ക്ലാരയുടെ കൃപയാൽ (കുരുവിളയുടെയും)

‘കുടുംബജീവിതം നിലനിർത്തേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണ്’ എന്ന് (സ്ത്രീയ്ക്കുള്ള ഉപദേശമായി)നിലനില്ക്കുന്ന കുടുംബ വ്യവസ്ഥിതിയുടെ വക്താക്കളും (ആ വ്യവസ്ഥിതി സ്ത്രീവിരുദ്ധമാണെന്ന വാദത്തിന് ഉപോദ്ബലകമായി) അതിനെ കുറ്റം പറയുന്നവരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ അതൊരുപടികൂടി കടന്നാണ് പോവുന്നത്. ഭാര്യയുടെമാത്രമല്ല, കുടുംബത്തിനു ‘പുറത്തു’നില്ക്കുന്ന സ്ത്രീയുടെ കൂടി ഉത്തരവാദിത്തമാണ് ജയകൃഷ്ണനും രാധയും – അല്ലെങ്കിൽ ഏതൊരു ഭർത്താവും ഭാര്യയും – സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് എന്ന്. ഭാര്യ മാത്രം വിചാരിച്ചാലും മതിയാവില്ല എന്ന്. (ഭർത്താവ് എന്തായാലും അങ്ങനെയൊന്നും വിചാരിക്കാൻ പോവുന്നില്ല എന്നും — ‘ഭർത്താവല്ലേ ആള്’). അങ്ങനെയൊക്കെ കഷ്ടപ്പെട്ട് കുടുംബം ‘നിലനിർത്തുന്ന’തിന്റെ പ്രധാന ഗുണഭോക്താവും സ്ത്രീ (രാധ) ആണത്രേ. ക്ലാരയെങ്ങാൻ ജയകൃഷ്ണനെ വിളിച്ചിരുന്നെങ്കിൽ കഥയെന്താവുമായിരുന്നു!
_____________________________________ _

ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നടത്തുന്നത് കാണാൻ കോടതിക്കുമുന്നിൽ ജനം തടിച്ചുകൂടി എന്നൊരു വാർത്തയുണ്ടായിരുന്നു കഴിഞ്ഞ മാസം പത്രത്തിൽ. ഇന്റർനെറ്റിലും ചില ടി വി ചാനലുകളിലും വന്ന ഒരു വ്യാജവാർത്ത കണ്ട് അയ്യന്തോളിലെ കുടുംബ കോടതിയ്ക്കു മുന്നിൽ ചാനലുകളും പൊതുജനവും തടിച്ചുകൂടിയതിനെക്കുറിച്ചായിരുന്നു ആ വാർത്ത‍.
ജൂണ്‍ ആദ്യം മലയാള മനോരമ പത്രത്തിൽ വന്ന ഈ വാർത്തയെപ്പറ്റി എന്റെ ഭാര്യ പറഞ്ഞപ്പോൾ എന്തുകൊണ്ടോ എനിക്കോർമ്മ വന്നത് മഞ്ജു വാര്യർ കുറച്ചുനാൾ മുമ്പ് മലയാള മനോരമയിൽത്തന്നെ ‘സല്ലാപം’ എന്ന പേരിലുള്ള തന്റെ കോളത്തിൽ ‘തൂവാനത്തുമ്പികളെ’ക്കുറിച്ചും അതിലെ ക്ലാരയെക്കുറിച്ചും എഴുതിയതാണ്. (മനോരമയുടെ പേജിൽ ഇപ്പോൾ തപ്പിയിട്ട് ലിങ്ക് കാണുന്നില്ല. വായിച്ചവർക്ക് ഓർമ്മയുണ്ടാവും എന്നു കരുതുന്നു).
ക്ലാര എന്തുകൊണ്ട് തനിക്കേറെ ഇഷ്ടപ്പെട്ട സ്ത്രീ കഥാപാത്രമാണ് എന്നാണ് മഞ്ജു പറയാൻ ശ്രമിച്ചത്. അതിനു പ്രധാന കാരണമായി അവർ പറഞ്ഞത് ജയകൃഷ്ണൻ രാധയുടെയടുത്ത് പോവുന്നു എന്നുറപ്പുവരുത്തി ക്ലാര എന്നതാണ്. രണ്ടാമതും ക്ലാരയെ കാണാൻ പോവുന്ന ജയകൃഷ്ണൻ ക്ലാര വിളിച്ചിരുന്നെങ്കിൽ അവളുടെ കൂടെ പോകുമായിരുന്നു (‘ജയകൃഷ്ണനല്ലേ ആള് ‘ എന്നായിരുന്നു അവർ പ്രയോഗിച്ചത്), എന്നാൽ ക്ലാര അത് ചെയ്തില്ല, ജയകൃഷ്ണൻ രാധയുടെയടുത്ത് തിരിച്ചുചെല്ലുന്നു എന്നും അവർ പില്ക്കാലം സന്തോഷപൂർവ്വം കുടുംബജീവിതം നയിക്കുന്നു എന്നും ഉറപ്പുവരുത്തി. അതാണത്രേ ഒരു സ്ത്രീ എന്ന നിലയ്ക്ക് മഞ്ജു വാര്യർക്ക് ക്ലാരയോട്‌ ഇത്രയേറെ ഇഷ്ടം.
