പൊതു സമൂഹത്തിന്റെ ജാതി ചോദിക്കൂ…..

സാമൂഹ്യവ്യവസ്ഥ അനുനിമിഷം സ്വകാര്യവത്കരണത്തിനു വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവിടെ സംവരണ മുള്‍പ്പെടെയുള്ള സാമൂഹ്യ പരിഷ്‌കരണങ്ങളൊന്നും നിലവിലില്ല. കാലക്രമത്തില്‍ പൊതുജനങ്ങളില്‍ നിന്നുതന്നെ ദളിതര്‍ തൂത്തെറിയപ്പെടും. കൂടുതല്‍ കൂടുതല്‍ അപമാനവീകരിക്കപ്പെടും. സ്റ്റേറ്റ് തന്നെ അതിന്റെ ഉദാര വത്കരണം, കോര്‍പ്പറേറ്റ് വല്‍ക്കരണ നയങ്ങളിലൂടെ ദലിത് ആദിവാസി വിഭാഗങ്ങളെ സ്വന്തം രാജ്യത്തല്‍ നിന്ന് അന്യരാക്കും. സാമ്പത്തിക, സാമൂഹികഘടനയിലേക്കുള്ള ദലിത് ആദിവാസികളുടെ പ്രവേശനത്തിലൂടെ മാത്രമേ ഈ പുറത്താക്കപ്പെടലില്‍ നിന്ന് രക്ഷപെടാന്‍ കഴിയുകയുള്ളൂ. അതിന് രാഷ്ട്രീയധികാരവും പൊതുസമ്മിതിയം വേണം.

എം.പി. പരമേശ്വരന്‍ എന്ന പ്രസിദ്ധനായ ഇടതുപക്ഷ ചിന്തകന്‍പറയുന്നു.
”ജാതിയെ ഒരു പൊളിറ്റിക്കല്‍ ഇക്കണോമിക് ഐഡന്റിറ്റിയായിസംവരണം കുഴിയില്‍ കിടക്കുന്നയാളെ ഉയര്‍ത്തണം. സംവരണം കഴിഞ്ഞ് പഠിച്ചുവരുന്നയാളെ മെയിന്‍ സ്ട്രീമിന്റെ ഭാഗമാക്കണ്ടേ? അതില്ല.ഉപയോഗിക്കുയാണ്. ഈ ഐഡന്റിറ്റി അംഗീകരിക്കപ്പെട്ടു. ഉദാഹരണത്തിന്  ഇപ്പോള്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ മൂന്നാം തലമുറയാണ് അനുഭവിക്കുന്ന്ത്. മറ്റുള്ളവരുട പേരുപറഞ്ഞ് അവര്‍ തട്ടിയെടുക്കുകയാണ്.” (മാതൃഭൂമി ആഴ്ചപ്പതിപ്പ്).

ബുദ്ധിജീവിതത്തിന്റെ മഹാപദവിയിലുള്ള ഒരു ചിന്തകന്റെ അജ്ഞത എത്ര പരിതാപകരമാണ്. സംവരണം വ്യക്തിക്കല്ല സമുദായത്തിനാണ് എന്ന അടിസ്ഥാനതത്വം അദ്ദേഹം ഒളിപ്പിച്ചുവെയ്ക്കന്നു. സാമുദായിക സംവരണമാണ് നമ്മുടെ സംവരണ തത്വത്തിന്റെ അടിത്തറ. ഒരു സമുദായത്തിന്റെ സാമൂഹിക സ്ഥിതിയില്‍ മാറ്റം സൃഷ്ടിക്കാനുള്ള പരിരക്ഷയാണത്. ഈ പരമേശ്വരവാദത്തിന്റെ അടിയില്‍ നിന്ന് സാമ്പത്തിക സംവരണവാദത്തിന്റെ കാഹളം മുഴങ്ങുന്നുണ്ട്. രണ്ട് ഡോക്ടര്‍മാരുള്ള ഒരു വീട്ടില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥിക്ക് മൂന്നാമതൊരു എം.ബി.ബി. എസ് സീറ്റ് ഗവണ്‍മെന്റ് അനുവദിക്കാന്‍ പാടില്ല എന്ന് വാദിക്കാന്‍ പരമേശ്വരന് ധൈര്യമുണ്ടോ? സവര്‍ണ്ണ ധനിക സമുദായത്തിന് സ്വന്തമായുള്ള സാമൂഹ്യ-പ്രതീകാത്മക മൂലധനത്തെക്കുറിച്ച് പരമേശ്വരന് അറിയാതെ വരുമോ? വിഭവാധികാരത്തില്‍ ഏറ്റവും പിന്നിലുള്ള മനുഷ്യര്‍ക്ക് ലഭ്യമായ ഭരണഘടനാ പരിരക്ഷകളോടുള്ള പൊതുസമൂഹത്തിന്റെ സവര്‍ണ്ണ ബോധത്തെതന്നെയാണ് പരമേശ്വരനേയും പിന്‍പറ്റുന്നത്.

