ഡിഗ്രിക്ക് ചേരുന്നത് വരെയും കേരളത്തിലെ ക്രിസ്ത്യാനികൾ എല്ലാവരും ഒരുപോലുള്ളവരാണെന്ന് നിഷ്ക്കളങ്കമായി വിശ്വസിച്ചിരുന്ന ആളാണ് ഞാൻ. ക്രിസ്തുമസ്സിനും ഈസ്റ്ററിനും മുന്നോടിയായുള്ള നോമ്പിൻ്റെ സമയത്തും ഞാൻ മീനും ഇറച്ചിയുമൊക്കെ ചേർത്തു പൊതിഞ്ഞ ചോറു പൊതികൾ കൊണ്ടു വരുന്നത് കണ്ട് നീ ഇതെവിടുത്തെ ക്രിസ്ത്യാനിയാണെന്ന് ആരോ ചോദിച്ചപ്പോഴാണ് ജീവിതത്തിലാദ്യമായി ക്രിസ്ത്യാനികൾക്കിടയിൽ എന്തൊക്കെയോ ഏറ്റക്കുറച്ചിലുകളുള്ള കാര്യം തിരിച്ചറിഞ്ഞത്. ക്രിസ്ത്യാനികൾക്കിടയിൽ ജാതിയില്ലെന്ന വിശ്വാസം ഊതിവീർപ്പിച്ച ബലൂൺ ആയേ കണ്ടിട്ടുള്ളൂ. കെവിൻ്റെയും നീനുവിൻ്റെയും സംഭവം ആ ബലൂൺ പൊട്ടിക്കാനൊരു അവസരമുണ്ടാക്കുകയും ചെയ്തു. ഇരുവരും ക്രൈസ്തവരായിരുന്നിട്ട് കൂടി, ഒരാൾ ചേരമർ ക്രിസ്ത്യാനിയും മറ്റെയാൾ സവർണ ക്രിസ്ത്യാനിയുമായതാണ് അവരിലൊരാളുടെ ജീവൻ എടുത്തതെങ്കിൽ, മതത്തിൻ്റെ മതിൽക്കെട്ടുകളെക്കാൾ എത്രയോ കഠിനമാണ് ജാതിയുടേതെന്ന് വെളിവാക്കപ്പെടുന്നുണ്ട്. സാക്ഷര കേരളമേ തല കുനിക്കൂ, കെവിനേ മാപ്പ്, തുടങ്ങി ഉടനെ സജീവമാവാൻ പോവുന്ന മലയാളീ കണ്ണീർ പ്രവാഹങ്ങൾക്കൊടുവിൽ വീണ്ടും നമ്മൾ ഉടനെങ്ങും മാറാനിടയില്ലാത്ത ജാതിരഹിത നമ്പർ വൺ കേരളമെന്ന പ്രിറ്റൻ്റഡ് ബോധ നിർമ്മിതിയിലേക്ക് തന്നെ തിരിച്ചു പോവാനേ സാധ്യത കാണുന്നുള്ളൂ.

Top