ഇന്ത്യന്‍ ദളിത് കവിതകള്‍ ഹിന്ദി, മറാത്തി, തമിഴ്, കന്നട, തെലുഗു, ഒറിയ

ഇന്ത്യയിലെ സ്റാന്‍ഡേര്‍ഡ് ജേണലുകള്‍ക്കു പുറത്താണ് പലപ്പോഴും ദളിത് കവിതകള്‍ സംഭവിയ്ക്കുന്നത്. അതേസമയം ഈ കവിതകളുടെ അലയടികള്‍ ലോകത്തെ പൊതിയുന്നുമുണ്ട്. സഹതാപങ്ങളുടെയും ഉദാരതയുടെയും കാലഘട്ടങ്ങള്‍ക്കു ശേഷം, പൌരന്റെ പ്രതിനിധാന, അവബോധകാലഘട്ടത്തിലാണ് ദളിത്കവിതകള്‍ പൊതുബോധത്തിലേയ്ക്ക്/പൊതുസമൂഹത്തിലേയ്ക്ക് പ്രവേശിച്ചു തുടങ്ങുന്നത്. പൌരപ്രതിനിധാനം, ധാര്‍മ്മികത, രാഷ്ട്രീയശക്തി തുടങ്ങിയ പല അംശങ്ങളും ഈ കവിതകളിലുണ്ട്. പുരുഷന്മാരാല്‍ നിരന്തരം മര്‍ദ്ദനമേല്‍ക്കുന്ന സ്ത്രീകള്‍, അമ്മമാരുടെ കഷ്ടതകള്‍ , വരേണ്യരാല്‍ കൊലക്കത്തിയ്ക്കും ബലാത്സംഗത്തിനും ഇരകളാവുന്ന ദളിതുപെണ്ണുങ്ങള്‍ , അങ്ങനെ യാഥാര്‍ത്ഥ്യങ്ങളുടെ ഇതുവരെ കാണാത്ത ഇടങ്ങളിലേയ്ക്കാണ് ദളിത്കവിതകളുടെ മുഖം തീക്ഷ്ണമാവുന്നത്. അത് രാഷ്ട്രത്തോട് കലഹപ്പെടുന്നു. അത് സ്വന്തം സമൂഹത്തോട് പരിഷ്കരിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്നു.

ഡോ. എം. ബി. മനോജ്
____________________________________________
ഇന്ത്യയിലെ സ്റാന്‍ഡേര്‍ഡ് ജേണലുകള്‍ക്കു പുറത്താണ് പലപ്പോഴും ദളിത് കവിതകള്‍ സംഭവിയ്ക്കുന്നത്. അതേസമയം ഈ കവിതകളുടെ അലയടികള്‍ ലോകത്തെ പൊതിയുന്നുമുണ്ട്. സഹതാപങ്ങളുടെയും ഉദാരതയുടെയും കാലഘട്ടങ്ങള്‍ക്കു ശേഷം, പൌരന്റെ പ്രതിനിധാന, അവബോധകാലഘട്ടത്തിലാണ് ദളിത്കവിതകള്‍ പൊതുബോധത്തിലേയ്ക്ക്/പൊതുസമൂഹത്തിലേയ്ക്ക് പ്രവേശിച്ചു തുടങ്ങുന്നത്. പൌരപ്രതിനിധാനം, ധാര്‍മ്മികത, രാഷ്ട്രീയശക്തി തുടങ്ങിയ പല അംശങ്ങളും ഈ കവിതകളിലുണ്ട്. പുരുഷന്മാരാല്‍ നിരന്തരം മര്‍ദ്ദനമേല്‍ക്കുന്ന സ്ത്രീകള്‍, അമ്മമാരുടെ കഷ്ടതകള്‍ , വരേണ്യരാല്‍ കൊലക്കത്തിയ്ക്കും ബലാത്സംഗത്തിനും ഇരകളാവുന്ന ദളിതുപെണ്ണുങ്ങള്‍ , അങ്ങനെ യാഥാര്‍ത്ഥ്യങ്ങളുടെ ഇതുവരെ കാണാത്ത ഇടങ്ങളിലേയ്ക്കാണ് ദളിത്കവിതകളുടെ മുഖം തീക്ഷ്ണമാവുന്നത്. അത് രാഷ്ട്രത്തോട് കലഹപ്പെടുന്നു. അത് സ്വന്തം സമൂഹത്തോട് പരിഷ്കരിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്നു.
______________________________________________

ഹിന്ദിയില്‍ ദളിത് സാഹിത്യത്തിന്റെ ഇടപെടലുകള്‍ ആരംഭിക്കുന്നത് സ്വാമി അച്ച്യുതാനന്ദിലൂടെയാണ്. അതിന്റെ വേരുകള്‍ ഇന്ത്യയിലുടനീളം മൌനത്തിലാണ്ടുപോയ, ഭക്തിപ്രസ്ഥാനകാവ്യങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. കബീര്‍ദാസിന്റെയും, രവിദാസിന്റെയും, ചൊക്കമേളയുടെയും കാവ്യശാഖകള്‍, അടിത്തട്ടു ജനതയില്‍ വലിയ ചലനങ്ങളായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല്‍ മുഖ്യധാരയ്ക്ക് അദര്‍ശമായിരുന്നു ഇത്. ഈ ധാരയെയും ആശകളെയും തുടര്‍ച്ചകളാക്കി മാറ്റിയത് സ്വാമി അച്ച്യുതാനന്ദിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്. കവിതകളും പാട്ടുകളും നാടകങ്ങളും ചരിത്രാഖ്യാനങ്ങളും നടത്തിക്കൊണ്ടാണ് സ്വാമി തന്റെ പ്രവര്‍ത്തനം വിപുലമാക്കിയത്. ഹിന്ദുമതത്തോടുള്ള വിമര്‍ശം ഇവിടെ ദര്‍ശിയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഹിന്ദുമതത്തിനു മുമ്പുളളവര്‍ എന്ന അര്‍ത്ഥത്തില്‍ ‘ആദിഹിന്ദു’ എന്ന ആശയമായിരുന്നു സൈദ്ധാന്തികമായി അദ്ദേഹം അവലംബിച്ചിരുന്നത്. ‘ആദിവംശ’, എന്നും ‘ആദിവാസി’ എന്നീ പേരുകളിലും അയിത്ത ജനസമൂഹം അറിയപ്പെടണം എന്നും അദ്ദേഹം വിലയിരുത്തിയിരുന്നു. മനുസ്മൃതി അഗ്നിയ്ക്ക് ഇരയാക്കേണ്ടതാണ് (Manusmriti Hamko Jala Rahi Hai) എന്ന ആഹ്വാനം ആദ്യം ഉയര്‍ത്തിയതും അദ്ദേഹമായിരുന്നു.
‘ദിവസങ്ങളോളം
ഈ മനുസ്മൃതി കത്തിച്ചാമ്പലാക്കണം നാം
നമ്മെ മുന്നേറാന്‍ അനുവദിയ്ക്കാത്ത തരം താഴ്ന്ന ഇതിനെ
ബ്രാഹ്മണനും ക്ഷത്രിയനും മാത്രം ഉയര്‍ച്ച കല്പിക്കുന്ന
നിങ്ങടെ പഴഞ്ചന്‍ തുണികള്‍
എന്തിന് ഞങ്ങള്‍ക്ക് ഉപദേശങ്ങളാണെന്ന് പറയുന്നു’
(സ്വാമി അച്ച്യുതാനന്ദിന്റെ കവിതകള്‍)
1946ല്‍ മഹാത്മ ഗ്യാന്‍ദാസ്, സ്വാമി അച്ച്യുതാനന്ദിന്റെ ഒരു കൃതി പുസ്തക രൂപത്തിലാക്കുകയുണ്ടായി. ദേവീദാസ് ജാതവ്, ചന്ദ്രികപ്രസാദ്, സ്വാമി ബുദ്ധാനന്ദ്, സ്വാമി സുധാനന്ദ്, ഹരിപ്രസാദ് തംത (സമത പത്രത്തിന്റെ എഡിറ്റര്‍) തുടങ്ങിയ ഒരു നിര സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കി. ‘ആദിഹിന്ദു’ എന്ന കൃതി നിരവധി ലക്കങ്ങളിലായി പ്രസിദ്ധീകൃതമാവുകയും ചെയ്തു. സ്വാമിയുടെ സഹധര്‍മ്മിണി, ‘ദുര്‍ഗ്ഗാവതി’, സ്കൂള്‍ അദ്ധ്യാപികയും കവിയത്രിയുമായിരുന്നു. സ്വാമിയുടെ മരണസമയത്ത് അവര്‍ രചിച്ച കവിത, ഒരു ജനതയെ അഭിസംബോധന ചെയ്യുന്ന, രാഷ്ട്രീയ അന്ത:സത്ത നിറഞ്ഞ ഒന്നായിരുന്നു.
‘ഓ സ്വാമി താങ്കള്‍ ഞങ്ങളുടെ ലോകത്തെ ഉയര്‍ത്തി
അങ്ങേയ്ക്ക് ഇങ്ങനെ എത്രനേരം ഉറങ്ങിക്കിടക്കാന്‍ കഴിയും.
സൂര്യനെപ്പോലെ ശോഭിച്ച ഞങ്ങളുടെ സഹയാത്രികനെ
ഞങ്ങളുടെ സമുദായത്തെ ഇരുട്ടിലാക്കിയല്ലോ
മതങ്ങളോടും ദേശീയതയോടും ഞങ്ങള്‍ക്ക്
യുദ്ധം ചെയ്യേണ്ടതായുണ്ട്
ഞങ്ങളുടെ തന്മ വ്യക്തമാക്കേണ്ടതായുണ്ട്
അങ്ങ് ഞങ്ങളെ വിട്ടുപോയിരിക്കുന്നു
ഞാന്‍ നടുങ്ങുന്നു വരണ്ട കണ്ണുകളോടെ
മൂന്നു പെണ്‍മക്കളെയും തനിച്ചാക്കിയല്ലൊ
സ്വാമി
കോടിക്കണക്കിനു മനുഷ്യര്‍ക്ക് മാര്‍ഗ്ഗദീപമായവനെ.’
