നഴ്സിങ്ങിന് സമൂഹത്തിൽ സ്വീകാര്യത നേടി കൊടുക്കുന്നതിനു സന്യാസിനി സ്ഥാപനങ്ങൾ കാര്യമായ പങ്കു വഹിച്ചിട്ടുണ്ടെങ്കിൽ കൂടിയും, ഈ ബന്ധം നഴ്സുമാർക്ക് ഗുണത്തേക്കാൾ ദോഷമാണ് ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ ക്രിസ്ത്യൻ മിഷനറി സ്ഥാപനങ്ങളിലൂടെ രൂപപ്പെട്ടു വന്ന തൊഴിലായതു കൊണ്ട് തന്നെ സന്യാസിനി ജീവിതത്തിന്റെയും മിഷൻ സ്ഥാപനങ്ങളുടെയും അടിസ്ഥാന മൂല്യങ്ങളാണ് നഴ്സിങ് എന്ന തൊഴിലിലും ഉൾച്ചേർന്നിരിക്കുന്നതു. സേവന സന്നദ്ധതയും പ്രതിഫലം പ്രതീക്ഷിക്കാത്ത ത്യാഗവും അർപ്പണബോധവും ഈ തൊഴിലിന്റെ പ്രധാനപ്പെട്ട യോഗ്യതയായി നമ്മൾ ഇന്നും കരുതുന്നു. പക്ഷേ ക്രിസ്ത്യൻ മിഷനറി സ്ഥാപനങ്ങളുടെ നിലനിൽപ് സന്യാസിനിമാരുടെയോ അതിലെ അംഗങ്ങളുടെയോ ശമ്പളത്തിലൂടെ മാത്രം അല്ല. അവർക്കു മറ്റു വരുമാനമാർഗ്ഗങ്ങൾ ഉണ്ടെന്നു മാത്രമല്ല ദാരിദ്ര്യ വ്രതം സ്വർഗം ഉറപ്പു കൊടുക്കുന്നുമുണ്ട്. പക്ഷേ നഴ്സുമാരുടെ കഥ അതല്ലല്ലോ. നഴ്സിങ് ഒരു തൊഴിലാണ്. ഉപജീവന മാർഗമാണ്. അതുകൊണ്ടു തന്നെ അതിനെ ത്യാഗം, സഹനം തുടങ്ങിയ മൂല്യങ്ങളുടെ മഹത്വവൽക്കരണത്തിൽ നിന്ന് മോചിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്നു തോന്നുന്നു.

Top