ജനാധിപത്യം എന്ന വൈവിധ്യം

എം.ടി. അന്‍സാരി

അദ്ധ്വാനിക്കുന്ന ജനവിഭാഗം, സ്ത്രീകള്‍ തുടങ്ങിയവര്‍ ലോക ചരിത്രവുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ ഭാഗമോ ഭാഗമാകാന്‍ ആഗ്രഹിച്ചവരോ അല്ലേ? ആഫ്രിക്കന്‍- അമേരിക്കന്‍ ചിന്താ ലോകമെമ്പാടും പരന്നുകിടക്കുന്ന വംശീയ, മത, ദേശീയ സമുദായങ്ങളിലേക്ക് വ്യാപിക്കപ്പെട്ടിട്ടില്ലേ? ഗോത്രപരവും, വംശീയവും, മതപരവും, പ്രാദേശികവുമായ ജീവബന്ധങ്ങളുടെ സ്ഥാനത്ത് പ്രത്യക്ഷത്തില്‍ പുരോഗമാനത്മകവും സാര്‍വദേശീയവുമായ മാനവ സമുദായം എന്ന ആധുനിക വാദ സ്വപ്നത്തെ പ്രതിഷ്ഠിച്ചതിന്റെ പിഴവുകള്‍ ഇന്ന് കുറേക്കൂടി പ്രകടമായിട്ടില്ലേ? ആഗതമാകുന്ന ഒരു ‘ഭൌമിക വീക്ഷണ കോണില്‍ നിന്ന് (planetary perspective) മനുഷ്യന്‍ എന്ന ഭാവനയെ പുനര്‍ സൈദ്ധാന്തികവത്കരിക്കപ്പെടേണ്ടതുണ്ട് എന്നതിനാല്‍ ‘സമുദായം’ നമ്മുടെ ഭാവിയായി വീണ്ടും പ്രത്യക്ഷപ്പെടുന്നു. 

നാധിപത്യം വരാനിരിക്കുന്നതാണ്. അതൊരു വാഗ്ദാനമാണ്. ആ വാഗ്ദാനത്തിന്റെ പേരിലാണ് നിലവിലെ ജനാധിപത്യം എന്ന് നിര്‍ദ്ദേശിക്കപ്പെടുന്ന ഒന്നിനെ നമുക്കെപ്പോഴും വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും കഴിയുന്നത്. (ദെറീദ 43.)

സ്ലാം ആധുനികവിരുദ്ധമെന്നും ജനാധിപത്യവിരുദ്ധമെന്നും പൊതുവെ വിവക്ഷിക്കപ്പെടുമ്പോള്‍, വിഖ്യാത ഫ്രഞ്ച് ചിന്തകനായ ദെറീദയുടെ (1930-2004) മുകളിലുദ്ധരിച്ച പ്രസ്താവന, ചിന്തയുടെ തന്നെ അടിസ്ഥാനത്തെക്കുറിച്ചും അടിസ്ഥാനതത്വത്തെക്കുറിച്ചും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഒരു ടിപ്പിക്കല്‍ ദെറീദ പ്രസ്താവനയാണത്. ദെറീദയുടെ രചനകള്‍ അറിയാവുന്നവര്‍ക്ക് അദ്ദേഹത്തിന്റെ അപനിര്‍മാണ രീതിയുടെ അടയാളം ഈ പ്രസ്താവനയില്‍ തിരിച്ചറിയാം. നമ്മുടെ കാലത്തെ അഗ്രഗാമികളായ ഉത്തരഘടനാവാദ ചിന്തകരില്‍ ഒരാളായ ദെറീദയുടെ ചിന്തയുമായി പരിചയമില്ലാത്ത വായനക്കാര്‍ക്ക് വേണ്ടിയാണ് ഈ ആമുഖം എഴുതിയിട്ടുള്ളത്.