(അങ്ങയുടെ കണ്ണുകള്‍ സത്യമായും അടഞ്ഞുവെന്നോ – ഓ പ്രിയ സന്യാസി – ദുര്‍ഗ്ഗാവതി)
സ്വാമി അച്ച്യുതാനന്ദിന് ഹിന്ദി ഭാഷയ്ക്കുള്ളില്‍, പഞ്ചമസമൂഹങ്ങളെക്കുറിച്ചും ദളിത് ആശയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് ഇക്കാലത്ത് ആശയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് ഇക്കാലത്ത് സാധിച്ചിരുന്നു. ഗാന്ധിജി ‘ഹരിജന്‍’ എന്ന പേരില്‍ അയിത്തജാതികളെ വിളിച്ചപ്പോള്‍ ‘ഹേ ഗാന്ധിഭഗവാന്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, ഞങ്ങള്‍ ദൈവത്തിന്റെ മക്കളാകുമ്പോള്‍ , അങ്ങാണോ ഞങ്ങളുടെ ദൈവം, അത് ഒരിയ്ക്കലും സാധ്യമല്ലല്ലൊ, എന്ന നിഷേധം തുറന്ന് അറിയിക്കാന്‍ സ്വാമി അച്ച്യുതാനന്ദിന് മടിയില്ലായിരുന്നു.
1960കളില്‍ റിപ്പബ്ളിക്കന്‍പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തോടെ ശക്തമായ സാമൂഹ്യനിര്‍ണ്ണയനങ്ങള്‍ക്ക് ദളിത് ആശയങ്ങള്‍ക്കു കഴിഞ്ഞു. എന്നാല്‍ മുഖ്യധാരാസാഹിത്യത്തില്‍ വേരോട്ടം നടത്തിയത് മറാത്തിദളിത് സാഹിത്യമായിരുന്നു. തൊണ്ണൂറുകളോടെയാണ് ഹിന്ദിസാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് ദളിത്കവിതകള്‍ പ്രവേശിച്ചു തുടങ്ങുന്നത്. ഹിരാമന്‍, വാണിപ്രകാഷന്‍, ഹസാരി, ഓംപ്രകാശ് വാല്മീകി, രജത് റാണിമീനു, സുശീല തക്ബൊറെ, രാജ്ഭാരതി, താരാപരമാര്‍, താവേരി തുടങ്ങിയ എഴുത്തുകാരും എഴുത്തുകാരികളും ഇതില്‍ ശ്രദ്ധേയരും മുഖ്യധാരയില്‍ എഴുതുന്നവരുമാണ്.
‘ഞങ്ങള്‍ കാക്കകളായി യുദ്ധം ചെയ്തു
ഒരിക്കലും ഞങ്ങള്‍ നാസാമലം ചീറ്റിക്കളഞ്ഞില്ല
ഞങ്ങള്‍, ഉന്നതര്‍ തള്ളിയ ചത്തജന്തുക്കളെ വലിച്ചു നടന്നു
അതിന്റെ തൊലിയുരിച്ചു വൃത്തിയാക്കി
പങ്കുവെട്ടി എറച്ചി വീതംവെച്ചു
ഞങ്ങളുടെ ജനനിബിഢപ്രദേശത്ത്
നരികള്‍ നായകള്‍ കഴുകുകള്‍
അവര്‍ സ്നേഹത്തോടെ ഞങ്ങളോട് പെരുമാറി
എന്തെന്നാല്‍ ഞങ്ങള്‍
അതുങ്ങള്‍ക്കൊപ്പം തിന്നു, പങ്കുകൊടുത്തു അവര്‍ക്കും
(അര്‍ജ്ജുന്‍ഡാംഗ്ളേ, ഉലച്ചിലിലാണ്ട പടപ്പട്ടാളം)
ഇന്ത്യയിലെ സ്റാന്‍ഡേര്‍ഡ് ജേണലുകള്‍ക്കു പുറത്താണ് പലപ്പോഴും ദളിത് കവിതകള്‍ സംഭവിയ്ക്കുന്നത്. അതേസമയം ഈ കവിതകളുടെ അലയടികള്‍ ലോകത്തെ പൊതിയുന്നുമുണ്ട്. സഹതാപങ്ങളുടെയും ഉദാരതയുടെയും കാലഘട്ടങ്ങള്‍ക്കു ശേഷം, പൌരന്റെ പ്രതിനിധാന, അവബോധകാലഘട്ടത്തിലാണ് ദളിത്കവിതകള്‍ പൊതുബോധത്തിലേയ്ക്ക്/പൊതുസമൂഹത്തിലേയ്ക്ക് പ്രവേശിച്ചു തുടങ്ങുന്നത്. പൌരപ്രതിനിധാനം, ധാര്‍മ്മികത, രാഷ്ട്രീയശക്തി തുടങ്ങിയ പല അംശങ്ങളും ഈ കവിതകളിലുണ്ട്. പുരുഷന്മാരാല്‍ നിരന്തരം മര്‍ദ്ദനമേല്‍ക്കുന്ന സ്ത്രീകള്‍, അമ്മമാരുടെ കഷ്ടതകള്‍ , വരേണ്യരാല്‍ കൊലക്കത്തിയ്ക്കും ബലാത്സംഗത്തിനും ഇരകളാവുന്ന ദളിതുപെണ്ണുങ്ങള്‍ , അങ്ങനെ യാഥാര്‍ത്ഥ്യങ്ങളുടെ ഇതുവരെ കാണാത്ത ഇടങ്ങളിലേയ്ക്കാണ് ദളിത്കവിതകളുടെ മുഖം തീക്ഷ്ണമാവുന്നത്. അത് രാഷ്ട്രത്തോട് കലഹപ്പെടുന്നു. അത് സ്വന്തം സമൂഹത്തോട് പരിഷ്കരിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്നു. ‘മറാത്തി’ ദളിത് കവിതകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് അതിന്റെ രാഷ്ട്രീയമായ പുതുമകള്‍ കൊണ്ടായിരുന്നു.
‘എല്ലുമാത്രമായിത്തീര്‍ന്ന ഈ ശരീരത്തിലെ
വിയര്‍ത്തുണങ്ങി ഒട്ടിയ ഉപ്പിനെ തുടച്ചുമാറ്റു
അമ്മയുടെ ഉടലിനെ, കീറിമുഷിഞ്ഞ അവളുടെ സാരികൊണ്ട്
നിങ്ങള്‍ ഒരു പിമ്പിനെപ്പോലെ പണിയെടുത്തു
കള്ളുകുടിച്ചു തൊലഞ്ഞു, തൊലച്ചു
ഓ എന്റെ തന്തേ . . .’ എന്റെ അപ്പാ
നിങ്ങള്‍ ചെയ്യാതെ പോയ ഒരു കാര്യമുണ്ട്
ഒരമ്മയെ നിങ്ങള്‍ക്ക് വേണ്ടാതെ പോയി
നിങ്ങള്‍ കയ്യൊഴിഞ്ഞ ഒരമ്മ
അവര്‍ പണിയെടുത്ത് നശിച്ചു
ചെളിപിടിച്ചു കൊരഞ്ഞു
അല്പസ്നേഹം അത്രയെങ്കിലും ആ അമ്മയ്ക്കു നല്കൂ
(കേശവ് മെഷ്റാം – ഒരു ദിവസം ഞാനാ ദൈവത്തെ തല്ലിയുടയ്ക്കും)
എഴുപതുകളിലെ ബ്ളാക്പന്തര്‍ പ്രസ്ഥാനം മാര്‍ക്സിസത്തിന്റെ വര്‍ഗ്ഗനിലപാടുകളെ വിമര്‍ശനപരമായാണ് സ്വീകരിച്ചത്. ഇന്ത്യന്‍ മാര്‍ക്സിസം ജാതിവ്യവസ്ഥയെ അഭിസംബോധന ചെയ്യണമെന്ന അവരുടെ നിലപാടിനെ ഉള്‍ക്കൊളളാനുള്ള മാനസിക വളര്‍ച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ പണ്ഡിതന്മാരുടെ വരേണ്യയതയെ നിരന്തരം വിമര്‍ശിച്ച ദളിത്സാഹിത്യം, അടിസ്ഥാന ജനതയിലൂന്നിനില്‍ക്കുകയും പാണ്ഡിത്യവരേണ്യതയെ തള്ളിപ്പറയുകയും ചെയ്തു. ഇന്ത്യന്‍ മാര്‍ക്സിസത്തെ വിമര്‍ശനപരമായി, ദളിത് പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടപ്പോഴും, ഇന്ത്യന്‍ മാര്‍ക്സിസ്റുകള്‍ ദളിത് ആശയസംവാദങ്ങള്‍ക്കു മുന്നില്‍ മുഖം തിരിക്കുകയായിരുന്നു. ദളിത്കവിതകളില്‍, മാര്‍ക്സ് കടന്നുവരുന്നത് കവിയും ചിതകാരനും വിപ്ളവകാരിയും ഒക്കെയായിട്ടാണ്. എന്നാല്‍ തികഞ്ഞ സൌമ്യതയും സഹോദരബോധവും തുല്യതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ദളിത് വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ടത്.
