സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍

പന്നിവേട്ടയും ലിംഗവേട്ടയും കുരങ്ങുപട്ടടകളും: സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍

________________________________________________
2013ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയെക്കുറിച് അജയ് ശേഖര്‍ വിലയിരുത്തുന്നു
_______________________________________

അജയ് ശേഖര്‍

നുഷ്യരെ പന്നികളാക്കുകയും ആ പന്നിയെ തല്ലിക്കൊല്ലുകയും ചെയ്യുന്ന കാടത്തമാണ് ഇന്ത്യയിലെ വര്‍ണധര്‍മം എന്ന സനാതന ഹിന്ദുത്വം. തെന്നിന്ത്യന്‍ ജനതയെ ആകെ കുരങ്ങുകളും രാക്ഷസരുമാക്കിയ ബ്രാഹ്മണിക ഹിന്ദുവ്യവഹാരത്തിന് രാമായണാദി സംസ്‌കൃത ഇതിഹാസങ്ങള്‍ തന്നെയാണ് മുഖ്യതെളിവെന്ന് ഭാഷയില്‍ നിന്നും ചരിത്രത്തിലേക്കു കടന്നുകയറിയ ഇളങ്കുളം കുഞ്ഞന്‍ പിള്ള ഏതാണ്ട് അരനൂറ്റാണ്ടിനു മുമ്പുതന്നെ എഴുതിയിട്ടുണ്ട്. ഇന്നും ജാതിയുടെ സ്വരാജ്യമായ ഇന്ത്യന്‍ ഗ്രാമങ്ങളുടെ പരിയപ്പുറങ്ങളില്‍ പന്നികളായും പട്ടികളായും അലയുകയാണ് അധ്വാന ജനതകള്‍ . തെരുവു നായ്ക്കളായി വികസനവും വിവരവിസ്ഥോടനവും കുതിക്കുന്ന നവഉദാര ലോകത്തിന്റെ വെളിമ്പറമ്പുകളില്‍ അലയുന്ന മനുഷ്യരെക്കുറിച്ചാണ് തായിവാനീസ് സംവിധായകനായ സായി മിങ്-ലിയാങ്ങിന്റെ സ്‌ട്രേ ഡോഗ്‌സ്. ചരിത്രത്തിന്റെ പുറമ്പോക്കുകളിലേക്കു പുറന്തള്ളപ്പെട്ട, ചേരിവല്‍ക്കരണത്തിന്റെ ഇരകളായ തൊട്ടുകൂടാത്ത ജനതയെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ ശക്തമായ സിനിമയാണ് നാഗരാജ് മഞ്ജുളെയുടെ ദേശീയ പുരസ്‌കാരം നേടിയ മറാഠി ചിത്രമായ ഫാന്‍ഡ്രി. ഗോവയിലെ ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലും കേരള മേളയിലും ചിത്രം ബഹുജനങ്ങള്‍ക്കിടയില്‍ ശക്തമായ ആഘാതവും പ്രതികരണവും സാധ്യമാക്കി.
ഫാന്‍ഡ്രിയെന്നാല്‍ പന്നി. ചരിത്രത്തിന്റെ ചേറ്റിലും ചതുപ്പിലും മലത്തിലും ആണ്ടുകിടക്കുന്ന കോടിക്കണക്കായ ചണ്ടാളരെന്ന അവര്‍ണ ജനത. ജാതിവിരുദ്ധവും ബ്രാഹ്മണവാദ വിരുദ്ധവുമായ ബൗദ്ധ-നൈതിക സംസ്‌കാര പാരമ്പര്യത്തെ പിന്‍ തുടര്‍ന്നതു കൊണ്ട് അധീശ ഹിന്ദു ബ്രാഹ്മണമതം തൊട്ടുകൂടാത്തവരും കണ്ടുകൂടാത്തവരുമായി ആട്ടിയകറ്റിയ അടിസ്ഥാന ജനതയെ കുറിക്കുന്ന തെറിയും മൃഗരൂപകവുമാണ് പന്നി. മാനവികതയെ നിരാകരിക്കുകയാണല്ലോ ഫാഷിസത്തിന്റെ പ്രാഥമിക വ്യാവഹാരിക തന്ത്രം. ഭൗതിക പ്രതിനിധാന ഹിംസാവ്യവഹാരങ്ങളുടെ മൃഗബിംബമാണ് കുരങ്ങുപോലെ തന്നെ പന്നി. ടെഡ് ഹ്യൂസു മുതല്‍ എം. ബി. മനോജുവരെയുള്ള കവികള്‍ നിര്‍ണായകമായി ഉപയോഗിച്ചിട്ടുള്ള അപമാനവീകരണ മൃഗവല്‍ക്കരണ ഹിംസയുടെ സൂചകമാണത്. പന്നികളെ പോലെ ചളിയില്‍ കിടക്കുകയും പുറത്തു കടക്കവേ കൊല്ലപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ ജീവിതമാണ് നാഗരാജ് അടുപ്പത്തില്‍ കാണിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള ഭരണഘടനാ പരിരക്ഷ കിട്ടുന്ന ദലിത് ബാലനു പോലും പന്നിപിടുത്തത്തിനു പോകേണ്ടി വരുന്ന വര്‍ത്തമാന ദുരവസ്ഥ. സഹപാഠികളുടേയും അധ്യാപകരുടേയും മുന്നില്‍ അപഹാസ്യനാകേണ്ടി വരുന്ന ആ മൂകനായകന്‍ ഛായാഗ്രഹണിക്കും കാഴ്ച്ചക്കാര്‍ക്കും നേരേ നടത്തുന്ന കല്ലേറാണ് ചിത്രത്തിന്റെ അട്ടിമറിക്കുന്ന അവസാന ദൃശ്യം. മൃഗവല്‍ക്കരിക്കപ്പെടുന്ന മനുഷ്യപുത്രരുടെ അവസാന പ്രതിരോധമാണ് ചിത്രത്തെ വ്യതിരിക്തമാക്കുന്നത്. അന്ത്യത്തിലാണ് ചിത്രം വിധ്വംസകമായ സാമൂഹ്യ രാഷ്ട്രീയ പ്രയോഗമായി മാറുന്നത്. സാധാരണ സോഷ്യല്‍ റിയലിസത്തിലൂടെ തുടങ്ങി, അംബേദ്കറൈറ്റ് രാഷ്ട്രീയത്തേയും സാമൂഹ്യ ജനായത്തത്തേയും ദൃശ്യമാക്കി സമകാലിക ദലിത് ദൈന്യത്തേയും പ്രാന്തീകരണത്തേയും വെളിപ്പെടുത്തുന്ന ചിത്രം നവദേശീയ വാദത്തേയും അധികാര കുത്തകയേയും ശക്തമായി പ്രതിരോധിക്കുന്നു. ബഹിഷകൃത ഭാരതത്തിന്റെ ഭാവിയിലേക്കുള്ള ഉയിര്‍പ്പിന്റെ കല്ലേറുകൂടിയാണ് ബാലനായ നായകന്‍ നടത്തുന്നത്.
ഫൂലേ, അംബേദ്കര്‍, സാഹൂജീ, സാവിത്രീ ബായി എന്നിവരുടെ പള്ളിക്കൂട ചുമരിലുള്ള വലിയ ചിത്രത്തിനു മുന്നിലൂടെയാണ് തൊട്ടുകൂടാത്തവരുടെ പന്നിയേയും പേറിയുള്ള യാത്ര. കേരളത്തിലെ ബപ്പിടല്‍ വിവാദവുമായി ബന്ധപ്പെട്ടുയര്‍ന്ന പന്നിവേട്ടയുടെ ദൃശ്യങ്ങളും ഇവിടെ ഓര്‍ത്തു പോകും. ദേശീയഗാനം പാടുമ്പോള്‍ വടിയാകുന്ന പന്നിവേട്ടക്കാരുടെ ദൃശ്യങ്ങളും കനത്ത പ്രഹരമാണ് നവദേശീയവാദത്തിന്റെ മുഖത്തേല്‍പ്പിക്കുന്നത്. ദേശീയഗാനാലാപന ഗോഷ്ടി കാട്ടി ഡലിഗേറ്റുകളെ വടിയാക്കിയ തിരുപപ്പനാവ കൊട്ടകയിലായിരുന്നു ഈ പടം യഥാര്‍ഥത്തില്‍ കാണിക്കേണ്ടിയിരുന്നത്. രണ്ടു വര്‍ഷമായി പപ്പനാവവാദക്കാരുടെ ദേശീയഗാനാഭാസം ‘തിരുവന്തോരരത്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് തിരുതകൃതിയായി അരങ്ങേറുകയാണ്. ഫാഷിസത്തിന്റെ അധികാരാവരോധവുമായി ബന്ധപ്പെട്ട എല്ലാ സംസ്‌കാര ദേശീയ ചിഹ്നങ്ങളും ചടങ്ങുകളും ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞു എന്നു കാണാം. നരമേധകനായ മോദിയെ തന്നെ ശിവഗിരിയിലും വളളിക്കാവിലും വിളിച്ചാദരിച്ച് കേരളത്തിലെ ഹിന്ദുകൊളോണിയലിസത്തിന്റെ ഇരകള്‍ ഫാഷിസത്തിനു വര്‍ണദാസ്യത്തിന്റെ വഴിമരുന്നിട്ടു കഴിഞ്ഞു. ഇത്തവണ അധികാരത്തില്‍ നിന്നും പുറത്തായിട്ടും കൈരളിയുടെ മുന്നില്‍ തന്നെ കുട്ടിക്കൊമ്പനായ ഗണേശകുമാരന്റെ വമ്പന്‍ ഹോഡിങ്ങും ഉയര്‍ന്നിരുന്നു എന്നതും ഇവിടെ ഓര്‍ക്കാം.
