ പൊള്ളത്തരങ്ങളെ ഫലിതത്തിലൂടെയും ക്രോധത്തിലൂടെയും നേരിട്ടു. അവന്റെ ഭാഷയിൽ പറഞ്ഞാൽ ‘നെല്ലും പതിരും’ തിരിച്ചറിയാൻ ആത്മപീഡ അനുഷ്ടിച്ചു. സംഗീതത്തിന്റെ ബ്രാഹ്മണിക് മേധാവിത്തത്തിന് കുറുകെയും അരികുകളിലൂടെയും അതിനു പുറത്തും സഞ്ചരിച്ചു. വീട്ടിലേക്കു എല്ലാവരെയും സ്വാഗതം ചെയ്തു. പക്കമേളം വായിക്കുമ്പോൾ പാലിക്കുന്ന താളക്രമം സംഭാഷണത്തിലും കൂടെ നിർത്തി. ആർക്കും വഴങ്ങാത്ത സ്വാതന്ത്ര്യബോധത്തോടെ എന്നാൽ സുഹൃത്തുക്കളുടെ ധാരാളിത്തത്തിൽ സ്വാകാര്യതകളില്ലാത്ത ഒരു ജീവിതം അന്ത്യം വരെ കൊണ്ടുനടന്നു. ആദരാഞ്ജലികൾ.