‘മാര്‍ക്സിനെ ആദ്യമായി കണ്ട് ബോധ്യപ്പെട്ടപ്പോള്‍
എന്റെ തോളില്‍ അദ്ദേഹത്തിന്റെ കൊടിക്കൂറയുണ്ടായിരുന്നു
അടുത്തദിവസം ഗേറ്റിന് സമീപത്ത് ഒരു മീറ്റിംഗില്‍
എന്റെ പ്രസംഗവും ശ്രദ്ധിച്ചു നില്‍ക്കുന്നതു കണ്ടു
നമ്മള്‍ ചരിത്രത്തില്‍ ഒറ്റപ്പെട്ടുപോയവരാണ് ജീവചരിത്രത്തിലും.
അദ്ദേഹം എന്നെ അഭിനന്ദിച്ചു എല്ലാവരും കേള്‍ക്കെ
എന്റെ തോളില്‍ കൈവച്ചു
‘താങ്കള്‍ ഒരു കവിയാണല്ലെ
വളരെ നന്നായിരുന്നു
എനിയ്ക്ക് കവിതകളിഷ്ടമാണ്
ഗെയ്ഥേയാണ് എനിക്ക് പ്രിയപ്പെട്ടയാള്‍’
(നാരായണ്‍ സുര്‍വേ – കാള്‍മാര്‍ക്സ്)
‘ഈ ലോകത്തെ സോഷ്യലിസം
ഈ ലോകത്തെ കമ്മ്യൂണിസം
അതതിന്റേതായ കാര്യങ്ങള്‍
നമുക്ക് ഒരു പരിശോധനയ്ക്കായിക്കൊണ്ടിടാം
അതിന്റെ പ്രവര്‍ത്തനം നിഴലുകള്‍ മാത്രമായിരിക്കും
നമ്മുടെ പാദങ്ങളില്‍ പതിയുന്നവ.’
(നാംദേവ് ധസലിന്റെ കവിതകള്‍)
ഗാന്ധിയന്‍ ദര്‍ശനങ്ങളോടും മാര്‍ക്സിസത്തോടുമുള്ള വിമര്‍ശനം സാമൂഹ്യമായ സംവാദമായി ദളിത് കവിതകള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തിലൂന്നുന്ന വരേണ്യതയോടുള്ള വിട്ടുവീഴ്ചയില്ലായ്മയാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് നിദാനം. ഡോ. ബി. ആര്‍. അംബേദ്കറിന്റെ ദര്‍ശനങ്ങള്‍ പിന്തുടരുന്ന ഈ കവിതകള്‍ , ‘നവബുദ്ധ’ ആശയങ്ങളാണ് സ്വീകരിയ്ക്കുന്നത്. അതേസമയം ബുദ്ധ-ദര്‍ശനങ്ങളെ നോക്കിക്കാണുന്നതിലുമുണ്ട് ഈ വിമര്‍ശനത്വര എന്നത് ഇവിടെ ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന സംഗതിയാണ്. തന്റെ നിലപാടുകളും വിശ്വാസങ്ങളും ഒരിക്കലും അഴിച്ചെടുക്കാനൊ, പരിഷ്ക്കരിയ്ക്കാനോ കഴിയാത്തവിധം അന്ധമായതാണെന്ന് ഇവര്‍ കരുതുന്നില്ല. ‘ദയാപവാറി’ന്റെ കവിത നോക്കുക.
‘ഈ മരത്തെ ഞാന്‍ കണ്ടിട്ടുണ്ട്
വേദനയോടെ ഇലകളിളക്കി നില്‍ക്കുന്നത്
എങ്കിലും ഇതിന് ആഴത്തിലുള്ള വേരുണ്ട്
ബോധിവൃക്ഷത്തോളം.
ബോധിവൃക്ഷം, സൌന്ദര്യമില്ലാത്ത പൂക്കളുള്ളത്
വേദനയോടെ ഒടിഞ്ഞുവീഴുന്നത്
തോലുപൊളിഞ്ഞു വീഴുന്നത്
ഇലകളെല്ലാം പൊഴിഞ്ഞ് കുഷ്ഠരോഗിയുടെ
വിരലുകളായിത്തീരുന്നത്
ഇതിന്റെ അസുഖമെന്താണ്
ഓരോ ശാഖകള്‍ക്കും ഊന്നുകൊടുക്കേണ്ടതുണ്ട്
മരണത്തോടടുക്കുന്ന ഒരാളുടെ
മുക്കലും മൂളലും കേള്‍ക്കുന്നു
എനിക്കു കാണാനാവുന്നു
ഈ മരം വേദനയോടെ ഇലകളിളക്കി നില്‍ക്കുന്നു’
(ദയാപവാറിന്റെ കവിതകള്‍)
ദളിത്സാഹിത്യം പലപ്പോഴും അനുഭവവാദപരമായതായിരുന്നു. അനുമാനങ്ങളിലേക്ക് (Speculation) തിരിഞ്ഞിരുന്നത് പലപ്പോഴും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഹിന്ദുആശയങ്ങളുടെ അതിയാഥാര്‍ത്ഥ്യങ്ങള്‍ക്ക് അപ്പുറത്തായിരുന്നു ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍. അതുകൊണ്ടു തന്നെ പുറജാതികളുടെ ഭാഷ, അപരിഷ്കൃത ഭാഷ എന്നൊക്കെ പണ്ഡിതന്‍ ഇതിനെ വിളിച്ചു. ദളിത്കവിതകളിലേയ്ക്ക് അത്തരം ഭാഷകള്‍ കടന്നുവരികയും ചെയ്തു. നാണത്തിന്റെയും കോപത്തിന്റെയും ദു:ഖത്തിന്റെയും ഭാഷകളായി അതു നിലകൊണ്ടു.
ബുദ്ധദര്‍ശനസാഹിത്യം, ഭക്തിസാഹിത്യം, വായ്മൊഴി സാഹിത്യം തുടങ്ങിയവയും അതിപുരാതന സമൂഹത്തിന്റെ ഭാവനകളുടെയും വേദനകളുടെയും സംസ്കാരസംഭാവനകളുടെയും തുടര്‍ച്ചയിലുമാണ് ഈ സാഹിത്യം നിലകൊണ്ടത്. സാമൂഹികമായ അടിമുടിയുളള മാറ്റം തന്നെയായിരുന്നു ഈ എഴുത്തുകാരുടെ ലക്ഷ്യം. ‘സൂര്യന്‍ പോലും മാറിത്തീരേണ്ടതായുണ്ട്’ എന്ന് അര്‍ജ്ജുന്‍ ഡാങ്ക്ളെ എഴുതിയത് അതുകൊണ്ടാണ്. ഏതെങ്കിലും ഒരു ഉപജാതിയുടെ അര്‍ത്ഥത്തിലേയ്ക്കു ചുരുങ്ങിപ്പോവാതെ, ഒരു ജനതയുടെ സാമൂഹികപരിവര്‍ത്തനത്തിന്റെ സകലമാനങ്ങളെയും ഊന്നുന്നതാണ് ‘ദളിത്’ എന്ന ആശയം എന്നും ഈ കവികള്‍ വ്യക്തമാക്കുന്നുണ്ട്.
കന്നടസാഹിത്യത്തില്‍ 11-ാ0 നൂറ്റാണ്ടില്‍ രൂപം കൊണ്ട ‘വചനകവിതകള്‍’ (Vachana Poet) സാമൂഹികമായ ഒരു ഉദ്ധാനമായിരുന്നു. ഇക്കാലത്തെ കവിയായ ‘ചെന്നയ്യ’ (Chennaiah) ഒരു ചെരുപ്പുകുത്തിയായിരുന്നു. ഭക്തികാവ്യപ്രപഞ്ചത്തിന്റെ കാലഘട്ടമായിരുന്നു ഇത്. 12-ാം നൂറ്റാണ്ടില്‍ ദളിത് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന സന്യാസിയായ ‘കലവി’ (Kalave) വരേണ്യതയെ ശക്തിയുക്തം എതിര്‍ത്തിരുന്നു.
‘അവര്‍ തിന്നുന്നു ആടുകളെ ചെറുമീനുകളെ
മലീമസരെന്ന് തൊട്ടുകൂടാത്തവരെന്ന് അവരെ വിളിച്ചു
അവര്‍ തിന്നു വിശുദ്ധപശുക്കളുടെ മാംസം
ശിവന്റെയടുത്ത് അകിടിലൂടെ പാല്പതപ്പിയ്ക്കുന്ന പശുക്കളെ
എന്നിട്ടും അറിവില്ലാത്ത നിങ്ങള്‍
അവരെ വിളിച്ചു പുറംജാതികള്‍ എന്ന്’
(കലവിയുടെ ഒരു ഗാനം)
കന്നടസാഹിത്യത്തില്‍ ആധുനികതയില്‍ പ്രധാനപ്പെട്ട കവിയായിത്തീര്‍ന്നത് മുധുനകുഡു ചിന്നസ്വാമിയായിരുന്നു. അഞ്ചുകവിതാ സമാഹാരങ്ങളടക്കം പതിനെട്ടു കൃതികള്‍ ഇദ്ദേഹം രചിയ്ക്കുകയുണ്ടായി. മറ്റൊരാള്‍ , കൊതിഗ്നഹള്ളി രാമയ്യ (1954) യാണ്. കവിയും നാടകരചയിതാവും ചിന്തകനും ആക്ടിവിസ്റും ആയിരുന്നു ഇദ്ദേഹം. ‘ആദിമ’ എന്ന കുട്ടികളുടെ നാടകവേദിയുടെ പ്രധാനസംഘാടകന്‍ കൂടിയായിരുന്നു. 1970കളോടെ, സിദ്ധലിംഗയ്യയുടെ കാലത്തോടെയാണ് കന്നടയില്‍ സമകാലികമായ ദളിത്സാഹിത്യം ഉദയം കൊള്ളുന്നത്. ഇത് ദളിത് സംഘര്‍ഷസമിതിയുടെ പ്രവര്‍ത്തനകാലഘട്ടത്തിന്റേതായിരുന്നു. ഗോവിന്ദയ്യയെ പോലുള്ള കവികള്‍ ഇക്കാലത്ത് കനപ്പെട്ട രചനകള്‍ നടത്തിയിരുന്നു. മനുഷ്യത്വത്തിനായുള്ള ശ്രമങ്ങളായിരുന്നു ഇക്കാലകവിതകളുടെ പ്രത്യേകതകള്‍. മുദുനകുണ്ടുചിന്നസ്വാമി ഇതില്‍ പ്രധാനപ്പെട്ട ഒരു കവിയാണ്. അദ്ദേഹത്തിന്റെ ഒരു കവിതയിങ്ങനെ സംവദിയ്ക്കുന്നു.
