Navigation

സത്നാം സിങ്ങ്, ഞങ്ങള്‍ക്ക് മാപ്പ് തരൂ

Satnam-Singh-Mann.-Image-co

വി.ആര്‍. രാജമോഹന്‍

“ബൗദ്ധിക തലത്തിന്റെ ഉത്തുംഗ ശൃംഗങ്ങളില്‍ വിരാജിക്കുന്നവരാണ് തങ്ങളെന്ന് സ്വയം വീമ്പ് പറയാനൊട്ടും മടിയില്ലാത്ത മലയാളി സമൂഹം സത്നാം സിങ്ങെന്ന മറുനാട്ടുകാരനെ ക്രൂരമായി കൊല ചെയ്ത സംഭവത്തെക്കുറിച്ച് മൗനമവലംബിക്കുന്നതെന്നതിന്റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പ്രത്യേകിച്ചും ടി.പി.ചന്ദ്രശേഖരനെന്ന വിമത കമ്മ്യൂണിസ്റ്റ് നേതാവിനെ രാഷ്ട്രീയ പ്രതിയോഗികള്‍ ഉന്മൂലനം ചെയ്തപ്പോള്‍ കേരളത്തിലെ പൊതുസമൂഹം നടത്തിയ പ്രതിഷേധത്തിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ് എന്ന കാര്യം ഓര്‍ക്കണം. എന്തുകൊണ്ടാണിത്തരമൊരു ഇരട്ട സമീപനമെന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുത്തരം ഒരേസമയം വളരെ ലളിതവും ദുര്‍ഗ്രാഹ്യവുമാകുന്നു.”

 

സിഖ്മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കാണ് സത്നാം. സത്യത്തിന്റെ പേര് എന്നത്രേ അതിന് അര്‍ത്ഥം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സത്നാം സിങ്ങ് എന്ന പേര് മലയാളികള്‍ക്ക്സുപരിചിതമാണ്. കേള്‍ക്കാന്‍ ഏറെ സുഖമുള്ള ആ പേര് ഉയര്‍ത്തുന്ന ചിന്തകള്‍പക്ഷെ അത്ര സുഖകരമല്ല. ഇങ്ങനെ പേരുള്ള ഒരു ചെറുപ്പക്കാരന്‍ ദൈവത്തിന്റെസ്വന്തം നാട്ടില്‍ അതിഥിയായി എത്തിയിരുന്നു.ലോകത്തിന് മുന്നിലേക്ക്ശാന്തിയുടേയും സമാധാനത്തിന്റെയും അഹിംസയുടേയും മഹത്തായ സന്ദേശം പകര്‍ന്ന്നല്‍കിയ ബുദ്ധദേവന് ബോധോദയുമുണ്ടായ ബീഹാറിലെ ഗയയില്‍ നിന്നുമായിരുന്നു അയാളുടെ വരവ്.

സാക്ഷരതയില്‍ നുറു ശതമാനവും വൃത്തിയില്‍ എ പ്ളസുമൊക്കെ നേടിലോകശ്രദ്ധയാകര്‍ഷിച്ച ഈ ഭൂമിയിലേക്ക് ആരാണ് അയാളെ ക്ഷണിച്ചതെന്ന് അറിയില്ല. പഠിക്കാന്‍ അതി സമര്‍ത്ഥനായിരുന്ന ഈ നിയമ വിദ്യാര്‍ത്ഥിക്ക് ഏറെ ഇഷ്ടം മതങ്ങളോടും ആത്മീയതയോടുമൊക്കെയായിരുന്നു. പ്രായം ഇരുപതുകളുടെ ആദ്യപാദത്തിലായിരുന്നുവെങ്കിലും അവന്‍ ആര്‍ജിച്ച വിഞ്ജാനം അപാരമായിരുന്നു.എന്നാല്‍ അങ്ങനെയൊക്കെയുള്ള സത്നാം സിങ്ങ് ഇന്നെല്ലാവര്‍ക്കും വേദനിക്കുന്ന ഒരോര്‍മയാകുന്നു. മുമ്പൊക്കൊ മലയാളികള്‍ക്ക് എവിടേയും തല ഉയര്‍ത്തിപ്പിടിക്കാന്‍ കേരളത്തിന്റെ പേര് പറഞ്ഞാല്‍ മാത്രം മതിയായിരുന്നു.