‘കുടുംബജീവിതം നിലനിർത്തേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണ് ‘ എന്ന് (സ്ത്രീയ്ക്കുള്ള ഉപദേശമായി) നിലനില്ക്കുന്ന കുടുംബ വ്യവസ്ഥിതിയുടെ വക്താക്കളും (ആ വ്യവസ്ഥിതി സ്ത്രീവിരുദ്ധമാണെന്ന വാദത്തിന് ഉപോദ്ബലകമായി) അതിനെ കുറ്റം പറയുന്നവരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ അതൊരുപടി കൂടി കടന്നാണ് പോവുന്നത്. ഭാര്യയുടെ മാത്രമല്ല, കുടുംബത്തിനു ‘പുറത്തു’നില്ക്കുന്ന സ്ത്രീയുടെ കൂടി ഉത്തരവാദിത്തമാണ് ജയകൃഷ്ണനും രാധയും — അല്ലെങ്കിൽ ഏതൊരു ഭർത്താവും ഭാര്യയും — സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് എന്ന്. ഭാര്യ മാത്രം വിചാരിച്ചാലും മതിയാവില്ല എന്ന്. (ഭർത്താവ് എന്തായാലും അങ്ങനെയൊന്നും വിചാരിക്കാൻ പോവുന്നില്ല എന്നും — ‘ഭർത്താവല്ലേ ആള്’). അങ്ങനെയൊക്കെ കഷ്ടപ്പെട്ട് കുടുംബം ‘നിലനിർത്തുന്ന’തിന്റെ പ്രധാന ഗുണഭോക്താവും സ്ത്രീ (രാധ) ആണത്രേ.
ക്ലാരയെങ്ങാൻ ജയകൃഷ്ണനെ വിളിച്ചിരുന്നെങ്കിൽ കഥയെന്താവുമായിരുന്നു! രാധ ഭയപ്പെടുന്നത് അതാണ്‌, മഞ്ജു വാര്യർ തന്റെ എഴുത്തിലും പങ്കുവയ്ക്കുന്നത് രാധയുടെ ആ ഭയമാണ്. കാഴ്ചക്കാരിലും ഉണ്ടാകാവുന്ന ആ ഭയത്തെ തണുപ്പിക്കുകയാണ്‌ സിനിമയിൽ പദ്മരാജൻ ചെയ്യുന്നത്.
* * *
ഈയൊരു ‘തണുപ്പിക്കലി’ന്റെ വേറൊരു രൂപമാണ് കെ ഗിരീഷ്‌ കുമാർ എഴുതി അക്കു അക്ബർ സംവിധാനം ചെയ്ത ‘ഭാര്യ അത്ര പോര’ എന്ന സിനിമയിലും കാണാൻ കഴിഞ്ഞത്. ഇത്തരത്തിലുള്ള മറ്റു സിനിമകളിൽ നിന്ന് (സത്യനും രാഗിണിയും ഗ്രേസിയും അഭിനയിച്ച ‘ഭാര്യ’ മുതൽ ജയറാമിന്റെ തന്നെ അടുത്തകാലത്തെ ‘ഞാനും എന്റെ ഫാമിലി’യും വരെ) വ്യത്യസ്തമാവാനും ഒരു ‘സ്ത്രീപക്ഷ’ സിനിമയാണെന്ന് തോന്നിപ്പിക്കാനും തങ്ങളാൽ ആവുന്നവിധം ശ്രമിക്കുമ്പോഴും ‘പെണ്ണൊരുമ്പെട്ടാൽ’ ഉണ്ടാകാവുന്ന പുകിലുകളെക്കുറിച്ചുള്ള പേടി സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്‌, അങ്ങനെ ഉണ്ടാവാതിരിക്കാൻ ‘ഒരുമുഴം മുമ്പേ’ എറിയുകയും ചെയ്യുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും.
ഭാര്യ അത്ര പോരാ എന്ന് തോന്നുന്ന ഭർത്താവാണ് നായകൻ. ‘ഭർത്താവല്ലേ ആള്, അങ്ങനെ തോന്നുന്നത് സ്വാഭാവികമാണ് ‘എന്ന് സൂചിപ്പിക്കുന്ന പല സംഭാഷണങ്ങളും സിനിമയിലുണ്ട്. എന്നാൽ അതിനെക്കാളേറെ മുഴച്ചുനില്ക്കുന്നു ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥാപാത്രം നായകനായ സത്യനാഥനുനല്കുന്ന ഉപദേശങ്ങളിൽ ‘ഭാര്യയ്ക്ക് / ഭാര്യമാർക്ക് എന്തുകൊണ്ട് അങ്ങനെ തോന്നുന്നില്ല’ എന്ന് വിശദീകരിക്കുന്നത്.