ദെറീദയുടെ ഭൂരിപക്ഷം കൃതികളും – വിശിഷ്യ അവയുടെ പരിഭാഷകള്‍ – വളരെ ദുര്‍ഗ്രഹങ്ങളാണ്. തന്റെ രചനകളില്‍ ദെറീദ സെല്‍ഫ്റിഫ്ളക്സീവ് ശൈലി സ്വീകരിച്ചിരിക്കുന്നതിനാല്‍ ഈ ദുര്‍ഗ്രാഹ്യത മന:പൂര്‍വമാണ് എന്ന് കാണാം.1

ഡിഫെറന്‍സ് (differance) എന്ന അദ്ദേഹത്തിന്റെ പ്രധാന ആശയം ഈ പ്രയാസത്തെ അഭിമുഖീകരിക്കാന്‍ ഒരു പരിധി വരെ നമ്മെ സഹായിക്കുന്നുണ്ട്. വ്യത്യസ്തതയാണ് സ്വത്വത്തിനു അടിവരയിടുന്നത് അല്ലാതെ മറിച്ചല്ല എന്ന ഘടനാവാദപരമായ കാഴ്ചപ്പാടില്‍ (structuralist perspective) നിന്ന് ആരംഭിച്ച് ‘വ്യത്യാസപ്പെടുക (‘to differ) ‘നീട്ടിവെക്കുക’ (‘to defer) എന്നീ രണ്ട് പ്രക്രിയകള്‍ അര്‍ത്ഥ നിര്‍മാണത്തിന്റെ ഘടനയില്‍ പ്രവേശിക്കുന്നുണ്ട് എന്ന് ദെറീദ നീരീക്ഷിച്ചു. ഭാഷകളില്‍ സര്‍വദേശീയമായ സൂചിതങ്ങള്‍ (universal signifieds) അഥവാ ആശയങ്ങളോ അര്‍ത്ഥങ്ങളോ ഒരു ഭാഗത്തും, അവയെ പ്രതിനിധാനം ചെയ്യുന്ന സൂചകങ്ങള്‍ (signifiers) അഥവാ വാക്കുകള്‍ മറുഭാഗത്തും നിലനില്‍ക്കുന്ന ഒരവസ്ഥ അല്ല ഉള്ളതെന്നും, ഒരു പ്രത്യേക ഭാഷാ സംവിധാനത്തിലെ സൂചിതങ്ങള്‍ തന്നെ വിവിധങ്ങളായ സൂചകങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്തതയാല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നും അതിനാല്‍ അര്‍ത്ഥ നിര്‍മാണം എന്നത് മാറ്റിവെക്കല്‍, വൈകിപ്പിക്കല്‍, നീട്ടിവെക്കല്‍ എന്നീ പ്രക്രിയകള്‍ ഉള്‍കൊള്ളുന്നതാണെന്നും, നമുക്കത് ശീലമായതിനാല്‍ നാമതെപ്പറ്റി ബോധവാന്മാരല്ല എന്നും ദെറീദ സിദ്ധാന്തിച്ചു.

വ്യത്യാസപ്പെടല്‍ (differing) നീട്ടിവെക്കല്‍ (defering) എന്നീ പ്രക്രിയകള്‍ ജ്ഞാനത്തെ നിര്‍ണയിക്കുന്നതിനാല്‍ ചിന്തയുടെ അടിത്തറയെ തന്നെ ഭാവന ചെയ്യുക പ്രയാസമാണ്. അങ്ങിനെ ദെറീദ ഒരു പുതിയ വാക്കുണ്ടാക്കുന്നു. ഡിഫെറന്‍സ് (differance/differ-a-nce). വ്യത്യസ്തത എന്ന അര്‍ത്ഥത്തെ ധ്വനിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇംഗ്ളീഷ് വാക്കിന്റെ (difference) അതേ ഉച്ചാരണം ആണ് ദെറീദയുടെ പുതിയ വാക്കിനും. പക്ഷെ ഏഴാമത്തെ അക്ഷരം ‘a’ ആണ്. ‘c’ അല്ല എന്ന് മാത്രം. അതിനാല്‍ ഈ വാക്ക് സ്വയം വ്യത്യാസപ്പെട്ടിരിക്കുന്നു. ആദേശം ചെയ്യപ്പെടുന്ന വ്യത്യസ്തതയെ(difference under erasure) സൂചിപ്പിക്കുവാനാണ് ദെറീദ ഈ വാക്ക് ഉപയോഗിച്ചത്.