കേരളത്തിലെ സിനിമയുടെ ചരിത്രത്തെ തന്നെ വിമര്‍ശാത്മകമായി പുനര്‍വായിക്കുകയും നവചരിത്രണം ചെയ്യുകയും ചെയ്യുന്ന കമലിന്റെ സെല്ലുലോയിഡ്, കെ. ആര്‍ . മനോജിന്റെ കന്യകാ ടാക്കീസ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനം പലതരത്തില്‍ സാമൂഹ്യ പ്രസക്തമായി. മലയാളത്തിലെ ആദ്യ ദലിത് നായികയേയും ആദ്യ അവര്‍ണ ചലച്ചിത്രകാരനേയും കുറിച്ചുള്ള ഓര്‍മകളേയും കാഴ്ച്ചകളേയും കമല്‍ ശക്തമായി വീണ്ടെടുക്കുന്നു. ചലച്ചിത്ര വ്യവസായത്തിന്റെ മൂലധനാസ്തികളിലൊന്നായ കീഴാള സ്ത്രീയുടെ ശരീരത്തേയും ജൈവാധികാരത്തേയും മൂലധന സവര്‍ണ ആണ്‍കോയ്മ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന യാഥാര്‍ഥ്യത്തെ വിമര്‍ശാത്മകമായി ആഖ്യാനം ചെയ്യുന്നതാണ് കന്യകാ ടാക്കീസ്. നിര്‍മാണത്തിലും പ്രതിനിധാനത്തിലും തികച്ചും പ്രാദേശികമായ സിനിമയെടുത്തു കൊണ്ട് പി. പി. സുദേവന്‍ സി. ആര്‍. നമ്പര്‍ 89 ലൂടെ മലബാറിലെ ഒരു ഗ്രാമത്തിലെ നാടകീയമായ ഒരു വഴിച്ചിത്രത്തിലൂടെ നൈതികതയേയും കര്‍തൃത്വത്തേയും കുറിച്ചുള്ള ഒരു വിശദമായ ദൃശ്യവിചാരം നടത്തുന്നു.
ഗിതായി, സരന്റീനോ, ലിയാങ്ങ്, ഷാങ്കേ, പനാഹി, വയദ, ഗോദാര്‍ദ്, റെനോയര്‍ , റിപ്‌സ്റ്റൈന്‍ , കിയരസ്താമി എന്നിവരുടെ ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തില്‍ സമഗ്രമായ ചലച്ചിത്രാനു’വവും കാലികമായ സംസ്‌കാര രാഷ്ട്രീയ വിമര്‍ശവും മുന്നോട്ടു വച്ചു. ബെലോഷ്യോയുടെ വിന്‍സിയര്‍ എന്ന മുസോളനിയുടെ കിടിലം കൊള്ളിക്കുന്ന ക്രൗര്യത്തേക്കുറിച്ചുള്ള ചിത്രം ഏറെ കാലിക പ്രസക്തമായിരുന്നു. എക്‌സപ്രഷനിസത്തെ കുറിച്ചുള്ള ചിത്രങ്ങളിലുള്‍പ്പെട്ട ക്യാബിനറ്റ് ഓഫ് ഡോ. കാലിഗരിയും തികച്ചും സമകാലികമായ ഫാഷിസ്റ്റു വിമര്‍ശം ഉന്നയിക്കുന്നതായിരുന്നു. കേരളത്തിനും ഇന്ത്യയ്ക്കും ഒരു ചലച്ചിത്ര മുന്നറിയിപ്പും കൂടിയായിരുന്നു അത്. കളിമണ്‍ രൂപങ്ങളെ കൊണ്ട് സിനിമ പിടിച്ച റിതി പനയുടെ മിസ്സിങ്ങ് പിക്ചറും കൊലയേക്കുറിച്ചുളള ദ ആക്റ്റ് ഓഫ് കില്ലിങ്ങ് എന്ന ഇന്തോനേഷ്യന്‍ ചിത്രവും ഈ രീതിയില്‍ രാഷ്ട്രീയ പ്രസക്തമാണ്. മേളയിലെ താരമായിരുന്ന കിം കി ദുക്കിന്റെ മോബിയസ് കേരളത്തിലെ ലിംഗാധീശത്തത്തിന്റെ കടയ്ക്കല്‍ തന്നെ കത്തി വച്ചു കൊണ്ട് ആരാധകരെ ഞെട്ടിച്ചു. പലരും ബോധരഹിതരായി, ചിലര്‍ ഇറങ്ങിയോടി. ശിശ്‌നവിലോപ ഭയം പുരുഷാരത്തെ മാത്രമല്ല പെമ്പിള്ളേരെ വരെ തികച്ചും ഗ്രസിച്ചു കളഞ്ഞു. ലിംഗകേന്ദ്രിതമായ ഹിംസയേയും ബൗദ്ധമായ അഹിംസയേയും സൂക്ഷ്മബോധത്തോടെ ദൃശ്യമായി താരതമ്യം ചെയ്യുന്ന കിമ്മിന്റെ പുതിയ രചന സാധാരണ പ്രേക്ഷകര്‍ക്കു പോലും പ്രഹര ചികില്‍സയും ബോധാദയപരവുമായി എന്ന് അസ്വസ്ഥമായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

Top