ഇന്ത്യയിൽ മുസ്ലിങ്ങളെ കുറ്റവാളികളാക്കി വർഷങ്ങളോളം തടവിലിടുന്ന കെട്ടിച്ചമച്ച നിരവധി യുഎപിഎ കേസുകളിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെടുന്നുണ്ട്. ഈയടുത്തായി രാജ്യത്ത് നിര്‍മ്മിക്കപ്പെട്ട പല കേസുകളിലും പ്രതികളാക്കപ്പെട്ടവര്‍ കുറ്റവിമുക്തരായി പുറത്തുവന്നിരിക്കുന്നു. വിചാരണ വൈകിച്ചുകൊണ്ട് കോടതികൾ അവരുടെ ജീവിതത്തിന്റെ പ്രധാനഭാഗങ്ങൾ ഭരണകൂടത്തിന് എടുത്തുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും വീണ്ടും ഇത്തരം കേസുകൾ ഉണ്ടാക്കപ്പെടുന്നു. ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുസ്ലിങ്ങളെ ഭരണകൂടം കുറ്റാരോപിതരാക്കുമ്പോൾ എത്തുന്ന മാധ്യമങ്ങൾ കുറ്റവിമുക്തരാക്കിക്കഴിഞ്ഞാൽ എത്താതിരിക്കുന്നു. വര്‍ഷങ്ങളായി ഇന്ത്യയുടെ പൊതുബോധം ‘പിന്തുടര്‍ന്നുപോരുന്ന’ ജെെവികമായ ഈ മാനസികാവസ്ഥ തന്നെയാണ് ഇസ്ലാമോഫോബിയ.