പക്ഷേ, ‘ഡിഫെറന്‍സ്’ എന്ന ആശയത്തെ ഭാഷാശാസ്ത്രത്തിനുള്ളില്‍ പരിമിതപ്പെടുത്താനാകില്ല. നമ്മുടെ സമകാലീകമായ വ്യവഹാരങ്ങളുടെ കേന്ദ്രസ്ഥാനത്ത് അതുണ്ട്. അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ മാത്രമെടുത്താല്‍, നമ്മെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങളില്‍ അധികവും മനസ്സിലാക്കുന്നതിന് അതിനിര്‍ണ്ണായകമായ ഘടകമാണ് ഡിഫെറന്‍സ് എന്ന് കാണാം. ഉദാഹരണമായി ഒരു ദേശ രാഷ്ട്രത്തിനകത്ത്, വിവിധങ്ങളായ സാമൂഹിക – രാഷ്ട്രീയ – ചരിത്ര ഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെട്ട ജനസംഖ്യാപഠനപ്രകാരമുള്ള വിതരണം (demographic distribution) എന്ന മാനദണ്ഡമാണ് ചില സമുദായങ്ങളെ ന്യൂനപക്ഷങ്ങള്‍ എന്ന് ലേബല്‍ ചെയ്യുന്നതിന് നമ്മെ പ്രാപ്തരാക്കുന്നത്. കാരണം, ന്യൂനപക്ഷങ്ങള്‍, ഒരു ദേശരാഷ്ട്രം ‘സാധാരണ’ (normal) എന്നു വിശേഷിപ്പിക്കപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമായ വംശീയ, മത, ഗോത്ര സ്വത്വങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നു. വളരെ സങ്കുചിതമായ ദേശീയ-ന്യൂനപക്ഷ വര്‍ഗീകരണത്തില്‍ നിന്നും നാം പുറത്തു വന്നേക്കാവുന്നതിന്റെ ലക്ഷണങ്ങള്‍ വളരെ അടുത്ത കാലത്താണ് കാണാന്‍ തുടങ്ങിയത്. പുതിയ രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഫലമായി ഉത്തരദേശീയ വാദം (post-nationalism) നവദേശീയ വാദമായി (neo-nationalism) മാറാം എന്നത് വേറെ കാര്യം. ‘ഇന്ത്യയില്‍ ജനിച്ച വിദേശി’ (Person of Indian Origin) ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൌരന്‍ (Overseas Citizen of India) തുടങ്ങിയ പൌരത്വത്തിന്റെ ബഹുരീതികളെപ്പറ്റി നാം ചിന്തിച്ചു തുടങ്ങുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി അംഗീകരിക്കേണ്ടതായി വരും.

ഇന്ത്യയിലെ മുസ്ലിംങ്ങള്‍ അവര്‍ക്ക് മേല്‍ പ്രഖ്യാപിക്കപ്പെടുകയും ചാര്‍ത്തപ്പെടുകയും ചെയ്ത ദേശീയ ഉത്കണ്ഠകളുടെ ഭാരം പേറിയവരാണെന്നും അതിപ്പോഴും പേറിക്കൊണ്ടിരിക്കുന്നവരാണെന്നും എന്നത് ഇതിന് നല്ല ഉദാഹരണമാണ്. എന്‍. ആര്‍. ഐ. പൌരന്‍മാര്‍ ഇന്ത്യക്കാരാണ് എന്നിരിക്കെ (അവരില്‍ ചിലര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുപോലുമുണ്ടാവില്ല) കേവലം സാങ്കല്‍പികം എന്നതിനുപരിയായി തങ്ങള്‍ ഭാഗഭാക്കായിരുന്ന/ആയിരിക്കുന്ന ലോക ഇസ്ലാം എന്ന വിശാലമായ സമുദായത്തോട് മുസ്ലിംകള്‍ കൂറു പുലര്‍ത്തുന്നത് എങ്ങിനെയാണവര്‍ക്ക് പാപവും അപമാനവുമാവുക? വാസ്തവത്തില്‍, വളരെ അതിശയകരമായ കാര്യം, ദേശീയ സമര ഘട്ടത്തിലെ നിരവധി മുസ്ലിം ധിഷണാശാലികളുടെ കാര്യത്തില്‍ പ്രകടമായ വസ്തുത 2, ഇന്ത്യന്‍ മുസ്ലിംങ്ങള്‍ മൌലാനാ മുഹമ്മദലി പറഞ്ഞ “ഒരേ വലിപ്പമുള്ള രണ്ട് വൃത്തത്തിനുള്ളില്‍” (two circles of equal size) വളരെ അനായാസമായി, ഇന്ത്യന്‍ ദേശീയവാദികളില്‍ ഒരു വിഭാഗത്തിന്റെ തീവ്രമായ ഇടപെടലിനെ അതിജയിച്ച്, സന്ധി ചെയ്തു എന്നതാണ്.

സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പ്രത്യക്ഷത്തില്‍ ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങള്‍ യാതൊരു മറയുമില്ലാതെ ജനാധിപത്യ വിരുദ്ധമായ നയങ്ങളും പ്രവൃത്തികളും ജനാധിപത്യത്തിന്റെ പേരില്‍ തന്നെ തുടര്‍ന്നു പോകുമ്പോള്‍ ദെറീദ നിരീക്ഷിക്കുന്നു:

ജനാധിപത്യത്തിന്റെ പേരില്‍ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന സാഹചര്യത്തെ വിമര്‍ശിക്കാന്‍ ഓരോ പൌരനും അവകാശം ഉണ്ടായിരിക്കുന്ന സാമൂഹിക സംവിധാനമാണ് ജനാധിപത്യം. അങ്ങിനെയാണ് ഒരാള്‍ ജനാധിപത്യത്തെ തിരിച്ചറിയുന്നത്. വരാനിരിക്കുന്ന ജനാധിപത്യത്തിന്റെ പേരില്‍ വിവക്ഷിത ജനാധിപത്യത്തെ – ആ ആരോപണത്തെ – വിമര്‍ശിക്കുവാനുള്ള അവകാശം, എല്ലാം പറയുവാനുള്ള അവകാശം. (43)

ജനാധിപത്യം എന്ന ആശയം ഗ്രീക്ക് സംസ്കാരത്തില്‍ നിന്നാണ് ഉടലെടുത്തതെങ്കിലും, ആനുകാലിക ആവശ്യങ്ങള്‍ക്കായി അതിനെ നാം പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയും അതുവഴി ഒരു നാട്ടില്‍ ജനിക്കുക എന്ന സങ്കല്‍പത്തില്‍ നിന്നും ജനനത്തിലൂടെ അതിന്റെ ഭാഗമാകുക എന്ന സങ്കല്‍പത്തില്‍ നിന്നും, പ്രദേശം എന്ന സങ്കല്‍പത്തില്‍ നിന്നും, ഭരണകൂടം എന്ന സങ്കല്‍പത്തില്‍ നിന്നുപോലും ജനാധിപത്യത്തെ നാം വേര്‍പ്പെടുത്തുന്നു എന്നും ദെറീദ ഓര്‍മ്മിപ്പിക്കുന്നു. പലപ്പോഴും വിവക്ഷിക്കപ്പെടുന്ന പടിഞ്ഞാറിനും കിഴക്കിനുമിടയിലെ സംവാദത്തെ മലര്‍ക്കെ തുറക്കുവാന്‍ സാധ്യമാക്കുന്നത് ഈ ഘടകമാണെന്ന് ദെറീദ വിശ്വസിക്കുന്നു:

ലോകത്തെ വ്യത്യസ്ത സാംസ്കാരിക പ്രവിശ്യകള്‍ക്കും മതപ്രവിശ്യകള്‍ക്കുമിടയിലെ സംവാദത്തെ വാക്കുകളിലൂടെയും, ചിന്തകളിലൂടെയും – ബലപ്രയോഗത്തിന്റെ മാര്‍ഗത്തിലൂടെയല്ലാതെ, ബലം ഉപയോഗിക്കാതെ – സാധ്യമാക്കണമെങ്കില്‍, ആ സംവാദം വരാനിരിക്കുന്ന ജനാധിപത്യത്തിന്റെ ചക്രവാളത്തില്‍, ദേശ രാഷ്ട്രത്തോടോ, പൌരത്വത്തോടോ, പ്രവിശ്യയോടോ യാതൊരു ബന്ധവുമില്ലാത്ത വിധം നിലനില്‍ക്കേണ്ടതുണ്ട്. (44)

