>മനുഷ്യരെ ഗിനിപ്പന്നികളായി കണക്കാക്കി മരുന്നുപരീക്ഷണം നടത്താന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി

>മരുന്ന് പരീക്ഷണത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാറും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും എട്ടാഴ്ചക്കകം മറുപടി നല്‍കണം

>മധ്യപ്രദേശില്‍ ചില മരുന്നു കമ്പനികള്‍ ആദിവാസികളെയും ദരിദ്രരെയും കുട്ടികളെയും മരുന്നു പരീക്ഷണങ്ങള്‍ക്ക് ഇരയാക്കുന്നു 

നുഷ്യരെ ഗിനിപ്പന്നികളായി കണക്കാക്കി മരുന്നുപരീക്ഷണം നടത്താന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അനധികൃത മരുന്നുപരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ സംഭവത്തെ അങ്ങേയറ്റം നിര്‍ഭാഗ്യകരം എന്നാണ് ജസ്റിസ് ആര്‍.എം ലോധ നേതൃത്വം നല്‍കുന്ന സുപ്രീം കോടതി ബെഞ്ച് വിശേഷിപ്പിച്ചത്. മധ്യപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അനധികൃത മരുന്നുപരീക്ഷണം നടക്കുന്നതായി ചൂണ്ടിക്കാട്ടി നല്‍കിയ പൊതു താല്‍പര്യ ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ വിമര്‍ശിച്ചത്.

സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കുറച്ചു കൂടി ഉത്തരവാദിത്വ ബോധം കാണിക്കണമെന്ന് കോടതി പറഞ്ഞു. മരുന്ന് പരീക്ഷണത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാറും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും എട്ടാഴ്ചക്കകം മറുപടി നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടു.

ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 2000 പേര്‍ ആണ് മരുന്നു പരീക്ഷണത്തെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞത്. മധ്യപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ചില മരുന്നു കമ്പനികള്‍ ആദിവാസികളെയും ദരിദ്രരെയും കുട്ടികളെയും മരുന്നു പരീക്ഷണങ്ങള്‍ ക്ക് ഇരയക്കുന്നതായി ഹര്‍ജികളില്‍ പറയുന്നു. ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവരെയും ഇങ്ങനെ പരീക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്.വിഷയം പരിശോധിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

ഭോപാല്‍ മെമോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററി(ബി.എം.എച്ച്.ആര്‍.സി)ല്‍ കഴിഞ്ഞ വര്‍ഷം മനുഷ്യരില്‍ അനധികൃത മരുന്നു പരീക്ഷണം നടത്തിയതായി ഒരു ടിവി ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പരീക്ഷണ വിധേയരാക്കിയവരില്‍ 80 ശതമാനവും ഭോപാല്‍ ദുരന്തത്തിലെ ഇരകളായ ദരിദ്ര മനുഷ്യരാണ്. ബി.എം.എച്ച്.ആര്‍.സില്‍ പരീക്ഷണത്തിനിരയായ 279 പേരില്‍ 215ഉം വിഷവാതക ദുരന്തത്തിലെ ഇരകളാണ്. വിഷവാതക ദുരന്തത്തിലെ ഇരകളുടെമേല്‍ മരുന്നു പരീക്ഷണം നടത്തിയെന്ന വാര്‍ത്ത ആശുപത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ആശുപത്രി ഡയറക്ടറായ ബ്രിഗേഡിയര്‍ കെ.കെ മൗദാര്‍, ഡപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ ഡോക്ടര്‍ ആര്‍ രാമകൃഷ്ണക്ക് 2011 ഫെബ്രുവരിയില്‍ അയച്ച കത്തില്‍ മരുന്ന് പരീക്ഷണം നടത്തിയത് ശരിവെച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ് ഭോപാലില്‍ മനുഷ്യരില്‍ മരുന്നു പരീക്ഷണങ്ങള്‍ നടത്തിയത്.

Print Friendly

Comments

comments