Navigation

നിലവാര തകര്‍ച്ചക്ക് കാരണം സംവരണമോ?

reservation_stir

ഉത്തരകാലം പ്രസിദ്ധികരിച്ച  കേന്ദ്ര  സര്‍വ്വകലാശാലകളില്‍  സംവരണം അട്ടിമറിക്കപ്പെടുന്നു എന്ന  റിപ്പോര്‍ട്ടിനോടുള്ള   ഡോ. പി കെ ബാലകൃഷ്ണന്റെ  പ്രതികരണം   

കേന്ദ്ര സര്‍വ കലാശാലകളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അദ്ധ്യാപകരുടെ എണ്ണം എത്രയെന്ന ലെക്നൌവിലുള്ള പൊതുപ്രവര്‍ത്തകന്‍ മഹേന്ദ്ര പ്രതാപ് സിങ്ങിന്‍റെ വിവരാവകാശ ചോദ്യത്തിനു കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതാണ്. അതിലേറെ ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്

ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലെ ഒരു അദ്ധ്യാപകന്‍ നല്‍കിയ വിശദീകരണം. നിലവില്‍ കേന്ദ്ര സര്‍വ കലാശാലകളെല്ലാം വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് ആണെന്നും അവിടുത്തെ അദ്ധ്യാപകരെല്ലാം മികവിന്റെ തെളിവുകള്‍ ആണെന്നും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ വന്നാല്‍ പഠന നിലവാരവും സ്ഥാപനത്തിന്റെ നിലവാര തകര്‍ച്ച ഉണ്ടാകുമെന്നുമാണ് സുഭാഷ് ലകൊത്യയുടെ വിലയിരുത്തല്‍… ദളിതര്‍ ഉന്നത സ്ഥാനങ്ങളില്‍ വരുന്നതില്‍ അസഹിഷ്ണുതയുള്ള  സവര്‍ണരുടെ ജല്പനങ്ങളായി മാത്രം ഇതിനെ ചുരുക്കി കാണാനൊക്കില്ല. ദളിതര്‍ ഇവിടങ്ങളില്‍ എന്നല്ല ഉന്നത സ്ഥാപനങ്ങളിലൊന്നും വരാതിരിക്കാനുള്ള ബോധപൂര്‍വമുള്ള ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണത്.
പൊതുവേ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ നിലവാര തകര്‍ച്ചയെ കുറിച്ചും വിദ്യാഭ്യാസത്തിന്റെ കുഴപ്പത്തെ കുറിച്ച് അദ്ദേഹം വാചാലനായി  ഉന്നത സ്ഥാപനങ്ങളിലും ഉന്നത സ്ഥാനത്തും സംവരണം പാടില്ല എന്ന് പറയുമ്പോഴാണ് ഇവരുടെയെല്ലാം   ശരിയായ  മുഖം പുറത്തു വരുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാര തകര്‍ച്ചക്ക് കാരണമായി വരേണ്യരായ ഇക്കൂട്ടര്‍ ചൂണ്ടി കാണിക്കുന്നത് സംവരണത്തെ ആണ്. സംവരണം  എന്നാല്‍ ഇവര്‍ക്ക് ദളിതര്‍ക്ക് കിട്ടുന്ന ആനുകൂല്യം മാത്രമാണ്. മറ്റു പിന്നോക്ക സംവരണക്കാര്‍ ഇതിലേറെ ഉണ്ടെന്ന  കാര്യം ഇവര്‍ ബോധ പൂര്‍വ്വം മറച്ചു വെക്കുന്നു. പലപ്പോഴും സംവരണം ദളിതര്‍ക്ക് ഒരു ഔദാര്യമായി വെച്ച് നീട്ടുന്നതെന്നാണ്
വരേണ്യരായ ഇവരുടെ ചിന്താഗതി  ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാര തകര്‍ച്ചക്ക് കാരണം സംവരണമാണോ എന്നുള്ള വിഷയം ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. നിലവാര തകര്‍ച്ചക്ക് കാരണം ദളിതര്‍ക്ക് നല്‍കുന്ന സംവരണം മാത്രമാണോ? സത്യത്തില്‍ ദളിതര്‍ ബുദ്ധിപരമായും  കഴിവ് പരമായും പിന്നിലാണോ?  വെറും 10 ശതമാനം മാത്രം സംവരണം നിലനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പത്തു ശതമാനക്കാര്‍ മറ്റു 90 ശതമാനക്കാരുടെ “നല്ല നിലവാരത്തെ” ഇല്ലാതാക്കുന്നു എന്ന് പറഞ്ഞാല്‍ അസംബന്ധം എന്നല്ലാതെ എന്ത് പറയാന്‍….. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മറ്റു വിദ്യാര്‍ഥികളുടെ തോല്‍വിയും കൊഴിഞ്ഞുപോക്കും ഇവരെന്തു കൊണ്ട് കാണാതെ പോകുന്നു. അത് അറിയാതെ സംഭവിക്കുന്നതല്ല എല്ലാം ഈ ചെറിയ ശതമാനം മാത്രം വരുന്ന പാവം കറുത്ത നിറക്കാരന്റെ മേല്‍ ചുമത്തി വെളുത്തവനെയും സ്ഥാപനത്തെയും സംരക്ഷിക്കുന്ന കുടില തന്ത്രം മാത്രമാണ്.
