Navigation

ഇസ്ലാമും ഫെമിനിസവും സാഹിത്യത്തില്‍ : രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളുടെ അവലോകനം.

Love in a Head Scarf, Novel Cover Page

 വര്‍ഷ  ബഷീര്‍

ന്നിന്‍റെ മുസ്ലിം സ്ത്രീ, ലോകത്തെവിടെയുമെന്നപോലെ ഇന്ത്യയിലും “ഒരു വിശാലമായ ഇടം സമൂഹത്തില്‍ തങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്തിരിക്കുന്നു. അതും അവര്‍ വിശ്വസിക്കുന്ന ഇസ്ലാമിക പ്രമാണങ്ങളെ മുറുകെ പിടിച്ചു കൊണ്ട്” (Badran). എന്നിട്ടും, മുസ്ലിം സ്ത്രീകള്‍ വിശിഷ്യാ, ഇസ്ലാമിക വസ്ത്രധാരണശൈലി സ്വീകരിക്കുന്നവര്‍ അടിച്ചമര്‍ത്തലിന്റെ പ്രതീകങ്ങളായിട്ടാണ് വായിക്കപ്പെടുന്നത്. സ്ത്രീ ലൈംഗികതയെ നിയന്ത്രണവിധേയമാക്കാനുള്ള മുസ്ലിം പുരുഷന്‍റെ ആധിപത്യേച്ഛയുടെ ബാക്കിയായിട്ടാണ് ‘ഹിജാബ്’ നോക്കിക്കാണപ്പെടുന്നത്. ഉദാര സ്ത്രീവാദ (ലിബറല്‍ ഫെമിനിസ്റ്) സമീപനം സ്വീകരിക്കാതെ യഥാര്‍ത്ഥ വിമോചനം സാധ്യമല്ല എന്ന വാദമുഖത്തെ ഉറപ്പിക്കുന്നതാണ് ഇത്തരം സ്ഥാപിത ചിന്തകള്‍. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഏകജാതീയമായ ഒരു ഗണമാണെന്നനുമാനിച്ച് എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും വേണ്ടി ഇസ്ലാമിക സ്ത്രീവാദത്തെ സിദ്ധാന്തവത്കരിക്കുന്നതിനും, പ്രത്യേകമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള മുസ്ലിം സ്ത്രീകളുടെ സാംസ്കാരിക നാനാത്വവും, തമ്മിലുള്ള വ്യതിരിക്തതയെ പ്രശ്നവത്കരിക്കലാണ്. ഇതിനായ് പ്രശസ്തരായ  രണ്ട് മുസ്ലിം എഴുത്തുകാരികളുടെ കൃതികളിലെ മുസ്ലിം സ്ത്രീ പ്രതിനിധാനങ്ങളെയും അവരുടെ സ്വത്വപ്രശ്നങ്ങളെയും വിശകലനം ചെയ്യുകയാണിവിടെ. ഇന്ത്യന്‍ മുസ്ലിം എഴുത്തുകാരി ജമീലനിഷാതിന്റെ ‘Wearing a burqha’ (ബുര്‍ഖ അണിഞ്ഞ) എന്ന കവിതയും, ഇന്ത്യയില്‍ വേരുകളുള്ള ബ്രിട്ടീഷ് മുസ്ലിം എഴുത്തുകാരി ശെലീന സഹ്റ ജാന്‍ മുഹമ്മദിന്റെ ‘Love in a head scarf’ (ഹിജാബിനുള്ളിലെ പ്രണയം) എന്ന കൃതിയുമാണ് വിശകലനവിധേയമാക്കുന്നത്. ഇവര്‍ മുസ്ലീങ്ങള്‍ എന്ന സമാനതയിലുപരി രണ്ടുപേരും വിദ്യാസമ്പന്നരും സ്വസമുദായത്തിലെ സ്ത്രീജനങ്ങളുടെ ഉന്നമനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്.