‘മൂവിരാഗ’യിലെ റിവ്യൂവിൽ കൃഷ്ണമൂർത്തി പറഞ്ഞതുപോലെ, “യഥാർഥത്തിൽ ഭർത്താവ് അത്ര പോരാ എന്ന് പറയേണ്ടത് പ്രിയയാണ്. ഒരു മുതിർന്ന പയ്യന്റെ അമ്മയായിട്ടും സുന്ദരിയും ചെറുപ്പക്കാരിയുമാണ് പ്രിയ. സുന്ദരമായ വസ്‌ത്രധാരണം, സ്വയം കാറോടിച്ച് ബാങ്കിൽ ജോലിക്കു പോകുന്നു. അതേ സമയം സത്യനാഥനോ? നാല്പത് വയസ് എന്ന് പറയുന്നുണ്ടെങ്കിലും അതിലും പ്രായം തോന്നും, മൂക്കറ്റം മദ്യപാനം, കൂടാതെ വഷളൻ കൂട്ടുകെട്ടുകളും..” എന്നിങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.
എന്നാൽ ഭാര്യമാർക്ക് “ഭർത്താവ് അത്ര പോരാ” എന്ന് തോന്നില്ല എന്നാണ് ഗിരീഷും അക്കുവും ചുള്ളിക്കാട് മാഷിലൂടെ പറയുന്നത്. ‘നമ്മൾ ആണുങ്ങൾക്ക്’ അങ്ങനെ തോന്നുന്നത് കാമത്തിന്റെ കണ്ണിലൂടെ മാത്രം ഭാര്യയെ കാണുന്നതുകൊണ്ടാണത്രേ.
സ്ത്രീകൾ അങ്ങനെയല്ലത്രേ. അവർക്ക് ഭർത്താവ് എന്നാൽ തന്റെ മക്കളുടെ അച്ഛനും ആനയും ചേനയും ഒക്കെയാണത്രേ. സ്ത്രീകൾ അങ്ങനെയല്ല, സ്ത്രീകൾക്ക് ‘നമ്മളെപ്പോലെ’ അങ്ങനെ തോന്നുന്നില്ല എന്നൊക്കെ ഒന്നല്ല രണ്ടോ മൂന്നോ തവണ പറയുന്നുണ്ട് ഇദ്ദേഹം. ഇനി എങ്ങാനും തോന്നിപ്പോയാലോ എന്ന പേടികൊണ്ടാണ് എന്ന് ഇത് കാണുന്നവർക്ക് തോന്നിപ്പോയാൽ കുറ്റം പറയാൻ പറ്റില്ല. എങ്ങാനും ‘കാമത്തിന്റെ കണ്ണിലൂടെ’ സ്ത്രീ നോക്കിപ്പോയാലോ? മക്കളുടെ അച്ഛനോ ആനയോ ചേനയോ ഒന്നുമല്ല ഈ കിഴങ്ങൻ എന്നവൾക്ക് തോന്നിയാലോ? അതേതായാലും അനുവദിച്ചുകൊടുക്കാൻ പാടില്ല.
ഭർത്താവിന്റെ ഉത്തരവാദിത്തമില്ലായ്മയും കള്ളുകുടിയും കണ്ട് അവൾ ദേഷ്യപ്പെട്ടോട്ടെ, ഭർത്താവിന് വേറെ പെണ്ണിന്റെ കൂടെയുള്ള ‘ചുറ്റിക്കളി’ കണ്ടു സങ്കടപ്പെട്ടോട്ടെ. ‘ശക്തയായ സ്ത്രീ’ ആയി വിവാഹമോചനം വേണമെന്നും കാറ് എന്റെ കാശുകൊണ്ട് വാങ്ങിയതാണ് എന്നും അത് ഞാനെടുക്കും എന്നും പറഞ്ഞോട്ടെ. മകനെ കാണുമ്പോൾ അപരിചിതനായ പുരുഷനെ കാണുന്നതുപോലെയാണ് എന്നും വേണമെങ്കിൽ പറയട്ടെ.
അപ്പോൾ അങ്ങനെ. രാധയുടെയും തങ്ങൾക്കുചുറ്റുമുള്ള ക്ലാരമാരുടെയും പരിശ്രമഫലമായി ജയകൃഷ്ണനും രാധയും സന്തോഷകരമായ കുടുംബജീവിതം നയിക്കട്ടെ. സത്യനാഥൻ ഫെയ്സ്ബുക്കിൽ പരിചയപ്പെടുന്ന സ്ത്രീകൾ മുഴുവൻ ഫേക്ക് ഐ ഡികളോ പണം തട്ടാനിറങ്ങിയ ‘കട്ട ഫ്രോഡു’ കുരുവിളകളോ അതുമല്ലെങ്കിൽ ക്ലാരമാരോ ആയിരിക്കട്ടെ. ആമേൻ.
* * *
സൂര്യാ ടീവിയിലെ ‘മലയാളീഹൌസി’ൽ കേട്ടത് : റോസിൻ ജോളി രാഹുൽ ഈശ്വറിന്റെ കുടുംബം തകർക്കുന്നു എന്ന് പ്രേക്ഷകർ കരുതുന്നുപോലും!
Top