ഭാരതത്തിന്റെയും ലോകത്തിന്റെയു മുന്നില്‍ നമുക്ക് ഇക്കാലമത്രയുംസവിശേഷമായൊരു ആദരവ് ലഭിച്ച് പോന്നിരുന്നു. എന്തുകൊണ്ടായിരുന്നു ഇതെന്ന് ഒറ്റ വാക്കിലോ ഒരു ഖണ്ഡികയിലോ പറഞ്ഞൊപ്പിക്കാന്‍ പറ്റുന്ന ഒന്നല്ല തന്നെ. ഒരു പക്ഷെ അതൊക്കൊ തന്നെയായിരിക്കാം അയാളേയും ആകര്‍ഷിച്ചത്. ശ്രീശങ്കരനും ശ്രീനാരായണനുമൊക്കെ ജന്മം നല്‍കിയ ഈ ദേശം ലോകമെമ്പാടുമുള്ള ആത്മീയന്വേഷകരെ സംബന്ധിച്ചിടത്തോളം പുണ്യഭൂമിയാണ്. ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ മഹത്വം നാഴികക്ക് നാല്പത് വട്ടം കൊട്ടിഘോഷിക്കുമ്പോള്‍ തന്നെയാണ് നാട്ടിലൊട്ടുക്ക് വിദ്വേഷജനകവും വിധ്വംസകവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത് കണ്ട് കൊണ്ട് നമുക്കെങ്ങനെ നെഞ്ചത്ത് കൈ വെച്ച് വീണ്ടും പഴയ പല്ലവി പാടാനാകും. സത്യാവസ്ഥ പുറം ലോകമറിയുന്നത് വരെ ആര്‍ക്കും തട്ടിപ്പുകള്‍ തുടരാം.

കേരളത്തെ വിശേഷിപ്പിക്കാന്‍ സത്നാമിന്റെ പിതാവ് ‘ദൈവത്തിന്റെ സ്വന്തം നാട് ’എന്ന വിശേഷണം തന്നെയായിരുന്നു ഉപയോഗിച്ചത്. തന്റെ മകനുണ്ടായ ദുരന്തം അദ്ദേഹത്തെ പാടെ പിടിച്ചുലച്ചിരുന്നു. മാസങ്ങളായി കാണാനില്ലായിരുന്ന മകന്‍ വധശ്രമത്തിന് അറസ്റ്റിലായെന്നും മനോരോഗാശുപത്രിയിലടക്കപ്പെട്ടെന്നും ആ പിതാവ് അറിഞ്ഞു. ദുഖത്തോടെ ദിവസങ്ങള്‍ തള്ളി നീക്കിയ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം ആ വാര്‍ത്ത ആശ്വാസത്തിന് വക നല്‍കുന്നതായിരുന്നു. ഓടിയത്തെിയ അദ്ദേഹത്തിന് കാണാനായതാകട്ടെ ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ പ്രാണന്‍ നഷ്ടപ്പെട്ട അവന്റെ ചലനമറ്റ ജഡം. സത്നാമിനെ വകവരുത്തിയതാരാണെന്നതിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ഇത്തരമൊരു കുറിപ്പില്‍ എന്തെങ്കിലും പരാമര്‍ശിക്കുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അറസ്റ്റും റിമാന്‍റും സസ്പെന്‍ഷനുമൊക്കെ മുറപോലെ നടക്കുന്നുണ്ട്.

അതേസമയം ബൗദ്ധിക തലത്തിന്റെ ഉത്തുംഗ ശൃംഗങ്ങളില്‍ വിരാജിക്കുന്നവരാണ് തങ്ങളെന്ന് സ്വയം വീമ്പ് പറയാനൊട്ടും മടിയില്ലാത്ത മലയാളി സമൂഹം സത്നാം സിങ്ങെന്ന മറുനാട്ടുകാരനെ ക്രൂരമായി കൊല ചെയ്ത സംഭവത്തെക്കുറിച്ച് മൗനമവലംബിക്കുന്നതെന്നതിന്റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പ്രത്യേകിച്ചും ടി.പി.ചന്ദ്രശേഖരനെന്ന വിമത കമ്മ്യൂണിസ്റ്റ് നേതാവിനെ രാഷ്ട്രീയ പ്രതിയോഗികള്‍ ഉന്മൂലനം ചെയ്തപ്പോള്‍ കേരളത്തിലെ പൊതുസമൂഹം നടത്തിയ പ്രതിഷേധത്തിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ് എന്ന കാര്യം ഓര്‍ക്കണം. എന്തുകൊണ്ടാണിത്തരമൊരു ഇരട്ട സമീപനമെന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുത്തരം ഒരേസമയം വളരെ ലളിതവും ദുര്‍ഗ്രാഹ്യവുമാകുന്നു. രണ്ട് സംഭവങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരുടെ മണ്ഡലങ്ങള്‍ വ്യത്യസ്തമാണെന്നത് തന്നെ മുഖ്യകാര്യം.