പൊതുസമൂഹത്തിന്റെ നികുതിപ്പണം ധനിക സമൂഹത്തിന്റെ (സവര്‍ണ്ണം എന്നും പറയാം) ഉന്നതിക്കാണ് ഉപയോഗിക്കപ്പെടുന്നത് എന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. അല്ലെങ്കില്‍ എയ്ഡഡ് വിദ്യാഭ്യാസമേഖലയുടെ കണക്കെടുത്താല്‍ മാത്രം അത് മനസ്സിലാകും. ശമ്പളത്തിനും പെന്‍ഷനും മാത്രമായി 10,000 ത്തോളം കോടിരൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. പട്ടികവിഭാഗങ്ങള്‍ എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെ 441 അദ്ധ്യാപകര്‍ മാത്രമാണ് ഈ മേഖലയിലുള്ളത് (2011 ലെ കണക്ക്). ഇങ്ങനെ ‘പൊതു’ എന്നു പറയുന്ന മേഖലകളിലെല്ലാം സാമൂഹ്യമൂലധനം ഉള്ളസവര്‍ണ്ണ സമുദായങ്ങളാണ് ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്നത് എന്നത് കണക്കുകള്‍ മാത്രം തെളിയിക്കുന്ന വസ്തുതയാണ്. സാംസ്‌കാരികാധീശത്വം വേറെ. പൊതുമേഖലാ സ്ഥാപനങ്ങള്‍ അനുദിനം സ്വകാര്യവതത്ക്കരിക്കപ്പെടുന്നതോടെ ദലിതരുടെ സ്ഥാപനവത്കൃതമായ എസ്‌ക്ല്യൂഷന്‍ നടക്കുയാണ്. പൊതുമേഖളാ സ്ഥാപനങ്ങളില്‍ തന്നെ സംവരണതത്വം പാലിക്കപ്പെടാത്ത ബോര്‍ഡുകള്‍ നിരവധി. സഹകരണ സ്ഥാപനങ്ങളില്‍ സംവരണതത്വങ്ങള്‍ പാലിക്കപ്പെടുന്നില്ല. രണ്ടുകണക്കുകള്‍ ഇതിന് കൂടുതല്‍ വ്യക്തത നല്‍കും.

അതിസമ്പന്നരില്‍ മുന്നോക്കജാതിക്കാര്‍ 13.8 %, ക്രിസ്ത്യാനികള്‍ 19.9%, പിന്നോക്കജാതികള്‍ 7%, മുസ്ലീംങ്ങള്‍ 6%, പട്ടികജാതിക്കാര്‍ 1.5% മാത്രം. പട്ടികവര്‍ഗ്ഗം.0% കേരളത്തിലെ ദളിതരില്‍ 75% വും ആദിവാസികളില്‍ 89%വും ദരിദ്രരോ പരമദരിദ്രരോ ആണ്.