‘ഞാനൊരു മരമായിരുന്നെങ്കില്‍
പക്ഷികള്‍ എന്നോടു ചോദിക്കുമായിരുന്നില്ല
എന്താണ് താങ്കളുടെ ജാതി എന്ന്
അവ കൂടുകെട്ടുന്നതിന് മുമ്പ്, എന്നില്‍
സൂര്യനും ഞാനും പരസ്പരം തഴുകുമ്പോള്‍
എന്റെ നിഴലുകള്‍ ഏതെങ്കിലും ഇടുങ്ങിയ
മൂലകളിലേയ്ക്ക് എത്തപ്പെടില്ലായിരുന്നു
എന്റെ സുഹൃത്തുക്കള്‍,
ശീതളമായ ശ്വസിക്കുന്ന ഇലകള്‍
മധുരതരമായവ.
മഴത്തുള്ളികള്‍ എന്നെ പുറത്താക്കില്ലായിരുന്നു
പട്ടിയെത്തിന്നുന്നവനെ എന്ന് പുലമ്പിക്കൊണ്ട്.
ഓരോ ശാഖകളും എന്റെ വേരില്‍ നിന്നും
പടരുമായിരുന്നു.
കുളിക്കുന്നയിടങ്ങളില്‍ നിന്നും
ഭൂമീദേവി എന്നെ ആട്ടിയോടിയ്ക്കില്ലായിരുന്നു
വിശുദ്ധപശു അതിന്റെ ദേഹം എന്നില്‍ ഉരയ്ക്കുന്നു
അതിന്റെ പുണ്ണും ചരിങ്ങും ചൊറിയുന്നു.
ആ മരത്തില്‍ ആയിരക്കണക്കിന്
ദൈവങ്ങള്‍ , ദേവതകള്‍ , ഇരിയ്ക്കുന്നു
അവര്‍ എന്നെ തൊടുന്നു.’
(ഞാനൊരു മരമായിരുന്നെങ്കില്‍ , മുദുനകുണ്ടുചിന്നസ്വാമി)
ഗോവിന്ദയ്യയുടെ കവിതകളാണ് ശ്രദ്ധേയമായ മറ്റൊന്ന്. സ്വന്തം സത്തയെ തിരിച്ചറിയാന്‍ ശ്രമിയ്ക്കുന്നു. കുടുംബത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നു. സാമൂഹികമായും ജനതയെന്ന നിലയിലും നിരീക്ഷണം നടത്തുന്നു. ‘ഏ.ബി.സി.യും’ എന്ന കവിത നോക്കുക.
ഞാന്‍ ജനിക്കും വേളയില്‍
കണ്ണുകള്‍ തുറന്നപ്പോള്‍
ഇരുണ്ടകുടിലില്‍
അമ്മയുടെ കണ്ണുകള്‍
തിളങ്ങുന്നതു കണ്ടു.
ഒരു നെരിപ്പോട്
ഞങ്ങളുടെ കുടിലില്‍
അച്ഛന്‍ ബീഡിവലിച്ചോണ്ട്
അതിനടുത്തിരിക്കുന്നു.
അടുപ്പിലെന്തോ തിളച്ചുവേകുന്നു
ഞാന്‍ അവരുടെ കാല്പാദത്തില്‍ത്തൊട്ട്
നിരങ്ങി
നിന്ന്
നടന്ന്
അമ്മയുടെ കൂട്ടിലേയ്ക്ക്.
പുറത്തേയ്ക്ക്
പള്ളിക്കൂടത്തിന്റെ മതിലിലേക്ക്
മീശപിരിച്ചു നടന്നു അച്ഛന്റെ കറുത്ത കവിള്‍
അത് താഴ്ന്നുവീണു ബ്രാഹ്മണന്റെ കാല്പാദത്തില്‍.
അച്ഛനും അമ്മയും പ്രതീക്ഷയോടെ
എന്നെ പള്ളിക്കൂടത്തില്‍ അകപ്പെടുത്തി
കറുത്തബോര്‍ഡില്‍, ഏ. ബി എന്നൊക്കെ എഴുതിയിരിക്കുന്നു.
ഞങ്ങടെ ഗ്രാമം, കോളനി, ശവക്കോട്ട
അസ്ഥികള്‍ പൊങ്ങിവന്ന കിണറ്റില്‍
ഞാന്‍ കണ്ടു ചില അക്ഷരങ്ങള്‍
ഞാന്‍ താണുപോകുന്നു അതിനുള്ളില്‍
ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു
കാക്കിധാരികള്‍
വലിയ മീശവെച്ചവര്‍
ഇരുട്ടിലേക്ക് ഞാനെന്നെ ഒളിപ്പിച്ചുവെച്ചു.
ഞങ്ങളുടെ കൂനുപിടിച്ച കുടിലിലിരുന്ന്
ഒരു ദിവസം ഞാന്‍
ഏ, ബി, സി എന്നെഴുതി.
അമ്മ അതുവരെയില്ലാത്തയാഹ്ളാദത്തോടെ
എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു
അച്ചനെനിക്ക് ഒരു ചെറിയ നാണയം ഇട്ടു തന്നു
എന്റെ വള്ളിനിക്കറില്‍ ചുറ്റിയ തോല്‍വാറിലേയ്ക്ക്
(ഏ, ബി, സി.യും . – ഗോവിന്ദയ്യ)
എന്‍. എച്ച്. ഹനുമന്ദയ്യയാണ് മറ്റൊരു പ്രധാനകവി. 2004-ല്‍ കന്നടത്തില്‍ നടന്ന ബീഫ് ഫെസ്റിവലില്‍ നേതൃത്വപരമായ പങ്കുവഹിയ്ക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഭക്ഷണശീലത്തിന്റെ മാത്രം പ്രശ്നമായിരുന്നില്ല മാംസാഹാരത്തിന്റേത്. അത് നമ്മുടെ സമൂഹത്തിന്റെ നിര്‍മ്മിതിയുടെ ഭാഗമാണ്. കായികാധ്വാനത്തില്‍ ഏര്‍പ്പെടുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും മത്സ്യ-മാംസഭക്ഷണം ആവശ്യമായിരിക്കെ, യാതൊരു തരത്തിലുമുള്ള കാലിയജോലിയിലും ഇടപെടാതിരിയ്ക്കുകയും കൃഷി, വ്യവസായം, നിര്‍മ്മാണജോലികള്‍, ഇവയിലൊന്നും പങ്കെടുക്കാതിരിക്കുകയും സസ്യഭുക്കുകളാവുകയും ചെയ്തുകൊണ്ട്, അതിന്റെ ശുദ്ധിയെ സംസാരിയ്ക്കുന്നതിന്റെ രാഷ്ട്രീയം ഉത്തരേന്ത്യയിലുടനീളം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. സമകാലിക കന്നടയിലും തെലുഗുപ്രദേശങ്ങളിലും ബീഫ്ഫെസ്റിവല്‍ നടത്തിക്കൊണ്ട്, അദ്ധ്വാനിയ്ക്കുന്നവര്‍ അവരുടെ ആരോഗ്യത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. എന്‍. കെ. ഹനുമന്ദയ്യയുടെ കവിത, ഗ്രാമങ്ങളില്‍ ജീര്‍ണിച്ചു തുടങ്ങിയ രാജഭരണത്തിന്റെ മുദ്രകളെ കാണിച്ചു തരുന്നു.
‘ഒരു ശില്പം
കടുകുചെടികളാല്‍ മൂടിയത്
നൂറ് ആനയും അമ്പാരിയും അകമ്പടികള്‍
മേല്‍മീശ പിരിച്ച് പ്രൌഢിയോടെ
എന്നാല്‍ നശിച്ച് ക്ഷയിച്ച്
ആ കടുകുചെടികള്‍ക്കിടയില്‍ കിടക്കുന്നു.
ഒരു ചെറിയ പക്ഷി
വൈദ്യുതകമ്പികള്‍ക്കു താഴേക്കൂടി പറക്കുന്നു
അത് കടുകുമണികള്‍ കൊത്തുന്നു.
ഉടഞ്ഞുതകര്‍ന്ന ആ ശില്പം
അതിന്റെ കണ്ണു തുറക്കുന്നു.
കടുകുകാടുകള്‍ മാത്രം
ആനയും അമ്പാരിയും വെഞ്ചാമരവും
പള്ളിമെത്തയും
ഞാഞ്ഞൂലുകളുടെ വായിലൂടെ
ദ്രവിച്ചു തുടങ്ങിയിരിക്കുന്നു.’
