പ്ലേറ്റോയ്ക്കുള്ള മറുപടിയാണ് ഇ-റീഡര്‍

പ്ലേറ്റോയുടെ കാലത്ത് ഉന്നയിക്കപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പിന്നീടുള്ള മനുഷ്യപരിണാമത്തില്‍ സുരക്ഷിതമായി അതിജീവിച്ചതായാണ് ചരിത്രം പറയുന്നത്. 70 മില്യണ്‍ ടൈറ്റിലുകളെങ്കിലും ഇതിനകം ഭൂമിയില്‍ ഇറങ്ങിക്കഴിഞ്ഞതായാണ് ഏകദേശകണക്ക്. സിനിമയും ഇലക്‌ട്രോണിക് ടെക്‌സ്ച്വാലിറ്റിക്ക് പ്രാമുഖ്യം കൊടുക്കുന്ന ഇതര സങ്കേതങ്ങളും അഭിനവവും വിചിത്രവും ഉജ്ജ്വലവുമായ ഭാഷാവിനിമയങ്ങള്‍ സൃഷ്ടിച്ചിട്ടും ‘വായന’ കുതിക്കുകതന്നെയാണ്. ചട്ടയും അലേകകളും ഉള്ള പുസ്തകത്തിനുവേണ്ടി ചങ്കുപൊട്ടി വാദിക്കുമ്പോഴും ”The internet has returned us to the alphabet.”’ എന്ന് ഉംബെര്‍ത്തോ എക്കോ പോലും സമ്മതിക്കുന്നുണ്ട്. ടാബ്‌ലെറ്റുകളും ഫാബ്‌ലെറ്റുകളും വ്യാപകമായതോടെ തീര്‍ത്തും അസാധുവായിപ്പോയ കടലാസുപുസ്തകങ്ങള്‍ക്കുവേണ്ടി നിരവധി തലതിരിഞ്ഞ ന്യായവാദങ്ങളാണ് എക്കോയിസ്റ്റുകള്‍ നടത്തിയത്. പുസ്തകങ്ങള്‍ കരണ്ടിപോലെയും കത്രികപോലെയും ചുറ്റികപോലെയും ആണ്, ഒരിക്കല്‍ കണ്ടുപിടിച്ചാല്‍ പരിഷ്‌കരിക്കാന്‍ കഴിയാത്ത ഒന്ന്. you cannot make a spoon that is better than a spoon  എന്നുവരെ അവര്‍ വാദിച്ചു. കുളിമുറിയിലോ കിടക്കയിലോ ഇ-വായന നടക്കില്ല, അതുകൊണ്ട് കടലാസുപുസ്തകങ്ങളാണ് നിലനില്‍ക്കുക എന്നുവരെ പറഞ്ഞുവച്ചു.

______________
കമല്‍ റാം സജീവ്
______________ 

So now my libray is static, stuck in the past; if you want to know what I m reading now I’d have to show you my ipad

“Anna North, Culture Editor, Salon”

നവംബറില്‍ തുടര്‍ച്ചയായി ഉണ്ടായ രണ്ടാമത്തെ ഭൂകമ്പത്തിന്റെ രാത്രിയിലാണ് ലൈബ്രറിയിലെ അലമാരകള്‍ കിറുകിറു ശബ്ദത്തോടെ ഞരങ്ങുന്നത് ഒര്‍ഹാന്‍ പാമുക്ക് കേട്ടത്. ഭൂമിക്കടിയില്‍നിന്ന് വന്ന 45 സെക്കന്‍ഡ് നീണ്ടുനിന്ന ഭയാനകമായ ശബ്ദത്തേക്കാള്‍ പാമുക്കിനെ പേടിപ്പിച്ചത് പുസ്തക അലമാരകളുടെ ഈ ഞരക്കമായിരുന്നു. അങ്കാറയ്ക്കും ഇസ്താംബൂളിനുമിടയില്‍ ഭൂകമ്പത്തിന് പേരുകേട്ട ബോലുവിലാണ് പാമുക്കിന്റെ എഴുത്തുവസതി. ലൈബ്രറിയുടെ ഞരക്കം ഭയപ്പെടുത്തുന്ന എന്തോ വെളിപാടായി കരുതിയ പാമുക്ക് എടുത്ത തീരുമാനമാണ് രസകരം: ”I decided to punish my library.” പല വഴികളില്‍ വന്നുചേര്‍ന്ന, പല കാലങ്ങളില്‍ വാങ്ങിക്കൂട്ടിയ, പലതരം രുചികളുള്ള പന്ത്രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി എന്തിനായിരിക്കാം ഇളകിയാടി അമര്‍ഷം പ്രകടിപ്പിച്ചത് എന്ന് ആലോചിച്ചുകൊണ്ടുതന്നെ, ആ പുസ്തകശേഖരത്തിലെ 250 പുസ്തകങ്ങള്‍ ഇനി അവിടെ വേണ്ട എന്ന് പാമുക്ക് തീരുമാനിച്ചു. ”I picked 250 books from my shelves and disposed of them.”’ ”ഒരു പറ്റം അടിമകളില്‍ നിന്ന് ചിലരെ മാത്രം ചാട്ടവാറടിക്കാന്‍ തിരഞ്ഞെടുക്കുന്നതുപോലെ, പിരിച്ചുവിടാന്‍ തൊഴിലാളികളെ തിരഞ്ഞുപിടിക്കുന്ന മുതലാളിയെപ്പോലെ” ക്ഷിപ്രകോപത്താല്‍ പെട്ടെന്നായിരുന്നു 250 പുസ്തകങ്ങളുടെ വിധി തീരുമാനിക്കപ്പെട്ടത്.