ഇങ്ങനെ പല നിലകളില്‍ കേരളീയ സന്ദര്‍ഭത്തില്‍ നിസ്സഹായരായി നില്‍ക്കുന്ന ജനതയിലാണ് ക്രിമീലെയര്‍ അന്വേഷിക്കുന്നത്. സാമൂഹ്യഘടനയില്‍ നിര്‍വാഹകശേഷിയിലേക്ക് വികസിക്കാന്‍ ഒരു സമുദായത്തിന് സാധ്യമായിത്തീരുമ്പോഴാണ് അവയ്ക്ക് ഇതരസമുദായങ്ങളുമായി തുല്യത കൈവരുക. സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷം കഴിഞ്ഞാണ് ഒരു ഇന്ത്യന്‍ ദലിത് വിദ്യാര്‍ത്ഥിയായ ടീനാഡാബി ഐ.എ. എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്നത് എന്നോര്‍ക്കണം. ‘ദലിത് സ്വാഭിമാന്‍’ റാലി നടത്തേണ്ടിവരും വിധം സാമൂഹ്യമായ പിന്നോക്കാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ജിഗ്നേഷ് മേവാനിയും അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളും അടിസ്ഥാനപരമായി അസന്തുലിതമായ ഈ അവസ്ഥ യുടെ പ്രശ്‌നത്തിലാണ് ഊന്നുന്നത്. വിഭവങ്ങള്‍ക്കു മേലുള്ള ആധിപത്യത്തെ മുന്‍നിര്‍ത്തിനോക്കിയാല്‍ സംവരണം പോലും എത്ര തുച്ഛമായ പങ്കാളിത്തമാണെന്ന വസ്തുത പുറത്തുവരും. ഒരു ജനാധിപത്യസമൂഹം ഇതെങ്ങനെ പരിഗണിക്കുന്നുവെന്നതാണ് അടിസ്ഥാന പ്രശ്‌നം.

എന്നാല്‍ നമ്മുടെ പൊതുബോധം ഇതിന് നേര്‍വിപരീതമാണ്. ഈയിടെ ഒരു സുഹൃത്ത് പരിതപിച്ചു. ഇപ്പോള്‍ എന്തിനും ഏതിനും ദളിത്, ദളിത് എന്നു പറയുന്നതുകേട്ട് ഈ നാട്ടില്‍ മനുഷ്യരില്ലേ എന്ന് തോന്നിപ്പോകുന്നു എന്ന്. ജാതിയോ മതമോ ഒന്നും ഇല്ലാതിരുന്ന ഒരു മതേതര കേരളമാണ് ഇങ്ങനെ ജാതി ചോദിക്കുന്ന കേരളമായതെന്ന സങ്കടമായിരുന്നിരിക്കണം ഈ പരിതാപത്തിനു കാരണം.

പത്രത്തില്‍ കണ്ട വിവാഹപരസ്യങ്ങളിലൊന്ന്. വധുവിനെ ആവശ്യമുണ്ട്, ജാതി പ്രശ്‌നമല്ല. എസ്. സി, എസ്/റ്റി ഒഴികെ.

സെക്കുലറാണെന്ന് നാം സ്വാഭാവികമായി കരുതന്ന പൊതുസമൂഹത്തിന്റെ പ്രച്ഛന്ന ജാതി സ്വരൂപമാണിത്. ആദ്യത്തേത് സെക്കുലര്‍ മുഖംമൂടിയണിഞ്ഞ ജാതി ബോധമാണെങ്കില്‍ രണ്ടാമത്തേത് പ്രത്യക്ഷമായ ജാതിയാണ്. ആദ്യത്തെ വാക്യത്തിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യവഹാര മണ്ഡലം ഒന്നു പരിശോധിക്കാം. കീഴാള ജനത ഒന്നും ആവശ്യപ്പെടരുതെന്ന മേല്‍ ജാതിബോധമാണ് അതില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ പ്രധാന ഘടകം. വിധേയത്വമായിരിക്കണം അവരുടെ മുഖമുദ്ര.ഭൂമിക്കുവേണ്ടിയും വിഭവ പങ്കാളിത്തത്തിനുവേണ്ടിയും മറ്റ് സമൂഹാധികാരങ്ങള്‍ക്കുവേണ്ടിയുള്ള ദലിതരുടെയും ആദിവാസികളുടെയും സമരങ്ങള്‍ ‘ഓച്ഛാനിച്ചു’ നിന്നിരുന്ന ഒരു കീഴാള ആര്‍ക്കിടൈപ്പില്‍ നിന്ന് ‘ആവശ്യപ്പെടുന്നവര്‍’ എന്ന ആധുനിക രൂപത്തിലേക്കുള്ള വളര്‍ച്ചകൂടിയാണ്. അതാണ് മേല്‍ജാതി ബോധത്തെ വ്രണപ്പെടുത്തുന്നത്. ദാനമായി നല്‍കുന്നതില്‍ ഒരു യജമാനഭാവമുണ്ടായിരുന്നു.