Islam and the West എന്ന പുസ്തകത്തിന്റെ ഈ വിവര്‍ത്തനത്തില്‍ സമാഹരിച്ചിട്ടുള്ള സംഭാഷണങ്ങള്‍ 2003 മെയ്  26, 27 തിയ്യതികളില്‍ ‘അള്‍ജീരിയ – ഫ്രാന്‍സ്, നാഗരികതകള്‍ക്കിടയിലുള്ള സംവാദത്തിലെ മഹത് വ്യക്തിത്വങ്ങള്‍ക്ക് സമര്‍പ്പണം’ (Algeria – France: Tribute to the Great Figures) എന്ന പേരില്‍ പാരീസില്‍ വെച്ച് സംഘടിക്കപ്പെട്ട അക്കാദമിക സംഭാഷണത്തിന്റെ വേളയില്‍ സംഭവിച്ചതാണ്. “ഞാനിന്ന് ഒരള്‍ജീരിയക്കാരനായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. അള്‍ജീരിയയില്‍ ഒരു ജൂതനായി 1870ല്‍ ദേശീയത കൈവരിക്കുകയും 1940ല്‍ അത് നഷ്ടപ്പെടുകയും ചെയ്ത ഒരു സമൂഹത്തില്‍ ഞാന്‍ ജനിച്ചു”(29) എന്ന വാക്കുകള്‍ കൊണ്ട് ദെറിദ മുസ്തഫാ ശെരീഫുമായി സംഭാഷണം തുടങ്ങുമ്പോള്‍, അതിനൊരു വ്യത്യസ്ത മാനം കൈവരുന്നുണ്ട്. സ്വന്തം വ്യക്തി ചരിത്രത്തെ ആലോചനാ വിഷയമാക്കി3 രാഷ്ട്രീയം, മതം, വിശ്വാസം എന്നിവയുടെ പരസ്പര ബന്ധത്തെക്കുറിച്ച് ദെറീദ സംസാരിച്ചു തുടങ്ങുന്നു.

ഈ പുസ്തകം വായിക്കുമ്പോള്‍ നൂതനവും സമ്പന്നവുമായ ആശയങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്നും വായനക്കാര്‍ക്ക് ലഭിക്കുന്ന ആനന്ദത്തെ ഇല്ലായ്മ ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നില്ല. ദെറീദയുടെയും ഷെരീഫിന്റെയും സംഭാഷണത്തിന്റെ അന്തര്‍ധാരയായി നിലനില്‍ക്കുന്ന ഒരു സങ്കല്‍പത്തെ വികസിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. യൂറോ-അമേരിക്കന്‍ ലോകത്തെ സ്വയം പുനര്‍നവീകരിക്കാന്‍ പ്രാപ്തമാക്കിയ നൂതനാശയങ്ങളാണ് ‘വംശം’, ‘ലിംഗം’ എന്നിവയെങ്കില്‍, നമ്മുടെ ചിന്തയെ നിര്‍ണ്ണയിക്കുന്ന പാരമാത്രകളാണ് ജാതി, സമുദായം എന്നിവ എന്ന വസ്തുത നിരാകരിക്കപ്പെട്ടുകൂടാ. അതുകൊണ്ട്, വരാനിരിക്കുന്ന ജനാധിപത്യത്തിന് സമുദായത്തിന്റെ ആവിര്‍ഭാവവുമായി അഥവാ വരാനിരിക്കുന്ന സമുദായവുമായി4 ബന്ധമുണ്ട് എന്ന് ഞാന്‍ വിവക്ഷിക്കുന്നു.