ഉര്‍ദുകവിതാലോകത്തെ അറിയപ്പെടുന്ന ശബ്ദമാണ് ജമീലാനിഷതിന്റേത്. ജീവിതത്തിലെന്നപോലെ അവരുടെ എഴുത്തിലും ആധുനിക-പൌരാണിക ദ്വന്ദങ്ങളും, പുരോഗമനാത്മക-സ്വത്വരാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്നു. ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും തിയേറ്റര്‍ ആര്‍ട്ട്സില്‍ ബിരുദാനന്തര ഡിപ്ളോമയും ഉള്ള ഇവര്‍ ഇരുപത് വര്‍ഷത്തോളം ഇംഗ്ളീഷ് അദ്ധ്യാപികയായി വര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, ദഖ്നി സാംസ്കാരിക പൈതൃകം അന്യം നിന്നു പോകാതെ കാക്കുന്നതിനായി നിഷത് എഴുതുന്നത് ഹൈദ്രബാദി ഉര്‍ദുവിലാണ്. മുസ്ലീം സ്ത്രീകളുടെ അഭിവൃദ്ധിയില്‍ അതീവ തല്പരയായ ഇവര്‍ ഇതിലേക്കായി ഹൈദരബാദില്‍ ‘ശഹീന്‍ റിസോര്‍ഴ്സ് സെന്റര്‍ ഫോര്‍ വുമെന്‍’ നടത്തിപ്പോരുന്നു. 1992-ലെ ബാബരിമസ്ജിദ് ധ്വംസനമെന്ന ചരിത്രദുരന്തത്തിന് ശേഷം ഇന്ത്യയില്‍ സങ്കീര്‍ണമാക്കപ്പെട്ട മുസ്ലീം സ്വത്വനിര്‍ണ്ണയവുമായി ബോധപൂര്‍വ്വം ഇടപെടേണ്ടിവരുന്നത് തിരിച്ചറിഞ്ഞതായി ഒരു ഇന്റര്‍വ്യൂവില്‍ ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. ഇവിടെ വിശകലനം ചെയ്യാനുദ്ദേശിക്കുന്ന നിഷത്തിന്റെ കവിത ‘Wearing a burqha” യില്‍, ഒരു മുസ്ളീം സ്ത്രീ ബുര്‍ഖ അണിഞ്ഞിരിക്കെത്തന്നെ സാധിച്ചെടുക്കുന്ന ഭൌതികനേട്ടങ്ങള്‍ പറഞ്ഞുവെച്ചശേഷം ഉദ്വേഗജനകമായ തിരിച്ചുവിടലിലൂടെ, ബുര്‍ഖ ഉപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിച്ച ഘടകങ്ങളിലേക്ക് വെളിച്ചം വീശുന്നു.

ശെലീന സഹറ ജാന്‍ മുഹമ്മദ് ഓക്സ്ഫോര്‍ഡ് ബിരുദധാരിയും അവാര്‍ഡ് ജേതാവായ ബ്ളോഗറുമാണ്. (Spirit 21, http://www.spirit21.co.uk). തുര്‍ക്കിയുടെ രാഷ്ട്രീയ പങ്കാളിത്തം മുതല്‍ ഹിജാബ് ധാരിണികളെക്കുറിച്ചുള്ള ജാക്ക്സ്ട്രോയുടെ അഭിപ്രായപ്രകടനം വരെയുള്ള വിഭിന്നങ്ങളായ വിഷയങ്ങളെ വിചാരണാവിധേയമാക്കുന്ന ഇവര്‍ മുസ്ലീം സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് അന്യാദൃശ്യമായ ഉള്‍ക്കാഴ്ച നല്‍കിയിട്ടുണ്ട്. ദി ഗാര്‍ഡിയനിലും B.B.C യിലും സ്ഥിരം പംക്തികള്‍ സംഭാവന ചെയ്യുന്ന ജാന്‍ മുഹമ്മദിനെ ‘ടൈംസ് ഓഫ് ലണ്ടന്‍’ ബ്രിട്ടണിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന നൂറ് മുസ്ലീം സ്ത്രീകളില്‍ ഒരാളായി വിലയിരുത്തുന്നു. ഒരു നവ ബ്രിട്ടീഷ് സാംസ്കാരിക സ്വത്വരൂപീകരണം സാദ്ധ്യമാക്കാന്‍ അവിടത്തെ യുവതയെ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള നിരവധി സാമൂഹിക സാംസ്കാരിക പരിപാടികളുടെ ആവിഷ്കര്‍ത്താവും സംഘാടകയും ആണിവര്‍.