ക്രൂരമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന തീരുമാനത്തിനു പിന്നില്‍ യുക്തിഭദ്രമായ ചില ചിന്തകള്‍ ഉണ്ടായിരുന്നുവെന്ന് പാമുക്കിന്റെ ഈ അനുഭവം വായിച്ചുകഴിയുമ്പോള്‍ നമുക്ക് മനസ്സിലാവും. പന്ത്രണ്ടായിരം പുസ്തകങ്ങളില്‍ പത്തുപതിനഞ്ചെണ്ണം മാത്രമായിരുന്നു എഴുത്തുകാരന് ഇഷ്ടമുള്ള പുസ്തകങ്ങള്‍. അതുകൊണ്ടുതന്നെ ഫര്‍ണിച്ചറും പൊടിയുടെ കൂമ്പാരവും ചേര്‍ന്ന ലൈബ്രറിയുടെ ഭൗതികശരീരത്തോട് പാമുക്കിന് ഒരു സെന്റിമെന്റ്‌സും ഉണ്ടായിരുന്നില്ല. വളരെക്കാലംകൊണ്ട് ഉണ്ടാക്കിയെടുത്ത പുസ്തകശേഖരത്തില്‍നിന്നു കുറച്ച് പുസ്തകങ്ങള്‍ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകവഴി തന്റെ തന്നെ ഭൂതകാലത്തെ ശിക്ഷിക്കുകയാണ് ചെയ്തതെന്ന് പാമുക്ക് വിശദീകരിക്കുന്നുണ്ട്. ഒരു കാലത്ത് ഇത്തരത്തിലുള്ള ചില പുസ്തകങ്ങളെ ആരാധിച്ചിരുന്നല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ്, ആ പുസ്തകങ്ങളോടുള്ള അവജ്ഞ തന്റെ ഭൂതകാലത്തോടുള്ള അറപ്പായി മാറുന്നതെന്ന് ഈ ‘പുസ്തകസ്‌നേഹി’ വെളിപ്പെടുത്തുന്നു.
കടുത്ത പുസ്തകപ്രേമിയായിരുന്ന ജോര്‍ജ്ജ് ഓര്‍വെലും ഇതുവരെ കണ്ടുപിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ പൊടി ഉല്‍പ്പാദിപ്പിക്കുന്ന സാധനം എന്ന് ഒരിക്കല്‍ പുസ്തകങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ട്. കുഞ്ഞുപ്രാണികള്‍ മരിച്ചുവീഴാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സ്ഥലം പുസ്തകങ്ങളുടെ മുകള്‍ഭാഗമാണെന്നും ഓര്‍വെല്‍ എഴുതി. എന്നാല്‍ പുസ്തകം വാങ്ങിക്കൂട്ടാനുള്ള അഭിനിവേശം ഓര്‍വെല്‍ ഉപേക്ഷിക്കാനുള്ള പ്രധാന കാരണം പുസ്തകഷോപ്പില്‍ ജോലി ചെയ്ത കാലത്തെ അനുഭവങ്ങളായിരുന്നു. ””Seen in the mass, five or ten thousand at a time, books were boring and even slightly sickening.”’ എന്നുവരെ ഓര്‍വല്‍ എഴുതി. പുസ്തകങ്ങളെ, പ്രത്യേകിച്ചും അവ പഴകിയതാണെങ്കില്‍ മണക്കാനും കാണാനും തീവ്രമായി കൊതിച്ചിരുന്ന ഒരു കാലത്തുനിന്ന് ”The sweet smell of the decaying paper appeals to me no longer.”’ എന്നെഴുതുന്നതിലേക്ക് ഓര്‍വലിനെ എത്തിച്ചത് പുസ്തകങ്ങള്‍ ‘വാങ്ങിക്കൂട്ടുന്നവരുടെ’ മനസ്സ് കണ്ടറിഞ്ഞതിലുള്ള അമര്‍ഷം കൂടിയായിരുന്നു. 1939-ല്‍ ലണ്ടന്‍ നഗരത്തില്‍ പുസ്തകശാലകളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാലും ഇന്നത്തെപ്പോലെ, വെറുതെ നിന്നുതിരിയാന്‍ ടിക്കറ്റ് എടുക്കേണ്ടാത്ത സ്ഥലങ്ങള്‍ അന്നും പുസ്തകശാലകള്‍ മാത്രമായിരുന്നു. വായിക്കാത്തവര്‍ക്കും പുസ്തകത്തിന്റെ ഭൗതികസാമീപ്യം ഇഷ്ടമാണെന്ന തിരിച്ചറിവ് ഓര്‍വെലിനെ പോലെ പാമുക്കിനും പുസ്തകങ്ങള്‍ക്കുവേണ്ടി പുസ്തകം തന്നെ രൂപപ്പെടുത്തിയിട്ടുള്ള ഉംബെര്‍ത്തോ എക്കോവിനും വരെയുണ്ട്. സുഹൃത്തുക്കള്‍ കാണാന്‍വേണ്ടിക്കൂടിയാണ് ലൈബ്രറികളില്‍ പുസ്തകങ്ങള്‍ സംവിധാനം ചെയ്യുന്നതെന്ന് തന്റെ ശേഖരത്തിലെ പന്ത്രണ്ടായിരത്തില്‍ പതിനഞ്ച് പുസ്തകങ്ങളെ മാത്രം സ്‌നേഹിക്കുന്ന പാമുക്ക് പറയുന്നു. മറ്റെല്ലാ സമ്പത്തുക്കളുടെയും പ്രദര്‍ശനത്തിലെന്നപോലെ പുസ്തകക്കമ്പത്തിലും അതതു സാമൂഹ്യഘടനയുമായും വൈയക്തിക താല്‍പ്പര്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്ന ഫ്യൂഡല്‍, ബൂര്‍ഷ്വാ പൊങ്ങച്ചങ്ങളുണ്ടെന്നാണ് ഈ അനുഭവങ്ങളില്‍ നിന്നു മനസ്സിലാക്കേണ്ടത്.