ഇത് വിശദീകരിക്കുമ്പോള്‍ ഒരു തരത്തിലും സി.പി.എമ്മിനെ ന്യായീകരിക്കുകയാണെന്ന തോന്നേണ്ടതില്ല. വളരെ വിപുലമായ സാമ്പത്തിക അടിത്തറയും കോടികള്‍ തന്നെ ആള്‍ബലം വരുന്ന വിശ്വാസികളുടെ പിന്‍ബലവുമുള്ള ഒരു സൈന്യസമാനമായൊരു വന്‍ പ്രസ്ഥാനം തന്നെയാണ് അപ്പുറത്തുള്ളത്. സുനാമിയുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ സര്‍ക്കാരേതര സംഘടന സര്‍ക്കാരുകളെ വരെ സഹായിക്കുകയുണ്ടായല്ലോ? അപ്പോളെങ്ങനെയാണ് അത്തരം കേന്ദ്രങ്ങളുടെ മുഖത്ത് നോക്കി ചോദിക്കാന്‍ കഴിയുക. പലര്‍ക്കും ഉള്ളില്‍ ആഗ്രഹമുണ്ടെങ്കില്‍ തന്നെയും ചോദിക്കാന്‍ ധൈര്യമുണ്ടായെന്ന് വരില്ല. നമ്മുടെ നാട്ടില്‍ എങ്ങനെയെങ്കിലും ആള്‍ ദൈവങ്ങളെന്ന വിളിപ്പേര്‍ സമ്പാദിക്കുകയേ വേണ്ടൂ. ആളും അര്‍ത്ഥവുമൊക്കെ വഴിയെയങ്ങ് എത്തുകയായി. ഇവിടെ ഏതെങ്കിലുമൊരു പ്രസ്ഥാനത്തെ പേരെടുത്ത് പറയുന്നില്ല. കുറ്റപ്പെടുത്തുന്നുമില്ല. ചെറുതും വലുതുമായ ഒട്ടനവധി കപട ആത്മീയ കേന്ദ്രങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്.എല്ലാ ജാതി മത വിഭാഗത്തിലുംപെട്ടവര്‍ നടത്തുന്നവയാണിവയെല്ലാം തന്നെ. അവര്‍ എല്ലാവരും ആത്മീയത ഒന്ന് മാത്രമാണ് തങ്ങളുടെ മുതല്‍മുടക്കെന്ന് ഒരേസ്വരത്തിലാണ് വാദിക്കുന്നത്. കുറച്ച് നാള്‍ മുമ്പ് ഇത്തരക്കാരിലൊരുത്തന്റെ തട്ടിപ്പ് പുറത്ത് വന്നതോടെ ഒട്ടു മുക്കാല്‍ കേന്ദ്രങ്ങളും അടച്ച് പൂട്ടി. മറ്റ് പലരും പൂട്ടലിന്റെ വക്കത്തത്തെി. ചില മാന്യദേഹങ്ങള്‍ ഒളിവില്‍ പോയി. ചിലര്‍ മുന്‍കൂര്‍ ജാമ്യം തേടാനായി വക്കീലാപ്പീസുകള്‍ കയറിയിറങ്ങി. ചിലര്‍ ഉന്നത ബന്ധങ്ങളുടെ പേരില്‍ പിടിച്ചു നിന്നു. ഒരിടവേളയില്‍ എല്ലാം ശാന്തമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി പറയും പോലെ ‘ദേ പോയി ദാ വന്നു’ എന്നത് പോലെ പോയതിലും വേഗത്തില്‍ മിക്കതും മടങ്ങി വന്നു. ചിലത്സ്വന്തം പേരുകളില്‍ തന്നെ തിരിച്ച് വരാന്‍ ധൈര്യം കാണിച്ചു. എന്നാലോ മറ്റ് ചിലര്‍ ഊരും പേരും നാളുമൊക്കെ മാറ്റി. തങ്ങളാണ് ആത്മീയതയുടെ മൊത്ത വില്‍പ്പനക്കാരെന്ന് ഓരോരുത്തരും സ്വയം പറഞ്ഞാലെന്ത് ചെയ്യും? ഏത് സത്യം, ഏത് വ്യാജമെന്ന് കണ്ട് പിടിക്കുന്നതെങ്ങിനെ? സ്വര്‍ണത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത് പോലെ ബി.ഐ.എസ് 916 ഹാള്‍ മാര്‍ക്ക് സംവിധാനമൊന്നും ഇവിടെ ഏര്‍പ്പടുത്തുവാന്‍ കഴിയുകയില്ലല്ലോ? അങ്ങനെ എന്തെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ആത്മീയ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് ഒരാശ്വാസമാകുമായിരുന്നു. സത്നാമിനെ പോലെ സര്‍വമതങ്ങളേയും കുറിച്ച് പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അബദ്ധം പിണയുമായിരുന്നില്ല. ഒരു പക്ഷെ മാധ്യമങ്ങള്‍ നല്‍കിയ സൂചനകളായിരിക്കും കേരളത്തിലൊരു ആത്മീയാന്വേഷണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആദിശങ്കരനും ശ്രീനാരായണനുമൊക്കെ നിര്‍വഹിച്ച ആത്മീയാന്വേഷണ പരീക്ഷണങ്ങളുടെ യഥാര്‍ത്ഥമായൊരു തുടര്‍ച്ച കേരളത്തില്‍ സംഭവിക്കേണ്ടതായിരുന്നു (ഇവരുടെ ചിന്താധാരകള്‍ തമ്മില്‍ പ്രകടമായും സത്താപരമായും വൈജാത്യങ്ങളുണ്ടെന്നത് വേറെ കാര്യം). തീര്‍ച്ചയായും കേരളത്തില്‍ പിന്നീട് വന്ന തലമുറകളില്‍ നിന്ന് മായമില്ലാത്ത മഹാത്മാക്കള്‍ ഉണ്ടാകാതെ പോയതിന്റെ ദുരനുഭവങ്ങളാണിന്ന് നാം അനുഭവിക്കുന്നത്. ജാതി മത ചിന്തകള്‍ക്കപ്പുറം നില്‍ക്കേണ്ട ആത്മീയതയെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ തന്നെ പാടെ പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണ്. തീര്‍ത്തും സങ്കുചിതമായ വഴിയിലൂടെയാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുന്നത്. സംവാദങ്ങളോ ചര്‍ച്ചകളോ ഒന്നും തന്നെ നടക്കുന്നില്ല. പകരം പലരും തങ്ങള്‍ പിടിച്ച മുയലിന്റെ കൊമ്പുകളുടെ എണ്ണത്തില്‍ മത്സരിക്കുകയാണ്. മതവും ചിന്താധാരകളും വിശ്വാസങ്ങളുമൊക്കൊ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ ആര്‍ക്കുമൊട്ടും മടിയില്ല. അന്നന്നത്തെ അപ്പം ചുട്ടെടുക്കുന്നതില്‍ വ്യാപൃതരായി മാത്രം മുന്നോട്ട് പോകുകയാണ് നേതൃത്വവും അണികളും. പൂച്ചക്ക് മണികെട്ടാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്ന് മാത്രം. ഉള്ളു തുറന്നുള്ള ചര്‍ച്ചകള്‍ തീരെ നടക്കുന്നേയില്ല.പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇന്ത്യയെപോലെ ബഹുസ്വരത പുലരുന്ന ഒരു രാഷ്ട്രത്തില്‍ അനിവാര്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.വലിയ വായില്‍ ഇക്കാര്യം പറയുന്നവര്‍ തന്നെയാണ് അതിന് കടക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്. എല്ലാവരും തന്നെ അങ്ങേയറ്റം പിന്തിരിപ്പന്‍ നിലപാടുകള്‍ സ്വീകരിക്കുന്നതായിട്ടാണ് കാണാനാകുന്നത്. സ്വയം‘വാട്ടര്‍ടൈറ്റ് കമ്പാര്‍ട്ട്മെന്‍റു’കളായി മാറാനാണ് എല്ലാവരുടേയും താല്‍പര്യം.
മതസൗഹാര്‍ദ്ദം, മതേതരത്വം തുടങ്ങിയവ കേവലം പദാവലികള്‍ മാത്രമായിചുരുങ്ങുന്നു.അങ്ങനെ ഓരോരുത്തരും സ്വന്തമായിരൂപം കൊടുക്കുന്ന വൃത്തങ്ങള്‍ക്കുള്ളില്‍ നിന്നാണ് കളിക്കുന്നത്. മത സൗഹാര്‍ദ്ദ സമ്മേളനങ്ങളും സര്‍വമതപ്രാര്‍ത്ഥനകളുമൊക്കെ വെറും പ്രഹസനങ്ങളായി അധ:പതിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ഭാവിയിലെ സാമൂഹികാന്തരീക്ഷം എത്ര കണ്ട് ഭീതിതമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വര്‍ത്തമാന കാലഘട്ടത്തില്‍ ഗൗരവപൂര്‍ണമായ ആത്മീയാന്വേഷണങ്ങള്‍ നടക്കുന്നില്ലെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ? അപൂര്‍വങ്ങളില്‍ അപൂര്‍വമായി അങ്ങനെ ചിലത് സംഭവിക്കാറുണ്ടെന്ന കാര്യം മറക്കുന്നില്ല. സത്നാം സിങ്ങിന്റെ ദുരന്തവുമായി ബന്ധപ്പെട്ട ചിന്തകളില്‍ നിന്നുമാരംഭിച്ച ഈ കുറിപ്പില്‍ സംഭവുമായി ബന്ധമുള്ള ഒരു വസ്തുതയെക്കുറിച്ച് പ്രതിപാദിക്കാതിരിക്കാന്‍ കഴിയുകയില്ല.