(നൂറ് ആനയും അമ്പാരിയും, എന്‍. കെ. ഹനുമന്ദയ്യ)
ഏകാന്തത, ദു:ഖം, കയ്പ്, അതിജീവനം, സ്വയംപീഢ, വന്യത, ആത്മഗതം, സമൂഹവാസം, സമൂഹഹാസം തുടങ്ങിയ നിരവധിഘടകങ്ങള്‍ അടങ്ങുന്നു കന്നടദളിത് കവിതകളില്‍. ഒരു ഭാഷാപ്രദേശം എന്നതിനപ്പുറം ദേശീയമായ ചോദ്യങ്ങള്‍ തന്നെയാണ് ഈ കവിതകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്നത്.
തമിഴ് കവിതകളുടെ വിവര്‍ത്തനത്തെക്കുറിച്ച് അനുഷിയ ശിവനാരായണന്‍ നിരീക്ഷിച്ചിട്ടുള്ളത്, വിവര്‍ത്തനത്തിന് വഴങ്ങാത്തതാണ് എന്നാണ്. വിവരണങ്ങള്‍ കൊണ്ടും വ്യാഖ്യാനങ്ങള്‍ കൊണ്ടും അടിക്കുറിപ്പുകള്‍ കൊണ്ടും കൂടിയഅദ്ധ്വാനം വേണ്ടിവരുന്നതായി അവര്‍ എഴുതുന്നു (56, 2004). പി. മതിയഴകന്‍, ഇമയം, പഴമലൈ, എന്‍.ഡി.രാജ്കുമാര്‍ , മതിവണ്ണന്‍ , സുകൃിതറാണി തുടങ്ങിയ മുഖ്യധാരാകവികള്‍ തമിഴിലെ ദളിത്കാവ്യമണ്ഡലത്തിന്റെ സംഭാവനയാണ്.
സ്വന്തമായ ദൈവസങ്കല്പങ്ങളും ആത്മീയതയുമുള്ള സമൂഹമായിരുന്നു ദളിതര്‍. എന്നാല്‍ അവരുടെ ദൈവസങ്കല്പങ്ങള്‍ക്കു മേല്‍ ദുര്‍വ്യാഖ്യാനവും, ദുര്‍ദേവതാസങ്കല്പങ്ങളും അടിച്ചേല്‍പ്പിച്ചുകൊണ്ട് അവരെ തരം താഴ്ത്തുന്നതിന് ബ്രാഹ്മണ്യത്തിന്റെ ആത്മീയ പദ്ധതികള്‍ക്കു കഴിഞ്ഞിരുന്നു. ആധുനികതയിലെ അന്വേഷണങ്ങളാകട്ടെ, ബ്രാഹ്മണ്യത്തിന്റെ കണ്ണിലൂടെയാണ് ദളിത് ആത്മീയ പദ്ധതികളെ വിലയിരുത്തിയത്. മറ്റുജാതി വിഭാഗങ്ങളാല്‍ ക്രൂരമായ അതിക്രമങ്ങള്‍ക്കു വിധേയരാവുകയും കൊലപ്പെടുകയും ചെയ്ത അമ്മമാരും പെണ്ണുങ്ങളും പിന്നീട് ദൈവങ്ങളും മൂര്‍ത്തികളുമായിത്തീരുകയായിരുന്നു. വന്യദൈവങ്ങളായിമാറിയത് അതുകൊണ്ടാണെന്ന് എന്‍.ഡി.രാജ്കുമാര്‍ നിരീക്ഷിയ്ക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന സാമൂഹികാന്തരീക്ഷത്തിന്റെ സങ്കീര്‍ണ്ണതകളില്‍ ദളിത് ദൈവങ്ങള്‍ക്ക് പൈശാചികഭാവന നല്‍കുന്നതിലും പ്രേതാഭിമുഖ്യം നല്‍കുന്നതിലും ജാതിഹിന്ദുക്കള്‍ വിജയിച്ചു. ദളിതരുടെ പ്രതിരോധങ്ങളെയും പ്രതിഷേധങ്ങളെയും തരംതാഴ്ത്തുന്നതിനും കുഴിച്ചുമൂടുന്നതിനും ഇതിലൂടെ കഴിഞ്ഞു.
തമിഴിലെ പരമ്പരാഗത ആട്ടങ്ങളും കൂത്തുകളുമാണ് ദളിത്കാവ്യ സങ്കേതങ്ങളുടെ തുടക്കമായി വര്‍ത്തിച്ചത്. ‘രാജാ-റാണി ആട്ടം’ തുടങ്ങിയവ ഇതില്‍പ്പെടുന്നു. തമിഴന്റെ പോപ്പുലര്‍ ജനകീയ അടിത്തറയിലേക്കു വ്യാപിച്ച സംഗീതവും ആട്ടവും താളങ്ങളുമായി ഇതു മാറിത്തീര്‍ന്നു. ഇളയരാജയുടെയും മറ്റും സംഗീതത്തില്‍ ഇത്തരം അടിയുറവകള്‍ കാണുവാന്‍ കഴിയും. ഇന്ത്യന്‍ സമൂഹങ്ങളുടെ പാരമ്പര്യത്തിന്റെ ചോദ്യങ്ങള്‍, ഉയര്‍ച്ചകളുടെയും താഴ്ചകളുടെയും ഞെരുക്കങ്ങള്‍, ജാതി, മതം, ലിംഗം, വര്‍ഗ്ഗബന്ധം, പ്രദേശപരമായ അവകാശങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളിലൂടെയും ഘടനകളിലൂടെയും ഇതു പ്രവര്‍ത്തിക്കുന്നു. തൊട്ടുകൂടായ്മ തന്നെയും അതിന്റെ വിവിധരൂപങ്ങള്‍, ഭൌതികവും മനശാസ്ത്രപരവുമായ രൂപങ്ങള്‍, രാഷ്ട്രീയവും അന്തര്‍വാഹിത്വവുമായ രീതികള്‍ തുടങ്ങിയവയും വിലയിരുത്തപ്പെടുന്നു.
തമിഴ് കാവ്യങ്ങള്‍ക്ക് അടിത്തറയായി വര്‍ത്തിച്ച വായ്മൊഴികള്‍, താളങ്ങള്‍, തുടങ്ങിയവ ആഫ്രിക്കന്‍ കറുത്ത ജനതയുടെ ‘ജാസ്’ സംഗീതത്തിന്റെ ലോകമാനമായ സ്വീകാര്യത നേടിയ സംഗീതത്തോടെന്ന പോലെ സ്വീകാര്യതയാര്‍ജ്ജിച്ചിരിക്കുന്നു. പോപ്പുലര്‍ സിനിമകളില്‍ പ്രവേശിയ്ക്കുന്ന സംഗീതവും താളവാദ്യങ്ങളും അതിന്റെ ചടുലതയും ഒഴിച്ചുനിര്‍ത്താനാവാത്തവിധം കടന്നുകയറുന്ന കറുത്ത ജനതയുടെ സാന്നിധ്യങ്ങളായി മാറിത്തീരുന്നുണ്ട്.
കൂത്തുകള്‍, തെരുക്കൂത്തുകള്‍ തുടങ്ങിയ ജനകീയ നൃത്തസംഗീത പദ്ധതികളും കാവ്യസൌന്ദര്യത്തിന്റെ അടിത്തറ സജീവമാക്കി. കുഗ്രാമവാസികള്‍, ഭൂരഹിതത്തൊഴിലാളികള്‍, തൊഴില്‍പ്പാട്ടുകള്‍, ഇവയ്ക്കുള്ളിലെല്ലാം ഇത്തരം താളങ്ങളും ഗാനശാഖകളും നിലനിന്നിരുന്നു. എന്‍. ഡി. രാജ്കുമാറിന്റെ കവിതകള്‍ പലതും അതുകൊണ്ടു തന്നെ, ഓരങ്ങളിലാക്കപ്പെട്ടവരുടെ വിവരണങ്ങളും നാടന്‍പദാവലികളും കൊണ്ടുനിറയുന്നതാണ്. ‘കൊല്ലങ്കോട്ട് അമ്മ’, ‘മുടിപ്പുറം ദേവി’ തുടങ്ങിയ പല അമ്മദൈവങ്ങളും സവര്‍ണ്ണരുടേതോ, വരേണ്യരുടേതോ അല്ലാത്തതുകൊണ്ടു തന്നെ അവയ്ക്ക് തന്റെ കവിതകളില്‍ ഏറെ പ്രാധാന്യം കൊടുക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുമുണ്ട്.
കുടുംബമഹിമയ്ക്കുവേണ്ടി
പുനര്‍ജന്മത്തിനായി
മതംകൊണ്ട് ലാഭമുണ്ടാക്കിക്കൊണ്ട്
പ്രാര്‍ത്ഥിച്ചിട്ട്
അവളുടെ പാവം പിടിച്ച കയ്യില്‍
അരിമണികള്‍ വെച്ചുകൊടുത്തു
അവളെ തീറ്റിച്ചു.
ആ പാവം കൊല്ലത്തിപ്പെണ്‍കുട്ടി
പാത്രങ്ങള്‍ കഴുകുകയായിരുന്നു
മുക്കാലും കഴുകിത്തീര്‍ന്നുകാണും
അവളെ വലിച്ചൂര്‍ത്തിക്കൊണ്ടു പോയി
ബലാല്‍ക്കാരത്തിനായി.
തീറ്റ കഴിഞ്ഞ്
ബ്രാഹ്മണന്‍ വന്നു
പുനര്‍ജന്മത്തെക്കുറിച്ചു പറയാന്‍.
അവള്‍ ആത്മഹത്യ ചെയ്തു
എന്നിട്ട് മടങ്ങി വന്നു
കൊല്ലങ്കോട്ടു ദേവിയായവള്‍ വന്നു
മനുഷ്യരുടെ ത്യാഗത്തെക്കണ്ട് അവള്‍ അലറി.