ലജ്ജിക്കപ്പെടേണ്ടതും ഭൂതകാലവുമായി ബന്ധപ്പെട്ടതും, വിദൂര ഭൂതകാലത്ത് നാം കയ്യൊഴിയേണ്ടിയിരുന്നതുമായ ഒന്നായി സമുദായത്തെ നാം കാണുന്നു. പക്ഷേ, നാം എല്ലാവരും നമ്മുടെ ദേശമെന്ന സാങ്കല്‍പിക സമുദായം (Imagined community)5 ഉള്‍പ്പെടെയുള്ള വിവിധ സമുദായാംഗങ്ങളായിട്ടു തന്നെയാണ് ജീവിക്കുന്നത്. മാത്രവുമല്ല, അദ്ധ്വാനിക്കുന്ന ജനവിഭാഗം, സ്ത്രീകള്‍ തുടങ്ങിയവര്‍ ലോക ചരിത്രവുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ ഭാഗമോ ഭാഗമാകാന്‍ ആഗ്രഹിച്ചവരോ അല്ലേ? ആഫ്രിക്കന്‍- അമേരിക്കന്‍ ചിന്താ ലോകമെമ്പാടും പരന്നുകിടക്കുന്ന വംശീയ, മത, ദേശീയ സമുദായങ്ങളിലേക്ക് വ്യാപിക്കപ്പെട്ടിട്ടില്ലേ? ഗോത്രപരവും, വംശീയവും, മതപരവും, പ്രാദേശികവുമായ ജീവബന്ധങ്ങളുടെ സ്ഥാനത്ത് പ്രത്യക്ഷത്തില്‍ പുരോഗമാനത്മകവും സാര്‍വദേശീയവുമായ മാനവ സമുദായം എന്ന ആധുനിക വാദ സ്വപ്നത്തെ പ്രതിഷ്ഠിച്ചതിന്റെ പിഴവുകള്‍ ഇന്ന് കുറേക്കൂടി പ്രകടമായിട്ടില്ലേ? ആഗതമാകുന്ന ഒരു ‘ഭൌമിക വീക്ഷണ കോണില്‍ നിന്ന്6 (planetary perspective) മനുഷ്യന്‍ എന്ന ഭാവനയെ പുനര്‍ സൈദ്ധാന്തികവത്കരിക്കപ്പെടേണ്ടതുണ്ട് എന്നതിനാല്‍ ‘സമുദായം’ നമ്മുടെ ഭാവിയായി വീണ്ടും പ്രത്യക്ഷപ്പെടുന്നു. യൂറോപ്യന്‍ സാഹചര്യത്തിലാണെങ്കിലും ഴാക് നാന്‍സി സമുദായത്തെ ഒരു സ്വയം ചെറുത്തുനില്‍പ്പായി7 (as resistance itself) സ്വഭാവവല്‍ക്കരിച്ചത് ഇവിടെ പ്രസക്തമാണ്. ഇസ്ലാമിന്റെയും, അതിന്റെ പൊതു-സ്വകാര്യ, രാഷ്ട്രീയം, മതം എന്നിവ തമ്മിലുള്ള അവിഭാജ്യതയും വ്യക്തിയും, സമുദായവും തമ്മിലുള്ള ആഴത്തില്‍ വേരൂന്നിയ ബന്ധത്തെയും വ്യത്യസ്തമായ രീതിയില്‍ പുനര്‍ വായിക്കാനുള്ള സാധ്യതയെ ഈ സ്വഭാവവല്‍ക്കരണം തുറന്നിടുന്നുണ്ട്.

NOTE

1. പക്ഷേ Positions തുടങ്ങിയ ദെറീദയുടെ കൃതികളെപ്പോലെ Islam and the West എന്ന ഗ്രന്ഥവും സംഭാഷണങ്ങളായതിനാല്‍ വായനാക്ഷമമാണ്.

2. ഏക കേന്ദ്രീകൃതമല്ലാത്ത ഒരേ വലിപ്പമുള്ള രണ്ട് വൃത്തങ്ങളുടെ ഭാഗമായി ഇന്ത്യന്‍ മുസ്ലിംകളുടെ സാഹചര്യത്തെ മുഹമ്മദ് അലി വിശദീകരിച്ചു. “ഒരു വൃത്തം ഇന്ത്യയും മറ്റേ വൃത്തം മുസ്ലിം ലോകവുമാണ്. ഒരു വൃത്തത്തിനകത്ത് ഇന്ത്യ എന്ന വാക്കുണ്ട്. മറ്റേ വൃത്തത്തിനകത്ത് ഇസ്ലാം അഥവാ ‘ഖിലാഫത്ത്’ എന്ന വാക്കുണ്ട്. നാം ഇന്ത്യന്‍ മുസ്ലിംകള്‍ രണ്ട് വൃത്തത്തില്‍ നിന്നും വരുന്നവരാണ്. മുപ്പത് കോടിയോളം ജനങ്ങള്‍ വരുന്ന രണ്ട് വൃത്തങ്ങളുടെയും ഭാഗമാണ് നമ്മള്‍. നമ്മള്‍ക്ക് രണ്ടും ഉപേക്ഷിക്കാനാവില്ല. നാം ദേശീയവാദികളല്ല. ദേശീയവാദത്തെ അതിര്‍ലംഘിക്കുന്നവരാണ്. ഒരു മുസ്ലിം എന്ന നിലക്ക് ഞാന്‍ പറയുന്നു: ‘ദൈവം മനുഷ്യനെയും പിശാച് ദേശത്തെയും സൃഷ്ടിച്ചു. ദേശീയവാദം വിഘടിപ്പിക്കുന്നു. നമ്മുടെ മതം കൂട്ടിയിണക്കുന്നു”’.(Select Writings and Speeches of Moulana Mohamed Ali, Afzal Iqbal, ed. [Lahore: Shaikh Muhammed Ashraf, 1944]  415) 