പൊതു സാമൂഹ്യ വ്യവഹാരങ്ങളിലൂടെയല്ല ജാതി ബോധം ഇന്നു പ്രവര്‍ത്തിക്കുന്നതും അതിജീവനം നേടുന്നതും. സ്വകാര്യ ഇടങ്ങളില്‍ കൂടുതല്‍ ശക്തമായിക്കൊണ്ടാണ്. പൊതുമണ്ഡലത്തില്‍ ജാതിവിവേചനത്തെക്കുറിച്ച് ശക്തമായ നിലപാടെടുക്കുന്നവര്‍ തന്നെ സ്വകാര്യമായി സംവരണം എടുത്തു കളയണമെന്ന് ആശിക്കുന്നു. എസ്. എസ്. എല്‍.സി ബുക്കില്‍ നിന്ന് ജാതിമാറ്റിയാലേ ജാതി ഇല്ലാതാവൂ എന്ന് ശഠിക്കുന്നു. ജാതിബോധം സ്വയം പേറുന്നതിലല്ല അത് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നതിലാണ് അവര്‍ക്ക് വേവലാതി. എന്റെ ബി.പി. എല്‍ കാര്‍ഡ് എനിക്ക് മാനക്കേടുണ്ടാക്കുന്നതുപോലെയാണ് എന്റെ എസ്. എസ്. എല്‍.സി ബുക്കിലെ ജാതി. രണ്ടും എന്റെ സൃഷ്ടിയല്ല.

ജാതിവ്യവസ്ഥയും സാമൂഹ്യവ്യവസ്ഥയും എന്നില്‍ അടിച്ചേല്‍പ്പിച്ചതാണ്. ഞാന്‍ ദരിദ്രനായത് എന്റെ പങ്ക് ആരോ ചൂഷണം ചെയ്തതു കൊണ്ടാണ്. എനിക്ക് ജാതിയെക്കുറിച്ച് പറയേണ്ടിവരുന്നത് ജാതികൊണ്ട് ഞാന്‍ അസമത്വം നേരിടേണ്ടി വരുന്നതിനാലാണ്. എല്ലാ തീപിടുത്തമുള്ളിടത്തും ഫയര്‍ എന്‍ജിന്‍ ഉള്ളതുകൊണ്ട് തീപിടുത്തം ഉണ്ടാക്കുന്നത് ഫയര്‍ എന്‍ജിനാണെന്ന് ആരോ പറഞ്ഞതുപോലെയാണ് ജാതി പ്രചരിപ്പിക്കുന്നത് ദലിത് സംഘടനകളാണ് എന്നു പറയുന്നത്.

രോഹിത് വേമൂലയുടേയും ജിഷയുടേയും സാമൂഹ്യ കൊലപാതകങ്ങള്‍ പൊതുസമൂഹത്തിന്റെ ജാതിബോധത്തിന്റെ കൂടി സൃഷ്ടിയാകുന്നത് അതുകൊണ്ടാണ്. വെമുല താനുള്‍പ്പെടെയുള്ള സമുദായങ്ങളുടെ അരക്ഷിതമായ സാമൂഹ്യവസ്ഥ പൊതുസമൂഹത്തില്‍ ഉന്നയിക്കാന്‍ ശ്രമിക്കുകയും സ്വയം പോരാടാന്‍ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തേക്കാള്‍, ഒരു ദലിതന്‍ സവര്‍ണ്ണപൊതുമണ്ഡലത്തോട് തുല്യമായ ആത്മബോധത്തോടെ പെരുമാറുന്നുവെന്ന ധിക്കാരത്തെയാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും പൊറുക്കാതിരുന്നത്. ‘ഒഴിവു ദിവസത്തെ കളി’യെന്ന സിനിമയിലെന്നപോലെ ഹിംസയ്ക്കും, ശാരീരിക ജോലികള്‍ക്കും കറുത്തവന്‍ പ്രേരിപ്പിക്കപ്പെടുന്നത് എത്ര സ്വാഭാവികമായാണ്. വിദ്യാഭ്യാസം ഇന്ത്യയില്‍ ജാതിക്കെതിരെയുള്ള ഒരു പോംവഴിയായിരുന്നില്ലെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അത് ജാതിയെ ഇന്‍സ്റ്റിറ്റിയൂഷനുകളിലൂടെ നിയമപരവും സ്വാഭാവികവുമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്. രണ്ട് സെന്റോ നാലു സെന്റോ ഭൂമി സര്‍ക്കാര്‍ പതിച്ചു നല്‍കി അവരെ ആയിരക്കണക്കായ ‘ഹരിജന്‍’ കോളനികളിലേക്ക് പറിച്ചു നട്ടപ്പോള്‍ ഭരണകൂടം തന്നെ അവരെ പുറമ്പോക്കുകാരാക്കി മാറ്റി. അവരെ കൂടുതല്‍ മലീമസമായ ജോലിക്കാരാകാന്‍ നിര്‍ബന്ധിച്ചു.