(പന്ത്രണ്ടു കവിതകള്‍ – എന്‍. ഡി. രാജ്കുമാര്‍)
തെലുഗുസാഹിത്യത്തിലും ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനം കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ സംസ്കൃതസ്വാധീനത്തിന്റെ അതിസങ്കീര്‍ണ്ണതകള്‍ ജനതതിയെ ജാതീയമായ അടിമത്തത്തിലേക്കും ഭിന്നിപ്പുകളിലേക്കും എത്തിയ്ക്കുന്നതില്‍ വിജയം നേടിയിരുന്നു. ഫ്യൂഡലിസത്തിന്റെ ഭാവനയെയും അധികാരബന്ധങ്ങളെയും വിഭജിയ്ക്കാനാവാതെ പോയ തെലുഗുസമൂഹത്തില്‍ ദളിതരുടെ സ്വാതന്ത്യ്രപ്രഖ്യാപനം കൊളോണിയല്‍ ആധുനികതയുടെ ഘട്ടത്തില്‍ മതാരോഹണങ്ങളായിക്കൊണ്ടാണ് അതിന്റെ ഒരു ഘട്ടം പ്രവര്‍ത്തിച്ചത്. ക്രൈസ്തവമതാരോഹണം, സാമൂഹ്യവ്യവസ്ഥയുടെ ദുരന്തങ്ങളില്‍ നിന്നുള്ള വിമോചനമായി അവര്‍ കണ്ടിരുന്നു. വിദ്യാഭ്യാസത്തിനായുള്ള അവകാശങ്ങള്‍ ലഭിയ്ക്കുകയും കുടിപ്പള്ളികളിലെ അദ്ധ്യാപകരായിക്കൊണ്ടും ദളിതര്‍ ജാതിഹിന്ദുത്വയോട് കലഹിച്ചതും ഇക്കാലത്താണ്. ഇക്കാലത്തെ ദളിത് രചനകള്‍ ബൈബിളിനെയും യേശുക്രിസ്തുവിനെയും വാഴ്ത്തുന്നതുകൂടിയായി മാറുന്നുണ്ട്.
തെലുഗുസാഹിത്യത്തില്‍ പെണ്‍കവിതകള്‍ കൂടുതല്‍ സജീവമായിരുന്നു. 1940കളില്‍ ദളിത് സ്വത്വവാദപരമായ കവിതകള്‍ കാണാന്‍ കഴിയുന്നുണ്ട്. ജ്ഞാനരത്നമ്മ (1890-1960) ഗുണ്ടൂര്‍ജില്ലയില്‍ ജനിച്ചു. ക്രൈസ്തവമതാരോഹണവും വിദ്യാഭ്യാസം ചെയ്യാനായി ലഭിച്ച അവസരവും അവരെ അദ്ധ്യാപികയാക്കി മാറ്റി. ക്രൈസ്തവമതാരോഹണത്തോടെ ആര്‍ജ്ജിച്ചെടുത്ത പുതിയ അവബോധവും വിശ്വാസവും അവരുടെ കവിതകളില്‍ കാണാം.
‘യേശുസ്വാമി ഉന്നതനെ എന്നിലേക്കു വരിക
സ്നേഹം കൊണ്ട് എന്നെ നിറയ്ക്കുക
വെളിച്ചം ഇലകളെ തിളക്കുംപോലെ
വേദനയും ദുരിതവും കഷ്ടപ്പെടുത്തുമ്പോള്‍
നിത്യത നല്കു നീ
കൈകളില്‍ മേരീമാതാവിന്റെ മന്ത്രം നല്കൂ
നയിക്കൂ എന്നെ, സ്വാമീ അനുഗ്രഹത്താല്‍
ആനന്ദത്താല്‍’
(ഒരുപാട്ട്, ജ്ഞാനരത്നമ്മ)
വെസപൊഗു ഗുല്‍ബനമ്മ (1905-1971) വാറങ്കലില്‍ ജനിച്ചു. ഇവര്‍ ക്രൈസ്തവിക-ദൈവികവൃത്തിയില്‍ മുഴുകി ജീവിച്ചു. നിരവധി ക്രിസ്തുവന്ദനഗാനങ്ങള്‍ ഇവരുടേതായി ലഭിച്ചിട്ടുണ്ട്.
‘ശ്രീയഹോവ കാത്തിടും എന്നെ, ഹൃദയത്തെ
വേദനയൊന്നുമേയില്ലിനി
ഞാന്‍ പൂര്‍ണ്ണതയില്‍ മുങ്ങുന്നു യഹോവയില്‍
അങ്ങയുടെ തൃപ്പാദത്തില്‍ നമിയ്ക്കുന്നു
കാറില്‍ നിന്നും കോളില്‍ നിന്നും രക്ഷിയ്ക്കുന്നു
എന്‍പിതാവായി ഞാന്‍ യഹോവേ
അങ്ങയെക്കാണുന്നു’
(പരിപൂര്‍ണ്ണമായ ആശ്രയം – വെസപൊഗു ഗുല്‍ബനമ്മ)
തുടര്‍ന്ന് പെണ്‍കവികളുടേതായിത്തന്നെ, സാമൂഹ്യവും രാഷ്ട്രീയവുമായ തിരിച്ചറിവിന്റെയും സ്വത്വബോധത്തിന്റെയും കവിതകള്‍ രൂപപ്പെടുന്നതു കാണാം. മാത്രവുമല്ല ഇക്കാലത്തെ പല ദളിത്പെണ്ണെഴുത്തുകാരും സ്വാതന്ത്യ്രസമരങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. രാജമണിദേവ, ഈശ്വരിഭായി തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. തെരേസ്സാദേവദാനം (1937) ഇക്കാലത്തെ പ്രധാന കവിയായിരുന്നു. ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച ഇവര്‍ അദ്ധ്യാപികയായിരുന്നു. ഇവര്‍ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കുകയുണ്ടായി.
‘കുഷ്ഠരോഗത്തേക്കാള്‍ ഭീതിതമല്ലോ തൊട്ടുകൂടായ്മ
പരിഷ്കരിക്കപ്പെടുകയല്ലാതെ മറ്റു വഴികളില്ലല്ലൊ
ആദി ആന്ധ്രന്മാര്‍ എന്നവര്‍ വിളിച്ചു നമ്മെ
ഇന്നത് ഹരിജന്‍ എന്നായി മാറിപ്പോയല്ലൊ
മാലാകള്‍, മാധിഗാകള്‍ എന്നൊക്കെ ഈ ഭൂമിയില്‍
നമ്മെ തരം തിരിച്ചല്ലോ
തൊട്ടുകൂടാത്തവരാക്കിത്തിരിച്ചു, എന്നാല്‍
വീട്ടുവേല ചെയ്യുമ്പോള്‍ തൊട്ടുകൂടായ്മയില്ല
ഞങ്ങടെ പെണ്‍മക്കളെ കടന്നുപിടിക്കുന്നു
മാലാകളുടെ മാധിഗാകളുടെ ജീവിതം തകരുന്നു
നിങ്ങള്‍ മാറിയിരുന്നു ചിരിയ്ക്കുന്നു
വില്‍ക്കുന്നു വാങ്ങുന്നു കുഴിച്ചുമൂടുന്നു
നിങ്ങള്‍ തൊട്ടുകൂടാത്തവരെന്ന് വിളിക്കുന്നു.’
(തൊട്ടുകൂടായ്മയുടെ തുടച്ചുനീക്കല്‍ – തെരേസദേവദാനം)
ജെഡാഡ കസ്തൂരി (1949), എഡ്ലൂരി വിജയകുമാരി (1951), ബാലിജെപ്പള്ളി വിജയലക്ഷ്മി (1960), ജാജ്ജ്വലഗൌരി (1967), ഗോഗുശ്യാമള (1969), ഡോ. ചെല്ലപ്പള്ളി സ്വരൂപറാണി (1980) തുടങ്ങിയ ശ്രദ്ധേയരായ നിരവധി പെണ്‍കവികള്‍ തെലുഗുസാഹിത്യത്തിലുണ്ട്. ആന്ധ്രാപ്രദേശിലെ ജാതിവ്യവസ്ഥ അതിസങ്കീര്‍ണ്ണമായതായിരുന്നു. പല നിലകളിലും തകര്‍ക്കപ്പെട്ട സ്ത്രീകളുടെ പ്രതീകമായി നിരവധി പെണ്‍ദൈവങ്ങള്‍ ഇവിടെയും രൂപം കൊണ്ടു. ദൈവം എന്നത് പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തിസംഭരണകേന്ദ്രങ്ങളായിരുന്നു ദളിതര്‍ക്ക്. അതേസമയം ജാതിവ്യവസ്ഥ ദളിത്സ്ത്രീകളെ യോഗിനി (Jogini), ദേവദാസി(Devadasi), മാതംഗി (Mathangi) എന്നിങ്ങനെയൊക്കെ പല നിലകളില്‍ തരംതാഴ്ത്തിയിരുന്നു. കൊച്ചുകുട്ടികളെ വിവാഹം കഴിപ്പിച്ചും വിദ്യാഭ്യാസത്തില്‍ നിന്നും പുറംതള്ളാനുള്ള മതപരമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയും ഹിന്ദുത്വ, ദളിതരെ ആന്തരികമായി ശിഥിലീകരിയ്ക്കുന്നതില്‍ വിജയിച്ചു. ജാജ്ജ്വലഗൌരിയുടെ കവിത നോക്കുക.
