Navigation

കൊലപാതക രാഷ്ട്രീയത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം

TP

ജനാധിപത്യ കൂട്ടായ്മ കോഴിക്കോട് നടത്തിയ കൊലപാതക രാഷ്ട്രീയത്തിനെതിരെ സമൂഹ മന:സാക്ഷി സംഗമം  ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരായ ജനകീയ സംഗമമായി.

രാഷ്ട്രീയ കൊലപാതകത്തില്‍ അവസാനത്തേതാവട്ടെ ടി.പി. ചന്ദ്രശേഖരന്റേതെന്ന ആഗ്രഹം  നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്ത പ്രസംഗകരും ശ്രോതാക്കളും ഒരുപോലെ പങ്കുവെച്ചു.
കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യാപിതാവ് കെ.കെ. മാധവന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഇനിയൊരിക്കലും  ടി പി വധം പോലുള്ളവ ഉണ്ടാവരുതെന്നും ആവശ്യം വരുമ്പോള്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ സന്ദേശം ആര്‍.കെ. സന്ധ്യ വായിച്ചു. നന്മയുടെയും ശരിയുടെയും പക്ഷത്തുനില്‍ക്കുകയും നട്ടെല്ലു വളയ്ക്കാതെ അഭിപ്രായം പറയുകയും ചെയ്യുന്നവരെ ഇല്ലായ്മചെയ്യുന്ന ഫ്യൂഡല്‍ സംസ്കാരത്തെ അവസാനിപ്പിക്കാന്‍ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരണമെന്നു  രമ സന്ദേശത്തില്‍ പറഞ്ഞു.

പാര്‍ട്ടി വിട്ടുപോകുന്നവരെ പിന്തുടരുന്ന സ്ഥിതി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവരുതെന്ന് സിപിഎം സഹയാത്രികനായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. കൊലപാതകികള്‍ക്കെതിരായ ഐക്യമുന്നണി രൂപപ്പെടണം. കൊലപാതക രഹിതമായ കേരളം യാഥാര്‍ഥ്യമാവാന്‍ എല്ലാത്തരം   സൈനികവല്‍കൃത കൂട്ടായ്മകളും പ്രകോപനപരമായ പോസ്റ്ററുകളും പ്രഭാഷണങ്ങളും ഒഴിവാക്കാനുള്ള കൂട്ടായ ശ്രമമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. .
സമൂഹത്തില്‍ സാഹോദര്യത്തിന്റെ അഭാവമാണ് കൊലപാതക രാഷ്ട്രീയം ശക്തിപ്പെടാന്‍ കാരണമെന്നു നവജനാധിപത്യ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ കെ കെ കൊച്ച് അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുടരുന്ന ഹിംസാത്മക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ജനകീയ കൂട്ടായ്മ ഉണ്ടാകണം.

രാഷ്ട്രീയത്തില്‍ മാനവികതയുടെ തിരിച്ചുവരവ് അനിവാര്യമാണെന്ന് സി.ആര്‍. നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം അരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി വധത്തിനെതിരെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ആളുകളെ വകവരുത്താന്‍ ക്വട്ടേഷന്‍ നടക്കുന്നുണ്ടെന്നു  എം.ആര്‍. മുരളി പറഞ്ഞു. പോലിസുകാരുടെ ഭാര്യമാരെയും കുട്ടികളെയും കൈകാര്യം ചെയ്യുമെന്ന യുവജനവിഭാഗം നേതാവിന്റെ ഭീഷണി ഇതാണു കാണിക്കുന്നത് .

ഫസല്‍, ഷുക്കൂര്‍, ടി പി കൊലപാതകങ്ങള്‍ സാധാരണക്കാരില്‍ വലിയ അരക്ഷിതബോധമുണ്ടാക്കിയതായി തേജസ് എഡിറ്റര്‍ എന്‍പി ചെക്കുട്ടി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തുരക്കുന്ന മാഫിയാസംഘങ്ങള്‍ അവയെ കൈയേറിയിരിക്കുകയാണ്.

അഴിമതിയും കൊലപാതകവും സാമൂഹിക ഘടനയുടെ ഭാഗമായി മാറിയെന്ന് കെ. അജിത പറഞ്ഞു. തായാട്ട് ബാലന്‍, അഡ്വ. ആനന്ദകനകം, വി.എസ്. അനില്‍കുമാര്‍, എം.എം. സചീന്ദ്രന്‍, കെ.പി. സുധീര, എന്‍.പി.ചെക്കുട്ടി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെ.എന്‍. അജോയ്കുമാര്‍, മധുമാസ്റ്റര്‍, എം. ദിവാകരന്‍, പി. സുന്ദര്‍രാജ്, സി.വി. സത്യന്‍, പി.കെ.എം.ചേക്കു, കെ.പി. സേതുനാഥ് എന്നിവര്‍ സംസാരിച്ചു.
ദയാനന്ദന്‍, ഭാഗ്യനാഥ്, അജയന്‍, ജെസി, സുധീഷ്, വിനയന്‍ തുടങ്ങിയവര്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചിത്ര രചനയിലൂടെ സമ്മേളനത്തോട് സാഹോദര്യം പ്രഖ്യാപിച്ചു.

Older posts:

>രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ക്രിമിനലുകളുടെ ആശ്രയസങ്കേതമായി: മാര്‍ കൂറിലോസ്

>കൊലപാതക രാഷ്ട്രീയത്തിന്‍റെ അടിവേര് പിഴുതെറിയുക

> വടകരയിലെ രാഷ്ട്രീയ ഭീകരവാദം

Comments

comments

Print Friendly

Subscribe Our Email News Letter :