ഈ നാട്ടിൽ മുസ്ലിം പെണ്ണ് ഭരണകൂടത്തിൽ നിന്നും, പൊതു ബോധത്തിൽ നിന്നും പല വിധത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമാക്കപ്പെട്ട് അരികു വൽക്കരിക്കപ്പെടുമ്പോഴും ഫ്‌ളാഷ് മോബ് കളിക്കൽ ആണ് അവളുടെ ആകെ കൂടിയുള്ള പ്രശ്നം എന്നു പറയുമ്പോൾ എന്തോ ‘ആങ്ങളമാരുടെ’ ഞങ്ങളോടുള്ള സ്നേഹമാണെന്നു മനസ്സിലാക്കാൻ നല്ല പ്രയാസമുണ്ട്. മുസ്‌ലിം ആയതിന്റെ പേരിൽ മാത്രം ഹാദിയ വീട്ടു തടങ്കലിൽ അടക്കപ്പെട്ടപ്പോൾ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ, ഹിന്ദുത്വ ശക്തികളോടൊപ്പം നിന്നവർ, മഫ്ത ധരിച്ച് എക്സാം എഴുതാൻ മുസ്ലിം പെണ്കുട്ടി സമരം നടത്തിയപ്പോൾ ഒന്നും കാണാത്ത ഈ ആവേശം ഇപ്പോൾ കാണിക്കുന്നതിന്റെ രാഷ്ട്രീയവും മറ്റൊന്നല്ല.. പിന്നെ എന്നു മുതലാണ് ഞങ്ങൾ മുസ്ലിം പെണ്ണുങ്ങൾ ഞങ്ങെടെ സംരക്ഷണം നിങ്ങളെ ഏൽപിച്ചത് . ഞങ്ങടെ സ്വർഗത്തെ പറ്റി ഞങ്ങൾക്കില്ലാത്ത ബേജാറ് നിങ്ങൾക്കെന്തിനാ.ആടുമ്പോഴേക്കും ഇളകി പോവാൻ ഞങ്ങടെത് വാടക തട്ടങ്ങളല്ല,തട്ടമിട്ട് ദഫ്മുട്ടി റസൂലിനെ വരവേറ്റ പെണ്ണുങ്ങളുടെ പിൻതലമുറക്കാരായോണ്ട് അത്ര പെട്ടന്നൊന്നും ഞങ്ങടെ സ്വർഗം ഇളകില്ല സഖാക്കളേ … അത് കൊണ്ട് തൽക്കാലം നിങ്ങള് മലാല യുടെ ചിത്രമൊക്കെ വെച്ച് വായിപ്പിക്കാനും വരിക്കാരാക്കാനും നോക്കിയാൽ മതി..

Top