2009-ല്‍ പ്രസിദ്ധീകരിച്ച അവരുടെ ആത്മകഥാപരമായ നോവല്‍ ‘Love in a head skarf’ വിവാഹത്തിലേക്കുള്ള അവരുടെ യാത്രയെ വിവരിക്കുന്നതോടൊപ്പം ഒരു Practising Muslim യുവതിയുടെ ജീവിതത്തിലേക്ക് ഉള്‍ക്കാഴ്ചനല്കുകയും ചെയ്യുന്നു. അവളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും മറ്റേതൊരു യുവതിയുടേതിനും സമാനമാണ് എന്ന് ശെലീന തുറന്നുകാട്ടുന്നു. ഈ കൃതിയിലെ നല്ല ഒരു അളവോളം വിനിയോഗിച്ചിരിക്കുന്നത്  ഹിജാബിനെ പ്രതിരോധിക്കാനാണ്, വിശിഷ്യാ, 9/11 അനന്തര സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍. ഹിജാബ് അണിയല്‍ ഒരേ സമയം തന്റെ വിശ്വാസത്തെയും Feminism ത്തെയും അടയാളപ്പെടുത്തുന്നു എന്നവര്‍ ശക്തമായി വാദിക്കുന്നു.

മേല്പറഞ്ഞ രണ്ടു കൃതികളും കൈകാര്യം ചെയ്യുന്നത് ഇസ്ളാമിക വസ്ത്രധാരണരീതിക്കുള്ളില്‍ നിന്നുകൊണ്ടുള്ള മുസ്ലീം സ്വത്വപ്രശ്നമാണെങ്കില്‍ക്കൂടി തികച്ചും വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെയാണ് ഇവ പുരോഗമിക്കുന്നത്. നിഷത്തിന്റെ നായികയുടെ മുന്നേറ്റം ഇസ്ലാമികവസ്ത്രധാരണരീതി സ്വീകരിച്ചതിനാല്‍ നേരിട്ട പ്രതിബന്ധം മറികടക്കാന്‍ അത് ഉപേക്ഷിക്കലാണെങ്കില്‍, ശെലീന പ്രതികൂല സാഹചര്യങ്ങളുമായുള്ള സംഘട്ടനങ്ങളിലൂടെ തന്റെ മതവിശ്വാസത്തിന്റേതായ വസ്ത്രധാരണരീതി പിന്തുടരാനുള്ള അവകാശത്തെ ഊട്ടിയുറപ്പിക്കുന്നു. വീക്ഷണകോണിലുള്ള ഈ വൈജാത്യം തന്നെയാണ് ഈ ലേഖനം പഠനവിധേയമാക്കുന്നത്, ഒപ്പം തികച്ചും വിഭിന്നങ്ങളായ സാംസ്കാരിക സാമൂഹിക ചുറ്റുപാടുകളുകളാണോ ഈ വൈജാത്യം സൃഷ്ടിക്കുന്നത് എന്ന്

Love in a Head Scarf, Novel Cover Page

നിര്‍ണ്ണയിക്കാനും ശ്രമിക്കുന്നു. മുസ്ലിംസ്ത്രീയുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്ന കൂച്ചുവിലങ്ങ് എന്ന ഏകപക്ഷീയമായ കാഴ്ചപ്പാടില്‍നിന്ന് മാറി ‘ഹിജാബി’നെ അത് ധരിക്കുന്നവരുടെ വ്യത്യസ്ത സാംസ്കാരിക സാമൂഹിക ഭേദങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വായിക്കണമെന്നതിലേക്കും ഈ പഠനം വിരല്‍ചൂണ്ടാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യയില്‍ സ്ത്രീ വ്യക്തിത്വത്തെയും ലൈംഗികതയെയും ക്ളിപ്തപ്പെടുത്തുന്ന പുരുഷാധിപത്യ പ്രവണതകളെക്കുറിച്ചും സാംസ്കാരിക അതിര്‍വരമ്പുകളെക്കുറിച്ചും നാം ഏറ്റവും കൂടുതല്‍ ബോധമുള്ളവരാണ്. പാശ്ചാത്യസ്ത്രീവാദികളുടെ വിമോചനാശയങ്ങളില്‍നിന്നും റാഡിക്കല്‍ സമരമുറകളില്‍നിന്നും ഇന്ത്യന്‍ സ്ത്രീവാദം വ്യത്യസ്തമാണ്; എന്തെന്നാല്‍ മുഖ്യധാരയില്‍ സ്ത്രീയ്ക്ക് ഇടം തേടുന്നതിലും, അവളുടെ ശബ്ദം കേള്‍പ്പിക്കുന്നതിലുമാണ് അത് ശ്രദ്ധയൂന്നുന്നത്. വ്യതിരിക്തതയാര്‍ന്ന ഈ ഇന്ത്യന്‍ സ്ത്രീവാദത്തെ മനസ്സിലാക്കല്‍ അനിവാര്യമാണെന്നത് പോലെതന്നെ, അതിലെതന്നെ മുസ്ലിം സ്ത്രീശബ്ദങ്ങളുടെ വ്യത്യസ്ത മനസ്സിലാക്കലും അനിവാര്യമായിത്തീരുന്നു.