കോളനികളോട് പൊതുസമൂഹം പുലര്‍ത്തുന്ന സമീപനം അയിത്തത്തേക്കാള്‍ നൃശംസമാണ്. അത് വംശീയതയില്‍ കുറഞ്ഞ ഒന്നുമല്ല. കറുത്തവരോടും കൂലിപ്പണിക്കാരോടും ഇതരസംസ്ഥാന തൊഴിലാളികളോടും മധ്യവര്‍ഗ്ഗ സമൂഹം കാണിക്കുന്ന സമീപനത്തില്‍ കീഴാള ജനതയോടുള്ള വംശീയതയാണ് നിലനില്‍ക്കുന്നത്.

എസ്.സി/ എസ്.ടി ഒഴികെയുള്ളവരെ വധുവായോ വരനായോ ക്ഷണിക്കുന്ന പൊതുബോധത്തില്‍ ഈ വംശീയതയാണുള്ളത്. വിദ്യാഭ്യാസം, സല്‍സ്വഭാവം, ബുദ്ധി, ഉന്നതപദവി ഇവയുള്ള എത്രയോ അധഃസ്ഥിത മനുഷ്യരെ ആ പരസ്യം പരിഗണിക്കുന്നതേയില്ല. അവരിലെ കവികളെ, കലാകാരന്മാരെ, അദ്ധ്യാപകരെ, ഭിഷഗ്വരന്മാരെ മധ്യവര്‍ഗ്ഗ സവര്‍ണ പൊതുബോധം പരിഗണനയ്‌ക്കെടുക്കുന്നില്ല.

രണ്ട് തമിഴ് വംശജര്‍ വഴക്കടിക്കുമ്പോള്‍ അതിലെ ശരിതെറ്റുകള്‍ അന്വേഷിക്കുകപോലും ചെയ്യാതെ രണ്ടുപേരെയും അടിച്ചോടിക്കുന്ന പോലീസുകാരുടേയോ സദാചാരപ്പോലീസുകാരുടേയോ വംശീയദൃഷ്ടിയാണ് പൊതുസമൂഹത്തിനുള്ളത്.

ജിഷയുടെ കൊലപാതകിയെ കണ്ടുപിടിക്കാന്‍ പോലീസുകാര്‍ രാജ്യത്തൊട്ടാകെ തിരച്ചില്‍ നടത്തി. നാമെല്ലാം സമാധാനിച്ചു. നമ്മുടെയെല്ലാം ഉള്ളില്‍ അധഃസ്ഥിതരോടും പുറമ്പോക്കുകാരോടും ലക്ഷം വീടുകോളനിക്കാരോടും മിച്ചഭൂമിക്കാരോടുമുള്ള നിന്ദാപരമായ അവജ്ഞയെ പിടികൂടാന്‍ നിയമത്തിനാവില്ലല്ലോ. ജിഷയുടെ വീടിനു മാത്രമല്ല അടച്ചുറപ്പില്ലാത്ത വാതിലുകളില്ലാത്തത്. ഏതുസമയവും ഒരു മേല്‍ജാതിക്കാരന് വംശീയമായി അപമാനിക്കാന്‍ കഴിയുന്ന ദുര്‍ബലമായ വാതിലുകളാണ് ഓരോ ദലിതന്റെയും വീടുകള്‍ക്കുള്ളത്. അതുകൊണ്ടാണ് അറുപതുശതമാനത്തിലധികം ബലാല്‍സംഗമുള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ നടക്കുന്നത് ദലിതര്‍ക്കെതിരെയാണെന്ന കണക്കുകള്‍ അധികാരികള്‍ തന്നെ ഉദ്ധരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത അക്രമങ്ങള്‍ ഇതിലെത്രയോ അധികമാണ്.

പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളില്‍ ഈ വര്‍ഷവും അധഃസ്ഥിത സമുദായത്തിനു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ വാങ്ങിയില്ല. എന്നിട്ടും നമ്മുടെ മധ്യവര്‍ഗം പരിതപിക്കുന്നത് ജാതിസൃഷ്ടിക്കുന്നത് ‘ജാതിയുണ്ട്’ എന്നു പറയുന്നവരാണെന്നാണ്. ജാതി ഇന്ന് പരസ്യമാണ്. രാഷ്ട്രീയ സമവാക്യങ്ങളില്‍, അധികാര സ്ഥാനങ്ങളില്‍, സാമൂഹ്യപദവികളില്‍, വിശ്വാസങ്ങളില്‍, ദേവാലയങ്ങളില്‍. പക്ഷേ, അവര്‍ പറയുന്നത് ജാതിപറയുന്നത് ദലിതരാണെന്ന്.
ജിഷയുടെ ആത്മകഥ എഴുതപ്പെട്ടിരുന്നുവെങ്കില്‍ കേരളീയ സമൂഹം ലജ്ജകൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവന്നേനെ. നിര്‍ഭാഗ്യവശാല്‍ അവരുടേത് നിരന്തരമായ ഒരു പോരാട്ടമായിരുന്നു. രജനി എസ്. ആനന്ദിനെ ഓര്‍ക്കുക. ഓരോ ദലിതരും ഈ പോരാട്ടം നടത്തുന്നുണ്ട്. അവരുടേത് ആത്മകഥകളിലല്ല ആത്മഹത്യകളാണ്; അല്ലെങ്കില്‍ കൊലപാതക ങ്ങള്‍.രോഹിത് നീ പറഞ്ഞത് എത്ര ശരിയാണ്.

ജന്മമാണ് എനിക്കുണ്ടായ
ഏറ്റവും വലിയ ദുരന്തം!

അത് ജാതികൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. അതിനുള്ളിലേക്ക് ആധുനികതയുടെ വെളിച്ചം കടക്കുന്നില്ല. ആധുനികര്‍ കണ്ണടച്ചിരുട്ടാക്കുകയാണ് ചെയ്തത്. പ്രതീകാത്മക മൂലധനം (Symbolic capital) മാത്രമുള്ള എത്രയോ മന്ദബുദ്ധികള്‍ ഉനനതസ്ഥാനങ്ങളില്‍ വര്‍ത്തിക്കുന്നുണ്ട്. രോഹിത് വേമൂലയെപ്പോലെയുള്ള എത്രയോ ധിഷണശാലികളായ ചെറുപ്പക്കാര്‍ സാംസ്‌കാരികവും സാമൂഹികവുമായ മൂലധനമില്ലാത്തതിനാല്‍ മാത്രം മരണത്തിനു കുറിപ്പെഴുതാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. രാഷ്ട്രീയം തന്നെ ഹിംസാത്മകമാണ്. നിയമം വരെ സംരക്ഷിക്കുകയില്ല, മരണത്തിനെപ്പോലും. ജിഷ നേരിട്ടത് ഈ സ്റ്റേറ്റിനെയാണ്. എത്ര പരാതികള്‍ നല്‍കിയാലും അതിന്റെ ചെവിയിലോ കണ്ണിലോ അത് കയറില്ല. മരിച്ചാല്‍പോലും അവര്‍ തിരിഞ്ഞുനോക്കില്ല. ഒരു തെളിവും അവശേഷിപ്പിക്കാതെ കത്തിച്ചുകളിയും. ‘ഗാന്ധീ എനിക്കൊരു മാതൃരാജ്യമല്ല’എന്ന് അംബേദ്കര്‍ പറഞ്ഞത് അതുകൊണ്ടു തന്നെയാണ്. ദളിതര്‍ക്ക് മേല്‍ അനീതി വര്‍ഷിക്കപ്പെടുമ്പോള്‍ തോല്‍ക്കുന്നത് ഭരണഘടനയാണ്.