പല വീടുകളിലായി എക്കോവിന് അരലക്ഷത്തിലേറെ പുസ്തകങ്ങളുണ്ട്. അതില്‍ ആയിരത്തി ഇരുനൂറെണ്ണം ‘അപൂര്‍വ പുസ്തകങ്ങള്‍’ ആണ്. ഓരോ ദിവസവും എക്കോവിന് വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ അയച്ചുകിട്ടും. ഇതില്‍ ഏറെയും വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും വിതരണം ചെയ്യാനുള്ള മഹാമനസ്‌കത കാണിക്കുന്നതുകൊണ്ടാണ് ആ പുസ്തകശേഖരം അമ്പതിനായിരത്തില്‍ നില്‍ക്കുന്നത്! ഓരോരുത്തരുടെയും പുസ്തകശേഖരം ‘പൊതുവായി പങ്കിടാന്‍ പറ്റുന്ന ഒരു അഭിനിവേശം അല്ലെന്നും സ്വയംഭോഗ സ്വഭാവമുള്ള പ്രതിഭാസ’മാണെന്നുമാണ് ഉംബെര്‍ത്തോ എക്കോ വിശ്വസിക്കുന്നത്. പുസ്തകത്തിന്റെ ഭൗതികരൂപത്തെക്കുറിച്ച് തീര്‍ത്തും ഭൗതികമായ ചില ആശങ്കകള്‍ എക്കോവിനും ഉണ്ട്. What will happen to my books when I die?’ എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. (പ്രിയപ്പെട്ട പുസ്തകങ്ങള്‍, മരിച്ചുകഴിഞ്ഞാലും കുഴിമാടത്തില്‍നിന്നു ലൈബ്രറിയിലേക്ക് ചെമ്പുകമ്പിയിട്ടാല്‍ വായിക്കാന്‍ കഴിയുമെന്ന യതിസൂത്രങ്ങളൊന്നും അങ്ങോട്ട് ചെന്നെത്തിയിട്ടില്ല!). മരണാനന്തരസമ്മാനങ്ങളായി പുസ്തകങ്ങള്‍ സുഹൃത്തുക്കള്‍ക്ക് വില്‍പ്പത്രത്തില്‍ എഴുതിവയ്ക്കാന്‍ ആഗ്രഹിക്കുന്ന പ്രശസ്ത തിരക്കഥാകൃത്തും നാടകകൃത്തുമായ ഴാങ് ക്ലോദ് കാരിയറെയോട്, അങ്ങനെ- എങ്ങനെയെങ്കിലും പുസ്തകങ്ങള്‍ ഒഴിവാക്കാനൊന്നും ആഗ്രഹിക്കുന്നില്ലെന്നാണ് എക്കോ പ്രതികരിച്ചത്. എഴുത്തുകാരന്‍ എന്നതിനേക്കാളേറെ അക്കാദമിക് എന്ന വിശേഷണം ചേരുന്ന എക്കോ, ലേലത്തില്‍ വച്ചിട്ടായാലും വേണ്ടില്ല, പുസ്തകങ്ങള്‍ യൂണിവേഴ്‌സിറ്റികളില്‍ത്തന്നെ എത്തണമെന്ന പിടിവാശിക്കാരനാണ്.

__________________________________
”പുസ്തകങ്ങള്‍ വരച്ചിട്ട ചിത്രങ്ങള്‍പോലെയാണ്, ജീവനുണ്ടെന്ന് തോന്നും. എന്നാല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുകയുമില്ല.” എന്നായിരുന്നു പുസ്തകങ്ങള്‍ക്കെതിരെ പ്ലേറ്റോ നടത്തിയ ക്രൂരവിമര്‍ശനങ്ങളിലൊന്ന്. ശാബ്ദികസാന്നിധ്യത്തിലധിഷ്ഠിതമായ താത്ത്വികസംവാദങ്ങളെ ജ്ഞാനനിര്‍മ്മാണത്തിന്റെ പ്രധാന വഴിയായി ദര്‍ശിച്ച പ്ലേറ്റോ, ”ഗുരുവിന് ശിഷ്യനെ കണ്ടെത്താം. എന്നാല്‍ പുസ്തകത്തിന് വായനക്കാരനെ കണ്ടെത്താന്‍ കഴിയില്ല” എന്ന വിശ്വാസത്തിലൂടെ പുസ്തകങ്ങളുടെ ഭാവിയെ കഠിനമായി അവിശ്വസിക്കുകയും ചെയ്തു. എന്നാല്‍ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലോകത്തുനിന്ന് ഉറക്കെ വായിക്കുന്ന (Clare legere) കാലം കടന്ന് ചുണ്ടനക്കാതെ വായിക്കുന്ന (legere tacit) കാലത്തിലേക്ക് മനുഷ്യര്‍ പരിണമിക്കുകതന്നെ ചെയ്തു. ഈ നിശ്ശബ്ദവായനയാണ് പുസ്തകങ്ങളുടെ വസന്തം വിരിയിച്ചത്. ഓരോ വായനക്കാരനും സ്വകാര്യമായി അനുഭവിക്കാനുള്ള സാഹിത്യത്തിന്റെ തുറസ്സുകള്‍ സൃഷ്ടിക്കപ്പെട്ടു.