ബുര്‍ഖ അണിഞ്ഞ ഒരു മുസ്ളീം പെണ്‍കുട്ടിക്ക് സിനിമാ ഹാളില്‍ പ്രവേശനം നിഷേധിച്ച ചില പ്രാദേശിക മുസ്ളീം പുരുഷാധിപതികള്‍ക്കെതിരേയുള്ള പ്രതിഷേധശബ്ദമായിട്ടാണ് നിഷത്തിന്റെ ‘Wearing a burqha’ രചിക്കപ്പെട്ടത്. ഈ അന്യായത്തിനെതിരെ ശബ്ദമുയര്‍ത്തല്‍ തന്റെ ബാധ്യതയായിട്ടവര്‍ മനസ്സിലാക്കി. കവിതയിലെ നായിക ബുര്‍ഖധരിച്ചുകൊണ്ടു തന്നെ took a degree/Also took to compulers and outshone others easily”
(ബിരുദംനേടി/ കമ്പ്യൂട്ടറുകളും സ്വായത്തമാക്കി
മറ്റുള്ളവരെ അനായാസം പിന്നിലാക്കി)
അവളുടെ സ്വപ്നാഭിലാഷങ്ങളെക്കുറിച്ച് നിഷത് ഇങ്ങനെ തുടരുന്നു:
To crush the world underfoot
was my heart’s desire
Each breath said
become a conqueror
An Alexander in Burqha

(കാല്‍ക്കീഴില്‍ ലോകത്തെ ചവിട്ടിയരയ്ക്കുക
അതായിരുന്നെന്‍ ഹൃദയാഭിലാഷം
ഓരോ ശ്വാസവും പറഞ്ഞു ഒരു അധിപതിയാകൂ
ബുര്‍ഖയില്‍ ഒരു അലക്സാണ്ടര്‍)

വിദ്യാഭ്യാസ മേഖലയിലാകട്ടെ, പെണ്‍ അലക്സാണ്ടറാകാനുള്ള അഭിലാഷവഴിയിലാകട്ടെ, ഈ മുസ്ളീം സ്ത്രീകഥാപാത്രത്തിന് ബുര്‍ഖ ഒരു പ്രതിബന്ധമായി അനുഭവപ്പെട്ടില്ല എന്ന് മേല്‍പറഞ്ഞ വരികളില്‍ വ്യക്തമാണ്. ആഖ്യാനത്തിലെ പ്രസരിപ്പും ആവേശം സ്ഫുരിക്കുന്ന പദപ്രയോഗങ്ങളും ഒരനുകൂല (Positive) ശബ്ദമാണ് നല്കുന്നത്. മാത്രമല്ല അടിച്ചമര്‍ത്തലിന്റെ ലാഞ്ചനപോലും എവിടെയും പ്രകടമല്ല. എന്നാല്‍ കഥാപാത്രം സിനിമാഹാളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതോടെ ആഖ്യാനത്തിന്റ ദിശ മാറുന്നു:
Entering the cinema
I was stopped by the moral squad
wagging their rods.
Hey young girl,
burqhas not allowed entry.

(സിനിമാ ഹാളില്‍ കടക്കവേ,

സദാചാര കാവല്‍ക്കാരാല്‍ ഞാന്‍ തടയപ്പെട്ടു
ദണ്ഡുകള്‍ വീശി അവര്‍ കയര്‍ത്തു
ഹേ പെണ്ണേ ബുര്‍ഖകള്‍ക്കിവിടെ പ്രവേശനമില്ല.)
സിനിമാഹാളുകള്‍ പോലുള്ള ഒരു സെക്യുലര്‍ ഇടത്ത് മാത്രമാണ് നായികയ്ക്ക് ബുര്‍ഖ ഒരു പ്രതിബന്ധം സൃഷ്ടിക്കുന്നുള്ളു എന്നത് ഇവിടെ ശ്രദ്ധേയമാണ്. ഈ സന്ദര്‍ഭത്തെ നായിക നേരിടുന്ന രീതിയോ കൌതുകകരവും:
Black smoke rose from my black mark
And off the burqha went!