വള്ളിക്കാവിലെ അമൃതപുരിയിലെത്തുന്നതിന് മുമ്പ് സത്നാം കുറച്ച് ദിവസം താമസിച്ചത് വര്‍ക്കലയിലെ ശ്രീനാരായണ ഗുരുകുലത്തിലായിരുന്നു. സത്നാം കൊലചെയ്യപ്പെട്ട ശേഷം ഗുരുകുലത്തിലത്തെിയ മാധ്യമപ്രവര്‍ത്തകരോട് അവിടത്തെ മേധാവി മുനി നാരായണ പ്രസാദ് വിശദമായി സംസാരിച്ചു. തന്റെ കൂടെ താമസിക്കുമ്പോള്‍ യുവാവിന് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുകയുണ്ടായി. വിവിധ മതങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളയാളായിരുന്നു സത്നാമെന്നും പറഞ്ഞ മുനി മറ്റൊരു വിവരം കൂടി വെളിപ്പെടുത്തി. മാതാ അമൃതാന്ദമയീ ദേവിയുടെ അടുത്തേക്ക് കുതിക്കുമ്പോള്‍ സത്നാം പറഞ്ഞുവെന്ന് പറയുന്ന അറബി വചനങ്ങള്‍ തന്റെ ഗുരുകുലത്തില്‍ നിന്ന് കിട്ടിയതാകാനെ തരമുള്ളൂ. അവിടത്തെ സര്‍വ മത പ്രാര്‍ത്ഥനയുടെ ഭാഗമാണ് ‘ബിസ്മില്ലാഹു ഇര്‍ റഹ്മാന്‍ ഇര്‍ റഹീം ’എന്ന വിശുദ്ധ വചനമുരുവിടുന്നത്.ഇതോടെ തകര്‍ന്ന് വീണത് ദിവസങ്ങള്‍ക്ക് മുമ്പ് സംഭവുമായി ബന്ധപ്പെടുത്തി കെട്ടിപ്പടുത്ത മറ്റൊരു നുണക്കഥയുടെ ചീട്ടുകൊട്ടാരമായിരുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്ന പഴഞ്ചൊല്ലിന് പ്രസക്തി നിലനിര്‍ത്തും പോലെയാണല്ലോ ബി.ജെ.പി ദേശീയ നേതാവ് ഒ.രാജഗോപാലിന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍. അമ്മയുടെ നേരെ പാഞ്ഞടുത്ത യുവാവ് അറബിവാക്കുകള്‍ ഉച്ചരിക്കാനിടയായതിനെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. (സംസ്കൃതം പോലെ ശ്രേഷ്ഠമാണ് അറബിയെന്ന് അദ്ദേഹം തിരിച്ചറിയണം. അത് പറയുമ്പോള്‍ സംസ്കൃതത്തെ മനസ്സിലാക്കാന്‍ മറുഭാഗവും തയ്യാറാകേണ്ടതുണ്ട്). അങ്ങനെയെങ്കില്‍ മുനി നാരായണപ്രസാദിനേയും കൂട്ടുപ്രതിയാക്കേണ്ടതാവശ്യമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ പാശ്ചാത്യ ലോകത്തിനടക്കം പരിചയപ്പെടുത്തിയ മഹാനായ ഗുരു നിത്യചൈതന്യയതിയുടെ പ്രിയ ശിഷ്യനായ പ്രസാദ് സ്വാമിക്കല്ലാതെ അങ്ങനെ പറയുവാന്‍ കഴിയുമായിരുന്നില്ല. പ്രവാചകന്‍ മുഹമ്മദിനെ തന്റെ പ്രസംഗത്തില്‍ ഉദ്ധരിക്കേണ്ടി വരുമ്പോഴെല്ലാം തന്നെ ഗുരു നിത്യ വളരെ കൃത്യമായ ഉച്ചാരണ ശുദ്ധിയോടെ ‘സല്ലല്ലാഹുവലൈവസല്ലം’ എന്ന് കൂടി പറയാറുള്ളതോര്‍ക്കുന്നു. ഒപ്പം പറയട്ടെ. ശ്രീ നാരായണ ഗുരുവാകട്ടെ പ്രവാചക തിരുമനസ്സിനെ മുത്തുനബിയെന്നെല്ലാതെസംബോധന ചെയ്യുമായിരുന്നില്ല. ഒരിക്കലുമത് ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടിയായിരുന്നില്ലെന്ന കാര്യം ഉറപ്പാണ്.
എന്നാലിവിടെ മറ്റൊരു വിരോധാഭാസം നമ്മുടെ മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. സാക്ഷാല്‍ ഗുരുവിനാല്‍ സ്ഥാപിക്കപ്പെട്ട എസ്.എന്‍.ഡി.പി.യോഗമാകട്ടെ ഹൈന്ദവ ഐക്യം ഒന്ന് മാത്രമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന പരസ്യ നിലപാടെടുത്തിരിക്കുകയുമാണല്ലോ ഇപ്പോള്‍. ന്യൂനപക്ഷങ്ങളെ പരസ്യമായി അപമാനിക്കും വിധം സംഘ് പരിവാര്‍ ശക്തികള്‍ മുമ്പ് ഉയര്‍ത്തിയിരുന്ന മുദ്രാവാക്യങ്ങള്‍ പൊതുവേദിയില്‍ ഇപ്പോള്‍ പ്രയോഗിക്കുന്നവരാകട്ടെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അനുയായി വൃന്ദങ്ങളും തന്നെ. പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കേണ്ട ഈ സാമൂഹിക പ്രസ്ഥാനം തികച്ചും പിന്തിരിപ്പന്‍ സമീപനവുമായി നിലകൊള്ളുമ്പോള്‍ നാരായണ ഗുരുകുലത്തിന്റെ സമീപനം തീര്‍ച്ചയായും വേറിട്ട് നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ ഗുരുദേവ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും വിധം യതിശിഷ്യരുടെ ഭാഗത്ത് നിന്നുമുണ്ടായ നീക്കത്തെ സര്‍വാന്മനാപിന്തുണക്കേണ്ടതുണ്ട്.

