ഹര്‍ത്താല്‍ ജനവിരുദ്ധം: ദലിത്-ആദിവാസി സംഘടനകള്‍

നുണകളുടെ ഏറ്റവും വലിയ പ്രചാരകരായാണ് ഇടതുപക്ഷം രംഗത്തുള്ളത്. താല്കാലികമായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു വേണ്ടി പശ്ചിമഘട്ടത്തെ മാഫിയാ സംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. തികച്ചും ജനവിരുദ്ധമായ കാര്യത്തിനുവേണ്ടി തിങ്കളാഴ്ച നടത്താന്‍ പോകുന്ന സംസ്ഥാന ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ജനാധിപത്യത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്നവര്‍ മുന്നോട്ട്‌ വരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിന്റെ സുസ്ഥിരവികസനത്തിനും നിലനില്പിനും അനിവാര്യമായ ശാസ്ത്രീയവും, ജനാധിപത്യപരവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണ് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗ്ഗിൽ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചത്. ഇതിനെ അട്ടിമറിക്കുന്നതിന് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇന്ന് കസ്തൂരിരംഗന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും രംഗത്ത് വന്നിരിക്കുന്നത്. ജനാധിപത്യത്തിന്റെ എല്ലാ സീമകളെയും അതിലംഘിച്ചുകൊണ്ട് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കത്തോലിക്കാ സഭയും നേതൃത്വം കൊടുത്ത് കേരളത്തിന്റെ തെരുവുകളില്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍, ക്വാറി-റിസോര്‍ട്ട് മാഫിയാകളെയും, വനം കൊള്ളക്കാരെയും, വന്‍കിട കയ്യേറ്റക്കാരെയും സഹായിക്കാന്‍ വേണ്ടി മാത്രമാണ്. പൊതുമുതല്‍ നശിപ്പിച്ചും, ഉദ്യോഗസ്ഥരെ ബന്ധികളാക്കിയും, മാധ്യമപ്രവര്‍ത്തകരെ

ആക്രമിച്ചും ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി സ്ഥാപിത താല്പര്യം സംരക്ഷിക്കാന്‍ ഇവര്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
വിമോചന സമരകാലത്തെ ഓര്‍മ്മിപ്പിക്കും വിധമുള്ള അടിസ്ഥാനരഹിതമായ നുണപ്രചാരങ്ങളിലാണ് ഇടയലേഖനങ്ങളിലൂടെ കത്തോലിക്കാസഭ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ നുണകളുടെ ഏറ്റവും വലിയ പ്രചാരകരായാണ് ഇടതുപക്ഷം രംഗത്തുള്ളത്. താല്കാലികമായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുവേണ്ടി പശ്ചിമഘട്ടത്തെ മാഫിയാസംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. തികച്ചും ജനവിരുദ്ധമായ കാര്യത്തിനുവേണ്ടി തിങ്കളാഴ്ച നടത്താന്‍പോകുന്ന സംസ്ഥാനഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ജനാധിപത്യത്തിലും സാമൂഹികനീതിയിലും വിശ്വസിക്കുന്നവര്‍ മുന്നോട്ട്‌വരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടല്ല, ഗാഡ്ഗ്ഗിൽ റിപ്പോര്‍ട്ടാണ് കേരളത്തിന് അഭികാമ്യമായിരിക്കുന്നത്. അതുകൊണ്ട് ഗാഡ്ഗ്ഗിൽ നിര്‍ദ്ദേശങ്ങളെപ്പറ്റി സുതാര്യവും ജനാധിപത്യപരവുമായ ചര്‍ച്ചകള്‍ നടത്താന്‍ ഭരണാധികാരികളും ജനങ്ങളോട് ഉത്തരവാദിത്വമുള്ള പ്രസ്ഥാനങ്ങളും തയ്യാറാവണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും, ഗാഡ്ഗ്ഗിൽ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

  1. സി.കെ.ജാനു
  2. എം.ഗീതാനന്ദന്‍
  3. കെ.കെ.കൊച്ച്
  4. സണ്ണി എം. കപിക്കാട്
  5. കെ.എം.സാബു
Top