Shelina Zahra Janmohamed

(എന്റെ കറുത്ത മുഖാവരണത്തില്‍നിന്നും
കറുത്ത പുക ഉയര്‍ന്നു.
എന്റെ ബുര്‍ഖ ഞാന്‍ ഊരിയെറിഞ്ഞു)
ക്ഷോഭപ്രകടനങ്ങള്‍ക്കപ്പുറത്തുള്ള പ്രതിരോധശ്രമങ്ങളൊന്നും കൈക്കൊള്ളാതെയുള്ള പെണ്‍ അലക്സാണ്ടറുടെ ഈ ബുര്‍ഖാ നിഷ്കാസനം വിശകലനം അര്‍ഹിക്കുന്നു. ബുര്‍ഖാധധാരിണികളെ ഒരു ശൂന്യതയായ് ചിത്രീകരിക്കുന്ന പാശ്ചാത്യവാര്‍പ്പു മാതൃകകളെ അനുകരിക്കാതെ തനതായ ഒരു ആവിഷ്കാരം എന്ന നിലയ്ക്ക് കവിത തനിമ നിലനിര്‍ത്തുന്നുണ്ട്. മാത്രമല്ല, ബുര്‍ഖാധാരിയായ ഈ പെണ്‍കുട്ടി സ്വന്തമായി കര്‍തൃത്വം (agency) ഉള്ളവളും കൂടിയാണ്. അവളുടെ ബുര്‍ഖാ നിഷ്കാസനം, ബുര്‍ഖയിലായിരിക്കെത്തന്നെ സിനിമാഹാളില്‍ പ്രവേശനം നേടാന്‍ പരിശ്രമിക്കുന്നതിനേക്കാള്‍ നിരവധി മാനങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ്. കവിതയില്‍ സൂചിപ്പിച്ച ‘മോറല്‍സ്ക്വാഡ്’ മുസ്ലിം സമുദായത്തിലെ പുരുഷന്മാരായതിനാല്‍ അവര്‍ക്ക് ഏറ്റവും നിന്ദ്യമായതും അവരെ കൂടുതല്‍ രോഷാകുലരാക്കാന്‍ ഉതകുന്നതും ബുര്‍ഖ അഴിച്ചുമാറ്റല്‍ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ നായികയുടെ ഈ പ്രവര്‍ത്തി അവരെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്ന് വായിക്കാം. അവളുടെ പ്രതിഷേധം ഇസ്ലാമിക വസ്ത്രരീതിയോടല്ല മറിച്ച് തന്റെ സ്വാതന്ത്യ്രത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന പുരുഷാധിപതികളോടാണ് എന്ന് ഇത് വ്യക്തമാക്കുന്നു. കൂടുതല്‍ വിശാലമായ തലത്തില്‍നിന്ന് പരിശോധിക്കുമ്പോള്‍ നായിക ബുര്‍ഖയെ നോക്കിക്കാണുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടല്ല; പ്രതിഷേധത്തില്‍ ഉപേക്ഷിക്കാന്‍ തക്കതായ ഒരു സാംസ്കാരി ആചാരമായിട്ടാണ് എന്ന വായനയും സാധ്യമാകുന്നുണ്ട്. ഇസ്ലാമിക വിശ്വാസമനുസരിച്ച് ഒരു സ്ത്രീ ഇസ്ലാമികവസ്ത്രശൈലി സ്വീകരിക്കുന്നത് ദൈവത്തിന് ആജ്ഞാനുവര്‍ത്തിയായിക്കൊണ്ടാണ് എന്നതാണ് എന്നെ ഈ നിഗമനത്തിലേക്ക് നയിക്കുന്നത്. അങ്ങനെയുള്ള ഒരു വിശ്വാസിനിയെ സംബന്ധിച്ചിടത്തോളം ലൌകികമായ എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഉപേക്ഷിക്കാന്‍ കഴിയാത്ത വിശ്വാസത്തിന്റെ അടയാളമാണത്. എന്നാല്‍ ഇന്ത്യയില്‍ സ്വന്തമായ ഒരു സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന ചില മുസ്ളീം പ്രദേശങ്ങളില്‍ (Muslim ghettos) ഇസ്ളാമിക വസ്ത്രരീതി ആചരിക്കപ്പെടുന്നത് വിശ്വാസമെന്നതിനേക്കാള്‍ കേവല സാംസ്കാരിക ചിഹ്നം എന്ന നിലയ്ക്കാണ്. അതുകൊണ്ടു തന്നെ ഈ കവിത അത്തരം ഒരു പ്രത്യേകമായ സാംസ്കാരിക പശ്ചാത്തലം മനസ്സില്‍വെച്ച് കൊണ്ട് വായിക്കേണ്ടത് അനിവാര്യമാണ്.