പറഞ്ഞ് വരുമ്പോള്‍ ഒന്ന് രണ്ട് ചെറിയ കാര്യങ്ങള്‍ കൂടി വിശദീകരിക്കേണ്ടതുണ്ടതായി വരും. സത്നാം സിങ്ങിന് കഴിഞ്ഞ കുറേ നാളുകളായാണ് മാനസികാരോഗ്യ നിലയില്‍ മാറ്റമുണ്ടായതെന്ന് വീട്ടുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. മാനസികാസ്വാസ്ഥ്യം ശമിച്ചുവെന്ന് പൊതുവെ വീട്ടുകാരും നാട്ടുകാരും കരുതി പോന്ന പലര്‍ക്കും നിരവധി പേര്‍ പങ്കെടുക്കുന്ന ശബ്ദമുഖരിതമായ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതോടെ ഉറങ്ങിക്കിടന്ന അസുഖം പൂര്‍വാധികം ശക്തിയോടെ തിരിച്ച് വരുന്നതായി മനോരോഗ ചികിത്സകര്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും സത്നാമിനും അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടാകുമെന്ന് ന്യായമായും സംശയിക്കുന്നതില്‍ തെറ്റില്ല. ശാസ്ത്രീയമായ ചികിത്സകള്‍ ഇത്രയേറെ പുരോഗമിക്കും മുമ്പ് മിക്കവാറുമിത്തരക്കാരെ സ്വാഭാവികമായും പുനരധിവസിപ്പിക്കാറുള്ളത് സന്യാസാശ്രമങ്ങളിലൊക്കെ തന്നെയാണ്. അവരെ മനസ്സിലാക്കികൊണ്ട് മന:ശാസ്ത്രപരമായി സമീപിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അമൃതാന്ദമയീ മഠത്തില്‍ അങ്ങനെയൊരു ശ്രമമൊട്ട് നടത്തിയിട്ടില്ലെന്ന് മാത്രമല്ല, വേലി തന്നെ വിളവ് തിന്ന സ്ഥിതിയായിരുന്നു സ്രഷ്ടിക്കപ്പെട്ടതെന്ന കാര്യം പറയേണ്ടി വരുന്നു. സത്നാമിന് സംഭവസ്ഥലത്ത് വെച്ച് തന്നെ ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. വിശ്വാസികള്‍ സ്തുതിക്കുന്ന അതേ ദൈവത്തിന്റെ സൃഷ്ടി തന്നെയാണല്ലോ സത്നാമും. തന്നെയുമല്ല അവരുടെ പ്രിയപ്പെട്ട ആത്മീയ വ്യക്തിത്വങ്ങള്‍ അരുമ സന്താനങ്ങളില്‍ പെടുത്തുന്നവരിലും ഒരാളായിരിക്കണമല്ലോഅവനും. ഇത്തരക്കാരായിട്ടുള്ള ഒട്ടനവധി പേര്‍ എന്നും തന്നെ ഇത് പോലുള്ളിടങ്ങളില്‍ എത്തിച്ചേരാറുണ്ട്. ഇത് മുന്‍ നിര്‍ത്തി ആര്‍ക്കും പ്രശ്നമൊന്നുമില്ലാതെ അവരെ കൈകാര്യം ചെയ്യാനായിട്ടൊരു സംവിധാനമൊരുക്കാന്‍ പ്രത്യേകിച്ചൊരു ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല.എന്നിട്ടും അതിനൊന്നും തുനിയാതെ അവരെ വെറുതെ ‘കൈകാര്യം’ചെയ്യുന്ന രീതി ആര് തന്നെ സ്വീകരിച്ചാലും അശാസ്യമല്ല തന്നെ.