ദളിതരുടെയും ആദിവാസികളുടെയും ഭൂമിക്കു വേണ്ടിയുള്ള സമരങ്ങള്‍ എങ്ങനെയാണ് സ്റ്റേറ്റിനെതിരാവുന്നത്? അത് തുല്യനീതിക്കുവേണ്ടിയുള്ള സമരമാണ്. എത്രയോ കാലമായി ജന്മിമാര്‍ക്കും ഭൂസ്വാമിമാര്‍ക്കു വേണ്ടിയും അവ സ്റ്റേറ്റ്പുസ്തകങ്ങളില്‍  സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിയമം ഉറങ്ങിക്കിടക്കുകയുള്ളൂ. അത് പ്രവര്‍ത്തിച്ചു തുടങ്ങണമെങ്കില്‍ മനുഷ്യര്‍ അതിനുമേല്‍ പ്രവര്‍ത്തിക്കണം. ജുഡീഷ്യറിയില്‍ ഒറു ശതമാനം പോലുമില്ലാത്ത അധഃസ്ഥിത ജനതയുടെ നിയമാവകാശങ്ങള്‍ക്കവേണ്ടി ആരാണ് സംസാരിക്കുക. മാധ്യമങ്ങളില്‍ പേരിനുപോലുമില്ലാത്ത ആദിവാസികള്‍ക്കുവേണ്ടി ആരാണ് വാര്‍ത്തകളെഴുതുക. ആരുടെ ദയയാലാണ് ഈ മനുഷ്യര്‍ ജീവിക്കേണ്ടത്?

പൊതുസമൂഹം അതിന്റെ സവര്‍ണ്ണഭാവനകള്‍ കൊണ്ടാണ് കറുത്തവരേയും ആദിവസികളെയും നിര്‍മ്മിക്കുന്നത്. വിധേയത്വത്തിന്റെ ആ വിനയാന്വിത പ്രതിഛായകളാണ് ദലിതര്‍ കുടഞ്ഞുകളയാന്‍ ശ്രമിക്കുന്നത്.

സാമൂഹ്യവ്യവസ്ഥ അനുനിമിഷം സ്വകാര്യവത്കരണത്തിനു വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവിടെ സംവരണമുള്‍പ്പെടെയുള്ള സാമൂഹ്യ പരിഷ്‌കരണങ്ങളൊന്നും നിലവിലില്ല. കാലക്രമത്തില്‍ പൊതുജനങ്ങളില്‍ നിന്നുതന്നെ ദളിതര്‍ തൂത്തെറിയപ്പെടും. കൂടുതല്‍ കൂടുതല്‍ അപമാനവീകരിക്കപ്പെടും. സ്റ്റേറ്റ് തന്നെ അതിന്റെ ഉദാര വത്കരണം, കോര്‍പ്പറേറ്റ് വല്‍ക്കരണ നയങ്ങളിലൂടെ ദലിത് ആദിവാസി വിഭാഗങ്ങളെ സ്വന്തം രാജ്യത്തല്‍ നിന്ന് അന്യരാക്കും. സാമ്പത്തിക, സാമൂഹികഘടനയിലേക്കുള്ള ദലിത് ആദിവാസികളുടെ പ്രവേശനത്തിലൂടെ മാത്രമേ ഈ പുറത്താക്കപ്പെടലില്‍ നിന്ന് രക്ഷപെടാന്‍ കഴിയുകയുള്ളൂ. അതിന് രാഷ്ട്രീയധികാരവും പൊതുസമ്മിതിയം വേണം.

”വിനയാന്വിതനായി തുടര്‍ന്നാല്‍ ഞാന്‍ എന്താണ് നേടുക?
ലോകത്താരും നിശബ്ദതയെ ശ്രദ്ധിക്കില്ല”

എന്ന് തുറക്കാം എന്ന കവി പറഞ്ഞത് ഈ ജനതയോടായിരിക്കണം.
____________________________________

Top