ശെലീന സഹറ ജാന്‍ മുഹമ്മദിന്റെ ‘Love in a head scarf’ വളരെ രസകരമായി ‘തന്റെ ആളെ’ (the one) തേടിയുള്ള അലച്ചിലും, അങ്ങനെ വിവാഹത്തിലേക്കുള്ള കഥാകാരിയുടെ യാത്രയും വരച്ചുകാണിക്കുന്നു. അതോടൊപ്പം തന്നെ അവളുടെ മതസാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളും അതിനോടുള്ള പ്രതികരണങ്ങളും സൂക്ഷ്മമായി പകര്‍ത്തുന്നു. ഇത്തരം ഒരു രചന നിര്‍വ്വഹിക്കാന്‍ തന്നെ പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ അവര്‍ ഇങ്ങനെ വ്യക്തമാക്കുന്നു:
“ഒരിക്കല്‍ എന്റെ വീടിനടുത്തുള്ള ബുക്ക് ഷോപ്പില്‍ ചെന്ന് കയറിയപ്പോള്‍ ഒരു പ്രത്യേക ഷെല്‍ഫ് മുഴുവനായും “അടിച്ചമര്‍ത്തപ്പെട്ടവര്‍”, “വില്ക്കപ്പെട്ടവള്‍” അല്ലെങ്കില്‍ “തട്ടിക്കൊണ്ട് പോകപ്പെട്ടവര്‍” എന്നൊക്കെ വിശേഷണങ്ങള്‍  നല്കി മുസ്ളീം സ്ത്രീകളെക്കുറിച്ചെഴുതിയ പുസ്തകങ്ങള്‍ എന്നെ വരവേറ്റു. ഈ ആര്‍ക്കിട്ടിപ്പല്‍ (Archetypal) കഥകള്‍ പറയുന്ന പുസ്തകങ്ങളുടെ പുറംചട്ടകളിലെല്ലാംതന്നെ മുഖാവരണത്തിലെ വിടവിലൂടെ ദയനീയത തുളുമ്പുന്ന അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ കണ്ണുകളും പശ്ചാത്തലത്തില്‍ മരുഭൂമിയും ഒട്ടകങ്ങളും ഒക്കെയായിരുന്നു…ഈ പുസ്തകങ്ങളൊന്നും തന്നെ എന്റെ കഥ പറയുന്നില്ലെന്നും, എന്റെ കഥ ലോകം അറിയണമെങ്കില്‍ അത് ഞാന്‍ തന്നെ പറയണമെന്നും ഞാന്‍ തിരിച്ചറിഞ്ഞു.”

തനിക്ക് ലഭിച്ച മതശിക്ഷണങ്ങളില്‍നിന്നും, മതസംഹിതകള്‍ക്ക് പ്രാദേശിക-സാംസ്കാരിക ആചാരങ്ങളുടെമേലുള്ള മുന്‍ഗണന തനിക്ക് ബോധ്യമായി എന്നും, ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ഈ പ്രാമുഖ്യം പുലര്‍ത്തിപ്പോരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് താന്‍ മനസ്സിലാക്കിയത് എങ്ങനെയെന്നും നോവലിന്റെ ശെലീന വാചാലയാകുന്നുണ്ട്. ബ്രിട്ടണിലെ മുസ്ളീം ഏഷ്യന്‍ ഡയസ്പോറ(Diaspora) യും അവരുടെ പരമ്പരാഗത ആചാരങ്ങളും, തങ്ങളുടെ ഗുജറാത്തീ വേരുകള്‍ ശെലീനയുടെ കുടുംബം പാലിച്ചു പോരുന്ന വിധവുമൊക്കെ അത്യന്തം രസകരമായി നോവലില്‍ വിവരിച്ചിരിക്കുന്നു. വിശ്വാസവും സംസ്കാരവും വ്യതിരിക്തമാണെന്ന് അവര്‍ ശക്തമായി വാദിക്കുന്നു. സ്വന്തം വിശ്വാസത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കാനും, ചോദ്യം ചെയ്യാനും, പൂര്‍ണ്ണാര്‍ത്ഥത്തില്‍ അത് ആചരിക്കാനും, തദനുസൃതം സ്വന്തം സാംസ്കാരിക കെട്ടുപാടുകളില്‍നിന്ന് സ്വതന്ത്രയാകാനും അവര്‍ക്ക് കഴിയുന്നു. വിശ്വാസവും ഫാഷനുംപരസ്പരനിഷേധകമല്ല എന്നും തന്റെ നോവലില്‍ അവര്‍ പറഞ്ഞുവെക്കുന്നു.