3. പാന്‍ക്രിയാറ്റീവ് അര്‍ബുദം ബാധിച്ച് ചികിത്സയിലായിരിക്കുമ്പോള്‍ അസുഖത്തെ വകവെക്കാതെ ആശുപത്രിയില്‍ നിന്ന് നേരിട്ട് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുകയായിരുന്നു ദെറീദ എന്ന് ഇംഗ്ളീഷ് പരിഭാഷയുടെ ആമുഖത്തില്‍ ജിയോവന്ന ബൊറാദോരി പറയുന്നുണ്ട്. 1930 ജൂലൈ 15ന് ജനിച്ച ദെറീദ 2004 ഒക്ടോബര്‍ 9ന് മരിച്ചു.

4. ഇതേപ്പറ്റി കൂടുതല്‍ ഗവേഷണത്തിനായി ഹന്ന അരന്റ്, ജോര്‍ജ്യാ അഗംബെന്‍, ഴാങ്-ലുക് നാന്‍സി എന്നിവരുടെ കൃതികളും കാള്‍മാര്‍ക്സിന്റെ ”On Jewish Question” എന്ന ലേഖനവും സഹായകമാണ്.

5. ബെനഡിക്ട് ആന്‍ഡേഴ്സണിന്റെ Imagined Communities എന്ന ഗ്രന്ഥവും പാര്‍ത്ഥാ ചാറ്റര്‍ജിയുടെ ‘Anderson’s Utopia’ എന്ന ലേഖനവും നോക്കുക.

6. ഗായത്രി സ്പിവാക്കിന്റെ Death of a Discipline കാണുക. ആഗോളവത്കരണത്തിന്റെ നശീകരണാത്മക യാഥാര്‍ഥ്യങ്ങള്‍ക്കെതിരെ സ്പിവാക് നിര്‍ദ്ദേശിച്ച പദമാണ് ‘planetary’ (ഭൌമികം) എന്നത്. ഗോളത്തെ (globe) സാമ്പത്തികവത്കരിക്കുകയും കമ്പ്യൂട്ടര്‍വത്കരിക്കുകയും ചെയ്യുക എന്ന ആഗോളവത്കരണത്തിന്റെ പൊതുധാരണ, ഗോളത്തെ (അഥവാ നമ്മുടെ കമ്പ്യൂട്ടറുകളില്‍ നിലനില്‍ക്കുന്ന സാങ്കല്‍പിക മണ്ഡലത്തെ) മുതലാളിത്ത നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്യേണ്ടതുണ്ട് എന്ന വിഷലിപ്തമായ ചൂഷണ വ്യവസ്ഥിതിക്ക് വഴിയൊരുക്കി എന്ന് സ്പിവാക് നിരീക്ഷിക്കുന്നു. ലോകത്തിന്റെ ഭൌതികതയെയും അവിടെ അധിവസിക്കുന്ന മനുഷ്യരെന്ന നിലക്ക് നമ്മുടെ കളക്റ്റീവ് സ്പേസിനെയും ഉത്തരവാദിത്വത്തെയും മനസിലാക്കുന്നതിന് അനുയോജ്യമായ പദമാണ് ഭൌമികം എന്നത്. ആഗോള ഏജന്റുമാര്‍ എന്നതിനുപകരം ഭൌമിക കര്‍തൃത്വങ്ങള്‍ ആയി– ‘ഭൌമിയെ’ നമുക്ക് കടമായി ലഭിച്ചതുപോലെ ഇവിടെ അധിവസിക്കുന്നവരായി–വീക്ഷിക്കണം എന്ന് സ്പിവാക് പറയുന്നു.

7. ഴാങ്-ലുക് നാന്‍സിയുടെ The Inoperative Community  trans. Peter Connor, Lisa Garbus, Michael Holland and Simon Sawhney (Minneapolis: University of Minnesota Press, 1991) 35.

 ‘ഇസ്ലാമും പടിഞ്ഞാറും’ എന്ന പേരില്‍ അദര്‍ ബുക്സ് പ്രസിദ്ധീകരിക്കാനിരിക്കുന്ന, ഴാക് ദെറീദയും മുസ്തഫ ഷെറീഫും തമ്മില്‍ നടന്ന സംഭാഷണഗ്രന്ഥത്തിന് എം.ടി. അന്‍സാരി എഴുതിയ അവതാരിക. 

Top