‘വൈക്കോല്‍ക്കൂമ്പാരത്തോളം സത്യത്തിനുള്ളില്‍
ഞാനിരിയ്ക്കുന്നു
സമൂഹത്തിന്റെ കീഴ്ക്കാം തൂക്കായ
നിഷ്കളങ്കതയില്‍
ചതിയുടെ പുരുഷഘോഷണങ്ങളില്‍
കീഴടങ്ങിയ ദളിത് പെണ്‍കുട്ടി ഞാന്‍
എണ്ണിയാലൊടുങ്ങാത്ത
പീഢനമേറ്റവള്‍
ധിക്കാരിയായ മാധിഗപ്പെണ്‍കൊടി
ആത്മബോധത്തിന്റെ സമരം
പ്രഖ്യാപിച്ചവള്‍
സമൂഹത്തിന്റെ കണ്‍പുരികങ്ങളെ
ഞാന്‍ നാണം കെടുത്തുന്നു’
(ഞാന്‍ നാണം കെടുത്തുന്നു, ജാജ്ജ്വലഗൌരി)

ഞാന്‍ ജനിച്ചു
തൊട്ടുകൂടാത്തവളെന്ന് മുദ്രകുത്തിയ ജാതിയില്‍
വൃത്തികെട്ടവളെന്ന് തേവിടിശ്ശിയെന്ന്
പഴി കേട്ടുകൊണ്ട്.
ചളിക്കുഴിയില്‍ ജാത്യനിയമങ്ങളില്‍
ഞാനൊരു മറച്ചുപിടിയ്ക്കേണ്ട പെണ്‍കുട്ടിയായി
വളര്‍ന്നു.
ചെറുപ്പത്തില്‍ ഞാന്‍ കണ്ടു
അതിലാളന, കരച്ചില്‍, വിരണ്ടുള്ള പ്രയാണം
ദു:ഖഗാനങ്ങള്‍
തലമുറകള്‍ താങ്ങുന്ന പുച്ഛം തിരസ്ക്കാരം
അത് കൈമാറിയെനിയ്ക്കും കിട്ടുന്നത്
വിശുദ്ധഭൂമിയെന്ന് വിളിയ്ക്കുന്നയിവിടെ
കര്‍മ്മത്തിന്റെ മഹത്വം പറയുന്നിടത്ത്
ഒരു ശിശുവിന്‍ കണ്ണ് തുറന്നാല്‍
അത് തേവിടിശ്ശിയായി വിളിയ്ക്കപ്പെടുന്നത്.
(മറയ്ക്കപ്പെട്ട ചരിത്രം – ഡോ. ചെല്ലപ്പള്ളി സ്വരൂപറാണി)
ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ പ്രദേശങ്ങളില്‍ നിര്‍ണ്ണായകമായ ഒരു സാന്നിധ്യമായിത്തീരാന്‍ ദളിതര്‍ക്കു കഴിഞ്ഞതും ഇവിടെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നായി മാറി. ഇവയുടെ പ്രതിഫലനം തെലുഗുസാഹിത്യത്തില്‍ പ്രതിഫലിയ്ക്കുകയും ചെയ്തു. വിശപ്പ്, വിദ്യാഭ്യാസമില്ലായ്മ, രോഗങ്ങള്‍, ഭൂരാഹിത്യം, നഗര-അര്‍ദ്ധനഗരങ്ങളിലെ ചേരികള്‍, സാംസ്കാരിക ദാരിദ്യ്രം, ഭരണസമൂഹങ്ങള്‍ അനുവര്‍ത്തിയ്ക്കുന്ന മാനസിക പീഡകള്‍ ഇതൊക്കെയും ഏല്‍ക്കുവാന്‍ വിധിയ്ക്കപ്പെട്ട ദളിതരുടെ ദേശീയ അഭിമുഖീകരണങ്ങളായി തെലുഗു കവിതകള്‍ അടയാളപ്പെട്ടു. സതീഷ്ചന്ദര്‍, ജുലൂരി ഗൌരിശങ്കര്‍, പി. സി. രാമലു, നാഗേഷ്ബു, യെന്തുലുരി സുധാകര്‍, വെമുല യെല്ലയ്യ, ധരളവെങ്കടേശ്വരറാവു എന്നിങ്ങനെ നിരവധി കവികള്‍ തെലുങ്കില്‍ മുഖ്യധാരയില്‍ എഴുതുന്നുണ്ട്. കാവ്യരചനകളുടെ ടെക്നിക്കുകള്‍ക്കുവേണ്ടി നില്‍ക്കാതെ തനിക്കുവഴങ്ങുംവണ്ണം കവിതയെഴുതുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. അപരിചിതലോകങ്ങള്‍, അപരിചിത കാഴ്ചാവബോധങ്ങള്‍, അവ നിര്‍മ്മിയ്ക്കുന്ന പുതുമ, തുടങ്ങി പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. തൂപ്പുകാരികളും തൊഴിലാളികളും പല കഥാപാത്രങ്ങളായി സ്ഥാനപ്പെടുന്നു. ഓര്‍മ്മകള്‍, അനുഭവങ്ങള്‍, മിത്തുകള്‍, ദേവീമൂര്‍ത്തി എന്നിങ്ങനെ വിവിധ ഭാവങ്ങളില്‍, വ്യവസ്ഥയുടെ ശുദ്ധതാബോധത്തിന് അതൃപ്തമാംവിധം ഇടപെടുന്നു.
ഇതിന് സാമൂഹികമായ നിരവധി അനുഭവലോകങ്ങളുണ്ടായിരുന്നു. കരംചെഡു, നീരുകൊണ്ട, ചുണ്ടൂര് പ്രദേശങ്ങളില്‍ ദളിതര്‍ക്കുമേല്‍ നടന്ന കൂട്ടക്കുരുതികള്‍, പ്രതിഷേധമായിത്തീര്‍ന്നിരുന്നു. കാത്തിപത്മറാവുവിന്റെയും ബോജ്ജാതാരകത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പിന്നോക്ക സമൂഹങ്ങളിലേയ്ക്ക് ഐക്യപ്പെടുന്നതുമായിരുന്നു. തെലുഗു കവിതാസാഹിത്യം അംബേദ്കര്‍ ദര്‍ശനങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. സതീഷ്ചന്ദറിന്റെ ‘മാറ്റി വയ്ക്കപ്പെട്ട പ്രസവം’ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയെ വിമര്‍ശിയ്ക്കുന്നു.
‘അപ്പാ ഞാന്‍ എപ്പോഴാണ് ജനിക്കേണ്ടത്
ഞാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് എന്നെ നോക്കി
എന്റെ ശരീരം മുഴുവനാകാത്ത ഒന്നാണെന്നെനിക്കു തോന്നി
അപമാനങ്ങളുടെ അവമതികളുടെ
ഉരുവമാകാത്ത ജനനം.’
(മാറ്റിവയ്ക്കപ്പെടുന്ന പ്രസവം – സതീഷ്ചന്ദര്‍)
യെന്തുലൂരി സുധാകരന്റെ കവിതകള്‍ മറ്റു കവിതകള്‍ പോലെ സാമൂഹികമായ ചോദ്യങ്ങളെയാണ് ഉയര്‍ത്തിവിടുന്നത്. സ്വാതന്ത്യ്രനാശവും സന്തോഷത്തിന്റെ അഭാവവും അനുഭവിക്കുന്ന സമൂഹത്തെ ഈ കവിതകള്‍ അടയാളപ്പെടുത്തുന്നു.
‘അതിശയങ്ങളുടെ കൊട്ടാരത്തില്‍
എന്റെ ആത്മകഥ പ്രകാശനം ചെയ്യപ്പെട്ടു
വിജനമായ സ്റേജിലായിരുന്നു അനുമോദന യോഗം
പൂമാലകള്‍ എന്റെ കഴുത്തില്‍ വീണു
കഴിഞ്ഞ കാലത്തിന്റെ ഭയപ്പെടുത്തുന്ന മുറിവുകളോടെ
എന്റെ ശിരസ്സില്‍ പൂക്കള്‍ വീണു
ചമ്മട്ടികൊണ്ടടിയേറ്റ വേദനയോടെ
അനുമോദന വാചകങ്ങള്‍ വായിയ്ക്കപ്പെട്ടു.
അപമാനത്തിന്റെ വാക്കുകള്‍ കുത്തിക്കയറുന്നു
മന്ത്രങ്ങളായി മണികിലുക്കമായി
എനിക്കു പിറകില്‍
എന്റെ കാതുകള്‍ ചുട്ടുപൊള്ളുന്നു
ഉരുകിയ ദ്രാവകം അത് എന്നെ നയിക്കുന്നു.
(ഒരു ആത്മകഥ – യെന്തുലൂരി സുധാകരന്‍)
ഹിന്ദുദൈവങ്ങള്‍, ഹിന്ദുമിത്തുകള്‍, മനുസ്മൃതി സംസ്കാരം, പുനര്‍ജന്മ സങ്കല്പം ഇവയെല്ലാം തെലുഗു ദളിത് കവിതകള്‍ വിമര്‍ശനങ്ങള്‍ക്കായി ഉപയോഗിക്കുന്ന അധികാരരൂപങ്ങളാണ്. ജ്യോതിബാഫൂലെയുടെ ആശയങ്ങള്‍ക്ക് ഇവിടെ കൂടുതല്‍ ജനസമ്മതിയുള്ളതായി കാണാം. തെലുഗു ദളിത് സാഹിത്യത്തിന്റെ മറ്റൊരു പുതിയ പ്രവണത മുസ്ളീം സാഹിത്യവുമായി അതു പുലര്‍ത്തുന്ന അടുപ്പമാണ്. ആന്ധ്രാപ്രദേശില്‍ ഇസ്ളാമതത്തിലേയ്ക്ക് മതാരോഹണം നടത്തിയവരില്‍ ബഹുഭൂരിപക്ഷവും ദളിതരുടെ മുന്‍തലമുറയായിരുന്നു. അതിനാല്‍ അത്തരം വേരുകളും അന്വേഷണങ്ങളും സാഹിത്യത്തില്‍ പുതിയ അന്വേഷണങ്ങള്‍ക്ക് വഴി തുറക്കുകയുണ്ടായി. ബ്രാഹ്മണ്യത്തിനെതിരെയുള്ള പുതിയ ശ്രമങ്ങളായി ഇവയെ കാണാവുന്നതാണ്.