“എന്റെ നിറവും, എന്റെ പേരും, എന്റെ ശിരോവസ്ത്രവും എന്നെ വ്യത്യസ്തയായി അടയാളപ്പെടുത്തുകയും എന്റെമേല്‍ ഭീകരവാദി എന്ന മേല്‍വിലാസം കെട്ടിത്തൂക്കാന്‍ ഉതകുകയും ചെയ്തു.” എന്ന് പ്രസ്താവിക്കുമ്പോള്‍ അവരുടെ ആഖ്യാനം 9/11 ആക്രമണാനന്തരം അവര്‍ നേരിട്ട വംശ-വര്‍ഗ്ഗ Profiling തുറന്നു കാട്ടുന്നു. മുസ്ളീം സ്ത്രീ അവളുടെ മതം വെളിവാകുന്നരീതിയില്‍ വേഷം ധരിക്കുന്നതിന്റെ യുക്തിയെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്നതിനെക്കുറിച്ചും അവര്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് ശെലീന സ്പഷ്ടമാക്കുന്നതിങ്ങനെ:

“ഞാനെന്റെ വിശ്വാസത്തെ ആചരിക്കുന്നവിധം മാറ്റാനോ, ഭയചകിതയായി ഞാന്‍ വിശ്വസിക്കുന്നത് പിന്തുടരുന്നതില്‍ നിന്നും ഒഴിവാകാനോ ഞാന്‍ തയ്യാറല്ല.”

ശിരോവസ്ത്രം ധരിക്കുന്നതിന്റെ പേരില്‍, വിവാഹമാലോചിച്ച പല യുവാക്കളും തന്നെ ഒഴിവാക്കിയതായി അവര്‍ വിവരിക്കുന്നുണ്ട്. നിഷത്തിന്റെ നായികയുടെ സാഹചര്യത്തില്‍നിന്നും വ്യത്യസ്തമായി ബ്രിട്ടണിലെ മുസ്ളീം ഏഷ്യന്‍ ഡയസ്പോറയില്‍ ഇസ്ളാമിക വസ്ത്രശൈലി ഒരു സാംസ്കാരിക ആചാരമല്ലെന്നും ശെലീനയെപ്പോലുള്ളവര്‍ ഉറച്ച വിശ്വാസത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന ഒന്നാണെന്നും ഇതില്‍ നിന്നും വ്യക്തമാകുന്നു.
ശെലീനയും നിഷത്തും ഒരുപോലെ പറഞ്ഞുവെക്കുന്നത് മതപരമായ വസ്ത്രശൈലി പാലിച്ചുകൊണ്ടുതന്നെ മുസ്ളീം സ്ത്രീ സ്വായത്തമാക്കുന്ന നേട്ടങ്ങളെക്കുറിച്ചാണ്. എന്നാല്‍ കഥാപാത്രങ്ങളുടെ അവസ്ഥാഭേദങ്ങളാണ് അവരുടെ വ്യത്യസ്തങ്ങളായ നിലപാടുകളെ രൂപപ്പെടുത്തുന്നത്. ശെലീനയുടെ കാര്യത്തില്‍ മതവിശ്വാസമാണത് നിര്‍ണ്ണയിക്കുന്നതെങ്കില്‍ നിഷത്തിന്റെ നായിക പ്രത്യേകമായൊരു സാംസ്കാരിക പശ്ചാത്തലത്തില്‍ നിന്ന്കൊണ്ട് തന്റെ കര്‍തൃത്വം പ്രയോഗിക്കുന്നു. വ്യത്യസ്ത രീതികളിലൂടെയാണെങ്കില്‍ കൂടിയും ഇവര്‍ രണ്ടുപേരും ഉയര്‍ത്തിക്കാട്ടുന്നത് സ്ത്രീവാദപ്രമാണങ്ങളാണ്.