കേരളത്തില്‍ ഏറ്റവുമൊടുവിലുണ്ടായ ദുരന്തത്തിന് വേദിയായത് ഹൈന്ദവ ആശ്രമം കേന്ദീകരിച്ചായിരുന്നുവെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് നാട്ടില്‍ ആരോരുമില്ലാത്ത ഒരു കൂട്ടം മനോരോഗികളാണ് ഇസ്ലാമിന്റെ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ അഗ്നി ബാധയില്‍ പൊള്ളലേറ്റ് മരിച്ചത്. സമൂഹത്തില്‍ ഇനിയങ്ങോട്ട് മാനസിക രോഗികളുടെ എണ്ണം കൂടുന്നതല്ലാതെ കുറയാനുള്ള സാധ്യതയൊട്ട് കാണുന്നില്ല. അവരെക്കെല്ലാം സൗഖ്യം പകരേണ്ട ചുമതല മന:ശാസ്ത്രഞ്ജരേയും മനോരോഗ വിദഗ്ദരേയും ഏല്‍പ്പിക്കുക അസാധ്യം. തീര്‍ച്ചയായും തങ്ങള്‍ നടത്തി വരുന്നത് യഥാര്‍ത്ഥ ആത്മീയ കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ബാധ്യതയുണ്ട്. തങ്ങളുടെ വിശ്വാസ്യത തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്തവും അവര്‍ക്ക് തന്നെയാണ്.ഒരു പക്ഷെ എന്തുമേതും ഉല്‍പ്പന്നങ്ങളായി പരിഗണിക്കപ്പെടുന്ന ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ വൈവിധ്യവല്‍ക്കരണത്തിന്‍റ സാധ്യതകള്‍ പരതുന്നതിനിടയില്‍ ഈ വിഷയവും പരിഗണിക്കപ്പെടാവുന്നതാണ്. ആയുര്‍വേദത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകളെ തടയാന്‍ മസാജിങ്ങ് പാര്‍ലറുകര്‍ക്ക് ടുറിസം ഡിപ്പാര്‍ട്ട്മെന്‍റിന്റെ സഹായത്തോടെ ചില ക്ളാസിഫിക്കേഷനുകള്‍ നല്‍കിയിരുന്നു.അഴിമതിയുടെ സാധ്യതയുള്ള പഴുതുകള്‍ പൂര്‍ണമായും അടച്ച് കൊണ്ടുള്ള സംവിധാനമൊരുക്കാന്‍ സര്‍ക്കാരിനും കഴിയേണ്ടതുണ്ട്. ജനക്ഷേമമാണ് ഭരണകൂടങ്ങളുടെ മുഖ്യ കര്‍ത്തവ്യമെന്ന വസ്തുത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അങ്ങനെ പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തില്‍ നിന്ന് അത്രക്കങ്ങ് ഒഴിഞ്ഞുമാറാനും കഴിയില്ല. സംഗീതഞ്ജനും മനോരോഗ വിദഗ്ദനുമായ ഡോ. എസ്.പി.രമേശിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ഏറ്റുമാന്നൂര്‍ എം.എല്‍. എ സുരേഷ് കുറുപ്പ് പരേതനെക്കുറിച്ച് പറഞ്ഞ ഒരു കാര്യം ഇവിടെ പ്രസക്തമാകുന്നു. ഒരിക്കല്‍ ഡോക്ടറെ താന്‍ ചികിത്സിക്കുന്ന ഒരു രോഗി പരിശോധനാ വേളയില്‍ കുത്തി. അയാളുടെ കൈവശമുണ്ടായിരുന്ന മൂര്‍ച്ചയുള്ള ആയുധം ഡോ.രമേശിന്റെ ഹൃദയത്തിലേക്കാണ് തുളഞ്ഞ് കയറിയത്. അദ്ദേഹത്തിന്റെ മനോധൈര്യം ഒന്ന് കൊണ്ട് മാത്രം യഥാസമയം ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ അത് ഡോക്ടറുടെ പുനര്‍ജന്മമായിരുന്നു. തന്നെ കുത്തി പരിക്കേല്‍പ്പിച്ച രോഗിയുടെ പേരില്‍ ഒരു കാരണവശാലും കേസ്സെടുക്കാന്‍ പാടില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നു. അത്തരം മനോരോഗികള്‍ അക്രമാസക്തരാകാറുണ്ടെന്നതിനാല്‍ അങ്ങനെ സംഭവിക്കുക സ്വാഭാവികമാണെന്ന് ഡോക്ടര്‍ വാദിച്ചു. എന്നാല്‍ ഇതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ വെട്ടിലായത് അദ്ദേഹം തന്നെയെന്ന് സുരേഷ് കുറുപ്പ് വിശദീകരിച്ചു. കാരണം മറ്റൊന്നുമായിരുന്നില്ല. കേസ് ഒഴിവാക്കിയതിനാല്‍ ആശുപത്രിയില്‍ കിടന്ന ദിവസങ്ങള്‍ക്ക് മെഡിക്കല്‍ അവധി ഡോക്ടര്‍ക്ക് നഷ്ട്ടപ്പെട്ടു. ഒരു പക്ഷെ ഡോക്ടര്‍ കാണിച്ച ഇത്തരമൊരു മാനുഷിക പരിഗണന മറ്റാര്‍ക്കും കണ്ടെന്ന് വരില്ല. ചുരുങ്ങിയ പക്ഷം മേല്‍പ്പറഞ്ഞ കാരുണ്യ കേന്ദങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നെങ്കിലും സമൂഹം അത് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ഇന്നും അത്തരം കേന്ദ്രങ്ങളെ മാലോകര്‍ പ്രതീക്ഷയോടെ ഉറ്റ് നോക്കുന്നത്. വൈകിയ വേളയിലെങ്കിലും ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനമാവശ്യമാണ്. അവര്‍ സ്വീകരിക്കേണ്ട സമീപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടികള്‍സ്വീകരിക്കേണ്ടതിന്റെ പ്രസക്തി അങ്ങിനെയാണ് പ്രകടമാകുന്നത്.  