__________________________________

എന്തായാലും അച്ചടിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് പൊതു ലൈബ്രറികളിലായാലും സ്വകാര്യശേഖരങ്ങളിലായാലും വായനക്കാര്‍ കണ്ടെത്തുന്ന ആത്മീയസുഖങ്ങളോളം വലിയ ഭൗതികജീവിതം കൂടിയുണ്ട്. പൊടിപിടിക്കും എന്നതു കൊണ്ടോ ചത്തുവീഴുന്ന പ്രാണിക്കൂട്ടങ്ങളെക്കൊണ്ട് മുകള്‍ ഭാഗം അലങ്കരിക്കപ്പെടും എന്നതുകൊണ്ടോ, പുസ്തകങ്ങളുടെ ഫിസിക്കലും മെറ്റീരിയലും ആയ നിലനില്‍പ്പിനെ വായനക്കാരോ എഴുത്തുകാരോ വില്‍പ്പനക്കാരോ തള്ളിപ്പറയാനും കഴിയില്ല.
ശാബ്ദികമായ വിനിമയങ്ങളുടെ സ്വാധീനകാലത്ത് എഴുത്തിനെയും പുസ്തകങ്ങളെയും എതിര്‍ക്കാന്‍ പ്ലേറ്റോയെപ്പോലെയുള്ള മഹാചിന്തകന്മാര്‍ കണ്ടെത്തിയ ന്യായങ്ങളെ ഹൈപ്പര്‍റിയാലിറ്റിയുടെ ഈ വെര്‍ച്വല്‍ യുഗത്തില്‍പ്പോലും അതീവബഹുമാനത്തോടെമാത്രമേ നമുക്ക് ചിരിച്ചുതള്ളാന്‍ കഴിയൂ. ”പുസ്തകങ്ങള്‍ വരച്ചിട്ട ചിത്രങ്ങള്‍പോലെയാണ്, ജീവനുണ്ടെന്ന് തോന്നും. എന്നാല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുകയുമില്ല.” എന്നായിരുന്നു പുസ്തകങ്ങള്‍ക്കെതിരെ പ്ലേറ്റോ നടത്തിയ ക്രൂരവിമര്‍ശനങ്ങളിലൊന്ന്. ശാബ്ദികസാന്നിധ്യത്തിലധിഷ്ഠിതമായ താത്ത്വികസംവാദങ്ങളെ ജ്ഞാനനിര്‍മ്മാണത്തിന്റെ പ്രധാന വഴിയായി ദര്‍ശിച്ച പ്ലേറ്റോ, ”ഗുരുവിന് ശിഷ്യനെ കണ്ടെത്താം. എന്നാല്‍ പുസ്തകത്തിന് വായനക്കാരനെ കണ്ടെത്താന്‍ കഴിയില്ല” എന്ന വിശ്വാസത്തിലൂടെ പുസ്തകങ്ങളുടെ ഭാവിയെ കഠിനമായി അവിശ്വസിക്കുകയും ചെയ്തു. എന്നാല്‍ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലോകത്തുനിന്ന് ഉറക്കെ വായിക്കുന്ന (Clare legere) കാലം കടന്ന് ചുണ്ടനക്കാതെ വായിക്കുന്ന (legere tacit) കാലത്തിലേക്ക് മനുഷ്യര്‍ പരിണമിക്കുകതന്നെ ചെയ്തു. ഈ നിശ്ശബ്ദവായനയാണ് പുസ്തകങ്ങളുടെ വസന്തം വിരിയിച്ചത്. ഓരോ വായനക്കാരനും സ്വകാര്യമായി അനുഭവിക്കാനുള്ള സാഹിത്യത്തിന്റെ തുറസ്സുകള്‍ സൃഷ്ടിക്കപ്പെട്ടു. സാഹിത്യമെന്ന അവതാരത്തിലേക്കു നയിച്ച ഈ വിനിമയ മാറ്റത്തെക്കുറിച്ച് ബോര്‍ഹെസ് മനോഹരമായി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ”That man passed from the written symbol to intuition, omitting sound; the strange art he initiated, the art of silent reading, would lead to marvelous, consequence. It would lead, many years later to the concept of the book as an end in itself, not as a means to an end. This mystical concept transferred to profane literature, would produce the unique destinies of Flaubert and Mallarme, of Henry James and James Joyce .”’