Anthropologist Lila Abu-Lughod

ഈ ലേഖനം, അതിനാല്‍ പറഞ്ഞുവെക്കുന്നത്, മതാനുഷ്ഠാനം വ്യക്തിപരമാണെന്നും മതത്തിന്റെ പേരിലുള്ള സകല ബലപ്രയോഗങ്ങളും അടിസ്ഥാനപരമായി മതമല്ല, മറിച്ച് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ മേല്‍ (Afkani) അല്ലെങ്കില്‍ പുരുഷന്‍ സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള അക്രമങ്ങളാണെന്നാണ്. ‘ഞാന്‍ ഒരു വ്യക്തിയെന്ന നിലയ്ക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമുള്ളവനാണ്/ഉള്ളവളാണ് എന്ന അടിസ്ഥാനതത്വം സാര്‍വ്വലൌകികമാണ്; അതു ന്യൂയോര്‍ക്കിലോ ബീജിംഗിലോ, ബിട്ടണിലോ, തെഹ്റാനിലോ, ഇന്ത്യയിലോ ആകട്ടെ. എന്നാല്‍ പ്രായോഗികതലത്തില്‍ അത് എല്ലായിടത്തും സാധ്യമാകാതെ വരുന്നത് പ്രത്യേകമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ അവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. പക്ഷേ, സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്യ്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ സാംസ്കാരിക പശ്ചാത്തലം പൊതുവില്‍ പരിഗണിക്കപ്പെടാറില്ല. പകരം സ്ത്രീകളുടെ മേല്‍ പ്രത്യേക വസ്ത്രരീതി അടിച്ചേല്‍പ്പിക്കുന്ന പുരുഷാധിപത്യമതമായി ഇസ്ളാമിനെ ചിത്രീകരിക്കാറാണ് പതിവ്. ഇസ്ളാമിക സ്ത്രീവാദികള്‍ (Islamic feminists) ഖുര്‍ആനിന്റെ പുനര്‍വായനയിലൂടെയും മറ്റും ഈ വികലവാദത്തെ വ്യാപകമായിത്തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. വ്യത്യസ്ത സാംസ്കാരിക ഇടങ്ങളില്‍ നിന്ന് കൊണ്ട് ശെലീനയും നിഷത്തും സ്വീകരിക്കുന്ന വിഭിന്ന നിലപാടുകള്‍ ഇതിലേക്കെല്ലാം വെളിച്ചം വീശുന്നു. അതിനാല്‍ മുസ്ളീം സ്ത്രീകളുടെ സ്വാതന്ത്യ്ര-സമത്വഅവകാശങ്ങളെക്കുറിച്ചുള്ള സമകാലീന വ്യവഹാരങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നരവംശ ശാസ്ത്രജ്ഞയായ ലൈല അബു-ലുഗോദ്-ന്റെഉദ്ധരണിയോടെ ഞാന്‍ അവസാനിപ്പിക്കട്ടെ:

“ലോകമൊട്ടുക്ക് സ്ത്രീജനങ്ങള്‍ക്കിടയിലുള്ള വൈവിധ്യങ്ങളെക്കുറിച്ച് ഗൌരവതരമായ ഒരു നിരൂപണം നാം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്; വ്യത്യസ്തമായ ചരിത്രങ്ങളുടെ ഉല്‍പന്നമായും വ്യത്യസ്ത സാഹചര്യങ്ങളുടെ ആവിഷ്കാരങ്ങളായും, വ്യത്യസ്തമായി നിര്‍മ്മിക്കപ്പെട്ട അഭിലാഷങ്ങളുടെ പ്രകടനങ്ങളായും.”

വിവര്‍ത്തനം: നദ. ടി. കെ
(കേരള സര്‍വ്വകലാശാല ഇംഗ്ളീഷ് വിഭാഗത്തില്‍ ഗവേഷകയാണ് ലേഖിക. പരിഭാഷ നിര്‍വ്വഹിച്ചത് നദ ടി. കെ. ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള രാംജിത് കോളേജിലെ ഇംഗ്ളീഷ് വിഭാഗത്തില്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയാണ്.)

Comments

comments

Print Friendly

Subscribe Our Email News Letter :