വളര്‍ന്നു വന്ന സാഹചര്യവും ദളിതനെന്നുള്ള വികാരത്തെ ഒരു തരം അപകര്‍ഷതയായി മാറ്റുന്ന സവര്‍ണ വികാരവും ചേര്‍ന്ന് പലപ്പോഴും ദളിത്‌ വിദ്യാര്‍ഥികളെ പഠനത്തില്‍ നിന്നും പിന്നോട്ടാക്കുന്ന ഒരു മാനസിക അവസ്ഥയിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്.ഈ വികാരത്തെ അഥവാ മാനസിക അവസ്ഥയെ മറികടക്കാനായ മിക്കവര്‍ക്കും ഉന്നത നിലവാരത്തിലേക്ക് എത്താനായിട്ടുണ്ട്, കുറച്ചു പേരെ  ഇത് മറികടക്കാനാകാത്ത  വിധം നിരന്തരം സമൂഹം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. ഇന്ന് സ്കൂളിലുകളിലും കോളേജുകളിലും ഗവേഷണ മേഖലകളിലും സമുന്നതമായ വിജയം കൈ വരിച്ചിട്ടുള്ള ഒരുപാട് പേരെ നമുക്ക് കാണിച്ചു കൊടുക്കനാകും. സ്വന്തം കഴിവ് കൊണ്ട് മറ്റു സവര്‍ണ വിഭാഗക്കാരുമായി മത്സരിച്ചു ഇവര്‍ നേടിയ വിജയവും പുച്ചിച്ച് സംവരണത്തില്‍ ഒതുക്കാന്‍ ഇക്കൂട്ടര്‍ ഇപ്പോഴും ജാഗരൂഗരായിരിക്കും.  മാത്രമല്ല മറ്റുള്ളവരെ ഇത് പറഞ്ഞു ബോധ്യ പെടുത്താനും ഇവര്‍ മറ്റു കാര്യത്തില്‍ കാണിക്കാത്ത ശുഷ്കാന്തി കാണിക്കുകയും ചെയ്യും.
ഇത് തന്നെയാണ് കഴിവിന്റെ കാര്യത്തിലും. താഴ്ന്ന ഏത് ജോലിയിലും ദളിതര്‍ മിടുക്ക് കാണിച്ചാല്‍ വാനോളം പുകഴ്ത്തുന്ന സവര്‍ണര്‍ ഉന്നത തലങ്ങളില്‍ കഴിവ് തെളിയിക്കാന്‍ ശ്രമിച്ചാല്‍ ഒറ്റ കെട്ടായി എതിര്‍ക്കുകയും കുറ്റം പറയുകയും ചെയ്യുന്ന കാഴ്ച നമുക്ക് ചുറ്റും കാണാവുന്നതാണ്. കീഴ് ജോലി മാത്രം ചെയ്തു ഉപജീവനം നടത്തുകയും സവര്‍ണ മേധാവികളുടെ ജോലിയില്‍ സഹായിക്കുന്നതു വരെ മതി ഉയര്‍ച്ച എന്നുമുള്ള സവര്‍ണ ചിന്താഗതി തന്നെ ആണ് ഇതിനു പിന്നിലും.
പഠന  നിലവാരം തകരുന്നതിനു കാരണമായി ദളിത്‌ വിദ്യാര്‍ഥികളെ ചൂണ്ടി കാണിക്കുന്ന മാധ്യമങ്ങളും വിദ്യാഭ്യാസ സംരക്ഷകരും എന്തുകൊണ്ടാണ് സ്വാശ്രയ സ്ഥാപനങ്ങളിലെ സവര്‍ണ വിദ്യാര്‍ഥികളെ ജയിപ്പിക്കുന്നതിനായി നിയമം പോലും ഒറ്റ കെട്ടായി നിന്ന് മാറ്റുന്നതിനെ കുറിച്ചോ മാര്‍ക്ക് ദാനം നല്‍കി നിലവാരം കൂട്ടുന്നതിനെ കുറിച്ചോ മൌനം പാലിക്കുന്നത്. ഇക്കൂട്ടര്‍ പുറത്തിറങ്ങിയാല്‍ സവര്‍ണന്‍ എന്നതു മാത്രം മതിയോ നിലവാര  ഉയര്‍ച്ചക്ക്?
സ്വയം ദഹിക്കാത്ത നുണകള്‍ പലകുറി ആവര്‍ത്തിച്ചു സത്യമാണെന്ന് മറ്റുള്ളവരെ ധരിപ്പിച്ചു ദളിതരെ സ്വാതന്ത്ര്യ പൂര്‍വ കാലം പോലെ വയലിലും ജന്മിയുടെ അഥവാ സവര്‍ണന്റെ തൊടിയിലും മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന അവസ്ഥയിലേക്ക് തിരിച്ചു വിടുവാനുള്ള ഈ കള്ള നാണയങ്ങളുടെ നെറികെട്ട തന്ത്രം  തിരിച്ചറിയപ്പെടെണ്ടതുണ്ട്,  ചെറുക്കപ്പെടെണ്ടതുണ്ട്.

Read more:

>കേന്ദ്ര സര്‍വ്വകലാശാലകളില്‍ സംവരണംഅട്ടിമറിക്കപ്പെടുന്നു

>Half of SC/ST teaching posts unfilled in Central varsities – The Hindu

 

Comments

comments

Print Friendly

Subscribe Our Email News Letter :