ദലിത് ജ്ഞാനാവബോധത്തിന്റെ അടിത്തറ അംബേദ്ക്കറൈററ്റ് ജനാധിപത്യ പ്രത്യയശാസ്ത്രമാണ്. അതാകട്ടെ എല്ലാ പ്രകാരത്തിലുമുള്ള മൗലികതാവാദങ്ങളെയും ഫാസിസത്തിന്റെ മുഴുവൻ വ്യവഹാരങ്ങളെയും ചാതുർവണ്യ വ്യവസ്ഥയിലധിച്ചിതമായ ഇന്ത്യൻ ജാതിരാഷ്ട്രീയ-മത സഖ്യത്തെയും പ്രതിരോധിച്ചു കൊണ്ടും ദലിത് ജനപദത്തിന്റെ തന്നെ ആന്തരികമായ സർവ്വവിധ ബലഹീനതകളെയും തിരിച്ചറിഞ്ഞ് പ്രശ്നവൽക്കരിച്ചു കൊണ്ടുമാണ് വികസിച്ചു വന്നിട്ടുള്ളത്. സമൂഹത്തിന്റെയാകമാനമുള്ള ജനാധിപത്യവൽക്കരണത്തോടൊപ്പം ആന്തരിക പരിഷ്കരണവും വികാസവുമെല്ലാം ദലിത് ജ്ഞാനാവബോധ്യങ്ങൾ മുമ്പോട്ട് വയ്ക്കുന്നുണ്ട്. ഹിന്ദുത്വ ജാതിമേൽക്കോയ്മക്കെതിരെ പ്രതിജാതികൂട്ടായ്മയും സവർണ്ണ ഫാസിസത്തിനെതിരെ ബദൽ മാനവവിരുദ്ധതയും മതനിർമ്മിത ദൈവങ്ങൾക്കു നേരേ കീഴാളമൂർത്തികളെയും സങ്കല്പിക്കുന്നതല്ല ദലിത് ജ്ഞാനാവബോധം.

Top