സ്റ്റോപ്പ് പ്രസ്സ്: ഈ കുറിപ്പ് ബ്ളോഗില്‍ പോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ ഒരു ഫോണ്‍കാള്‍. മറ്റാരുമായിരുന്നില്ല, മുസരീസില്‍ നിന്ന് ടീയെന്‍ ജോയ് ചേട്ടന്‍. അദ്ദേഹം വിളിച്ചത് മറ്റൊന്നിനുമായിരുന്നില്ല.സത്നാമിന്റെ കാര്യം പറയാന്‍.അത് അദ്ദേഹത്തെ എങ്ങനെ ബാധിച്ചു എന്നിടത്താണ് പരിണാമ ഗുപ്തി. നീണ്ട 22 വര്‍ഷം മുമ്പ് കൊടുങ്ങല്ലൂരില്‍ നിന്ന് അവരുടെയെല്ലാം ആത്മസുഹൃത്തായ നാരായണന്‍ കുട്ടി സമാനമായ രീതിയില്‍ കൊല ചെയ്യപ്പെട്ടിരുന്നു. സത്യം പറഞ്ഞാല്‍ നാരായണന്‍ കുട്ടിയുടെ മരണത്തിന്റെ തനിയാവര്‍ത്തനമാകുന്നു സത്നാമിന്റെത്.