സര്‍ഗാത്മക രചനകള്‍ക്കു മുമ്പ്, ആദ്യകാലത്ത് എഴുത്ത് അല്ലെങ്കില്‍ അച്ചടി അനുഭവിച്ച മെല്ലെപ്പോക്കിന്റെ പ്രധാന കാരണം അതിന്റെ ഏകപക്ഷീയവും സംവാദരഹിതവുമായ രീതികളായിരുന്നു. അതുകൊണ്ടുതന്നെ writing  എന്ന വാക്കിന് reading later എന്ന പര്യായം സ്വാഭാവികമായും ഉണ്ടായി. ഇന്ന്, ഐ. ഒ. എസ്., ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിലൊക്കെ read it later അല്ലെങ്കില്‍ pocket എന്നറിയപ്പെടുന്ന ഒരു ആപ്ലിക്കേഷന്‍ ഉണ്ട്. വായനയ്ക്കായി നമ്മള്‍ തിരഞ്ഞെടുക്കുന്നതെന്തും പിന്നീട് വായിക്കാനായി ക്ലൗഡില്‍ ശേഖരിക്കുന്ന, ഇ-വായനക്കാരുടെ പ്രിയപ്പെട്ട ആപ്ലിക്കേഷന്‍. തൊണ്ണൂറ് ലക്ഷത്തോളം വായനക്കാര്‍ ഈ ആപ്ലിക്കേഷന്‍-2013 ലെ ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച്-ഉപയോഗിക്കുന്നുണ്ട്. 240 മില്യണ്‍ സേവുകളാണ് ഇതിലേക്ക് ഇതിനകം നടന്നുകഴിഞ്ഞത്.
പ്ലേറ്റോയുടെ കാലത്ത് ഉന്നയിക്കപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പിന്നീടുള്ള മനുഷ്യപരിണാമത്തില്‍ സുരക്ഷിതമായി അതിജീവിച്ചതായാണ് ചരിത്രം പറയുന്നത്. 70 മില്യണ്‍ ടൈറ്റിലുകളെങ്കിലും ഇതിനകം ഭൂമിയില്‍ ഇറങ്ങിക്കഴിഞ്ഞതായാണ് ഏകദേശകണക്ക്. സിനിമയും ഇലക്‌ട്രോണിക് ടെക്‌സ്ച്വാലിറ്റിക്ക് പ്രാമുഖ്യം കൊടുക്കുന്ന ഇതര സങ്കേതങ്ങളും അഭിനവവും വിചിത്രവും ഉജ്ജ്വലവുമായ ഭാഷാവിനിമയങ്ങള്‍ സൃഷ്ടിച്ചിട്ടും ‘വായന’ കുതിക്കുകതന്നെയാണ്. ചട്ടയും അലേകകളും ഉള്ള പുസ്തകത്തിനുവേണ്ടി ചങ്കുപൊട്ടി വാദിക്കുമ്പോഴും ”The internet has returned us to the alphabet.”’ എന്ന് ഉംബെര്‍ത്തോ എക്കോ പോലും സമ്മതിക്കുന്നുണ്ട്. ടാബ്‌ലെറ്റുകളും ഫാബ്‌ലെറ്റുകളും വ്യാപകമായതോടെ തീര്‍ത്തും അസാധുവായിപ്പോയ കടലാസുപുസ്തകങ്ങള്‍ക്കുവേണ്ടി നിരവധി തലതിരിഞ്ഞ ന്യായവാദങ്ങളാണ് എക്കോയിസ്റ്റുകള്‍ നടത്തിയത്.

_____________________________________
ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും ആല്‍ഫബെറ്റിനെ എല്ലാ കൈകളിലേക്കും വിന്യസിക്കും എന്നുതന്നെ നമ്മള്‍ കാണേണ്ടിയിരിക്കുന്നു. വായന വിശാലമായ അര്‍ത്ഥത്തില്‍ വളരുകയാണ്. ഇറ്റലോ കാല്‍വിനോ, എന്തുകൊണ്ട് ക്ലാസിക്കുകള്‍ വായിക്കണം എന്ന ചോദ്യത്തിന് ഉത്തരമായി പറയുന്ന പതിനാല് വിശകലനങ്ങളില്‍ ഒന്നുപോലും ക്ലാസിക്കുകള്‍ ഇ-വായന ചെയ്യുന്നതുകൊണ്ട് അപ്രസക്തമാവുന്നില്ല. വായനയിലും വായനക്കാര്‍ മോര്‍ഫീമുകളും സെമാന്റിക്‌സും സിന്റാക്‌സും ഉപയോഗിക്കുന്നുണ്ട്. അച്ചടിപുസ്തകങ്ങള്‍ വായിക്കുമ്പോള്‍ എന്ന പോലെത്തന്നെ തലച്ചോറിന്റെ ലെഫ്റ്റ് ഡോര്‍സെല്‍ ഇന്റഫീരിയര്‍ ഫ്രോണ്ടല്‍ ജൈറസ് ഇ-വായനയിലും ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്. വായനയുടെ വൈദഗ്ധ്യവും സാധ്യതകളും അച്ചടിപുസ്തകമെന്ന ചലനരഹിതമായ വസ്തുവിനേക്കാള്‍ അനന്തമായി നിറഞ്ഞുനില്‍ക്കുന്നുണ്ട് ഇ-പുസ്തകത്തില്‍. അതു ജാതി-മത-പ്രാദേശിക-ലിംഗവ്യത്യാസമില്ലാതെ ഹോമോസാപ്പിയന്‍സിന്റെ വായനയ്ക്കും അറിവിനും സങ്കല്പിക്കാനാവാത്ത സാമൂഹിക മുന്നേറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നത്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആസന്നഭാവിയില്‍ അച്ചടി പുസ്തകശേഖരങ്ങള്‍ക്കായി മ്യൂസിയങ്ങളില്‍ മൂലകള്‍ രൂപപ്പെടുകതന്നെ ചെയ്യും.
_____________________________________

 

പുസ്തകങ്ങള്‍ കരണ്ടിപോലെയും കത്രികപോലെയും ചുറ്റികപോലെയും ആണ്, ഒരിക്കല്‍ കണ്ടുപിടിച്ചാല്‍ പരിഷ്‌കരിക്കാന്‍ കഴിയാത്ത ഒന്ന്. you cannot make a spoon that is better than a spoon  എന്നുവരെ അവര്‍ വാദിച്ചു. കുളിമുറിയിലോ കിടക്കയിലോ ഇ-വായന നടക്കില്ല, അതുകൊണ്ട് കടലാസുപുസ്തകങ്ങളാണ് നിലനില്‍ക്കുക എന്നുവരെ പറഞ്ഞുവച്ചു.
ഈ വാദങ്ങള്‍ക്കൊക്കെ പിറകില്‍ സമ്പന്നമായ ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ശേഷിപ്പുകളുടെ ബാധ്യതയാണ് ഗൃഹാതുരത്വമായി കടലാസുപുസ്തകങ്ങളുടെ അഭിഭാഷകര്‍ നടത്തുന്ന വാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഈ ഗൃഹാതുരത്വം സമ്പന്നരാഷ്ട്രങ്ങളുടെ ഭൂതകാലം കൂടിയാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഇറ്റലിയിലും പുസ്തകസമ്പന്നമായ ഭൂതകാലത്തിന്റെ നാലാമത്തെ തലമുറയാണ് ഇപ്പോള്‍ ജീവിക്കുന്നത്. വ്യാവസായികവിപ്ലവം ആവി എഞ്ചിന്‍ മാത്രമല്ല, പുസ്തകവിപ്ലവവും ഉണ്ടാക്കിയിട്ടുണ്ട്. അതുവരെ അസാധ്യമായിരുന്ന രീതിയില്‍ വന്‍തോതിലുള്ള അച്ചടി-ബൈന്‍ഡിങ് സാധ്യതകള്‍ ഉണ്ടായതോടെ വായനവിപ്ലവത്തിനും ഇത്തരം രാജ്യങ്ങളില്‍ തുടക്കമായി. എന്നാല്‍ ഇന്ത്യക്ക് പുസ്തകങ്ങളുടെ കൂടെ ജീവിച്ച എല്ലാ ജാതിമതങ്ങളില്‍ നിന്നും പ്രാതിനിധ്യമുള്ള ഒരു ഒന്നാം തലമുറയെപ്പോലും അവകാശപ്പെടാനില്ല. ജാതിശുദ്ധിയുടെ ഹൈന്ദവ (അ)നീതി നൂറ്റാണ്ടുകളായി നടപ്പിലാക്കിയ അറിവു നിരോധനം, ശക്തമായ ജനാധിപത്യസാധ്യതകള്‍ ഉറപ്പിക്കുന്ന ഭരണഘടന ഉണ്ടായിട്ടുപോലും ഇന്ത്യയില്‍ ഇല്ലാതായിട്ടില്ല. മഹാഭൂരിപക്ഷവും ജാതിവാദത്തിന്റെ ഇരകളായി പുസ്തകങ്ങളും ലൈബ്രറികളും വിലക്കപ്പെട്ട അവസ്ഥകളില്‍ കുരുങ്ങിക്കിടക്കുകയാണ് ഇപ്പോഴും. അതുകൊണ്ടുതന്നെ ഇന്ത്യയിലെ രാഷ്ട്രീയ ഔപചാരികതകളില്‍നിന്നു പുറന്തള്ളപ്പെട്ട ഭൂരിപക്ഷത്തിന്റെ ഡിസ്‌കോഴ്‌സുകള്‍ അധികവും നടക്കുന്നത് ഇലക്‌ട്രോണിക് ടെക്‌സ്ച്വാലിറ്റിയുടെ മാധ്യമസാധ്യതകളിലാണ്. പ്രസാധനരംഗത്തെ ഒരു ദലിത് ഇംപ്രിന്റ് നേരത്തെ പറഞ്ഞ സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടുതന്നെ പ്രായോഗികമായി വിജയിപ്പിക്കുക എളുപ്പമല്ല ഇന്ത്യയില്‍. ഭരണഘടന എന്തുതന്നെ സാധ്യതകള്‍ തുറന്നിട്ട് കൊടുത്താലും ഭീമമായ നിക്ഷേപങ്ങള്‍ ആവശ്യമുള്ള ഒന്നും ഇത്തരം മേഖലകളില്‍നിന്ന് സങ്കല്പിക്കാന്‍ പോലും പറ്റുന്ന അവസ്ഥയല്ല ഇന്നുള്ളത്. ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന സമൂഹങ്ങള്‍ക്കും പുസ്തകപ്രസാധനം പോലെതന്നെ അസാധ്യമായ സംഗതിയാണ് വന്‍വില കൊടുത്ത് പുസ്തകങ്ങള്‍ വാങ്ങി വായിക്കുക എന്നുള്ളതും. പുസ്തകം വായിച്ചിരുന്ന അവസരങ്ങള്‍ ഭൂതകാലത്തില്‍ ഇല്ലാത്ത ഈ സമുദായങ്ങള്‍ക്ക് പുസ്തകത്തിന്റെ പഴക്കം ചെല്ലുന്തോറും ഗൃഹാതുരത്വം ഉണര്‍ത്തുന്ന മണം, അപ്പനപ്പൂപ്പന്മാര്‍ വായിച്ച് പിന്‍തലമുറയ്ക്കായി മാറ്റിവച്ച അപൂര്‍വ പുസ്തകത്തിന്റെ, തൊടുമ്പോഴും തലോടുമ്പോഴും ഉള്ള ഓര്‍മ്മകളുടെ വേലിയേറ്റം തുടങ്ങിയ അതിശയോക്തികളൊക്കെ അസംബന്ധങ്ങളാണ്. എന്നാല്‍ ഗ്ലോബലൈസേഷന്റെ (വ്യാവസായികവിപ്ലവത്തിന്റെ സൃഷ്ടിയായ തീവണ്ടികള്‍ ബ്രിട്ടീഷുകാരന്‍ എന്ത് ആവശ്യത്തിന് ഉപയോഗിച്ചാലും ഇന്ത്യയിലെ എല്ലാ ജാതിക്കാരെയും ഒന്നിച്ച് സഞ്ചരിപ്പിക്കുക എന്ന വിപ്ലവത്തിനുകൂടി കാരണമായി എന്ന് ചരിത്രം പറഞ്ഞുതരുന്നു) സാധ്യതകളില്‍ വിരിഞ്ഞുല്ലസിക്കുന്ന സൈബര്‍സ്‌പെയ്‌സില്‍ സബാള്‍ട്ടേണ്‍ സമുദായങ്ങള്‍ ശക്തമായ അടയാളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം പുതിയൊരു സാമൂഹികവിപ്ലവത്തിന്റെ വര്‍ത്തമാനമാണ് പറയുന്നത്. പുസ്തകത്തിന്റെ ഇ-രൂപങ്ങളും വെബ് ലോകത്തു നടക്കുന്ന ശക്തമായ ചര്‍ച്ചാ സ്ഥലങ്ങളും സ്വാധീനശക്തികൊണ്ട് വരേണ്യരായ സവര്‍ണസമുദായങ്ങള്‍ ചെയ്യുന്നതില്‍നിന്ന് ഒട്ടും ശക്തിക്ഷയമില്ലാതെതന്നെ ഇന്ത്യയിലെ സകല സബാള്‍ട്ടേണ്‍ സമുദായങ്ങള്‍ക്കും വികസിപ്പിക്കാന്‍ കഴിയുന്നുണ്ട്. ഹൈപ്പര്‍ടെക്സ്റ്റുകള്‍ നല്‍കുന്ന അവസരങ്ങള്‍ തലമുറകളുടെ ബ്രേക്ക് ഇല്ലാതെതന്നെ ഇത്തരം സമുദായങ്ങളെ വായനയുടെ ബൗദ്ധികമണ്ഡലത്തില്‍ ശക്തമായി രൂപപ്പെട്ടു കഴിഞ്ഞ ‘ഡിജിറ്റല്‍ ദലിത്’ ഇത്തരത്തില്‍ ക്വാണ്ടംജംപ് നടത്തിയിട്ടുള്ള ഒരു സമൂഹമാണ്. ഒരു പത്രം തുടങ്ങാനുള്ള സന്നാഹങ്ങളോ മുതല്‍മുടക്കോ വേണ്ട വലിയ ഇ-ലോകം സ്വന്തമാക്കാന്‍. വലിയൊരു സമൂഹത്തിന് അറിവ് നിഷേധിച്ചുകൊണ്ടാണ് പുസ്തകങ്ങളുടെയും ലൈബ്രറികളുടെയും പുസ്തകവില്‍പ്പനശാലകളുടെയും ആധിപത്യം നിലനില്‍ക്കുന്നത്. എന്നാലിന്ന് വായനയുടെ സ്ട്രാറ്റജി ഏതു മനുഷ്യനും അവന് ആവശ്യമുള്ള തരം വായന അഗാധതയോടും അനന്തതയോടും കൂടി സ്വായത്തമാക്കാവുന്ന തരത്തില്‍ ഡിജിറ്റൈസ് ചെയ്യപ്പെട്ടിരിക്കുന്നു.
മണക്കാനും തൊടാനും പിടിക്കാനുമുള്ള സാധ്യതകള്‍ തന്നെവേണം എന്ന സ്ട്രാറ്റജി അറിവിനെ വീണ്ടും വീണ്ടും മനുവാദത്തിലേക്ക് തളച്ചിടാനുള്ള കുയുക്തിയില്‍ നിന്ന് ഉണ്ടാവുന്നതാണ് ഫ്രീ സോഴ്‌സുകളും ഓപ്പണ്‍ലൈബ്രറികളും ആയിരക്കണക്കിന് ക്ലാസിക്കുകളും ഔട്ട്-ഓഫ്-പ്രിന്റ് പുസ്തകങ്ങളും ഇപ്പോള്‍ത്തന്നെ സൗജന്യമായി ഇന്റര്‍നെറ്റിലൂടെ തന്നുകൊണ്ടിരിക്കുന്ന കാലത്ത് അതിനുനേരെ മുഖം തിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അറിവു നിഷേധികളായ അറിവിന്റെ തമ്പുരാക്കന്മാര്‍ സൃഷ്ടിച്ച ചാതുര്‍വര്‍ണ്യത്തിന്റെ പുനരുത്ഥാനശ്രമം തന്നെയാണ്. കുറഞ്ഞ ചെലവില്‍ വലിയ പുസ്തകങ്ങള്‍ വായിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇ-പുസ്തകവേലിയേറ്റം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. സ്‌കൂളുകള്‍ ഒരു വശത്ത് ആകാശ് ടാബ്‌ലെറ്റുകള്‍ വിതരണം ചെയ്യുന്നു. ടെക്സ്റ്റ്ബുക്കുകള്‍ ഇ-ടെക്സ്റ്റുകള്‍ ആക്കണമെന്ന് ശുപാര്‍ശ ചെയ്യപ്പെടുന്നു. വിദ്യാഭ്യാസഫണ്ടിന്റെ വലിയൊരു ഭാഗം തന്നെ ഇ-മേഖലയിലേക്ക് പോകുന്നു. ആമസണ്‍ പറയുന്നത് ഓരോ നൂറ് ഹാര്‍ഡ്ബാക്ക് പുസ്തകവില്‍പ്പനയിലും 242 ഇ-ബുക്കുകള്‍ വിറ്റുകൊണ്ടിരിക്കുന്നുണ്ടെന്നാണ്. അതായത്, ആരു തടസ്സപ്പെടുത്തിയാലും ഇ-പുസ്തകങ്ങള്‍ വില്‍പ്പനയിലും വായനയിലും ടിപ്പിങ്‌പോയിന്റ് കടന്നുകഴിഞ്ഞു. ഇ-പുസ്തകങ്ങള്‍ മിക്കവയ്ക്കും കടലാസു പുസ്തകങ്ങളുടെ നാലിലൊന്നുപോലും വിലയില്ല. ഷിപ്പിങ് ചാര്‍ജ് വേണ്ട. ഷിപ്പിങ്ങിനുള്ള കാലതമാസമില്ല. ഭൂകമ്പത്തില്‍ അലമാരകള്‍ ഞരങ്ങില്ല. പ്രാണികള്‍ ആത്മഹത്യ ചെയ്യില്ല. മരണാനന്തരം പുസ്തകങ്ങള്‍ക്ക് എന്തു പറ്റും എന്ന് ഓര്‍ത്ത് വേവലാതിപ്പെടേണ്ട. എല്ലാ വെര്‍ച്വല്‍ റിയാലിറ്റി, മായ!
ഇനി വരാനിരിക്കുന്ന പുതു ജനറേഷന്‍ ഇ-റീഡറുകള്‍ പ്ലേറ്റോവിനുപോലും ഇഷ്ടപ്പെടും. അങ്ങോട്ടു ചോദിച്ചാല്‍ ഇങ്ങോട്ട് ഉത്തരം കിട്ടുന്ന സാധ്യതകള്‍ അതിലുണ്ട്. ഭാഷകള്‍ വിവര്‍ത്തനം ചെയ്യാനുള്ള അവസരങ്ങള്‍, സാധാരണ വെബ്‌പേജുകളില്‍ എന്നപോലെ ഹൈപ്പര്‍ലിങ്കുകളുടെ ഇ-പിന്തുണ. അങ്ങനെ ബി.സി. അഞ്ചും നാലും നൂറ്റാണ്ടുകളില്‍ ‘പുസ്തകം’ ഏറ്റുവാങ്ങിയ പരിഹാസത്തിന് ചരിത്രത്തില്‍ ആദ്യമായി പരിഹാരവും ഉണ്ടായിരിക്കുന്നു.
ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും ആല്‍ഫബെറ്റിനെ എല്ലാ കൈകളിലേക്കും വിന്യസിക്കും എന്നുതന്നെ നമ്മള്‍ കാണേണ്ടിയിരിക്കുന്നു. വായന വിശാലമായ അര്‍ത്ഥത്തില്‍ വളരുകയാണ്. ഇറ്റലോ കാല്‍വിനോ, എന്തുകൊണ്ട് ക്ലാസിക്കുകള്‍ വായിക്കണം എന്ന ചോദ്യത്തിന് ഉത്തരമായി പറയുന്ന പതിനാല് വിശകലനങ്ങളില്‍ ഒന്നുപോലും ക്ലാസിക്കുകള്‍ ഇ-വായന ചെയ്യുന്നതുകൊണ്ട് അപ്രസക്തമാവുന്നില്ല. വായനയിലും വായനക്കാര്‍ മോര്‍ഫീമുകളും സെമാന്റിക്‌സും സിന്റാക്‌സും ഉപയോഗിക്കുന്നുണ്ട്. അച്ചടിപുസ്തകങ്ങള്‍ വായിക്കുമ്പോള്‍ എന്ന പോലെത്തന്നെ തലച്ചോറിന്റെ ലെഫ്റ്റ് ഡോര്‍സെല്‍ ഇന്റഫീരിയര്‍ ഫ്രോണ്ടല്‍ ജൈറസ് ഇ-വായനയിലും ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്. വായനയുടെ വൈദഗ്ധ്യവും സാധ്യതകളും അച്ചടിപുസ്തകമെന്ന ചലനരഹിതമായ വസ്തുവിനേക്കാള്‍ അനന്തമായി നിറഞ്ഞുനില്‍ക്കുന്നുണ്ട് ഇ-പുസ്തകത്തില്‍. അതു ജാതി-മത-പ്രാദേശിക-ലിംഗവ്യത്യാസമില്ലാതെ ഹോമോസാപ്പിയന്‍സിന്റെ വായനയ്ക്കും അറിവിനും സങ്കല്പിക്കാനാവാത്ത സാമൂഹിക മുന്നേറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നത്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആസന്നഭാവിയില്‍ അച്ചടി പുസ്തകശേഖരങ്ങള്‍ക്കായി മ്യൂസിയങ്ങളില്‍ മൂലകള്‍ രൂപപ്പെടുകതന്നെ ചെയ്യും.

(ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും എന്ന പുസ്തകത്തില്‍ നിന്നും-ഒലീവ് പബ്ലിക്കേഷന്‍സ് കോഴിക്കോട്)

Top