ഊഷ്മളമായസ്നേഹവായ്പും അനുപമമായ ത്യാഗസന്നദ്ധതയും അചഞ്ചലമായ ധീരതയും ഒന്നായി സമ്മേളിച്ച ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ സി.പി.ഹംസ സാഹെബ്. വെൽഫയർ പാർട്ടിയുടെ മുഖ്യ സംഘാടകൻ, ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പി.സി കാഴ്ചവെച്ച മാതൃകാപരവും ഉത്തരവാദിത്വപൂർണ്ണവുമായ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. മൂന്നു വർഷത്തോളമായി ക്യാൻസർ രോഗത്തോടു പൊരുതി ജിവിക്കുമ്പോഴും രോഗം പി.സി യുടെ മുമ്പിൽ തോറ്റു വഴിമാറുമായിരുന്നു. അസുഖം വകവെക്കാതെ 2016ലെ സംഘപരിവാർ സമഗ്രാധിപത്യത്തിനെതിെരെയുള്ള ദേശീയ ക്യാമ്പയിനിൽ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് അദ്ദേഹം പരിപാടികൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ ഏപ്രിലിൽ India for all Indians ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ സജീവമായി പങ്കെടുത്തു. കാലത്തെ പുതുക്കി പണിയാൻ സമർപ്പിച്ച തന്റെ എഴുത്തും പ്രഭാഷണങ്ങളും സംഭാഷണങ്ങളുമെല്ലാം ഇനി ഞങ്ങൾക്ക് അമൂല്യമായ ഓർമകൾ. അതോടൊപ്പം പ്രചോദനവും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അധികാരമുപയോഗിച്ച് അംബൂ എന്ന് എന്നെ അഭിസംബോധന ചെയ്ത പി സി, അങ്ങ് മനസ്സിലും ഓർമ്മകളിലുമല്ല, എന്റെ ഹൃദയത്തിൽ തന്നെ ഇനി ജിവിക്കും. മരണത്തിന്റെയും വേദനയുടെയും മുഖത്ത് നോക്കി പുഞ്ചിരിച്ച പിസിയുടെ അസാധാരണമായ കർമ്മസാക്ഷ്യവും ചൈതന്യവും വെൽഫയർ പാർട്ടിയുടെ മൂല്യനിക്ഷേപമാണ്. അസമത്വവും അനീതിയും തുടച്ചു മാറ്റാൻ , സവർണ്ണ ഫാഷിസ്റ്റ് സമഗ്രാധിപത്യത്തെ പടിയിറക്കി സാമൂഹ്യ നീതിയും മതേതരത്വവും സമ്പൂർണ്ണ ജനാധിപത്യവും വാഴുന്ന ക്ഷേമരാഷ്ട്രം യാഥാർത്ഥ്യമാക്കാനുള്ള നന്മുടെ പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ പി സി ഹംസയെന്ന പ്രതിഭാസം ഞങ്ങൾക്ക് കരുത്താകട്ടെ. അങ്ങയുടെ സചേതനമായ ഓർമ്മകൾക്കു മുമ്പിൽ കണ്ണീരോടെ പ്രണാമം. ആദരാഞ്ജലികൾ….

Top