നാരായണന്‍ കുട്ടി കഥയും കവിതയുമൊക്കെയെഴുതി ചിന്തിക്കുകയും സമൂഹത്തിന്റെ അവസ്ഥയില്‍ സങ്കടപ്പെടുകയും ചെയ്തിരുന്ന ഒരു പാവം മനുഷ്യന്‍. ആ നല്ല മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു. ഒടുവിലത് താളം തെറ്റുക തന്നെ ചെയ്തു. ശാന്തി തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചത് അമൃതപുരിയിലായിരുന്നു. സത്നാമിനെ പോലെ നാരായണന്‍ കുട്ടിയും പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടു. ഒടുവില്‍ നാരായണന്‍ കുട്ടിയുടെ മൃതദേഹമാണ് ജ്യേഷ്ഠനായ പ്രൊഫ:അരവിന്ദാക്ഷനാണ് തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷണം നിഷ്ക്രിയമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്നത്തെ എം.എല്‍.എ വി.കെ.രാജന്റെ സഹായത്തോടെ മുഖ്യമന്ത്രിയായിരുന്ന ഈ.കെ.നായനാരുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ക്രൈംബ്രാഞ്ച് അന്വേഷണം നേടിയെടുക്കുകയും ചെയ്തു.പക്ഷെ കാര്യമായ തുമ്പൊന്നും ലഭിക്കുകയുണ്ടായില്ല.കാര്യങ്ങള്‍ വിസ്മൃതിയിലാണ്ട് കിടക്കവെയാണ് പൊടുന്നനെ സത്നാം വിഷയം ഉയര്‍ന്ന് വന്നത്. നാരായണന്‍ കുട്ടിയുടെ മരണത്തെ തുടര്‍ന്ന് രൂപം കൊണ്ട അനുസ്മരണ സമിതി വീണ്ടും സജീവമായിരിക്കുകയാണ്. സത്നാം സിങ്ങിന്റെ മരണമന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണ പരിധിയില്‍ നാരായണന്‍ കുട്ടിയുടെ കേസ്സും ഉള്‍പ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. ആരോപണ വിധേയമായ ആശ്രമവും സാക്ഷികളും ഇപ്പോഴുമുള്ളതിനാല്‍ കേസിന്റെ കാര്യത്തിലെന്തെങ്കിലും ഗുണമുണ്ടാകാതിരിക്കില്ലെന്ന പ്രതീക്ഷയിലാണവര്‍.

വി.ആര്‍. രാജമോഹന്‍: മാധ്യമം തൃശൂര്‍ ബ്യുറോ ചീഫ് ആണ് ലേഖകന്‍

 Read more:

>  സത്നാം സിങ്ങിന്റെ കൊലപാതകം: ഫലപ്രദമായ അന്വേഷണം വേണം

Comments

comments

Print Friendly

Subscribe Our Email News Letter :