‘നിങ്ങള്‍ക്കു താഴെയാണ് ഞങ്ങളുടെ വസതി
വിളക്കുമരത്തിനു ചുവട്ടില്‍
നിങ്ങളുടെ സമുന്നതമായ ഹര്‍മ്മ്യങ്ങളുടെ
പുറന്തള്ളലിന്റെ ഓരത്ത്.
അവിടെ ഞങ്ങള്‍ ഛേദിച്ച അവയവങ്ങളായി.
പൊടിമണലില്‍ കെട്ടിപ്പൊക്കിയ ഞങ്ങളുടെ തറകള്‍
ഞങ്ങടെ തകര്‍ന്ന ശരീരഭാഗങ്ങള്‍ വളരുന്നു
നിങ്ങടെ രമ്യഹര്‍മ്മ്യങ്ങള്‍ക്കു മുകളിലൂടെ.

മുറിഞ്ഞ കഴുത്തുമായി ഞാന്‍ ഉടയുന്നു
ചാണകമിട്ടുകൊണ്ട് കാളവണ്ടി വലിയ്ക്കുന്നു
ഞങ്ങടെ കാലുകളില്‍ ദുരന്തത്തിന്റെ കരച്ചില്‍
പല്ലക്കിലെന്നവണ്ണം നിന്നെ ചുമക്കുന്നു
നിന്റെ പശളദേഹത്തെ മസ്സാജ് ചെയ്യുന്നു
നീയെന്നെ എരുമയെന്നോ പോത്തെന്നോ
യാചകനെന്നോ ഒച്ചയോടെ വിളിക്കുന്നില്ല
ഞങ്ങള്‍ നിങ്ങടെ രമ്യഹര്‍മ്യങ്ങളുടെ
പുറന്തള്ളലുകളില്‍ വസിപ്പവര്‍.’
കാണുന്നതായിരുന്നു. ദേശീയതയുടെ ജനവിരുദ്ധമായ ചോദ്യങ്ങള്‍ക്കു മുന്നില്‍, തീവ്ര ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ നിറച്ചിരുന്ന രചനകളായിരുന്നു ആദ്യകാലത്തേതെങ്കില്‍, പില്‍ക്കാലത്ത് ദേശരാഷ്ട്രത്തോടുള്ള ഒരു സംവാദമായി വികസിപ്പിച്ചെടുക്കുന്നതിന് കാത്തിപത്മറാവുവിന്റെ കവിതകള്‍ക്ക് കഴിഞ്ഞിരുന്നു.
ഈ മേഘങ്ങള്‍
തീര്‍ച്ചയായും തുടച്ചുമാറ്റപ്പെടേണ്ടതുണ്ട്
ഈ മതിലുകള്‍
തകര്‍ക്കപ്പെടേണ്ടതുണ്ട്
ഈ നിശബ്ദതയെ
മുറിച്ചുമാറ്റേണ്ടതായുണ്ട്
ഈ അരക്കിനെ
അലിയിച്ച് ഒഴുക്കേണ്ടതായുണ്ട്
സുഹൃത്തേ
നിനക്ക് ശരിയായ പൌരത്വം
ഇനിയെങ്കിലും ലഭിയ്ക്കുമൊ
(കാത്തിപത്മറാവുവിന്റെ കവിതകള്‍)
ഒറിയയിലെ മുഖ്യധാരാകവിയാണ് ഡോ. ബസുദേവ് സുനാനി. ‘ശരീര വിശുദ്ധീകരണം’ Body Purification), പ്രാര്‍ത്ഥന (Prayer), പുറം കാഴ്ചകള്‍, തൊട്ടുകൂടായ്മയുടെ ഗന്ധം, തുടങ്ങിയ ശ്രദ്ധേയമായ നിരവധി കവിതകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ശരീരവിശുദ്ധീകരണം എന്ന കവിത അതിന്റെ രാഷ്ട്രീയത്തെ, സൌന്ദര്യപരമായി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
‘എന്തെങ്കിലുമൊന്ന് നിങ്ങള്‍ക്കാകുമെങ്കില്‍
ഒരു എല്ല് നിങ്ങളുടെ നാവില്‍ ഉറപ്പിയ്ക്ക്
എന്നിട്ട് പുറത്ത് മൈതാനത്തുവന്നു നിന്ന്
സ്വയം ചോദിക്ക്.

ഏതു ഗംഗയ്ക്ക് ശുദ്ധീകരിയ്ക്കാന്‍ കഴിയും
എന്റെ മലം പുരണ്ട ശരീരത്തിന്റെ
ദുര്‍ഗന്ധത്തെ.
എത്ര കൂമ്പാരം തുളസിയ്ക്ക്
പവിത്രമാക്കാന്‍ കഴിയും ഞങ്ങളെ
എത്ര ടണ്‍ ചന്ദനത്തടിയ്ക്ക്
ഞങ്ങളുടെ ഉടലിലെ
ദുര്‍ഗന്ധമകറ്റാന്‍ കഴിയും.

അഴുക്കുചാലും ഓടയും വൃത്തിയാക്കുമ്പോള്‍
ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന്
സത്യത്തില്‍ നിങ്ങള്‍ക്കറിയാമൊ
ബക്കറ്റുകളില്‍ കോരിയെടുക്കുന്നു
നിങ്ങളുടെ അഗാധതകളില്‍
അടിഞ്ഞുകൂടിയ വൃത്തികെട്ടതിനെ
എന്നിട്ട് ശുദ്ധീകരിക്കുന്നു നിങ്ങളെത്തന്നെ’
(ശരീരവിശുദ്ധീകരണം – ബസുദേവ് സുനാനി)
ഇന്ത്യന്‍ ദളിത് കവിതകളില്‍ ശ്രദ്ധേയമായ കുറച്ചു കവിതകളെയും കവികളെയും പരിചയപ്പെടുകയായിരുന്നു ഈ കുറിപ്പില്‍. ഈ കവിതകള്‍ സാമൂഹ്യമായ ചോദ്യങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. ഞാന്‍/നീ എന്നോ, ഞങ്ങള്‍/നിങ്ങള്‍ എന്നോ വിളിക്കുമ്പോള്‍ ഒരു ജനാവലി, ഒരു സംസ്കാരം, ചരിത്രം അവയെല്ലാമാണ് തുറന്നു വരുന്നത്. ജനതയും ജനതയും തമ്മിലുള്ള സംവാദമാണ് ദളിത്കവിതകള്‍. വളരെ തുറന്നതും, പരുക്കനായതും പൊതുഇടങ്ങളോട് സംവേദനം നടന്നതുമായ ഈകവിതകള്‍ ഇന്ത്യന്‍ സാഹിത്യസിദ്ധാന്തങ്ങളുടെ പരമ്പരാഗത സൌന്ദര്യ സങ്കല്പങ്ങളുടെ അളവുകോലുകളാല്‍ പരിശോധനയ്ക്ക് സാധ്യമാകാതെ വരുന്നുണ്ട്. ഇന്ത്യന്‍ ദളിത് കവിതകള്‍, പീഡിതമായ ഒരു ജനസമൂഹത്തിന്റെ ശബ്ദമാണ് കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ കവിതകള്‍ എന്ന് നമുക്ക് ഇന്ത്യന്‍ ദളിത് കവിതകളെ വിളിക്കാം.
____________________________________________
സഹായകഗ്രന്ഥങ്ങള്‍
1. Anna Kurian (2006). texts and their Worlds I: Literatures of India-An Introduction, Lincoln, Neb: Foundation Books.
2. Alladi Uma & Sridhar.M (2002) (Editors). Dalit poetry in Telugu. New Delhi: The book Reveiw, vol XVI, No.2 (Feb.2002); 2002.
3. Alladi Uma, Sridhar.M (2002) et al, The Black Rainbow, Hyderabad: Milind publication, 2002.
4. Chandran Mouli. T.S. (2005), ‘Dalit Poetry in Telugu’, Special issue on Dalit literatureThiruvananthapuram; the word plus, December, 2005.
5. Guru, Gopal (2004), ‘The Language of dalit bahujan political discourse’. In Mohanty, Manorjyam. Class, caste, gender. Thousand Oaks: Sage Publication (2004).
6. Limbale Sharan Kumar, 2004, Towards an Aeshetic of Dalit Literature, Orient Longman, 2004.
7. Nelson, Emmanuel, S.; Natarajan, Nalini (1996), Handbook of Twenti eth-Century literatures of India. Westport, coun: Green wood press, 1996.
8. Narayana Satya K, Tharu Susi, 2011, No Alphabet in Sight, Penguin India, 2011.
9. S.S.R. (1987) ‘Baluten’. In (various). Encylopaedia of Indian literature. Vol. I, Sahitya Academi.
10. Sivanarayan Anushiya, 2004, World Literature Today, May-August, 2004.
11. Tharu, Susie & Lalitha.K. (1991), Women Writing in India, Delhi, OUP, 1999.
12. Tharakam Bojja, First all India Dalit Writers Conference, Hyderabad: Dr. B.R. Ambedkar Memorial Trust, 1994.
13. Impressions. org. in/Jan 09. ar-alpaag.html
14. Sotosay.wordspress.com/tag/marathi-dalit- poetry/
15. Samatha, freeflus,net/blog/archive./2008/8/09/voices of-awakening-hindi- dalit-literature.html.
16. www.simoncharsley.co.uk/lit.html.
17. www.banglore mirror.com.
19. www. gowanusbook.com/dalit.htm.
20. www.indianetzone.com/39/dalit-literary movement.htm

Top